Kharaaksharangal - kkanakambaran.blogspot.com - Part of kharaaksharangal.blogspot.com

മിനിക്കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മിനിക്കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഞായറാഴ്‌ച, ഫെബ്രുവരി 04, 2024

തിരിച്ചറിവ്




വെറുപ്പും പുച്ഛവുമായിരുന്നു എല്ലാവരോടും. 


ആരെയും കേൾക്കാൻ തയ്യാറായിരുന്നില്ല. കേൾവിശക്തി നഷ്ടപ്പെട്ടപ്പോഴാണ് എല്ലാവരെയും കേൾക്കണമെന്ന തോന്നലുണ്ടായത്.


ആരെയും കാണാൻ താത്പര്യമുണ്ടായിരുന്നില്ല. കാഴ്ചശക്തി  നഷ്ടപ്പെട്ടുപോയപ്പോഴാണ് എല്ലാവരെയും കാണണമെന്ന് തോന്നിത്തുടങ്ങിയത്.


ആരോടും സംസാരിക്കുന്നത് ഇഷ്ടമല്ലായിരുന്നു. സംസാരശേഷി നഷ്ടപ്പെട്ടുപോയപ്പാഴാണ് എല്ലാവരെയും പോലെ സംസാരിച്ചിരിക്കാൻ സാധിച്ചെങ്കിൽ എന്നാഗ്രഹിച്ചുപോയത്.


അവസാനം മരിച്ചുകിടന്നപ്പോഴായിരുന്നു ഇത്രയും കാലം അവസരങ്ങളുണ്ടായിട്ടും ജീവിച്ചിരുന്നില്ലല്ലോയെന്ന തിരിച്ചറിവുണ്ടായത്.

***

വെള്ളിയാഴ്‌ച, മാർച്ച് 03, 2023

ഹൃദയം


പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഒരു കടലാസിൽ ഹൃദയത്തിന്റെ ചിത്രം വരച്ചു കാണിച്ചതിനാണ് ക്ളാസിലെ പെൺകുട്ടി ടീച്ചറോട് പരാതി പറഞ്ഞതും ടീച്ചർ അവന്റെ  ചെവിക്കു പിടിച്ച് ഹെഡ്മാഷിന്റെ മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയതും അവസാനം ഹെഡ്മാസ്റ്റർ അവന്റെ അച്ഛനെ സ്കൂളിലേക്ക് വിളിപ്പിച്ചതും. 

ടീച്ചറിന്റെയും ഹെഡ്മാഷിന്റെയും കയ്യിൽ നിന്നും കിട്ടിയതുകൂടാതെ  അച്ഛന്റെ കൈയിൽനിന്നും കിട്ടി തല്ല്. ചിത്രം വരയിൽ താല്പര്യമുണ്ടായിരുന്ന അവൻ അതിനുശേഷമാണ് മൂത്രപ്പുരയുടെ ചുമരിലും സ്കൂളിന്റ മതിലിലും ആരും കാണാതെ പരിശീലിച്ചുകൊണ്ടിരുന്ന തന്റെ ചിത്രംവര ഇനി വേണ്ട എന്ന് തീരുമാനിച്ചതും ഹൃദയത്തെതന്നെ വെറുത്തതും.

ഇപ്പോൾ ഈ സോഷ്യൽമീഡിയക്കാലത്ത് കൂട്ടുകൂടാൻ വരുന്ന പണ്ടത്തെ സഹപാഠികളായിരുന്ന സ്ത്രീകൾ ഹൃദയത്തിന്റെ ചിഹ്നം മെസ്സേജുചെയ്യുമ്പോൾ പഴയ അനുഭവം ഓർമ്മ വരികയും അവന്റെ ഹൃദയമിടിപ്പ് കൂടിവരികയും കൈ വിറക്കുകയും ചെയ്യുന്നു. 

***

വെള്ളിയാഴ്‌ച, മേയ് 06, 2022

അലമാര


വായന അയാൾക്ക്ഒരു ലഹരി ആയിരുന്നു. ഇന്നലെയാണ് ബസ് സ്റ്റോപ്പിൽ വച്ച്  ഒരു സുഹൃത്തുമായി അയാൾ സംസാരിച്ചത്. അയാൾ വായിച്ച പുസ്തകങ്ങളെക്കുറിച്ചായിരുന്നു അവരുടെ സംസാരം. പിന്നെ രാജ്യത്തെ രാഷ്ട്രീയസാഹചര്യത്തെക്കുറിച്ചും. പുസ്തകം വായിക്കുന്നവരെല്ലാം വിഡ്ഢികളും രാജ്യത്തിന്റെ ശത്രുക്കളുമാണെന്ന് വിശ്വസിക്കുന്ന വായനാശീലമില്ലാത്ത രണ്ടുമൂന്നുപേർ അവരുടെ സംസാരവും ശ്രദ്ധിച്ചുകൊണ്ട് ഇരുന്നു.

പിറ്റേദിവസം അയാളുടെ വീട്ടിൽ പോലീസുകാർ വന്നു. അയാളുടെ അലമാര പരിശോധിച്ചു. ഇത്രയധികം പുസ്തകങ്ങൾ കണ്ടപ്പോൾ തന്നെ  പോലീസുകാർക്കു ദേഷ്യം വന്നു. അവർ പുസ്തകങ്ങളുടെ പേര് വായിച്ചു. മഹാഭാരതം, രാമായണം, ഭഗവത് ഗീത, ഖുർആൻ, ബൈബിൾ, കമ്മ്യുണിസ്റ് മാനിഫെസ്റ്റോ, കാർക്സിസം-ലെനിനിസം, എന്റെ സത്യാന്വേഷണ പരീക്ഷകൾ... പക്ഷെ, ഒരു പേര് വായിച്ച് പോലീസുകാർ ഞെട്ടി. 'മാവോസേതൂങ്'. പിന്നെ ഒട്ടും താമസിച്ചില്ല, അയാളെ അറസ്റ്റ് ചെയ്തുകൊണ്ടുപോവുമ്പോൾ ആ ഒരു പുസ്തകം മാത്രം അവർ തൊണ്ടിമുതലായി എടുത്തുകൊണ്ടുപോയി.

അപ്പോൾ അലമാരയിൽ ഇരുന്ന് മാർക്‌സും ഏംഗൽസും പരസ്പരം നോക്കി. ലെനിൻ ചിന്താധീനനായി. ഗാന്ധിജി സത്യാന്വേഷണ പരീക്ഷകൾ തുടർന്നു. ചെ ഗുവേര ഒരു പുക ആഞ്ഞുവലിച്ചു.  പോലീസുകാരുടെ ശ്രദ്ധയിൽ പെടാതെ പോയ ഒരു കുഞ്ഞുപുസ്തകത്താളിൽനിന്നും വർഗീസ് നിഷ്കളങ്കമായി ബ്ലാക്ക് ആൻഡ് വൈറ്റ് പുഞ്ചിരി തൂകി. നാഥൂറാം ഗോഡ്‌സെ തോക്കിൽ ഉണ്ട നിറച്ചു.

ടെലിവിഷൻ ചാനലുകളിൽ അന്തിചർച്ച, പിറ്റേദിവസത്തെ പത്രങ്ങളിൽ വലിയ തലക്കെട്ടുള്ള വാർത്ത, മാവോയിസ്റ്റ് പോലീസ് കസ്റ്റഡിയിൽ.
***

തിങ്കളാഴ്‌ച, ഓഗസ്റ്റ് 16, 2021

ഓർമ്മയിലെ ഓണം

തൊണ്ണൂറു വയസുള്ള ഗോവിന്ദൻ നമ്പ്യാർ ചാരുകസേരയിലിരുന്ന് മുന്നിൽ ഇരിക്കുന്ന ഇളം തലമുറയിൽപെട്ടവരോട് പറഞ്ഞു. “അന്ന് ഓണം എന്ന് വച്ചാൽ ദാനധർമ്മങ്ങളുടെ കാലമായിരുന്നു. ഈ നാട്ടിലെ താഴ്ന്ന ജാതിക്കാർക്കെല്ലാം സദ്യ നൽകിയ തറവാടായിരുന്നു, നമ്മുടേത്. ഞങ്ങൾ കുട്ടികൾക്ക് ഒരു ഉത്സവമായിരുന്നു. ഞങ്ങളുടെ പാടത്ത് ജോലി ചെയ്യുന്നവരുടെ മക്കൾ എന്റെയൊക്കെ പ്രായത്തിലുള്ള ആൺകുട്ടികളും പെൺകുട്ടികളും എല്ലാവരും ഞങ്ങൾ നൽകുന്ന സദ്യക്കായി വീടിന്റെ വളപ്പിൽ കാത്തുനിൽക്കാറുണ്ടായിരുന്നു. ഞങ്ങൾക്ക് അതൊക്കെ ഒരു അഭിമാനമായിരുന്നു.”


ഗോവിന്ദൻ നമ്പ്യാരുടെ അതേ പ്രായമുള്ള പൊക്കൻ അയാളുടെ ഇളം തലമുറയിൽപ്പെട്ടവരോട് പറഞ്ഞു. “അക്കാലത്തെ ഓണം ഞങ്ങൾക്കൊക്കെ ചോറ് തിന്നാനുള്ള ദിവസമായിരുന്നു. ബാക്കിയുള്ള ദിവസങ്ങളിൽ കഞ്ഞിയോ കഞ്ഞിവെള്ളമോ എന്തെങ്കിലും കിഴങ്ങുകളോ മാത്രമേ ആഹാരമായി ഉണ്ടാവാറുള്ളു. ജന്മിയുടെ വീടിന്റെ വളപ്പിൽ വെറും മണ്ണിൽ ഞങ്ങൾ താണ ജാതിക്കാരെല്ലാരും ഇരിക്കും. വാഴയിലയിലോ ഉപ്പില ചപ്പിലൊ പാളയിലോ ആണ് ചോറ് വിളമ്പിത്തരുക. അത് തിന്നുമ്പോഴാണ് ഞങ്ങളുടെ മനസ്സ് നിറയുക. ഞങ്ങളുടെ അച്ഛന്റെയും അമ്മയുടെയും അദ്ധ്വാനത്തിന്റെ ഫലം ഞങ്ങൾ രുചിച്ചറിയുന്നത് അന്നായിരുന്നു. നെല്ലെല്ലാം അവരുടെ പത്തായത്തിലല്ലെ?! ചിലപ്പോൾ ചോറ് തരൂല്ല. നെല്ല് കുത്തി അരിയാക്കിക്കൊടുത്താൽ കൊറച്ച് നെല്ലൊ അരിയൊ ഞങ്ങൾക്കും തരും. അത് വീട്ടിൽ കൊണ്ടുവന്ന്‌ ചോറ് വെക്കണം. അതായിരുന്നു ഞങ്ങളുടെ ഓണം.” ***

ശനിയാഴ്‌ച, മേയ് 22, 2021

വികസനം

 



രാജ്യത്തെ വികസിപ്പിക്കുന്നതിനു വേണ്ടി പുഴയിലെ മണലെല്ലാം എടുത്ത് തീർന്നപ്പോഴായിരുന്നു കടലിലെ മണൽ എടുകാൻ തീരുമാനിച്ചത്. പിന്നീട് റീ-സർവ്വേ നടത്തിയപ്പോഴാണ് രാജ്യം വികസിക്കുകയല്ല, ചെറുതായിപ്പോവുകയാണെന്ന്   മനസിലായത്. ഭരണാധികാരികളും  ഉദ്യോഗസ്ഥരും കോർപറേറ്റ് മേധാവികളും ചേർന്ന്  ചെറുതായിപ്പോയ രാജ്യത്തെ എങ്ങിനെ വികസിപ്പിക്കാമെന്ന് തലപുകഞ്ഞാലോചിച്ചു. ആലോചനക്കൊടുവിൽ തീരുമാനമായി.  രാജ്യത്തെ  മുഴുവൻ മലകളിലെയും കുന്നുകളിലെയും മണ്ണുകൊണ്ട് രാജ്യത്തെ ഇനിയും വികസിപ്പിക്കാമെന്ന ഒരു പ്രമുഖ കോർപ്പറേറ്റ് മേധാവിയുടെ നിർദ്ദേശം എല്ലാവരും പൂർണ്ണമനസോടെ അംഗീകരിച്ചു. 

***

തിങ്കളാഴ്‌ച, മാർച്ച് 09, 2020

മിനിക്കഥകൾ


ചാറ്റ്ബോക്സ്:
വായനക്കാരി കഥാകാരനോട് ചാറ്റ്ബോക്സിൽ ചോദിച്ചു. "എന്റെ കഥയെഴുതാമൊ?" അപ്പോൾ കഥാകാരൻ അവളോട്‌ ചോദിച്ചു. "എന്താ നിന്റെ കഥ?" അവൾ അവളുടെ കഥ പറഞ്ഞു. അവളുടെ കഥ വായിച്ച് കഥാകാരൻ പറഞ്ഞു. "ഇതൊരു കുമ്പസാരക്കൂടല്ല. ചാറ്റ്‌ബോക്‌സാണ്." അപ്പോൾ അവൾ. "കുമ്പസാരക്കൂടിനെക്കാൾ സുരക്ഷിതമാണ് ഈ ചാറ്റ്ബോക്സ്, ഒരു ഫെയ്ക്ക് ഐ.ഡിയുണ്ടെങ്കിൽ."
 ***************************************************




ഡിജിറ്റൽ ക്ഷേത്രം:

ചാറ്റിങിനിടയിൽ അവൾ പറഞ്ഞു. "ക്ഷേത്രങ്ങളെല്ലാം ഡിജിറ്റിലാക്കണം. അതാ നല്ലത്. വിശ്വാസികൾക്കും സർക്കാരിനും കാര്യങ്ങൾ എളുപ്പമാവും "

ഞാൻ ചോദിച്ചു. "എങ്ങിനെ?"

അവൾ വിശദീകരിച്ചു. "വീട്ടിനകത്ത് നിന്നുതന്നെ ഓൺലൈനിൽ ക്ഷേത്രദർശനം നടത്താനുള്ള സൗകര്യം. വിഗ്രഹവും പൂജയുമൊക്കെ കാണാൻ സാധിക്കുന്നതരത്തിൽ."

ഞാൻ പറഞ്ഞു. "കൊള്ളാലോ നിന്റെ ഐഡിയ."

മറുപടിയായി അവളൊരു സ്‌മൈൽ സ്റ്റിക്കർ അയച്ചു.

അവളുടെ അഭിപ്രായത്തെ പിന്താങ്ങി ഞാൻ കൂട്ടിച്ചേർത്തു. "വഴിപാടുകൾക്ക് ഓൺലൈനിൽ പണമടച്ച് പ്രസാദം വീട്ടിൽ എത്തിച്ചുതരുന്ന തരത്തിൽ അല്ലെ?"

അപ്പോൾ അവളൊരു തമ്പ് ലൈക് ചെയ്തു.


 ***************************************************




കാഴ്ച:

കാലത്തുതന്നെ കുളിച്ച് ശുദ്ധിയായി. അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു. ശാന്തിക്കാരൻ പ്രസാദം കൈയിൽ ഇട്ടു കൊടുത്തു. ഇന്നലെ വൈകുന്നേരം മീൻ വാങ്ങിയപ്പോൾ മീൻകാരൻ കൊടുത്ത ബാക്കി ഇരുപതു രൂപ ശാന്തിക്കാരന്റെ കൈയിൽ അയാളും ഇട്ടു. നോട്ടിൽ പറ്റിപ്പിടിച്ച മീനിന്റെ ചൂളി അയാളും കണ്ടില്ല, ശാന്തിക്കാരനും കണ്ടില്ല. ദൈവം കണ്ടിട്ടുണ്ടാവുമോ? ഓഹ്.. കണ്ടെങ്കിലെന്താ? കാശ് കൊടുത്തത് ദൈവത്തിനല്ലല്ലൊ.


 ***************************************************

ശനിയാഴ്‌ച, മേയ് 11, 2019

ഏതോ ഒരു കെട്ടിടം

 കണ്ണാടി മാഗസിൻ.com http://kannadimagazine.com/article/841.com


          ഞങ്ങൾ പത്ത്-പതിനഞ്ചോളം പേർ ഉണ്ടായിരുന്നു. കൂട്ടത്തിൽ  ഹിന്ദുക്കളും ക്രിസ്ത്യാനികളും പിന്നെ മുസ്ലീങ്ങളുമുണ്ട്. ഞാൻ ഒരാൾ മാത്രമായിരുന്നു യുക്തിവാദി. ഞങ്ങൾ നിർദോഷമായ തമാശകൾ പറഞ്ഞും പരസ്പരം കളിയാക്കിയും യാതൊരു ലക്ഷ്യബോധവുമില്ലാതെ നടക്കുകയാണ്. നടത്തത്തിനിടയിൽ വളരെ പുരാതനമായ ഒരു കെട്ടിടം കണ്ടപ്പോൾ  ഞാൻ പറഞ്ഞു. "ആ കെട്ടിടം നോക്കൂ. എന്തൊരു ഭംഗിയാണ്! അത് ഡിസൈൻ ചെയ്തയാളെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല. അത് നിർമ്മിച്ച തൊഴിലാളികളുടെ പാടവം അത്ഭുതപ്പെടുത്തുന്നു!"

ഒരു ക്രിസ്തുമതവിശ്വാസി തിരുത്തി. "കെട്ടിടമോ?! അതൊരു ദേവാലയമാണെന്ന് തോന്നുന്നു."

മുസ്‌ലിം കൂട്ടുകാരൻ വിയോജിച്ചു. അവൻ അല്പം രോഷത്തോടെതന്നെ  പറഞ്ഞു. "നിങ്ങൾക്ക് രണ്ടാൾക്കും കണ്ണുകാണുന്നില്ലെ? ഇസ്‌ലാം മതവിശ്വാസികളുടെ പള്ളിയെക്കുറിച്ചാണോ നിങ്ങൾ തമാശ പറയുന്നത്?"

അപ്പോൾ ഹിന്ദുമതവിശ്വാസിയായ മൂന്നാമത്തെയാൾ ഇടപെട്ടു. "ഒന്ന് നിർത്ത്. അത് നിങ്ങൾ പറഞ്ഞതൊന്നുമല്ല. ഹിന്ദുക്കളുടെ ക്ഷേത്രമാണ്." 

ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മിൽ ചേരിതിരിഞ്ഞ് തർക്കമായി. തർക്കം മുറുകി കയ്യാങ്കളിയാവാൻ സാധ്യതയുണ്ടെന്ന് മനസിലായപ്പോൾ യുക്തിവാദിയായ ഞാൻ ഇടപെട്ടു. "വെറുമൊരു കെട്ടിടത്തിൻറെ പേരിൽ തല്ലുകൂടുന്നുവെങ്കിൽ നമ്മുടെ സൗഹൃദത്തിൻറെ അർത്ഥമെന്ത്? നിങ്ങൾ എന്തൊരു വിഡ്ഢികളാണ്... ഛെ. കഷ്ടം! എനിക്ക് നിങ്ങളോട് പുച്ഛം തോന്നുന്നു."

എൻറെ ചോദ്യം കേട്ട് അവർ തർക്കം അവസാനിപ്പിച്ച് എന്നോട് കയർത്തു. അവർ മതവിശ്വാസികൾ ഭിന്നത മറന്ന് ഒറ്റക്കെട്ടായി. അപ്പോൾ ഞാനായി കുറ്റക്കാരൻ.  "പുച്ഛിക്കൽ നിർത്ത്. അത് വെറുമൊരു കെട്ടിടമല്ല. വിഡ്ഢിത്തം പറയാതെ നീ ശരിക്കും നോക്ക്." 

          ഞാൻ ശരിക്കും നോക്കി. അവർ മൂന്നുകൂട്ടരും പറഞ്ഞ ഒരു പ്രത്യേകതയും ഞാനതിൽ കണ്ടില്ല. നാലുപേർക്കും വ്യത്യസ്ഥമായി ദൃശ്യമാവുന്നതിൻറെ കാരണം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. കെട്ടിടം ഒരത്ഭുതം തന്നെ! അത് രൂപകൽപന ചെയ്ത ആളെ ഒന്നു കാണാൻ സാധിച്ചിരുന്നെങ്കിൽ... അല്ലെങ്കിൽ ഞങ്ങളുടെ കാഴ്ചകൾക്ക് എന്തോ കാര്യമായ തകരാറുണ്ട്.  ഞാനങ്ങെനെയൊക്കെ ചിന്തിച്ചെങ്കിലും അവർക്കിഷ്ടപ്പെടില്ലെന്നു കരുതി മിണ്ടാതിരുന്നു. അവർ വീണ്ടും തർക്കം തുടങ്ങി. ഞങ്ങൾ കൂട്ടുകാർ  ഒത്തുകൂടുമ്പോഴൊക്കെ ദൈവവിശ്വാസത്തിലെ വൈരുദ്ധ്യങ്ങളെക്കുറിച്ചും അതിലെ  യുക്തിയെക്കുറിച്ചും യുക്തിയില്ലായ്മയെക്കുറിച്ചും സൗഹൃദപരമായി തർക്കിക്കാറുണ്ട്.  പക്ഷെ, ഇപ്പോൾ അതിരുവിടുന്ന ലക്ഷണമാണ്.  എങ്ങനെയെങ്കിലും ഈ തർക്കം അവസാനിപ്പിക്കണമെന്ന് തോന്നി  ഞാനൊരു ഉപായം പറഞ്ഞു.

"നിങ്ങൾ മൂന്നുകൂട്ടർക്കും നിങ്ങളുടെ ആരാധനാലയമാണെന്ന് തോന്നുന്ന സ്ഥിതിക്ക് എല്ലാവരും ഒരുമിച്ച് അതിനകത്തുകയറി പ്രാർത്ഥിക്കൂ. ഞാനതിൻറെ രൂപവും അതിൻറെ മുകളിലെ കലാസൃഷ്ടികളും  മതിയാവോളം നോക്കി ആസ്വദിക്കട്ടെ."

ആ പറഞ്ഞതും അവർക്കിഷ്ടമായില്ല. അപ്പോഴേക്കും ഞങ്ങളാ കെട്ടിടത്തിനരികിൽ എത്തിയിരുന്നു.

"വരൂ..." എന്നുപറഞ്ഞ് ഞാൻ മുന്നിൽ നടന്നു. അവർ പക്ഷെ, കൂട്ടത്തോടെ എന്നെ തടഞ്ഞു. 

ആരോ ഒരാൾ ചോദിച്ചു. "നിനക്കെന്താണ് അവിടെ കാര്യം?"
മറ്റൊരാൾ പറഞ്ഞു. "അത് വിശ്വാസികൾക്കുള്ളതാണ്. ദൈവനിഷേധികൾ അവിടെ പോകരുത്."

ഞാൻ സാവധാനമാണ് മറുപടി പറഞ്ഞത്. "നോക്കൂ, അവിടെ നൂറ്റാണ്ടുകൾക്കുമുൻപ്  ജീവിച്ച  നമ്മുടെ പൂർവ്വികരുടെ വിയർപ്പുതുള്ളികൾ ഇറ്റിവീണിട്ടുണ്ട്. അവരുടെ കരുത്തുറ്റ കരങ്ങളാൽ നിർമ്മിക്കപ്പെട്ട അതിന്റെ ചുമരുകളിൽ തൊട്ടുനോക്കുമ്പോൾ നമ്മുടെ പൂർവ്വികരെ തൊടുന്നതുപോലുള്ള അനുഭൂതിയുണ്ടാവും."

"അവന്റെയൊരു സാഹിത്യം" എന്നുപറഞ്ഞ് ആരോ ഒരാൾ എന്നെപ്പിടിച്ച് തള്ളി. ആ വീഴ്ചയിലാണ് ഉറക്കമുണർന്നത്. മുറിയിൽ നല്ല ഇരുട്ട്. മുറിയുടെ അപ്പുറത്തെ അരികിലെ കട്ടിലിൽ കിടക്കുകയായിരുന്ന സഹവാസി കൂർക്കം വലിക്കുന്നു. ഇരുട്ടിൽ മൊബൈൽ  തപ്പിയെടുത്ത് സമയം നോക്കി. പുലർച്ചെ നാലുമണിയാവുന്നതേയുള്ളു. ഒരുമണിക്കൂർകൂടി ബാക്കിയുണ്ട്. പിന്നെ എയർകണ്ടീഷൻ യന്ത്രത്തിന്റെ തണുപ്പിൽ അല്പനേരംകൂടി മൂടിപ്പുതച്ചുറങ്ങി.
***


കണ്ണാടി മാഗസിൻ.com  http://kannadimagazine.com/article/841

ചൊവ്വാഴ്ച, മേയ് 15, 2018

രക്തസാക്ഷികളുടെ മക്കൾ

2021 - September



          രണ്ടു ചെറുപ്പക്കാർ. ഉപരിപഠനകാലത്ത് ഒരേ വിദ്യാലയത്തിൽ പഠിക്കുന്നവരാണെന്ന് സങ്കൽപ്പിക്കാം. അല്ലെങ്കിൽ ഏതെങ്കിലും തൊഴിലിടത്തിലാണെന്ന് സങ്കല്പിക്കാം. സ്ത്രീയോ പുരുഷനോ ആയിരിക്കാം. അല്ലെങ്കിൽ ഒരാൾ സ്ത്രീയും മറ്റെയാൾ പുരുഷനുമായിരിക്കാം. രണ്ടുപേരും പരിചയപ്പെട്ടു. അവരുടെ ജാതിയും മതവും ലിംഗവും പാർട്ടിയും അറിയാത്തതുകൊണ്ട് നമുക്കവരെ 'എക്സ്'  എന്നും 'വൈ' എന്നും വിളിക്കാം.

എക്സ് ചോദിച്ചു. "അച്ഛനും അമ്മയും ഇല്ലേ?"
വൈ പറഞ്ഞു. "അമ്മയുണ്ട്. അച്ഛനില്ല."

"എനിക്കും. അച്ഛൻ മരിച്ചുപോയി. ആരോ കൊന്നതാ." എക്സ്  പറഞ്ഞു. മുഖത്ത് അതുവരെയുണ്ടായിരുന്ന ഉന്മേഷം മാഞ്ഞുപോയി. പാർട്ടിയുടെ പതാക പുതപ്പിച്ച മൃതദേഹം മനസ്സിൽ തെളിഞ്ഞു.

"എന്റെ അച്ഛനെയും കൊന്നതാ." അച്ഛനെ മനസ്സിൽ സങ്കൽപ്പിക്കാൻ ശ്രമിച്ചു.

രണ്ടു പാർട്ടികളിൽപ്പെട്ടവരാണെങ്കിലും ഈയൊരു കാര്യത്തിൽ തുല്യ അനുഭവമുള്ളവരാണെന്ന് അവർ പരസ്പരം തിരിച്ചറിഞ്ഞു.

വൈ ചോദിച്ചു. "നീ നിന്റെ അച്ഛനെ കണ്ടിട്ടുണ്ടൊ?"

"കണ്ടിട്ടുണ്ട്. വളരെ ചെറിയ പ്രായത്തിലായിരുന്നല്ലോ അത്. നേഴ്സറിയിൽ പഠിക്കുന്ന കാലമായിരുന്നു. മുഖം വ്യക്തമാവുന്നില്ല.

"ഞാൻ കണ്ടതേ ഓർക്കുന്നില്ല. മുലകുടി മാറാത്ത കുട്ടിയയായിരുന്നത്രെ അപ്പോൾ ഞാൻ."

അവർ കൂട്ടുകാരായി.

"ഒരേ അനുഭവമുള്ളവരായതുകൊണ്ടാ നമ്മൾ പെട്ടെന്ന് അടുപ്പത്തിലായത്." എക്സ് ആണ് അങ്ങനെ പറഞ്ഞത്.

അപ്പോൾ വൈ പറഞ്ഞു. "ചെറുപ്പത്തിൽ ഞാനാരോടും കൂട്ടുകൂടാറുണ്ടായിരുന്നില്ല. വീട്ടിനടുത്തുള്ള മൈതാനത്തിൽ കുറേ കുട്ടികൾ കളിക്കാറുണ്ടായിരുന്നു. പക്ഷെ, ഞാൻ അവരോടൊപ്പം കൂടാറില്ല. ആ കുട്ടികളിലെ ആരുടെയൊ അച്ഛനായിരുന്നു എൻറെ അച്ഛനെ കൊന്നത്."

പിന്നെ രണ്ടുപേരും കൈ കോർത്തുപിടിച്ചു നടന്നു.
***

(സമർപ്പണം: രാഷ്ട്രീയ പകപോക്കലിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക്.)

ശനിയാഴ്‌ച, സെപ്റ്റംബർ 16, 2017

അമ്മ

വർത്തമാനം പത്രം, ഖത്തർ എഡീഷൻ


      ഇന്നലെ പട്ടാപ്പകൽ ആയിരുന്നു, കവലയിലെ ബസ്‌സ്റ്റോപ്പിൽ ആരെയോ കാത്തുനിൽക്കുകയായിരുന്ന അയാളെ ആരൊക്കെയോചേർന്ന് വെട്ടിപ്പരിക്കേൽപ്പിച്ചത്. കഴിഞ്ഞയാഴ്ച്ച ഗ്രാമത്തിന്റെ മറ്റൊരുഭാഗത്ത് നടന്ന സംഘട്ടനത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. അതിന്റെ പ്രതികാരമാണിതെന്ന് ജനങ്ങൾക്കും പോലീസിനുമറിയാം. ആ സംഘട്ടനവുമായി അയാൾക്ക് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല എന്നാണറിഞ്ഞത്. ഇന്ന് കാലത്ത് മെഡിക്കൽ കോളേജിൽവച്ച് അയാൾ മരണപ്പെട്ടു. അങ്ങനെ അയാളുടെ പാർട്ടിക്ക് ഒരു രക്തസാക്ഷികൂടിയായി. ഇനി ഗ്രാമത്തിൽ എവിടെയെങ്കിലും ഒരു സ്മാരകസ്‌തൂപം  ഉയർന്നുവരും. കാലക്രമേണ അതും ആരാലും ശ്രദ്ധിക്കപ്പെടാതെയാവും. 
                         കൊലപാതകത്തെക്കുറിച്ചുള്ള വാർത്തകൾ എന്തൊക്കെയാണ്! കൊലപാതകം  ആരോപിക്കപ്പെടുന്ന പാർട്ടിയുടെ നേതാക്കളും പ്രവർത്തകരും പറയുന്നു. "കൊല്ലപ്പെട്ടയാൾ ഒരു ഗുണ്ടയാണ്‌, വ്യഭിചാരിയാണ്, ലഹരിവിൽപ്പനക്കാരനാണ്, ഏതോ ധനികന്റെ ബിനാമിയാണ്. അതിലുള്ള വ്യക്തിവൈരാഗ്യമാണത്രെ കൊലക്ക് കാരണം." ഇങ്ങനെപോയി കൊലപാതകം നടത്തിയ പാർട്ടിക്കാരുടെ വ്യാഖ്യാനങ്ങൾ. ഇങ്ങനെയൊക്കെ കേട്ട് അയാളെ അറിയാവുന്നവർ വിശ്വസിച്ചോ വിശ്വസിക്കാതെയോ ഭയം കാരണമോ നിശബ്ദത പാലിച്ചു.
                          

 അയാൾക്ക് രണ്ടു കൊച്ചു കുട്ടികളുണ്ട്. മനുഷ്യനെന്നാൽ മനുഷ്യനെത്തന്നെ വെറുതെ പകവച്ച് കൊല്ലുന്ന ജീവിയാണെന്ന് മനസിലാക്കാനുള്ള പ്രായമാവാത്ത കുട്ടികൾ. അയാളുടെ ഭാര്യ നിറയൗവനത്തിന്റെ മനസ്സും ശരീരവുമുള്ളവളാണ്. അവൾ തന്റെ വൈധവ്യത്തെ ഉൾക്കൊള്ളാനാവാതെ കുട്ടികളെ ചേർത്തുപിടിച്ചു തേങ്ങി. അമ്മയല്ലെ അവൾ ഇങ്ങനെ ആഗ്രഹിച്ചിരിക്കണം. "എന്റെ കുട്ടികളുടെ അച്ഛൻ ആളുകൾ പറയുന്നതുപോലെയൊന്നുമല്ല. എന്റെ കുട്ടികൾ അങ്ങനെയുള്ള ഒരാളിന്റെ മക്കളായി അറിയപ്പെടരുതേ..." 
*** 

വെള്ളിയാഴ്‌ച, ഏപ്രിൽ 12, 2013

യാത്ര

മലയാള മനോരമ പത്രത്തോടൊപ്പം വെള്ളിയാഴ്ചതോറും കിട്ടാറുണ്ടായിരുന്ന ഗൾഫ്‌ മനോരമയിൽ പ്രസിദ്ധീകരിച്ചതാണിത്. 2000 ത്തിലാണ് പ്രസിദ്ധീകരിച്ചത്.

ബുധനാഴ്‌ച, ഓഗസ്റ്റ് 17, 2011

പുനര്‍വിചിന്തനം


     എന്‍റെ  അച്ഛനും  അമ്മയും  നിഷ്കളങ്കരായിരുന്നു. ലോകത്തെപ്പറ്റി കാര്യമായ അറിവുകള്‍  ഒന്നും  ഇല്ലാത്തവര്‍.  പക്ഷെ,  ഒരു  മനുഷ്യന്‍ എങ്ങനെയാണ് വിശുദ്ധജീവിതം നയിക്കേണ്ടതെന്ന് അവര്‍ക്കറിയാമായിരുന്നു. അതവര്‍ എന്നെ ഓര്‍മ്മപ്പെടുത്താറുണ്ടായിരുന്നു.

 മുത്തച്ഛനും മുത്തശ്ശിയും ജീവിതത്തിന്‍റെ മഹത്വം തിരിച്ചറിഞ്ഞവരായിരുന്നു. ചുക്കിച്ചുളിഞ്ഞ ജീവിതത്തിന്‍റെ അറ്റത്തിരുന്നു നിര്‍മലമായ അങ്ങേതലയ്ക്കല്‍ കുസൃതി കാട്ടുന്ന എന്നോട് സ്നേഹപൂര്‍വ്വം പഞ്ഞുതരാറുണ്ടായിരുന്നു  അത്. 

     പക്ഷെ, എവിടെയാണ് ഞാനത് ഉപേക്ഷിച്ചത് എന്നോര്‍മ്മയില്ല! അല്ലെങ്കില്‍ തിരിച്ചറിവുകള്‍ എന്നെ ഉപേക്ഷിക്കുകയായിരുന്നോ?

  അങ്ങനെയൊരു നിമിഷത്തിലാണ് ഞാനത് ചെയ്തത്. അറിഞ്ഞുകൊണ്ട് ചെയ്ത ആദ്യത്തെയും അവസാനത്തെയും അപരാധം. ഗുരുതുല്യനായ ഒരാളുടെ കൈപ്പത്തി വെട്ടിമാറ്റി. അയാള്‍ ആരായിരുന്നു എന്നോ എന്തായിരുന്നു എന്നോ എനിക്കറിയില്ലായിരുന്നു. യൌവ്വനത്തിന്‍റെ തുടക്കത്തില്‍ അന്ധമായ വിപ്ലവബോധം സിരകളില്‍ കത്തിപ്പടര്‍ന്ന നാളുകളില്‍ ആണ് ഞാനത് ചെയ്യുന്നത്. അയാള്‍ പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായിരുന്നു എന്നുമാത്രമാണ് അയാളെക്കുറിച്ച് ആകെയെനിക്കുള്ള അറിവ്.

  പെട്ടൊന്നൊരുനാള്‍ അയാള്‍ നേതൃത്വത്തെ ചോദ്യം ചെയ്തു. അപ്പോള്‍ അയാളിലേക്ക് പലരുടെയും ചൂണ്ടുവിരല്‍ നീണ്ടുവന്നു. അയാള്‍ ഒറ്റപ്പെട്ടു. ഒരര്‍ത്ഥത്തില്‍ ഊരുവിലക്ക്‌. അപ്പോഴും അയാള്‍ നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ടിരുന്നു. അവസാനം ഒരു രാത്രിയുടെ കറുപ്പില്‍ അയാളറിയാതെ എന്‍റെ സമപ്രായക്കാരോടൊപ്പം ഞാനത് ചെയ്തു. പിന്നീടാറിഞ്ഞത്, അയാളായിരുന്നു എന്‍റെ ഗ്രാമത്തില്‍ പ്രസ്ഥാനത്തിന് അടിത്തറയിട്ടത്‌.

     വര്‍ഷങ്ങള്‍ കഴിഞ്ഞു. ഒരിക്കലും ഉണങ്ങാത്ത എന്നും പഴുത്തുപൊട്ടുന്ന പുണ്ണുള്ള ആ കൈയുമായി അയാള്‍ ജീവിച്ചുമരിച്ചു. പക്ഷെ ഇപ്പോഴും എന്‍റെ മനസ്സില്‍ ആ പുണ്ണ് ഉണങ്ങാതെ കിടക്കുന്നു. അതിന്‍റെ നീറ്റല്‍ എന്‍റെ ഉറക്കം കെടുത്തുന്നു. 

  ജീവിതത്തെ പുനര്‍വിചിന്തനം ചെയ്യാനുള്ള കാലത്തില്‍ ഞാനെത്തിയിരിക്കുന്നു. ഞാനും അയാളെപ്പോലെ പാര്‍ട്ടിനേതൃത്വത്തെ വിമര്‍ശിച്ചുതുടങ്ങിയിരിക്കുന്നു! ഞാനും ഇപ്പോള്‍ തനിച്ചാണ്. എനിക്കറിയാം. എന്നെങ്കിലും എന്‍റെ പഴയ കൂട്ടുകാര്‍ എന്‍റെ കൈയ്യോ കാലോ വെട്ടിമാറ്റും. ഒരുപക്ഷെ എന്‍റെ ജീവിതം തന്നെ. ഞാന്‍ കാത്തിരിക്കുകയാണ്. എനിക്കറിയില്ല, എന്‍റെ നിയോഗമെന്താണെന്ന്.
***

ശനിയാഴ്‌ച, മാർച്ച് 05, 2011

നേതാവ് നഗ്നനാണ്

  നേതാവിന്റെ വ്യഭിചാരകഥ വ്യാപാരിയും വ്യാപാരിയുടെ കൂട്ടിക്കൊടുപ്പുകഥ നേതാവും മാലോകരോട് വിളിച്ചു പറഞ്ഞു. പണ്ട്‌ ഇവര്‍ ഉറ്റചങ്ങാതിമാരായിരുന്നു. പക്ഷെ, ആരോ ഒരാള്‍ കരാര്‍ ലംഘിച്ചിരിക്കുന്നു. വാര്‍ത്താനിര്‍മാതാക്കള്‍ ചായം പുരട്ടി എരിവും ചൂടും പകര്‍ന്ന് മാലോകര്‍ക്ക് മുന്നില്‍ വിളമ്പി. 

  മാലോകരില്‍ ചിലര്‍ മൂക്കത്തു വിരല്‍ വച്ച് കൌതുകം തൂകി. മറ്റുചിലര്‍ ''പ്ഫൂ'' എന്ന് ആട്ടി തെറിവിളിച്ചു. വേറെയും ചിലര്‍ നേതാവിന് കിട്ടിയ മഹാഭാഗ്യത്തെ കുറിച്ചോര്‍ത്ത് മനോരാജ്യത്തില്‍ മുഴുകി രതിനിര്‍വൃതിയടഞ്ഞു.

  ഫ്ലാറ്റിലെ താമസക്കാരായ സ്തീയും പുരുഷനും മറ്റു കാര്യപരിപാടികള്‍ മാറ്റിവച്ച്‌ സ്വീകരണമുറിയില്‍ ടെലിവിഷന് മുന്നിലെ സോഫയില്‍ ഇരുന്ന് രാഷ്ട്രീയ, സാംസ്കാരിക നായകന്‍മാരുടെ ചര്‍ച്ചയുടെ തല്‍സമയ സംപ്രക്ഷേപണം  ഏകാഗ്രതയോടെ ശ്രവിച്ചു, കണ്ടു. അടുക്കളയില്‍ നിന്ന് കുക്കറിന്റെ വിളി അവരാരും കേട്ടില്ല. പുരുഷന്റെ വൃദ്ധയായ അമ്മ ദേവീമാഹാത്മ്യം സീര്യല്‍ കാണാനുള്ള അപേക്ഷയുമായി വന്നെങ്കിലും മകനും മരുമകളും അത് നിരസിച്ചു. വൃദ്ധ നിരാശയോടെ തന്റെ കട്ടിലില്‍ അഭയം തേടി. 

  എട്ടാംക്ലാസ്സുകാരിയായ മകള്‍ കിട്ടിയ അവസരത്തില്‍ അജ്ഞാതനായ യുവാവുമായി (യുവാവ് തന്നെയെന്ന്‌ അവള്‍ വിശ്വസിക്കുന്നു) ഇന്റര്‍നെറ്റില്‍ ചാറ്റ് ചെയ്യാന്‍ തുടങ്ങിയത് അവരറിഞ്ഞില്ല. അപ്പോള്‍ അവളുടെ അനുജന്‍ കാര്‍ടൂണ്‍ കഥയില്‍ പ്രസംഗിക്കുന്ന നേതാവിന്റെ നഗ്നതയ്ക്ക് കാരണം അന്വേഷിച്ച്‌ മുത്തശ്ശിയെ സമീപിച്ചു. മുത്തശ്ശി കൊച്ചുമകന്റെ ചോദ്യത്തിന്‌ മുന്നില്‍ ഉത്തരം മുട്ടി ഗായത്രിമന്ത്രം ജപിച്ച്‌ കിടന്നു.
 

ഞായറാഴ്‌ച, ഓഗസ്റ്റ് 08, 2010

വിപ്ലവം!


   വിദ്യാര്‍ഥികള്‍ കലക്ട്രേറ്റിലേക്ക് മാര്‍ച്ച് ചെയ്തു. പോലീസുകാര്‍ തീര്‍ത്ത ബാരിക്കേടുകള്‍ തകര്‍ത്ത് അവര്‍ കലക്ട്രേറ്റിന്‍റെ മതിലിനകത്തേയ്ക്ക് ഇരച്ചു കയറി. പിന്നെ ലാത്തിച്ചാര്‍ജ്, കണ്ണീര്‍വാതകം, ജലപീരങ്കികള്‍,... നഗരം കലാപകലുഷിതമായി. വാഹനങ്ങള്‍ ഓട്ടം നിര്‍ത്തി. കടകള്‍ അടച്ചു. ഗ്രാമങ്ങളില്‍നിന്നുവന്നവര്‍ നഗരത്തിനു വെളിയിളിങ്ങാനാവാതെ വിഷമിച്ചു. സായഹ്നത്തോടെ വീണ്ടും സാധാരണഗതിയിലായി. നഗരം ശാന്തമായി. വാഹനങ്ങള്‍ ഓടിത്തുടങ്ങി. കടകള്‍ തുറന്നു പ്രവര്‍ത്തിച്ചു.

   സമരത്തില്‍ പങ്കെടുത്ത മൂന്നു കൂട്ടുകാര്‍ പണ്ടു പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ച കോട്ടയുടെ മതിലിനുമുകളില്‍ തളര്‍ന്നുകിടന്നു. അറബിക്കടല്‍ അവരുടെ തിളച്ച രക്തത്തെ വിശറികൊണ്ടു വീശി തണുപ്പിച്ചു. രക്തത്തോടൊപ്പം അവരുടെ മനസും തണുത്തു. ഒരുനിമിഷം, അവരുടെ മാനുഷികമായ ചപലചിന്തകള്‍ മനസിന്‍റെ കോട്ടമതിലുകള്‍ക്ക് വെളിയില്‍ ചാടി.
ഒരാള്‍ മറ്റൊരാളോടുചോദിച്ചു - "നിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹാമെന്താണ്?"
രണ്ടാമന്‍ പറഞ്ഞു - "ആദ്യം നീ പറയ്‌"
ഒന്നാമന്‍ പറഞ്ഞു - "ഞാന്‍ സ്നേഹിക്കുന്ന എന്‍റെ പെണ്ണിനെ കല്യാണം കഴിച്ച് ഈ കോട്ടയ്ക്കുമുകളില്‍ തിരമാലകളുടെ ആരവങ്ങളില്‍ ലയിച്ച് അവളെ കെട്ടിപ്പിടിച്ച് മതിവരുവോളം ചുംബിക്കണം."
രണ്ടാമന്‍ പറഞ്ഞു - "എനിക്കൊരു സര്‍ക്കാര്‍ ജോലിവേണം. എന്നിട്ട് സ്വസ്ഥമായ കുടുംബജീവിതം നയിക്കണം".
മൂന്നാമന്‍ പറഞ്ഞു - "എനിക്ക് ഒരുപാട്‌ പണമുണ്ടാക്കണം. എന്നിട്ട് ലോകത്തിലെ എല്ലാ സുസൗകര്യങ്ങളും മതിവരുവോളം ആസ്വതിക്കണം."

   വര്‍ഷങ്ങള്‍ കഴിഞ്ഞു. യൌവനത്തിന്‍റെ  സായാഹ്നത്തില്‍ എത്തിനില്‍ക്കുന്നു അവരിപ്പോള്‍. ഒന്നാമന്‍റെ കാമുകി അയാളെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത്‌ വിദേശത്തെവിടെയോ കുടുംബജീവിതം നയിക്കുന്നു. അതിന്‍റെ നിരാശയില്‍ അയാളും നാടുവിട്ടു. ഇപ്പോള്‍ എവിടെയാനെന്നുപോലും അറിയില്ല. 

   രണ്ടാമന്‍ സര്‍ക്കാര്‍ജോലിക്ക് പരിശ്രമിച്ച് പരാജയപ്പെട്ടുകൊണ്ടെയിരുന്നു. ജീവിതത്തില്‍ വിജയിക്കാവാനാത്തത്തിന്‍റെ നിരാശയും അപകര്‍ഷതാബോധവും അയാളെ സമൂഹത്തില്‍ ഒന്നുമല്ലാതാക്കി.

   മൂന്നാമന്‍ പാര്‍ടിയുടെ ബുദ്ധിജീവികളില്‍ ഒരാളായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്.
********************