Kharaaksharangal - kkanakambaran.blogspot.com - Part of kharaaksharangal.blogspot.com

ബുധനാഴ്‌ച, ഓഗസ്റ്റ് 17, 2011

പുനര്‍വിചിന്തനം


     എന്‍റെ  അച്ഛനും  അമ്മയും  നിഷ്കളങ്കരായിരുന്നു. ലോകത്തെപ്പറ്റി കാര്യമായ അറിവുകള്‍  ഒന്നും  ഇല്ലാത്തവര്‍.  പക്ഷെ,  ഒരു  മനുഷ്യന്‍ എങ്ങനെയാണ് വിശുദ്ധജീവിതം നയിക്കേണ്ടതെന്ന് അവര്‍ക്കറിയാമായിരുന്നു. അതവര്‍ എന്നെ ഓര്‍മ്മപ്പെടുത്താറുണ്ടായിരുന്നു.

 മുത്തച്ഛനും മുത്തശ്ശിയും ജീവിതത്തിന്‍റെ മഹത്വം തിരിച്ചറിഞ്ഞവരായിരുന്നു. ചുക്കിച്ചുളിഞ്ഞ ജീവിതത്തിന്‍റെ അറ്റത്തിരുന്നു നിര്‍മലമായ അങ്ങേതലയ്ക്കല്‍ കുസൃതി കാട്ടുന്ന എന്നോട് സ്നേഹപൂര്‍വ്വം പഞ്ഞുതരാറുണ്ടായിരുന്നു  അത്. 

     പക്ഷെ, എവിടെയാണ് ഞാനത് ഉപേക്ഷിച്ചത് എന്നോര്‍മ്മയില്ല! അല്ലെങ്കില്‍ തിരിച്ചറിവുകള്‍ എന്നെ ഉപേക്ഷിക്കുകയായിരുന്നോ?

  അങ്ങനെയൊരു നിമിഷത്തിലാണ് ഞാനത് ചെയ്തത്. അറിഞ്ഞുകൊണ്ട് ചെയ്ത ആദ്യത്തെയും അവസാനത്തെയും അപരാധം. ഗുരുതുല്യനായ ഒരാളുടെ കൈപ്പത്തി വെട്ടിമാറ്റി. അയാള്‍ ആരായിരുന്നു എന്നോ എന്തായിരുന്നു എന്നോ എനിക്കറിയില്ലായിരുന്നു. യൌവ്വനത്തിന്‍റെ തുടക്കത്തില്‍ അന്ധമായ വിപ്ലവബോധം സിരകളില്‍ കത്തിപ്പടര്‍ന്ന നാളുകളില്‍ ആണ് ഞാനത് ചെയ്യുന്നത്. അയാള്‍ പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായിരുന്നു എന്നുമാത്രമാണ് അയാളെക്കുറിച്ച് ആകെയെനിക്കുള്ള അറിവ്.

  പെട്ടൊന്നൊരുനാള്‍ അയാള്‍ നേതൃത്വത്തെ ചോദ്യം ചെയ്തു. അപ്പോള്‍ അയാളിലേക്ക് പലരുടെയും ചൂണ്ടുവിരല്‍ നീണ്ടുവന്നു. അയാള്‍ ഒറ്റപ്പെട്ടു. ഒരര്‍ത്ഥത്തില്‍ ഊരുവിലക്ക്‌. അപ്പോഴും അയാള്‍ നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ടിരുന്നു. അവസാനം ഒരു രാത്രിയുടെ കറുപ്പില്‍ അയാളറിയാതെ എന്‍റെ സമപ്രായക്കാരോടൊപ്പം ഞാനത് ചെയ്തു. പിന്നീടാറിഞ്ഞത്, അയാളായിരുന്നു എന്‍റെ ഗ്രാമത്തില്‍ പ്രസ്ഥാനത്തിന് അടിത്തറയിട്ടത്‌.

     വര്‍ഷങ്ങള്‍ കഴിഞ്ഞു. ഒരിക്കലും ഉണങ്ങാത്ത എന്നും പഴുത്തുപൊട്ടുന്ന പുണ്ണുള്ള ആ കൈയുമായി അയാള്‍ ജീവിച്ചുമരിച്ചു. പക്ഷെ ഇപ്പോഴും എന്‍റെ മനസ്സില്‍ ആ പുണ്ണ് ഉണങ്ങാതെ കിടക്കുന്നു. അതിന്‍റെ നീറ്റല്‍ എന്‍റെ ഉറക്കം കെടുത്തുന്നു. 

  ജീവിതത്തെ പുനര്‍വിചിന്തനം ചെയ്യാനുള്ള കാലത്തില്‍ ഞാനെത്തിയിരിക്കുന്നു. ഞാനും അയാളെപ്പോലെ പാര്‍ട്ടിനേതൃത്വത്തെ വിമര്‍ശിച്ചുതുടങ്ങിയിരിക്കുന്നു! ഞാനും ഇപ്പോള്‍ തനിച്ചാണ്. എനിക്കറിയാം. എന്നെങ്കിലും എന്‍റെ പഴയ കൂട്ടുകാര്‍ എന്‍റെ കൈയ്യോ കാലോ വെട്ടിമാറ്റും. ഒരുപക്ഷെ എന്‍റെ ജീവിതം തന്നെ. ഞാന്‍ കാത്തിരിക്കുകയാണ്. എനിക്കറിയില്ല, എന്‍റെ നിയോഗമെന്താണെന്ന്.
***

ബുധനാഴ്‌ച, ജൂലൈ 20, 2011

കര്‍ക്കിടകം

     കര്‍ക്കിടകമാസം പിറന്നു. അദ്ധ്യാത്മരാമായണം കര്‍ക്കിടക മഴയായി പെയ്തുതുടങ്ങിയിരിക്കുന്നു. ഇങ്ങനെയൊരു കാവ്യം മലയാള ഭാഷയ്ക്ക് സമ്മാനിച്ച എഴുത്തച്ചനെക്കുറിച്ച് എന്തെങ്കിലും കുറിച്ചിടാന്‍ ഞാന്‍ തീര്‍ത്തും അനര്‍ഹനാണ്. ഞാന്‍ അദ്ദേഹത്തിന്‍റെ പാദങ്ങളില്‍ മനസുകൊണ്ട് നമസ്കരിക്കുന്നു.

     രാമായണകാവ്യത്തിലെ വരികളുടെ അര്‍ഥങ്ങള്‍ ഒന്നും ഉള്‍ക്കൊള്ളാന്‍ കഴിവില്ലാതിരുന്ന കുട്ടിക്കാലം മുതലേ രാമായണപാരായണം എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. പഠിക്കാന്‍ പൊതുവേ ഒരു മടിയനായ ഞാന്‍ കര്‍ക്കിടമാസത്തിലെ പ്രഭാതത്തില്‍ തുടകള്‍ക്കിടയില്‍ കൈകള്‍ കൂട്ടിവച്ച് ഉറങ്ങാറുള്ള എന്നെ വിളിച്ചുണര്‍ത്തിയിരുന്നത് ആകാശവാണിയില്‍ പ്രക്ഷേപണം ചെയ്യാറുള്ള രാമായണപാരായണമായിരുന്നു. പുസ്തകം തുറന്നുവച്ച് കൊച്ചുപെട്ടിക്കകത്തുനിന്നും ഒഴുകിയെത്തുന്ന രാമായണം കേട്ടിരിക്കും.

     പിന്നെ കേള്‍ക്കുന്നത് വൈകുന്നേരം സ്കൂള്‍ വിട്ടുവന്നാല്‍ കറി വെക്കാനുള്ള സാധനങ്ങള്‍ വാങ്ങിക്കാന്‍ കുമാരേട്ടന്‍റെ കടയില്‍ പോയാലാണ്. കുമാരേട്ടന്‍റെ കടയ്ക്ക് സമീപമുള്ള വീട്ടില്‍ നിന്ന് അരിങ്ങേത്തെ രാഘവേട്ടന്‍ രാമായണം പാരായണം ചെയ്യുന്നുണ്ടാവും. കുമാരേട്ടനോ മകന്‍ സുധാകരേട്ടനോ സാധനങ്ങള്‍ എടുത്തു തരുന്നതുവരെ രാമായണത്തില്‍ ആസ്വദിച്ചുനില്‍ക്കും. കുമാരേട്ടനാണ് സാധനങ്ങൾ എടുക്കുന്നതെങ്കിൽ ഏറെനേരമെടുക്കും പ്രായത്തിന്റെ തളർച്ച ശരീരത്തെ ശരിക്കും ബാധിച്ചിട്ടുണ്ട്. പൊടുന്നനെ വരുകയും പോകുകയും ചെയ്യുന്ന കര്‍ക്കിടക മഴ രാഘവേട്ടനോടൊപ്പം രാമായണം ഏറ്റു ചൊല്ലും.

     കടയിൽ നിന്നും തിരിച്ചുവീട്ടിലെത്തുമ്പോഴേക്കും ഗോപാല കൈക്കോര്‍* പാരായണം തുടങ്ങിയിട്ടുണ്ടാവും. അദ്ദേഹത്തിന്‍റെ വീട് ഞങ്ങളുടെ വീടിന്‍റെ  തെക്കുകിഴക്ക്‌ ഭാഗത്താണ്. ഒരു ഉയര്‍ന്ന പ്രദേശത്താണ് ഞങ്ങളുടെ വീട്. കിഴക്കോട്ടേക്ക് ഒരിറക്കം. പിന്നെ കിഴക്കോട്ടേക്ക് തന്നെ ഒരു കയറ്റവും. അവിടെയാണ് ഗോപാല കൈക്കോറിന്‍റെ വീട്. രണ്ടു വീടും ഉയരത്തിലായതിനാല്‍ അദ്ദേഹത്തിന്‍റെ രാമായണപാരായണം വ്യക്തമായി കേള്‍ക്കാന്‍ സാധിക്കും. രാത്രി വൈകുവോളം അദ്ദേഹം പാരായണം തുടരും. വേറെയുമുണ്ട് അങ്ങനെ കുറേപ്പേര്‍. ഈ പറഞ്ഞ മൂന്നും ഞാന്‍ കേട്ട് ആസ്വദിച്ച രാമായണപരായണങ്ങളാണ്. കര്‍ക്കിടകമാസമാവുമ്പോള്‍ ഇപ്പോഴും എന്‍റെ ഓര്‍മ്മയില്‍ ആകാശവാണിയിലെ അദൃശ്യവ്യക്തികളും അരിങ്ങേത്തെ രാഘവേട്ടനും ഗോപാലകൈക്കൊറും രാമായണം പാരായണം ചെയ്യുകയാണ്. അറേബ്യന്‍ മരുഭൂമിയിലെ വേനല്‍ക്കാലം എന്‍റെ മനസ്സില്‍ തീക്കനല്‍ വാരിയിടുമ്പോള്‍ കര്‍ക്കിടകത്തിന്‍റെ ഓര്‍മ്മകള്‍ ആദ്ധ്യാത്മരാമായണമായും മഴയായും അതിനുമുകളില്‍ വീഴുമ്പോള്‍ മനസ്സ് തണുക്കുന്നു. തണുത്തുറയ്ക്കുന്നു.
***


*കൈക്കോര്‍ = ഉത്തരമലബാറിലെ നായര്‍സമുദായത്തില്‍പെട്ട പുരുഷന്‍മാരെ ഇങ്ങനെയാണ് വിളിക്കുക.

തിങ്കളാഴ്‌ച, ജൂലൈ 04, 2011

ഇമ്മ്ണി ബല്യ എഴുത്തുകാരന്‍

ബേപ്പൂര്‍ സുല്‍ത്താനെ മലയാള സാഹിത്യത്തിലെ മഹാമാന്ത്രികന്‍ എന്ന് വിളിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. സാധാരണക്കാരന്‍റെ ഭാഷകൊണ്ട് മാന്ത്രികവിദ്യ കാട്ടിയ വെറും പച്ച മനുഷ്യനായ വൈക്കം മുഹമ്മദ്‌ ബഷീറിനെ മറ്റെന്താണ് വിളിക്കുക? ഒരു കഥ എന്ന ബോധ്യത്തോടെ വായിച്ചുതുടങ്ങുന്ന നമ്മുടെ മനസ്സില്‍ വായന അവസാനിക്കുമ്പോഴേക്കും ജീവിതത്തിന്‍റെ തത്വശാസ്ത്രമാണ് നമ്മളിത്രയുംനേരം വായിച്ചാസ്വദിച്ചതെന്ന തോന്നല്‍ ഉണ്ടാകുന്നത് ബഷീറിന്‍റെ കഥയില്‍നിന്നല്ലാതെ മറ്റേതില്‍നിന്നാണ്? ഇങ്ങനെ കഥ പറയാനുള്ള സൂത്രം അറിയുമായിരുന്നത് ബഷീറിനുമാത്രം. അദ്ദേഹത്തിന്‍റെ ഏതെങ്കിലും ഒരു പുസ്തകം വായിച്ചാല്‍ മതി ബഷീര്‍ എന്ന മൂന്നക്ഷരം അയാളുടെ ഹൃദയത്തില്‍ ശിലാലിഖിതം പോലെ മായാതെ കിടക്കും. 

വായന മരിക്കുന്നു എന്ന് വേവലാതിപ്പെടുന്നവരോടു ഞാന്‍ പറയുന്നു, ബഷീറിന്‍റെ കഥകള്‍ വായിക്കാന്‍ കിട്ടുന്നിടത്തോളം കാലം മലയാള സാഹിത്യത്തിന് വായനക്കാരുണ്ടാവും.

ചിത്രങ്ങള്‍ക്ക് കടപ്പാട്: മാതൃഭൂമി
ജൂലായ്‌.5 ബഷീറിന്‍റെ പതിനേഴാം ചരമദിനം

വെള്ളിയാഴ്‌ച, മേയ് 27, 2011

മലയാള സിനിമയിലെ ഗ്രാമ്യസൗന്ദര്യം

ഒടുവില്‍ അഭിനയിക്കുകയായിരുന്നോ ജീവിക്കുകയായിരുന്നോ സിനിമയില്‍? എന്ന് തോന്നിപ്പോയിട്ടുണ്ട് പലപ്പോഴും അദ്ദേഹത്തിന്‍റെ സിനിമകള്‍ കാണുമ്പോള്‍. ചെറുപ്പകാലത്ത് നാട്ടിന്‍പുറങ്ങളില്‍ നമ്മള്‍ കണ്ടതും ശ്രദ്ധിക്കാതെ പോയതുമായ കുറേ പേരെയായിരുന്നു ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്ന നടനിലൂടെ വെള്ളിത്തിരയില്‍ നമ്മള്‍ കണ്ടത്. ഗ്രാമീണതയെ നാഗരികത വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് നിരാശരായി സമുഹത്തിന്റെ പുറമ്പോക്കിലേക്ക് തള്ളപ്പെടുന്നവര്‍. ഇനിയൊരിക്കലും നമുക്കോ വരുംതലമുറയ്ക്കോ കാണാന്‍ സാധിക്കാത്തവര്‍. എത്ര അനായാസമായാണ് അദ്ദേഹം ഓരോ കഥാപാത്രങ്ങളെയും നമുക്കുമുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്!
(ചിത്രങ്ങള്‍ക്ക് കടപ്പാട്:  മാതൃഭൂമി)












വെള്ളിയാഴ്‌ച, മേയ് 20, 2011

മാലപ്പറമ്പിലെ പെണ്ണുങ്ങള്‍

 ഇപ്പോള്‍ വേനല്‍ക്കാലമാണ്. വിഷു കഴിഞ്ഞു. ചാമുണ്ടിപ്പറമ്പിലെ  കൊന്നമരത്തിനു മുകളിലെ പൂക്കളെല്ലാം കൊഴിഞ്ഞു തുടങ്ങി. അലസിമരങ്ങള്‍ മൊട്ടിട്ടു തുടങ്ങിയിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കകം അവ കൊന്നമരത്തെ നോക്കി പരിഹസിച്ചു ചിരിക്കും. അതിന്റെ തയ്യാറെടുപ്പിലാണ് അവ. ചാമുണ്ടിക്കാവിനു മുന്നിലെ ചാമുണ്ടിപ്പറമ്പിലെ കുഴല്‍ക്കിണറിന് ചുറ്റും പെണ്ണുങ്ങള്‍ കൂട്ടം കൂടി നിന്നു. അതിനുമുന്നില്‍ അച്ചടക്കമുള്ള കുട്ടികളെപ്പോലെ വരിവരിയായി നിരന്നു നിന്ന പാത്രങ്ങള്‍ അവരുടേതാണ്. അവര്‍ ചുട്ടുപൊള്ളുന്ന വെയില്‍ സഹിക്കാനാവാതെ തമ്മില്‍തമ്മില്‍ പരിഭവം പറഞ്ഞു. ഇത്തവണ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ചൂട് കൂടുതലാണെന്ന് അവര്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു. മാപ്പറമ്പുകാര്‍ക്ക് ഒരു കുഴല്‍ക്കിണര്‍ കിട്ടിയതില്‍ ചാമുണ്ടിക്കാവിലേക്ക് നോക്കി തീച്ചാമുണ്ടിക്ക് നന്ദി പറഞ്ഞു, തട്ടാത്തികല്യാണി

 മാപ്പറമ്പ്കാരുടെ ഓര്‍മ്മയില്‍ ഇതുവരെ അനുഭവപ്പെടാത്ത അസുഖവും അവര്‍ അനുഭവിച്ചു തുടങ്ങിയിട്ടുണ്ട്. സൂര്യന്റെ ചൂടേറ്റ് ശരീരം പൊള്ളുകയാണ്. രണ്ടു മൂന്നു കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇടയ്ക്ക് കാര്‍മേഘങ്ങള്‍ മാപ്പറമ്പിന്‍റെ ആകാശത്തില്‍ ചാമുണ്ടിക്കാവിനു മുകളിലൂടെ ഒഴുകി ആളുകളെ മോഹിപ്പിക്കുകയും പിന്നെ നിരാശപ്പെടുത്തുകയും ചെയ്യുന്നു. 

 മാപ്പറമ്പിലെ മിക്ക കിണറുകളും വറ്റി വരണ്ടു. ഇതുവരെ വറ്റാത്ത, ബര്‍മ്മക്കാരന്‍ എന്ന് വിളിക്കുന്ന കണ്ണന്‍നായരുടെ വീട്ടിലെ കിണറിലും വെള്ളം കുറവാണ്. പണ്ടൊക്കെ മാര്‍ച്ചുമാസത്തിന്‍റെ അവസാനത്തോടെ ആ കിണറിനരികില്‍ പാത്രങ്ങളുടെ നീണ്ട നിര പ്രത്യക്ഷമാവും, ഇപ്പോള്‍ കുഴല്‍ക്കിണറിനരികില്‍ കാണുന്നതുപോലെ. കരിപിടിച്ച അലൂമിനിയപാത്രങ്ങള്‍, നിറം മങ്ങിയ മണ്‍പാത്രങ്ങള്‍, പല നിറത്തിലുള്ള പ്ലാസ്റ്റിക്പാത്രങ്ങള്‍, എല്ലാം പല വലുപ്പത്തിലുള്ളവ. പാത്രങ്ങള്‍ക്കരികില്‍ പെണ്ണുങ്ങള്‍ കൂട്ടം കൂടി നിന്നിട്ടുണ്ടാവും. അവര്‍ തമ്മില്‍ എന്നും തര്‍ക്കിക്കുന്നുണ്ടാവും. പാത്രങ്ങളെ ചൊല്ലി അല്ലെങ്കില്‍ പാത്രങ്ങളുടെ സ്ഥാനത്തെ ചൊല്ലി. കണ്ണന്‍നായര്‍ക്കും ഭാര്യ മീനാക്ഷിയമ്മയ്ക്കും അത് ആത്മസംതൃപ്തി നല്‍കുന്ന കാഴ്ചയാണ്. പണ്ടെപ്പോഴോ നേര്‍ന്ന നേര്‍ച്ച പോലെ അവര്‍ മാപ്പറമ്പുകാര്‍ക്ക് കുടിവെള്ളം നല്‍കി. കണ്ണന്‍നായരും മീനാക്ഷിയമ്മയും മരിച്ചതോടെ ആ കിണറിനടുത്തെ പാത്രങ്ങളുടെ നീണ്ട നിരയും അപ്രത്യക്ഷമായി. അവരുടെ മക്കളുടെ ഭാര്യമാര്‍ തങ്ങളുടെ കിണറില്‍ നിന്നും മറ്റുള്ളവര്‍ വെള്ളം കോരുന്നത് വിലക്കി.  

 അതോടെ മാപ്പറമ്പിലെ പെണ്ണുങ്ങള്‍ പാത്രങ്ങളുമെടുത്ത് പല ഭാഗങ്ങളിലേക്ക് പോയി. വേനല്‍ക്കാലമായാല്‍ അവര്‍ക്ക് വിശ്രമമില്ല. രാവിലെ തുടങ്ങും വെള്ളത്തിനുള്ള യാത്ര. വെള്ളം കടത്തിക്കഴിഞ്ഞാല്‍ മുഷിഞ്ഞ തുണികളുടെ കെട്ടുമായി പുറപ്പെടും, അകലെയുള്ള മെലിഞ്ഞുണങ്ങിയ ഓവുചാലുപോലെ ഒഴുകുന്ന തോട്ടുവക്കിലേക്ക്. മാലാപ്പറമ്പിലെ കൊടും വേനലിലും വറ്റാത്ത തോട്. പത്രക്കാരും ചാനലുകാരും വന്നു പടം പിടിക്കുന്നത് തുണിയലക്കുന്ന പെണ്ണുങ്ങള്‍ കൌതുകതോടെ നോക്കിനിന്നു. തുണി അലക്കിത്തീരുമ്പോഴേക്കും സന്ധ്യയാവും.

 തോട്ടുവക്കില്‍ വച്ചും കിണറ്റിന്‍കരയില്‍ വച്ചും മാപ്പറമ്പിലെ ഏക പലചരക്കുകടയായ അബൂന്റെ പീടികയില്‍വച്ചും അവര്‍ ചര്‍ച്ച ചെയ്തു, കുടിവെള്ളത്തെ പറ്റി. മാപ്പറമ്പിലെ പെണ്ണുങ്ങളുടെ ദുരിദത്തെ പറ്റി.

 കഴിഞ്ഞ വേനല്‍ക്കാലത്തിലെ ഒരു ദിവസം അങ്ങനെയൊരു ചര്‍ച്ചയ്ക്കിടയില്‍ തട്ടത്തികല്യാണി പ്രഖ്യാപിച്ചു- "ഞങ്ങക്ക് കുടിവെള്ളം എത്തിച്ചു തന്നില്ലേല് അടുത്ത തെരഞ്ഞെടുപ്പില് ഞാന്‍ വോട്ട് ചെയ്യൂല്ല." പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സമയമായിരുന്നു. തോട്ടുവക്കിലെ പെണ്ണുങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന പങ്കജാക്ഷി കല്യാണിയെ പരിഹസിച്ചു.
"ഓ... നീയിപ്പോ വോട്ടു ചെയ്തില്ലേല് പാര്‍ട്ടി തോറ്റുപോക്വാ?

പങ്കജാക്ഷിയുടെ പരിഹാസത്തിനു കാരണമുണ്ട്. തന്‍റെ ഭര്‍ത്താവും കൂളിപ്പുഴ സര്‍വീസ് സഹകരണ ബാങ്കിലെ പ്യൂണുമായിരുന്ന കേശവനാണ് അവിടുത്തെ പഞ്ചായത്ത് മെമ്പര്‍. പിന്നെ ഒന്നും രണ്ടും പറഞ്ഞു അവര്‍ വഴക്കായി. അന്ന് രാത്രിതന്നെ കല്യാണിയുടെ പ്രഖ്യാപനം പങ്കജാക്ഷി കേശവന്‍റെ ചെവിയിലെത്തിച്ചു. അതുകേട്ടു കേശവന്‍ ചിരിച്ചു. പിറ്റേദിവസം അബുന്റെ പീടികയില്‍ വച്ച് ആശാരിച്ചി നാരായണി പ്രഖ്യാപിച്ചു-"കുടിവെള്ളൂല്ലെങ്കില് അടുത്ത തെരഞ്ഞെടുപ്പില് ഞാനും വോട്ടു ചെയ്യൂല്ല".

അതും കേശവന്‍റെ ചെവിയിലെത്തി. പക്ഷെ ഇത്തവണ അയാള്‍ ചിരിച്ചില്ല. പകരം അയാളുടെ നെറ്റി ചുളിഞ്ഞു. ദിവസങ്ങള്‍ കഴിയുന്തോറും തട്ടാത്തി കല്യാണിക്ക് പിന്തുണ കൂടിക്കൊണ്ടിരുന്നു.

 ഒരു ദിവസം തോട്ടുവക്കിലെ നടവഴിയിലൂടെ നടന്നു പോകുകയായിരുന്നു കേശവന്‍. തെങ്ങിന്‍ മുകളില്‍നിന്നു കള്ള് ചെത്തിക്കൊണ്ടിരിക്കുകയായിരുന്ന ഏറ്റുകാരന്‍ രമേശന്‍ തെങ്ങിന് മുകളില്‍ വച്ച് മുന്നറിയിപ്പ് നല്‍കി- "കേശവേട്ടാ... മപ്പറമ്പില്‍ കുടിവെള്ളം എത്തിയില്ലെങ്കില്‍ പെണ്ണുങ്ങള്‍ വേറെ സ്ഥാനാര്‍ത്‌ഥിയെ നിര്‍ത്തും. അങ്ങനെ സംഭവിച്ചാ ന്‍റെ വോട്ട് അവര്‍ക്കാ."
കേശവന്‍ മറുപടി പറയാനാവാതെ വേഗത്തില്‍ നടന്നു. മാപ്പറമ്പിലെ പെണ്ണുങ്ങള്‍ക്ക്‌ അറിവ് വച്ച് തുടങ്ങിയെന്ന യാഥാര്‍ത്ഥ്യം കേശവനെ നിരാശപ്പെടുത്തി. ഒപ്പം ആശങ്കയും.

 കേശവനും സഹപ്രവര്‍ത്തകരും കുടിവെള്ളത്തിനായി നെട്ടോട്ടമോടി. കൂളിപ്പുഴ പഞ്ചായത്ത് ബോര്‍ഡില്‍ മെമ്പര്‍മാര്‍ ചര്‍ച്ച ചെയ്തു. ഒടുവില്‍ മാപ്പറമ്പിലെ ചാമുണ്ടിക്കാവിനുമുന്നിലെ ചാമുണ്ടിപ്പറമ്പില്‍ കുഴല്‍ക്കിണര്‍ കുഴിക്കാന്‍ തീരുമാനമായി. കുഴല്‍ക്കിണര്‍ ആവുന്നതുവരെ ലോറിയില്‍ വെള്ളം എത്തിച്ചുകൊടുക്കാനും.

 ലോറിയില്‍ വെള്ളം എത്തുമ്പോള്‍, പണ്ട് ബര്‍മ്മക്കാരന്‍ കണ്ണന്‍നായരുടെ വീട്ടിലെ കിണറ്റിന്‍കരയിലെന്നപോലെ അബൂന്‍റെ പീടികയ്ക്ക് മുന്നിലും ചാമുണ്ടിക്കാവിനുമുന്നിലും പാത്രങ്ങള്‍ നിരന്നു. പെണ്ണുങ്ങള്‍ കൂട്ടം കൂടി നിന്നു. ചാമുണ്ടിക്കാവിനു മുന്നില്‍ പങ്കജാക്ഷിയും തട്ടാത്തി കല്ല്യാണിയും എന്നും വഴക്കിട്ടു. അത് ഇപ്പോഴും തുടരുന്നു. ഈ കുഴല്‍ക്കിണറിന്  മുന്നില്‍ മൂന്ന് അലക്കുകല്ലുകള്‍ ഉണ്ട്.  അലക്ക്കല്ല്‌ എന്ന് പറഞ്ഞാല്‍ വലിയ ഉരുളന്‍ കല്ല്‌ കുറച്ച് ഉയരത്തില്‍ എടുത്തുവച്ചതാണ്. അതിലാണ് മാപ്പറമ്പിലെ പെണ്ണുങ്ങള്‍ ഇപ്പോള്‍ തുണി അലക്കുന്നത്‌. അതിലൊന്ന് പങ്കജാക്ഷി എവിടുന്നോ എടുത്തുകൊണ്ടുവച്ചതാണ്. പങ്കജാക്ഷി തുണിക്കെട്ടുമായി വരുമ്പോള്‍ കല്യാണി അതിന്‍റെ മുകളില്‍ തുണി അലക്കുകയായിരുന്നു. അതിനെ ചൊല്ലിയാണ് പങ്കജാക്ഷിയും തട്ടാത്തികല്യാണിയും ഇപ്പോള്‍ വഴക്കിടുന്നത്. 
***

ബുധനാഴ്‌ച, മേയ് 11, 2011

മാമ്പഴം

    വൈലോപ്പിള്ളി

കടപ്പാട്: മാതൃഭൂമി


അങ്കണത്തൈമാവില്‍നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍

നാലുമാസത്തിന്‍ മുന്‍പില്‍ ഏറെനാള്‍ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികള്‍ വിരിയവേ

അമ്മതന്‍ മണിക്കുട്ടന്‍ പൂത്തിരികത്തിച്ചപോല്‍
അമ്മലര്‍ച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ

ചൊടിച്ചൂ മാതാവപ്പോള്‍ ഉണ്ണികള്‍ വിരിഞ്ഞ-
പൂവിറുത്തു കളഞ്ഞല്ലോ കുസൃതിക്കുരുന്നേ നീ

മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോന്‍
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ

പൈതലിന്‍ ഭാവം മാറി വദനാംബുജം വാടീ
കൈതവം കാണാക്കണ്ണ് കണ്ണുനീര്‍ത്തടാകമായ്

മാമ്പഴം പെറുക്കുവാന്‍ ഞാന്‍ വരുന്നില്ലെന്നവന്‍
മാണ്‍പെഴും മലര്‍ക്കുലയെറിഞ്ഞൂ വെറും മണ്ണില്‍

വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളേ
ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍

തുംഗമാം മീനച്ചൂടാല്‍ തൈമാവിന്‍ മരതക
ക്കിങ്ങിണി സൗഗന്ധിക സ്വര്‍ണ്ണമായ് തീരും മുന്‍പേ

മാങ്കനി വീഴാന്‍ കാത്തു നില്‍ക്കാതെ മാതാവിന്റെ
പൂങ്കുയില്‍ കൂടും വിട്ട് പരലോകത്തെ പൂകി.

വാനവര്‍ക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്
ക്രീഡാരസാ ലീനനായ് അവന്‍ വാഴ്‌കെ

അങ്കണത്തൈമാവില്‍നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍

തന്മകനമൃതേകാന്‍ താഴോട്ടു നിപതിച്ച പൊന്‍പഴം
മുറ്റത്താര്‍ക്കും വേണ്ടാതെ കിടക്കവേ

അയല്‍പക്കത്തെ കൊച്ചുകുട്ടികള്‍ ഉല്‍സാഹത്തോ-
ടവര്‍തന്‍ മാവിന്‍ചോട്ടില്‍ കളിവീടുണ്ടാക്കുന്നു

പൂവാലനണ്ണാര്‍ക്കണ്ണാ മാമ്പഴം തരികെന്നു
പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു

ഉതിരും മധുരങ്ങളോടിച്ചെന്നെടുക്കുന്നൂ
മുതിരും കോലാഹലമങ്കലധ്വാനത്തോടും

വാസന്തമഹോത്സവമാണവര്‍ക്കെന്നാല്‍
അവള്‍ക്കാ ഹന്ത! കണ്ണീരിനാല്‍ അന്ധമാം വര്‍ഷാകാലം

പുരതോനിസ്തബ്ധയായ് തെല്ലിട നിന്നിട്ട് തന്‍
ദുരിതഫലം പോലുള്ളപ്പഴമെടുത്തവള്‍

തന്നുണ്ണിക്കിടാവിന്റെ താരുടല്‍ മറചെയ്ത
മണ്ണില്‍ താന്‍ നിക്ഷേപിച്ചു മന്ദമായ് ഏവം ചൊന്നാള്‍

ഉണ്ണിക്കൈക്കെടുക്കുവാന്‍ ഉണ്ണിവായ്ക്കുണ്ണാന്‍ വേണ്ടി
വന്നതാണീ മാമ്പഴം; ാസ്തവമറിയാതെ

നീരസം ഭാവിച്ച് നീ പോയിതെങ്കിലും
കുഞ്ഞേ നീയിതു നുകര്‍ന്നാലേ അമ്മക്കു സുഖമാവൂ

പിണങ്ങിപ്പോയീടിലും പിന്നെ ഞാന്‍ വിളിക്കുമ്പോള്‍
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാന്‍ വരാറില്ലേ

വരിക കണ്ണാല്‍ കാണാന്‍ വയ്യാത്തൊരെന്‍ കണ്ണനേ
തരസാ നുകര്‍ന്നാലും തായ തന്‍ നൈവേദ്യം നീ

ഒരു തൈകുളിര്‍കാറ്റായരികത്തണഞ്ഞപ്പോള്‍
അരുമക്കുഞ്ഞിന്‍ പ്രാണന്‍ അമ്മയെ ആശ്ലേഷിച്ചു
 

ശനിയാഴ്‌ച, മാർച്ച് 05, 2011

നേതാവ് നഗ്നനാണ്

  നേതാവിന്റെ വ്യഭിചാരകഥ വ്യാപാരിയും വ്യാപാരിയുടെ കൂട്ടിക്കൊടുപ്പുകഥ നേതാവും മാലോകരോട് വിളിച്ചു പറഞ്ഞു. പണ്ട്‌ ഇവര്‍ ഉറ്റചങ്ങാതിമാരായിരുന്നു. പക്ഷെ, ആരോ ഒരാള്‍ കരാര്‍ ലംഘിച്ചിരിക്കുന്നു. വാര്‍ത്താനിര്‍മാതാക്കള്‍ ചായം പുരട്ടി എരിവും ചൂടും പകര്‍ന്ന് മാലോകര്‍ക്ക് മുന്നില്‍ വിളമ്പി. 

  മാലോകരില്‍ ചിലര്‍ മൂക്കത്തു വിരല്‍ വച്ച് കൌതുകം തൂകി. മറ്റുചിലര്‍ ''പ്ഫൂ'' എന്ന് ആട്ടി തെറിവിളിച്ചു. വേറെയും ചിലര്‍ നേതാവിന് കിട്ടിയ മഹാഭാഗ്യത്തെ കുറിച്ചോര്‍ത്ത് മനോരാജ്യത്തില്‍ മുഴുകി രതിനിര്‍വൃതിയടഞ്ഞു.

  ഫ്ലാറ്റിലെ താമസക്കാരായ സ്തീയും പുരുഷനും മറ്റു കാര്യപരിപാടികള്‍ മാറ്റിവച്ച്‌ സ്വീകരണമുറിയില്‍ ടെലിവിഷന് മുന്നിലെ സോഫയില്‍ ഇരുന്ന് രാഷ്ട്രീയ, സാംസ്കാരിക നായകന്‍മാരുടെ ചര്‍ച്ചയുടെ തല്‍സമയ സംപ്രക്ഷേപണം  ഏകാഗ്രതയോടെ ശ്രവിച്ചു, കണ്ടു. അടുക്കളയില്‍ നിന്ന് കുക്കറിന്റെ വിളി അവരാരും കേട്ടില്ല. പുരുഷന്റെ വൃദ്ധയായ അമ്മ ദേവീമാഹാത്മ്യം സീര്യല്‍ കാണാനുള്ള അപേക്ഷയുമായി വന്നെങ്കിലും മകനും മരുമകളും അത് നിരസിച്ചു. വൃദ്ധ നിരാശയോടെ തന്റെ കട്ടിലില്‍ അഭയം തേടി. 

  എട്ടാംക്ലാസ്സുകാരിയായ മകള്‍ കിട്ടിയ അവസരത്തില്‍ അജ്ഞാതനായ യുവാവുമായി (യുവാവ് തന്നെയെന്ന്‌ അവള്‍ വിശ്വസിക്കുന്നു) ഇന്റര്‍നെറ്റില്‍ ചാറ്റ് ചെയ്യാന്‍ തുടങ്ങിയത് അവരറിഞ്ഞില്ല. അപ്പോള്‍ അവളുടെ അനുജന്‍ കാര്‍ടൂണ്‍ കഥയില്‍ പ്രസംഗിക്കുന്ന നേതാവിന്റെ നഗ്നതയ്ക്ക് കാരണം അന്വേഷിച്ച്‌ മുത്തശ്ശിയെ സമീപിച്ചു. മുത്തശ്ശി കൊച്ചുമകന്റെ ചോദ്യത്തിന്‌ മുന്നില്‍ ഉത്തരം മുട്ടി ഗായത്രിമന്ത്രം ജപിച്ച്‌ കിടന്നു.
 

ശനിയാഴ്‌ച, ഫെബ്രുവരി 19, 2011

ഫാദില്‍ ഖാദിം

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. അമേരിക്ക ഇറാക്ക് പിടിച്ചെടുക്കുന്ന കാലം. അന്ന് ദുബായില്‍ഞങ്ങളുടെ കൂടെ ഒരു ഇറാക്കി ജോലി ചെയ്തിരുന്നു. അയാളുടെ പേര് 'ഫാദില്ഖാദിം'. സ്വന്തം ഭാര്യയേയും മക്കളെയും പ്രാണനേക്കാള്‍ ഉപരിയായി സ്നേഹിച്ചിരുന്ന നിഷ്കളങ്കനായ ഒരു മനുഷ്യന്‍‍. ജീവിതത്തെക്കുറിച്ചും ലോകത്തെക്കുറിച്ചും സംസാരിക്കുമ്പോഴൊക്കെ ഭാര്യയേയും മക്കളെയും കുടുംബ ബന്ധങ്ങളെയും കുറിച്ചൊക്കെ പരാമര്‍ശിക്കുക അയാള്‍ക്ക്പതിവാണ്.

ഫാദില്‍‍  ഖാദിമിനു ആകെ അറിയാവുന്ന ഭാഷ അറബി മാത്രമാണ്. ഞങ്ങള്‍ക്കാണെങ്കില്ആര്‍ക്കും അറബി അറിയില്ല. ഞങ്ങളുടെ കൂടെ ഒരു ഗുജറാത്തിയുണ്ട്. ഫക്കീര്‍ മുഹമ്മദ്എന്നാണു പേര്. അയാള്‍ക്ക്കുറച്ചു അറബി അറിയാം. ഫാദില്ഖാദിം ഞങ്ങള്‍ക്ക് മനസിലാവാന്‍ വേണ്ടി അറബിയോടൊപ്പം അയാള്‍ക്കറിയാവുന്ന ഇംഗ്ലിഷ് പദങ്ങളും പിന്നെ അറബിയോളംതന്നെ ആംഗ്യഭാഷയും ചേര്‍ത്താണ് സംസാരിക്കുക. എന്നാലും ഞങ്ങള്‍ക്ക് മനസിലാവില്ല. അപ്പോള്‍ഫക്കീര്‍ മുഹമ്മദ്ഹിന്ദിയില്‍ ര്‍‍ജ്ജ ചെയ്ത്തരും. ഞാന്‍അയാളെ ശുണ്ഠി പിടിപ്പിക്കാന്‍ ഇംഗ്ലിഷും ഞങ്ങള്‍ക്കറിയാവുന്ന അറബിവാക്കും പിന്നെ ആംഗ്യഭാഷയും കലര്‍ത്തി എന്തെങ്കിലും പറയും. ദൈവത്തെ കുറിച്ചും ദൈവ വിശ്വാസത്തെക്കുറിച്ചും അങ്ങനെ പലതും.

രിക്കല്‍ അയാളെ ശുണ്ഠി പിടിപ്പിക്കാന്‍ എനിക്കറിയാവുന്ന രീതിയില്‍ ഞാന്‍ പറഞ്ഞു. 'ഇറാഖ് മാഫി അസാദി. ഇന്ത്യ ഫീ അസാദി. അമേരിക്ക ഫീ ആസാദി.' (ഇറാഖില്‍ സ്വാതന്ത്ര്യമില്ല. ഇന്ത്യയില്‍ സ്വാതന്ത്ര്യമുണ്ട്. അമേരിക്കയില്‍ സ്വാതന്ത്ര്യമുണ്ട്.)
പതിവുപോലെ  അയാള്‍ കോപാകുലനായി. അറബിയും ആംഗ്യഭാഷയും അറിയാവുന്ന ഇംഗ്ലീഷ് പദങ്ങളും കലര്‍ത്തി അയാള്‍ചോദിച്ചു. 'ശൂ അസാദി?' അയാള്‍കുപ്പായവും പാന്റ്സും ഉയര്‍ത്തി കാണിച്ചു. 'ശൂ അസാദി?' (എന്താണ് സ്വാതന്ത്ര്യം? തുണിയഴിച്ച് നടക്കലാണോ സ്വാതന്ത്ര്യം? എന്നാണ് അയാള്ചോദിച്ചത്.)
അയാള്കോപാകുലനായത് കണ്ട്ഞങ്ങള്‍ചിരിച്ചു. അപ്പോള്‍ അയാള്‍ക്ക്മനസിലായി, മനപ്പൂര്‍വം ദേഷ്യം പിടിപ്പിക്കാന്‍ പറഞ്ഞതാണെന്ന്. ഏറെ സമയത്തിനു ശേഷം ശാന്തനായി സ്നേഹത്തോടെ കുപ്പായം പൊക്കി കാണിച്ചു. എന്നിട്ട് പറഞ്ഞു 'ഹദ മാഫി അസാദി' (ഇതല്ല സ്വാതന്ത്ര്യം).
പിന്നെ ഇറാഖിനെയും സദ്ദാംഹുസൈനെയും ഏറെ പുകഴ്ത്തി. അയാള്‍ പറഞ്ഞു-'ഞാന്‍സദ്ദാംഹുസൈന്റെ സേനയില്‍ അംഗമാണ്. എനിക്ക് തോക്ക് ഉപയോഗിക്കാന്‍അറിയാം. ഇറാഖിന് വേണ്ടി യുദ്ധം ചെയ്യേണ്ടി വന്നാന്‍ഞാനും പങ്കെടുക്കും'. അയാള്‍‍‍ തന്റെ നെഞ്ചില്‍ തൊട്ടു ആവേശത്തോടെ പറഞ്ഞു.

ണ്ടു ര്‍ഷം പൂര്‍ത്തിയായപ്പോള്‍ അയാള്‍ ഇറാഖിലേക്ക് അവധിയില്‍പോയി.അതിനു മുന്‍പെയുള്ള ദിവസങ്ങളില്‍‍ ‍ ഏതൊരു പ്രവാസിയേയുംപോലെ വളരെയധികം സന്തോഷവാനായിരുന്നു. ഭാര്യയെ പറ്റിയും മക്കളെ പറ്റിയും സന്തോഷത്തോടെ സംസാരിച്ചു. പക്ഷെ ഫാദില്‍ ഖാദിംഇറാഖില്‍എത്തുമ്പോഴേക്കും അമേരിക്കന്‍സേന ഇറാഖ് ആക്രമിച്ചുകഴിഞ്ഞിരുന്നു.

ണ്ടു മാസത്തെ അവധിക്കാലം കഴിഞ്ഞപ്പോള്‍‍‍ അയാള്‍ തിരിച്ചു വന്നില്ല. വേണമെങ്കില്‍‍‍ പതിനഞ്ചു ദിവസം അധികം അവധിയെടുക്കാം. അതിനു മുന്‍പ് കമ്പനിയിലേക്ക് വിവരം അറിയിക്കണം. അത് അയാള്‍അറിയിച്ചിട്ടുണ്ടായിരുന്നോ എന്നറിയില്ല. ദിവസങ്ങള്‍ പിന്നെയും കഴിഞ്ഞു. മൂന്നുമാസത്തിലും കൂടുതല്‍ ആയിട്ടുണ്ടാവും എന്ന് തോന്നുന്നു. ഒരു ദിവസം അറിഞ്ഞു, ഫാദില്‍ഖാദിം ഇറാഖില്‍ വച്ച് യുദ്ധത്തില്‍  കൊല്ലപ്പെട്ടുവെന്ന്. ഇപ്പോഴും ചില നേരങ്ങളിലെങ്കിലും അറിയാന്‍ ആഗ്രഹിച്ചു പോവാറുണ്ട്, അയ്യാളുടെ ഭാര്യയും മക്കളും ജീവിച്ചിരിക്കുന്നുണ്ടോ? ഒരു യുദ്ധം അനാഥമാക്കിയ ഇറാഖിലെ അനേകം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമിടയില്‍? അതോ അയാളോടൊപ്പം അവരും കൊല്ലപ്പെട്ടുവോ?
***
ഇതില്‍എഴുതിയ അറബി വാക്കില്‍തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക.