Kharaaksharangal - kkanakambaran.blogspot.com - Part of kharaaksharangal.blogspot.com

വെള്ളിയാഴ്‌ച, മേയ് 27, 2011

മലയാള സിനിമയിലെ ഗ്രാമ്യസൗന്ദര്യം

ഒടുവില്‍ അഭിനയിക്കുകയായിരുന്നോ ജീവിക്കുകയായിരുന്നോ സിനിമയില്‍? എന്ന് തോന്നിപ്പോയിട്ടുണ്ട് പലപ്പോഴും അദ്ദേഹത്തിന്‍റെ സിനിമകള്‍ കാണുമ്പോള്‍. ചെറുപ്പകാലത്ത് നാട്ടിന്‍പുറങ്ങളില്‍ നമ്മള്‍ കണ്ടതും ശ്രദ്ധിക്കാതെ പോയതുമായ കുറേ പേരെയായിരുന്നു ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്ന നടനിലൂടെ വെള്ളിത്തിരയില്‍ നമ്മള്‍ കണ്ടത്. ഗ്രാമീണതയെ നാഗരികത വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് നിരാശരായി സമുഹത്തിന്റെ പുറമ്പോക്കിലേക്ക് തള്ളപ്പെടുന്നവര്‍. ഇനിയൊരിക്കലും നമുക്കോ വരുംതലമുറയ്ക്കോ കാണാന്‍ സാധിക്കാത്തവര്‍. എത്ര അനായാസമായാണ് അദ്ദേഹം ഓരോ കഥാപാത്രങ്ങളെയും നമുക്കുമുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്!
(ചിത്രങ്ങള്‍ക്ക് കടപ്പാട്:  മാതൃഭൂമി)












വെള്ളിയാഴ്‌ച, മേയ് 20, 2011

മാലപ്പറമ്പിലെ പെണ്ണുങ്ങള്‍

 ഇപ്പോള്‍ വേനല്‍ക്കാലമാണ്. വിഷു കഴിഞ്ഞു. ചാമുണ്ടിപ്പറമ്പിലെ  കൊന്നമരത്തിനു മുകളിലെ പൂക്കളെല്ലാം കൊഴിഞ്ഞു തുടങ്ങി. അലസിമരങ്ങള്‍ മൊട്ടിട്ടു തുടങ്ങിയിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കകം അവ കൊന്നമരത്തെ നോക്കി പരിഹസിച്ചു ചിരിക്കും. അതിന്റെ തയ്യാറെടുപ്പിലാണ് അവ. ചാമുണ്ടിക്കാവിനു മുന്നിലെ ചാമുണ്ടിപ്പറമ്പിലെ കുഴല്‍ക്കിണറിന് ചുറ്റും പെണ്ണുങ്ങള്‍ കൂട്ടം കൂടി നിന്നു. അതിനുമുന്നില്‍ അച്ചടക്കമുള്ള കുട്ടികളെപ്പോലെ വരിവരിയായി നിരന്നു നിന്ന പാത്രങ്ങള്‍ അവരുടേതാണ്. അവര്‍ ചുട്ടുപൊള്ളുന്ന വെയില്‍ സഹിക്കാനാവാതെ തമ്മില്‍തമ്മില്‍ പരിഭവം പറഞ്ഞു. ഇത്തവണ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ചൂട് കൂടുതലാണെന്ന് അവര്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു. മാപ്പറമ്പുകാര്‍ക്ക് ഒരു കുഴല്‍ക്കിണര്‍ കിട്ടിയതില്‍ ചാമുണ്ടിക്കാവിലേക്ക് നോക്കി തീച്ചാമുണ്ടിക്ക് നന്ദി പറഞ്ഞു, തട്ടാത്തികല്യാണി

 മാപ്പറമ്പ്കാരുടെ ഓര്‍മ്മയില്‍ ഇതുവരെ അനുഭവപ്പെടാത്ത അസുഖവും അവര്‍ അനുഭവിച്ചു തുടങ്ങിയിട്ടുണ്ട്. സൂര്യന്റെ ചൂടേറ്റ് ശരീരം പൊള്ളുകയാണ്. രണ്ടു മൂന്നു കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇടയ്ക്ക് കാര്‍മേഘങ്ങള്‍ മാപ്പറമ്പിന്‍റെ ആകാശത്തില്‍ ചാമുണ്ടിക്കാവിനു മുകളിലൂടെ ഒഴുകി ആളുകളെ മോഹിപ്പിക്കുകയും പിന്നെ നിരാശപ്പെടുത്തുകയും ചെയ്യുന്നു. 

 മാപ്പറമ്പിലെ മിക്ക കിണറുകളും വറ്റി വരണ്ടു. ഇതുവരെ വറ്റാത്ത, ബര്‍മ്മക്കാരന്‍ എന്ന് വിളിക്കുന്ന കണ്ണന്‍നായരുടെ വീട്ടിലെ കിണറിലും വെള്ളം കുറവാണ്. പണ്ടൊക്കെ മാര്‍ച്ചുമാസത്തിന്‍റെ അവസാനത്തോടെ ആ കിണറിനരികില്‍ പാത്രങ്ങളുടെ നീണ്ട നിര പ്രത്യക്ഷമാവും, ഇപ്പോള്‍ കുഴല്‍ക്കിണറിനരികില്‍ കാണുന്നതുപോലെ. കരിപിടിച്ച അലൂമിനിയപാത്രങ്ങള്‍, നിറം മങ്ങിയ മണ്‍പാത്രങ്ങള്‍, പല നിറത്തിലുള്ള പ്ലാസ്റ്റിക്പാത്രങ്ങള്‍, എല്ലാം പല വലുപ്പത്തിലുള്ളവ. പാത്രങ്ങള്‍ക്കരികില്‍ പെണ്ണുങ്ങള്‍ കൂട്ടം കൂടി നിന്നിട്ടുണ്ടാവും. അവര്‍ തമ്മില്‍ എന്നും തര്‍ക്കിക്കുന്നുണ്ടാവും. പാത്രങ്ങളെ ചൊല്ലി അല്ലെങ്കില്‍ പാത്രങ്ങളുടെ സ്ഥാനത്തെ ചൊല്ലി. കണ്ണന്‍നായര്‍ക്കും ഭാര്യ മീനാക്ഷിയമ്മയ്ക്കും അത് ആത്മസംതൃപ്തി നല്‍കുന്ന കാഴ്ചയാണ്. പണ്ടെപ്പോഴോ നേര്‍ന്ന നേര്‍ച്ച പോലെ അവര്‍ മാപ്പറമ്പുകാര്‍ക്ക് കുടിവെള്ളം നല്‍കി. കണ്ണന്‍നായരും മീനാക്ഷിയമ്മയും മരിച്ചതോടെ ആ കിണറിനടുത്തെ പാത്രങ്ങളുടെ നീണ്ട നിരയും അപ്രത്യക്ഷമായി. അവരുടെ മക്കളുടെ ഭാര്യമാര്‍ തങ്ങളുടെ കിണറില്‍ നിന്നും മറ്റുള്ളവര്‍ വെള്ളം കോരുന്നത് വിലക്കി.  

 അതോടെ മാപ്പറമ്പിലെ പെണ്ണുങ്ങള്‍ പാത്രങ്ങളുമെടുത്ത് പല ഭാഗങ്ങളിലേക്ക് പോയി. വേനല്‍ക്കാലമായാല്‍ അവര്‍ക്ക് വിശ്രമമില്ല. രാവിലെ തുടങ്ങും വെള്ളത്തിനുള്ള യാത്ര. വെള്ളം കടത്തിക്കഴിഞ്ഞാല്‍ മുഷിഞ്ഞ തുണികളുടെ കെട്ടുമായി പുറപ്പെടും, അകലെയുള്ള മെലിഞ്ഞുണങ്ങിയ ഓവുചാലുപോലെ ഒഴുകുന്ന തോട്ടുവക്കിലേക്ക്. മാലാപ്പറമ്പിലെ കൊടും വേനലിലും വറ്റാത്ത തോട്. പത്രക്കാരും ചാനലുകാരും വന്നു പടം പിടിക്കുന്നത് തുണിയലക്കുന്ന പെണ്ണുങ്ങള്‍ കൌതുകതോടെ നോക്കിനിന്നു. തുണി അലക്കിത്തീരുമ്പോഴേക്കും സന്ധ്യയാവും.

 തോട്ടുവക്കില്‍ വച്ചും കിണറ്റിന്‍കരയില്‍ വച്ചും മാപ്പറമ്പിലെ ഏക പലചരക്കുകടയായ അബൂന്റെ പീടികയില്‍വച്ചും അവര്‍ ചര്‍ച്ച ചെയ്തു, കുടിവെള്ളത്തെ പറ്റി. മാപ്പറമ്പിലെ പെണ്ണുങ്ങളുടെ ദുരിദത്തെ പറ്റി.

 കഴിഞ്ഞ വേനല്‍ക്കാലത്തിലെ ഒരു ദിവസം അങ്ങനെയൊരു ചര്‍ച്ചയ്ക്കിടയില്‍ തട്ടത്തികല്യാണി പ്രഖ്യാപിച്ചു- "ഞങ്ങക്ക് കുടിവെള്ളം എത്തിച്ചു തന്നില്ലേല് അടുത്ത തെരഞ്ഞെടുപ്പില് ഞാന്‍ വോട്ട് ചെയ്യൂല്ല." പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സമയമായിരുന്നു. തോട്ടുവക്കിലെ പെണ്ണുങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന പങ്കജാക്ഷി കല്യാണിയെ പരിഹസിച്ചു.
"ഓ... നീയിപ്പോ വോട്ടു ചെയ്തില്ലേല് പാര്‍ട്ടി തോറ്റുപോക്വാ?

പങ്കജാക്ഷിയുടെ പരിഹാസത്തിനു കാരണമുണ്ട്. തന്‍റെ ഭര്‍ത്താവും കൂളിപ്പുഴ സര്‍വീസ് സഹകരണ ബാങ്കിലെ പ്യൂണുമായിരുന്ന കേശവനാണ് അവിടുത്തെ പഞ്ചായത്ത് മെമ്പര്‍. പിന്നെ ഒന്നും രണ്ടും പറഞ്ഞു അവര്‍ വഴക്കായി. അന്ന് രാത്രിതന്നെ കല്യാണിയുടെ പ്രഖ്യാപനം പങ്കജാക്ഷി കേശവന്‍റെ ചെവിയിലെത്തിച്ചു. അതുകേട്ടു കേശവന്‍ ചിരിച്ചു. പിറ്റേദിവസം അബുന്റെ പീടികയില്‍ വച്ച് ആശാരിച്ചി നാരായണി പ്രഖ്യാപിച്ചു-"കുടിവെള്ളൂല്ലെങ്കില് അടുത്ത തെരഞ്ഞെടുപ്പില് ഞാനും വോട്ടു ചെയ്യൂല്ല".

അതും കേശവന്‍റെ ചെവിയിലെത്തി. പക്ഷെ ഇത്തവണ അയാള്‍ ചിരിച്ചില്ല. പകരം അയാളുടെ നെറ്റി ചുളിഞ്ഞു. ദിവസങ്ങള്‍ കഴിയുന്തോറും തട്ടാത്തി കല്യാണിക്ക് പിന്തുണ കൂടിക്കൊണ്ടിരുന്നു.

 ഒരു ദിവസം തോട്ടുവക്കിലെ നടവഴിയിലൂടെ നടന്നു പോകുകയായിരുന്നു കേശവന്‍. തെങ്ങിന്‍ മുകളില്‍നിന്നു കള്ള് ചെത്തിക്കൊണ്ടിരിക്കുകയായിരുന്ന ഏറ്റുകാരന്‍ രമേശന്‍ തെങ്ങിന് മുകളില്‍ വച്ച് മുന്നറിയിപ്പ് നല്‍കി- "കേശവേട്ടാ... മപ്പറമ്പില്‍ കുടിവെള്ളം എത്തിയില്ലെങ്കില്‍ പെണ്ണുങ്ങള്‍ വേറെ സ്ഥാനാര്‍ത്‌ഥിയെ നിര്‍ത്തും. അങ്ങനെ സംഭവിച്ചാ ന്‍റെ വോട്ട് അവര്‍ക്കാ."
കേശവന്‍ മറുപടി പറയാനാവാതെ വേഗത്തില്‍ നടന്നു. മാപ്പറമ്പിലെ പെണ്ണുങ്ങള്‍ക്ക്‌ അറിവ് വച്ച് തുടങ്ങിയെന്ന യാഥാര്‍ത്ഥ്യം കേശവനെ നിരാശപ്പെടുത്തി. ഒപ്പം ആശങ്കയും.

 കേശവനും സഹപ്രവര്‍ത്തകരും കുടിവെള്ളത്തിനായി നെട്ടോട്ടമോടി. കൂളിപ്പുഴ പഞ്ചായത്ത് ബോര്‍ഡില്‍ മെമ്പര്‍മാര്‍ ചര്‍ച്ച ചെയ്തു. ഒടുവില്‍ മാപ്പറമ്പിലെ ചാമുണ്ടിക്കാവിനുമുന്നിലെ ചാമുണ്ടിപ്പറമ്പില്‍ കുഴല്‍ക്കിണര്‍ കുഴിക്കാന്‍ തീരുമാനമായി. കുഴല്‍ക്കിണര്‍ ആവുന്നതുവരെ ലോറിയില്‍ വെള്ളം എത്തിച്ചുകൊടുക്കാനും.

 ലോറിയില്‍ വെള്ളം എത്തുമ്പോള്‍, പണ്ട് ബര്‍മ്മക്കാരന്‍ കണ്ണന്‍നായരുടെ വീട്ടിലെ കിണറ്റിന്‍കരയിലെന്നപോലെ അബൂന്‍റെ പീടികയ്ക്ക് മുന്നിലും ചാമുണ്ടിക്കാവിനുമുന്നിലും പാത്രങ്ങള്‍ നിരന്നു. പെണ്ണുങ്ങള്‍ കൂട്ടം കൂടി നിന്നു. ചാമുണ്ടിക്കാവിനു മുന്നില്‍ പങ്കജാക്ഷിയും തട്ടാത്തി കല്ല്യാണിയും എന്നും വഴക്കിട്ടു. അത് ഇപ്പോഴും തുടരുന്നു. ഈ കുഴല്‍ക്കിണറിന്  മുന്നില്‍ മൂന്ന് അലക്കുകല്ലുകള്‍ ഉണ്ട്.  അലക്ക്കല്ല്‌ എന്ന് പറഞ്ഞാല്‍ വലിയ ഉരുളന്‍ കല്ല്‌ കുറച്ച് ഉയരത്തില്‍ എടുത്തുവച്ചതാണ്. അതിലാണ് മാപ്പറമ്പിലെ പെണ്ണുങ്ങള്‍ ഇപ്പോള്‍ തുണി അലക്കുന്നത്‌. അതിലൊന്ന് പങ്കജാക്ഷി എവിടുന്നോ എടുത്തുകൊണ്ടുവച്ചതാണ്. പങ്കജാക്ഷി തുണിക്കെട്ടുമായി വരുമ്പോള്‍ കല്യാണി അതിന്‍റെ മുകളില്‍ തുണി അലക്കുകയായിരുന്നു. അതിനെ ചൊല്ലിയാണ് പങ്കജാക്ഷിയും തട്ടാത്തികല്യാണിയും ഇപ്പോള്‍ വഴക്കിടുന്നത്. 
***

ബുധനാഴ്‌ച, മേയ് 11, 2011

മാമ്പഴം

    വൈലോപ്പിള്ളി

കടപ്പാട്: മാതൃഭൂമി


അങ്കണത്തൈമാവില്‍നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍

നാലുമാസത്തിന്‍ മുന്‍പില്‍ ഏറെനാള്‍ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികള്‍ വിരിയവേ

അമ്മതന്‍ മണിക്കുട്ടന്‍ പൂത്തിരികത്തിച്ചപോല്‍
അമ്മലര്‍ച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ

ചൊടിച്ചൂ മാതാവപ്പോള്‍ ഉണ്ണികള്‍ വിരിഞ്ഞ-
പൂവിറുത്തു കളഞ്ഞല്ലോ കുസൃതിക്കുരുന്നേ നീ

മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോന്‍
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ

പൈതലിന്‍ ഭാവം മാറി വദനാംബുജം വാടീ
കൈതവം കാണാക്കണ്ണ് കണ്ണുനീര്‍ത്തടാകമായ്

മാമ്പഴം പെറുക്കുവാന്‍ ഞാന്‍ വരുന്നില്ലെന്നവന്‍
മാണ്‍പെഴും മലര്‍ക്കുലയെറിഞ്ഞൂ വെറും മണ്ണില്‍

വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളേ
ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍

തുംഗമാം മീനച്ചൂടാല്‍ തൈമാവിന്‍ മരതക
ക്കിങ്ങിണി സൗഗന്ധിക സ്വര്‍ണ്ണമായ് തീരും മുന്‍പേ

മാങ്കനി വീഴാന്‍ കാത്തു നില്‍ക്കാതെ മാതാവിന്റെ
പൂങ്കുയില്‍ കൂടും വിട്ട് പരലോകത്തെ പൂകി.

വാനവര്‍ക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്
ക്രീഡാരസാ ലീനനായ് അവന്‍ വാഴ്‌കെ

അങ്കണത്തൈമാവില്‍നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍

തന്മകനമൃതേകാന്‍ താഴോട്ടു നിപതിച്ച പൊന്‍പഴം
മുറ്റത്താര്‍ക്കും വേണ്ടാതെ കിടക്കവേ

അയല്‍പക്കത്തെ കൊച്ചുകുട്ടികള്‍ ഉല്‍സാഹത്തോ-
ടവര്‍തന്‍ മാവിന്‍ചോട്ടില്‍ കളിവീടുണ്ടാക്കുന്നു

പൂവാലനണ്ണാര്‍ക്കണ്ണാ മാമ്പഴം തരികെന്നു
പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു

ഉതിരും മധുരങ്ങളോടിച്ചെന്നെടുക്കുന്നൂ
മുതിരും കോലാഹലമങ്കലധ്വാനത്തോടും

വാസന്തമഹോത്സവമാണവര്‍ക്കെന്നാല്‍
അവള്‍ക്കാ ഹന്ത! കണ്ണീരിനാല്‍ അന്ധമാം വര്‍ഷാകാലം

പുരതോനിസ്തബ്ധയായ് തെല്ലിട നിന്നിട്ട് തന്‍
ദുരിതഫലം പോലുള്ളപ്പഴമെടുത്തവള്‍

തന്നുണ്ണിക്കിടാവിന്റെ താരുടല്‍ മറചെയ്ത
മണ്ണില്‍ താന്‍ നിക്ഷേപിച്ചു മന്ദമായ് ഏവം ചൊന്നാള്‍

ഉണ്ണിക്കൈക്കെടുക്കുവാന്‍ ഉണ്ണിവായ്ക്കുണ്ണാന്‍ വേണ്ടി
വന്നതാണീ മാമ്പഴം; ാസ്തവമറിയാതെ

നീരസം ഭാവിച്ച് നീ പോയിതെങ്കിലും
കുഞ്ഞേ നീയിതു നുകര്‍ന്നാലേ അമ്മക്കു സുഖമാവൂ

പിണങ്ങിപ്പോയീടിലും പിന്നെ ഞാന്‍ വിളിക്കുമ്പോള്‍
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാന്‍ വരാറില്ലേ

വരിക കണ്ണാല്‍ കാണാന്‍ വയ്യാത്തൊരെന്‍ കണ്ണനേ
തരസാ നുകര്‍ന്നാലും തായ തന്‍ നൈവേദ്യം നീ

ഒരു തൈകുളിര്‍കാറ്റായരികത്തണഞ്ഞപ്പോള്‍
അരുമക്കുഞ്ഞിന്‍ പ്രാണന്‍ അമ്മയെ ആശ്ലേഷിച്ചു