Kharaaksharangal - kkanakambaran.blogspot.com - Part of kharaaksharangal.blogspot.com

ചൊവ്വാഴ്ച, ഓഗസ്റ്റ് 07, 2018

പേര്
          ദോഹ എയർപോർട്ടിൽനിന്നും കോഴിക്കോട്ട് എയർപ്പോർട്ടിലെത്തിയത് ഖത്തർ എയർവേയ്‌സിലായിരുന്നു. അവിടെനിന്ന് എയർപോർട്ട്  ടാക്സിയിൽ ഫറോക് റെയിൽവെസ്റ്റേഷനിലെത്തി. പതിനെട്ടു വർഷമായി പ്രവാസജീവിതം നയിക്കുന്ന സുകുമാരന്റെ പോക്കും വരവും കഴിഞ്ഞ കുറേ വർഷങ്ങളായി ഇങ്ങനെയായിരുന്നു.ഫറോക്കിലെയോ കോഴിക്കോട്ടെയോ റെയിൽവേസ്റ്റേഷനിൽനിന്ന് കണ്ണൂർ റെയിൽവേസ്റ്റേഷനിലേക്ക്. കണ്ണൂരിൽനിന്നും വീട്ടിലേക്ക് ഒരു ഓട്ടോറിക്ഷ പിടിക്കും. കാലത്തായതിനാൽ ഏതെങ്കിലും ഒരു വണ്ടിയുണ്ടാവും. സുകുമാരന്റെ കൈയ്യിൽ ഒരു ഹാന്റ്ബാഗും ഒരു ഇടത്തരം ട്രോളിബാഗും മാത്രമേ ഉണ്ടായിരുന്നുള്ളു. കാര്യമായ ലഗേജുകളൊന്നുമില്ലെങ്കിൽ ഈ യാത്ര നല്ല സുഖമാണ്. ബന്ധുക്കൾക്ക് ആർക്കും ബുദ്ധിമുട്ടുമുണ്ടാവുകയില്ല. അല്ലെങ്കിലും കഴിഞ്ഞ അഞ്ചാറുമാസങ്ങളായി ബന്ധുക്കളെല്ലാം അകൽച്ചയിലാണ്. അവരെ കുറ്റപ്പെടുത്തുന്നില്ല. മനുഷ്യർ ശീലിച്ച ശീലങ്ങളിൽനിന്നും വ്യത്യസ്ഥമായത് കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ അവർക്ക് പെട്ടെന്ന് ഉൾക്കൊള്ളാനാവില്ല. അത് മനുഷ്യസഹജമാണ്. സുകുമാരൻ റെയിൽപ്പാളത്തിലേക്ക് നോക്കി ഓരോന്നാലോചിച്ചുകൊണ്ട് സ്റ്റീൽ പൂശിയ ഇരുമ്പുകസേരയിൽ കണ്ണൂരിലേക്കുള്ള വണ്ടിക്കായി കാത്തിരുന്നു.

          രാത്രിയിൽ ഉറങ്ങാത്തത്തിന്റെ ക്ഷീണം പുകച്ചിലും ചൊറിച്ചിലുകളുമായി കണ്ണുകളിൽ. ഉറങ്ങാത്തത് ഇന്നലെ ഒരു രാത്രിയായല്ല. കഴിഞ്ഞ കുറേ രാത്രികളിലായി ഉറക്കം വളരെ കുറവാണ്. ഉറങ്ങാൻ കിടക്കുമ്പോഴെല്ലാം മകളെക്കുറിച്ചുള്ള ചിന്തകളാണ്. മകൾ കാരണമാണ് ബന്ധുക്കൾ പിണങ്ങിനിൽക്കുന്നത്. കൗണ്ടറിൽനിന്ന് ടിക്കറ്റ് വാങ്ങി ഒന്നാംനമ്പർ പ്ലാറ്റ്‌ഫോമിൽ കടന്നപ്പോൾത്തന്നെ അടുത്തുകണ്ട ഒരു ചെറിയ കടയിൽനിന്ന് ഒരു കോഫിയും പപ്‌സും വാങ്ങിക്കഴിച്ചു. അതിനുശേഷമാണ് ഫ്ലൈഓവർ കടന്ന് രണ്ടാംനമ്പർ പ്ലാറ്റ്‌ഫോമിലെത്തിയത്. വടക്കോട്ടുള്ള വണ്ടി വന്നുനിൽക്കുക രണ്ടാംനമ്പർ പ്ലാറ്റ്‌ഫോമിലാണ്. സുകുമാരൻ വാച്ചിൽ നോക്കി. ആറുമണി. ആറെ പത്തിന് എത്തേണ്ടിയിരുന്ന വണ്ടി അരമണിക്കൂർ വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. റെയിൽപ്പാളം ഒരു വളവു തിരിഞ്ഞ് അദൃശ്യമാവുന്നിടത്തേക്ക് കുറച്ചുനേരം വെറുതെ നോക്കി പിന്തിരിഞ്ഞ് ഒന്നാംനമ്പർ പ്ലാറ്റ്‌ഫോമിൽ അഭിമുഖമായിരിക്കുന്നവരിലേക്ക്   നോക്കാൻ തുടങ്ങിയപ്പോഴാണ് മറ്റൊരാൾവന്ന് തൊട്ടരികിൽ ഇരുന്നത്. അമ്പത്തഞ്ചോ അറുപതോ വയസ് പ്രായം തോന്നിക്കുന്ന അയാളുടെ ഇസ്തിരിമടക്കുകളുള്ള പാന്റ്‌സിൽ നിന്നോ ഷർട്ടിൽനിന്നോ അത്തറുമണം പരന്നു. അയാൾ പുഞ്ചിരിച്ചു. സുകുമാരനും തിരിച്ച് അങ്ങോട്ടും  പുഞ്ചിരിച്ചു. അയാളുടെ കൂടെ ഭാര്യയും മകളുമുണ്ട്. യൗവ്വനം മുഖത്തുനിന്ന് മാഞ്ഞുപോയിട്ടില്ലാത്ത  ആ സ്ത്രീ കറുത്ത പർദയാണ് ധരിച്ചിരുന്നത്. പതിമൂന്നോ പതിനഞ്ചോ വയസ് പ്രായം തോന്നിക്കുന്ന മകൾ ഉമ്മയെ ചേർന്നുനിന്നു. ഉമ്മ ഇരുന്നപ്പോൾ  മകളും ഇരുന്നു.

അയാൾ ചോദിച്ചു. "ഗൾഫിന്ന് വെര്വാല്ലെ?"
സുകുമാരൻ പറഞ്ഞു. "അതെ."
ഏടത്തേക്കാ പോണ്ടെ?" അയാളുടെ ചോദ്യം.
"കണ്ണൂരിലേക്ക്" സുകുമാരൻ മറുപടി പറഞ്ഞു."
 "ഞാനും കൊറേക്കാലം ദുബായിലേനും. മുപ്പത് കൊല്ലം." അയാൾ അയാളെപ്പറ്റി വിശദീകരിച്ചു. "ഇപ്പം അഞ്ച് കൊല്ലായിറ്റ് നാട്ടിത്തന്നെ ചെറിയൊര് കച്ചോടായിറ്റ് കയ്യ്ന്ന്."  
സുകുമാരൻ തലയാട്ടുക മാത്രം ചെയ്തു. ഗൾഫ് രാജ്യങ്ങളിലെ പുതിയ വിശേഷങ്ങളെക്കുറിച്ച് എന്തൊക്കെയോ ചോദിച്ചറിയാനുണ്ടായിരുന്നു. സുകുമാരൻ സംസാരിക്കാൻ താല്പര്യമില്ലാത്തയാളാണെന്നു കരുതി അയാൾ പിന്നെയൊന്നും മിണ്ടിയില്ല.

          അയാളുടെ സംസാരം ഭാര്യയോടും മകളോടുമായി. ഭാര്യ വണ്ടി വരാൻ വൈകുന്നതിനെക്കുറിച്ച് ആവലാതി പറഞ്ഞു.  മകൾ അക്ഷമയോടെ നിൽപ്പുറക്കാതെ നിൽക്കുകയും ഇരിക്കുകയും ചുരിദാറിന്റെ ഷാളുകൊണ്ട് തലയിലിട്ട തട്ടം ഊർന്നുപോകവെ നേരെയാക്കുകയും ചെയ്തുകൊണ്ടിരുന്നു. ഒന്നും മിണ്ടാതെയിരിക്കുന്നതുകൊണ്ട് അയാൾ സുകുമാരന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചുനോക്കി. 
എന്നിട്ട് ചോദിച്ചു. "പേരെന്താ?"
"സുകുമാരൻ."
അവർക്കിടയിൽ വീണ്ടും മൗനം  കനത്തു. അടുത്ത കാലത്തായി പേരുചോദിക്കുന്നത് വെറുതെ പരിചയപ്പെടാൻ മാത്രമല്ലെന്ന് സുകുമാരൻ ഓർത്തു. ഇതുപോലെ എവിടെയെങ്കിലും കാണുമ്പോഴും ഒരുമിച്ച് ഇരിക്കുമ്പോഴും പരിചയമില്ലാത്ത ആളാണെങ്കിൽ ആദ്യംതന്നെ പേര് ചോദിക്കുക എന്നത് പുതിയ രീതിയാണ്. മതം മനസിലാവാനുള്ള എളുപ്പവഴി. പിന്നീടേ നാട്ടുവിശേഷങ്ങൾ സംസാരിക്കുകയുള്ളു. ഇന്ന് പുലർച്ചെ വിമാനത്തിൽവച്ച് അടുത്ത സീറ്റിൽ ഇരുന്ന സഹയാത്രികൻ ചോദിച്ചത് പേരായിരുന്നു. പേര് പറഞ്ഞതിന് ശേഷം കോഴിക്കോട് എയർപ്പോർട്ടിലെത്തുംവരെ മറ്റൊന്നും ചോദിക്കുകയോ പറയുകയോ ചെയ്തില്ല. ഇയാളും ഒരുപക്ഷെ, അങ്ങനെയായിരിക്കുമോ എന്നാലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ് അയാൾ വീണ്ടും പറഞ്ഞുതുടങ്ങിയത്.
"ബസ്സിന്‌ പോമ്പം കൊറേ സമയെടുക്കും. അത്വോണ്ടാ ട്രെയിനിന് പോകാന്ന് വെച്ചെ. ആപ്ളേക്ക് ട്രെയിനും വൈകി."
സുകുമാരൻ ചോദിച്ചു. "ഏട്യാ പോണ്ടെ?"
"ഞമ്മക്ക് തലശ്ശേര്യാ പോണ്ടെ." അയാൾ പറഞ്ഞു. "മൂത്തമോളെ പുയ്യാപ്ല തലശ്ശേരിക്കാരന. മൂപ്പരെ കുടുംബത്തില് ഒര് കല്ല്യാണുണ്ട്."
പിന്നെയും സംസാരിച്ചു. രണ്ടുപേരും നാട്ടുവിശേഷങ്ങൾ സംസാരിച്ചുതുടങ്ങി. രാഷ്ട്രീയപ്പാർട്ടികളെക്കുറിച്ചും സർക്കാരിനെക്കുറിച്ചും പറയാൻ അയാൾക്ക് ഭയമുള്ളതുപോലെ തോന്നി. ഈ ചെറിയ സമയത്തെ യാത്രക്കിടയിൽ പേര് അറിഞ്ഞിരിക്കുന്നതിൽ കാര്യമൊന്നുമില്ലായെന്ന് ചിന്തിച്ചുകൊണ്ടുതന്നെ വെറുതെ സുകുമാരനും അയാളുടെ പേര് ചോദിച്ചു. അയാൾ പേര് പറഞ്ഞു.
സുകുമാരൻ ചോദിച്ചു. "ഇപ്പൊ നാട്ടില് സമാധാനത്തോടെ ജീവിക്കാൻ പറ്റാണ്ടായില്ലേ?"
അയാൾ പറഞ്ഞു. "പണ്ടത്തെപ്പോലെ ഒത്തൊരുമില്ലാണ്ടായി. മതത്തിന്റേം ജാതീന്റേം പേരില്."
അതുകേട്ട് അയാളുടെ ഭാര്യ പറഞ്ഞു. "ഓരോന്ന് കേക്കുമ്പം പേട്യാക്ന്ന്."
അപ്പോൾ മകൾ ഉമ്മയെ തടഞ്ഞുകൊണ്ട് കൈയ്യിൽ പിടിച്ചുനുള്ളി.

         കാശ്മീരിലെ എട്ടുവയസുള്ള നാടോടി ബാലികയെ ക്ഷേത്രത്തിനകത്തുവച്ച് ബലാൽസംഗം ചെയ്തുകൊന്ന വാർത്തകൾ വന്നുകൊണ്ടിരുന്ന ദിവസങ്ങളായിരുന്നു. നിസ്സഹായയായി ജീവനുവേണ്ടി യാചിക്കുന്ന പെൺകുട്ടിയെക്കുറിച്ചുള്ള ചിന്തകൾ മനസിനെ വല്ലാതെ അലോസരപ്പെടുത്തുന്നു. സുകുമാരൻ അറിയാതെ അടുത്തുനിൽക്കുന്ന പെൺകുട്ടിയെ നോക്കിപ്പോയി. അവളുടെ കാതിൽ ആടുന്ന കമ്മൽ മരച്ചില്ലകൾക്കിടയിലൂടെ നൂണിറങ്ങിയ സൂര്യപ്രകാശത്തിൽ തിളങ്ങി. പ്രണയിക്കുന്ന മുസ്‌ലിം ചെറുപ്പക്കാരനെമാത്രമേ വിവാഹം ചെയ്യൂവെന്ന് വാശിപിടിച്ചുനിൽക്കുന്ന പതിനേഴുവയസുള്ള തൻ്റെ മകളെക്കുറിച്ചോർത്തു. ഈ അവധി അവളുടെ കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ വേണ്ടിയാണ്. പ്രവാസികളുടെ അവധിക്കാലം ഇങ്ങനെ ഓരോ ആവശ്യങ്ങൾക്കുള്ളതാണ്. ചില തീരുമാനങ്ങളെടുക്കുവാനും, എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കുവാനും. അപ്പോഴേക്കും തിരിച്ചുപോകേണ്ട ദിവസമാകും. 

          മകൾ വാശിക്കാരിയാണ്. ഏകമകളാണ്. പിന്നെയുള്ളത് ഏഴാംതരത്തിൽ പഠിക്കുന്ന മകനാണ്. ശരിയെന്നുതോന്നുന്നതിൽ ഉറച്ചുനിൽക്കുന്ന പ്രകൃതമാണ് മകളുടേത്. അവളുടെ ഇഷ്ടം അങ്ങനെയാണെങ്കിൽ അതുതന്നെ നടക്കട്ടെ. കുടുംബക്കാരും നാട്ടുകാരും പിണങ്ങും. ഞങ്ങളെ അകറ്റിനിർത്തും. അതൊന്നും സാരമില്ല. പക്ഷെ, അവൾ ചെറിയ കുട്ടിയല്ലെ. ഈ പ്രായത്തിൽ അങ്ങനെയൊക്കെ തോന്നുക സ്വാഭാവികമാണ്. സുകുമാരൻ ഓർത്തു. പ്രീഡിഗ്രി തോറ്റശേഷം വാഹനങ്ങൾ റിപ്പയർ ചെയ്യുന്ന വർക്ക്‌ഷോപ്പിൽ ജോലിക്കുപോയത്. വർക്ക്ഷോപ്പിന്റെ തൊട്ടപ്പുറത്തായിരുന്നു ദിനേശ് ബീഡി കമ്പനി. അവിടെ ബീഡിപ്പണിക്ക് വരുന്ന നക്ഷത്രക്കണ്ണുകളും നീണ്ട മൂക്കുമുള്ള വെളുത്തുമെലിഞ്ഞ മുസ്‌ലിം പെൺകുട്ടിയുണ്ടായിരുന്നു. അവളോട്‌ ഒരിഷ്ടം തോന്നിയിരുന്നു. അവൾക്ക് തിരിച്ചും. കുറേ കഴിഞ്ഞപ്പോൾ അവൾ ബീഡിപ്പണിക്ക് വരാതായി. ബീഡി കമ്പനിയിലെ മറ്റു സ്ത്രീകളിൽനിന്നാണ് അറിഞ്ഞത്, അവളുടെ വിവാഹം കഴിഞ്ഞുവെന്ന്. പിന്നീട് അവളെ കണ്ടിട്ടേയില്ല. ക്രമേണ ക്രമേണ കാണാൻ സാധിക്കാത്തതിലുള്ള മനപ്രയാസം മാറി. ഈ പ്രായത്തിലെ തോന്നലുകൾക്ക് അത്രയേ ആയുസുള്ളു. അത് മകളെ പറഞ്ഞു മനസിലാക്കിക്കൊടുക്കുന്നതിൽ അവളുടെ അമ്മയും ഞാനും പരാജയപ്പെട്ടു.

"കണ്ണൂർ ഏർപ്പോർട്ട് ഓപ്പണാകാനായി ല്ലേ?" അയാളുടെ ചോദ്യമാണ് ചിന്തയിൽനിന്നും ഉണർത്തിയത്.
"മ്ഉം." സുകുമാരൻ മൂളി. "സപ്തംബറിലങ്ങാറ്റൊ ഓപ്പണാകുംന്ന് പറീന്ന്ണ്ട്."
"അട്ത്ത വെരവ് ന്ങ്ങക്കാടത്തേക്ക് വെര. വേഗം വീട്ടിലെത്താല. ഇങ്ങനെ വണ്ടിക്ക് കാത്ത്‌നിക്ക്ന്നത് *കൈച്ചലാകും."
സുകുമാരൻ എന്തോ മറുപടി പറയാൻ തുനിയുമ്പോഴാണ് വണ്ടിയുടെ ചൂളംവിളി കേട്ടത്. 
മകൾ അയാളുടെ ഇസ്തിരിമടക്കുള്ള ഷർട്ടിൽ തൊട്ടുവിളിച്ചു. "ഉപ്പാ എണീക്ക് വണ്ടി വെര്ന്ന്ണ്ട്."

അപ്പോഴേക്കും വണ്ടി അടുത്തെത്തിയിരുന്നു. ഫറോക്ക് സ്റ്റേഷൻ വളരെ  ചെറുതായതിനാൽ അധികനേരം നിർത്തിയിടില്ല. അതുകൊണ്ട് മുന്നിൽകണ്ട കമ്പാർട്ട്മെന്റിൽതന്നെ കയറി.വാതിലിനടുത്തുള്ള സീറ്റിൽ ഇരുന്നു. സന്ദർഭവശാൽ ആ കുടുംബവും സുകുമാരനും ഒരേ കമ്പാർട്ട്‌മെന്റിലായിരുന്നു. അത് റിസർവേഷൻ കമ്പാർട്ട്‌മെന്റായിരുന്നു.
"ടീട്ടീയാർ ചെക്കിങ്ങിന് വന്നിനെങ്കിൽ മാറിക്കേറാം." അയാൾ ഭാര്യയോടും മകളോടുമായി പറഞ്ഞു.
ഭാര്യയും മകളും തിരിച്ചൊന്നും പറഞ്ഞില്ല. യാത്രക്കാർ കുറവായിരുന്നു.  അപ്പുറത്തെ കമ്പാർട്ട്മെന്റിൽ ഒരു വൃദ്ധനും വൃദ്ധയും ഇരിക്കുന്നുണ്ട്. അങ്ങേയറ്റത്തെ വാതിലിനടുത്ത് രണ്ടു ചെറുപ്പക്കാർ നിൽക്കുകയും ഒരു ചെറുപ്പക്കാരൻ ഇരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വണ്ടി ഓടിത്തുടങ്ങിയപ്പോൾ ചെറുപ്പക്കാരിൽ രണ്ടുപേർ അവർക്കടുത്തായി വന്ന് ഇരുന്നു. മറ്റൊരാൾ വാതിലിനടുത്ത് നിന്നു. അവരുടെ കയ്യിലെ ചരടും നെറ്റിയിൽ ആശ്ചര്യചിഹ്നംപോലെ തോന്നിക്കുന്ന കുങ്കുമക്കുറിയും കണ്ടിട്ടാവണം ഉമ്മയുടെയും മകളുടെയും മുഖത്ത് ഒരു പരിഭ്രമം. അതുവരെ സംസാരിച്ചുകൊണ്ടിരുന്ന അവർ പെട്ടെന്ന് മൗനികളായി. പെൺകുട്ടി സുകുമാരനെ നോക്കി. സുകുമാരൻ പെൺകുട്ടിയെയും.

           വണ്ടി കോഴിക്കോട്ട് എത്തിയപ്പോൾ ചെറുപ്പക്കാർ മൂന്നുപേരും ഇറങ്ങി. റെയിൽവേ സ്റ്റേഷൻ നിറയെ ജനങ്ങളാണ്. ധാരാളം യാത്രക്കാർ കയറാനുണ്ടായിരുന്നു. ഒരു യുവതിയും രണ്ടു യുവാക്കളും പിന്നെ ഒരു മദ്ധ്യവയസ്കനും അവരോടോപ്പമിരുന്നു. വണ്ടി പതിവിലധികം സമയം സ്റ്റേഷനിൽ നിർത്തിയിട്ടപ്പോൾ യാത്രക്കാർ അക്ഷമരായി. യുവതിയും യുവാക്കളും സ്‌കൂൾ സിലബസിനെക്കുറിച്ചും പിണറായി സർക്കാരിന്റെ വിദ്യാഭ്യാസനയത്തെക്കുറിച്ചുമൊക്കെ സംസാരിച്ചു. അവർ കണ്ണൂരിലേയും തലശ്ശേരിയിലേയും സ്‌കൂളുകളിൽ ജോലിക്കുപോകുന്ന അദ്ധ്യാപരാണ്. 

വടകരയിലെത്തിയപ്പോഴാണ് ഒരു മദ്ധ്യവയസ്കൻ വണ്ടിയിൽ കയറിയത്. "ഈടിരുന്നൊ. ഞമ്മള് തലശ്ശേരിയെറങ്ങും." ഉമ്മയോടും മകളോടും അല്പം നീങ്ങിയിരിക്കാൻ പറഞ്ഞുകൊണ്ട് അയാൾ മധ്യവയസ്കനെ ക്ഷണിച്ചു. അടുത്ത സ്റ്റോപ്പ് തലശ്ശേരിയാണ്. മലബാർ എക്സ്‌പ്രസിന് വടകരയിൽനിന്നും തലശ്ശേരിയിലെത്താൻ അരമണിക്കൂർ മതി. 

മദ്ധ്യവയസ്കൻ ഏറെ അസ്വസ്ഥനായിരുന്നു. അയാൾക്ക് പോകേണ്ടത് മംഗലാപുരത്തേക്കാണ്. മെഡിക്കൽകോളേജിൽ അഡ്‌മിറ്റായിരിക്കുന്ന ഭാര്യയ്ക്ക് ഇന്നാണ് ഓപ്പറേഷൻ. കോഴിക്കോട് മെഡിക്കൽകോളേജിലെ ചികിത്സയിൽ ഫലമില്ലാത്തതുകൊണ്ട് മംഗലാപുരം കാണിച്ചതാണ്. ആൺമക്കൾ രണ്ടുപേരും ആശുപത്രിയിലുണ്ടെങ്കിലും ഓപ്പറേഷൻവാർഡിലേക്ക് കയറുന്നതിനുമുൻപ് അവിടെയെത്തണം. ഭാര്യയെ കാണണം. 
അസ്വസ്ഥതയോടെ മദ്ധ്യവയസ്കൻ പറഞ്ഞു. "തലശ്ശേരിയിലെന്തോ കൊയപ്പം നടന്നിറ്റ്ണ്ട്."
തലശ്ശേരിയിൽ ഇറങ്ങേണ്ടുന്ന അദ്ധ്യാപിക ഭയത്തോടെ കൂടെയുള്ള അദ്ധ്യാപകരെ നോക്കി. 
അദ്ധ്യാപരിൽ ഒരാൾ പറഞ്ഞു. "അതെ. ഇന്ന് പുലർച്ചെ പള്ളിക്ക് കല്ലെറിഞ്ഞുന്നും അമ്പലത്തിന്റെ ഭണ്ഠാരം തച്ചുപൊളിച്ചുന്നും പറീന്ന് കേട്ട്."
ഉമ്മയുടെ വായിൽനിന്നും അവരറിയാതെ ശബ്ദം വന്നു."പടച്ചോനേ..." 
മകൾ ഉമ്മയുടെ കയ്യിൽ ചുറ്റിപ്പിടിച്ചു. 
"ആട എടക്കെടെണ്ടാക്ന്നതല്ലെ." അയാൾ ഭാര്യക്കും മകൾക്കും ധൈര്യം പകർന്നു. എങ്കിലും അയാളുടെ മനസിലും ഉണ്ടായിരുന്നു ഒരാന്തൽ. 
മദ്ധ്യവയസ്കൻ പറഞ്ഞു. "രണ്ടുദിവസംമുമ്പ് കോളേജിൽ പഠിക്ക്ന്ന കൊറച്ച് കുട്ട്യള് അമ്പലത്തില് കേറി. ആങ്കുട്ട്യളും പെങ്കുട്ട്യളുംണ്ടായിന്. എല്ലാരും ഇന്ദുകുട്ട്യളെന്ന്യേനും. കുട്ട്യളെല്ലേ കൊറച്ച് തമാശ്യേല്ലുണ്ടാക്വല്ല. ഓല് തമ്മാമ്മല് വിളിച്ചിര്ന്നത് വട്ടപ്പേരേനും. അയില് ഒരുത്തന്റെ *വട്ടപ്പേര് ഞമ്മളെകൂട്ടരെ പേരാ. അത് വിളിക്ക്ന്നത് ആരെല്ലോ കേട്ട്ക്ക്. അമ്പലത്തിനാത്ത് മാപ്ലാമ്മാർക്കെന്താ കാര്യന്നും പറഞ്ഞ് അന്നെന്നെ കൊയപ്പായിക്ക്. അയിന്റെ ബാക്ക്യാ ഇന്ന്ണ്ടായെ." 

           അപ്പോഴേക്കും വണ്ടി തലശ്ശേരിയിലെത്തിയിരുന്നു. അയാളും ഭാര്യയും മകളും ഇറങ്ങി. അവർ അരികിലൂടെ നടന്നുപോയപ്പോൾ മറ്റുള്ളവരുടെ മൂക്കിലേക്ക് അത്തറുമണം കയറി. തലശ്ശേരിയിൽ നിന്നും കാസർഗോട്ടേക്കും മംഗലാപുരത്തേക്കും പോകേണ്ടവർ കുറേപ്പേർ കയറാനുണ്ടായിരുന്നു. വണ്ടി പുറപ്പെടാനായി ചൂളം വിളിച്ചു. വണ്ടി സാവധാനം മുന്നോട്ട് ചലിച്ചു. പെട്ടെന്നായിരുന്നു, ഒന്നാംനമ്പർ പ്ലാറ്റ്‌ഫോമിൽനിന്നും നിലവിളി ഉയർന്നത്. ആളുകളെല്ലാം നാലുപാടും ചിതറിയോടുന്നു. എന്താണ് സംഭവിച്ചതെന്ന് ആർക്കും മനസിലായില്ല. ഒരു യുവാവ് ഉടുതുണിയില്ലാതെ ശരീരം മുഴുവൻ രക്തമൊഴുക്കിക്കൊണ്ട് പ്രാണരക്ഷാർത്ഥം വണ്ടി ചലിക്കുന്ന ദിശയിലേക്കുതന്നെ ഓടുന്നു. ആയുധവുമായി മൂന്നാലുപേർ അയാളെ പിന്തുടരുന്നു. പ്ലാറ്റ്‌ഫോമിൽ വീണുകിടന്ന മറ്റൊരു യുവാവിന്റെ ശരീരം രക്തത്തിൽ കുതിർന്ന് പിടഞ്ഞുപിടഞ്ഞ് നിശ്ചലമായി. അതൊരു കലാപത്തിന്റെ തുടക്കമായിരുന്നു. ആ ദാരുണമായ കാഴ്ച്ചയെ പിന്തള്ളി മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്ന വണ്ടിയുടെ വേഗത കൂടിക്കൊണ്ടിരുന്നു. 
***

*വട്ടപ്പേര് = കോഴിക്കോട് ഭാഗത്തെ വിളിപ്പേരിന്റെ പ്രാദേശിക പദം.
*കൈച്ചലാകും = അവസാനിക്കും