Kharaaksharangal - kkanakambaran.blogspot.com - Part of kharaaksharangal.blogspot.com

ബുധനാഴ്‌ച, ജൂലൈ 20, 2011

കര്‍ക്കിടകം

     കര്‍ക്കിടകമാസം പിറന്നു. അദ്ധ്യാത്മരാമായണം കര്‍ക്കിടക മഴയായി പെയ്തുതുടങ്ങിയിരിക്കുന്നു. ഇങ്ങനെയൊരു കാവ്യം മലയാള ഭാഷയ്ക്ക് സമ്മാനിച്ച എഴുത്തച്ചനെക്കുറിച്ച് എന്തെങ്കിലും കുറിച്ചിടാന്‍ ഞാന്‍ തീര്‍ത്തും അനര്‍ഹനാണ്. ഞാന്‍ അദ്ദേഹത്തിന്‍റെ പാദങ്ങളില്‍ മനസുകൊണ്ട് നമസ്കരിക്കുന്നു.

     രാമായണകാവ്യത്തിലെ വരികളുടെ അര്‍ഥങ്ങള്‍ ഒന്നും ഉള്‍ക്കൊള്ളാന്‍ കഴിവില്ലാതിരുന്ന കുട്ടിക്കാലം മുതലേ രാമായണപാരായണം എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. പഠിക്കാന്‍ പൊതുവേ ഒരു മടിയനായ ഞാന്‍ കര്‍ക്കിടമാസത്തിലെ പ്രഭാതത്തില്‍ തുടകള്‍ക്കിടയില്‍ കൈകള്‍ കൂട്ടിവച്ച് ഉറങ്ങാറുള്ള എന്നെ വിളിച്ചുണര്‍ത്തിയിരുന്നത് ആകാശവാണിയില്‍ പ്രക്ഷേപണം ചെയ്യാറുള്ള രാമായണപാരായണമായിരുന്നു. പുസ്തകം തുറന്നുവച്ച് കൊച്ചുപെട്ടിക്കകത്തുനിന്നും ഒഴുകിയെത്തുന്ന രാമായണം കേട്ടിരിക്കും.

     പിന്നെ കേള്‍ക്കുന്നത് വൈകുന്നേരം സ്കൂള്‍ വിട്ടുവന്നാല്‍ കറി വെക്കാനുള്ള സാധനങ്ങള്‍ വാങ്ങിക്കാന്‍ കുമാരേട്ടന്‍റെ കടയില്‍ പോയാലാണ്. കുമാരേട്ടന്‍റെ കടയ്ക്ക് സമീപമുള്ള വീട്ടില്‍ നിന്ന് അരിങ്ങേത്തെ രാഘവേട്ടന്‍ രാമായണം പാരായണം ചെയ്യുന്നുണ്ടാവും. കുമാരേട്ടനോ മകന്‍ സുധാകരേട്ടനോ സാധനങ്ങള്‍ എടുത്തു തരുന്നതുവരെ രാമായണത്തില്‍ ആസ്വദിച്ചുനില്‍ക്കും. കുമാരേട്ടനാണ് സാധനങ്ങൾ എടുക്കുന്നതെങ്കിൽ ഏറെനേരമെടുക്കും പ്രായത്തിന്റെ തളർച്ച ശരീരത്തെ ശരിക്കും ബാധിച്ചിട്ടുണ്ട്. പൊടുന്നനെ വരുകയും പോകുകയും ചെയ്യുന്ന കര്‍ക്കിടക മഴ രാഘവേട്ടനോടൊപ്പം രാമായണം ഏറ്റു ചൊല്ലും.

     കടയിൽ നിന്നും തിരിച്ചുവീട്ടിലെത്തുമ്പോഴേക്കും ഗോപാല കൈക്കോര്‍* പാരായണം തുടങ്ങിയിട്ടുണ്ടാവും. അദ്ദേഹത്തിന്‍റെ വീട് ഞങ്ങളുടെ വീടിന്‍റെ  തെക്കുകിഴക്ക്‌ ഭാഗത്താണ്. ഒരു ഉയര്‍ന്ന പ്രദേശത്താണ് ഞങ്ങളുടെ വീട്. കിഴക്കോട്ടേക്ക് ഒരിറക്കം. പിന്നെ കിഴക്കോട്ടേക്ക് തന്നെ ഒരു കയറ്റവും. അവിടെയാണ് ഗോപാല കൈക്കോറിന്‍റെ വീട്. രണ്ടു വീടും ഉയരത്തിലായതിനാല്‍ അദ്ദേഹത്തിന്‍റെ രാമായണപാരായണം വ്യക്തമായി കേള്‍ക്കാന്‍ സാധിക്കും. രാത്രി വൈകുവോളം അദ്ദേഹം പാരായണം തുടരും. വേറെയുമുണ്ട് അങ്ങനെ കുറേപ്പേര്‍. ഈ പറഞ്ഞ മൂന്നും ഞാന്‍ കേട്ട് ആസ്വദിച്ച രാമായണപരായണങ്ങളാണ്. കര്‍ക്കിടകമാസമാവുമ്പോള്‍ ഇപ്പോഴും എന്‍റെ ഓര്‍മ്മയില്‍ ആകാശവാണിയിലെ അദൃശ്യവ്യക്തികളും അരിങ്ങേത്തെ രാഘവേട്ടനും ഗോപാലകൈക്കൊറും രാമായണം പാരായണം ചെയ്യുകയാണ്. അറേബ്യന്‍ മരുഭൂമിയിലെ വേനല്‍ക്കാലം എന്‍റെ മനസ്സില്‍ തീക്കനല്‍ വാരിയിടുമ്പോള്‍ കര്‍ക്കിടകത്തിന്‍റെ ഓര്‍മ്മകള്‍ ആദ്ധ്യാത്മരാമായണമായും മഴയായും അതിനുമുകളില്‍ വീഴുമ്പോള്‍ മനസ്സ് തണുക്കുന്നു. തണുത്തുറയ്ക്കുന്നു.
***


*കൈക്കോര്‍ = ഉത്തരമലബാറിലെ നായര്‍സമുദായത്തില്‍പെട്ട പുരുഷന്‍മാരെ ഇങ്ങനെയാണ് വിളിക്കുക.

തിങ്കളാഴ്‌ച, ജൂലൈ 04, 2011

ഇമ്മ്ണി ബല്യ എഴുത്തുകാരന്‍

ബേപ്പൂര്‍ സുല്‍ത്താനെ മലയാള സാഹിത്യത്തിലെ മഹാമാന്ത്രികന്‍ എന്ന് വിളിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. സാധാരണക്കാരന്‍റെ ഭാഷകൊണ്ട് മാന്ത്രികവിദ്യ കാട്ടിയ വെറും പച്ച മനുഷ്യനായ വൈക്കം മുഹമ്മദ്‌ ബഷീറിനെ മറ്റെന്താണ് വിളിക്കുക? ഒരു കഥ എന്ന ബോധ്യത്തോടെ വായിച്ചുതുടങ്ങുന്ന നമ്മുടെ മനസ്സില്‍ വായന അവസാനിക്കുമ്പോഴേക്കും ജീവിതത്തിന്‍റെ തത്വശാസ്ത്രമാണ് നമ്മളിത്രയുംനേരം വായിച്ചാസ്വദിച്ചതെന്ന തോന്നല്‍ ഉണ്ടാകുന്നത് ബഷീറിന്‍റെ കഥയില്‍നിന്നല്ലാതെ മറ്റേതില്‍നിന്നാണ്? ഇങ്ങനെ കഥ പറയാനുള്ള സൂത്രം അറിയുമായിരുന്നത് ബഷീറിനുമാത്രം. അദ്ദേഹത്തിന്‍റെ ഏതെങ്കിലും ഒരു പുസ്തകം വായിച്ചാല്‍ മതി ബഷീര്‍ എന്ന മൂന്നക്ഷരം അയാളുടെ ഹൃദയത്തില്‍ ശിലാലിഖിതം പോലെ മായാതെ കിടക്കും. 

വായന മരിക്കുന്നു എന്ന് വേവലാതിപ്പെടുന്നവരോടു ഞാന്‍ പറയുന്നു, ബഷീറിന്‍റെ കഥകള്‍ വായിക്കാന്‍ കിട്ടുന്നിടത്തോളം കാലം മലയാള സാഹിത്യത്തിന് വായനക്കാരുണ്ടാവും.

ചിത്രങ്ങള്‍ക്ക് കടപ്പാട്: മാതൃഭൂമി
ജൂലായ്‌.5 ബഷീറിന്‍റെ പതിനേഴാം ചരമദിനം