Kharaaksharangal - kkanakambaran.blogspot.com - Part of kharaaksharangal.blogspot.com

ഞായറാഴ്‌ച, സെപ്റ്റംബർ 27, 2020

പ്രായപൂർത്തിയായ രണ്ടുപേർ

       ഒരുമിച്ച് താമസിക്കുന്നുവെന്ന കാരണത്തിന്  ബംഗ്ലൂരിലെ ഒരു ലോഡ്ജിൽനിന്നും ഒരു സംഘമാളുകൾ  ഒരു വിദ്യാർത്ഥിയെയും വിദ്യാർത്ഥിനിയെയും റോഡിലേക്ക് വലിച്ചിഴയ്ക്കുകയും ബഹളം കേട്ട് ഓടിക്കൂടിയ ആൾക്കൂട്ടത്തിന് നടുവിൽവച്ച് മർദ്ദിക്കുകയും ചെയ്യുന്ന വാർത്ത വീഡിയോ സഹിതം ദൃശ്യമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ചതിനെത്തുടർന്നാണ് സുധാകരൻമാഷിന്റെയും അജിതയുടെയും ഖദീജടീച്ചറിന്റെയും മനസമാധാനം ഇല്ലാതായതും നാട്ടുകാർ അവരിൽനിന്നും അകന്നതും. ആ വിദ്യാർത്ഥിയും വിദ്യാർത്ഥിനിയും അവരുടെ മക്കളായ നിർമ്മലും ജാസ്മിനും  ആയിരുന്നു. അന്നുതന്നെ മൂന്നുപേരും ബംഗ്ലൂരിൽ പോയി അവരെ കൂട്ടിക്കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും മർദ്ദനമേറ്റ് ‌ഗുരുതരമായ  പരിക്കുകളോടെ ആശുപത്രിയിൽ കഴിയുന്ന രണ്ടുപേർക്കും ഭേദമായതിനുശേഷം കൊണ്ടുപോയാൽ മതിയെന്ന് ഡോക്ടർമാർ ഉപദേശിച്ചതിനെത്തുടർന്നാണ് ഇതുവരെ കാത്തുനിന്നത്. 

       ഖദീജ ടീച്ചറിന്റെയും മെഡിക്കൽ റെപ്രസന്റേറ്റീവായ രഘുനന്ദനന്റെയും പ്രണയത്തിനും വിവാഹത്തിനും ആവശ്യമായ എല്ലാ സഹായവും ചെയ്തുകൊടുത്തത് സുധാകരൻമാഷാണ്.  രഘുനന്ദനൻ ഒന്നാം ക്ലാസ്സുമുതൽ പത്താംക്ലാസ്സുവരെയും ഖദീജടീച്ചർ പ്രീഡിഗ്രിക്കും സുധാകരൻമാഷിന്റെ സഹപാഠികളായിരുന്നു. വിവാഹ ശേഷം സ്കൂളിനടുത്തുള്ള ഒരു വാടകവീട്ടിലായിരുന്നു അവർ താമസിച്ചിരുന്നത്. ആ വീട് സുധാകരൻമാഷിന്റെ ഒരു ബന്ധുവിന്റേതായിരുന്നു. അയാൾതന്നെയായിരുന്നു അവർക്കത് ഏർപ്പാടാക്കികൊടുത്തത്. വിവാഹശേഷവും ഖദീജടീച്ചർ ഇസ്‌ലാമായും രഘുനന്ദനൻ ഹിന്ദുവായും കടുംബജീവിതം തുടർന്നു.

       അവരുടെ വിവാഹം നടന്ന അതേവർഷംതന്നെയായിരുന്നു സുധാകരൻമാഷിന്റെയും അജിതയുടെയും വിവാഹം നടക്കുന്നത്. ഖദീജടീച്ചർ മകൾ ജാസ്മിനെ പ്രസവിച്ചതും അജിത മകൻ നിർമ്മലിനെ പ്രസവിച്ചതും ഒരേ ദിവസം വെറും മുപ്പത്തിമൂന്നു മിനുട്ടിന്റെ വ്യത്യാസത്തിൽ ഒരേ ആശുപത്രിയിൽ വച്ചായിരുന്നു. ജാസ്മിനാണ് നിർമ്മലിനെക്കാൾ മുപ്പത്തിമൂന്നു മിനുട്ടിന്റെ പ്രായക്കൂടുതൽ. അതിനുശേഷമാണ് ആ രണ്ടു കുടുംബങ്ങളും അയൽവാസികളാവുന്നത്. ദൗർഭാഗ്യമെന്നു പറയാമല്ലൊ പുതിയ വീട്ടിലേക്ക് താമസം മാറി രണ്ടാഴ്ച കഴിഞ്ഞതേയുണ്ടായിരുന്നുള്ളു. ഒരു സായാഹ്നത്തിൽ രഘുനന്ദനൻ മരണപ്പെട്ടു. വീടുപണിയുടെ തിരക്കിൽ പിടിപെട്ട പനി അശ്രദ്ധ കാരണം കൂടുതലായി ടൈഫോയ്‌ഡ്‌ ആയിപ്പോയി. അപ്പോൾ ജാസ്മിനും നിർമ്മലിനും ആറുവയസുമാത്രമായിരുന്നു പ്രായം. മാനസികമായി  തകർന്നുപോയ ഖദീജടീച്ചറെ സാധാരണ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരുന്നതിന് സുധാകരൻമാഷും അജിതയും നന്നായി പരിശ്രമിച്ചു. അതിലവർ വിജയിക്കുകയും ചെയ്തു.  

       രഘുനന്ദനനനും ഖദീജടീച്ചറും വിവാഹിതരായതിനുശേഷം രണ്ടുപേരുടെയും വീട്ടുകാർ ആരുംതന്നെ അവരുമായി യാതൊരു ബന്ധവും പുലർത്തിയിരുന്നില്ല. രഘുനന്ദനൻന്റെ മരണത്തിനുശേഷം ഇരുകൂട്ടരുടെയും ബന്ധുക്കൾ വരികയും ജാസ്മിനെ അവരോടൊപ്പം കൊണ്ടുപോവാനുള്ള ശ്രമം നടത്തുകയും ചെയ്തു. അതിനെച്ചൊല്ലി ആ  വീട്ടുമുറ്റത്ത് അവർതമ്മിൽ മതത്തിന്റെ പേരുപറഞ്ഞ് ചേരിതിരിഞ്ഞ് വാക്കേറ്റവും കയ്യാങ്കളിയും  ഉണ്ടാവുകയും ചെയ്തു. നാട്ടിലെ ഏതാനും ചെറുപ്പക്കാരുടെ ഇടപെടൽമൂലമാണ് അന്ന് കൂടുതൽ പ്രശ്നങ്ങളൊന്നുമില്ലാതെ അവസാനിച്ചതും ആൾകൂട്ടം പിരിഞ്ഞുപോവുകയും ജാസ്മിൻ ഖദീജടീച്ചറിന്റെ കൂടെ ആ വീട്ടിൽത്തന്നെ താമസം തുടരുകയും ചെയ്തത്. അന്ന് ഖദീജ ടീച്ചർ രണ്ടുവീട്ടുകാരോടുമായി കർക്കശമായിത്തന്നെ പറഞ്ഞു. "എനിക്ക് നിങ്ങൾ രണ്ടാളുടെയും സഹായം വേണ്ട."

       അത് പതിനാല് വർഷങ്ങൾക്കു മുൻപായിരുന്നു. അന്ന് ഈ നാട്ടിലെ ജനങ്ങൾ  മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ രണ്ടു ധ്രുവങ്ങളിലായിപ്പോയിരുന്നില്ല. അതിനുശേഷം ഇതുവരെയും ഈ നാട്ടിൽ   മതപരമായ തർക്കങ്ങളൊന്നുംതന്നെയുണ്ടായിരുന്നിട്ടുമില്ല. പക്ഷെ, സുധാകരൻമാഷിന്റെയും അജിതയുടെയും ദാമ്പത്യജീവിതത്തിൽ ചില അസ്വാരസ്യങ്ങൾ  ഉരുണ്ടുകൂടുകയും സുധാകരൻമാഷ് ഖദീജ ടീച്ചർക്ക് സഹായം  ചെയ്തുകൊടുക്കുന്നതിൽ അജിതക്ക് അതൃപ്തി തോന്നിത്തുടങ്ങുകയും ചെയ്തു. അജിത ഒരു സാധാരണ വീട്ടമ്മമാത്രമായിരുന്നു. ഖദീജടീച്ചറെപ്പോലെ ഉയർന്ന സാമൂഹ്യബോധമൊന്നും അവർക്കില്ല. മാത്രമല്ല സ്ത്രീസഹജമായ കുശുമ്പ് ഒരു പൊടിക്ക് കൂടുതലുമായിരുന്നു.

"ആളുകൾ അതുമിതും പറഞ്ഞുതുടങ്ങിയിട്ടുണ്ട്." എന്ന് ഒരുദിവസം ഉറങ്ങാൻ കിടന്ന നേരത്ത് അജിത പരിഭവം പറഞ്ഞു.

"ആളുകൾ എന്തെങ്കിലും പറഞ്ഞോട്ടെ. ഞാനും രഘുവും ചെറുപ്പംമുതലേ കൂട്ടുകാരായിരുന്നു. ഒന്നാംക്ലാസുമുതൽ പത്താംക്ളാസുവരെ ഒരുമിച്ചായിരുന്നു സ്കൂളിൽ പോക്കും വരവും. പ്രീഡിഗ്രി മുതലാ ഞങ്ങൾ വേറെയായത്. അപ്പോഴും കൂട്ടുകെട്ട് ഉപേക്ഷിച്ചിരുന്നില്ല. അവന്റെ ഭാര്യയെയും മോളെയും നമുക്കങ്ങനെ പാതിവഴിയിൽ ഉപേക്ഷിക്കാൻ പറ്റുമോ?"

മറ്റൊരു ദിവസം ഇതുപോലൊരു സംഭാഷണത്തിൽ സുധാകരൻമാഷ് പറഞ്ഞു. "കൂട്ടുകാരന്റെ മകളെ സ്വന്തം മകളായി കാണുന്നതിലെന്താ തെറ്റ്?"

അതിന് അജിത നീരസത്തോടെ പറഞ്ഞ മറുപടി സുധാകരൻമാഷിന്റെ മനസ്സിനെ വല്ലാതെ മുറിപ്പെടുത്തി.

"കൂട്ടുകാരന്റെ മകൾ സ്വന്തം മകളാവുമ്പോൾ അയാളുടെ ഭാര്യ സ്വന്തം ഭാര്യയാവുമൊ ?"

അജിതയുടെ നാവിൽനിന്നും അങ്ങനെയൊരു സംസാരം കേട്ടപ്പോൾ കുറേനേരത്തേക്ക് ഒന്നും പറയാൻ സാധിക്കാത്തവിധം തരിച്ചുകിടന്നുപോയി. പിന്നെ രക്തത്തോടൊപ്പം  ഞരമ്പുകളിലൂടെ ഇരച്ചുകയറിയ കോപം അടക്കിനിർത്തി കുറ്റബോധത്തോടെയും ജാള്യതയോടെയും പറഞ്ഞു.

"ആളുകൾക്ക് എന്തും പറയാലോ. ഞാനെന്തിന് അതൊക്കെ കേൾക്കണം? നീയങ്ങനെ പറയുമൊ? എനിക്കതറിഞ്ഞാൽമതി."

അജിത പിന്നെയൊന്നും പറഞ്ഞില്ല. ക്രമേണ ഉറക്കമായി. അപ്പോഴും സുധാകരൻമാഷ് ഉറങ്ങാൻ സാധിക്കാതെ ഭാര്യയുടെ വാക്കുകൾ ഏല്പിച്ച മുറിവിൻെറ നീറ്റലിൽ ഉറക്കം വരാതെ കിടന്നു. അയാൾ ചിന്തിച്ചു. ഭാര്യമാരെ എത്ര സ്നേഹിച്ചാലും ചില നേരത്തെ അവരുടെ വാക്കുകൾ ഭർത്താക്കന്മാരെ വല്ലാതെ നിരാശപ്പെടുത്തുന്നു.

       സുധാകരൻമാഷും ഖദീജടീച്ചറും ഒരേ സ്‌കൂളിലെ അധ്യാപകരായതിനാൽ സ്‌കൂളിലെ മറ്റ് അധ്യാപകർക്കിടയിലും രണ്ടുപേരുടെയും ബന്ധത്തെപ്പറ്റി ചില അടക്കംപറച്ചിലുകൾ നടക്കുന്നുണ്ടായിരുന്നു. എങ്കിലും അവരതൊന്നും ഗൗനിച്ചില്ല എന്നുമാത്രമല്ല അയാൾ ആവശ്യമുള്ളപ്പോഴൊക്കെ ഖദീജ ടീച്ചറെ സഹായിക്കുന്നതിൽ വീഴ്ച വരുത്തിയതുമില്ല. നിർമ്മലിനെയും ജാസ്‌മിനെയും ബംഗ്ലൂരിലേക്ക് പഠിക്കാൻ അയച്ചത് സുധാകരൻമാഷിന്റെ താത്പര്യപ്രകാരമായിരുന്നു. ഖദീജ ടീച്ചറുമായി ഇടപഴകുമ്പോഴൊക്കെ അജിതക്ക് അനിഷ്ടമുണ്ടാവാറുണ്ട് എന്ന് ചില നേരത്തെ പെരുമാറ്റങ്ങളിൽനിന്നും മുഖഭാവങ്ങളിൽനിന്നും വ്യക്തമാവുന്നുണ്ടായിരുന്നു. അപ്പോഴൊക്കെ സ്നേഹത്തോടെയും കൗശലത്തോടെയും അജിതയെ സന്തോഷിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ, അജിത വഴങ്ങിയില്ല. അങ്ങനെയാണ് ദിവസങ്ങളോളം രണ്ടുപേരും ഒരേ വീട്ടിൽ പിണങ്ങി ജീവിച്ചതും രണ്ടുമുറികളിൽ കിടന്നുറങ്ങിയതും വേറെവേറെ ഭക്ഷണം പാകം ചെയ്തു കഴിച്ചതും വസ്ത്രങ്ങൾ അലക്കിയതും. പക്ഷെ, അപ്പോഴും നാട്ടുകാർക്കും കുടുംബക്കാർക്കും മുന്നിൽ അവർ സ്നേഹവും ഒത്തൊരുമയുമുള്ള ദമ്പതികളായി.

       എന്നാൽ ഇപ്പോൾ കാര്യങ്ങളൊക്കെ മാറിമറിഞ്ഞിരിക്കുകയാണ്. ബംഗ്ലൂരിൽ ഉണ്ടായ സംഭവത്തോടുകൂടി നമ്മളൊന്നും സങ്കല്പിക്കാത്ത തലത്തിലേക്ക് കഥതന്നെ മാറിയിരിക്കുന്നു. വിഷയം കുറച്ചുകൂടി ഗൗരവമുള്ളതാണ്. അജിത ഇപ്പോൾ പരാതി പറയാറില്ല. പിണക്കമൊക്കെ മാറി. ബംഗ്ലൂരിലെ സംഭവം പിണക്കം മാറാൻ കാരണമായി എന്ന് പറയുന്നതാണ് ശരി. ഇപ്പോൾ പ്രശ്നം സമൂഹത്തിനാണ്. കാലം അതാണ്. മതത്തിന്റെ പേരിൽ മനുഷ്യർ ചേരിതിരിഞ്ഞു ജീവിക്കുന്ന കാലമാണ്. സുധാകരൻമാഷും ഖദീജ ടീച്ചറും മാത്രമല്ല, സമൂഹത്തിന്റെ കഥകളിൽ പുതിയ കഥാപാത്രങ്ങളായി അവരുടെ മക്കൾ ജാസ്മിനും നിർമ്മലും കടന്നുവന്നിരിക്കുകയാണ്. അവർ രണ്ടുപേരും സഹോദരങ്ങളെപ്പോലെയാണ് വളർന്നതും ഇപ്പോഴും ജീവിക്കുന്നതെന്നും സുധാകരൻമാഷും അജിതയും ഖദീജ ടീച്ചറും പറയുന്നുണ്ടെങ്കിലും ആളുകൾ അതൊന്നും വിശ്വസിക്കാൻ തയ്യാറാവുന്നില്ല.

വിവരമറിഞ്ഞ് സുധാകരൻമാഷിന്റെ വീട്ടിൽ വന്ന പഞ്ചായത്തു പ്രസിഡണ്ട്  ഖദീജ ടീച്ചറെയും വിളിപ്പിച്ചു. പ്രസിഡണ്ട് പറഞ്ഞു. "ഇതങ്ങനെ സമ്മതിച്ചുകൊടുക്കാൻ പറ്റില്ല. നമ്മുടെ മക്കളെ നമ്മളല്ലാതെ പിന്നെയാരാ നേരെയാക്കുക മാഷേ?" എന്നിട്ട് പ്രസിഡണ്ട് ഖദീജ ടീച്ചറെയും അജിതയെയും മാറിമാറി നോക്കി.

സുധാകരൻമാഷ് പറഞ്ഞു. "മക്കൾ എന്ത് ചെയ്തൂന്നാ പറയുന്നത്? അവർ രണ്ടാളും സഹോദരങ്ങളെപ്പോലെ വളർന്നവരാ. ഇപ്പോഴും അങ്ങനെയാ ജീവിക്കുന്നത്."

ഖദീജടീച്ചർ ഇടക്ക് കയറി പറഞ്ഞു. "ഓണവും വിഷുവും പെരുന്നാളും ഒരുമിച്ചാഘോഷിക്കുന്നവരാ ഞങ്ങളെന്ന് നിങ്ങൾക്കറിഞ്ഞുകൂടെ?"

പ്രസിഡണ്ട് പറഞ്ഞു. "അതൊക്കെ എനിക്കറിയാം ടീച്ചറേ." അയാൾ സുധാകരൻമാഷെ നോക്കി തുടർന്നു. "നാട്ടുകാർ എന്റെയടുത്തു വന്ന് പരാതി പറയുമ്പോൾ എനിക്ക് ഇടപെടാതിരിക്കാൻ പറ്റുമോ? ഇടപെട്ടു എന്നൊരു തോന്നലെങ്കിലും ഉണ്ടാക്കണ്ടേ?"

അതും പറഞ്ഞു പ്രസിഡണ്ട് ഇറങ്ങിപ്പോവുമ്പോൾ ഇതുകൂടി പറഞ്ഞു. "എന്തെങ്കിലും ആവശ്യം വരുമ്പോൾ എന്നെ അറിയിക്ക്."

ഖദീജ ടീച്ചർ തന്നെയാണ് സുധാകരൻമാഷിന്റെയും അജിതയുടെയും മുന്നിൽ നിർദ്ദേശം വച്ചത്. "ഈ പുതിയ കാലത്ത് ലിവിങ് ടുഗതർ അത്ര വലിയ തെറ്റൊന്നുമല്ല മാഷെ. അവരുടെ ഇഷ്ടം അങ്ങനെയാണെങ്കിൽ അങ്ങനെ നടക്കട്ടെ. എത്രയും പെട്ടെന്ന് നമുക്ക് അവരുടെ വിവാഹം നടത്താം."

"അതൊക്കെ അവർ വന്നതിനു ശേഷം നമുക്ക് തീരുമാനിക്കാം ടീച്ചറെ" എന്ന് പറഞ്ഞാണ് രണ്ടുദിവസം മുൻപ് സുധാകരൻമാഷ് പഞ്ചായത്ത് പ്രസിഡണ്ടിനെയും കൂട്ടി ബംഗ്ലൂരിൽ പോയി നിർമ്മലിനെയും ജാസ്മിനെയും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. വീട്ടുകാരും നാട്ടുകാരും രണ്ടുപേരെയും ചോദ്യം ചെയ്തു. വീട്ടുകാരുടെ അനുവാദമില്ലാതെതന്നെ വീട്ടിൽ കയറി ആളുകൾ  നിർമ്മലിനെയും ജാസ്മിനെയും  ഉപദേശിച്ചു. മതത്തിന്റെയും   സദാചാരത്തിന്റെയും മഹത്വങ്ങൾ പറഞ്ഞുകൊടുത്തു. സംഗതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണെന്നും എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കാണണമെന്ന് സുധാകരൻമാഷും അജിതയും ഖദീജ ടീച്ചറും തീരുമാനിച്ചു. സമൂഹം എങ്ങനെ പ്രതികരിക്കുമെന്നോർത്ത്  നിർമ്മലും  ജാസ്മിനും വെളിയിലിറങ്ങാതെ വീടിനകത്തുതന്നെ ദിവസങ്ങൾ തള്ളിനീക്കി. ജാസ്മിനോട് തൽക്കാലം നിർമ്മലിനെ കാണരുതെന്ന് വിലക്കിയിരിക്കുകയായിരുന്നു ഖദീജ ടീച്ചർ.

       അച്ഛനോടും അമ്മയോടും എന്താണ് പറയേണ്ടതെന്ന് ആലോചിച്ച് എങ്ങിനെയാണ് ഈ വിഷയം അവതരിപ്പിക്കേണ്ടതെന്ന് ആലോചിച്ച് ഉറക്കം വരാതെ രാത്രികൾ കഴിച്ചുകൂട്ടുകയായിരുന്നു നിർമ്മൽ. പാതിരാത്രിയായിട്ടും ഉറക്കം വരാതെ സുധാകരൻമാഷും അജിതയും തിരിഞ്ഞും മറിഞ്ഞും കിടന്നും ഇടക്ക് സങ്കടപ്പെട്ടും തമ്മിൽത്തമ്മിൽ ആശ്വസിപ്പിച്ചും നേരം കൂട്ടുകയായിരുന്നു. സുധാകരൻമാഷിന് കാര്യം എന്താണെന്ന് മനസ്സിലായിരുന്നു. അവരെ കൂട്ടികൊണ്ടുവരുവാൻ ബംഗ്ലൂരിൽ പോയപ്പോൾ ചികിൽസിച്ച ഡോക്ടർ നിർമ്മലിന്റെ ശാരീരികമായ പ്രത്യേകതകളെക്കുറിച്ച്   പറഞ്ഞു മനസിലാക്കികൊടുത്തിരുന്നു. അതെങ്ങനെയാണ് അജിതയെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതെന്ന് ചിന്തിക്കുകയായിരുന്നു അയാൾ. വാതിൽപ്പാളിയിലൂടെ എത്തിനോക്കിയ വെളിച്ചം നിർമ്മലിന്റെ മുറിയിലെ ലൈറ്റ് അണച്ചിട്ടില്ലെന്ന് മനസിലാക്കി അജിത എഴുന്നേറ്റ് അവന്റെ മുറിയിലേക്ക് പോയി നോക്കി. വാതിൽ അടച്ചിരുന്നില്ല.

"നീ ഇനിയും ഉറങ്ങിയില്ലേ? ലൈറ്റണച്ച് ഉറങ്ങ് മോനെ" എന്ന് പറഞ്ഞ് അജിത കട്ടിലിൽ കിടക്കുകയായിരുന്ന നിർമ്മലിന്റെ അരികിൽ ഇരുന്ന് അവന്റെ തലമുടിയിൽ തലോടി.

നിർമ്മൽ അജിതയുടെ കൈയിൽ ചുംബിച്ചു. എന്നിട്ട് പറഞ്ഞു. "അമ്മ ക്ഷമിക്കണം.  ഇനിയെന്നെ മോനേന്നു വിളിക്കേണ്ട.  ഞാനൊരു പെണ്ണാവാൻ തീരുമാനിച്ചു. ജാസ്മിൻ മാത്രമെ എന്നെ മനസിലാക്കിയിട്ടുള്ളു. എനിക്ക് ഞാനായിത്തന്നെ ജീവിക്കണം."  
***