Kharaaksharangal - kkanakambaran.blogspot.com - Part of kharaaksharangal.blogspot.com

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 16, 2013

വ്യർത്ഥം

         
          അന്ന് ബസ്സിൽ നല്ല തിരക്കായിരുന്നു. എങ്ങനെയൊക്കെയോ തിക്കിത്തിരക്കി ഇറങ്ങാനായി വാതിൽപ്പടവുകളിലേക്ക് കാലെടുത്തുവയ്ക്കാൻ തുനിയുമ്പോഴാണ് ഒരാൾ പവിത്രനെ തോണ്ടിവിളിച്ചത്. തിരിഞ്ഞുനോക്കി. ഭാസ്കരൻമാഷാണ്.
"എപ്പഴാ വന്നെ?"
"ഒരാഴ്ചയായി"
പിന്നെയും മാഷ്‌ എന്തോ ചോദിക്കുകയോ പറയുകയോ ചെയ്തു. കേട്ടില്ല. അപ്പോഴേക്കും ഇറങ്ങിക്കഴിഞ്ഞിരുന്നു. പവിത്രൻ നേരെ മുൻവാതിലനടുത്തേക്ക് പോയി ഇറങ്ങാൻ പ്രയാസപ്പെടുന്ന അമ്മയെയും ഭാര്യയേയും മക്കളെയും കാത്തുനിന്നു.
ഭാസ്കരൻമാഷ്‌ സീറ്റിൽനിന്നെഴുന്നേറ്റ്‌ തല പുറത്തേക്കിട്ട് വിളിച്ചു. "പവീ...ഒന്ന് കാണണം."
"ഞാൻ വരാം..." പവിത്രൻ മറുപടി പറയുമ്പോഴേക്കും ബസ്സ്‌ മുന്നോട്ട് നീങ്ങി. തെക്കോട്ടുള്ള വളവ് തിരിഞ്ഞ് ചാമുണ്ടിക്കാവിലേക്ക് കുന്നിറങ്ങി.

          ഇടവഴി വെട്ടി വീതികൂട്ടിയ പാതയുടെ ഇരുഭാഗത്തേയും പറങ്കിമാവിൽനിന്നും ഇറ്റിവീണ മഴവെള്ളത്തിൽ താറിളകിപ്പോയ കല്ലുകൾക്ക്മുകളിലൂടെ വീട്ടിലേക്ക് നടക്കുമ്പോൾ പവിത്രൻ ഭാര്യ ഉഷയോടും അമ്മയോടുമായി സംശയം പങ്കുവച്ചു. "ഭാസ്കരൻമാഷ്‌ എന്തിനായിരിക്കും കാണാൻ പറഞ്ഞിട്ടുണ്ടാവുക?" 
"പൈസക്ക് വേണ്ട്യായിരിക്കും. അല്ലാതെന്തിനാ?" ഉഷ നീരസത്തോടെ പറഞ്ഞു.
"മറ്റെന്തെങ്കിലും കാര്യുണ്ടാവും അല്ലാണ്ടങ്ങനെ പറയില്ല."  പവിത്രൻ ഉഷയെ തിരുത്തി.
അപ്പോൾ അമ്മ. "നിന്ക്ക് കയ്ന്നത് കൊടുത്തെ. കൊടുക്കാഞ്ഞിറ്റ് പരാതീം ദേഷ്യും ആകണ്ട."
ഉഷ വിയോജിപ്പ് പ്രകടിപ്പിച്ചു. "എല്ലാ വരവിനും കൊടുക്കണോ സംഭാവന? കഴിഞ്ഞ പ്രാവശ്യം വന്നപ്പൊ  കൊടുത്തത് പോരെ?"
ഉഷ അങ്ങനെയേ പറയൂ. അല്പം പിശുക്കിയാണ്. അതിനർത്ഥം പൈസയോട് അത്യാഗ്രഹമുള്ളവളെന്ന് തെറ്റിധരിക്കരുത്. ഒരു ഭാര്യയുടെ കടമ ഭംഗിയായി നിർവ്വഹിക്കാൻ ശ്രമിക്കുന്നവളാണ്. പവിത്രൻ അങ്ങനെയേ കരുതാറുള്ളൂ. 

          ഭാസ്കരൻമാഷ്‌ മാലപ്പറമ്പിലെ ഒരു പ്രമുഖ സാംസ്കാരികപ്രവർത്തകനാണ്. പവിത്രന്റെ അച്ഛൻ കുമാരൻ മരണപ്പെടുന്നതുവരെ ആ വീട്ടിലെ ഒരു സന്ദർശകനായിരുന്നു അദ്ദേഹം. ദുബായിൽനിന്നും അവധിയിൽ എത്തുമ്പോഴൊക്കെ പവിത്രനിൽനിന്ന് സംഭാവന ചോദിക്കുക പതിവാണ്. വായനശാലയ്ക്ക് വേണ്ടി അല്ലെങ്കിൽ കലാസമിതിക്ക് വേണ്ടി അതുമല്ലെങ്കിൽ സ്കൂളിന്റെ പി.ടി.എ ക്ക് വേണ്ടി. രണ്ടുദിവസം വായനശാലയിലും കലാസമിതിയിലും അന്വേഷിച്ചു. കണ്ടില്ല. അങ്ങനെയാണ് സ്കൂളിൽ പോയി കണ്ടത്. അദ്ദേഹം ഓഫീസ്റൂമിൽ ഹെഡ്മാസ്റ്ററുടെ കസേരയിൽ ഇരുന്ന് എന്തൊക്കെയോ എഴുതുകയായിരുന്നു.
"പവിത്രാ കയറിയിരിക്കൂ."
ഓഫീസ്റൂമിലേക്ക്‌ കയറിയപ്പോൾ പവിത്രന്റെ മനസ്സിൽ ഗൃഹാതുരമായ ഓർമ്മ ഉണർന്നുവരാതിരുന്നില്ല.    ഇരുപത്തിയെട്ട്  വർഷങ്ങൾക്ക് മുൻപ് ഏഴാംതരം കഴിഞ്ഞ് കൂളിപ്പുഴ സ്കൂളിൽ എട്ടാംതരത്തിൽ ചേരാൻ ടി.സി വാങ്ങിക്കുന്നതിനാണ് അവസാനമായി ഈ മുറിക്കകത്ത് ഇങ്ങനെ നിന്നത്. അന്ന് ഭാസ്കരൻമാഷ്‌ ഇരിക്കുന്നിടത്ത്‌ ഗോപാലൻമാഷായിരുന്നു. കസേരയും മാറിയിട്ടുണ്ട്. മേശ പഴയത് തന്നെയാണെന്ന് തോന്നി, കണ്ടപ്പോൾ.
"പവിത്രൻ ഇരിക്കൂ" അഭിമുഖമായി ഇട്ടിരിക്കുന്ന കസേരയിലേക്ക് ചൂണ്ടി ഭാസ്കരൻമാഷ്‌ ക്ഷണിച്ചു.
ഗൃഹാതുരമായ ഓർമ്മകൾ മനസ്സിൽനിന്നിറക്കാതെതന്നെ മാഷിന്റെ ക്ഷണം സ്വീകരിച്ചു.
"ധൃതിയുണ്ടോ പോകാൻ?" മാഷിന്റെ ചോദ്യം "ഒരു അഞ്ചുമിനിട്ട് കാത്തിരിക്കുന്നതിൽ ബുദ്ധിമുട്ടാവുമൊ?"
"ഇല്ല മാഷെ"
അദ്ദേഹം അഞ്ചുമിനുട്ടിൽ കൂടുതൽ സമയമെടുത്തു. എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകം അടച്ചുവച്ച് മാഷ്‌ പറഞ്ഞു. "ഒരു അദ്ധ്യാപകന്റെ ഉത്തരവാദിത്തം വളരെ വലുതാണ്‌. സമൂഹത്തെ വാർത്തെടുക്കുന്നത് ഞങ്ങളല്ലെ." 
പവിത്രൻ വെറുതെ പുഞ്ചിരിക്കുക മാത്രം ചെയ്തു. എന്നിട്ട് ചോദിച്ചു "മാഷ്‌ എന്തിനാ എന്നോട് കാണണമെന്ന് പറഞ്ഞെ?"
മറുപടി ഒരു ചോദ്യമായിരുന്നു. "മോൾക്ക്‌ എത്ര വയസ്സായി?"
"അഞ്ചുവയസ്സ്. യു.കെജിയിൽ പഠിക്കുന്നുണ്ട്."
"അപ്പോൾ അടുത്തകൊല്ലം ഒന്നാംക്ലാസ്സിൽ ചേർക്കാനാവും."
"അതെ."
"കാണണമെന്ന് പറഞ്ഞത് മറ്റൊന്നിനുമല്ല. മോളെ ഈ സ്കൂളിൽതന്നെ ചേർക്കണമെന്ന് പറയാനാണ്."
പവിത്രന് പെട്ടെന്നൊരു മറുപടി പറയാൻ പറ്റിയില്ല. സാവധാനം പറഞ്ഞുതുടങ്ങി.  "അത്... ഞാൻമാത്രം തീരുമാനിക്കേണ്ട കാര്യല്ലല്ലോ മാഷെ. ഇപ്പോൾ എല്ലാവരും ഇംഗ്ലീഷ്മീഡിയത്തിലാണ് കുട്ടികളെ..."
മുഴുമിപ്പിക്കുന്നതിന് മുൻപേ മാഷ്‌ ഇടപെട്ടു. "സ്കൂളിൽ കുട്ടികളൊക്കെ കുറവാണ്. ഇങ്ങനെപോയാൽ അടുത്ത്തന്നെ ഈ സ്കൂളും പൂട്ടേണ്ടിവരും.  അടുത്തവർഷം എത്ര കുട്ടികളെ കിട്ടുമെന്ന് പറയാനാവില്ല. ഇപ്പോഴേ വീടുകൾ കയറിയിറങ്ങണം."
പവിത്രൻ അദ്ദേഹത്തെ നിരാശപ്പെടുത്തിയില്ല. "ഞങ്ങളൊന്നാലോചിക്കട്ടെ എന്നിട്ടേ തീരുമാനിക്കാൻ പറ്റു."
അവസാനമായി മാഷ്‌ പറഞ്ഞു. "ഒരു ഡിവിഷൻ കുറയുമ്പോൾ ഒരദ്ധ്യാപകന്റെ തൊഴിലാണ് നഷ്ട്ടമാവുന്നത്. എനിക്ക് മൂന്നുകൊല്ലംകൂടി കാഴിഞ്ഞാൽ റിട്ടയറാവാം. ബാക്കിയുള്ളവർ ചെറുപ്പക്കാരാണ്. ഒരു തലമുറയുടെ ജീവിതം വ്യർത്ഥമാവരുതെന്ന ആഗ്രഹവുമുണ്ട്, പ്രത്യേകിച്ച് കുമാരേട്ടനെപ്പോലുള്ളവരുടെ."
പവിത്രൻ മറുപടി ആവർത്തിച്ചു. "ഞാങ്ങളൊന്നലോചിക്കട്ടെ മാഷെ."

          ഭാസ്കരൻമാഷോട് യാത്ര പറഞ്ഞ് സ്കൂളിന്റെ പടവുകളിറങ്ങി. അപ്പോൾ സ്കൂൾമുറ്റത്ത് ഏതാനും കുട്ടികളോടൊപ്പം ഉണ്ടായിരുന്ന ചെറുപ്പക്കാരിയായ അദ്ധ്യാപിക പവിത്രനെ നോക്കി പുഞ്ചിരിച്ചു. പവിത്രൻ തിരിച്ചും.
"എന്നെ ഓർമ്മീണ്ടോ?"
"മ്ഉം...പിന്നെ ഓർമില്ലാണ്ട്?"
അത് പുലയൻരാമന്റെ മകളാണ്. മല്ലിക. പണ്ട് കുട്ടിക്കാലത്ത് അവൾ വീട്ടിൽ വരാറുണ്ടായിരുന്നു, അമ്മ പുലച്ചിതങ്കയുടെ കൂടെ. പായകൾ മെടഞ്ഞ് വീടുകൾതോറും കയറി വിറ്റ് ജീവിച്ചിരുന്നവരായിരുന്നു രാമനും തങ്കയും. അവർ മക്കളെ പോറ്റിവളർത്തിയത് അങ്ങനെയാണ്. അവരുടെ മക്കളും പവിത്രനും ജനിക്കുന്നതിനും മുൻപ് കൂളിപ്പുഴയിലൂടെ ഒഴുകുന്ന പുഴയുടെ തീരത്ത് കുഞ്ഞഹമ്മദ് മാപ്ലയുടെ തെങ്ങിൻതോപ്പിനോട് ചേർന്നുള്ള പുറമ്പോക്കിൽ കുടിൽകെട്ടി താമസിച്ചിരുന്നവരാണ്.  സർക്കാർഉദ്യോഗസ്ഥന്മാരുടെ സഹായത്തോടെ കുഞ്ഞഹമ്മദ് മാപ്ല പുയൻരാമനെയും തങ്കയെയും  രാമന്റെ വൃദ്ധരായ മാതാപിതാക്കളെയും കുടിയൊഴിപ്പിക്കാൻ ശ്രമിച്ചപ്പോൾ കുമാരന്റെ നേതൃത്വത്തിൽ ഏതാനും കമ്മ്യുണിസ്റ്റ്കാർ തടയുകയായിരുന്നു.  തങ്ക ഒരിക്കൽ പവിത്രന്റെ വീട്ടുമുറ്റത്ത് വച്ച് ഈ ചരിത്രം വിവരിച്ചിട്ടുണ്ട്. 
അവർ പവിത്രനെ സ്നേഹത്തോടെ നോക്കിപറഞ്ഞു. "നിന്റച്ഛൻ വന്നില്ലെങ്കില് അന്ന് നമ്മ പോയെത്തുള്ളി ചാകണ്ടിവെര്വേനും." 
അവരുടെ മകൾ ഒരു അദ്ധ്യാപിക ആയിരിക്കുന്നു. വീട് നിൽക്കുന്ന പറമ്പിന്റെ ആധാരം പണയപ്പെടുത്തിയാണ്‌ അവർ മക്കളെ പഠിപ്പിച്ചിരുന്നത്. ഇങ്ങനെയൊക്കെയുള്ള കാര്യങ്ങൾ രാമനോ തങ്കയൊ വീട്ടിൽ വന്ന് അച്ഛനോട് പറയാറുണ്ട്‌.. ഭാസ്കരൻമാഷ്‌ പറഞ്ഞതുപോലെ ഒരു തലമുറയുടെ ജീവിതം വ്യർത്ഥമായിട്ടില്ല. പവിത്രൻ സന്തോഷിച്ചു.
പക്ഷെ, മല്ലിക തിരുത്തി. "സ്ഥിരായിട്ടില്ല. ഒരു ടീച്ചർ പ്രസവിക്കാൻ ലീവിൽ പോയിട്ട്ണ്ട്. ടീച്ചർ തിരിച്ചുവരുന്നവരെമാത്രം."

          അദ്ധ്യാപികയെയും കുട്ടികളെയും കടന്ന് പാതയോരത്തേക്ക് നടക്കുമ്പോൾ അച്ഛന്റെ കാൽപ്പാടുകൾ അന്വേഷിക്കുകയായിരുന്നു, പവിത്രൻ. ആരും ശ്രദ്ധിക്കാതെപോയ അവ പിന്തുടർച്ചക്കാരായ ആരുടെയൊക്കെയൊ കാൽപ്പാടുകളാൽ മാഞ്ഞുപോയിരുന്നു. മായാതെ കിടക്കുന്നത് സ്കൂളിന്റെ ചുമരിലെ എഴുത്ത് മാത്രമായിരുന്നു.  'ഉദ്ഘാടനം: ഇ. എം. എസ് നമ്പൂതിരിപ്പാട്‌ (ബഹു: കേരള മുഖ്യമന്ത്രി)'


          മാലപ്പറമ്പ്കാരുടെ വിയർപ്പുതുള്ളികളുടെ നനവ്‌ എവിടെ? അതും വരണ്ടുപോയിരിക്കുന്നു. അവരുടെ തോളോട് തോൾ ചേർന്ന് മെയ് മറന്നുകൊണ്ടുള്ള പരിശ്രമത്തിന്റെ ഫലമെന്ന ചരിത്രവും മാഞ്ഞുതുടങ്ങിയിരിക്കുന്നു. അപ്പോൾ പിന്നിൽനിന്ന് മല്ലികയുടെ വിളികേട്ടു. തിരിഞ്ഞുനോക്കി.

"ഒരു കാര്യം പറയാനാണ്."
"എന്താ?"
"നിങ്ങളെ മോളെ ഈ സ്കൂളിൽതന്നെ ചേർക്ക്വോ? കുട്ടികളുടെ എണ്ണം തികഞ്ഞാൽ ഞാനീടത്തന്നെ പെർമെനന്റാകും. ഞങ്ങളെ ക്കൂട്ടർക്ക്വേണ്ടി ജീവിച്ചയാളല്ലേ നിങ്ങളെ അച്ഛൻ."

          പക്ഷെ, മൂന്ന് കാര്യങ്ങൾ തടസമായി നിന്നു. ഒന്ന് ഉഷയുടെ താല്പര്യക്കുറവ്. ഉഷയുടെ താല്പര്യം മകളെ ഇംഗ്ലീഷ് മീഡിയത്തിൽത്തന്നെ പഠിപ്പിക്കമെന്നായിരുന്നു. രണ്ടാമത്തേത് അവസാനകാലം കുമാരാൻ തനിച്ചായിരുന്നു. പൂർണ്ണമായും തിരസ്കരിക്കപ്പെട്ടയാൾ. ജീവിച്ചിരിക്കുമ്പോൾ തന്നെ വിസ്മരിക്കപ്പെട്ടുപോയിരുന്ന ഒരു മനുഷ്യൻ. നിരാശനായിരുന്നു, മരിക്കുമ്പോൾ. മൂന്നാമത്തേത് പവിത്രന്റെ സഹപാഠിയായിരുന്ന കൃഷ്ണദാസ് നമ്പൂതിരിയായിരുന്നു. അയാൾക്ക് പങ്കാളിത്തമുള്ള ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ തുടങ്ങിയിട്ടുണ്ട്, കൂളിപ്പുഴയിൽ. ഏതോ ഒരു സന്ന്യാസിമഠത്തിനാണ് നിയന്ത്രണം.  അയാൾക്ക് പകുതി സമ്മതം കൊടുത്തിട്ടുണ്ട്, മകളെ അവിടെ ചേർക്കാമെന്ന്.


          പണ്ട് സവർണ്ണരുടെ പ്രതാപകാലത്ത് കൃഷ്ണദാസ് നമ്പൂതിരിയുടെ ഇല്ലം പ്രസിദ്ധമായിരുന്നു. സുപ്രസിദ്ധിയും കുപ്രസിദ്ധിയും ഒരുപോലെ. പക്ഷെ, ഇന്ന് ചിന്നിച്ചിതറിക്കിടക്കുന്ന അവകാശികൾ പലരും അവരവരുടെ  ഭാഗങ്ങൾ വിറ്റും പണയപ്പെടുത്തിയും മറുനാട്ടിലേക്ക് കുടിയേറിയും ശൂന്യതയിലേക്ക് മറഞ്ഞുകഴിഞ്ഞിരിക്കുന്നു. സുപ്രസിദ്ധിയിൽ അഭിമാനിച്ചും കുപ്രസിദ്ധിയിൽ  അപമാനിതനായും തകർച്ചയിൽ നിരാശനായും ജീവിക്കുകയായിരുന്നു അയാൾ. ഇംഗ്ലീഷിലും സംസ്കൃതത്തിലും നേടിയ എം.എ ബിരുദം ഒരു ഭാരമായി തോന്നുന്നുവെന്ന് ഒരവധിക്കാലത്ത് കണ്ടുമുട്ടിയപ്പോൾ നിരാശയോടെ പറഞ്ഞിരുന്നു.

"സവർണ്ണനായത്കൊണ്ട് ജോലി കിട്ടുന്നില്ല പവി. ഏതെങ്കിലും അമ്പലത്തിൽ പകരം ശാന്തിക്കാരനായി നിൽക്കാൻ സാധിക്കുന്നുണ്ട്. അതുകൊണ്ട് ജീവിതം മുന്നോട്ട്പോകുന്നു."
"ശാന്തിക്കാരനായാലെന്താ? നല്ല വരുമാനല്ലേ കൃഷ്ണദാസാ?"
"വരുമാനൊക്കെയുണ്ട്. ചില ക്ഷേത്രങ്ങളിൽനിന്ന് ഒരു സർക്കാർ ഉദ്യോഗസ്ഥനേക്കാൾ വരുമാനം കിട്ടും. പക്ഷെ, ശാന്തിക്കാരനെ വിവാഹം കഴിക്കാൻ  നമ്പൂതിരിപെണ്‍കുട്ടികൾ തയ്യാറല്ല."
ഈയൊരു പരിഭവം പറഞ്ഞത് ഏതാണ്ട് പത്തുവർഷങ്ങൾക്ക് മുൻപാണ്. പവിത്രന്റെ വിവാഹം കഴിയുന്നതിനും മുൻപ്. കൃഷ്ണദാസ് നമ്പൂതിരി ഇപ്പോഴും അവിവാഹിതനാണ്.  നാല്പതുവയസ്സ് കഴിഞ്ഞു. 
പവിത്രൻ ആശ്ചര്യത്തോടെ ചിന്തിച്ചു. 'ഞാനും കൃഷ്ണദാസും മദ്ധ്യവയസ്കരായിരിക്കുന്നു! ഞാൻ രണ്ട് പെണ്‍കുട്ടികളുടെ അച്ഛൻ. കൃഷ്ണദാസ് കന്യാദാനം ലഭിക്കാതെ പോയ ഭാഗ്യദോഷി.'
ഇപ്പോഴും അയാൾ ആഗ്രഹിക്കുന്നു, ഒരിണവേണം.

          കഴിഞ്ഞ അവധിക്കാലത്ത്‌ കണ്ടുമുട്ടിയപ്പോൾ പറഞ്ഞു.  "ഇപ്പോൾ ഞാനൊരു സ്കൂളിന്റെ ഉടമസ്ഥനാണ്. വിവാഹം കഴിക്കുന്ന പെണ്ണ് ആവശ്യപ്പെട്ടാൽ ശാന്തി വേണ്ടെന്ന് വെക്കാൻ എനിക്കാവും. പക്ഷെ, എന്റെ പ്രായത്തിന് യോജിച്ച പെണ്ണിനെ കിട്ടുന്നില്ല പവി."

പവിത്രൻ ഓർമ്മപ്പെടുത്തി.  "നമ്മൾക്കിനി ജീവിക്കാൻ കാലം വളരെക്കുറച്ചേയുള്ളൂ. പത്തോ പതിനഞ്ചോ വർഷം. അത് മറക്കരുത്."
"അറിയാമെടോ." കൃഷ്ണദാസ് നമ്പൂതിരി പവിത്രനെനോക്കി തലകുലുക്കിക്കൊണ്ട് പറഞ്ഞു.  "കാലം മനുഷ്യനെ ഉപയോഗിച്ച് ചവറ്റുകൊട്ടയിലേക്കെറിയുന്നു. നമ്മളതിനെ മഹാത്ഭുതമെന്ന് വാഴ്ത്തുന്നു."

          പവിത്രനെ കണ്ടുമുട്ടുമ്പോഴൊക്കെ കൃഷ്ണദാസ് നമ്പൂതിരിക്ക് പരാതികളും പരിഭവങ്ങളും ഒത്തിരിയുണ്ടാവും, കേരളത്തിലെ സാമൂഹ്യഅവസ്ഥകളെക്കുറിച്ച്.

ഒരിക്കൽ ചോദിച്ചു. "പവീ നിങ്ങൾ കമ്മ്യുണിസ്റ്റ്കാർ ആലോചിച്ചിട്ടുണ്ടോ നിങ്ങൾ നടപ്പാക്കിയ ഭൂപരിഷ്കരണനിയമം ആർക്കാണ് ഗുണം ചെയ്തതെന്ന്? എത്തേണ്ടവരുടെ കൈകളിൽ എത്തിയിട്ടുണ്ടോ ഞങ്ങളിൽനിന്നും പിടിച്ചെടുത്ത ഭൂമി?"
"എല്ലാം കാലഘട്ടത്തിന്റെ ആവശ്യമായിരുന്നുവെന്ന് വിശ്വസിക്കുക. അതാണ്‌ വേണ്ടത്."  പവിത്രൻ അയാളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അച്ഛന്റെ രാഷ്‌ട്രീയത്തെ ന്യായീകരിക്കാനും.
പക്ഷെ, കൃഷ്ണദാസ് നമ്പൂതിരി സമ്മതിച്ചില്ല.  "എനിക്കറിയില്ല. കാലഘട്ടത്തിന്റെ ആവശ്യമായിരുന്നോ അല്ലയോ എന്ന്. ഇപ്പോൾ ഞാൻ ഷെയർ എടുത്തിട്ടുള്ള സ്കൂൾ ഉൾപ്പെടെ. പക്ഷെ, അതെന്റെ ആവശ്യമാണെന്നെനിക്കുപ്പുണ്ട്."

          അങ്ങനെയാണ് ഭാസ്കരൻമാഷിന്റെയും പുലയൻരാമന്റെ മകൾ മല്ലികയുടെയും അപേക്ഷ തിരസ്കരിച്ച് കൃഷ്ണദാസ്‌ നമ്പൂതിരിയുടെ അപേക്ഷ സ്വീകരിച്ചത്. അതിനുശേഷം ഭാസ്കരൻമാഷെ കണ്ടുമുട്ടിയിട്ടില്ല. അദ്ധ്യയനവർഷം തുടങ്ങുമ്പോൾ പവിത്രൻ ദുബായിലായിരുന്നു. പക്ഷെ, അദ്ദേഹത്തിനുണ്ടായ പിണക്കത്തെക്കുറിച്ചും മാലപ്പറമ്പ് യു.പി.സ്കൂളിൽ ഒന്നാംതരം രണ്ട് ഡിവിഷൻ ഉണ്ടായിരുന്നത് ഒന്നുമാത്രമായെന്നും അതിൽത്തന്നെ കുട്ടികൾ കുറവാണെന്നും ഉഷ ഫോണ്‍സംഭാഷണത്തിനിടയിൽ സൂചിപ്പിച്ചിരുന്നു. അടുത്ത വർഷം രണ്ടാംതരവും ഒരു ഡിവിഷൻ മാത്രമായി മാറും. 
"ഭാസ്കരൻമാഷെ കണ്ടിരുന്നു. ഒന്നും മിണ്ടീല്ല. അയാൾക്കെന്തോ ഒരു വല്ലായ്മപോലെ."  ഫോണ്‍സംഭാഷണത്തിനിടയിൽ ഉഷ പറഞ്ഞു.
അതുകേട്ടപ്പോൾ പവിത്രനും തോന്നി, ഒരു കുറ്റബോധം. ദിവസങ്ങളോളം ഉത്തരം കിട്ടാത്ത ചോദ്യവുമായി കഴിഞ്ഞു.  "ചെയ്തത് നന്ദികേടോ  നിന്ദയോ? അച്ഛനെ മനസിലാക്കിയത് ഭാസ്കരൻമാഷ്‌ മാത്രമായിരുന്നു."
നമ്മിൽ വിശ്വാസമർപ്പിക്കുന്നവരെ നിരാശപ്പെടുത്തേണ്ടിവരുമ്പോൾ അല്ലെങ്കിൽ വഞ്ചിക്കേണ്ടിവരുമ്പോൾ ഉണ്ടാകുന്ന ഒരുതരം മാനസികാവസ്ഥ... അതെങ്ങനെയാണ്‌ വിവരിക്കുക? പുതിയകാലം നമ്മളെ പഠിപ്പിക്കുന്നത് ഇങ്ങനെയൊക്കെ ജീവിക്കാനാണ് അല്ലെ?

          ക്രമേണ ജോലിത്തിരക്കിൽ മനസർപ്പിച്ചപ്പോൾ മറന്നുതുടങ്ങുകയായിരുന്നു. അപ്പോഴാണ്‌ വീണ്ടും ഓർമ്മപ്പെടുത്തൽ. പത്തുമണിവരെയുള്ള ഉറക്കം വെള്ളിയാഴ്ചകളിൽ പതിവാണെന്ന് ഉഷയ്ക്കറിയാം. അതുകൊണ്ടുതന്നെ പവിത്രന്റെ ഫോണ്‍വിളിക്കായി കാത്തിരിക്കും, ഉറക്കമുണരുന്നതുവരെ. പക്ഷെ, ഇന്ന് പതിവ് തെറ്റിച്ചു. പാതിമയക്കത്തിലായിരുന്നു അയാൾ.  മൂന്ന് മിസ്ഡ് കോൾ തുടർച്ചയായി വന്നു. അത്യാവശ്യമുണ്ടെങ്കിലേ ഉഷ അങ്ങനെ ചെയ്യാറുള്ളു.
കിടന്നിടത്തുനിന്നുതന്നെ തിരിച്ചുവിളിച്ചു.  "എന്താ?"
"ഉറക്കാണോ?" - ഉഷയുടെ ശബ്ദത്തിന് ഒരു അസാധാരണത്വം അനുഭവപ്പെട്ടു.
"മ്ഉം... ഉറക്കം കഴിഞ്ഞു."  ഉറക്കച്ചടവ് മാറാതെയുള്ള മറുപടി.
"അത് ഒരു കാര്യം പറയാനാ. വിഷമിക്കാനൊന്നും പാടില്ലാട്ടോ."
"എന്താ?"
"ആ ടീച്ചറില്ലേ?"
"ഏത് ടീച്ചറ്?"
"നിങ്ങൾ പറഞ്ഞ മല്ലികടീച്ചറ്. പൊലേൻരാമന്റെ മോള്. മരിച്ചുപോയി, ഇന്നലെരാത്രി."
"എന്റീശ്വരാ... എങ്ങിനെ?" പവിത്രൻ ഒരു ഞെട്ടലോടെ കിടക്കയിൽ എഴുന്നേറ്റിരുന്നുപോയി.
"എന്തോ വിഷം കഴിച്ചൂന്ന് പറീന്ന്, ആളുകള്. അവരെ വീടും പറമ്പ്വെല്ലാം പണയത്തിലാണ്പോലും. അതിന്റെ സങ്കടംകൊണ്ടാന്ന് പറീന്ന് എല്ലാരും."
***