Kharaaksharangal - kkanakambaran.blogspot.com - Part of kharaaksharangal.blogspot.com

ചില സാധാരണ മനുഷ്യർ




എഴുതുന്ന ഏതൊരാളുടെയും ആഗ്രഹമാണ് അയാൾ എഴുതുന്നതെല്ലാം വായിക്കപ്പെടണമെന്നത്. എഴുതിത്തുടങ്ങിയപ്പോൾ ഞാനും അങ്ങനെത്തന്നെയാണ് ആഗ്രഹിച്ചത്. ഇപ്പോഴും ആഗ്രഹിക്കുന്നത് അതുതന്നെ. ആദ്യമൊക്കെ എനിക്ക് സംശയമായിരുന്നു. ഇതൊക്കെ ആരെങ്കിലും വായിക്കുന്നുണ്ടാവുമൊ? കാലങ്ങൾ കഴിഞ്ഞപ്പോൾ ഖത്തറിലെ സാംസ്കാരിക സദസുകളിലും സോഷ്യൽമീഡിയയിലുമൊക്കെയായി പരിചയപ്പെട്ട, വായനയെ ഗൗരവമായി കാണുന്ന ചിലർ ചില സ്വകാര്യനിമിഷങ്ങളിൽ എഴുത്തിനെപ്പറ്റി എന്നോട് എന്തെങ്കിലും അഭിപ്രായം പറയുകയൊ വേറെയാർക്കെങ്കിലും എന്നെയോ അവരെ എനിക്കോ പരിചയപ്പെടുത്തുകയോ ചെയ്യുന്നത് അനുഭവപ്പെട്ടപ്പോഴായിരുന്നു ഞാൻ എഴുതുന്നതും ചിലരെങ്കിലും വായിക്കുന്നുണ്ട് എന്നൊരു തോന്നൽ എന്നിലുണ്ടാക്കിയത്.

എഴുതുന്ന കഥകളെല്ലാം ഒരു പുസ്തകരൂപത്തിൽ കാണണമെന്ന ആഗ്രഹം തുടക്കം മുതലേ ഉണ്ടായിരുന്നെങ്കിലും അന്നെനിക്ക് പക്ഷെ, എന്തോ ആത്മവിശ്വാസക്കുറവായിരുന്നു. പിന്നെ ക്രമേണ ക്രമേണ ആഗ്രഹം എന്റെ മനസ്സിൽ വളർന്നു തുടങ്ങി. അതിനിടയിൽ ചിലരൊക്കെ ആഗ്രഹത്തിന് ബലം നൽകുന്ന വിധത്തിൽ അതേ കാര്യം തന്നെ പറഞ്ഞു. അവസാനം വരുന്നിടത്തുവച്ചു കാണാം എന്നുംകരുതി മൂന്നു-നാല് വർഷങ്ങൾക്ക് മുൻപ് ശ്രമം നടത്തുകയും ചെയ്തു. പക്ഷെ, പല കാരണങ്ങളാൽ അത് നീണ്ടുനീണ്ടുപോയി.
ഇപ്പോൾ ആ ആഗ്രഹം സഫലമാവുകയാണ്. പലകാലങ്ങളിലായി എഴുതിയ പതിനെട്ടു കഥകൾ 'ചില സാധാരണ മനുഷ്യർ' എന്ന പേരിൽ ഒരു പുസ്തകരൂപത്തിലായിരിക്കുന്നു . 'പായൽ ബുക്ക്സ്, കണ്ണൂർ' ആണ് പ്രസാധകർ. ഷീല ടോമിയാണ് അവതാരിക എഴുതിയിരിക്കുന്നത്. സുനോജ് ബാബു ആണ് കവർ ഡിസൈൻ ചെയ്തത്.
***