Kharaaksharangal - kkanakambaran.blogspot.com - Part of kharaaksharangal.blogspot.com

വെള്ളിയാഴ്‌ച, മേയ് 04, 2012

ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നു.

ഫോട്ടോ കടപ്പാട്: മനീഷ് (facebook)
     കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് താലൂക്കിലെ കൊളച്ചേരി പഞ്ചായത്തില്‍ നണിയൂര്‍ എന്നൊരു ഗ്രാമമുണ്ട്. അവിടെ ചരിത്രത്തില്‍ അര്‍ഹമായ സ്ഥാനം ലഭിക്കാതെ പോയ ഒരു മനുഷ്യന്‍ ജീവിച്ചിരുന്നു. മഴയത്ത് ചോര്‍ന്നൊലിക്കുന്ന വീടിനകത്ത് സ്വന്തം ഉടുമുണ്ടുകൊണ്ട് ഭാര്യയുടെയും മക്കളുടെയും ശീതം മാറ്റാന്‍ പാടുപെട്ട ഒരു വിപ്ലവകാരി!
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ആ നാമം ഇവിടെ കുറിച്ചിടണമെന്ന ആഗ്രഹം മനസ്സില്‍ കൊണ്ടുനടക്കുകയാണ് ഞാന്‍. നാലുമാസങ്ങള്‍ക്ക് മുന്‍പ് ഒരു കുറിപ്പ് എഴുതിത്തയ്യാറാക്കിയതുമാണ്. പക്ഷെ, ചരിത്രപരമായ സത്യസന്ധത ഉറപ്പുവരുത്തേണ്ടതുണ്ടായിരുന്നു. പിന്നെ കുറച്ചു കൂടുതല്‍ അറിവും ആ മനുഷ്യനെക്കുറിച്ച് ഉണ്ടായിരിക്കണം എന്ന് തോന്നി.

     കൂടുതല്‍ അറിവുകള്‍ക്ക് വേണ്ടി വിക്കിപീഡിയയും പിന്നെ സി.പി.എം, സി.പി.ഐ എന്നീ പാര്‍ട്ടികളുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളും സന്ദര്‍ശിച്ചുനോക്കി. വിഷ്ണുഭാരതീയന്‍ എന്ന പേരും രണ്ടോമൂന്നോ വാചകവുമല്ലാതെ കൂടുതലൊന്നും കണ്ടില്ല.

     ഒരേ സമയം കമ്മ്യൂ ണിസത്തേയും ഗാന്ധിസത്തേയും ആത്മീയതയേയും പുണര്‍ന്ന ഒരാള്‍ നമുക്ക് മുന്‍പേ നടന്നുപോയിരുന്നു എന്ന് പുതിയ തലമുറയിലെ എത്രപേര്‍ക്ക് അറിയാം? പഴയ തലമുറയിലെ എത്രപേര്‍ ഓര്‍ക്കുന്നുണ്ട്?
സ്വാതന്ത്ര്യസമരത്തിലൂടെ ഗാന്ധിസത്തിലേക്കും കര്‍ഷകസമരങ്ങളിലൂടെ കമ്മ്യൂണിസത്തിലേക്കും പിന്നെ എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട്‌ ജനസംഘത്തിലേക്കും നടന്നുപോയി അവിടുന്ന് കമ്മ്യൂണിസത്തിലേക്കും പിന്നെ പരിപൂര്‍ണ്ണ ആത്മീയതയിലേക്കും തിരിച്ചുനടന്ന് ജീവിതത്തെ ഒരു രാഷ്ട്രീയ പരീക്ഷണമാക്കിയ(ആത്മീയ പരീക്ഷണം എന്നാണോ ശരി?) ഒരു മനുഷ്യന്‍!

     വിഷ്ണുഭാരതീയന്‍ - ആ പേര് എനിക്ക് കേട്ടറിവ് മാത്രമാണ്. അദ്ദേഹം മരിക്കുമ്പോള്‍ ഞാന്‍ വളരെ ചെറിയ കുട്ടിയായിരുന്നു. കുറച്ചു മുതിര്‍ന്നപ്പോള്‍ നമുക്ക് മുന്നേ നടന്നുപോയവരുടെ കാല്‍പ്പാടുകള്‍ എനിക്കെന്നും കൌതുകമായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തെ ഞാനറിയുന്നത്. വിഷ്ണുഭാരതീയനെ അറിയുകയെന്നാല്‍ ഒരു കാലഘട്ടത്തെയറിയുകയെന്നാണര്‍ത്ഥം. ദുരന്തപര്യവസായിയായ ആത്മസമര്‍പ്പണത്തിന്റെ ചരിത്രം കൂടിയാണത്. കൊട്ടിഘോഷിക്കപ്പെടുന്ന ചരിത്രത്തിന്റെ വര്‍ണ്ണാഭമായ താളുകളിലോന്നും വായിച്ചെടുക്കുവാനാവാത്ത ആത്മസമര്‍പ്പണം. അദ്ദേഹത്തിന്റെ ആത്മകഥ എവിടെയും കിട്ടാനില്ലെന്ന് താഹ മാടായി എന്ന എഴുത്തുകാരന്‍ പറയുന്നു.

     നമ്മള്‍ നിലവിളക്കിന്റെ ശോഭയെക്കുറിച്ച് എഴുതും, സംസാരിക്കും. പക്ഷെ അതിനു ശോഭ പകരാന്‍ സ്വയം എരിഞ്ഞുതീരുന്ന വിളക്കുതിരിയെക്കുറിച്ച് മൌനം നടിക്കും. എരിഞ്ഞുതീരാന്‍ അങ്ങനെയൊന്നില്ലെങ്കില്‍ നിലവിളക്കും വെറും കാഴ്ച്ചവസ്തുവാണ് അല്ലെങ്കില്‍ ഉപയോഗശൂന്യമാണ്. എന്നത് ഒന്നോ രണ്ടോ വ്യക്തികളെ കേന്ദ്രീകരിച്ച് ചരിത്രം നിര്‍മ്മിക്കുന്നവര്‍ ഓര്‍ത്തിരുന്നെങ്കില്‍...

     1892 സെപ്റ്റംബറിലാണ് (1067 ചിങ്ങം 23) വിഷ്ണുഭാരതീയന്റെ ജനനം. വിഷ്ണു നമ്പീശന്‍ എന്ന് യഥാര്‍ത്ഥ പേര്. 1930 ലെ ഉപ്പുനിയമലംഘനത്തിനു ആറുമാസത്തെ കഠിനതടവ്. കോടതിയില്‍ വച്ച് പേര് ചോദിച്ചപ്പോള്‍ വിഷ്ണു നമ്പീശന്‍ പറഞ്ഞു - 'ഭാരതീയന്‍.' അങ്ങനെ അദ്ദേഹം വിഷ്ണു ഭാരതീയനായി. 1931 ലെ വട്ടമേശസമ്മേളനത്തിന് ശേഷം ഗാന്ധിജി ബോംബെ തുറമുഖത്ത് അറസ്റ്റു ചെയ്യപ്പെട്ടപ്പോള്‍ കണ്ണൂരില്‍ പ്രധിഷേധ പദയാത്രയ്ക്ക് നേതൃത്വം കൊടുത്തതിനു വീണ്ടും ജയില്‍വാസം. 1940 ല്‍ കെ.പി.ആര്‍. ഗോപാലന്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മൊറാഴ കര്‍ഷകസമരത്തിലെ ഒന്നാം പ്രതി വിഷ്ണുഭാരതീയനാണ്. അക്രമാസക്തരായ സഹപ്രവര്‍ത്തകരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു വിഷ്ണുഭാരതീയന്‍ അപ്പോഴെന്നു അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് ചിലര്‍ പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ട്. (കെ.പി.ആറും അവസാനകാലത്ത് ജീവിച്ചത് മഴയത്ത് ചോര്‍ന്നൊലിക്കുന്ന വീട്ടിലായിരുന്നു.)

     ജന്മിത്തത്തിന് എതിരായി കേരളത്തില്‍ ആദ്യമായി കര്‍ഷകര്‍ സംഘടിച്ചത് 1935 ല്‍ വിഷ്ണുഭാരതീയന്റെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ വീട്ടില്‍. ആ യോഗത്തില്‍ വച്ചാണ് വിഷ്ണുഭാരതീയന്‍ പ്രസിഡണ്ടായും കേരളീയന്‍ സെക്രട്ടറിയായും കേരളത്തിലെ ആദ്യത്തെ കര്‍ഷക സംഘം - കൊളച്ചേരി കര്‍ഷകസംഘം - രൂപം കൊണ്ടത്‌. അതില്‍ ആവേശം കൊണ്ടാണ് മലബാറിന്റെ മറ്റു ഭാഗങ്ങളില്‍ കര്‍ഷകര്‍ സംഘടിച്ചതും കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ സമരമുഖങ്ങളില്‍ അണിനിരന്നതും. 1937 ല്‍ പറശിനിക്കടവില്‍ വച്ച് നടന്ന കര്‍ഷക സമ്മേളനത്തില്‍ എ.കെ.ജിയുടെയും കെ.പി.ഗോപാലന്റെയും വിഷ്ണുഭാരതീയന്റെയും സാന്നിധ്യത്തില്‍ അഖില മലബാര്‍ കര്‍ഷക സംഘം രൂപം കൊണ്ടു. 1939 ല്‍ പിണറായിയിലെ പാറപ്രത്ത് കമ്മ്യുണിസ്റ്റ് പാര്‍ടി രൂപീകരിക്കാനുള്ള രഹസ്യയോഗം ചേരാനുള്ള തീരുമാനമെടുത്തത് വിഷ്ണുഭാരതീയന്റെ വീട്ടില്‍ അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ നടന്ന രഹസ്യ യോഗത്തിലായിരുന്നു.

     ഏക്കറ കണക്കിന് ഭൂമിയുടെ ഉടമയായിരുന്നു വിഷ്ണുഭാരതീയന്റെ പിതാവ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അടിമത്തത്തിനെതിരായ പോരാട്ടത്തില്‍ ശ്രദ്ധിക്കാനാളില്ലാതെ എങ്ങനെയൊക്കെയോ നഷ്ട്ടപ്പെടുകായയിരുന്നു. ബാക്കിയുള്ളവ രാഷ്ട്രീയപ്രവര്‍ത്തനം സമ്മാനിച്ച കടം വീട്ടാന്‍ വില്‍ക്കേണ്ടിവന്നു എന്നും പറഞ്ഞു കേട്ടിട്ടുണ്ട്. താഹ മാടായിയും അതുതന്നെ എഴുതുന്നു.
അവസാനകാലത്ത് വല്ലാത്ത ദാരിദ്ര്യം ആയിരുന്നു. പക്ഷെ, പലരും അറിഞ്ഞതിനേക്കാള്‍ ആഴമുണ്ടായിരുന്നു അദ്ദേഹത്തിന്റെ ദാരിദ്ര്യത്തിന് എന്ന് താഹ മാടായിയുടെ ചെറുകുറിപ്പിനോടൊപ്പം പ്രസിദ്ധീകരിച്ച ഡയറിക്കുറിപ്പുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ആത്മഹത്യയെക്കുറിച്ചുവരെ ചിന്തിച്ചുപോയ ദാരിദ്ര്യം! (വിപ്ലവകാരികള്‍ അങ്ങനെ ചിന്തിക്കില്ലെന്നായിരുന്നു എന്റെ വിശ്വാസം) 

     കരിങ്കല്‍ക്കുഴി ബസാറില്‍ ഭാരതീയ നഗര്‍ എന്നെഴുതിയ ഒരു ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. പക്ഷെ, ആരും ഉച്ചരിക്കാറില്ല. ഇങ്ങനെയുള്ള എത്രയെത്ര മനുഷ്യരുടെ ഓര്‍മ്മകള്‍ക്ക് ‌ മുകളില്‍ മണ്ണിട്ട്‌ നികത്തിയാണ് നമ്മള്‍ ചരിത്ര സ്മാരകങ്ങള്‍ പണിഞ്ഞിട്ടുള്ളത് എന്നോര്‍ക്കുമ്പോള്‍...

     വിപ്ലവത്തിന്റെ കനല്‍വഴികളിലൂടെ സഞ്ചരിക്കുമ്പോഴും ചെറുപ്പത്തില്‍ മനസ്സില്‍ ലയിച്ചുപോയ ആത്മീയത ഉപേക്ഷിച്ചിരുന്നില്ല അദ്ദേഹം. അതുകൊണ്ടായിരിക്കുമോ പിന്നീട് ക്ഷേത്രങ്ങളില്‍ ആത്മീയപ്രഭാഷണം നടത്താന്‍ പോയത്? അതോ ഒരു സത്രത്തിലെന്നപോലെ അതില്‍ വിശ്രമിക്കുകയായിരുന്നോ വിസ്മൃതിയിലേക്കുള്ള യാത്രയില്‍?
***
.
.
.
.
.
.
--------------------------------------
കടപ്പാട്:
1. താഹ മാടായി (ദേശമേ ദേശമേ 25 അസാധാരണ ജീവിതങ്ങള്‍ എന്ന പുസ്തകം)
2. പുസ്തകം തന്നു സഹായിച്ച ഗോപാലകൃഷ്ണന്‍
3. ഞാന്‍ ശ്രവിച്ച പ്രസംഗങ്ങള്‍
4.സമരചരിത്രം പറഞ്ഞുതന്ന പൂര്‍വികര്‍
--------------------------------------
കേരളീയന്‍: കടയപ്രത്ത് കുഞ്ഞപ്പ നമ്പ്യാര്‍ എന്ന് യഥാര്‍ത്ഥ പേര്. വിഷ്ണു നമ്പീശന്‍ പേര് ഭാരതീയന്‍ എന്ന് പറഞ്ഞപ്പോള്‍ കൂടെയുണ്ടായിരുന്ന കുഞ്ഞപ്പനമ്പ്യാര്‍ കേരളീയന്‍ എന്ന് പറഞ്ഞു.
--------------------------------------
വിഷ്ണുഭാരതീയനെക്കുറിച്ചും അദ്ദേഹവുമായി ബന്ധപ്പെട്ട ചരിത്രവും അറിയുന്നവര്‍ അത് ഇവിടെ കുറിച്ചിടാനും‍ ഇതില്‍ സംഭവിച്ചിരിക്കുന്ന ചരിത്രപരമായ തെറ്റുകള്‍ സദയം പൊറുത്തുകൊണ്ട് തിരുത്തുവാനും അപേക്ഷ.
***