എന്‍റെ അച്ഛനും അമ്മയും നിഷ്കളങ്കരായിരുന്നു. ലോകത്തെപ്പറ്റി കാര്യമായ അറിവുകള്‍ ഒന്നും ഇല്ലാത്തവര്‍. പക്ഷെ, ഒരു മനുഷ്യന്‍ എങ്ങനെയാണ് വിശുദ്ധജീവിതം നയിക്കേണ്ടതെന്ന് അവര്‍ക്കറിയാമായിരുന്നു. അതവര്‍ എന്നെ ഓര്‍മ്മപ്പെടുത്താറുണ്ടായിരുന്നു.
മുത്തച്ഛനും മുത്തശ്ശിയും ജീവിതത്തിന്‍റെ മഹത്വം തിരിച്ചറിഞ്ഞവരായിരുന്നു. ചുക്കിച്ചുളിഞ്ഞ ജീവിതത്തിന്‍റെ അറ്റത്തിരുന്നു നിര്‍മലമായ അങ്ങേതലയ്ക്കല്‍ കുസൃതി കാട്ടുന്ന എന്നോട് സ്നേഹപൂര്‍വ്വം പറഞ്ഞുതരാറുണ്ടായിരുന്നു അത്.
പക്ഷെ, എവിടെയാണ് ഞാനത് ഉപേക്ഷിച്ചത് എന്നോര്‍മ്മയില്ല! അല്ലെങ്കില്‍ തിരിച്ചറിവുകള്‍ എന്നെ ഉപേക്ഷിക്കുകയായിരുന്നോ?
അങ്ങനെയൊരു നിമിഷത്തിലാണ് ഞാനത് ചെയ്തത്. അറിഞ്ഞുകൊണ്ട് ചെയ്ത ആദ്യത്തെയും അവസാനത്തെയും അപരാധം. ഗുരുതുല്യനായ ഒരാളുടെ കൈപ്പത്തി വെട്ടിമാറ്റി. അയാള്‍ ആരായിരുന്നു എന്നോ എന്തായിരുന്നു എന്നോ എനിക്കറിയില്ലായിരുന്നു. യൌവ്വനത്തിന്‍റെ തുടക്കത്തില്‍ അന്ധമായ വിപ്ലവബോധം സിരകളില്‍ കത്തിപ്പടര്‍ന്ന നാളുകളില്‍ ആണ് ഞാനത് ചെയ്യുന്നത്. അയാള്‍ പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായിരുന്നു എന്നുമാത്രമാണ് അയാളെക്കുറിച്ച് ആകെയെനിക്കുള്ള അറിവ്.
പെട്ടൊന്നൊരുനാള്‍ അയാള്‍ നേതൃത്വത്തെ ചോദ്യം ചെയ്തു. അപ്പോള്‍ അയാളിലേക്ക് പലരുടെയും ചൂണ്ടുവിരല്‍ നീണ്ടുവന്നു. അയാള്‍ ഒറ്റപ്പെട്ടു. ഒരര്‍ത്ഥത്തില്‍ ഊരുവിലക്ക്. അപ്പോഴും അയാള്‍ നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ടിരുന്നു. അവസാനം ഒരു രാത്രിയുടെ കറുപ്പില്‍ അയാളറിയാതെ എന്‍റെ സമപ്രായക്കാരോടൊപ്പം ഞാനത് ചെയ്തു. പിന്നീടാണറിഞ്ഞത്, അയാളായിരുന്നു എന്‍റെ ഗ്രാമത്തില്‍ പ്രസ്ഥാനത്തിന് അടിത്തറയിട്ടത്.
വര്‍ഷങ്ങള്‍ കഴിഞ്ഞു. ഒരിക്കലും ഉണങ്ങാത്ത എന്നും പഴുത്തുപൊട്ടുന്ന പുണ്ണുള്ള ആ കൈയുമായി അയാള്‍ ജീവിച്ചുമരിച്ചു. പക്ഷെ ഇപ്പോഴും എന്‍റെ മനസ്സില്‍ ആ പുണ്ണ് ഉണങ്ങാതെ കിടക്കുന്നു. അതിന്‍റെ നീറ്റല്‍ എന്‍റെ ഉറക്കം കെടുത്തുന്നു.
ജീവിതത്തെ പുനര്‍വിചിന്തനം ചെയ്യാനുള്ള കാലത്തില്‍ ഞാനെത്തിയിരിക്കുന്നു. ഞാനും അയാളെപ്പോലെ പാര്‍ട്ടിനേതൃത്വത്തെ വിമര്‍ശിച്ചുതുടങ്ങിയിരിക്കുന്നു! ഞാനും ഇപ്പോള്‍ തനിച്ചാണ്. എനിക്കറിയാം. എന്നെങ്കിലും എന്‍റെ പഴയ കൂട്ടുകാര്‍ എന്‍റെ കൈയ്യോ കാലോ വെട്ടിമാറ്റും. ഒരുപക്ഷെ എന്‍റെ ജീവിതം തന്നെ. ഞാന്‍ കാത്തിരിക്കുകയാണ്. എനിക്കറിയില്ല, എന്‍റെ നിയോഗമെന്താണെന്ന്.
***