Kharaaksharangal - kkanakambaran.blogspot.com - Part of kharaaksharangal.blogspot.com

ബുധനാഴ്‌ച, നവംബർ 30, 2022

തെയ്യം എന്ന അനുഷ്ഠാന കല

          ഉത്തരമലബാറിലെ അനുഷ്ഠാനകലാരൂപമാണ് തെയ്യം. ഗോത്രസംസ്കാരത്തിൽനിന്നും  രൂപപ്പെട്ടുവന്ന കലാരൂപം പ്രാചീനജനതയുടെ വിശ്വാസത്തിന്റെയും ഭക്തിയുടെയും അടയാളമാണ്. ദൈവം എന്ന പദത്തിന്റെ ഗ്രാമീണപദമാണ് തെയ്യം എന്നത്. ആര്യാധിനിവേശം കേരളത്തിലെ ജനങ്ങളുടെ വിശ്വാസങ്ങളെയും ആരാധനാരീതിയെയും അടിമുടി മാറ്റിയെടുത്തപ്പോഴും അനുഷ്ഠാനത്തിന് ഒരു ഇളക്കവും സംഭവിക്കാതെ ആധുനികകാലത്തും അത്ഭുതമായി നിലനിൽക്കുന്നു. നൃത്തം, വാദ്യം, ഗാനം, ചിത്രകല, ശിൽപ്പകല തുടങ്ങിയവയുടെ സമന്വയരൂപമാണ് തെയ്യം എന്ന് പറയാം. മുഖത്തും ശരീരത്തിലും കലാപരമായി ചായങ്ങൾ തേച്ച് പ്രത്യേകവേഷത്തിൽ അണിഞ്ഞൊരുങ്ങി ചെണ്ട, ഇലത്താളം, ചീനിക്കുഴൽ തുടങ്ങിയ വാദ്യങ്ങളുടെ താളത്തിനനുസരിച്ച് നൃത്തമാടുന്ന കലാരൂപമാണിത്. ഇങ്ങനെ നൃത്തമാടുന്നതിന് തെയ്യാട്ടം എന്നാണ് പറയുക. കളിയാട്ടം, തിറ, തെയ്യംകെട്ട് തുടങ്ങിയ പേരുകളും തെയ്യാട്ടത്തിന് പറയാറുണ്ട്. നായാട്ടുസംസ്കാരവുമായും കാർഷികസംസ്കാരവുമായും വളരെയടുത്തുനിൽക്കുന്ന തെയ്യങ്ങളും അതുമായി ബന്ധപ്പെട്ട ആചാരങ്ങളും ആധുനികമനുഷ്യന് വിചിത്രമായി തോന്നിയേക്കാം. പക്ഷെ, മാനുഷികബന്ധങ്ങളും ഒത്തൊരുമയും ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഒരു ഗ്രാമത്തെ മുഴുവൻ ഒരുമിച്ചുകൂട്ടുവാനും പലകാരണങ്ങളാൽ പലവഴികളിലേക്ക് വേർപിരിഞ്ഞുപോയ രക്തബന്ധങ്ങളെ കൂട്ടിയോജിപ്പിക്കുന്നതിനും കാരണമാവുന്നുണ്ട് എന്ന സത്യം അംഗീകരിക്കാതിരിക്കാൻ ആവില്ല.

 

          തെയ്യക്കാവുകൾ എന്നാണ് തെയ്യാട്ടം അരങ്ങേറുന്ന സ്ഥലത്തിന്  പൊതുവെ പറയുന്ന പേര്. കോട്ടം, മുണ്ട്യ,  കഴകം, മടപ്പുര, കൂലകം, മതിലകം, ഇടം, മാടം തുടങ്ങിയ പേരുകളിലും സ്ഥലങ്ങൾ അറിയപ്പെടുന്നുണ്ട്. കൂടാതെ ചില തറവാട് വീടുകളുടെ മുറ്റത്തും കൊയ്ത്തുകഴിഞ്ഞ പാടത്തും തെയ്യം കെട്ടിയാടുന്ന പതിവുണ്ട്. പാടങ്ങൾ നികത്തി വീടുകളും റോഡുകളും നിർമ്മിക്കപ്പെട്ടപ്പോൾ പാടങ്ങളിൽ നടത്താറുള്ള തെയ്യാട്ടം തൊട്ടടുത്ത പറമ്പുകളിലേക്ക് മാറിയിട്ടുണ്ട്. എല്ലാ വർഷവും തെയ്യാട്ടം നടക്കുന്ന കാവുകളും പത്തും പതിനഞ്ചും ഇരുപത്തിയഞ്ചും വർഷങ്ങൾ കൂടുമ്പോൾമാത്രം പെരുങ്കളിയാട്ടം നടക്കുന്ന കാവുകളുമുണ്ട്. തെയ്യാട്ടം നടത്താനുള്ള ഭാരിച്ച ചിലവ് കാവിന്റെ നടത്തിപ്പുകാർക്ക് വളരെയേറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. അതുകാരണം പെരുങ്കളിയാട്ടത്തിന് നിർബന്ധിതരാവേണ്ടിവരുന്നു. ആധുനിക മനുഷ്യന്റെ ക്ഷേത്രസങ്കല്പവുമായി പൊരുത്തപ്പെടുന്നവയല്ല ഉത്തരമലബാറിലെ തെയ്യക്കാവുകൾ. മക്കത്തായ സമ്പ്രദായത്തിലൂടെയോ മരുമക്കത്തായ സമ്പ്രദായത്തിലൂടെയോ അവകാശികളായവരാണ് മിക്ക കാവുകളുടെയും നടത്തിപ്പുകാർ. ഇപ്പോൾ ചിലയിടങ്ങളിൽ നാട്ടുകാരുടെ കമ്മിറ്റി കളിയാട്ടം നടത്തിപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുതുടങ്ങിയിട്ടുണ്ട്.

 

         തെയ്യങ്ങളുടെ ആദിരൂപം എങ്ങനെയായിരുന്നുവെന്ന് ആരെങ്കിലും എവിടെയെങ്കിലും സൂചിപ്പിച്ചതായി അറിവില്ല. തെയ്യക്കോലങ്ങൾ ഇന്നത്തെ രൂപത്തിലേക്ക് ചിട്ടപ്പെടുത്തപ്പെട്ടിട്ട് ഏതാണ്ട് നാനൂറോളം വർഷമേ ആയിട്ടുള്ളൂ. എന്നാൽ ആയിരം വർഷങ്ങൾക്കുമുൻപ് നീലേശ്വരത്തെ മന്ദംപുറത്തു കാവുമായി കോലത്തിരി രാജാവായ കേരളവർമ്മയ്ക്കുള്ള ബന്ധത്തെക്കുറിച്ച് ഡോ.ആർ.സി.കരിപ്പത്തിന്റെ തെയ്യപ്രപഞ്ചത്തിൽ സൂചനയുണ്ട്. പൂർണ്ണമായും ജാതിവ്യവസ്ഥയിൽ അധിഷ്ഠിതമായ ആചാരാനുഷ്ഠാനമെന്ന് പറയുമ്പോൾത്തന്നെ ജാതീയമായ ഭിന്നതകൾ മറന്ന് എല്ലാതരം മനുഷ്യരുടെയും സമന്വയം തെയ്യാട്ടസമയത്ത് കാവിന്റെ മുറ്റത്ത് സംഭവിക്കുന്നുണ്ട്പണ്ടുകാലത്ത് കുടുംബ വഴക്കുകൾ പരിഹരിച്ചിരുന്നതും മോഷണം വ്യഭിചാരം പോലുള്ള തെറ്റുകുറ്റങ്ങൾ ചെയ്തവരെ വിചാരണ ചെയ്തിരുന്നതും കാവിന്റെ മുറ്റത്ത് തെയ്യക്കോലത്തിന്റെ സാന്നിദ്ധ്യത്തിലായിരുന്നു.

 

          തെയ്യം കെട്ടിയാടുന്നയാളെ തെയ്യക്കാരൻ എന്നോ കോലക്കാരൻ എന്നോ ആണ് പറയുന്നത്. വണ്ണാൻ, മലയൻ, വേലൻ, അഞ്ഞൂറ്റാൻ, മുന്നൂറ്റാൻ, മാവിലർ, കോപ്പാളർ, പുലയർ എന്നീ സമുദായത്തിൽപെട്ടവരാണ് തെയ്യക്കോലം കെട്ടുക. ദേവക്കൂത്ത് എന്ന തെയ്യം കെട്ടിയാടുന്നത് മലയസമുദായത്തിലെ സ്ത്രീയാണ്ബാക്കിയുള്ള എല്ലാ തെയ്യങ്ങളും കെട്ടുന്നത് പുരുഷന്മാരാണ്. വെറും സാധാരണ മനുഷ്യരായ ഇവർ തെയ്യമായി മാറിക്കഴിഞ്ഞാൽ വേഷമഴിക്കുന്നതുവരെ ദൈവമാണ്. അതുവരെ അയിത്തം കൽപ്പിച്ച സവർണ്ണർ സമയത്ത് ഇവർക്കുമുന്പിൽ കൈകൾകൂപ്പി  സങ്കടങ്ങൾ പറയുന്നു. തെയ്യംകെട്ട് മേൽപ്പറഞ്ഞ സമുദായക്കാരുടെ കുലത്തൊഴിലാണെങ്കിലും അവർക്ക് അവരുടെ ഇഷ്ടപ്രകാരം എല്ലാ പ്രദേശങ്ങളിലും പോയി തെയ്യം കെട്ടിയാടാനുള്ള അവകാശമില്ല. ഓരോ ഗ്രാമത്തിലും അവകാശം നേടിയ കുടുംബതറവാടുകളുണ്ട്. പാരമ്പര്യമായി മക്കത്തയാമോ മരുമക്കത്തയാമോ സമ്പ്രദായം പിന്തുടരുന്ന തറവാടുകളാണ്. നാടുവാഴിത്തകാലത്ത് നാടുവാഴി കല്പിച്ചുനൽകിയ അവകാശമാണത്. ചെറുജന്മാവകാശം എന്നാണ് അതിന്റെ പേര്. ജൻമാരി എന്നാണ് അവകാശിയെ വിളിക്കുന്നത്. ഗ്രാമങ്ങളിൽ അതിർത്തി തിരിച്ചുകൊണ്ടാണ് അവകാശം അനുവദിച്ചുകൊടുത്തിട്ടുള്ളത്. അത് ലംഘിക്കാൻ പാടില്ല. അഥവാ ഒരു ഗ്രാമത്തിലെ ജൻമാരിക്കോ അയാളുടെ തറവാട്ടിലെ മറ്റേതെങ്കിലും അംഗത്തിനോ അവർക്ക് അവകാശമുള്ള കാവിൽ തെയ്യക്കോലം കെട്ടാൻ സാധിക്കാതെവന്നാൽ മറ്റൊരു ഗ്രാമത്തിലെ തെയ്യക്കാരനെ വിളിച്ചുകൊണ്ടുവരേണ്ടുന്ന ഉത്തരവാദിത്തം ഗ്രാമത്തിലെ ജന്മാരിക്കാണ്. അതുപോലെ ഒരു കാവിലെ തെയ്യം കെട്ടിയാടാൻ ഊർജസ്വലനായ ചെറുപ്പക്കാരനായ തെയ്യക്കാരൻ വേണമെന്ന് കാവധികാരികൾക്ക് ആഗ്രഹം തോന്നിയാലോ അവർ മറ്റേതെങ്കിലും ഗ്രാമത്തിലെ ആരെയെങ്കിലും കൊണ്ടുവരാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിലോ ജൻമാരിയുടെ സമ്മതം ഉണ്ടായിരിക്കണം.അങ്ങനെ വെളിയിൽനിന്നും വന്നയാൾ തെയ്യം കെട്ടിയാടുമ്പോഴും ജൻമാരി കാവിന്റെ മുറ്റത്ത് സന്നിഹിതനായിരിക്കണം എന്നാണ് കീഴ്വഴക്കം. ജൻമാരിയുടെ കുടുംബത്തിൽ മരണം മൂലമുണ്ടാവുന്ന പുല, പ്രസവം മൂലമുണ്ടാവുന്ന വാലായ്മ തുടങ്ങിയ സന്ദർഭങ്ങളിൽ കുടുംബത്തിലെ ആരും തെയ്യക്കോലം കെട്ടിയാടാൻ പാടില്ല. അപ്പോഴും പകരക്കാരനെ കണ്ടെത്തേണ്ടുന്ന ചുമതല ജൻമാരിക്കുതന്നെയാണ്. നാടുവാഴിത്തകാലത്ത് ഉണ്ടാക്കപ്പെട്ടിട്ടുള്ള കീഴ്വഴക്കം ഇപ്പോഴും ലംഘിക്കപ്പെടാതെ പിന്തുടരുന്നുണ്ട് എല്ലാ വിഭാഗത്തിൽപെട്ടവരും. പുതിയ തലമുറയിൽനിന്നും ചില ഒറ്റപ്പെട്ട ചോദ്യം ചെയ്യലുകളോ ലംഘിക്കാനുള്ള ശ്രമങ്ങളോ ഉണ്ടാവാറുണ്ടെങ്കിലും ആചാരങ്ങളും ചിട്ടകളും കർശനമായി പാലിച്ചിരിക്കേണ്ട അനുഷ്ട്ടാനമാണ് തെയ്യമെന്ന് വിശ്വസിക്കുന്നവരും പരമ്പരാഗതമായ രീതി നിലനിർത്തണമെന്നും ആഗ്രഹിക്കുന്നവരാണ് ഉത്തരമലബാറിലെ ഭൂരിഭാഗം തെയ്യസ്നേഹികളും.

 

          തെയ്യങ്ങളിൽ ഏറെയും ശൈവ - ശാക്തേയ സങ്കല്പങ്ങളിലുള്ളവയാണ്. എന്നാൽ അപൂർവം വൈഷ്ണവ സങ്കല്പത്തിലുള്ളവയുമുണ്ട്.പ്രാചീനകാലത്ത് മുപ്പത്തിയൊൻപതു തെയ്യങ്ങളേയുണ്ടായിരുന്നുള്ളൂവെന്നും അതല്ല, മുപ്പത്തിയഞ്ചായിരുന്നുവെന്നും ബാക്കി നാല് തെയ്യങ്ങൾ പിന്നീട് കൂട്ടിച്ചേർക്കപ്പട്ടതാണെന്നുമുള്ള വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്ഇവയൊക്കെ ശൈവസങ്കല്പത്തിലോ ശാക്തേയസങ്കല്പത്തിലോ ഉള്ളവയാണ്. അമ്മദൈവങ്ങൾ, യുദ്ധദേവതകൾ, രോഗദേവതകൾ, നാഗദേവതകൾ, മൃഗദേവതകൾ, ഭൂത-യക്ഷിദേവതകൾ ഇങ്ങനെ ദ്രാവിഡാരാധനയുമായി ബന്ധപ്പെട്ട ദേവതാസങ്കല്പങ്ങളെയാണ് തെയ്യമായി കെട്ടിയാടിരുന്നത്പിന്നീട് ആര്യന്മാർ കേരളത്തിലെത്തിയ ശേഷമാവാം വൈഷ്ണവസങ്കല്പത്തിലുള്ള തെയ്യങ്ങൾ ഉണ്ടാവുന്നത്. കാലക്രമേണ എണ്ണം വർദ്ധിച്ചുവന്നു. ഗ്രാമങ്ങളിൽ ജീവിച്ചുമരിച്ച വീരശൂരപരാക്രമികളും അറിവും പാണ്ഡിത്യവുമുള്ള പച്ചയായ മനുഷ്യരുമൊക്കെ തെയ്യരൂപത്തിൽ ഉത്തരമലബാറിലെ മനുഷ്യഹൃദയങ്ങളിൽ ഇടംനേടി. പിൽക്കാലത്ത് നാട് കൈയടക്കിവച്ച സവർണ്ണസമുദായത്തിന്റെ അസൂയക്കും ചതിക്കും പാത്രമായി കൊലചെയ്യപ്പെട്ട മനുഷ്യസ്നേഹികളും കായികമായി പൊരുതി വീരമൃത്യു വരിച്ച ധീരൻമാരും പിഴച്ചവളെന്ന് മുദ്രകുത്തപ്പെട്ട് അപമാനിതയായി ആത്മാഹുതി ചെയ്ത കന്യകയും ഒക്കെയുണ്ട് തെയ്യങ്ങളുടെ കൂട്ടത്തിൽ. ചാത്തമ്പള്ളി വിഷകണ്ഠൻ, കതിവനൂർവീരൻ, മുച്ചിലോട്ട് ഭഗവതി തുടങ്ങിയ തെയ്യങ്ങൾ ഇവരിൽ പെടുന്നവരാണ്. മുഴുവൻ തെയ്യങ്ങളുടെയും പേരുകൾ ഇവിടെ കുറിച്ചിടാൻ സ്ഥലപരിമിതി അനുവദിക്കുന്നില്ല. തെയ്യങ്ങളെക്കൂടാതെ മുസ്ലിംസമുദായത്തിൽപ്പെട്ട മനുഷ്യരും തെയ്യങ്ങളായി മാറിയിട്ടുണ്ട്. മാപ്പിളത്തെയ്യങ്ങൾ എന്നാണ് അവയെ പറയുന്നത്. ഇതിൽ നിന്നും വ്യക്തമാവുന്നത് പണ്ടുകാലത്ത് എല്ലാ മനുഷ്യരും നാടിന്റെ സാംസ്കാരവുമായി ഇണങ്ങിജീവിച്ചിരുന്നു എന്നുതന്നെയാണ്.

          ഒരുകാലത്ത് നാടിന്റെ നിത്യജീവിതത്തെ നിയന്ത്രിച്ചിരുന്നത് കാവുകളെ കേന്ദ്രീകരിച്ചുള്ള ആചാരാനുഷ്ഠാനങ്ങളായിരുന്നു. തികച്ചും ദ്രാവിഡാരാധനാരീതി പിന്തുടരുന്ന തെയ്യകാവുകൾക്ക് ക്ഷേത്രങ്ങൾ എന്ന വിശേഷണം നൽകുന്ന പുതിയ പ്രവണത ഈയടുത്തകാലത്തായി ഉത്തരമലബാറിൽ വ്യാപകമായി കണ്ടുവരുന്നുണ്ട്. വൈദികാരാധനാരീതി പിന്തുടരുന്ന ക്ഷേത്രസങ്കല്പവുമായി പൊരുത്തപ്പെടാത്തതാണ് തെയ്യക്കാവുകളിലെ ആചാരങ്ങൾ. മൃഗങ്ങളെ ബലിയർപ്പിക്കുന്നത് ചില കാവുകളിലെ ഒഴിവാക്കാനാവാത്ത ആചാരമായിരുന്നു. പ്രകൃതിസ്നേഹികളുടെ എതിർപ്പുകളും സർക്കാർ നടപ്പിലാക്കിയ വന്യജീവിസംരക്ഷണനിയമവും കാരണം ആചാരത്തിൽ കാര്യമായ മാറ്റം വന്നിട്ടുണ്ട്. ഇപ്പോൾ നാമമാത്രമായി കോഴികളെ ബലിനൽകുന്ന പതിവ് നിലവിലുണ്ട്. ചില തെയ്യങ്ങൾക്ക് മദ്യവും മാംസവും നിവേദിക്കാറുണ്ട്. മദ്യവും ഇറച്ചിയും ഓണക്കമീനും ഇഷ്ടഭോജ്യമായ മുത്തപ്പൻ തെയ്യം ഏറെ പ്രസിദ്ധമാണല്ലൊ. ഇങ്ങനെയൊക്കെയുള്ള അബ്രാഹ്മണ ആചാരങ്ങൾ നടക്കുന്നതുകൊണ്ടായിരിക്കാം തെയ്യങ്ങളും തെയ്യക്കാവുകളും ഇത്രയും കാലം അതിന്റെ തന്മയത്വത്തോടെ നിലനിന്നുപോയത്.


         
അധഃസ്ഥിതർ താന്ത്രികകർമ്മങ്ങൾ നടത്തിവരുന്ന കാവുകളിൽ ബ്രാഹ്മണ തന്ത്രിമാർ സ്ഥാനം കൈയ്യടക്കിത്തുടങ്ങിയിട്ടുണ്ട്ചരിത്രബോധമില്ലായ്മയോ ആര്യ-ദ്രാവിഡ ആരാധനാസമ്പ്രദായങ്ങളുടെ പ്രത്യേകതകൾ തിരിച്ചറിയാനുള്ള സാംസ്കാരികബോധമില്ലായ്മയോ കാരണം കാവുകളുടെ നടത്തിപ്പുകാർതന്നെ കയ്യേറ്റത്തിന് വഴിയൊരുക്കിക്കൊടുക്കുന്നു. മുൻകാലങ്ങളിൽ തെയ്യക്കാവുകളിൽ ഇല്ലാത്ത ചടങ്ങുകൾ വൈദികാരാധന നടക്കുന്ന ക്ഷേത്രങ്ങളെ കൂട്ടിയിണക്കിക്കൊണ്ട് നടത്തിത്തുടങ്ങിയിട്ടുണ്ട്. അതുകാരണം ഇത്രയും കാലം ഒരു ഗ്രാമത്തിന്റെ മുഴുവൻ ഒത്തൊരുമയായിരുന്ന  തെയ്യാട്ടം ഒരു മതത്തിന്റെ മാത്രം ഉത്സവമോ ആഘോഷമോ എന്ന നിലയിലേക്ക് ചുരുക്കപ്പെടുകയാണ് ചെയ്യുന്നത്. കാലക്രമേണ തെയ്യക്കാവുകളും വൈദികാരാധനയിലേക്ക് മാറിപ്പോയേക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

         
തെയ്യത്തിന്റെ പ്രതിപുരുഷനാണ് കോമരം. വെളിച്ചപ്പാട് എന്നും പറയും. ഇവർ വ്യത്യസ്ത സമുദായങ്ങൾക്കിടയിൽ ഏതെങ്കിലും ഒരു പേരിൽ വിളിക്കപ്പെടുന്നു. കാവിന്റെ മുറ്റത്ത് തെയ്യം നൃത്തമാടുമ്പോൾ തെയ്യത്തോടൊപ്പം കോമരവും ഉറഞ്ഞുതുള്ളുന്നു. ഓരോ തെയ്യത്തിനും കോമരം എന്ന പ്രതിപുരുഷനുണ്ടാവും. തെയ്യം ഇല്ലാത്ത കാലങ്ങളിൽ സംക്രമം പോലുള്ള വിശേഷദിവസങ്ങളിൽ ഇവരാണ് തെയ്യങ്ങളെപ്പോലെ ഉറഞ്ഞാടുന്നതും ദൈവനിയോഗം നടത്തുന്നതും. 

         
എല്ലാ തെയ്യങ്ങൾക്കുമുണ്ടാവും ഒരു ആരൂഢസ്ഥാനം. അവിടെ നിന്നാണ് ആരാധനാമൂർത്തികൾ മറ്റിടങ്ങളിലേക്ക് എത്തപ്പെടുന്നത്. തെയ്യക്കോലം കെട്ടിയാടുന്നവേളയിലോ അതിനു മുന്നോടിയായോ കാവിന്റെ മുറ്റത്ത് അരങ്ങേറുന്ന തോറ്റംപാട്ടിൽ തെയ്യത്തിന്റെ ചരിത്രവും ഐതിഹ്യവും മനോഹരമായി വിവരിക്കും. ഓരോ തെയ്യത്തിനും പ്രത്യേകം പ്രത്യേകം തോറ്റംപാട്ടുകളുണ്ട്. തെയ്യസാഹിത്യം എന്നാണ് തോറ്റംപാട്ടുകളെ വിശേഷിപ്പിക്കുന്നത്. തെയ്യം ഇന്നുകാണുന്ന രൂപത്തിൽ ചിട്ടപ്പെടുത്തിയെന്ന് കരുതപ്പെടുന്ന നൂറ്റാണ്ടുകൾക്കു മുൻപ് നിലവിലുണ്ടായിരുന്ന മലയാളത്തിലാണ് തോറ്റംപാട്ടുകൾ രചിക്കപ്പെട്ടിട്ടുള്ളത്. ഓരോ തെയ്യവും രൂപം കൊണ്ട കാലത്തെ സാമൂഹ്യവ്യവസ്ഥിതിയും അക്കാലത്തെ മനുഷ്യരുടെ ജീവിതചര്യകളും മനസ്സിലാക്കാൻ തോറ്റംപാട്ടുകൾ ശ്രവിക്കുന്നതിലൂടെ സാധിക്കും. തെയ്യം സംസാരിക്കുന്നത് വടക്കേ മലബാറിൽ ഇന്ന് നിലവിലുള്ള മലയാളമല്ല. പഴയകാലത്തെ വാമൊഴിയായ മലയാളമാണ്. നൃത്തമാടികഴിഞ്ഞ തെയ്യം വിശ്വാസികൾക്ക് അനുഗ്രഹം നൽകുമ്പോഴാണ് പ്രതേക ഈണത്തിൽ സംസാരിക്കുന്നത്. ഉരിയാടുക ഇന്നാണ് ഇതിനു പറയുക. മിണ്ടുക, സംസാരിക്കുക എന്ന പദത്തിന്റെ ഗ്രാമീണ പദമാണല്ലോ ഉരിയാടൽ എന്നത്.

         
മുഖത്തെഴുത്ത്, മെയ്യെഴുത്ത്, ചമയങ്ങൾ, വേഷങ്ങൾ എല്ലാം ഓരോ തെയ്യത്തിനും വ്യത്യസ്തമാണ്. അരിപ്പൊടിചാന്ത്, ചുട്ടെടുത്ത നൂറ്, മഞ്ഞൾപൊടി, ചായില്യം, മനയോല, തുടങ്ങിയ പ്രകൃതിദത്തമായ വസ്തുക്കളാണ് മുഖത്തെഴുത്തിനും മെയ്യെഴുത്തിനും ഉപയോഗിക്കുന്നത്. ശുദ്ധജലത്തിലും വെളിച്ചെണ്ണയിലുമാണ് നിറക്കൂട്ടുകൾ ചാലിച്ചെടുക്കുന്നത്. മുഖത്തും ശരീരത്തിലും കഥകളിക്ക് ചുട്ടികുത്തുന്നതുപോലെ കലാപരമായി ചായം തേക്കുന്നതിനെയാണ് മുഖത്തെഴുത്തെന്നും മെയ്യെഴുത്തെന്നും പറയുന്നത്. തെങ്ങോലയുടെ ഈർക്കിളിന്റെ അറ്റം ചതച്ച് ബ്രഷ് രൂപത്തിലാക്കി അതുകൊണ്ടാണ് മുഖത്തെഴുതുക. വളരെയേറെ സമയം ചിലവഴിച്ച് ചെയ്യേണ്ടുന്ന ഒരു ജോലിയാണിത്. മുഖത്തെഴുതിയ തെയ്യങ്ങളെ കൂടാതെ കവുങ്ങിന്റെ പാളകൊണ്ടുള്ള പൊയ്മുഖങ്ങൾ വച്ച തെയ്യങ്ങളും പോയ്ക്കണ്ണ് വച്ച തെയ്യങ്ങളുമുണ്ട്. പൊയ്മുഖങ്ങളിലുമുണ്ടാവും ചായംകൊണ്ടുള്ള അലങ്കാരപ്പണികൾ. ഭാരം കുറഞ്ഞ മരം, കവുങ്ങ്, മുള എന്നിവയൊക്കെ ഉപയോഗിച്ചുകൊണ്ടാണ് തലയിൽ വയ്ക്കാനുള്ള തിരുമുടി നിർമ്മിക്കുന്നത്. തുണികൊണ്ടും കുരുത്തോലകൊണ്ടും, പൂക്കൾ, വെള്ളിയുടെ ആഭരണങ്ങൾ എന്നിവയൊക്കെക്കൊണ്ടാണ് തിരുമുടി അലങ്കരിക്കുന്നത്. വളപട്ടണത്തെ കളരിവാതുക്കൾ ഭഗവതിയുടെ തിരുമുടിയാണ് ഏറ്റവും ഉയരം കൂടിയത്. തുണികൊണ്ടോ കുരുത്തോല കൊണ്ടോ നിർമ്മിച്ച ഉടയാടയാണ് വസ്ത്രമായി ധരിക്കുക. തെയ്യക്കലാകാരന്മാരുടെ കലാപാടവം തെളിയിക്കുന്നതാണ് കോലം അണിഞ്ഞൊരുങ്ങുന്നതുമുതൽ കാവിന്റെ മുറ്റത്ത് നൃത്തച്ചുവടുകൾ അവസാനിച്ച് തലയിൽ നിന്നും തിരുമുടി അഴിച്ചുവച്ച് സാധാരണ മനുഷ്യനാവുന്നതുവരെയുള്ള ഓരോ മുഹൂർത്തവും. തുലാം മാസം പാത്താംതിയ്യതിയാണ് തെയ്യക്കാലം ആരംഭിക്കുന്നതായി പൊതുവെ കരുതുന്നത്. എന്നാൽ അതിനു മുൻപും ചില കാവുകളിൽ നേർച്ചയായി ചില തെയ്യങ്ങൾ കെട്ടിയാടിക്കാറുണ്ട്. ഇടവമാസം അവസാനത്തോടുകൂടി തെയ്യക്കാലം അവസാനിക്കുന്നു.

         
വളരെ ചെറുപ്രായത്തിൽ തന്നെ തെയ്യക്കോലം കെട്ടാനുള്ള പരിശീലനത്തിൽ ഏർപ്പെടുന്നവരാണിവർ. തങ്ങളുടെ കുലത്തൊഴിലാണെന്ന ബോധ്യം ഇവരെ ആത്മാർപ്പണമുള്ള കലാകാരന്മാരാക്കി മാറ്റുന്നു. മഴക്കാലത്ത് തെയ്യാട്ടങ്ങളൊന്നുമുണ്ടാവില്ല. കൂലിപ്പണിയെടുത്തും മറ്റുമാണ് മാസങ്ങളിൽ ജീവിച്ചിരുന്നത്. തെയ്യങ്ങളുടെ സാമഗ്രികൾ നന്നാക്കുന്നതും മറ്റും കാലത്താണ്. കർക്കിടകമാസമായാൽ കുട്ടിത്തെയ്യങ്ങൾ വീടുകൾ സന്ദർശിക്കുന്ന പതിവുണ്ട്. വീടുകളിലെ രോഗങ്ങൾ അകറ്റാൻ എന്നാണ് വിശ്വാസം. കൊച്ചുകുട്ടികളെ അണിയിച്ചൊരുക്കി തെയ്യമാക്കി അച്ഛന്റെയും അമ്മയുടെയും കൂടെയോ അപ്പൂപ്പന്റെയോ അമ്മാവന്റെയോ കൂടെയൊ  കുട്ടിത്തെയ്യങ്ങൾ നടന്നുപോകുന്ന മനോഹരമായ ഗ്രാമക്കാഴ്ച വളരെ അപൂർവ്വമായി മാറിയിട്ടുണ്ട്.  ഒന്നോ രണ്ടോ ദിവസം മാത്രം ഉള്ള വീടുകൾ സന്ദർശനത്തിൽ കിട്ടുന്ന അരിയും നെല്ലും കൊണ്ട് മഴക്കാലത്ത് പട്ടിണിയില്ലാതെ ജീവിക്കാൻ അവർക്കു സാധിച്ചിരുന്നു.  

         
തെയ്യങ്ങൾ കെട്ടിയാടുന്നവരുടെ ജീവിതം ദുരിതം നിറഞ്ഞതായിരുന്നു. തെയ്യക്കാലത്ത് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടായിരുന്നു അവർ ജീവിച്ചിരുന്നത്. ഇന്നും അവരുടെ അവസ്ഥക്ക് വലിയ മാറ്റമുണ്ടായെന്ന് പറയാനാവില്ല. എങ്കിലും പുതിയ തലമുറയിലെ ചിലരൊക്കെ വിദ്യാഭ്യാസം നേടി മറ്റുപല ജോലികളും സ്വീകരിക്കുന്നുണ്ട്. അങ്ങനെയുള്ളവർ വളരെ കുറച്ചുമാത്രമേയുള്ളൂ. മിക്ക തെയ്യക്കാരുടെയും കുടുംബം ഇപ്പോഴും ജീവിക്കുന്നത് തെയ്യാട്ടങ്ങളെ ആശ്രയിച്ചുതന്നെയാണ്. അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ സർക്കാർഭാഗത്തുനിന്നും ഉണ്ടാവേണ്ടിയിരിക്കുന്നു. ആധുനിക കാലത്തും താഴ്ന്ന സമുദായക്കാരെന്ന അധിക്ഷേപങ്ങൾക്ക് ഇരയാക്കപ്പെടാറുമുണ്ട് കലാകാരൻമാർ. അത്തരം സമുദായചിന്തകളൊന്നുമില്ലാതെ ഇവർക്ക് അർഹമായ ആദരവും അംഗീകാരവും നമ്മുടെ സമൂഹത്തിൽനിന്നും ലഭിക്കേണ്ടതുണ്ട്. അതോടൊപ്പം തെയ്യക്കാവുകളും തെയ്യാട്ടങ്ങളും അവയുടെ പ്രാധാന്യവും കലാമൂല്യവും ഒട്ടും നഷ്ടമാവാതെ സംരക്ഷിക്കപ്പെടുകയും വേണം. പൂർണ്ണമായും ജാതിവ്യവസ്ഥയിൽ ആചരിക്കപ്പെടുന്ന അനുഷ്ഠാനത്തെ എങ്ങനെയാണ് പുതിയ കാലത്തിനനുസരിച്ച് പരിഷ്കരിക്കേണ്ടതെന്ന ഗൗരവമായ ചിന്ത തെയ്യം കലാകാരന്മാരുടെയും കാവ് നടത്തിപ്പുകാരുടെയും വിശ്വാസികളുടെയും ഭാഗത്തുനിന്നും ഉണ്ടാവേണ്ടതാണ്. നരവംശ ശാസ്ത്രം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് തെയ്യങ്ങളുടെ ചരിത്രവും അതുമായി ബന്ധപ്പെട്ട ആചാരങ്ങളും വിശ്വാസങ്ങളും വളരെയേറെ പ്രയോജനപ്പെടുമെന്ന് കരുതുന്നു. 
*****