നേതാവിന്റെ വ്യഭിചാരകഥ വ്യാപാരിയും വ്യാപാരിയുടെ കൂട്ടിക്കൊടുപ്പുകഥ നേതാവും മാലോകരോട് വിളിച്ചു പറഞ്ഞു. പണ്ട് ഇവര്‍ ഉറ്റചങ്ങാതിമാരായിരുന്നു. പക്ഷെ, ആരോ ഒരാള്‍ കരാര്‍ ലംഘിച്ചിരിക്കുന്നു. വാര്‍ത്താനിര്‍മാതാക്കള്‍ ചായം പുരട്ടി എരിവും ചൂടും പകര്‍ന്ന് മാലോകര്‍ക്ക് മുന്നില്‍ വിളമ്പി.
മാലോകരില്‍ ചിലര്‍ മൂക്കത്തു വിരല്‍ വച്ച് കൌതുകം തൂകി. മറ്റുചിലര്‍ ''പ്ഫൂ'' എന്ന് ആട്ടി തെറിവിളിച്ചു. വേറെയും ചിലര്‍ നേതാവിന് കിട്ടിയ മഹാഭാഗ്യത്തെ കുറിച്ചോര്‍ത്ത് മനോരാജ്യത്തില്‍ മുഴുകി രതിനിര്വൃതിയടഞ്ഞു.
ഫ്ലാറ്റിലെ താമസക്കാരായ സ്തീയും പുരുഷനും മറ്റു കാര്യപരിപാടികള്‍ മാറ്റിവച്ച് സ്വീകരണമുറിയില്‍ ടെലിവിഷന്‍ മുന്നിലെ സോഫയില്‍ ഇരുന്ന് രാഷ്ട്രീയ, സാംസ്കാരിക നായകന്മാരുടെ ചര്‍ച്ചയുടെ തല്‍സമയ സംപ്രക്ഷേപണം ഏകാഗ്രതയോടെ ശ്രവിച്ചു, കണ്ടു. അടുക്കളയില്‍ നിന്ന് കുക്കറിന്റെ വിളി അവരാരും കേട്ടില്ല. പുരുഷന്റെ വൃദ്ധയായ അമ്മ ദേവീമാഹാത്മ്യം സീര്യല് കാണാനുള്ള അപേക്ഷയുമായി വന്നെങ്കിലും മകനും മരുമകളും അത് നിരസിച്ചു. വൃദ്ധ നിരാശയോടെ തന്റെ കട്ടിലില്‍ അഭയം തേടി.
എട്ടാംക്ലാസ്സുകാരിയായ മകള്‍ കിട്ടിയ അവസരത്തില്‍ അജ്ഞാതനായ യുവാവുമായി (യുവാവ് തന്നെയെന്ന് അവള് വിശ്വസിക്കുന്നു) ഇന്റര്‍നെറ്റില്‍ ചാറ്റ് ചെയ്യാന്‍ തുടങ്ങിയത് അവരറിഞ്ഞില്ല. അപ്പോള്‍ അവളുടെ അനുജന് കാര്‍ടൂണ്‍ കഥയില്‍ പ്രസംഗിക്കുന്ന നേതാവിന്റെ നഗ്നതയ്ക്ക് കാരണം അന്വേഷിച്ച് മുത്തശ്ശിയെ സമീപിച്ചു. മുത്തശ്ശി കൊച്ചുമകന്റെ ചോദ്യത്തിന് മുന്നില്‍ ഉത്തരം മുട്ടി ഗായത്രിമന്ത്രം ജപിച്ച് കിടന്നു.