കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. അമേരിക്ക ഇറാക്ക് പിടിച്ചെടുക്കുന്ന കാലം. അന്ന് ദുബായില്‍ ഞങ്ങളുടെ കൂടെ ഒരു ഇറാക്കി ജോലി ചെയ്തിരുന്നു. അയാളുടെ പേര് 'ഫാദില്‍ ഖാദിം'. സ്വന്തം ഭാര്യയേയും മക്കളെയും പ്രാണനേക്കാള്‍ ഉപരിയായി സ്നേഹിച്ചിരുന്ന നിഷ്കളങ്കനായ ഒരു മനുഷ്യന്‍. ജീവിതത്തെക്കുറിച്ചും ലോകത്തെക്കുറിച്ചും സംസാരിക്കുമ്പോഴൊക്കെ ഭാര്യയേയും മക്കളെയും കുടുംബ ബന്ധങ്ങളെയും കുറിച്ചൊക്കെ പരാമര്‍ശിക്കുക അയാള്‍ക്ക് പതിവാണ്.
ഫാദില്‍ ഖാദിമിനു ആകെ അറിയാവുന്ന ഭാഷ അറബി മാത്രമാണ്. ഞങ്ങള്‍ക്കാണെങ്കില്‍ ആര്‍ക്കും അറബി അറിയില്ല. ഞങ്ങളുടെ കൂടെ ഒരു ഗുജറാത്തിയുണ്ട്. ഫക്കീര്‍ മുഹമ്മദ് എന്നാണു പേര്. അയാള്‍ക്ക് കുറച്ചു അറബി അറിയാം. ഫാദില്‍ ഖാദിം ഞങ്ങള്‍ക്ക് മനസിലാവാന്‍ വേണ്ടി അറബിയോടൊപ്പം അയാള്‍ക്കറിയാവുന്ന ഇംഗ്ലിഷ് പദങ്ങളും പിന്നെ അറബിയോളംതന്നെ ആംഗ്യഭാഷയും ചേര്‍ത്താണ് സംസാരിക്കുക. എന്നാലും ഞങ്ങള്‍ക്ക് മനസിലാവില്ല. അപ്പോള്‍ ഫക്കീര്‍ മുഹമ്മദ് ഹിന്ദിയില്‍ തര്‍ജ്ജമ ചെയ്ത്തരും. ഞാന്‍ അയാളെ ശുണ്ഠി പിടിപ്പിക്കാന്‍ ഇംഗ്ലിഷും ഞങ്ങള്‍ക്കറിയാവുന്ന അറബിവാക്കും പിന്നെ ആംഗ്യഭാഷയും കലര്‍ത്തി എന്തെങ്കിലും പറയും. ദൈവത്തെ കുറിച്ചും ദൈവ വിശ്വാസത്തെക്കുറിച്ചും അങ്ങനെ പലതും.
ഒരിക്കല്‍ അയാളെ ശുണ്ഠി പിടിപ്പിക്കാന്‍ എനിക്കറിയാവുന്ന രീതിയില്‍ ഞാന്‍ പറഞ്ഞു. 'ഇറാഖ് മാഫി അസാദി. ഇന്ത്യ ഫീ അസാദി. അമേരിക്ക ഫീ ആസാദി.' (ഇറാഖില്‍ സ്വാതന്ത്ര്യമില്ല. ഇന്ത്യയില്‍ സ്വാതന്ത്ര്യമുണ്ട്. അമേരിക്കയില്‍ സ്വാതന്ത്ര്യമുണ്ട്.)
പതിവുപോലെ അയാള്‍ കോപാകുലനായി. അറബിയും ആംഗ്യഭാഷയും അറിയാവുന്ന ഇംഗ്ലീഷ് പദങ്ങളും കലര്‍ത്തി അയാള്‍ ചോദിച്ചു. 'ശൂ അസാദി?' അയാള്‍ കുപ്പായവും പാന്റ്സും ഉയര്‍ത്തി കാണിച്ചു. 'ശൂ അസാദി?' (എന്താണ് സ്വാതന്ത്ര്യം? തുണിയഴിച്ച് നടക്കലാണോ സ്വാതന്ത്ര്യം? എന്നാണ് അയാള്‍ ചോദിച്ചത്.)
അയാള്‍ കോപാകുലനായത് കണ്ട് ഞങ്ങള്‍ ചിരിച്ചു. അപ്പോള്‍ അയാള്‍ക്ക് മനസിലായി, മനപ്പൂര്‍വം ദേഷ്യം പിടിപ്പിക്കാന്‍ പറഞ്ഞതാണെന്ന്. ഏറെ സമയത്തിനു ശേഷം ശാന്തനായി സ്നേഹത്തോടെ കുപ്പായം പൊക്കി കാണിച്ചു. എന്നിട്ട് പറഞ്ഞു 'ഹദ മാഫി അസാദി' (ഇതല്ല സ്വാതന്ത്ര്യം).
പിന്നെ ഇറാഖിനെയും സദ്ദാംഹുസൈനെയും ഏറെ പുകഴ്ത്തി. അയാള്‍ പറഞ്ഞു-'ഞാന്‍ സദ്ദാംഹുസൈന്റെ സേനയില്‍ അംഗമാണ്. എനിക്ക് തോക്ക് ഉപയോഗിക്കാന്‍ അറിയാം. ഇറാഖിന് വേണ്ടി യുദ്ധം ചെയ്യേണ്ടി വന്നാന്‍ ഞാനും പങ്കെടുക്കും'. അയാള്‍ തന്റെ നെഞ്ചില്‍ തൊട്ടു ആവേശത്തോടെ പറഞ്ഞു.
രണ്ടു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ അയാള്‍ ഇറാഖിലേക്ക് അവധിയില്‍ പോയി.അതിനു മുന്‍പെയുള്ള ദിവസങ്ങളില്‍ ഏതൊരു പ്രവാസിയേയുംപോലെ വളരെയധികം സന്തോഷവാനായിരുന്നു. ഭാര്യയെ പറ്റിയും മക്കളെ പറ്റിയും സന്തോഷത്തോടെ സംസാരിച്ചു. പക്ഷെ ഫാദില്‍ ഖാദിം ഇറാഖില്‍ എത്തുമ്പോഴേക്കും അമേരിക്കന്‍സേന ഇറാഖ് ആക്രമിച്ചുകഴിഞ്ഞിരുന്നു.
രണ്ടു മാസത്തെ അവധിക്കാലം കഴിഞ്ഞപ്പോള്‍ അയാള്‍ തിരിച്ചു വന്നില്ല. വേണമെങ്കില്‍ പതിനഞ്ചു ദിവസം അധികം അവധിയെടുക്കാം. അതിനു മുന്‍പ് കമ്പനിയിലേക്ക് വിവരം അറിയിക്കണം. അത് അയാള്‍ അറിയിച്ചിട്ടുണ്ടായിരുന്നോ എന്നറിയില്ല. ദിവസങ്ങള്‍ പിന്നെയും കഴിഞ്ഞു. മൂന്നുമാസത്തിലും കൂടുതല്‍ ആയിട്ടുണ്ടാവും എന്ന് തോന്നുന്നു. ഒരു ദിവസം അറിഞ്ഞു, ഫാദില്‍ ഖാദിം ഇറാഖില്‍ വച്ച് യുദ്ധത്തില്‍ കൊല്ലപ്പെട്ടുവെന്ന്. ഇപ്പോഴും ചില നേരങ്ങളിലെങ്കിലും അറിയാന്‍ ആഗ്രഹിച്ചു പോവാറുണ്ട്, അയ്യാളുടെ ഭാര്യയും മക്കളും ജീവിച്ചിരിക്കുന്നുണ്ടോ? ഒരു യുദ്ധം അനാഥമാക്കിയ ഇറാഖിലെ അനേകം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമിടയില്‍? അതോ അയാളോടൊപ്പം അവരും കൊല്ലപ്പെട്ടുവോ?
***
ഇതില്‍ എഴുതിയ അറബി വാക്കില്‍ തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക.