വർത്തമാനം പത്രം, ഖത്തർ എഡീഷൻ |
ഇന്നലെ പട്ടാപ്പകൽ ആയിരുന്നു, കവലയിലെ ബസ്സ്റ്റോപ്പിൽ ആരെയോ കാത്തുനിൽക്കുകയായിരുന്ന അയാളെ ആരൊക്കെയോചേർന്ന് വെട്ടിപ്പരിക്കേൽപ്പിച്ചത്. കഴിഞ്ഞയാഴ്ച്ച ഗ്രാമത്തിന്റെ മറ്റൊരുഭാഗത്ത് നടന്ന സംഘട്ടനത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. അതിന്റെ പ്രതികാരമാണിതെന്ന് ജനങ്ങൾക്കും പോലീസിനുമറിയാം. ആ സംഘട്ടനവുമായി അയാൾക്ക് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല എന്നാണറിഞ്ഞത്. ഇന്ന് കാലത്ത് മെഡിക്കൽ കോളേജിൽവച്ച് അയാൾ മരണപ്പെട്ടു. അങ്ങനെ അയാളുടെ പാർട്ടിക്ക് ഒരു രക്തസാക്ഷികൂടിയായി. ഇനി ഗ്രാമത്തിൽ എവിടെയെങ്കിലും ഒരു സ്മാരകസ്തൂപം ഉയർന്നുവരും. കാലക്രമേണ അതും ആരാലും ശ്രദ്ധിക്കപ്പെടാതെയാവും.
കൊലപാതകത്തെക്കുറിച്ചുള്ള വാർത്തകൾ എന്തൊക്കെയാണ്! കൊലപാതകം ആരോപിക്കപ്പെടുന്ന പാർട്ടിയുടെ നേതാക്കളും പ്രവർത്തകരും പറയുന്നു. "കൊല്ലപ്പെട്ടയാൾ ഒരു ഗുണ്ടയാണ്, വ്യഭിചാരിയാണ്, ലഹരിവിൽപ്പനക്കാരനാണ്, ഏതോ ധനികന്റെ ബിനാമിയാണ്. അതിലുള്ള വ്യക്തിവൈരാഗ്യമാണത്രെ കൊലക്ക് കാരണം." ഇങ്ങനെപോയി കൊലപാതകം നടത്തിയ പാർട്ടിക്കാരുടെ വ്യാഖ്യാനങ്ങൾ. ഇങ്ങനെയൊക്കെ കേട്ട് അയാളെ അറിയാവുന്നവർ വിശ്വസിച്ചോ വിശ്വസിക്കാതെയോ ഭയം കാരണമോ നിശബ്ദത പാലിച്ചു.
അയാൾക്ക് രണ്ടു കൊച്ചു കുട്ടികളുണ്ട്. മനുഷ്യനെന്നാൽ മനുഷ്യനെത്തന്നെ വെറുതെ പകവച്ച് കൊല്ലുന്ന ജീവിയാണെന്ന് മനസിലാക്കാനുള്ള പ്രായമാവാത്ത കുട്ടികൾ. അയാളുടെ ഭാര്യ നിറയൗവനത്തിന്റെ മനസ്സും ശരീരവുമുള്ളവളാണ്. അവൾ തന്റെ വൈധവ്യത്തെ ഉൾക്കൊള്ളാനാവാതെ കുട്ടികളെ ചേർത്തുപിടിച്ചു തേങ്ങി. അമ്മയല്ലെ അവൾ ഇങ്ങനെ ആഗ്രഹിച്ചിരിക്കണം. "എന്റെ കുട്ടികളുടെ അച്ഛൻ ആളുകൾ പറയുന്നതുപോലെയൊന്നുമല്ല. എന്റെ കുട്ടികൾ അങ്ങനെയുള്ള ഒരാളിന്റെ മക്കളായി അറിയപ്പെടരുതേ..."
***