ആദ്യം പോയത് പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കായിരുന്നു. അവിടെ ക്യാമറയോ മൊബൈൽഫോണോ അകത്തേക്ക് കൊണ്ടുപോകാൻ അനുവാദമില്ലെന്നു ഗൈഡ് പറഞ്ഞതനുസരിച്ച് ഇവരണ്ടും വാഹനത്തിൽത്തന്നെ വച്ചു. അതുകൊണ്ട് അവിടുത്തെ ദൃശ്യങ്ങൾ ഒന്നും പകർത്താനായില്ല.
വൈകുന്നേരത്തോടെ കന്യാകുമാരിയിലെത്തി. അസ്തമയം കണ്ടു. ഗാന്ധിജിയുടെ ചിതാഭസ്മം സൂക്ഷിച്ചിരുന്ന സ്ഥലം ഒരു ഗാന്ധിസ്മാരകമായി സംരക്ഷിച്ചത് ആദരവോടെ ഒരു നിമിഷം നോക്കിനിന്നു. കന്യാകുമാരിദേവിയെ വണങ്ങി. പിറ്റേന്നു കാലത്ത് ഉദയം കാണാനായി നാല്പത്തിയഞ്ചു മിനുട്ടുകളോളം കാത്തുനിന്നു. പക്ഷെ, ആ സുന്ദരമായ കാഴ്ചയെ ഒരു ചെറിയ കാർമേഘം ഞങ്ങളുടെ മുന്നിൽനിന്നും മറച്ചുകളഞ്ഞു.
പിന്നെ രണ്ടുമണിക്കൂറോളം നീണ്ട ക്യൂ നിന്നതിനുശേഷം ബോട്ടിൽ വിവേകാനന്ദപ്പാറയിലേക്ക്. വിവേകാനന്ദസ്മാരകത്തിന്റെ തോട്ടപ്പുറത്തെ പാറയുടെ മുകളിൽ കരയിലേക്ക് നോക്കിനിൽക്കുന്ന തമിഴ് കവി തിരുവള്ളുവരുടെ കൂറ്റൻ ശിൽപം. രണ്ടുപാറകൾക്കുചുറ്റും അർത്തലക്കുന്ന തിരമാലകൾ... സമുദ്രത്തിന്റെ ഉപ്പുമണമുള്ള കാറ്റ്... മൂന്നു സമുദ്രങ്ങൾ ഒന്നായിമാറുന്ന നിർവൃതി...
കന്യാകുമാരിയിൽനിന്നും തിരിച്ചുവരുന്ന വഴി ആദ്യം കയറിയത് ശുചീന്ദ്രം സ്ഥാണുമാലയ പെരുമാൾ ക്ഷേത്രത്തിലാണ്. ത്രിമൂർത്തികളായ ശിവൻ, വിഷ്ണു, ബ്രഹ്മാവ് എന്നിവരെ സങ്കൽപ്പിച്ചുള്ളതാണ് ഇവിടുത്തെ പ്രതിഷ്ഠ.
ശുചീന്ദ്രത്തിനു ശേഷം പദ്മനാഭപുരം കൊട്ടാരത്തിലേക്കായിരുന്നു. കന്യാകുമാരി ജില്ലയിലാണ് ഈ കൊട്ടാരം സ്ഥിതിചെയ്യുന്നതെങ്കിലും കേരള സർക്കാരിന്റെ കൈവശമാണിത്. കേരളീയ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമായി വിശേഷിപ്പിക്കപ്പെടുന്ന ഈ കൊട്ടാരത്തിലെ ഏറ്റവും പഴക്കം ചെന്ന കെട്ടിടമാണ് തായ്ക്കൊട്ടാരം. രവിവർമ്മ കുലശേഖരപ്പെരുമാളിന്റെ കാലത്താണ് (1592 - 1610) ഈ കൊട്ടാരം പണികഴിപ്പിച്ചത്. ബാക്കിയുള്ളവ ഓരോ കാലത്തെയും ഭരണാധികാരികൾ ആതാതുകാലത്തെ ആവശ്യാനുസരണം നിർമ്മിച്ചതാണ്. ആപൽഘട്ടങ്ങളിൽ ചാരോട് കൊട്ടാരത്തിലേക്ക് രക്ഷപ്പെടാൻ നിർമ്മിച്ച തുരങ്കം കാണാൻ ആഗ്രഹമുണ്ടായിരുന്നു. അത് പക്ഷെ, ഇപ്പോൾ അടച്ചിട്ടിരിക്കുന്നതിനാൽ കാണൻ സാധിച്ചില്ല. കൊട്ടാരത്തിനകത്ത് ക്യാമറകൾ ഉപയോഗിക്കാൻ കാശ് കൊടുത്തു പാസ്സ് എടുക്കേണ്ടതുണ്ട് എന്നതിനാൽ ഫോട്ടോയും വീഡിയോയും സെൽഫിയുമൊയ്ക്കെ എടുക്കുന്നവരുടെ എണ്ണം വളരെ കുറവായിരുന്നു.