പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഒരു കടലാസിൽ ഹൃദയത്തിന്റെ ചിത്രം വരച്ചു കാണിച്ചതിനാണ് ക്ളാസിലെ പെൺകുട്ടി ടീച്ചറോട് പരാതി പറഞ്ഞതും ടീച്ചർ അവന്റെ ചെവിക്കു പിടിച്ച് ഹെഡ്മാഷിന്റെ മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയതും അവസാനം ഹെഡ്മാസ്റ്റർ അവന്റെ അച്ഛനെ സ്കൂളിലേക്ക് വിളിപ്പിച്ചതും.
ടീച്ചറിന്റെയും ഹെഡ്മാഷിന്റെയും കയ്യിൽ നിന്നും കിട്ടിയതുകൂടാതെ അച്ഛന്റെ കൈയിൽനിന്നും കിട്ടി തല്ല്. ചിത്രം വരയിൽ താല്പര്യമുണ്ടായിരുന്ന അവൻ അതിനുശേഷമാണ് മൂത്രപ്പുരയുടെ ചുമരിലും സ്കൂളിന്റ മതിലിലും ആരും കാണാതെ പരിശീലിച്ചുകൊണ്ടിരുന്ന തന്റെ ചിത്രംവര ഇനി വേണ്ട എന്ന് തീരുമാനിച്ചതും ഹൃദയത്തെതന്നെ വെറുത്തതും.
ഇപ്പോൾ ഈ സോഷ്യൽമീഡിയക്കാലത്ത് കൂട്ടുകൂടാൻ വരുന്ന പണ്ടത്തെ സഹപാഠികളായിരുന്ന സ്ത്രീകൾ ഹൃദയത്തിന്റെ ചിഹ്നം മെസ്സേജുചെയ്യുമ്പോൾ പഴയ അനുഭവം ഓർമ്മ വരികയും അവന്റെ ഹൃദയമിടിപ്പ് കൂടിവരികയും കൈ വിറക്കുകയും ചെയ്യുന്നു.
***