ഒലിവർ, അങ്ങനെയായിരുന്നു അവന്റെ പേര്. പക്ഷെ, അവന് അങ്ങനെയൊരു പേരുണ്ടായിരുന്നു എന്നത് അവനെ പരിചയമുള്ള ആർക്കും അറിയില്ല, ഒരു പക്ഷെ, അവൻ പോലും മറന്നു പോയിട്ടുണ്ടാവും. ഏയ് ഇല്ല, അവന്റെ സ്വഭാവം വച്ച് നോക്കിയാൽ അതവൻ മറക്കാൻ സാധ്യതയില്ല. ഒരു പക്ഷെ, ആഗ്രഹിക്കുന്നുണ്ടാവുമോ അങ്ങനെയൊരു വിളി കേൾക്കാൻ?
മെറൂൺ നിറമുള്ള പജീറോ മെയിൻ റോഡിലെ സിഗ്നൽ കടന്ന് വലതു വശത്തുള്ള പോക്കറ്റ് റോഡിൽ കയറി കോമ്പൗണ്ടിലേക്കുള്ള ഗേറ്റ് കടക്കുന്നത് അഞ്ചാം നിലയിലെ ഫ്ലാറ്റിൽ നിന്നും കാണാൻ സാധിക്കും. വരുന്ന സമയം അവനു കൃത്യമായി അറിയാം. ആ സമയമാവുമ്പോൾ ജാലകത്തിന്റെ വിരികൾക്കിടയിലൂടെ തലയിട്ടു ചില്ലിലൂടെ വെളിയിലേക്കു നോക്കിനിൽക്കും. കാറ് കണ്ടുകഴിഞ്ഞാൽ സന്തോഷപൂർവ്വം പ്രത്യേക ശബ്ദം ഉണ്ടാക്കിക്കൊണ്ട് ഹാളിലൂടെ ഓടി നടക്കും. ധന്യയെയും മകളെയും മുട്ടിയുരുമ്മുകയും അവരുടെ വസ്ത്രങ്ങളിൽ കടിച്ചു വലിക്കുകയും മുൻവാതിലിന്റെ മുകളിൽ മുൻകാലുകൾ വച്ച് വാതിലിന്റെ ലോക്ക് തുറക്കാനുള്ള ശ്രമം നടത്തുകയും ചെയ്യും.
മൂന്നു വർഷങ്ങൾക്കു മുൻപ് കിരണിന്റെ ബ്രിട്ടീഷ്കാരനായ ബോസ് റിച്ചാർഡ് മകളുടെ മൂന്നാം ജന്മദിനത്തിനാഘോഷത്തിന് സ്നേഹപൂർവ്വം സമ്മാനിച്ചതായിരുന്നു ആ നായക്കുട്ടിയെ. ഫ്ളാറ്റ് ജീവിതത്തിലെ ഏകാന്തതയിൽ മകൾക്ക് ഒരു കൂട്ട് ആവശ്യമാണെന്ന് കിരണിനും ധന്യക്കും തോന്നാറുണ്ടായിരുന്നു. അതിനു തൊട്ടുമുൻപത്തെ ക്രിസ്തുമസ് ദിനത്തിൽ റിച്ചാർഡും ഭാര്യ എമിലിയയും അവർക്കു നൽകിയ സൽക്കാരത്തിൽ പ്രവാസികളുടെ മക്കൾ തനിച്ചു വളരുന്നതിന്റെ പ്രയാസങ്ങളെപ്പറ്റി സംസാരിച്ചിരുന്നു. റിച്ചാർഡ് തന്നെയാണ് അവനു ഒലിവർ എന്ന പേര് നൽകിയത്. മകൾ സ്കൂളിൽനിന്നും വന്നാൽ അവരുടെ കളിക്കൂട്ടുകാരനായിരുന്നു അവൻ.
ഒലിവറിനെ തനിച്ചാക്കി അവർ എവിടെയും പോകാറുണ്ടായിരുന്നില്ല. എവിടെ പോകുമ്പോഴും കൂടെ കൂട്ടും. മകൾ എന്തെങ്കിലും തിന്നുമ്പോഴും കുടിക്കുമ്പോഴും അതിൽനിന്നും ഒരു പങ്ക് ഒലിവറിന് ഉള്ളതാണ്. ഉറങ്ങുമ്പോഴും അവൻ അവളോടൊപ്പം ഉണ്ടാവും. കിടക്കയിൽ അവൾക്കരികിൽ അവനും കിടന്നുറങ്ങും.
“ഒലിവറിനെ എന്ത് ചെയ്യും?” ധന്യ ചോദിച്ചു.
“അതാണ് ഞാനും ആലോചിക്കുന്നത്.” കിരൺ പറഞ്ഞു.
“നാട്ടിലേക്ക് കൊണ്ടുപോയാലൊ?” അവൾ ചോദിച്ചു.
“അതിന് അവന്റെ പേരിൽ പാസ്സ്പോർട്ടിന് അപ്ലൈ ചെയ്യണം.” തെല്ലുനേരം ആലോചിച്ച ശേഷം കിരൺ ചോദിച്ചു. “നമുക്കവനെ വേറെ ആർക്കെങ്കിലും കൊടുത്താലൊ? അവന് പരിചയമുള്ള നമ്മുടെ ഫ്രണ്ട്സിൽ ആർക്കെങ്കിലും”
“ആരാണ് അതിനൊക്കെ തയ്യാറാവുക?” ധന്യ സംശയം പ്രകടിപ്പിച്ചു.
പലരോടും ചോദിച്ചെങ്കിലും ആരും ഏറ്റെടുക്കാൻ തയാറായില്ല.
മറ്റു മാർഗങ്ങളൊന്നും തെളിഞ്ഞു വരാറായപ്പോൾ കിരൺ തന്നെ പറഞ്ഞു. “വേറെ ഏതെങ്കിലും വഴി ആലോചിക്കാം. മോള് അതറിയേണ്ട.”
"മ്ഉം". ധന്യ മൂളുക മാത്രം ചെയ്തു.
*** *** ***
ജൂൺ മാസത്തിലെ ചൂടിൽ ഭൂമി പൊള്ളുകയായിരുന്നു. ഇനി അധിക ദിവസങ്ങൾ ഇവിടെ ഉണ്ടാവില്ല. ധന്യയും മകളും ഇന്നലെ നാട്ടിലേക്ക് പോയി. ഏറിയാൽ ഒരാഴച. അതിൽ കൂടുതൽ കിരണും ഇവിടെ ഉണ്ടാവില്ല. കമ്പനി കടുത്ത സാമ്പത്തിക മാന്ദ്യത്തിൽ പെട്ടപ്പോൾ പ്രതീക്ഷിച്ചാണ് ഈ പിരിച്ചുവിടൽ. ഫൈനൽ സെറ്റില്മെന്റായി കിട്ടാനുള്ള കാശിനുവേണ്ടി കാത്തിരിക്കുകയാണ്. എന്തായാലും തല്ക്കാലം വേറെ ജോബിന് ശ്രമിക്കുന്നില്ല. കുറച്ചുകാലം നാട്ടിൽ നിൽക്കാമെന്ന് വിചാരിച്ചു. ഇരുപത്തിരണ്ടാമത്തെ വയസ്സിൽ എത്തിയതാണ് ഇവിടെ. പതിനഞ്ചു വർഷമായി. ഇനി കുറച്ചുകാലം നാട്ടിൽ നിന്ന ശേഷം ഒരിക്കൽകൂടി വരണം. നാട്ടിൽ എൻ.ആർ.ഇ അക്കൗണ്ടിൽ കുറച്ച് കാശുണ്ട് അതുപയോഗിച്ച് സിറ്റിയിൽ ഒരു ഫ്ളാറ്റ് വാങ്ങിക്കണം. അതിനുള്ള ഏർപ്പാട് ചെയ്യാൻ നാട്ടിലെ സുഹൃത്തുക്കളെ പറഞ്ഞേൽപ്പിച്ചിട്ടുണ്ട്.
ഫ്ളാറ്റിലെ സ്വീകരണമുറിയിലെ സോഫയിൽ ഇരിക്കുമ്പോൾ ഒരു കട്ടൻചായ കഴിക്കണമെന്നു തോന്നി. അടുക്കളയിലേക്ക് നടന്നു. സോഫയിൽ തന്നോടൊപ്പം ഇരിക്കുകയായിരുന്ന ഒലിവറും എഴുന്നേറ്റു കിരണിനോടൊപ്പം അടുക്കളയിലേക്കു നടന്നു. ചായയിട്ടു കപ്ബോർഡ് തുറന്ന് ബിസ്കറ്റ് ബോട്ടിൽ എടുത്ത് സ്വീകരണമുറിയിൽ അതെ സോഫയിൽ അതെ സ്ഥാനത്ത് ഇരുന്നു. ഫ്ളാറ്റിലെ ഫർണിച്ചറുകൾ ചിലതൊക്കെ പരിചയക്കാർ വന്നു എടുത്ത് കൊണ്ടുപോയി. ഇനിയുള്ളത് ഈ സോഫയും കട്ടിലും ഫ്രിഡ്ജും വാഷിംഗ് മെഷീനുമാണ്. അവയെല്ലാം ഒരുമിച്ച് ഫ്ലാറ്റിന്റെ ഉടമതന്നെ എടുത്തോളാമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. കാറ് വില്പനക്കെന്നു പറഞ്ഞ് ഒരു പരസ്യം ഫേസ്ബുക്കിലെ 'സെൽ ആൻഡ് ബൈ' എന്ന ഗ്രൂപ്പിൽ ഇട്ടിരുന്നു. അതിന് ഒരു മറാഠി കുടുംബം അന്വേഷിച്ചിരുന്നു. ഒരു സുഹൃത്ത് മുഖേനയാണ് അവർ അനേഷിച്ചത്. രണ്ടുമൂന്നു ദിവസങ്ങൾക്കു മുൻപ് അവർ വന്ന് കാറ് ഡ്രൈവ് ചെയ്തുനോക്കുകയൊക്കെ ചെയ്തതാണ്. ഇന്ന് അഡ്വാൻസ് തരാൻ കൂട്ടികൊണ്ടുവരുമെന്ന് ആ സുഹൃത്ത് പറഞ്ഞിരുന്നു. ആറുമണിക്ക് ശേഷം വരുമെന്നാണ് പറഞ്ഞിട്ടുള്ളത്. അവരെയും കാത്തിരിക്കുകയാണ്. ചായ കുടിക്കുന്നതിനിടയിൽ ബോട്ടിലിൽ നിന്നും ബിസ്കറ്റ് എടുത്ത് ഒലിവെറിന്റെ വായിൽ വച്ച് കൊടുത്തുകൊണ്ടിരുന്നു. ഒലിവർ അത് തിന്നുകൊണ്ട് നന്ദിയോടെ അയാളോട് ചേർന്ന് ഇരുന്നു.
കിരൺ ക്ളോക്കിലേക്ക് നോക്കി. സമയം ആറേ ഇരുപത്. അപ്പോഴാണ് കോളിങ് ബെൽ ശബ്ദിച്ചത്. പറഞ്ഞ സമയത്തുതന്നെ ആ മറാഠി കുടുംബത്തെയുംകൊണ്ട് സുഹൃത്ത് എത്തി. യുവാക്കളായ ദമ്പതികൾ. കുട്ടികളില്ല. അവർ തമ്മിലുള്ള പെരുമാറ്റം കണ്ടാലറിയാം ദാമ്പത്യജീവിതം ആരംഭിച്ചതേയുള്ളുവെന്ന്.
അവരെ കണ്ടപ്പോൾ ഒലിവർ ഒന്ന് മുരണ്ടു. കുരച്ചുകൊണ്ട് യുവതിയെ കയറിപ്പിടിച്ചു. അവൾ പേടിച്ചു നിലവിളിച്ചുകൊണ്ട് ഭർത്താവിനെ ഇറുകിപ്പുണർന്നു. കിരൺ അവനെ ശാന്തനാക്കി. കുറെ കഴിഞ്ഞ് ഒലിവർ പൂർണ്ണമായും ശാന്തനായി എന്ന് തോന്നിയപ്പോഴാണ് അവൾ ഭർത്താവിന്റെ ശരീരത്തിൽനിന്നും മുഴുവനായി വേർപെട്ടത്.
യുവാവ് ചോദിച്ചു. “സമയം പോവുന്നില്ല അല്ലെ?” ഭാര്യയും മകളും ഇല്ലാതെ ബോറടിക്കുന്നില്ലെ?”
കിരൺ ചിരിച്ചുകൊണ്ട് പറഞ്ഞു. “ദിസ് ഈസ് ഓൺലി വൺ വീക്ക്. ഐ കാൻ ഹാൻഡിൽ”
“യെസ്, യെസ്… ജസ്റ്റ് വൺ വീക്ക് ഒൺലി.” യുവാവ് തലകുലുക്കി സമ്മതിച്ചു. അയാൾ ഇതുകൂടി കൂട്ടിച്ചേർത്തു. “ദിസ് ഈസ് എ പാർട്ട് ഓഫ് ലൈഫ്.”
അവരെ കൂട്ടികൊണ്ടുവന്ന കിരണിന്റെ സുഹൃത്ത് ഒലിവറിനെ ഷേക്ഹാൻഡ് ചെയ്തു.
“ഇസ്കോ ക്യാ കരേഗ?” യുവതി ഒലിവറിനെ നോക്കിക്കൊണ്ട് ആദ്യമായി സംസാരിച്ചു.. അപ്പോഴും അവളുടെ മുഖത്തെ ഭയം പൂർണ്ണമായും വിട്ടുമാറിയിരുന്നില്ല.
“നോട്ട് ഡിസൈഡഡ് യെറ്റ്.” – കിരൺ പറഞ്ഞു.
ഒലിവർ യുവതിയെ ചുറ്റിപ്പറ്റി നടന്ന ശേഷം അവളുടെ ജീൻസിൽ മണക്കാൻ തുടങ്ങി. അവൾ ഭയന്നുകൊണ്ടു ഭർത്താവിന്റെ കൈകളിൽ ചുറ്റിപ്പിടിച്ചു അയാളോട് ചേർന്ന് നിന്നു.
കിരൺ അവനെ പിടിച്ചു മാറ്റി. ഒലിവർ യുവതിയെ നോക്കി മുരണ്ടു, വാലാട്ടിക്കൊണ്ട് അസ്വസ്ഥത പ്രകടിപ്പിച്ചു.
യുവാവ് ഭാര്യയെ നോക്കി പറഞ്ഞു. “ഹി ക്യാൻ അണ്ടർസ്റ്റാൻഡ്. ഡോൺ’ട് ടെൽ ഇൻഫ്രണ്ട് ഓഫ് ഹിം”
യുവതി. “ഓഹ്... ഓക്കേ. ഇറ്റ് ഈസ് റൈറ്റ്”
കിരൺ പറഞ്ഞു. “അവന് മനസിലായിട്ടുണ്ടെന്നു തോന്നുന്നു. എന്റെ ഒരു കൂട്ടുകാരൻ അവനെ കൊണ്ട് പോയിക്കോളും” അതയാൾ വെറുതെ പറഞ്ഞതായിരുന്നു.
“ദെൻ ഇറ്റ് ഈസ് ഗുഡ്” മറാത്തി യുവാവ് പറഞ്ഞു.
യുവതി തലയാട്ടി ഭർത്താവിനെ അനുകൂലിച്ചു. “യെസ്”
"എന്നാൽ ഇപ്പോൾ എന്തെങ്കിലും അഡ്വാൻസ് കൊടുത്തേക്ക്." സുഹൃത്തായിരുന്നു അങ്ങനെ പറഞ്ഞത്. "രണ്ടുദിവസം കഴിഞ്ഞ് ബാക്കിയുള്ള പൈസയുമായി വന്നാൽ അപ്പോൾ തന്നെ ഡോക്യുമെന്റ്സൊക്കെ നിങ്ങളുടെ പേരിലേക്ക് മാറ്റം. ഓൺലൈനിൽ പത്തുമിനുട്ടിന്റെ കാര്യമല്ലേയുള്ളു. അപ്പോൾ തന്നെ നിങ്ങൾക്ക് വണ്ടി കൊണ്ടുപോവുകയും ചെയ്യാം."
അഡ്വാൻസ് കൊടുത്ത് രണ്ടു
ദിവസം കഴിഞ്ഞ് വരാം എന്ന് പറഞ്ഞ് അവർ പോയി. അവരെ യാത്രയാക്കാൻ മുൻവാതിൽ കടന്നു കോറിഡോറിലെ ലിഫ്റ്റ് വരെ കിരണും പോയി. കിരണിന്റെ പിറകെ ഒലിവറും നടന്നു. അവർ ഒലിവറിനെ നോക്കി കൈവീശിയപ്പോൾ അവൻ വാലാട്ടി. അപ്പോഴേക്കും അവൻ അതിഥികളുമായി ഇണങ്ങിക്കഴിഞ്ഞിരുന്നു.
പിന്നെ ഫ്ലാറ്റിലേക്ക് തിരിച്ചെത്തി, അടുത്ത റസ്റ്റോറന്റിലേക്ക് രണ്ടു ബാർബിക്ക്യു ഓർഡർ ചെയ്തു കാത്തിരുന്നു. ഏകദേശം നാൽപ്പത്-നാല്പത്തിയഞ്ച് മിനുട്ട് കഴിഞ്ഞപ്പോൾ കാളിങ് ബെൽ വീണ്ടും ശബ്ദിച്ചു. ഒലിവർ വാതിലിനടുത്തേക്ക് ഓടി.
“എടാ… അത് നമുക്കുള്ള ഫുഡായിരിക്കും.” എന്ന് പറഞ്ഞ് കിരൺ വാതിൽ തുറന്നു. അത് നേരത്തെ ഓർഡർ ചെയ്ത ബാർബിക്ക്യു ആയിരുന്നു.
ഡെലിവറിബോയ് ചോദിച്ചു. “എന്തിനാണ് സർ രണ്ട് ബാർബിക്ക്യു?”
കിരൺ ഒലിവറിനെ തലോടി. “ഒന്ന് ഇവന്.”
ബാർബിക്ക്യു കഴിക്കാൻ ആവാതെ കിരൺ അയാളുടേതും ഒലിവറിന് മുന്നിലേക്ക് വച്ചുകൊടുത്തു. "എനിക്ക് വേണ്ടടാ. നീ കഴിച്ചൊ."
ഒലിവർ നന്ദിയോടെ രണ്ടു ബാർബിക്ക്യുവും തിന്നുതീർത്തു.
തിന്നുതീർന്ന ബാർബിക്ക്യുവിന്റെ അവശിഷടങ്ങൾ എടുത്തുമാറ്റുമ്പോൾ കിരൺ പറഞ്ഞു. “എടാ നമുക്കൊന്ന് കറങ്ങാൻ പോയാലോ?”
ഒലിവർ വീണ്ടും വാലാട്ടി. സന്തോഷപൂർവം കിരണിനെ മുട്ടിയുരുമ്മി.
സാധാരണ പോവാറുള്ളതുപോലെ ബീച്ചിലേക്കൊ പാർക്കിലേക്കൊ ആയിരുന്നില്ല പോയത്. കാറിന്റെ മുന്നിലെ സീറ്റ് ഒഴിവായിരുന്നു. അവിടെ ധന്യയായിരുന്നു ഇരിക്കാറ്. പിന്നിലെ സീറ്റിൽ മകളും ഒലിവറും. ഇത്തവണ ധന്യ ഇല്ലാത്തതുകൊണ്ട് ഒലിവർ മുന്നിലെ സീറ്റിൽ ഇരുന്നുകൊണ്ട് യാത്ര ആസ്വദിച്ചു.
ചുവപ്പു ലൈറ്റ് കത്തിയ ഒരു സിഗ്നലിൽ പച്ച ലൈറ്റ് കത്താൻ കാത്തുനിന്നപ്പോൾ കിരൺ ഒലിവറിനെ ചേർത്തുപിടിച്ചു പറഞ്ഞു. "എടാ രണ്ടുദിവസംകൂടിയെ ഈ കാറ് നമുക്കുള്ളൂ. രണ്ടുദിവസം കഴിഞ്ഞാൽ ഇത് നമ്മുടേതല്ല. ഇതാണ് നമ്മുടെ അവസാനത്തെ യാത്ര. നന്നായി ആസ്വദിച്ചൊ."
ഇൻഡസ്ട്രിയൽ ഏരിയയിലെ ലേബർ ക്യാമ്പിന് അടുത്തെത്തിയപ്പോൾ ക്യാമ്പിൽ താമസിക്കുന്ന സഹപാഠിയെ വിളിച്ചു. അയാൾ വന്നു. ഒലിവർ കാറിനകത്തിരുന്നു. കിരൺ വെളിയിൽ കാറിനോട് ചാരി നിന്നുകൊണ്ട് അരമണിക്കൂറോളും സംസാരിച്ചു. യാത്ര പറഞ്ഞു പിരിഞ്ഞു. കാറ് വന്യമായ മരുഭൂമിക്ക് നടുവിലൂടെയുള്ള പാതയിലൂടെ ഓടിക്കൊണ്ടിരുന്നു. ഒലിവറിന് പരിചിതമല്ലാത്ത സ്ഥലമായിരുന്നു അത്. ഒരിടത്ത് എത്തിയപ്പോൾ കാറ് നിർത്തി. കിരൺ പുറത്തിറങ്ങി, ഒലിവറും. ഒലിവർ കിരണിനെ ചുറ്റിപ്പറ്റി നിന്നു. ജനവാസമില്ലാത്ത പ്രദേശമായതിനാൽ തെരുവുവിളക്കുകൾ കുറവായിരുന്നു. സാധാരണ പാതയോരത്തുള്ളതുപോലെ വൈദ്യുതി കാലുകൾ അടുത്തടുത്ത് ഉണ്ടായിരുന്നില്ല. അതുവഴി വാഹനങ്ങൾ വളരെ അപൂർവ്വമായേ പോവാറുണ്ടായിരുന്നുള്ളു. കൂടുതലും സ്വദേശികളായ അറബികൾ മാത്രം അവരുടെ ഒട്ടകങ്ങളുടെയും മറ്റു കന്നുകാലികളുടെയും ഫാമുകളിലേക്കും ഈന്തപ്പനത്തോട്ടങ്ങളിലേക്കും പോകുന്നവർ.
എതിരെ വന്ന ഒരു അറബി വംശജൻ തന്റെ ലാൻഡ്ക്രൂയിസർ നിർത്തി ചോദിച്ചു. “എന്തുപറ്റി?"
കിരൺ പറഞ്ഞു. “ഒന്നുമില്ല. ഹെഡ്ലൈറ്റിന് ബ്രൈറ്റ്നസ്സ് കുറവുള്ളതുപോലെ തോന്നി.”
"എന്തെങ്കിലും സഹായം ആവശ്യമുണ്ടോ?” അറബി വംശജൻ ചോദിച്ചു.
കിരൺ പറഞ്ഞു. "വേണ്ട." ഒപ്പം അയാൾക്ക് നന്ദിയും പറഞ്ഞു.
"ഓക്കേ, ബൈ" എന്ന് പറഞ്ഞ് അയാൾ പോയി.
ഒലിവർ കാറിന്റെ ടയറിൽ മൂത്രമൊഴിച്ചപ്പോൾ കിരൺ അവനെ ശാസിച്ചു. "ദൂരെ പോയി മൂത്രമൊഴിക്കെടാ." എന്ന് പറഞ്ഞ് ആദ്യമായി അവനെ കാലുകൊണ്ട് തൊഴിച്ചു.
ഒലിവർ റോഡിൽനിന്നും മണലിലേക്ക് ഇറങ്ങി. ദൂരേക്ക് പോയി പിണക്കം നടിച്ചുകൊണ്ട് നിലത്ത് കിടന്നു. പകൽ നേരത്തെ വെയിലിന്റെ ചൂട് മണലിൽ നിന്നും പൂർണ്ണമായും വിട്ടുപോവാത്തതുകൊണ്ടായിരിക്കണം അവൻ കിടന്നിടത്തുനിന്നും എഴുന്നേറ്റ് നിന്നത്. ആ സമയം കിരൺ തിരിച്ച് കാറിൽ കയറി വാതിലടച്ചു. ഒലിവർ ഓടിവന്ന് അകത്തു കയറാനായി തിടുക്കം കൂട്ടി. കിരൺ കാറ് സ്റ്റാർട്ട് ചെയ്ത് ഹെഡ്ലൈറ്റ് ഓൺ ചെയ്യുകയും ഓഫ് ചെയ്യുകയും ചെയ്തുകൊണ്ട് സാവധാനം മുന്നോട്ട് എടുത്തു. പിന്നെ വേഗത കൂട്ടി. ഒലിവർ പിന്നാലെ ഓടി. അവന് കാറിനൊപ്പം എത്താൻ സാധിച്ചില്ല. അവൻ ഓടിയോടി തളർന്നു. ആ വന്യമായ മരുഭൂമിയിൽ വഴിയറിയാതെ അലഞ്ഞു. അലച്ചിലിനൊടുവിൽ ഇൻഡസ്ട്രിയൽ ഏരിയയിലെ അവനു പരിചിതമല്ലാത്ത ഒരു തെരുവിൽ എത്തിപ്പെട്ടു. പുതിയ കൂട്ടുകാരെ കിട്ടി. അവരെ പോലെ തന്നെ അവനും ശരീരം മുഴുവൻ മണ്ണും ചെളിയും പുരണ്ട് അലഞ്ഞു നടന്നു. മുൻപ് ഉണ്ടായിരുന്ന സൗന്ദര്യം നശിച്ചുപോയിരിക്കുന്നു. അച്ചടക്കം ഇല്ലാതായി. മറ്റുള്ള ആൺപട്ടികളുമായി കൂടെയുള്ള പെൺപട്ടിക്കുവേണ്ടി കടിപിടി കൂടി. പെൺപെട്ടിയുമായി ഇണചേരുമ്പോൾ ക്രൂരനായ മനുഷ്യന്റെ ഏറുകൊണ്ട് കാലിനു മുറിവേറ്റു. ശരീരത്തിൽ ആക്രമിക്കപ്പെട്ട മുറിവുകളിൽ രോമങ്ങൾ രക്തത്തോടൊപ്പം പറ്റിനിന്നത് അവനിൽ അസ്വസ്ഥതയുണ്ടാക്കി. എങ്കിലും അവന്റെ ഓർമ്മ നശിച്ചിരുന്നില്ല. മെറൂൺ നിറമുള്ള കാറുകൾ കാണുമ്പോഴൊക്കെ കുരച്ചുകൊണ്ട് മുറിവേറ്റ കാലുമായി മുടന്തിക്കൊണ്ട് കാറിനു പിന്നാലെ ഓടി പരാജയപ്പെട്ടുകൊണ്ടിരുന്നു.
*** *** ***
കേരളത്തിൽ ഒരു നഗരത്തിലെ
വില കൊടുത്തു വാങ്ങിയ ഫ്ളാറ്റിൽ കിരണും ധന്യയും മകളും. ഒലിവറിന്റെ അസാന്നിധ്യം കാരണം മകളിൽ മാനസികമായ അസ്വസ്ഥകൾ പ്രകടമായിത്തുടങ്ങിയിരുന്നു. അവനായിരുന്നല്ലോ അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരൻ.
അവൾ ഇടക്കിടെ ചോദിക്കുന്നു. “പാപ്പാ ഒലിവറിനെ എന്തേ കൊണ്ട് വരാഞ്ഞത്? അവൻ ഇപ്പോൾ അവിടെ തനിച്ച് എന്ത് ചെയ്യുകയാവും?”
ആദ്യമൊക്കെ അവളെ ചില നുണകൾ പറഞ്ഞു സമാധാനിപ്പിച്ചു. പിന്നെ പറയുന്ന നുണകൾ ഫലിക്കാതായിരിക്കുന്നു. അവളിപ്പോൾ ഒരു സൈക്യാട്രിസ്റ്റിന്റെ ചികിത്സയിലാണ്.
ധന്യ കിരണിനോട് പറഞ്ഞു. “നമുക്കൊരു നായക്കുട്ടിയെ വാങ്ങണം.”
കിരൺ പറഞ്ഞു. “വാങ്ങാം” അയാൾക്കും ആ ആശയം തോന്നിത്തുടങ്ങിയിരുന്നു. “അതിന് ഒലിവർ എന്ന് പേരിടണം”
***