തൊണ്ണൂറു വയസുള്ള ഗോവിന്ദൻ നമ്പ്യാർ ചാരുകസേരയിലിരുന്ന് മുന്നിൽ ഇരിക്കുന്ന ഇളം തലമുറയിൽപെട്ടവരോട് പറഞ്ഞു. “അന്ന് ഓണം എന്ന് വച്ചാൽ ദാനധർമ്മങ്ങളുടെ കാലമായിരുന്നു. ഈ നാട്ടിലെ താഴ്ന്ന ജാതിക്കാർക്കെല്ലാം സദ്യ നൽകിയ തറവാടായിരുന്നു, നമ്മുടേത്. ഞങ്ങൾ കുട്ടികൾക്ക് ഒരു ഉത്സവമായിരുന്നു. ഞങ്ങളുടെ പാടത്ത് ജോലി ചെയ്യുന്നവരുടെ മക്കൾ എന്റെയൊക്കെ പ്രായത്തിലുള്ള ആൺകുട്ടികളും പെൺകുട്ടികളും എല്ലാവരും ഞങ്ങൾ നൽകുന്ന സദ്യക്കായി വീടിന്റെ വളപ്പിൽ കാത്തുനിൽക്കാറുണ്ടായിരുന്നു. ഞങ്ങൾക്ക് അതൊക്കെ ഒരു അഭിമാനമായിരുന്നു.”
ഗോവിന്ദൻ നമ്പ്യാരുടെ അതേ പ്രായമുള്ള പൊക്കൻ അയാളുടെ ഇളം തലമുറയിൽപ്പെട്ടവരോട് പറഞ്ഞു. “അക്കാലത്തെ ഓണം ഞങ്ങൾക്കൊക്കെ ചോറ് തിന്നാനുള്ള ദിവസമായിരുന്നു. ബാക്കിയുള്ള ദിവസങ്ങളിൽ കഞ്ഞിയോ കഞ്ഞിവെള്ളമോ എന്തെങ്കിലും കിഴങ്ങുകളോ മാത്രമേ ആഹാരമായി ഉണ്ടാവാറുള്ളു. ജന്മിയുടെ വീടിന്റെ വളപ്പിൽ വെറും മണ്ണിൽ ഞങ്ങൾ താണ ജാതിക്കാരെല്ലാരും ഇരിക്കും. വാഴയിലയിലോ ഉപ്പില ചപ്പിലൊ പാളയിലോ ആണ് ചോറ് വിളമ്പിത്തരുക. അത് തിന്നുമ്പോഴാണ് ഞങ്ങളുടെ മനസ്സ് നിറയുക. ഞങ്ങളുടെ അച്ഛന്റെയും അമ്മയുടെയും അദ്ധ്വാനത്തിന്റെ ഫലം ഞങ്ങൾ രുചിച്ചറിയുന്നത് അന്നായിരുന്നു. നെല്ലെല്ലാം അവരുടെ പത്തായത്തിലല്ലെ?! ചിലപ്പോൾ ചോറ് തരൂല്ല. നെല്ല് കുത്തി അരിയാക്കിക്കൊടുത്താൽ കൊറച്ച് നെല്ലൊ അരിയൊ ഞങ്ങൾക്കും തരും. അത് വീട്ടിൽ കൊണ്ടുവന്ന് ചോറ് വെക്കണം. അതായിരുന്നു ഞങ്ങളുടെ ഓണം.” ***