Kharaaksharangal - kkanakambaran.blogspot.com - Part of kharaaksharangal.blogspot.com

ചൊവ്വാഴ്ച, മേയ് 10, 2016

ഇരുട്ട്

"അറബിപ്പെണ്ണിന്റെ നിറം മങ്ങിപ്പോയിട്ടുണ്ട് ഇരുപത്തിയേഴുദിവസംകൊണ്ട്."

അതിന് മറുപടി പറയാതെ ക്രിസ്റ്റഫറിന്റെ ആലിംഗനം കൊതിച്ച് മെഹറിൻ അവന്റെ അരികിലേക്ക് ചേർന്നിരുന്നു. രണ്ടുദിവസംമുൻപ് കണ്ട താജ്മഹലിന്റെ പ്രണയവിസ്മയത്തിലായിരുന്നു അവളപ്പോഴും. സന്ധ്യ കഴിഞ്ഞിരുന്നു. എങ്കിലും നല്ല നിലാവുണ്ട്. നഗരത്തിലെ വൈദ്യുതിവിളക്കുകൾകൂടി തെളിഞ്ഞപ്പോൾ കായൽപ്പരപ്പിലെ ഓളങ്ങൾക്ക് സ്വർണ്ണനിറം.

"നമുക്ക് പോകാം" - അവൻ അവളുടെ ശരീരത്തിൽ ചുറ്റിയ കൈ പിൻവലിച്ചുകൊണ്ട് പറഞ്ഞു.

അവർ എഴുന്നേറ്റ് ഹോട്ടൽമുറിയിലേക്ക് നടന്നു.

              ഹോട്ടൽമുറിയിലെ സീലിങ്ങിലേക്കും വാൾപാനലിലേക്കും അലസമായി മിഴികൾ പായിച്ച് ക്രിസ്റ്റഫറിനെ നോക്കി ഒരു കുസൃതിച്ചിരി ചിരിച്ച് ഡോർ തുറന്ന് മെഹറിൻ ബാൽക്കണിയിലേക്ക് കടന്നു. പിന്നാലെ ക്രിസ്റ്റഫറും. ഇംഗ്ലീഷ് അക്ഷരമാലയിലെ 'എൽ' (L) ആകൃതിയിലുള്ള ബാൽക്കണിയിൽനിന്നും നോക്കിയാൽ കാണാൻ സാധിക്കുന്നത് ഒരറ്റത്ത് കായലും അതിനപ്പുറത്ത് അറബിക്കടലും മറ്റേ അറ്റത്ത്‌ കായലുകൾ മുറിച്ചുകടന്നെത്തിയ റെയിൽപ്പാളങ്ങൾ നിവർന്നുകിടക്കുന്ന നഗരവുമാണ്. പലരൂപത്തിൽ നിലാവ് ചിതറിക്കിടക്കുന്നുണ്ടായിരുന്നു.  ഒരു മരത്തിന്റെ ചില്ലകൾക്കിടയിലൂടെ ദൃശ്യമാവുന്ന നഗരത്തിലെ ഓടുമേഞ്ഞ പഴയ കെട്ടിടത്തിൽനിന്നുള്ള വൈദ്യുതിവെളിച്ചത്തെ മറച്ചുകൊണ്ട്‌ ഒരു തീവണ്ടി കടന്നുപോയി. അത് അല്പം ദൂരെയുള്ള, എന്നാൽ ബാൽക്കണിയിൽനിന്നും വ്യക്തമായി കാണാൻ സാധിക്കുന്നതുമായ സ്റ്റേഷനിൽ ചെന്നുനിന്നു. യാത്രക്കാർ ധാരാളമുണ്ടായിരുന്നു. റെയിവേസ്റ്റേഷനിലെ ആൾക്കൂട്ടത്തിനിടയിൽ സംഭവിച്ചേക്കാവുന്ന ബോംബ്‌സ്ഫോടനത്തെക്കുറിച്ചായിരുന്നു അപ്പോൾ അവൾ ചിന്തിച്ചുപോയത്. 

"യാ...അള്ളാ..." - മെഹറിൻ അറിയാതെ നെഞ്ചത്ത് കൈവച്ചുകൊണ്ട് പറഞ്ഞുപോയി.

ബസ്രയിലെ ആൾക്കൂട്ടങ്ങൾക്കിടയിൽ സംഭവിക്കാറുള്ള സ്ഫോടനങ്ങളുടെയും ജനങ്ങളുടെ നിലവിളികളുടെയും വിട്ടുമാറാത്ത ഓർമ്മകൾ കാരണമാവാം അവളുടെ മനസ്സിലൂടെ അങ്ങനെയൊരു ചിന്ത കടന്നുപോയത്. 

"ഏതുഭാഗത്താണ് എന്റെ ഇറാഖ്?" - അവൾ ചോദിച്ചു.
കായലിനും കടലിനുമപ്പുറം അപൂർണ്ണവൃത്താകാരത്തിലുള്ള ചന്ദ്രൻ താഴ്ന്നുകൊണ്ടിരിക്കുന്നിടത്തുനിന്നും അല്പം വലതുവശത്തേക്ക് വിരൽ ചൂണ്ടി ക്രിസ്റ്റഫർ പറഞ്ഞു - "ഏതാണ്ട് ആ ഭാഗത്തായിട്ടുവരും." അവൻ അവളോട് ചേർന്നുനിന്നു.
അവളെ കൂടുതൽ ചേർത്ത്പിടിച്ചുകൊണ്ട് ചോദിച്ചു - "നല്ല ഭംഗിയുണ്ടല്ലേ രാത്രിയുടെ ഈ കാഴ്ചയ്ക്ക്?"
മാറിടങ്ങളെ സ്പർശിക്കുന്ന അവന്റെ വിരലുകൾക്ക് സൗകര്യമാവുന്നതരത്തിൽ നിന്നുകൊണ്ട് അവൾ പറഞ്ഞു - "വിനോദസഞ്ചാരികളെ ആകർഷിക്കാൻ പറയുന്നതാണെങ്കിലും കാഴ്ച്ചയിൽ ശരിക്കും ദൈവത്തിന്റെ നാടുതന്നെ."

ഏതാനും മാസങ്ങൾക്ക്മുന്നെയുള്ള ഒരു ശനിയാഴ്ച്ച. മാഞ്ചസ്റ്ററിലെ സായാഹ്നത്തിൽ എന്നും കണ്ടുമുട്ടാറുള്ള പാർക്കിൽവച്ച് അവൾ സംശയം പങ്കുവച്ചു - "എങ്ങനെയാണ് ഇന്ത്യക്കാർ ഇത്ര സൗഹൃദത്തോടെ ജീവിക്കുന്നത്? എത്ര മതങ്ങളും എന്തെല്ലാം ആചാരങ്ങളുമാണ്! ജാതികളും ഉപജാതികളും  വേറെയും. അവർക്കെല്ലാം വ്യത്യസ്ഥമായ ആചാരങ്ങളും! ഇറാഖിൽ ഒരു മതം മാത്രമായിട്ടും..."

വലിയ പ്രശസ്തിയൊന്നുമില്ലാത്ത ഏതോ ബ്രിട്ടീഷ് ഫെമിനിസ്റ്റ് ബ്ലോഗെഴുത്തുകാരിയുടെ ഇന്ത്യൻസംസ്കാരത്തെക്കുറിച്ചുള്ള പുസ്തകം വായിച്ചു കൊണ്ടിരിക്കുകയായിരുന്ന നാളുകളായിരുന്നു അത്.  

"മതവും ആചാരങ്ങളുമായിരുന്നു ശരിയെങ്കിൽ ലോകം എന്നേ നന്നാകുമായിരുന്നു. "
ക്രിസ്റ്റഫറിന്റെ അഭിപ്രായം കേട്ട് അൽപനേരം മൗനമായി ഇരുന്ന ശേഷം - "എനിക്കും നിനക്കും ഒരേ ചിന്തയാണല്ലോ ക്രിസ്റ്റഫർ. പക്ഷെ, നീ അംഗീകരിക്കുമോ? ഇന്ത്യയിലായാലും ഇറാഖിലായാലും ലോകത്തെവിടെയായാലും ചൂഷണം ചെയ്യപ്പെടുന്നത് ഞങ്ങൾ സ്ത്രീകൾതന്നെയാണ്."

ആ പുസ്തകം വായിച്ചുകഴിഞ്ഞപ്പോൾ അവൾ പറഞ്ഞു - "എനിക്കൊന്ന് കാണണം നിന്റെ ഇന്ത്യയെ"
"എന്റെ ഇന്ത്യയോ? അവൻ നെറ്റിചുളിച്ചു കൊണ്ട് ചോദിച്ചു.
അവൾ തിരുത്തി - "അല്ല. നിന്റെ മുത്തച്ഛന്റെയും അച്ഛന്റെയും ഇന്ത്യ, അഹിംസാവാദിയായ ഗാന്ധിയെ കൊന്ന ഇന്ത്യ, ദൈവത്തിന്റെ കേരളം, അശോകന്റെ പാടലീപുത്രം, മുംതാസിന്റെ താജ്മഹൽ..."
ബാൽക്കണിയിൽനിന്നും മുറിയിലേക്ക് കടന്നശേഷം തിരിഞ്ഞുനിന്ന് ബാൽക്കണിയിൽതന്നെ നിൽക്കുകയായിരുന്ന ക്രിസ്റ്റഫറിനെ നോക്കി അവൾ ചോദിച്ചു - "നമുക്ക് നിന്റെ അച്ഛനെ കണ്ടുപിടിക്കേണ്ടേ? ഇവിടെയുള്ള ബന്ധുക്കളെക്കുറിച്ച് അന്വേഷിക്കേണ്ടേ?"
"ഞാൻ പറഞ്ഞിരുന്നു ഇവിടെ എനിക്കാരെയുമറിയില്ലെന്ന്"
ആ വിഷയത്തിൽ അതിൽക്കൂടുതൽ സംസാരിക്കാൻ രണ്ടുപേരും താൽപര്യം കാണിച്ചില്ല.

       വർഷങ്ങൾക്കുമുൻപ് ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരായിരുന്നു ക്രിസ്റ്റഫറിന്റെ അമ്മ മാർത്തയുടെ മുത്തച്ഛനും മുത്തശ്ശിയും.  ഇന്ത്യയിലെ ഭരണം അവസാനിപ്പിച്ച് തിരിച്ചുപോയ ബ്രിട്ടീഷ്കാരോടൊപ്പം മാർഗ്ഗംകൂടി അവരുടെ കുടുംബവും ചേർന്നു. കണ്ണൂരിലെ ബർണ്ണശേരിയിലുള്ള ബ്രിട്ടീഷ് സൈനികക്യാമ്പിൽ തൂപ്പുജോലിയും മറ്റും ചെയ്താണ് അവർ ജീവിച്ചിരുന്നത്. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ എത്തിച്ചുകൊടുക്കുക എന്ന ചാരപ്പണിയും. സ്വാതന്ത്ര്യവും സോഷ്യലിസവും പറഞ്ഞുനടന്നിരുന്ന ഖദർധാരികൾപോലും താഴ്ന്ന ജാതിയെന്ന് വിളിച്ച് അയിത്തം കല്പിച്ചിരുന്നതിനാൽ സമൂഹത്തിലെ ഒരു വിഭാഗം വിശപ്പടക്കാൻ എവിടെ പോകാനും എന്തുജോലി ചെയ്യാനും ഏത് വിശ്വാസം സ്വീകരിക്കാനും തയ്യാറായ കാലമാണ്. അവർ ഇംഗ്ലണ്ടിലേക്ക് കുടിയേറുമ്പോൾ മാർത്തയുടെ അച്ഛൻ വളരെ ചെറിയ കുട്ടിയായിരുന്നു. അഞ്ചോ ആറോ വയസ്സ്. ആ കുട്ടിയുടെ കണ്ണുകൾ ഏതോ ഇംഗ്ലീഷ് സൈനികന്റെ കണ്ണുകൾപോലെയായിരുന്നു. നിറം പക്ഷെ, അച്ഛന്റെയോ അമ്മയുടെയോ വെള്ളക്കാരന്റെയോ പോലെയായിരുന്നില്ല. വർഷങ്ങൾക്കുശേഷം കുട്ടി യുവാവായപ്പോൾ തന്നെക്കാൾ പ്രായമുള്ള മദാമ്മയിൽ ഒരു പെൺകുഞ്ഞ് പിറന്നു, മാർത്ത.  അവൾ വളർന്നു. കാഴ്ച്ചയിലും നടത്തത്തിലും ഒരു മദാമ്മ തന്നെ. അപ്പോഴേക്കും പക്ഷെ, അവളുടെ അമ്മ മരിച്ചുപോയിരുന്നു.

          ആയിടയ്ക്കാണ് ക്രിസ്റ്റഫറിന്റെ അച്ഛൻ ജോസഫ് ജോലി അന്വേഷിച്ച് മാഞ്ചസ്റ്ററിൽ എത്തുന്നത്. ഇപ്പോൾ മാർത്ത നടത്തുന്ന കോഫീഷോപ്പിന്റെ ഉടമ മാർത്തയുടെ അച്ഛനായിരുന്നു. അവിടുത്തെ സ്ഥിരം സന്ദർശകനായിരുന്ന മലയാളിചെറുപ്പക്കാരനെ കാണുമ്പോഴൊക്കെ അവ്യക്തമായ കുട്ടിക്കാലം (കൂടുതലും കേട്ടറിവുള്ളത്) മാർത്തയുടെ അച്ഛന്റെ മനസ്സിൽ തെളിഞ്ഞുവന്നു. പ്രത്യേകിച്ച് ചെറുപ്പക്കാരൻ മലബാറുകാരനാണെന്നറിഞ്ഞപ്പോൾ. മാർത്തയും ജോസഫും പക്ഷെ, യൗവനത്തിന്റെ ആസക്തിയിലായിരുന്നു.

"നീയൊരിക്കൽ ഇന്ത്യയിൽ പോകണം. നിന്റെ അച്ഛനെ കണ്ടുപിടിക്കണം" - മാർത്ത പറയാറുണ്ട്‌.
അപ്പോൾ അവൻ ദേഷ്യപ്പെടും - "ഇല്ല. നമ്മളെ വേണ്ടാത്തയാളെ എന്തിന് തേടിപ്പോകണം?"
വീണ്ടും നിർബന്ധിക്കും. എന്നിട്ട് ചോദിക്കും - "നിനക്ക് ഓർമ്മയുണ്ടോ അച്ഛന്റെ മുഖം?"
പിന്നെ കലഹം തുടങ്ങും. അവൻ പൊട്ടിത്തെറിക്കും.
"ഇവിടുത്തെ കോഫിയിലും ചായയിലും ഉണ്ടായിരുന്നതിനേക്കാൾ മധുരം അമ്മയ്ക്കുണ്ടായിരുന്നിരിക്കണം. അതിന്റെ അടയാളമാണല്ലൊ ഞാൻ" - ഒരിക്കൽ കോഫീഷോപ്പിൽ ഇരിക്കുന്ന എല്ലാവരും കേൾക്കെ ഇങ്ങനെ പറഞ്ഞുകൊണ്ട് ദേഷ്യത്തിൽ ഇറങ്ങിപ്പോയതാണ് ക്രിസ്റ്റഫർ. രണ്ടാഴ്ച്ചത്തേക്ക് വീട്ടിലേക്കൊ കോഫീഷോപ്പിലേക്കൊ തിരിച്ചുപോയില്ല. അക്കാലത്ത് അലഞ്ഞുനടക്കുന്നതിനിടയിലാണ് പാർക്കിൽവച്ച് ആദ്യമായി മെഹറിനെ കാണുന്നത്.

        തന്റെ മകന്റെ കൂട്ടുകാരിയാണെന്നറിഞ്ഞപ്പോൾ കൂട്ടിന് ഒരാളെ കിട്ടിയല്ലൊയെന്ന സമാധാനവും സന്തോഷവും മാർത്തയ്ക്കുണ്ടായിരുന്നു. മെഹറിൻ ഇടയ്ക്കിടെ കോഫീഷോപ്പിൽ പോയി അവർക്ക് കൂട്ടിരിക്കാറുണ്ടായിരുന്നു.

"ജോസഫ് തിരിച്ചുവരില്ലെന്ന തോന്നൽ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നുവെങ്കിൽ പോകാൻ ഞാൻ സമ്മതിക്കില്ലായിരുന്നു" - മാർത്ത നെടുവീർപ്പിട്ടു.
അന്നവൾ അവർക്ക് വാക്കുകൊടുത്തതാണ് - "ഞാനവനെ പറഞ്ഞ് സമ്മതിപ്പിക്കും"

അതുകൂടിയായിരുന്നു മെഹറിന്റെ ഈ യാത്രയുടെ ഉദ്ദേശ്യം.

"നമുക്ക് നിന്റെ അച്ഛനെ കണ്ടുപിടിക്കണ്ടേ ക്രിസ്റ്റഫർ?" - പിറ്റേന്ന് കാലത്ത് ഹോട്ടൽമുറിയിലെ കിടക്കയിൽ തന്റെ ദേഹത്തെ ചുറ്റിയ കൈ എടുത്തുമാറ്റിക്കൊണ്ട് തലേദിവസത്തെ ചോദ്യം ആവർത്തിച്ചു.
"വേണ്ട. അത് മറന്നേക്കു" - ക്രിസ്റ്റഫർ താല്പര്യമില്ലാത്തപോലെ തിരിഞ്ഞു കിടന്നുകൊണ്ട് തുടർന്നു - "ഇനി നമുക്ക് അതിനൊന്നും സമയമില്ല. മറന്നൊ? നാളെയാണ് തിരിച്ചുപോകേണ്ടത്. വൈകുന്നേരം കൊച്ചിയിൽനിന്നും ദില്ലിയിലേക്ക്. രാത്രിയിൽ ദില്ലിയിൽനിന്നും നമ്മുടെ പ്രിയപ്പെട്ട മാഞ്ചസ്റ്ററിലേക്ക്."

മാർത്തയ്ക്ക് കൊടുത്ത വാക്ക് പാലിക്കാൻ സാധിക്കാത്തതിൽ അവൾക്ക് കുറ്റബോധം തോന്നി. ഒപ്പം മനസ്സിലേക്ക് ഇറാഖിന്റെ ഓർമ്മകൾ തികട്ടിവന്നു. ഒരിക്കൽ അവിടെയും പോകണം. അവൾ ചിന്തിച്ചു. എനിക്കറിയാവുന്ന എന്നെ തിരിച്ചറിയാവുന്ന ആരെങ്കിലും അവിടെയുണ്ടാവുമൊ? ബസ്രയും ബാഗ്ദാദും എങ്ങനെയിരിക്കുന്നുണ്ടാവും? യുദ്ധത്തിൽ തകർന്നടിഞ്ഞുപോയ പ്രതാപങ്ങൾ വീണ്ടെടുത്തിട്ടുണ്ടാവുമൊ? ഒന്നുറപ്പാണ്, യൂഫ്രട്ടീസും ടൈഗ്രീസും ബസ്രയിലൂടെ തമ്മിൽ പുണർന്നൊഴുക്കുന്നുണ്ടാവും ഇപ്പോഴും, വളരുകയും ക്ഷയിക്കുകയും ചെയ്ത മനുഷ്യസംസ്കൃതികളുടെ ഓർമ്മകളും പങ്കുവച്ചുകൊണ്ട്. കണ്ണുകളിലെ നനവ്‌ കൈകൾകൊണ്ട് തുടച്ചുകളഞ്ഞ് എഴുന്നേറ്റ് ബാൽക്കണിയിൽ പോയി ദൃശ്യമാവാത്ത ഇറാഖിലേക്ക് നോക്കി. ദൂരെ കായലിനെ സ്വീകരിക്കുന്ന കടലിനെ അല്ലാതെ മറ്റൊന്നും കണ്ടില്ല.

          സദ്ദാംഹുസൈനിനെ അവളുടെ വീട്ടുകാർക്ക് ഇഷ്ടമായിരുന്നില്ല. മാതാപിതാക്കൾ രഹസ്യമായി കുറ്റപ്പെടുത്തുന്നത് കേട്ടിട്ടുണ്ട്. പരസ്യമായി പറയാൻ ഭയമായിരുന്നു. പിന്നീടവർ ഇഷ്ടപ്പെട്ടുതുടങ്ങുകയായിരുന്നു, ഐക്യരാഷ്ട്രസേന സ്ത്രീകളോടും കുട്ടികളോടും കാണിക്കുന്ന മനുഷ്യത്വമില്ലായ്മയിൽ മനംനൊന്ത്‌. ആയിടയ്ക്കാണ് പത്തൊൻപതുവയസ്സുമാത്രം പ്രായമുള്ള മൂത്ത സഹോദരൻ സദ്ദാമിന്റെ ചാവേർസേനയിൽ അംഗമാവുന്നത്. അപ്പോഴേക്കും സദ്ദാംഹുസൈൻ പരാജയം അനുഭവിച്ചുതുടങ്ങിയിരുന്നു. ലോകത്തിനുമുൻപിൽ തല ഉയർത്തിപ്പിടിച്ച് ജീവിച്ചിരുന്ന  ഇറാഖികൾ തല താഴ്ത്തിത്തുടങ്ങിയിരുന്നു. വീട്ടിലേക്ക് ഇരച്ചുകയറിയ ഐക്യരാഷ്ട്രസേന  ഉതിർത്ത വെടിയുണ്ടകൾ തുളഞ്ഞുകയറി തളംകെട്ടിയ ചോരയിൽ ജീവനറ്റുകിടക്കുകയായിരുന്ന മാതാപിതാക്കളിൽനിന്നും സഹോദരങ്ങളിൽനിന്നും അകന്ന് വീടിന്റെ ഒരു മൂലയിൽ ചരിഞ്ഞുവീണ അലമാരയുടെ അടിയിൽ ചോരവാർന്ന് ബോധരഹിതയായി കിടക്കുകയായിരുന്ന പത്തുവയസ്സുകാരിയെ റെഡ്ക്രോസ്സിലെ സ്കോർട്ട്ലന്റ്കാരിയായ നേഴ്സിന് ഉപേക്ഷിക്കാൻ തോന്നിയില്ല. വിവാഹജീവിതം ആതുരസേവനത്തിന് തടസമാവുമെന്നതിനാൽ സഹപ്രവർത്തകന്റെ വിവാഹാഭ്യർത്ഥന നിരസിച്ച മിരിയം സ്പിൽബർഗിന് മെഹറിന്റെ വളർത്തമ്മയാവേണ്ടിവന്നു. വർഷങ്ങൾക്ക് ശേഷം ഇറാഖിൽനിന്നും തിരിച്ചുപോകുമ്പോൾ അവളെയും കൂടെ കൊണ്ടുപോയി. അതിനുവേണ്ടി നിയമപരമായ തടസങ്ങൾ ഒഴിവായിക്കിട്ടാൻ ഒരു വർഷം കൂടുതൽ ഇറാഖിൽ ചിലവഴിക്കേണ്ടിവന്നു അവർക്ക്. അപ്പോഴേക്കും പക്വതയുള്ള യുവതിയായിക്കഴിഞ്ഞിരുന്നു മെഹറിൻ. കാമാസക്തരായ സൈനികരുടെ കണ്ണുകൾക്ക്‌മുന്നിൽനിന്നും മെഹറിന്റെ ശരീരത്തിന്റെ വളർച്ചയെ ഒരു തള്ളപ്പക്ഷിയെപ്പോലെ തന്റെ വെളുത്ത ചിറകുകൾക്കുള്ളിൽ ഒളിപ്പിച്ചുവെക്കാൻ ഏറെ പാടുപെട്ടു മിരിയം സ്പിൽബർഗ്.

          ഇറാഖിലെ സേവനം മതിയാക്കി സ്കോർട്ട്ലന്റിൽ തിരിച്ചെത്തി ഒരു വർഷം തികയുന്നതിനുമുൻപെ റെഡ്ക്രോസ്സിലെ ജോലി ഉപേക്ഷിച്ചിരുന്നു അവർ. തന്റെ രാജ്യം കൂടി പങ്കാളിയായ നരഹത്യയുടെ പാപഭാരം മനസ്സിനെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നു. അതിന് പ്രായശ്ചിത്തമായി ഇവളെ ഒരു മകളായി വളർത്തണം. ഒരുപക്ഷെ, അടുത്ത യുദ്ധരാജ്യത്തേക്ക് നിയോഗിക്കപ്പെട്ടേക്കാമെന്നും അപ്പോൾ മെഹറിന് തന്റെ സാമീപ്യം നഷ്ടപ്പെടുമെന്നുമുള്ള ഭയം റെഡ്ക്രോസ്സിലെ ജോലി ഉപേക്ഷിക്കാനും യു.കെയിലെതന്നെ മറ്റേതെങ്കിലും ആശുപത്രിയിൽ ജോലിക്ക് ശ്രമിക്കാമെന്നുമുള്ള തീരുമാനമെടുക്കാൻ നിർബന്ധിതയാക്കി. ഗ്ലാസ്ഗോയിലെയും എഡിൻബർഗിലെയും ആശുപത്രികളിൽ ഏതിലെങ്കിലും തന്റെ ജോലിപരിചയവും സ്കോർട്ട്ലന്റിലെ സുഹൃദ്ബന്ധങ്ങളും ഉപയോഗിച്ച് എളുപ്പത്തിൽ ജോലി ലഭിക്കാൻ സാധ്യതയുണ്ടായിട്ടും തിരിച്ചറിയപ്പെടാത്ത മറ്റൊരിടത്തായിരിക്കും മെഹറിനെ സംബന്ധിച്ച് സുരക്ഷിതത്വമെന്ന തോന്നലിലാണ് ഗ്ലാസ്ഗോയിലെ അല്പം പഴയതെങ്കിലും വലുതും മനോഹരവുമായ വീട് വിറ്റുകിട്ടിയ കാശുമായി വൃദ്ധയായ അമ്മയെയും കൂട്ടി ഇംഗ്ലണ്ടിലേക്ക് കുടിയേറുന്നതും മാഞ്ചസ്റ്ററിൽ വിലകൊടുത്തുവാങ്ങിയ കൊച്ചുവീട്ടിൽ താമസം തുടങ്ങുന്നതും.

          മാർത്തയുമായി പിണങ്ങിനടന്ന ദിവസങ്ങളിൽ മാഞ്ചസ്റ്ററിലെ പാർക്കുകളിൽ, ബീച്ചുകളിൽ, ബിയർ പാർലറുകളിൽ ഒക്കെയായി അലയുന്നതിനിടയിലാണ് ക്രിസ്റ്റഫർ അവരെ കണ്ടുമുട്ടുന്നത്. ക്രിസ്റ്റഫറും മിരിയം സ്പിൽബർഗും പരിചയപ്പെടുന്നത് എന്ന് പറയുന്നതാവും ശരി. എല്ലാ ദിവസവും സായാഹ്നസവാരിക്ക് വരാറുള്ള പാർക്കിൽ സിമന്റ്ബഞ്ചിൽ ഒരു പുസ്തകവുമായി തനിച്ചിരിക്കുന്ന മെഹറിൻ അവളുടെ ഗാഢമായ വായനയിൽ മുഴുകിയിരിക്കുമ്പോൾ ഒരു ചെറുപ്പക്കാരൻ ക്യാമറ തനിക്കുനേരെ ഫോക്കസ് ചെയ്ത് നിൽക്കുന്നതും അതിൽനിന്ന് ഫ്ലാഷ് മിന്നുന്നതും അറിഞ്ഞിരുന്നില്ല. പക്ഷെ, പാർക്കിന്റെ മറ്റൊരുവശത്തെ ഫൂട്പാത്തിൽ വിയർക്കുവോളം നടക്കുകയായിരുന്ന മിരിയം സ്പിൽബർഗിന്റെ കണ്ണുകൾ അവൾക്ക്ചുറ്റും വലയം തീർത്തിട്ടുണ്ടായിരുന്നു. അവരായിരുന്നു ആദ്യം പരിചയപ്പെട്ടതും കൂട്ടുകാരായതും.

ഒരിക്കൽ മിരിയം ചോദിച്ചു - "നിനക്ക് കൂട്ടുകാരിയില്ലെ?"
അവൻ പറഞ്ഞു - "ഉണ്ടായിരുന്നു. അവൾക്ക് പക്ഷെ, എന്നെക്കാൾ യോഗ്യനായ കൂട്ടുകാരനെ കിട്ടി."
"എന്തായിരുന്നു നിങ്ങളുടെ അയോഗ്യത?" - ചോദിച്ചത് മെഹറിൻ ആയിരുന്നു. 
"ഞാൻ അവളോടൊപ്പം പള്ളിയിൽ പോകാറില്ല, പ്രാർത്ഥിക്കാറില്ല, പുരോഹിതൻമാരെ ബഹുമാനിക്കാറില്ല, ആഘോഷദിവസങ്ങളിൽ അവളോടൊപ്പം ഡാൻസ്ബാറുകളിൽ പോകാറില്ല, അങ്ങിനെ ഒരു ശരാശരി ചെറുപ്പക്കാരൻ ചെയ്യേണ്ടതൊന്നും ചെയ്യാറില്ല."
"ഇങ്ങനെ ക്യാമറയും കഴുത്തിൽ തൂക്കിയിട്ട് അലഞ്ഞുനടക്കുന്നയാളെ സ്ത്രീകൾ ഇഷ്ടപ്പെടുമോ? ഞങ്ങൾ സ്ത്രീകൾക്ക് വേണ്ടത് പുരുഷന്റെ സാമീപ്യമാണ്." - മെഹറിൻ ഗൗരവത്തിൽ പറഞ്ഞു.

ആ സൗഹൃദം വളർന്നു. അങ്ങനെയൊരു ദിവസം മൂന്നുപേരും ഒരുമിച്ചപ്പോൾ മിരിയം സ്പിൽബർഗ് മെഹറിനോടായി പറഞ്ഞു - "നിങ്ങളെ രണ്ടുപേരെയും ഒരുമിച്ചുകാണാൻ നല്ല ചേർച്ച." എന്നിട്ട് ക്രിസ്റ്റഫറിന്റെ നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു  - "നിനക്കെന്റെ മോളെ വിവാഹം ചെയ്യാമോ?"

          മെഹറിൻ നല്ലൊരു കാമുകിയായില്ല. ക്രിസ്റ്റഫർ നല്ലൊരു കാമുകനുമായില്ല. അവർ പക്ഷെ, നല്ല കൂട്ടുകാരായിരുന്നു. താൻ വായിച്ച പുസ്തകങ്ങളിലെ ചരിത്രം തിരുത്തിയെഴുതിയ ധീരരായ പുരുഷൻമാരോടായിരുന്നു അവൾക്ക് പ്രണയം. ക്രിസ്റ്റഫർ താൻ കണ്ട കാഴ്ച്ചകളെയും ചരിത്രത്തിന്റെ അടയാളപ്പെടുത്തലുകളെയുംകുറിച്ച് വാചാലമായിക്കൊണ്ടിരിക്കും. പ്രണയിക്കാനറിയാത്ത അവനിലെ കാമുകനെക്കാൾ അവൾ ഇഷ്ടപ്പെട്ടതും അതൊക്കെത്തന്നെയായിരുന്നു. 

"എവിടെയായിരിക്കണം നമ്മുടെ ഹണിമൂൺ?" - പാർക്കിലെ ബഞ്ചിലിരുന്ന് നിവർത്തിപ്പിടിച്ച പുസ്തകം അവളുടെ കൈയ്യിൽനിന്നും പിടിച്ചുവാങ്ങിക്കൊണ്ട് ക്രിസ്റ്റഫർ ചോദിച്ചു. 
അവളപ്പോൾ പുസ്തകത്തിലെ കാമുകനോടൊപ്പമായിരുന്നു. 
താല്പര്യമില്ലാത്ത പോലെ പറഞ്ഞു - "ഹണിമൂണൊ? അതിന് നമ്മൾ വിവാഹിതരാവാൻ തീരുമാനിച്ചിട്ടില്ലല്ലൊ."
ക്രിസ്റ്റഫർ ദേഷ്യപ്പെട്ട് പുസ്തകം അലസമായി ബഞ്ചിലേക്കിട്ടു. "ഞാൻ പോകുന്നു."
അവൾ തടഞ്ഞു - "അങ്ങനെ പോകാതെ. നമുക്കൊരു യാത്ര പോയാലോ? രണ്ടുകൂട്ടുകാരുടെ ഒരുമിച്ചുള്ള യാത്രകൾ പരസ്പരം തിരിച്ചറിവുകളുണ്ടാക്കും എന്ന് എവിടെയോ വായിച്ചിട്ടുണ്ട്."
ആ യാത്രയായിരുന്നു ഇത്.


          മടക്കയാത്രയിലായിരുന്നു. ദില്ലിയിൽനിന്നും മാഞ്ചസ്റ്ററിലേക്ക് വിമാനം പറന്നുയർന്നപ്പോൾ കഴിഞ്ഞ ദിവസങ്ങളിലെ നിലാവുകൾ ചിതറിവീണ രാവുകളെക്കുറിച്ചായിരുന്നു ചിന്ത. പ്രണയവും രതിയും ഒന്നായ നിമിഷങ്ങളുടെ നിർവൃതിയിലായിരുന്നു മെഹറിന്റെ മനസ്സ്. സീറ്റ്ബെൽറ്റ്‌ അഴിച്ചുമാറ്റി ക്രിസ്റ്റഫറിന്റെ കവിളിൽ ഒന്ന് ചുംബിച്ചു. ക്രിസ്റ്റഫർ തിരിച്ചും ചുംബിക്കാൻ ശ്രമിക്കുമ്പോഴാണ് ട്രേയിൽ പാനീയങ്ങളുമായി എയർഹോസ്റ്റസ് എത്തിയത്. ക്ഷമാപണത്തോടെ ഓരോ പാക്കറ്റ് ജ്യൂസ് നൽകി ഒന്ന് പുഞ്ചിരിച്ച് എയർഹോസ്റ്റസ് നടന്നു നീങ്ങി. 
ജ്യൂസ് കുടിച്ചുതീർന്നശേഷം മെഹറിൻ പറഞ്ഞു - "നമ്മുടെ കുട്ടികളെ ഇറാഖിൽ വളർത്തണം."
"ഇറാഖിലൊ?" - ക്രിസ്റ്റഫർ അവളെ കൌതുകത്തോടെ നോക്കി.
അവൾ വിശതീകരിച്ചു - "കേട്ടിട്ടില്ലെ ഇറാഖിലെ സ്ത്രീകളുടെ മനക്കരുത്തിനെക്കുറിച്ച്? പുരുഷൻമാരുടെ പോരാട്ടവീര്യത്തെക്കുറിച്ച്?
ഇത്തവണ ക്രിസ്റ്റഫറാണ് ചുംബിച്ചത്. ഒരു ചുടുചുംബനം. അധരങ്ങൾക്ക് പഴച്ചാറിന്റെ മധുരം.

          വിമാനം പക്ഷെ, മാഞ്ചസ്റ്ററിൽ എത്തിയില്ല. റാഞ്ചിയിരിക്കുന്നു എന്ന്മാത്രം മനസിലായി. തീവ്രവാദികളുടെ നിയന്ത്രണത്തിലുള്ള താവളത്തിലാണ് വിമാനമിറക്കിയത്. ഇപ്പോൾ അജ്ഞാതമായ ഏതോ ഒരിടത്താണ്. ക്രിസ്റ്റഫർ എവിടെ? മെഹറിൻ പരിഭ്രമത്തോടെ ചുറ്റിലും നോക്കി. സ്ത്രീകൾ മാത്രമേയുള്ളു. ആരും തമ്മിൽ മിണ്ടുന്നില്ല. ഭയന്നുവിറച്ചുകൊണ്ട് ചുമരിന്റെ അരികിലേക്ക് ഒതുങ്ങിനിൽക്കാൻ ശ്രമിക്കുന്നു. സഹയാത്രികരായ പുരുഷന്മാർ എവിടെ? ഉള്ളത് യന്ത്രത്തോക്കുകളുമായി കാവൽ നിൽക്കുന്ന മുഖംമൂടിധാരികൾ, തോക്കിനുമുന്പിൽ സ്ത്രീകൾ വിവസ്ത്രരാക്കപ്പെടുന്നു. കാമാസക്തമായ കണ്ണുകൾ അവരുടെ ശരീരത്തിലൂടെ ഇഴയുന്നു. അവർ പെൺശരീരത്തിന് വിലയിടുകയൊ ഇഷ്ടപ്പെട്ടതിനെ തിരഞ്ഞെടുക്കുകയൊ ആണ്. അടിവസ്ത്രംവരെ അഴിക്കേണ്ടിവന്നപ്പോൾ അവരുടെ മുഖത്തുനോക്കാനാവാതെ കണ്ണുകൾ അടച്ചുപിടിക്കാൻ ശ്രമിച്ചപ്പോൾ ഓർമ്മകളിൽ തെളിഞ്ഞു,  ഇറാഖിന്റെ മണ്ണിൽ ചിതറിവീണ മനുഷ്യമാംസങ്ങൾ. അവൾ പ്രാർത്ഥിച്ചു, ഈ നിമിഷം ഈ ശരീരവും ചിതറിത്തെറിച്ചെങ്കിൽ...

          മറ്റൊരിടത്ത്  ബന്ധിതരായ പുരുഷൻമാർ. അവർക്കിടയിൽ ക്രിസ്റ്റഫർ. മൂടപ്പെട്ട കണ്ണുകൾക്ക്‌ മുന്നിൽ ഇരുട്ടുമാത്രം.
***

ഇ-മഷി   ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിച്ചത് . 
http://emashi.in/apr-2016/index.html
 ഇരുട്ട്