Kharaaksharangal - kkanakambaran.blogspot.com - Part of kharaaksharangal.blogspot.com

വെള്ളിയാഴ്‌ച, ഏപ്രിൽ 15, 2016

വിത്തും കൈക്കോട്ടും...


          വീണ്ടും വിഷു. ഓരോ പ്രദേശത്തുകാർക്കും പങ്കുവയ്ക്കാനുണ്ടാവും വ്യത്യസ്ഥമായ ഓർമ്മകൾ. സന്ധ്യകഴിഞ്ഞാൽ വീട്ടുമുറ്റത്ത് പടക്കങ്ങൾ പൊട്ടുകയും കമ്പിത്തിരിയും പൂത്തിരിയും നിലച്ചക്രവും അഗ്നിപുഷ്പങ്ങളായി വിരിയുകയും ചെയ്യും. അപ്പോൾ അടുക്കളയിൽ നെയ്യപ്പം തയാറാവുന്നുണ്ടാവും. കാലത്ത് കണികണ്ടാൽ മധുരമായ് കിട്ടുക നെയ്യപ്പമാണ്. മുപ്പത്-മുപ്പത്തിയഞ്ച് വർഷങ്ങൾക്കുമുൻപ് എന്റെ ഗ്രാമത്തിലെ കുട്ടികളിൽ ചിലരെങ്കിലും പടക്കങ്ങൾ വാങ്ങിച്ചിരുന്നത് കശുവണ്ടി വിറ്റുകിട്ടിയ കാശുകൊണ്ടാണ്. 

      കണ്ണൂർ ജില്ലയിലെ നാട്ടിൻപുറങ്ങളിൽ അക്കാലത്ത് കശുമാവുകൾ മാത്രമുള്ള വിശാലമായ പറമ്പുകൾ ധാരാളമുണ്ടായിരുന്നു. ഇന്നത്തെപ്പോലെ ആർക്കും പ്രവേശിക്കാനാവാത്തവിധം മതിലുകൾ കെട്ടി വേർതിരിച്ചവയായിരുന്നില്ല അതൊന്നും. കശുമാവിൻതോട്ടത്തിലൂടെയുള്ള വഴികൾ നാട്ടുവഴികളാണ്. അതിന്റെ മുകളിൽ ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള മൂത്തുപഴുത്ത മാങ്ങകൾ തൂങ്ങിനിൽക്കുന്നുണ്ടാവും. മാങ്ങയുടെ അടിഭാഗത്ത് മൂപ്പെത്തിയ കശുവണ്ടിയും. ചിലതൊക്കെ ഞെട്ടറ്റ് നിലത്ത് വീണുകിടക്കുന്നുണ്ടാവും. അതുവഴി നടന്നുപോകുന്നവരിൽ കശുമാവുകൾ ഇല്ലാത്ത വീടുകളിലെ വികൃതികളായ കുട്ടികളുമുണ്ടാവും. അവർ ശരിക്കും വഴിയാത്രക്കാരായിരിക്കില്ല. ചുറ്റിലും നോക്കി ആരുമില്ലെന്ന് ഉറപ്പുവരുത്തിയായിരിക്കും അവർ പറമ്പിൽ പ്രവേശിക്കുന്നതുതന്നെ. വീണുകിടക്കുന്ന മാങ്ങയിൽനിന്നും കശുവണ്ടി വേർപെടുത്തിയെടുത്തി ട്രൌസറിന്റെ കീശയിലിടും. ആരും കാണുന്നില്ലെന്ന് ബോധ്യമായാൽ കല്ലുകൊണ്ട് എറിഞ്ഞുവീഴ്ത്തും. ഏറുകൊണ്ട് ചില്ലകളിലെ ഇലകൾ അനങ്ങുമ്പോൾ പറമ്പിന്റെ മറ്റേ അറ്റത്തുള്ള ഉടമസ്ഥൻ ശാപവാക്കുകളും തെറികളുമായി ഓടിവരും. കിട്ടിയ കശുവണ്ടിയുമായി കുട്ടികൾ ഓടിരക്ഷപ്പെടും. അത് വിറ്റുകിട്ടിയ കാശിന് പടക്കങ്ങൾ വാങ്ങി പൊട്ടിച്ചവരിൽ ചിലരെങ്കിലും ഇത് വായിക്കാതിരിക്കില്ല. അങ്ങനെയുള്ള കൂട്ടുകാർ എനിക്കുമുണ്ടായിരുന്നു. ചക്കയും മാങ്ങയും സുലഭമായിരുന്നു വിഷുക്കാലത്ത്. അതൊന്നും വിലകൊടുത്ത് വാങ്ങേണ്ടിവന്നിരുന്നില്ല. അണ്ണാനും വവ്വാലുകളും  തിന്നുബാക്കിയാക്കിയവ  വീട്ടുവളപ്പുകളിലും വഴിയോരങ്ങളിലും  വീണുകിടന്നിരുന്നു. ഈച്ചകൾ വട്ടമിട്ടു പറക്കുന്നുണ്ടാവും. മാവിന്റെ മുകളിലെ പഴുത്ത മാങ്ങകൾ കാക്കകൾ കൊത്തിത്തിന്നുന്നുണ്ടാവും. 

          കൊയ്ത്തു കഴിഞ്ഞ പാടം വെറുതെ വരണ്ടുണങ്ങാനിടാതെ പച്ചക്കറികൾ കൃഷിചെയ്ത് വിളവെടുത്ത് കണിയൊരുക്കുന്ന ഈ ആചാരം തുടങ്ങിയത് ജാതിവ്യവസ്ഥകൾ രൂപപ്പെടുന്നതിനും മുൻപ് ജന്മിത്തവും അടിമത്തവും ഉണ്ടാവുന്നതിനും മുൻപുള്ള സംഘകാലഘട്ടത്തിലാണെന്ന് പറയപ്പെടുന്നു. അതൊരുപക്ഷെ, അടുത്ത ഒരു വർഷത്തേക്ക് ആവശ്യമായ പച്ചക്കറികളുടെ വിളവെടുപ്പായോ കാലവർഷത്തിന്റെ വരവറിഞ്ഞ് പുതിയ നെൽക്കൃഷി തുടങ്ങാനായി പാടങ്ങളെ ഒരുക്കി തയ്യറായിനിൽക്കുക എന്നനിലയിലോ ഉള്ള ഒരു സ്വാഭാവിക ജീവിതചര്യമാത്രമായിരിക്കാം അക്കാലത്ത്. സാങ്കേതികവിദ്യകളൊന്നുംതന്നെ ഇല്ലാതിരുന്ന കാലത്ത് അന്നത്തെ മനുഷ്യർ ഈയൊരു ദിവസത്തെ വർഷാരംഭമായി കണക്കാക്കിയതും കാലാവസ്ഥയുടെ കാലയളവുകൾ കൃത്യമായി മനസിലാക്കി ജീവിച്ചിരുന്നതും അത്ഭുതം തന്നെയാണ്. അവർക്കത്‌ സാധ്യമായിട്ടുണ്ടെങ്കിൽ മണ്ണിനെയും പ്രകൃതിയെയും ഹൃദയംകൊണ്ട് തൊട്ടറിയാൻ സാധിച്ചതുകൊണ്ടാണെന്നുമാത്രമേ കരുതാനാവൂ.

          അതിൽനിന്നും വിഷു എന്ന ആചാരം എത്ര മാറിയിരിക്കുന്നു! അങ്ങനെതന്നെയായിരുന്നോ അതിന്റെ പേര്? ആർക്കറിയാം.  സംഘകാലഘട്ടത്തിലാണ് വിഷുവിന്റെ ആരംഭമെങ്കിൽ അക്കാലത്ത് കേരളത്തിൽ ശൈവാരാധനയോ  വൈഷ്ണവാരാധനയോ  ആയിരുന്നില്ല. പിന്നീടെപ്പോഴോ കേരളത്തിന്റെ മണ്ണിലേക്ക് കുടിയേറിയവർ കെട്ടുകഥകളും ഐതിഹ്യങ്ങളുമുണ്ടാക്കി ദൈവികവൽക്കരിച്ച് ഭയപ്പെടുത്തിയും മതവൽക്കരിച്ചും നാടിന്റെ കാവൽക്കാരും ഉടമസ്ഥരുമായി. ജനങ്ങളെ സൂത്രത്തിൽ പലതായി തരംതിരിച്ചു. കാലക്രമേണ കണികാണുന്ന പ്രകൃതിവിഭവങ്ങൾക്കിടയിൽ ദൈവത്തിന്റെ രൂപങ്ങളും പ്രത്യക്ഷപ്പെട്ടുതുടങ്ങി. ഐതിഹ്യങ്ങൾക്കും വിശ്വാസങ്ങൾക്കും വിഗ്രഹങ്ങൾക്കുമായി പ്രാധാന്യം. അത്രയും കാലം മണ്ണിനെ കിളച്ച്മറിച്ച് പൊന്നുവിളയിച്ച കർഷകൻറെ അദ്ധ്വാനത്തിനും വിയർപ്പിനും മൂല്യമില്ലാതായി. കുടിയേറിയവർക്ക് മുന്നിൽ ഭൃത്യരും ഒറ്റുകാരും ആയവർ അവരുടെ പങ്കുകാരായി. അങ്ങനെ നാടുവാഴിത്തവും ജന്മിത്തവും അടിമത്തവുമൊക്കെയായി സാമൂഹ്യവ്യവസ്ഥിതിതന്നെ മാറി. അടിമകളായി മാറിയവർക്ക് വർഷത്തിലൊരിക്കൽ ഔദാര്യമായി ലഭിക്കുന്ന അവസരം ആഘോഷമാവാതിരിക്കില്ലല്ലൊ.

          ഒരു ഓർമ്മകൂടി ഇവിടെ പങ്കുവയ്ക്കാം. എന്റെ നാട്ടിൽ ഒരു പാടമുണ്ട്‌. കൊളച്ചേരി വയൽ എന്നാണ് അതറിയപ്പെടുന്നത്. എന്റെ കുട്ടിക്കാലത്ത് വിഷുക്കാലമായാൽ സൂര്യൻ ഉദിക്കുമ്പോഴും അസ്തമിക്കുമ്പോഴും വയലിൽ നിറയെ ആളുകളെ കാണാം. സ്ത്രീകളും കുട്ടികളുമായിരിക്കും കൂടുതലും. പുരുഷൻമാർ അപൂർവ്വം. കൊയ്ത്തുകഴിഞ്ഞ കണ്ടത്തിൽ പലതരത്തിലുള്ള പച്ചക്കറികൾ കൃഷിചെയ്യുന്നവരാണ്. നാട്ടിലെ മിക്ക വീട്ടുകാരും കൂട്ടത്തിൽ ഉണ്ടാവും. ഒരു കണ്ടത്തിൽ രണ്ടോ മൂന്നോ വീട്ടുകാർ കൃഷി ചെയ്യുമായിരുന്നു. വീടുകളിൽ മുളപ്പിച്ചെടുത്ത വിത്തുകളാണ് നടുന്നത്. വയലിന് സമാന്തരമായൊഴുകുന്ന തോട്ടിൽ മെലിഞ്ഞുണങ്ങിയ അരുവിപോലെ വെള്ളം ഒഴുകുന്നുണ്ടാവും. തോട്ടിൽ ചിലയിടങ്ങളിൽ ചെറിയ കുഴികൾ ഉണ്ടാക്കിവയ്ക്കുമായിരുന്നു, വെള്ളം സംഭരിക്കാൻ. അതിൽനിന്നും കോരിയെടുക്കുന്ന വെള്ളമാണ് അവയ്ക്ക് നനക്കുക. കുറച്ചുദിവസങ്ങൾ കഴിയുമ്പോൾ അവ കിളിർക്കും. പിന്നെ തളിർക്കും, കായ്ക്കും. വെള്ളരിയും മത്തനും കുമ്പളവും ഉൾപ്പെടെ പലതരം പച്ചക്കറികൾ അതിന്റെ ഇലകൾക്കിടയിൽ സുരക്ഷിതമായി വളരും. എല്ലാത്തിനും സ്ത്രീകളുടെ മനസ്സിൽ എണ്ണമുണ്ടാവും. ആരെങ്കിലും മോഷ്ടിച്ചുകൊണ്ടുപോയാലോ. വിഷു ആവാറാവുമ്പോഴേക്കും അവയൊക്കെ പൂർണ്ണവളർച്ചയെത്തിയിട്ടുണ്ടാവും. കൃഷിചെയ്തവർ എല്ലാവരും ഒരുമിച്ച് വിഷുവിന് മുൻപേ ഒരുദിവസം വിളവെടുക്കും. അതുകൊണ്ടായിരുന്നു വിഷുക്കണി ഒരുക്കിയിരുന്നത്. കൃഷിചെയ്യാൻ സാധിക്കത്തവരോ ഏതെങ്കിലും ഒരിനം ഇല്ലാത്തവരോ അയൽപക്കത്തോ കുടുംബക്കാരിലോ ഉണ്ടെങ്കിൽ അവർക്കും നൽകും അതിൽനിന്ന്.  ഒത്തൊരുമയും സ്നേഹവും മാത്രം മുതൽക്കൂട്ടായ ഒരു സംസ്കാരത്തിന്റെ ബാക്കി നൂറ്റാണ്ടുകൾക്ക് ശേഷവും ഒഴിഞ്ഞുപോവാതെ മനുഷ്യരുടെ ജീവിതചര്യയിൽ കൂടെതന്നെയുണ്ടായിരുന്നു, കുടിയേറ്റം ചെയ്യപ്പെട്ട ചാതുർവർണ്ണ്യത്തിന് തുടച്ചുനീക്കാൻ സാധിക്കാത്തവിധം.  അവർക്കതിന് ധൈര്യമുണ്ടായിരുന്നില്ല എന്നുവേണം കരുതാൻ. കാരണം, മണ്ണിനെയും പ്രകൃതിയെയും മറന്നുജീവിച്ചാൽ അവരും പട്ടിണി കിടക്കേണ്ടിവരുമെന്ന ബോധം അവർക്കുണ്ടായിരുന്നിരിക്കണം.

          പക്ഷെ,  ഞങ്ങളുടെ  വിഷുസദ്യ പച്ചക്കറികൾകൊണ്ട്  മാത്രമല്ല. മാംസവും ഉണ്ടാവും. ആട്ടിറച്ചിയും വിലകൂടിയ മീനും ഒക്കെയുള്ളതായിരുന്നു. ഇറച്ചിക്കോഴികൾ വ്യാപകമാവുകയും ആടുവളർത്തൽ കുറയുകയും ചെയ്തതോടെ ആട്ടിറച്ചിക്ക് പകരം ഇപ്പോൾ കോഴിയിറച്ചിയായെന്ന്മാത്രം. ടി.വി.ചാനലുകളിലും യുടൂബിലും നോക്കിയാൽ കാണാൻ സാധിക്കുന്നത് ബ്രാഹ്മണ്യത്തിന്റെയൊ മതപരമോ ആയ വ്യാഖ്യാനങ്ങളാണ്. മതമെന്ന സങ്കൽപംപോലും ഇല്ലാതിരുന്ന ഒരു  കാലത്തെ  ആചാരം   ദുർവ്യാഖ്യാനം   ചെയ്ത്  അതിന്റെ മാനുഷികമായ സത്തയെ ചോർത്തിക്കളയുകയും  പരസ്പര  ബന്ധമില്ലാത്ത മിത്തും വിശ്വാസങ്ങളും ഒക്കെ തിരുകിക്കയറ്റിക്കൊണ്ടിരിക്കുകയുമാണ്. അങ്ങനെ വിഷുവും ഒരു ആഘോഷം മാത്രമായി മാറിക്കൊണ്ടിരിക്കുന്നു. കീടനാശിനികൾ തളിച്ച പച്ചക്കറികൾകൊണ്ട്  സദ്യ  ഒരുക്കിയും  മണ്ണിൽനിന്നും  അകന്ന്  പ്രകൃതിയുടെ താളങ്ങൾക്ക് കാതോർക്കാൻ നേരമില്ലാതെ സോഷ്യൽമീഡിയയിലെ സെൽഫികളായി... അങ്ങനെയങ്ങനെ ഇനിയും മാറിക്കൊണ്ടിരിക്കും. കാലത്തിന്റെ ഗതിവിഗതികൾ നമ്മൾ മനുഷ്യരുടെ പ്രതീക്ഷകൾക്കും ആഗ്രഹങ്ങൾക്കുമൊപ്പമായിരിക്കില്ലല്ലൊ. ഇപ്പോഴും എവിടെയെങ്കിലും ഏതെങ്കിലും മരച്ചില്ലയിലിരുന്ന് വിഷുപ്പക്ഷി പാടുന്നുണ്ടാവും, ഒരുകാലഘട്ടത്തെ സൂചിപ്പിച്ചുകൊണ്ട്.
"ചക്കയ്ക്കുപ്പുണ്ടൊ
അച്ഛൻ കൊമ്പത്ത്
അമ്മ വരമ്പത്ത് 
കള്ളൻ ചക്കേട്ടു
കണ്ടാമിണ്ടണ്ട
കൊണ്ടോയ് തിന്നോട്ട്..."

വെറുതെയെങ്കിലും നമുക്കും തിരിച്ചുപാടാം, ശുഭപ്രതീക്ഷയോടെ.
"ചക്കയ്ക്കുപ്പുണ്ടോ പാടും ചങ്ങാതിപ്പക്ഷി 
വിത്തും കൈക്കോട്ടും കൊണ്ട് എത്താൻ വൈകല്ലെ..."
*** 
       
(സിറാജ് ഖത്തർ എഡീ ഷന്റെ വിഷു സപ്ലിമെന്റിൽ  പ്രസിദ്ധീകരിച്ചത്.)