സിറാജ് ഖത്തർ എഡിഷൻ |
എന്നുമുതലാണ് നമ്മൾ മലയാളികൾ ഓണം ആഘോഷിച്ചുതുടങ്ങിയത്? എവിടെയായിരുന്നു ആഘോഷത്തിന്റെ തുടക്കം? ആരുടെ ഭരണകാലത്തായിരുന്നു? തുടങ്ങിയ സംശയങ്ങൾക്കൊന്നും വ്യക്തമായ ഉത്തരം എത്രയാന്വേഷിച്ചിട്ടും ലഭിക്കുന്നില്ല. ഓണം കേരളീയരുടെ ദേശീയ ഉത്സവമാണെന്നുമാത്രമേ അറിയൂ. അതിനെ തിരുവോണമെന്നും പൊന്നോണമെന്നും വിളിക്കുന്നുണ്ട്. മഹാബലി എന്നൊരു നീതിമാനായ രാജാവ് കേരളം ഭരിച്ചിരുന്നുവെന്നും വാമനൻ അദ്ദേഹത്തെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയെന്നും നമ്മൾ പഠിച്ചതും ഇപ്പോൾ പഠിപ്പിക്കുന്നതുമായ ഐതിഹ്യം. മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമനാൽ ശൃഷ്ടിക്കപ്പെട്ട കേരളത്തിൽ എങ്ങിനെയാണ് അഞ്ചാമത്തെ അവതാരമായ വാമനൻ എത്തിപ്പെടുന്നതെന്ന് ഐതിഹ്യത്തിൽ പറയുന്നുമില്ല.
ഓണം ആഘോഷിച്ചുതുടങ്ങിയത് തൃക്കാക്കരയിലാണെന്നാണ് മദ്ധ്യകേരളത്തിലുള്ളവർ വിശ്വസിക്കുന്നത്. എന്നാൽ അതിനേക്കാൾ വർഷങ്ങൾക്കുമുൻപ് തമിഴ്നാട്ടിൽ ഈ ആഘോഷമുണ്ടായിരുന്നു എന്നും പറയപ്പെടുന്നുണ്ട്. പാണ്ട്യരാജ്യമായും ചേരമാൻ പെരുമാളുമായും ബുദ്ധമതവുമായുമൊക്കെ ബന്ധപ്പെടുത്തിക്കൊണ്ട് വ്യത്യസ്ഥ കഥകൾ നിലവിലുണ്ട്. ഇതൊന്നും തള്ളിക്കളയാനാവുന്നതുമല്ല. കേരളവും തമിഴ്നാടും ബുദ്ധമതത്തിന് ശക്തമായ സ്വാധീനമുണ്ടായിരുന്ന പ്രദേശങ്ങളായിരുന്നുവെന്നും രണ്ടുപ്രദേശങ്ങളുടെയും പ്രാചീനസംസ്കാരം പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നവയായിരുന്നുവെന്നും നമുക്കറിയാം.
ഇവിടെ കുറിച്ചിടുന്നത് ഉത്തരമലബാറിലെ ഓണത്തെക്കുറിച്ചാണ്. കർക്കിടകമാസമായാൽ വീടുകൾതോറും സന്ദർശിക്കുന്ന ആടി, വേടൻമാരുടെ വരവോടെയാണ് ഞങ്ങൾ കുട്ടികൾക്ക് ഓണക്കാലം ആവാറായിയെന്ന തിരിച്ചറിവുണ്ടാവുന്നത്. ആടി മലയന്മാരുടെതും വേടൻ വണ്ണാൻമാരുടേതുമാണ്. ഇവ രണ്ടും കുട്ടിത്തെയ്യങ്ങളാണ്. ഓരോ പ്രദേശത്തിനും പ്രത്യേകം പ്രത്യേകം അവകാശികളുണ്ട്. പണ്ടുമുതലേയുണ്ടായിരുന്ന എഴുതപ്പെടാത്ത ഒരു നിയമവ്യവസ്ഥപോലെ ഈ സമ്പ്രതായം ലംഘിക്കാതെ പിന്തുടർന്നുപോരുന്നുണ്ട് ഇക്കൂട്ടർ. തെയ്യരൂപത്തിൽ ഓരോ വീടുകളിൽനിന്നും നെല്ലും അരിയും ധാന്യങ്ങളുമൊക്കെ സ്വീകരിച്ച് പോയിക്കഴിഞ്ഞാൽ ചിങ്ങമാസം പിറക്കുന്നതും കാത്തിരിപ്പാണ് കുട്ടികൾ. ഓണത്തിന് ഇനിയെത്ര നാളുകളുണ്ടെന്ന് എണ്ണികൊണ്ടേയിരിക്കും. ചെറുപ്പകാലത്ത് ഓണം ഒരു പ്രതീക്ഷയായിരുന്നു. പുതിയ വസ്ത്രം കിട്ടും, പലതരം കറികളും പായസവുമുള്ള ഓണസദ്യയുണ്ണാം, സദ്യയിൽ കറികളെത്രയുണ്ടായാലും കോഴിയിറച്ചിയോ ആട്ടിറച്ചിയോ തീർച്ചയായും ഉണ്ടാവും. ഇതൊക്കെയായിരുന്നു പ്രതീക്ഷ.
ഉത്രാടദിവസമോ അതിന്റെ തലേദിവസമോ വീണ്ടും മലയന്മാർ വരും, കർക്കിടമാസത്തിൽ ആടിയെന്ന കുട്ടിത്തെയ്യം വന്നതുപോലെതന്നെ. പക്ഷെ, ഇത്തവണ വാമനന്റെ പ്രതീകമായിരിക്കും. ഞങ്ങളുടെ ഗ്രാമത്തിൽ കൃഷ്ണൻ എന്നായിരുന്നു വിളിച്ചിരുന്നത്. തെയ്യരൂപത്തിൽ അണിഞ്ഞൊരുങ്ങിയ ഒരു കുട്ടി, ഒരു ചെറിയ ചെണ്ട തോളിൽ തൂക്കിയിട്ട് ഒരു പുരുഷൻ, വീടുകളിൽനിന്നും കിട്ടുന്ന നെല്ലും അരിയും ധാന്യങ്ങളും ചുമക്കാൻ ഒരു സ്ത്രീ. ഇവരായിരുന്നു സംഘത്തിലെ അംഗങ്ങൾ. തിരുവോണനാളിലാണ് വണ്ണാൻമാർ വരുക. കൂടെയുള്ള കുട്ടിത്തെയ്യം മാവേലിയാണ്. കാണാൻ നല്ല ഓമനത്ത്വമുള്ള രൂപങ്ങളായിരുന്നു അവയൊക്കെ. നമ്മൾ ദൃശ്യമാദ്ധ്യമങ്ങളിലും ഘോഷയാത്രകളിലും കാണുന്ന കോമാളിരൂപമായിരുന്നില്ല. തോളിൽ തൂക്കിയിട്ട ചെറിയ ചെണ്ടയിൽ കോലുകൊണ്ട് താളംപിടിച്ച് പുരാണകഥയിലെ രംഗങ്ങൾ (തോറ്റം പാട്ട്) പാടുന്ന പെരുമലയന്മാരായ കറുത്തരാമൻ പണിക്കറേയും വെളുത്തരാമൻ പണിക്കറേയും (ഇവർ സഹോദരങ്ങളാണ്) കൃഷ്ണൻ പെരുവണ്ണാനെയും മകൻ പപ്പൻ പെരുവണ്ണാനെയും ചെറുമകൻ വിജയൻ പെരുവണ്ണാനെയും പരാമർശിക്കാതെ ഈ ഓണസ്മരണ പൂർണ്ണമാവില്ല. വിജയൻ പെരുവണ്ണാൻ എന്റെ ബാല്യകാലസുഹൃത്തായിരുന്നു. കുട്ടിക്കാലത്ത് മാവേലിയുടെയും വേടന്റേയും വേഷത്തിൽ എന്റെ വീട്ടിലും വന്നിട്ടുണ്ട്, മുത്തച്ഛന്റേയും അച്ഛന്റെയും കൂടെ. പുരാണകഥകളിൽ അറിവുള്ള പ്രായം ചെന്നവർ വീട്ടിലുണ്ടെങ്കിൽ രണ്ടോ മൂന്നോ വരി അധികം പാടുന്ന പതിവും അവർക്കുണ്ടായിരുന്നു. വീട്ടുകാർക്ക് മുഷിയരുതെന്നു കരുതിയാവണം അവർ പറയും. "എല്ലാടെയും നടന്നെത്തണ്ടേ. ഇപ്പൊ വീടുകളുടെ എണ്ണം കൂടിക്കൂടി വെര്വല്ലേ!" ഓരോ പ്രദേശത്തും ഈ കുട്ടിത്തെയ്യങ്ങൾക്ക് വ്യത്യസ്ഥ പേരും രൂപവുമാണ്. ഇന്ന് ചില പ്രദേശങ്ങളിൽ ഈ ആചാരം നിലവിലില്ല. അവരുടെ കുടുംബത്തിൽ അംഗസംഖ്യ കുറഞ്ഞതിനാലും പുരുഷന്മാർ മറ്റു ജോലിയുമായി ബന്ധപ്പെട്ട് ദൂരസ്ഥലങ്ങളിലേക്ക് പോയതിനാലും അവർക്കതിന് സാധിക്കാറില്ല. ചില ഗ്രാമങ്ങളിലൊക്കെ അവരുടെ വീട്ടിലെ സ്ത്രീകൾ വന്ന് നെല്ലും അരിയും ധാന്യങ്ങളുമൊക്കെ വാങ്ങിച്ചുകൊണ്ടുപോകാറുണ്ടായിരുന്നു. അതും നിന്നുതുടങ്ങിയിട്ടുണ്ട്. പഴയതുപോലെ ദാരിദ്ര്യം ഇപ്പോഴില്ലായെന്നതും അതിനൊരു കാരണമാണ്.
ഓണം വെറും കാർഷികോത്സവം മാത്രമല്ലെന്നും വ്യാപാരോത്സവം കൂടിയാണെന്നുമാണ് മനസിലാക്കാൻ സാധിച്ചിട്ടുള്ളത്. ഓരോ കാലഘട്ടത്തിലും ആതാതുകാലത്തെ ഭരണാധികാരികൾ ആഘോഷങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ടാവാം, ഇപ്പോൾ നമ്മുടെ സംസ്ഥാന സർക്കാരിന്റെ ഓണാഘോഷംപോലെ. അങ്ങനെ കാലഘട്ടത്തിന്റെ സാഹചര്യത്തിനനുസരിച്ച് പരിവർത്തനം ചെയ്യപ്പെട്ട ആഘോഷവും അതിന്റെ കഥയും ചരിത്രവുമാണ് നമ്മൾ കണ്ടും കെട്ടും ശീലിച്ച ഓണാഘോഷവും മഹാബലിയും വാമനനും.
രാജാവെന്നാൽ സവർണ്ണനാണെന്നും അതുകൊണ്ട് വെളുത്തനിറമുള്ളയാളും പൂണൂൽധാരിയുമായിരിക്കണമെന്നുമൊക്കെയുള്ള ധാരണ എങ്ങിനെയൊക്കെയോ ഇളക്കിമാറ്റാനാവാത്തവിധം നമ്മുടെ മനസിൽ ഉറച്ചുപോയിട്ടുണ്ട്. ഓണാഘോഷവുമായി മാധ്യമങ്ങളിൽ വായിക്കുകയും കാണുന്നതുമെല്ലാം ഇത്തരം വിശ്വാസങ്ങളെ ഉറപ്പിക്കുന്നതാണ്. ഓണസ്മരകൾ പങ്കിടാൻ ദൃശ്യമാധ്യമങ്ങൾക്ക് ഏറ്റവും പ്രിയം പഴയ ജന്മിത്തറവാട്ടിലെയോ രാജകുടുംബത്തിലെയോ ആംഗങ്ങളെയാണ്. സാഹിത്യരംഗത്തോ കലാരംഗത്തോ പൊതുപ്രവർത്തനരംഗത്തോ ഉള്ള ആളായാലും ഏതെങ്കിലും നമ്പൂതിരിയോ നായരോ മേനോനോ ആയിരിക്കുമത്. അവർക്ക് പറയാനുള്ളതോ തങ്ങളുടെ തറവാട്ടിലെ ഓണാഘോഷവും അവർ അടിമകളാക്കി വച്ചിരുന്ന പട്ടിണിപ്പാവങ്ങൾക്ക് നൽകിയ ദാനധർമ്മങ്ങളുടെ കഥയും. ഓണസദ്യയൊരുക്കാനുള്ള വിഭവങ്ങൾ കൃഷിചെയ്തുണ്ടാക്കിയ കർഷകന്റെയോ കർഷകത്തോഴിലാളിയുടെയോ ഓണക്കോടികൾ നെയ്തുണ്ടാക്കിയ നെയ്ത്തുകാരന്റെയോ ഓണസ്മരകൾ എന്താണെന്ന് ആരും അന്വേഷിക്കാറില്ല. ചതിയും കാപട്യവും കള്ളത്തരങ്ങളുമൊന്നുമില്ലാതിരുന്ന കാലം വേഷം മാറിവന്നയാൾ സൂത്രത്തിൽ അധികാരം കൈയ്യടക്കിയപ്പോൾ പുറന്തള്ളിപ്പോയവരാണവർ. കാലക്രമേണ സ്വന്തം നിലനില്പിനുവേണ്ടി അവർക്ക് ഉപേക്ഷിക്കേണ്ടിവന്നത് അതുവരെ ജീവവായുപോലെ കൂടെക്കൊണ്ടുനടന്ന മനസിന്റെ നന്മയായിരുന്നു. ഇത്തരം വേഷംകെട്ടലും അധികാരം കൈയ്യടക്കലും അതിനെ ന്യായീകരിക്കാൻ പെരുംനുണക്കഥകൾ ശൃഷ്ടിക്കുകയും ചെയ്യുന്നവർ നമുക്കിടയിൽ ദൈവങ്ങളെപ്പോലെ അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുമ്പോൾ മഹാബലിയെന്ന മിത്തിനെയും അത് നൽകുന്ന സന്ദേശത്തെയും വർഷത്തിൽ ഒരുദിവസമെങ്കിലും ഓർക്കുന്നത് നമ്മുടെ മനസിലെ നന്മ അല്പമെങ്കിലും ബാക്കിയുള്ളതുകൊണ്ടാണ്. ആ നന്മ തലമുറകളിൽനിന്നും തലമുറകളിലേക്ക് കൈമാറപ്പെടണം. മനുഷ്യരാശിയുള്ള കാലത്തോളം നിലനിൽക്കണം, കാലം ആവശ്യപ്പെടുന്ന മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട്.
***