Kharaaksharangal - kkanakambaran.blogspot.com - Part of kharaaksharangal.blogspot.com

ചൊവ്വാഴ്ച, ഒക്‌ടോബർ 30, 2012

തെയ്യങ്ങള്‍ ഉറഞ്ഞാടുന്ന കാവുകളിലൂടെ


   

കൊളച്ചേരി, ചാത്തമ്പള്ളിക്കാവ്:


 തുലാം മാസം പിറന്നതോടെ ഉത്തരമലബാറിലെ കാവുകളും ഉണര്‍ന്നുകഴിഞ്ഞു. തുലാം പത്തിന് മിക്ക കാവുകളിലും പുത്തരിയടിയന്തിരം എന്ന വിശേഷചടങ്ങാണ്. കൂടുതലും കുടുംബക്ഷേത്രങ്ങള്‍ ആണെന്ന് പറയുമ്പോഴും ആധുനിക മനുഷ്യന്റെ ക്ഷേത്രസങ്കല്പവുമായി പൊരുത്തപ്പെടുന്നവയല്ല ഉത്തരമലബാറിലെ കാവുകളൊന്നും. മക്കത്തായസാമ്പ്രദായാത്തിലൂടെയോ മരുമക്കത്തായസമ്പ്രാദായത്തിലൂടെയോ അനന്തരാവകാശികളായി മാറുന്നവര്‍ തന്നെയാവും മിക്ക കാവുകളുടെയും നടത്തിപ്പുകാര്‍. വളരെ അപൂര്‍വ്വമായി ചിലയിടങ്ങളില്‍ നാട്ടുകാരുടെ കമ്മിറ്റി സഹായത്തിനുണ്ടാവും. 


ഇളങ്കോലം
 മനുഷ്യന്‍ ഗോത്രസമൂഹമായി ജീവിച്ചിരുന്ന കാലങ്ങളിലെപ്പോഴോ എങ്ങിനെയോ രൂപപ്പെട്ടുവന്ന അനുഷ്ടാനങ്ങളും ആചാരങ്ങളും. അത് ഒരു ദേശത്തിന്റെതന്നെ സംസ്കാരവും അടയാളവുമായി മാറുകയായിരുന്നു. കുടുംബബന്ധങ്ങള്‍ക്കോ മനുഷ്യബന്ധങ്ങള്‍ക്കോ ഒരു വിലയും കല്‍പ്പിക്കാത്ത ഈ ഹൈടെക് യുഗത്തിലും വിദൂരങ്ങളില്‍ സ്ഥിരതാമസമാക്കിയ ആളുകള്‍വരെ എല്ലാ തിരക്കുകളും മാറ്റിവച്ച് ചെണ്ടമേളങ്ങളുടെ താളത്തിനൊപ്പം ചുവടുവച്ച്‌ ഉറഞ്ഞാടുന്ന രുദ്രമൂര്‍ത്തികള്‍ക്ക്മുന്നില്‍ എത്തി കൈകള്‍ കൂപ്പി കുമ്പിടുന്നു, വിതുമ്പിക്കരയുന്നു. എപ്രകാരത്തിങ്കലാണോ വിശ്വാസം അപ്രകാരത്തിങ്കല്‍ ഞാന്‍ കൂടെയുണ്ടാവും എന്ന് പ്രത്യേക ഈണത്തില്‍ പറഞ്ഞ് തലയില്‍ കൈവച്ച് അനുഗ്രഹിക്കുമ്പോള്‍ അത് സാന്ത്വനവും സായൂജ്യവുമാകുന്നു.
ഗുളികന്‍
 കാവുകളില്‍ തെയ്യങ്ങള്‍ ഉറഞ്ഞാടുമ്പോള്‍ സംഭവിക്കുന്നത്‌ പലതരത്തിലും പലകാരണത്താലും അറ്റുപോയ കുടുംബബന്ധങ്ങളുടെയും സൗഹൃങ്ങളുടെയും കണ്ണികള്‍തമ്മില്‍ വിളക്കിച്ചേര്‍ക്കലും ആ ദേശത്തിന്റെ തന്നെ കൂട്ടായ്മയുമാണ്. ജീവിച്ച്തീര്‍ന്ന വൃദ്ധതലമുറയും ജീവിക്കാന്‍ തുടങ്ങുകമാത്രം ചെയ്ത പുതിയ തലമുറയും തമ്മില്‍ പരിചയപ്പെടലും അറിയാത്ത രക്തബന്ധങ്ങളുടെ തന്നെ തിരിച്ചറിവുമാണ്. അങ്ങനെ മറ്റെതൊരു ആഘോഷത്തെക്കാളും മനുഷ്യബന്ധങ്ങളെ  വൈകാരികവും ദൃഡവുമാക്കുന്നു കാവുകളിലെ ഒത്തുചേരലുകള്‍.


എള്ളെടുത്ത്  ഭഗവതി 
 പതിനഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെന്നൈയിലേക്ക് ജോലിതേടിപ്പോയി പിന്നീട് അവിടെത്തന്നെ സ്ഥിരതാമസമാക്കിയ ഒരു ബാല്യകാലസുഹൃത്ത് തെയ്യത്തിന്റെ ചുവടുകളില്‍ ലയിച്ചുനില്‍ക്കുന്ന എന്നെ പുറകില്‍നിന്നു തൊട്ടുവിളിച്ചതും എന്നെയോര്‍മ്മയുണ്ടോടാ എന്ന് ചോദിച്ചപ്പോള്‍ അല്‍പസമയത്തേക്ക് ആളെ തിരിച്ചറിയാനാവാതെ തലയിലും മീശയിലും നരവീണ അവന്റെ മുഖത്തേക്ക്തന്നെ നോക്കിനിന്നുപോയതും എല്ലാം കണ്ടും കേട്ടും അവന്റെ അമ്മ തൊട്ടടുത്ത്‌ പുഞ്ചിരിതൂകിനിന്നതും എന്റെ അനുഭവങ്ങളില്‍ ഒന്ന്. ഇങ്ങനെ അവിടെക്കൂടിയിരിക്കുന്ന ഓരോരുത്തര്‍ക്കുമുണ്ടാവും വികാരത്തോടെ ഓര്‍ത്തുവയ്ക്കാന്‍ എന്തെങ്കിലും ഒരനുഭവം.


വലിയ തമ്പുരാട്ടി
 എല്ലാ കാവുകളിലും തുലാം പത്താംതിയ്യതി പുത്തരിയടിയന്തിരം എന്ന ചടങ്ങ് നടക്കുമ്പോള്‍ കൊളച്ചേരി ചാത്തമ്പള്ളിക്കാവില്‍  അതോടൊപ്പം കളിയാട്ടവും നടക്കുന്നു. ഇളങ്കോലവും, ഗുളികനും, വിഷകണ്ഠനും, എള്ളെടുത്ത് ഭഗവതിയും, വലിയതമ്പുരാട്ടിയും(തമ്പുരാട്ടിയമ്മയെന്നും പറയും) ഉറഞ്ഞാടുന്നു. ഗുളികന്‍ ഒഴികെ ബാക്കിയുള്ള എല്ലാ തെയ്യങ്ങളും വണ്ണാന്‍ സമുദായക്കാരാണ് കെട്ടുക . ഗുളികന്‍ തെയ്യം കെട്ടുന്നതും  ചെണ്ടകൊട്ടുന്നതും   മലയസമുദായത്തില്‍പെട്ടവരാണ്. തുലാം ഒന്‍പതിന് സന്ധ്യക്ക്‌ വിള ക്ക് കൊളുത്തിക്കഴിഞ്ഞാല്‍ ഇളങ്കോലം കെട്ടിയാടും. വലിയ തമ്പുരാട്ടിയുടെ വെള്ളാട്ടമാണ് ഇളങ്കോലം. അതുകഴിഞ്ഞാല്‍ യഥാക്രമം വിഷകണ്ഠന്റെയും ഗുളികന്റെയും വെള്ളാട്ടം. പിറ്റേന്ന് പുലര്‍ച്ചെ(തുലാം പത്ത്) ഗുളികന്‍ തെയ്യമാണ്‌ ആദ്യം. ഗുളികന്‍ ചുവടുകള്‍ വച്ചുകൊണ്ടിരിക്കെ എല്ലാവരും കാത്തിരിക്കുന്ന പ്രധാന തെയ്യമായ വിഷകണ്ഠന്റെ പള്ളിയറയില്‍ നിന്നുള്ള കൊട്ടിപ്പുറപ്പാട് വളരെ പ്രധാനമാണ്. പിന്നെ ഗുളികനും വിണ്ഠനും ഒരുമിച്ച് ചുവടുകള്‍ വയ്ക്കും. ക്രമേണ ചുവടുകള്‍ക്കു വേഗത കൂടും. ചെണ്ടാമേളം മുറുകും. ഇരുതെയ്യങ്ങള്‍ ഓലചൂട്ടിന്റെയും തറയില്‍ കുത്തിനിറുത്തിയ ചെറുപന്തങ്ങളുടെയും പ്രഭയില്‍ ഉറഞ്ഞാടുമ്പോള്‍ ഉത്തരമലബാറിലെ കളിയാട്ടങ്ങള്‍ക്ക് ആരംഭമാവുന്നു.  തിയ്യ സമുദായത്തിൽപെട്ട തറവാടാണ് ചാത്തമ്പള്ളി.
വിഷകണ്ഠന്‍
 നേരം പുലര്‍ന്നുകഴിഞ്ഞാല്‍ വിഷകണ്ഠന്‍ കരുമാരത്ത് ഇല്ലത്ത് പോയി നാടുവാഴിയെ സന്ദര്‍ശിക്കും. വിഷ ചികിത്സയ്ക്ക് പേരുകേട്ട കരുമാരത്ത് ഇല്ലത്തെ നാടുവാഴി, പാമ്പ്കടിയേറ്റ സ്ത്രീയെയും കൊണ്ട്  തന്നെ സമീപിച്ച ആളുകളെ വൈകിപ്പോയെന്ന് പറഞ്ഞ് തിരിച്ചയക്കുന്നു. വഴിയില്‍വച്ച് ചെത്തുകാരനായ കണ്ഠന്‍ തെങ്ങിന്റെ മുകളില്‍നിന്ന് അവരോട് കാര്യം ആന്വേഷിച്ചറിയുന്നു. താഴെ ഇറങ്ങിവന്ന കണ്ഠന്‍ എന്തോ പച്ചമരുന്ന് പറിച്ച് അതിന്റെ നീര് ആ സ്ത്രീയുടെ വായില്‍ ഇറ്റിക്കുന്നു. തൊട്ടടുത്തുള്ള കുളത്തില്‍ ആ സ്ത്രീയെ മുക്കി നൂറ്റൊന്നു തവണ കുമിള വരുമ്പോള്‍ പുറത്തെടുക്കാന്‍ ആവശ്യപ്പെടുന്നു. ഒരു ചെത്തുകാരന്‍ താന്‍ തിരിച്ചയച്ച സ്ത്രീയിലെ വിഷമിറക്കിയെന്നറിഞ്ഞപ്പോള്‍ നാടുവാഴിയായ തനിക്ക് അതപമാനമാണെന്ന് കരുതുകയും പാരിതോഷികംനല്‍കി അഭിനന്ദിക്കാനെന്ന പേരില്‍  കണ്ഠനെ ഇല്ലത്തേക്ക് വിളിച്ചു വരുത്തി ചതിയില്‍ വധിക്കുകയുമായായിരുന്നു. അതിന്റെ സ്മരണയായിട്ടാണ് ഇല്ലത്തെക്കുള്ള യാത്ര. കെട്ടിയാടുന്ന മിക്ക തെയ്യങ്ങളും ഏതെങ്കിലും കാരണത്താല്‍ ചതിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ആത്മഹത്യചെയ്യുകയോ ചെയ്ത പച്ചമനുഷ്യരായിരുന്നു എന്ന് ഐതിഹ്യം. ഓരോ തെയ്യത്തിന്റെയും തോറ്റംപാട്ടുകള്‍ ഇതാണ് ബോധ്യപ്പെടുത്തുന്നത്. ചരിത്രത്തിന്റെയും മിത്തിന്റെയും കൂടിച്ചേരല്‍. വിസ്മൃതമായ പൂര്‍വ്വകാലത്തിന്റെ ചരിത്രം കൂടിയാണ് തോറ്റംപാട്ടുകള്‍.

 വിഷകണ്ഠന്‍ നാടുവാഴിയെ സന്ദര്‍ശിച്ച് തിരിച്ചെത്തുമ്പോഴേക്കും എള്ളെടുത്ത് ഭഗവതി ഉറഞ്ഞാടുന്നുണ്ടാവും. ഒരു സ്ത്രീയുടെ ദിനചര്യകളും ശീലങ്ങളും പ്രത്യേകതാളത്തില്‍ ദൃശ്യമാവും ഈ തെയ്യം ചുവടുവയ്ക്കുമ്പോള്‍. പിന്നെ വലിയതമ്പുരാട്ടിയുടെ പുറപ്പാടാണ്. ഉയരമുള്ള തിരുമുടിവച്ച്, തടിച്ചുകൂടിയ ഭക്തര്‍ക്കിടയില്‍ രുദ്രമൂര്‍ത്തിയായി ഉറഞ്ഞുതുള്ളുമ്പോള്‍ ആരിലും അമ്പരപ്പുളവാക്കും. ഏതാണ്ട് മൂന്നുമണിയാവുമ്പോഴേക്കും വിഷകണ്ഠന്‍ ഒഴികെയുള്ള എല്ലാ തെയ്യങ്ങളും തിരുമുടി അഴിച്ചുവച്ച് പഴയതുപോലെ സാധാരണമനുഷ്യരായി മാറിയിട്ടുണ്ടാവും. വിഷകണ്ഠന്‍ മാത്രമാണ് സന്ധ്യവിളക്കുകൊളുത്തുന്നത് വരെ കാത്തുനില്‍ക്കുക. കാലത്ത് ആറുമണിയാവുമ്പോള്‍ അണിഞ്ഞൊരുങ്ങിയ തെയ്യമാണ്‌. സന്ധ്യക്ക്‌ മാത്രമേ തിരുമുടി അഴിക്കാവൂ. അതാണ്‌ ആചാരം. അതുവരെ കുറെയേറെ ചടങ്ങുകള്‍ ചെയ്തുതീര്‍ക്കാനുണ്ട്. ഇളന്നീരോ തെങ്ങിന്‍കള്ളോ മാത്രമാണ് കഴിക്കുക. സന്ധ്യയാവുന്നതുവരെ കാവിന്റെ മതില്‍കെട്ടിനുമുകളില്‍ ഞാനും കാത്തിരുന്നു, പന്ത്രണ്ടു വര്‍ഷത്തിനുശേഷം.  
***



പള്ളിയറ: തെയ്യം അണിഞ്ഞൊരുങ്ങുന്ന സ്ഥലം.
കൊട്ടിപ്പുറപ്പാട്: പള്ളിയറയില്‍ നിന്നും ഇറങ്ങിവരുന്ന ചടങ്ങ്. 
കൂടുതല്‍ ചിത്രങ്ങള്‍ക്ക്: http://kkanakambaran.blogspot.in/2012/10/blog-post_30.html സന്ദര്‍ശിക്കുക.