വായന അയാൾക്ക് ഒരു ലഹരി
ആയിരുന്നു. ഇന്നലെയാണ് ബസ് സ്റ്റോപ്പിൽ
വച്ച് ഒരു
സുഹൃത്തുമായി അയാൾ സംസാരിച്ചത്.
അയാൾ വായിച്ച പുസ്തകങ്ങളെക്കുറിച്ചായിരുന്നു
അവരുടെ സംസാരം. പിന്നെ രാജ്യത്തെ രാഷ്ട്രീയസാഹചര്യത്തെക്കുറിച്ചും. പുസ്തകം വായിക്കുന്നവരെല്ലാം വിഡ്ഢികളും രാജ്യത്തിന്റെ ശത്രുക്കളുമാണെന്ന് വിശ്വസിക്കുന്ന വായനാശീലമില്ലാത്ത രണ്ടുമൂന്നുപേർ അവരുടെ സംസാരവും ശ്രദ്ധിച്ചുകൊണ്ട്
ഇരുന്നു.
പിറ്റേദിവസം
അയാളുടെ വീട്ടിൽ പോലീസുകാർ വന്നു.
അയാളുടെ അലമാര പരിശോധിച്ചു.
ഇത്രയധികം പുസ്തകങ്ങൾ കണ്ടപ്പോൾ തന്നെ പോലീസുകാർക്കു
ദേഷ്യം വന്നു. അവർ
പുസ്തകങ്ങളുടെ പേര് വായിച്ചു.
മഹാഭാരതം, രാമായണം, ഭഗവത് ഗീത,
ഖുർആൻ, ബൈബിൾ, കമ്മ്യുണിസ്റ്
മാനിഫെസ്റ്റോ, കാർക്സിസം-ലെനിനിസം, എന്റെ
സത്യാന്വേഷണ പരീക്ഷകൾ... പക്ഷെ, ഒരു
പേര് വായിച്ച് പോലീസുകാർ
ഞെട്ടി. 'മാവോസേതൂങ്'. പിന്നെ ഒട്ടും താമസിച്ചില്ല,
അയാളെ അറസ്റ്റ് ചെയ്തുകൊണ്ടുപോവുമ്പോൾ
ആ ഒരു പുസ്തകം
മാത്രം അവർ തൊണ്ടിമുതലായി
എടുത്തുകൊണ്ടുപോയി.
അപ്പോൾ അലമാരയിൽ ഇരുന്ന് മാർക്‌സും ഏംഗൽസും
പരസ്പരം നോക്കി. ലെനിൻ ചിന്താധീനനായി. ഗാന്ധിജി സത്യാന്വേഷണ പരീക്ഷകൾ തുടർന്നു. ചെ ഗുവേര ഒരു പുക ആഞ്ഞുവലിച്ചു. പോലീസുകാരുടെ ശ്രദ്ധയിൽ പെടാതെ പോയ ഒരു കുഞ്ഞുപുസ്തകത്താളിൽനിന്നും വർഗീസ് നിഷ്കളങ്കമായി ബ്ലാക്ക് ആൻഡ് വൈറ്റ് പുഞ്ചിരി തൂകി.
ടെലിവിഷൻ ചാനലുകളിൽ അന്തിചർച്ച, പിറ്റേദിവസത്തെ
പത്രങ്ങളിൽ വലിയ തലക്കെട്ടുള്ള
വാർത്ത, മാവോയിസ്റ്റ് പോലീസ് കസ്റ്റഡിയിൽ.
***