Kharaaksharangal - kkanakambaran.blogspot.com - Part of kharaaksharangal.blogspot.com

ചൊവ്വാഴ്ച, ജനുവരി 19, 2021

കുടുംബസംഗമം

          രണ്ടായിരത്തി ഇരുപതിലെ കൊറോണക്കാലത്തായിരുന്നു. ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ വുഹാൻ നഗരത്തിൽനിന്ന് കോവിഡ്-19 എന്ന് പേരുള്ള ഒരു കൂട്ടം സൂക്ഷ്മജീവികൾ മനുഷ്യശരീരങ്ങളിലൂടെ ലോകസഞ്ചാരത്തിനിറങ്ങിയ വാർത്തയറിഞ്ഞ്, ലോകം തന്റെ വിരൽത്തുമ്പിലാണെന്ന് അഹങ്കരിച്ച മനുഷ്യന്റെ ചിന്തയിലും പ്രവർത്തിയിലും ഭീതിയുടെ നിഴൽവീണ് ജീവിതം സ്തംഭിച്ചുപോവുന്നതിനും ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു അവർ പഴയ തറവാട് വീട്ടിൽ ഒത്തുകൂടിയത്. അപ്പോൾ പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്നും കുഞ്ഞുജീവികളുടെ സംഘം കേരളത്തിലേക്ക് എത്തുന്നതേ ഉണ്ടായിരുന്നുള്ളു.

          തങ്ങളുടെ ബാല്യകാലത്തിന്റെ കുരുത്തക്കേടുകളും തമാശയും മുതിർന്നവരോട് തോന്നിയിരുന്ന ഭയവും ആദരവും കൗമാരഹൃദയത്തിൽനിന്നും ഉയർന്നുപൊങ്ങിയ പ്രണയനെടുവീർപ്പുകളും ഒട്ടും മറന്നുപോവാതെ വലിയ വീടിന്റെ ചുവരുകൾക്കുള്ളിൽ, ഓർമ്മകളൊന്നും മഴനനഞ്ഞ് അലിഞ്ഞുപോവാതെ വെയിലേറ്റ് വാടിപ്പോവാതെ ഇന്നും അതേപടി സംരക്ഷിച്ചുനിർത്തുന്ന ഓടിട്ട മേൽക്കൂരയ്ക്ക് കീഴെ കുറച്ചു ദിവസങ്ങൾ... അഞ്ച് സഹോദരങ്ങൾ... അവരുടെ ഭാര്യമാർ, ഭർത്താക്കന്മാർ, മക്കളും മക്കളുടെ മക്കളും... ആറുപേർ വേണ്ടിയിരുന്നത് പാതിവഴിയിൽ എല്ലാം ഉപേക്ഷിച്ച് വീട്ടിൽ നിന്നും ഇറങ്ങിപ്പോയ ഒരാളുടെ കുറവ് ഉണ്ടാക്കുന്ന ഓർമ്മ സൃഷ്ടിക്കുന്ന അഞ്ചുപേരുടെയും മനസ്സിലെ നഷ്ടബോധത്തിന്റെ ഭാരം ആരുടെയെങ്കിലും മുഖത്ത് ദൃശ്യമാവുമ്പോൾ എല്ലാവരുടെയും കണ്ണുകളെ നനയിച്ചു.

          പത്തുവർഷങ്ങൾക്കുശേഷമാണ് അഞ്ചുസഹോദരങ്ങളും ഇങ്ങനെ ഒത്തുചേരുന്നത്. പത്തുവർഷങ്ങൾക്ക് മുൻപ് അമ്മയുടെ മരണത്തിനു ശേഷം നാല്പത്തിയൊന്നാം ദിവസത്തെ ചടങ്ങുകഴിഞ്ഞ് ഓരോദിവസവും ഓരോരുത്തരായി പടിയിറങ്ങിയതാണ് വീട്ടിൽനിന്ന്. അവസാനം ബാക്കിയായത് ഉഷയും മകൾ മീനാക്ഷിയും ജ്യേഷ്ഠൻ ഗോപാലനും ആയിരുന്നു. ന്യൂജേഴ്സിയിയിലേക്കുള്ള വിമാനം മുംബൈയിൽനിന്നായിരുന്നതിനാൽ ഒരുമിച്ചുപോവാം എന്ന് തീരുമാനിക്കുകയായിരുന്നു ഗോപാലൻ. ഭാര്യയും മക്കളും രണ്ടുദിവസങ്ങൾക്ക് മുന്നേ പോയിരുന്നു. മനോഹരൻ തിരിച്ചെത്തിയാൽ അയാൾക്ക്കൊടുത്തേക്കൂ എന്നുപറഞ്ഞ് വീടുപൂട്ടി താക്കോൽ അയല്പക്കത്തെ കളിക്കൂട്ടുകാരൻ രാജനെ ഏൽപ്പിച്ച് ന്യൂജേഴ്സിയിലേക്ക് തിരിച്ചുപോവുമ്പോൾ മനസ്സിൽ വല്ലാത്ത വിങ്ങലായിരുന്നു എന്നത് ഉഷ ഇപ്പോഴും ഓർക്കുന്നു. അന്നുമുതൽ താക്കോൽ സൂക്ഷിക്കുന്നതും വീട് പരിപാലിക്കുന്നതും അയാളാണ്. മനോഹരനും ഉഷയുമായിരുന്നു ചെറുപ്പം മുതലേ രാജന്റെ കൂട്ടുകാർ.

          തറവാട് വീതം വയ്ക്കുമ്പോൾ വീട് എന്തുചെയ്യുമെന്ന് ചർച്ച വന്നപ്പോൾ പഴയ വീട് ആർക്കും വേണ്ടായെന്നായിരുന്നു എല്ലാവരും പറഞ്ഞിരുന്നത്, ഉഷ ഒഴികെ. മാത്രമല്ല എല്ലാവർക്കും പലയിടങ്ങളിലായി വീടുണ്ട്. മൂത്തയാളായ ഗോപാലൻ മുംബൈയിൽ സ്ഥിരതാമസമാക്കിയിരുന്നു. രണ്ടാമത്തെയാളായ ഡോക്ടർ ദിനേശനും കുടുംബവും കുറേ മുൻപുതന്നെ സിറ്റിയിൽ പുതിയ വീടുവച്ചു താമസമാക്കിയിരുന്നു. മൂന്നാമത്തെയാൾ നളിനിക്ക് ജോലിയൊന്നുമില്ല. ഭർത്താവ് റിട്ടയേർഡ് പട്ടാളക്കാരനാണ്. അവർ ചണ്ഡീഗഡിൽ സ്ഥിരതാമസമാക്കിയതിനാൽ വല്ലപ്പോഴും മാത്രമേ കേരളത്തിലേക്ക് വരാറുള്ളു. നാലാമത്തെയാളായ സുരേഖക്കും ഭർത്താവിനും  രണ്ടുപേരുടെയും ജോലി സെക്രട്ടറിയേറ്റിൽ ആയതിനാൽ തിരുവന്തപുരത്തുതന്നെ വീട് വാങ്ങിച്ചു. ആറാമത്തെയാളാണ് ഉഷ.  ഉഷക്ക് മൂത്തതായിരുന്നു മനോഹരൻ. സാഹിത്യത്തിൽ ഉഷയുടെ വഴികാട്ടി അയാളായിരുന്നു.  എഴുതാറില്ല പക്ഷെ, നന്നായി വായിക്കും. ഒരു തത്വജ്ഞാനിയെപ്പോലെയായിരുന്നു സംസാരം. അവിവാഹിതനായിരുന്നു. അല്പം മാനസികപ്രശ്നം ഉണ്ടായിരുന്നു. അമ്മ മരണപ്പെട്ടത്തിന്റെ മൂന്നാം ദിവസം അയാൾ വീടുവിട്ടിറങ്ങി. അയാൾ അങ്ങനെയായിരുന്നു. പെട്ടെന്നൊരു ദിവസം ആരോടും പറയാതെ വീട്ടിൽനിന്നിറങ്ങും. പിന്നെ ഒരാഴ്ച കഴിയുമ്പോൾ തിരിച്ചെത്തും. അങ്ങനെ പോയതായിരിക്കും എന്നാണ് എല്ലാവരും കരുതിയിരുന്നത്. രണ്ടാഴ്ച കഴിഞ്ഞിട്ടും വരാതായപ്പോൾ പല സ്ഥലങ്ങളിലും അന്വേഷിച്ചു, കണ്ടെത്താൻ സാധിച്ചില്ല. ഇപ്പോൾ എവിടെയാണെന്ന് ആർക്കുമറിയില്ല. എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കിൽ അറിഞ്ഞോട്ടെയെന്നു കരുതിയാണ് കുടുംബസംഗമം നടത്തുന്ന വാർത്ത എല്ലാ പത്രങ്ങളിലും കൊടുത്തത്. എല്ലാവരും ഫേസ്ബുക്കിലും എഴുതിയിട്ടിരുന്നു. സുരേഖയുടെയും നളിനിയുടെയും ഭർത്താക്കന്മാർ സംഗമത്തിന്റെ തലേദിവസം മാത്രമാണ് എത്തിയത്. സംഗമത്തിന്റെ പിറ്റേദിവസംതന്നെ തിരിച്ചു പോവുകയും ചെയ്തു. അവധി കിട്ടാത്തതുകാരണം പ്രകാശൻ ഉണ്ടായിരുന്നില്ല. ഉഷയും  മകൾ മീനാക്ഷിയും തനിച്ചാണ് ന്യൂജേഴ്സിയിൽനിന്നും വന്നത്. ബാക്കിയുള്ള എല്ലാവരും രണ്ടുദിവസം നേരത്തെ എത്തിയിരുന്നു.

"അത് അവിടെ നിന്നോട്ടെ. എനിക്ക് എപ്പോഴെങ്കിലും ഇവിടെ വന്നു താമസിക്കണമെന്നു തോന്നിയാൽ വന്നു താമസിക്കാലോ." എന്ന് പറഞ്ഞതുകൊണ്ടാണ് വീട് എല്ലാവരും ചേർന്ന് അവൾക്കു കൊടുക്കാൻ തീരുമാനിച്ചത്. സെക്രട്ടറിയറ്റിൽ ജോലിയുള്ള സുരേഖ മാത്രമാണ് "അമേരിക്കക്കാരിക്കെന്തിനാ പഴയ ഓടിട്ട വീട്?" എന്ന് ചോദിച്ചത്.

"അതൊക്കെയുണ്ട്. എനിക്ക് ഏകാന്തമായി ഇരിക്കാൻ ഒരിടം വേണം അതിനാണ്" എന്ന് മറുപടി പറഞ്ഞ്കൊണ്ട് ഉഷ അല്പം ഈർഷ്യയോടെ ജ്യേഷ്ഠത്തിയെ നോക്കി. അന്ന് അമ്മയുണ്ടായിരുന്നു. അമ്മ പറഞ്ഞത് വീട് മനോഹരന് കൊടുക്കണം എന്നാണ്.

അപ്പോൾ അയാൾ തന്നെയാണ് പറഞ്ഞത്. "എനിക്കെന്തിനാ വീട്? അത് ഉഷക്ക് കൊടുത്തോളു." മനോഹരന് ഉഷ ഒഴികെ മറ്റുള്ളവരോടൊക്കെ മാനസികമായി ഒരു അകൽച്ചയുണ്ടായിരുന്നു.

കുടുംബ സംഗമം നടത്തുന്നതിനെക്കുറിച്ച് നിർദ്ദേശം വച്ചതും വീട്ടിൽത്തന്നെയാവട്ടെ എന്ന് പറഞ്ഞതും ഉഷതന്നെയാണ്. "നമ്മൾ കളിച്ചുവളർന്ന വീടല്ലേ. ഒരാഴ്ച നമുക്കെല്ലാവർക്കും ഒരുമിച്ച് താമസിക്കാം. നമുക്ക് പഴയ കുട്ടികളാവണം."

ഡോക്ടർ ദിനേശന്റെ ഭാര്യ ഉഷയോട് പറഞ്ഞു. " വീട് പൊളിച്ച് നല്ലൊരു വീട് നിർമ്മിക്ക്. പ്രവാസമൊക്കെ അവസാനിപ്പിക്കാറായില്ലെ?"

ഉഷ പറഞ്ഞു. " വീട് പൊളിക്കേണ്ട. ഇങ്ങനെ നിന്നോട്ടെ. നമുക്ക് വയസ്സായില്ലെ. നമുക്കെല്ലാവർക്കും ഇവിടെ ഒരുമിച്ചു താമസിക്കാം." അവൾ പറഞ്ഞത് തമാശരൂപത്തിലാണെങ്കിലും അതൊരു ആഗ്രഹം കൂടിയായിരുന്നു.

നളിനി തമാശയായിത്തന്നെ പറഞ്ഞു. "അതെ എന്നിട്ട് ഗെയ്റ്റിൽ ഒരു ബോർഡ് വെക്കണം. വൃദ്ധസദനം എന്ന്."

അറുപത്തിയൊന്നുവയസ്സുള്ള ഗോപാലൻ ഉഷയെ സൂക്ഷിച്ചുനോക്കി. എന്നിട്ട് ചോദിച്ചു. "നിനക്കെത്ര വയസ്സായി?"

ചോദ്യത്തിലെ പരിഹാസം മനസിലാക്കി ഉഷയൊന്ന് പരുങ്ങി. ചമ്മൽ മാറാതെതന്നെ ജ്യേഷ്ഠത്തിമാരെ നോക്കി ഒന്ന് പുഞ്ചിരിച്ച് മറുപടി പറഞ്ഞു. "എനിക്ക് നാല്പത്തതിനാല്." 

ആദ്യം പ്രതികരിച്ചത് സുരേഖയാണ്. "നാല്പത്തതിനാലാമത്തെ വയസ്സിൽ അവൾ  കിളവിയായി. അപ്പോൾ നമ്മളോ?"

ഡോക്ടർ ദിനേശൻ ചോദിച്ചു. "എന്താടീ നിനക്ക് പ്രകാശനെ പ്രേമിച്ച് മതിയായൊ?"

ചോദ്യം കേട്ട് ഉഷയൊഴികെ എല്ലാവരും ഉച്ചത്തിൽ ചിരിച്ചു. എല്ലാവരുടെയും ഓർമ്മകൾ ഇരുപതുവർഷം പിറകിലേക്ക് പോയി.

"എന്തായിരുന്നു കോലാഹലം!" നളിനി ഓർമ്മപ്പെടുത്തി.

ഉഷയും പ്രകാശനും തമ്മിലുണ്ടായിരുന്ന പ്രേമബന്ധം വീട്ടിൽ വലിയ ഒരു ഭൂകമ്പംതന്നെ സൃഷ്ടിച്ചിരുന്നു.

ഒടുവിൽ ഉഷ തറപ്പിച്ചു പറഞ്ഞു. "എന്തൊക്കെ കുറവുകളുണ്ടായാലും എനിക്ക് പ്രകാശേട്ടനെ മതി. ഇല്ലെങ്കിൽ ഞാനീ വീട്ടിൽ കെട്ടിത്തൂങ്ങി ചാവും."

അവളുടെ ഭീഷണിക്കു മുന്നിൽ അവർക്ക് സമതിക്കേണ്ടിവന്നു. 

"നിനക്കെപ്പോഴാ തിരിച്ചുപോവേണ്ടത്?" ചോദിച്ചത് നളിനിയാണ്.

"എനിക്ക് ഇരുപതുദിവസത്തെ ലീവുണ്ട്. മോള് സംഗമത്തിന്റെ പിറ്റേദിവസം പോവും. അവൾക്ക് യൂണിവേസിറ്റിയിലെ ക്ലാസ്സ് ഒഴിവാക്കാൻ പറ്റില്ല."

"അപ്പോൾ അവൾ തനിച്ച് പോവണ്ടേ?" ഗോപാലൻ ചോദിച്ചു.

"അത് കുഴപ്പമില്ല ഏട്ടാ. അവൾ ആദ്യമായിട്ടല്ലല്ലൊ തനിച്ച് ഫ്ളൈറ്റ് യാത്ര ചെയ്യുന്നത്. അവൾ പോയിക്കോളും.

"എവിടുന്നാ പോവേണ്ടത്? എപ്പോഴാ അങ്ങെത്തുക?" ഗോപാലന്റെ ഭാര്യ ചോദിച്ചു.

"ന്യൂഡൽഹിയിൽനിന്നാണ് ഫ്ലൈറ്റ്. കോഴിക്കോട് നിന്ന് ന്യൂഡൽഹിലേക്കു പോവണം. അവളെ ആരെങ്കിലും കോഴിക്കോട് എയർപോർട്ടിൽ ആക്കിക്കൊടുത്താൽ മതി. കോഴിക്കോടുവരെ ഞാനും പോവാം. നേവാർക്കിൽ  എത്തുന്നത് രാത്രിയിലാണ്."

ഏട്ടത്തി പരിഭ്രമിച്ചു. "രാത്രിയിൽ തനിച്ചു പോവണോ? പ്രകാശൻ എയർപോർട്ടിൽ വരുമോ?"

"നെവാർക്ക് എയർപോർട്ടിൽ പ്രകാശേട്ടൻ വന്ന് കൂട്ടികൊണ്ടുപോയിക്കോളും. ഇല്ലെങ്കിലും അവൾക്കു അവിടെ രാത്രി യാത്ര ചെയ്തൊക്കെ ശീലമാണ്." ഉഷ മറുപടി പറഞ്ഞു.

ഏട്ടത്തി സ്വരം താഴ്ത്തി ചോദിച്ചു. "അവിടെ എങ്ങിനെ പ്രായത്തിലെ പെണ്കുട്ടികളൊക്കെ രാത്രി യാത്ര ചെയ്യുമ്പോൾ?..."

ഉഷ പറഞ്ഞു. "ഇവിടുത്തെ ആണുങ്ങളെപ്പോലെ തുറിച്ചുനോട്ടം ഇല്ലാന്നേയുള്ളു. അവിടെയുമുണ്ട് പിടിച്ചുപറിയും ബലാത്സംഗവുമൊക്കെ."

          കുറേ നേരം എല്ലാവരും അവരവരുടെ ഓർമ്മകളിൽ മുഴുകിയും വീട്ടിനകത്തും മുറ്റത്തും തൊടിയിലും ചുറ്റിക്കറങ്ങിയും നേരം കൂട്ടി. വർഷങ്ങളായി പണിയൊന്നും എടുക്കാതെ ഉറച്ചുപോയ വീട്ടുവളപ്പിലെ മണ്ണിൽ ചവിട്ടിനിന്ന് ഗോപാലൻ തലയറ്റുപോയ തെങ്ങിന് മുകളിലേക്ക് നോക്കി. നാടുവിട്ടുപോയ അനുജനെ ഓർത്തു. മനോഹരന്റെ ഓഹരിയായിരുന്നു അത്.  ഉച്ചനേരമായതിനാൽ സൂര്യൻ തീഷ്ണമായി അയാളുടെ കണ്ണുകളിലേക്ക്നോക്കിയപ്പോൾ പെട്ടെന്ന് നോട്ടം പിൻവലിച്ചു. അയാൾ ഓർത്തു. അഞ്ചു വർഷങ്ങൾക്ക് മുൻപായിരുന്നു അവസാനമായി ഇവിടെ വന്നത്. ഇതുപോലൊരു ഉച്ചനേരത്ത്. അയല്പക്കത്തുനിന്ന് താക്കോൽ വാങ്ങി   വീട്തുറന്ന് വെറുതെ അൽപനേരം ചിലവഴിച്ച് തിരിച്ചുപോയി. അന്ന് ഇവരാരും ഉണ്ടായിരുന്നില്ല. കൂടെയുണ്ടായിരുന്നത് ഇളയ മകനായിരുന്നു. ഇത്തവണ അവൾക്കെന്തോ ഇങ്ങനെയൊരു ബുദ്ധി തോന്നിയത് നന്നായി. ചെറുപ്പം മുതലേ അവൾക്കായിരുന്നു ഞങ്ങളുടെ കൂട്ടത്തിൽ മിടുക്ക്.

          അന്നവൾ പ്രകാശനെ വിവാഹം ചെയ്യുന്നതിന് എതിര് നിന്നത് അയാളായിരുന്നു. അച്ഛൻ ജീവിച്ചിരിപ്പില്ലാത്തതിനാൽ ഗോപാലനായിരുന്നു വീട്ടുകാര്യങ്ങൾ നോക്കിയിരുന്നത്. വരുന്ന വിവാഹാലോചനകളെല്ലാം അവൾ തിരസ്കരിക്കുന്നതിന്റെ കാരണം അപ്പോഴായിരുന്നു എല്ലാവർക്കും മനസ്സിലായത്. പ്രകാശൻ അന്യജാതിക്കാരനാണ്. കാര്യമായ ജോലിയൊന്നുമുണ്ടായിരുന്നുമില്ല. രണ്ടോ മൂന്നോ പാരലൽ കോളേജിൽ പഠിപ്പിച്ചു കിട്ടുന്ന വരുമാനംകൊണ്ട് എന്താകാനാണ്? ഉഷക്കും ജോലിയൊന്നുമുണ്ടായിരുന്നില്ല. രണ്ടുപേരും വല്ലപ്പോഴും ഏതെങ്കിലും പത്രത്തിനോ വാരികക്കൊ കഥയോ കവിതയോ എഴുതിക്കൊടുക്കാറുണ്ട്. അവർ തമ്മിൽ പരിചയപ്പെടുന്നതും ഇഷ്‌ടത്തിലാവുന്നതും വഴിക്കായിരുന്നു. പക്ഷെ, പേരും പ്രശസ്തിയും കൊണ്ട് കുടുംബജീവിതം സാധ്യമാവില്ലല്ലൊ. പണം ആവശ്യമുള്ളപ്പോൾ പണം തന്നെ വേണം. അതായിരുന്നു എതിർപ്പിന് കാരണം. മൂത്ത രണ്ടു സഹോദരിമാരുടെ ഭർത്താക്കന്മാരും തരക്കേടില്ലാത്ത വരുമാനമുള്ളവരാണ്. അവർക്കു മുന്നിൽ ചെറുതായിപ്പോവരുത് എന്നുമാത്രമേ വിചാരിച്ചിരുന്നുള്ളു. എന്നാൽ ഇപ്പോൾ പ്രകാശനാണ് അവരെക്കാൾ സമ്പന്നൻ. പ്രകാശൻ ന്യൂജേഴ്സിയിലെ ഒരു മൾട്ടിനാഷണൽ കമ്പനിയുടെ അക്കൗണ്ടിംഗ് ഡിപ്പാർട്ട് മെൻറിലും ഉഷ ഒരു കൺസ്ട്രക്ഷൻ കമ്പനിയുടെ എച്ച് ആർ ഡിപ്പാർട്ട് മെൻറിലും ജീവനക്കാരാണ്. ഗോപാലന് അനിയത്തിയെക്കുറിച്ചോർത്ത് അഭിമാനം തോന്നി. അവളുടെ തീരുമാനം ഒരിക്കലും പിഴക്കാറില്ല. സാമർഥ്യവും ദീർഘവീക്ഷണവും ഉള്ളവളാണ്. അവളുടെ ചേച്ചിമാർക്ക് അവളുടെയത്ര  ലോകപരിചയമോ സാമർഥ്യമോ ഇല്ല. ഭർത്താക്കന്മാർ പറയുന്നത് മൂളിക്കേൾക്കാൻ മാത്രമേ സാധിക്കൂ. വിവാഹത്തിന് മുൻപ് അച്ഛനും അമ്മയും പറയുന്നതിന് അല്ലെങ്കിൽ ഏട്ടൻ പറയുന്നതിന് എതിര് പറയാൻ അറിയില്ലായിരുന്നു. ഉഷ എല്ലാവരോടും വെട്ടിത്തുറന്ന് അഭിപ്രായം പറയും.

          സംഗമം കഴിഞ്ഞ് മീനാക്ഷി തിരിച്ചുപോയി. പരീക്ഷയാണ് പഠിക്കാനുണ്ട് എന്ന് പറഞ്ഞ് വേറെ ചില കുട്ടികളും പോയി. അവർ പോയപ്പോൾ വീട് ഉറങ്ങിയതുപോലെയായെന്ന് പറഞ്ഞ് മുതിർന്നവർ നിരാശപ്പെട്ടു. വീട്ടിലെ ചെറിയ മുറികൾ കുട്ടികൾക്ക് അരോചകമാവും എന്നായിരുന്നു എല്ലാവരും കരുതിയത്. പക്ഷെ, അവരായിരുന്നു ശരിക്കും ആസ്വദിച്ചത്. മുറ്റത്ത് പന്തൽ കെട്ടിയതുകൊണ്ട് എല്ലാവർക്കും ഉറങ്ങാനും ഇരിക്കാനും നടക്കാനുമൊക്കെ സൗകര്യമായി. 

            ഉഷക്ക് ന്യൂജേഴ്സിയിലേക്ക് തിരിച്ചു പോവേണ്ടതിനും ഏതാനും ദിവസങ്ങൾക്കു മുൻപാണ് ഇന്ത്യയിൽ വിമാനത്തവാളങ്ങൾ അടച്ചതും ലോക്ക്ഡൌൺ പ്രഖ്യാപിക്കപ്പെട്ടതും. പിന്നീട് അറിഞ്ഞതെല്ലാം ലോകമെങ്ങും മഹാമാരി പടർന്നുപിടിക്കുന്നുവെന്ന ഭീതിപ്പെടുത്തുന്ന വാർത്തകളായിരുന്നു. അമേരിക്കയിൽ രോഗികളുടെ എണ്ണത്തോടൊപ്പം മരണസംഖ്യയും പെരുകുന്നതുകണ്ട് ഉഷ അസ്വസ്ഥമായ മനസ്സുമായി ദിവസങ്ങൾ തള്ളിനീക്കി. വീട്ടിലെ എല്ലാവരുടെയും മനസ്സിൽനിന്നും സന്തോഷം അപ്രത്യക്ഷമായി. അമേരിക്കയിൽനിന്നു വരുന്ന പ്രകാശന്റെയും മീനാക്ഷിയുടെയും ഫോൺ കോളുകളിലും മെസ്സേജുകളിലും സുഖമായിരിക്കുന്നുവെന്ന ആശ്വാസവാക്കുകളായിരുന്നു. ന്യൂയോർക്കിലാണ് രോഗം ഏറ്റവും കൂടുതൽ പടർന്നുപിടിക്കുന്നത്. ന്യൂജേഴ്സിയിൽ അത്രയില്ലെങ്കിലും ആശ്വസിക്കാനാവില്ല. മരണസംഖ്യ കൂടിവരുകയാണ്. ജീവൻ നിലനിർത്താൻ ചികിത്സ കിട്ടാതെ വിഷമിക്കുന്ന ദരിദ്രർ... വൃദ്ധസദത്തിലെ കൂട്ടമരണം... മുൻപോട്ടുള്ള വഴിയറിയാതെ  വിറങ്ങലിച്ചു നിൽക്കുന്ന പ്രവാസിസമൂഹം... പ്രകാശന്റെയും മകളുടെയും മെസേജുകളിലും സംസാരങ്ങളിലും ഇതൊക്കെയാണ് വിശേഷങ്ങൾ. ഏതാനും ദിവസങ്ങൾക്കകം പ്രകാശന്റെ വാട്സ്ആപ് മെസേജ് വന്നു. “Confirmed today. I am covid positive.” ഒരാഴ്ചക്ക് ശേഷം മീനാക്ഷിക്കും കോവിഡ് സ്ഥിരീകരിച്ചു.

          പ്രകാശന്റെയും മകളുടെയും അസുഖം അറിഞ്ഞ് പ്രകാശന്റെ അമ്മ ആകെ അസ്വസ്ഥയായിരുന്നു. ഒരു ദിവസം കാലത്ത് ഉറങ്ങി എഴുന്നേറ്റത്അവരുടെ മരണവാർത്ത അറിയിച്ചുകൊണ്ടുള്ള ഒരു ഫോൺകാൾ അറ്റൻഡ് ചെയ്തുകൊണ്ടായിരുന്നു. അമ്മയുടെ മരണവാർത്തയറിഞ്ഞ് ആകെ തകർന്നുപോയ പ്രകാശനെ  ശ്രദ്ധിക്കാൻ മകളോട് പ്രത്യേകം പറഞ്ഞേല്പിച്ചു ഉഷ. മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ അവർ എല്ലാവരും പോയി. കോവിഡ് പകരാതിരിക്കാൻ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം കാരണം ഉഷക്ക് മാത്രമേ മൃതദേഹം കാണാൻ സാധിച്ചിരുന്നുള്ളു. ബാക്കിയുള്ളവർക്ക് വളരെയകലെ നിൽക്കേണ്ടിവന്നു. 

          അതിനുശേഷം ഏതാണ്ട് ഒരാഴ്ച്ചക്ക് ശേഷമായിരുന്നു ഗോപാലന് ശാരീരിക അസ്വസ്ഥതയും പനിയും തോന്നിത്തുടങ്ങിയത്. ഡോക്ടർ ദിനേശന് സംശയം തോന്നിയതിനെ തുടർന്ന് അയാൾതന്നെയാണ് കോവിഡ് ടെസ്റ്റ് നടത്താൻ നിർദ്ദേശിച്ചത്. സ്രവം പരിശോധിച്ചതിന്റെ റിസൾട്ട് വന്നപ്പോൾ ദിനേശൻ ഒഴികെ ബാക്കി എല്ലാവരും ഞെട്ടിപ്പോയി.

അപ്പോഴാണ് ഉഷ പറഞ്ഞത്. "അതേയ് രണ്ടുമൂന്നു ദിവസങ്ങൾ മുൻപ് എനിക്ക് ഒരു പനിവരുന്നതുപോലെയും ശരീരവേദനയുമൊക്കെ ഉണ്ടായിരുന്നു ഏട്ടാ."

അന്നുതന്നെ എല്ലാവരെയും പരിശോധിക്കുകയും മൂന്നുദിവസത്തിനുശേഷം കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. പ്രായവും അനാരോഗ്യവും  കാരണം ഗോപാലന്റെ കാര്യത്തിലായിരുന്നു എല്ലാവർക്കും ഭയം. ദുർബലമായ ശരീരത്തോടാണത്രെ ജീവികൾക്ക് പ്രിയം എന്നാണ് ശാസ്ത്രത്തിന്റെ വിശദീകരണം. എന്നാൽ അയാളായിരുന്നു എല്ലാവരേക്കാളും ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

ആശുപത്രിവാസം അവസാനിച്ച് തിരിച്ചെത്തിയ ദിവസം ഗോപാലൻ ഉഷയോട് പറഞ്ഞു. " മഹാമാരി നാട്ടിൽ നിന്നും പോവുന്നതുവരെ നമുക്കിനി ഒരുമിച്ചു കഴിയാം.  നീ തിരിച്ചുപോവുന്നതിനുമുൻപ് ഏതെങ്കിലും പണിക്കാരെവിളിച്ച് പറമ്പോക്കെ വൃത്തിയാക്കാൻ രാജനോട് പറയണം."  അയാൾ കൂട്ടിച്ചേർത്തു. "നഗരവാസിയെന്ന അഹങ്കാരവും പണത്തോടുള്ള ആർത്തിയും കാരണമാണ് നമ്മളെല്ലാവരും കിട്ടിയ ഓഹരികൾ വിറ്റത്. നീയും മനോഹരനും മാത്രം മണ്ടത്തരം ചെയ്തില്ല."

ഗോപാലൻ തുടർന്നു. "അവൻ എന്നെങ്കിലും തിരിച്ചുവരും. ഞങ്ങളാരും അന്ന് ജീവിച്ചിരിപ്പുണ്ടാവണമെന്നില്ല. പക്ഷെ, നീയുണ്ടാവണം."

അമേരിക്കയിലേക്ക് കുടിയേറി കുറച്ചുകഴിഞ്ഞപ്പോൾ ചില ബ്രോക്കർമാർ  ഗോപാലനോടും ദിനേശനോടും സൂചിപ്പിച്ചിരുന്നു. " വീടും സ്ഥലവും വിൽക്കുന്നുന്നുണ്ടെങ്കിൽ നല്ലൊരു വില വാങ്ങിത്തരാം. അവർക്കെന്തിനാ പഴയ വീട്? അവരിനി അമേരിക്കയിൽതന്നെ സെറ്റിലാവും. നിങ്ങളെ അനുജനും ഇനി തിരിച്ചു വരുമെന്ന് തോന്നുന്നില്ല. നിങ്ങളെ കാലശേഷം അത് സംരക്ഷിക്കാൻ ആരുമുണ്ടാവില്ല."

പറമ്പ് വിൽക്കാതിരിക്കാൻ കാരണമുണ്ടായിരുന്നു. വിവാഹശേഷം ദാരിദ്ര്യം നന്നായി അനുഭവിച്ചവരായിരുന്നു ഉഷയും പ്രകാശനും,  അമേരിക്കയിലേക്ക് കുടിയേറുന്നതുവരെ.

അവൾ ഒന്നും പറഞ്ഞില്ല. മനസ്സിൽ ന്യൂജേഴ്സിയിലെ ഇരുപത്തിയെട്ടുനില കെട്ടിടത്തിലെ പതിനഞ്ചാം നിലയിലെ അപ്പാർട്മെന്റിനുള്ളിൽനിന്നും പുറത്തിറങ്ങാനാവാതെ വീർപ്പുമുട്ടുന്ന ഭർത്താവിനെയും മകളെയും കുറിച്ചുള്ള ചിന്തയായിരുന്നു.

ക്വാറന്റൈൻ കഴിഞ്ഞ ശേഷം ഒരു വീഡിയോ ചാറ്റിങ്ങിനിടെ മീനാക്ഷിയാണ് ദുഃഖവാർത്ത പറഞ്ഞത്. "മമ്മാ, മൈക്കൽ സ്മിത്ത് പാസ്ഡ്എവേ"

"എങ്ങിനെ?" ഉഷ വിശ്വസിക്കാനാവാതെ ചോദിച്ചു.

"ഹി വാസ് കോവിഡ് പോസിറ്റീവ്. ഞങ്ങൾ ക്വാറന്റൈൻ കഴിഞ്ഞ് അപ്പാർട്മെന്റിന് പുറത്തിറങ്ങിയപ്പോൾ ഒരു ദിവസം അയാളുടെ കൂടെയുണ്ടാവാറുള്ള സ്ത്രീയെ കണ്ടു. അവരാണ് പറഞ്ഞത്."

          കുറെ വർഷങ്ങളായി അവരെ രണ്ടുപേരെയും അറിയാം. ഉഷ കണ്ണുകളടച്ച് മൈക്കൽ സ്മിത്തിനെ മനസ്സിൽ കാണാൻ ശ്രമിച്ചു. അയാൾ ഒരു യാചകനായിരുന്നു. എഴുപതിലധികം വയസ്സ് പ്രായം തോന്നിക്കുന്ന ഒരു വൃദ്ധൻ. തന്റെ പൂർവ്വികർ വലിയ സമ്പന്നരായിരുന്നു എന്ന് അയാൾ പറയാറുണ്ടായിരുന്നു. പക്ഷെ, എവിടെനിന്ന് വന്നവരാണെന്നറിയില്ല. സമ്പത്ത് അനുഭവിക്കാനുള്ള ഭാഗ്യം അയാൾക്ക്കിട്ടിയിട്ടില്ല. ഓർമ്മവച്ച നാൾ മുതൽ അയാളും അമ്മയും യാചകരായിരുന്നു. കൂടെ കാണാറുണ്ടായിരുന്ന സ്ത്രീ യാചകവൃത്തിയിൽ കൂടെ കൂടിയവരാണ്. എല്ലാ ദിവസവും ഓഫിസിലേക്ക് പോവുന്ന നേരം അപ്പാർട്മെന്റിന് താഴെ പ്രകാശനെയും ഉഷയെയും കാത്തുനിൽക്കും അയാളും സ്ത്രീയും. യൗവ്വനകാലത്ത് എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാരും ഇഷ്ടപ്പെട്ടിരുന്ന ഒരു വേശ്യയായിരുന്നു പട്രീഷ്യ. അവസാനം പ്രായം സൗന്ദര്യത്തിന് മങ്ങലേല്പിച്ചപ്പോൾ വിശപ്പുമാറ്റാൻ യാചകിയായി മൈക്കലിനൊപ്പം കൂടി. അവർ നൽകുന്ന ഡോളർ കൊണ്ടായിരുന്നു രണ്ടുപേരും എല്ലാ ദിവസവും പ്രാതൽ കഴിച്ചിരുന്നത്. അവർക്ക് സ്ഥിരമായി കാശ് കൊടുക്കാറുള്ള വേറെയും ചിലർ ഉണ്ടായിരുന്നു.

കാശുകൊടുക്കുമ്പോൾ ഉഷ പറയും. "ഇതുകൊണ്ട് മദ്യപിക്കരുത്."

അയാൾ പറയും. "ഇല്ല."

പിറ്റേദിവസം കാണുമ്പോൾ പട്രീഷ്യ പറയും. "മൈക്കൽ ഇന്നലെ പാതിരാവോളം മദ്യശാലയിലായിരുന്നു."

ഉഷ അയാളെ നന്നായി ശാസിക്കും. അപ്പോൾ പ്രകാശൻ കാശ് എടുത്തുകൊടുക്കും. എന്നിട്ട് പറയും. "ഒരു തുള്ളി മദ്യത്തിൽനിന്ന് അയാൾക്ക് സന്തോഷം ലഭിക്കുന്നുവെങ്കിൽ നമ്മളത് തടയുന്നതെന്തിന്?"

പിന്നീടൊരു ദിവസം മൂന്നുപേരും ചേർന്നുള്ള വീഡിയോ ചാറ്റിങ്ങിൽ മീനാക്ഷിതന്നെയാണ്  രണ്ടാമത്തെ ദുഃഖവാർത്തയും അറിയിച്ചത്. "സോറി മമ്മാ... ദേർ ഈസ് സാഡ് ന്യൂസ്. പട്രീഷ്യ ഈസ് നൊ മോർ."

പ്രകാശൻ വിശദീകരിച്ചു. "നമ്മുടെ കെട്ടിടത്തിന്റെ താഴെയായിരുന്നു പട്രീഷ്യ മരിച്ചു കിടന്നത്. കാലത്ത് ആരാണ് ആദ്യം കണ്ടെതെന്നറിയില്ല. നമ്മൾ താഴെയിറങ്ങി നോക്കുമ്പോഴേക്കും ബോഡി എടുത്തുകൊണ്ടുപോയിരുന്നു."

അന്ന് എന്തിനെന്നറിയാതെ ഉഷ ഏറെനേരം കരഞ്ഞു.

         പ്രകാശന്റെയും മീനാക്ഷിയുടെയും ക്വാറന്റൈൻ കഴിയുമ്പോഴേക്കും അയാൾക്ക് ജോലി നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. പതിനാലുദിവസങ്ങൾകൊണ്ട് ഭേദമാവേണ്ടിയിരുന്ന അസുഖം പ്രകാശന് ഭേദമാവാൻ മുപ്പത്തിയഞ്ചു ദിവസങ്ങൾ എടുത്തു. ഉഷയുടെ ജോലിയും ഏതാണ്ട് നഷ്ടപ്പെട്ടതുപോലെയാണ്. അമേരിക്കയിൽനിന്നും വന്നിട്ട് മൂന്നുമാസം കഴിഞ്ഞു. ഇരുപതുദിവസത്തെ അവധിക്ക് വന്നതായിരുന്നു. തിരിച്ചുപോവാൻ സാധിച്ചിട്ടില്ല. വിമാനത്താവളങ്ങൾ ഇപ്പോഴും നിശ്ചലമാണ്.

പ്രകാശൻ പറഞ്ഞു. "ഇവിടെ കൂടിക്കൊണ്ടിരിക്കുകയാണ്. ഇനിയിപ്പോൾ ഞങ്ങളെന്തു ചെയ്യണമെന്ന് ഒരു ഐഡിയയുമില്ല. പെട്ടെന്നൊന്നും വേറൊരു ജോലി കിട്ടാൻ സാധ്യതയില്ല. ജോലിയില്ലാതെ ചിലവ് എങ്ങനെ നടക്കും. ഫ്ലൈറ്റ് സർവീസ് ഉണ്ടായിരുന്നെങ്കിൽ അങ്ങോട്ട് വരാമായിരുന്നു."

ഉഷ ആത്മവിശ്വാസത്തോടെ പറഞ്ഞു. "പ്രകാശേട്ടൻ ധൈര്യമായിരിക്കു. ഇന്ത്യയിലേക്ക് ഫ്ലൈറ്റ് സർവീസ് തുടങ്ങിയാൽ മോളെയും കൂട്ടി ഇങ്ങോട്ടേക്കു വന്നോളൂ. ഇവിടെ കുറച്ചു സ്ഥലമുണ്ട്. ഒരു പഴയവീടും. വീട് പൊളിച്ച് പുതിയ വീട് വച്ചൂടെയെന്നു എല്ലാവരും ചോദിക്കുന്നു. അതൊന്നു തീരുമാനിക്കണം. മഴക്കാലം തുടങ്ങിയാൽ പറമ്പ് കൊത്തിക്കിളക്കാൻ പണിക്കാരെ ഏർപ്പാടാക്കിയിട്ടുണ്ട്. സമ്പാദിച്ചതൊക്കെ മതി. ഇവളെ നമുക്കിനി ഇവിടെ പഠിപ്പിക്കാം.”

പ്രകാശൻ ചോദിച്ചു. "നിനക്ക് തോന്നുണ്ടോ ഇത്രയും വലിയ സിറ്റിയിൽ വളർന്ന ഇവൾക്ക് അവിടെ പൊരുത്തപ്പെടാൻ പറ്റുമെന്ന്?"

മീനാക്ഷി അവരുടെ സംസാരം ശ്രദ്ധിക്കാതെ തനിക്കു മുന്നിലെ ലാപ്ടോപ്പിൽ വേറെയാരുമായോ ഗൗരവപൂർവ്വം ചാറ്റിങ്ങിലേർപ്പെട്ടു.

"നമുക്ക് വേണമെങ്കിൽ കൊച്ചിയിലോ ബാംഗ്ലൂരോ ഒരു ഫ്ലാറ്റൊ വില്ലയൊ വാങ്ങിക്കാം, അവൾക്കുവേണ്ടി. അവിടെ രണ്ടിടത്തും വേണ്ടെങ്കിൽ അവൾക്ക് ഇഷ്ടപ്പെടുന്ന ഏതെങ്കിലും സിറ്റിയിൽ." ഉഷ ഒരു പോംവഴി നിർദ്ദേശിച്ചു.

പ്രകാശന് ഉഷയുടെ അഭിപ്രായം ശരിയാണെന്നു തോന്നി. "അപ്പോൾ ഇനി ആകാശഗോപുരത്തിൽനിന്നും താഴെയിറങ്ങി ഭൂമിയിൽ ചവിട്ടിനിൽക്കാം നമുക്ക്, അല്ലെ?"

ഉഷ പറഞ്ഞു. "അതൊന്നും വേണ്ടിവരില്ലാന്ന്. ഇത്രയും വർഷത്തെ എക്സ്പീരിയൻസ് വച്ച് ഇന്ത്യയിൽ എവിടെയെങ്കിലും ഒരു ജോലി കിട്ടാതിരിക്കില്ല, നമുക്ക് രണ്ടാൾക്കും."

കുറച്ചു കഴിഞ്ഞപ്പോൾ മീനാക്ഷി ലാപ്ടോപ്പിൽ നിന്നും ശ്രദ്ധ പിൻവലിച്ച് അവരോടൊപ്പം കൂടി. അവൾ ഉഷയെ ആശ്വസിപ്പിച്ചു. "ഡോണ്ട് വറി മമ്മാ... ഹി വിൽ ഫൈൻഡ് എനദർ ജോബ്."

എന്നിട്ടൊരു തമാശയായി പറഞ്ഞു. "ഇപ്പോൾ ധാരാളം സമയമില്ലെ? മമ്മയൊരു നോവലെഴുത്. പപ്പയ്ക്ക് മമ്മയോടുണ്ടായിരുന്ന പ്രേമത്തെപ്പറ്റി." എന്നിട്ടവൾ കണ്ണിറുക്കി ചിരിച്ചു.

മകളെ ചേർത്തുപിടിച്ചുകൊണ്ട് പ്രകാശനും ചിരിച്ചു. അവളുടെ വാക്കുകൾ കേട്ട് ഉഷക്കും ചിരിവന്നു.

പ്രകാശൻ പറഞ്ഞു. "പിന്നെ ഇവിടെയൊരു വിശേഷമുണ്ട്."

ഉഷ എന്തു വിശേഷമെന്ന അർത്ഥത്തിൽ നെറ്റി ചുളിച്ചു.

പ്രകാശൻ തുടർന്നു. "നമ്മുടെ മോള് ഒരു വെള്ളക്കാരൻ ബോയ്ഫ്രെണ്ടിനെ കണ്ടുപിടിച്ചിട്ടുണ്ട്. കോവിഡ് പിരീഡിൽ ഞങ്ങളെ സഹായിച്ചത് അവനാണ്. സ്മാർട് ബോയ്."

"എടീ..." ഉഷ അവളെ നോക്കി കണ്ണുരുട്ടി."

മീനാക്ഷി ഗൗരവക്കാരിയായി. "യെസ്, വാണ്ട് റ്റു മേരി ഹിം. ഹി ഈസ് വെരി സ്മാർട് ആൻഡ് ഹി ഹാസ് ഹ്യൂമാനിറ്റി…"

പ്രകാശൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. "നീയിവിടെ ഇല്ലെങ്കിൽ ഇവൾ നമ്മളെവിട്ടു പോയേക്കും. അതുകൊണ്ട് ഫ്ലൈറ്റ് സർവീസ് തുടങ്ങിയാൽ വേഗം ഇങ്ങോട്ട് വന്നേക്കു."

******************

 ഇവിടെയും വായിക്കാം>>> Eയുഗം കുടുംബസംഗമം https://www.eyugam.com/perseptives.php?id=28  

ശനിയാഴ്‌ച, ഡിസംബർ 05, 2020

മരിച്ചുപോയവരുടെ ചാറ്റ്ബോക്സ്

ഉറവ ഡിജിറ്റൽ മാസിക, ഡിസംബർ ലക്കം


മരിച്ചുപോയ പ്രിയപ്പെട്ടവർ

അയച്ച സന്ദേശങ്ങൾ

വീണ്ടും വായിച്ചുനോക്കിയിട്ടുണ്ടോ?

 

മരിച്ചുപോയ പ്രിയപ്പെട്ടവരുടെ

ചാറ്റ്ബോക്സിലേക്ക്

നോക്കിയിരുന്നിട്ടുണ്ടോ?

 

സൂക്ഷിച്ചുനോക്കിയാൽ

മരിച്ചുപോയവരെ

കാണാൻ സാധിക്കും

 

അവർ ചാറ്റ്ബോക്സിൽവന്ന്

സ്നേഹസംഭാഷണം നടത്തും

ജീവിച്ചിരിക്കുന്നവരെപ്പോലെ

 

അവർ നമുക്കരികിൽവന്ന്

നമ്മളോട് ചേർന്നുനിൽക്കും

കാതിൽ രഹസ്യം പറയും

 

കളിപറഞ്ഞും കലഹിച്ചും

ജീവിതാഭിലാഷങ്ങൾ പങ്കിട്ടും

സങ്കടങ്ങൾ ഇറക്കിവെക്കും

 

അപ്പോൾ ഒരു വിറയൽ

കാലിന്റെ പെരുവിരലിൽനിന്നും

മൂർദ്ധാവിലേക്ക് ഇഴഞ്ഞുകയറും

 

ശ്വാസം നിലച്ചുപോവുന്നപോലെ

ഹൃദയം സ്തംഭിക്കുന്നപോലെ

സ്വയം മറന്നങ്ങനെയിരുന്നുപോവും

 

എന്തിന് മരിച്ചുവെന്ന് ചോദിച്ചാൽ

മൗനമായി നമ്മളെത്തന്നെ

നോക്കിയിരിക്കും

 

എന്നിട്ട് യാത്രപോലും പറയാതെ

ചാറ്റ്ബോക്സിൽ നിന്നും

ഇറങ്ങിപ്പോവും

 

പിന്നെ മനസ്സിനകത്തും പുറത്തും

ആകെയൊരു ശൂന്യതയാണ്

നമ്മളും മരിച്ചുപോയതുപോലെ

*************** 

ഞായറാഴ്‌ച, സെപ്റ്റംബർ 27, 2020

പ്രായപൂർത്തിയായ രണ്ടുപേർ

       ഒരുമിച്ച് താമസിക്കുന്നുവെന്ന കാരണത്തിന്  ബംഗ്ലൂരിലെ ഒരു ലോഡ്ജിൽനിന്നും ഒരു സംഘമാളുകൾ  ഒരു വിദ്യാർത്ഥിയെയും വിദ്യാർത്ഥിനിയെയും റോഡിലേക്ക് വലിച്ചിഴയ്ക്കുകയും ബഹളം കേട്ട് ഓടിക്കൂടിയ ആൾക്കൂട്ടത്തിന് നടുവിൽവച്ച് മർദ്ദിക്കുകയും ചെയ്യുന്ന വാർത്ത വീഡിയോ സഹിതം ദൃശ്യമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ചതിനെത്തുടർന്നാണ് സുധാകരൻമാഷിന്റെയും അജിതയുടെയും ഖദീജടീച്ചറിന്റെയും മനസമാധാനം ഇല്ലാതായതും നാട്ടുകാർ അവരിൽനിന്നും അകന്നതും. ആ വിദ്യാർത്ഥിയും വിദ്യാർത്ഥിനിയും അവരുടെ മക്കളായ നിർമ്മലും ജാസ്മിനും  ആയിരുന്നു. അന്നുതന്നെ മൂന്നുപേരും ബംഗ്ലൂരിൽ പോയി അവരെ കൂട്ടിക്കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും മർദ്ദനമേറ്റ് ‌ഗുരുതരമായ  പരിക്കുകളോടെ ആശുപത്രിയിൽ കഴിയുന്ന രണ്ടുപേർക്കും ഭേദമായതിനുശേഷം കൊണ്ടുപോയാൽ മതിയെന്ന് ഡോക്ടർമാർ ഉപദേശിച്ചതിനെത്തുടർന്നാണ് ഇതുവരെ കാത്തുനിന്നത്. 

       ഖദീജ ടീച്ചറിന്റെയും മെഡിക്കൽ റെപ്രസന്റേറ്റീവായ രഘുനന്ദനന്റെയും പ്രണയത്തിനും വിവാഹത്തിനും ആവശ്യമായ എല്ലാ സഹായവും ചെയ്തുകൊടുത്തത് സുധാകരൻമാഷാണ്.  രഘുനന്ദനൻ ഒന്നാം ക്ലാസ്സുമുതൽ പത്താംക്ലാസ്സുവരെയും ഖദീജടീച്ചർ പ്രീഡിഗ്രിക്കും സുധാകരൻമാഷിന്റെ സഹപാഠികളായിരുന്നു. വിവാഹ ശേഷം സ്കൂളിനടുത്തുള്ള ഒരു വാടകവീട്ടിലായിരുന്നു അവർ താമസിച്ചിരുന്നത്. ആ വീട് സുധാകരൻമാഷിന്റെ ഒരു ബന്ധുവിന്റേതായിരുന്നു. അയാൾതന്നെയായിരുന്നു അവർക്കത് ഏർപ്പാടാക്കികൊടുത്തത്. വിവാഹശേഷവും ഖദീജടീച്ചർ ഇസ്‌ലാമായും രഘുനന്ദനൻ ഹിന്ദുവായും കടുംബജീവിതം തുടർന്നു.

       അവരുടെ വിവാഹം നടന്ന അതേവർഷംതന്നെയായിരുന്നു സുധാകരൻമാഷിന്റെയും അജിതയുടെയും വിവാഹം നടക്കുന്നത്. ഖദീജടീച്ചർ മകൾ ജാസ്മിനെ പ്രസവിച്ചതും അജിത മകൻ നിർമ്മലിനെ പ്രസവിച്ചതും ഒരേ ദിവസം വെറും മുപ്പത്തിമൂന്നു മിനുട്ടിന്റെ വ്യത്യാസത്തിൽ ഒരേ ആശുപത്രിയിൽ വച്ചായിരുന്നു. ജാസ്മിനാണ് നിർമ്മലിനെക്കാൾ മുപ്പത്തിമൂന്നു മിനുട്ടിന്റെ പ്രായക്കൂടുതൽ. അതിനുശേഷമാണ് ആ രണ്ടു കുടുംബങ്ങളും അയൽവാസികളാവുന്നത്. ദൗർഭാഗ്യമെന്നു പറയാമല്ലൊ പുതിയ വീട്ടിലേക്ക് താമസം മാറി രണ്ടാഴ്ച കഴിഞ്ഞതേയുണ്ടായിരുന്നുള്ളു. ഒരു സായാഹ്നത്തിൽ രഘുനന്ദനൻ മരണപ്പെട്ടു. വീടുപണിയുടെ തിരക്കിൽ പിടിപെട്ട പനി അശ്രദ്ധ കാരണം കൂടുതലായി ടൈഫോയ്‌ഡ്‌ ആയിപ്പോയി. അപ്പോൾ ജാസ്മിനും നിർമ്മലിനും ആറുവയസുമാത്രമായിരുന്നു പ്രായം. മാനസികമായി  തകർന്നുപോയ ഖദീജടീച്ചറെ സാധാരണ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരുന്നതിന് സുധാകരൻമാഷും അജിതയും നന്നായി പരിശ്രമിച്ചു. അതിലവർ വിജയിക്കുകയും ചെയ്തു.  

       രഘുനന്ദനനനും ഖദീജടീച്ചറും വിവാഹിതരായതിനുശേഷം രണ്ടുപേരുടെയും വീട്ടുകാർ ആരുംതന്നെ അവരുമായി യാതൊരു ബന്ധവും പുലർത്തിയിരുന്നില്ല. രഘുനന്ദനൻന്റെ മരണത്തിനുശേഷം ഇരുകൂട്ടരുടെയും ബന്ധുക്കൾ വരികയും ജാസ്മിനെ അവരോടൊപ്പം കൊണ്ടുപോവാനുള്ള ശ്രമം നടത്തുകയും ചെയ്തു. അതിനെച്ചൊല്ലി ആ  വീട്ടുമുറ്റത്ത് അവർതമ്മിൽ മതത്തിന്റെ പേരുപറഞ്ഞ് ചേരിതിരിഞ്ഞ് വാക്കേറ്റവും കയ്യാങ്കളിയും  ഉണ്ടാവുകയും ചെയ്തു. നാട്ടിലെ ഏതാനും ചെറുപ്പക്കാരുടെ ഇടപെടൽമൂലമാണ് അന്ന് കൂടുതൽ പ്രശ്നങ്ങളൊന്നുമില്ലാതെ അവസാനിച്ചതും ആൾകൂട്ടം പിരിഞ്ഞുപോവുകയും ജാസ്മിൻ ഖദീജടീച്ചറിന്റെ കൂടെ ആ വീട്ടിൽത്തന്നെ താമസം തുടരുകയും ചെയ്തത്. അന്ന് ഖദീജ ടീച്ചർ രണ്ടുവീട്ടുകാരോടുമായി കർക്കശമായിത്തന്നെ പറഞ്ഞു. "എനിക്ക് നിങ്ങൾ രണ്ടാളുടെയും സഹായം വേണ്ട."

       അത് പതിനാല് വർഷങ്ങൾക്കു മുൻപായിരുന്നു. അന്ന് ഈ നാട്ടിലെ ജനങ്ങൾ  മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ രണ്ടു ധ്രുവങ്ങളിലായിപ്പോയിരുന്നില്ല. അതിനുശേഷം ഇതുവരെയും ഈ നാട്ടിൽ   മതപരമായ തർക്കങ്ങളൊന്നുംതന്നെയുണ്ടായിരുന്നിട്ടുമില്ല. പക്ഷെ, സുധാകരൻമാഷിന്റെയും അജിതയുടെയും ദാമ്പത്യജീവിതത്തിൽ ചില അസ്വാരസ്യങ്ങൾ  ഉരുണ്ടുകൂടുകയും സുധാകരൻമാഷ് ഖദീജ ടീച്ചർക്ക് സഹായം  ചെയ്തുകൊടുക്കുന്നതിൽ അജിതക്ക് അതൃപ്തി തോന്നിത്തുടങ്ങുകയും ചെയ്തു. അജിത ഒരു സാധാരണ വീട്ടമ്മമാത്രമായിരുന്നു. ഖദീജടീച്ചറെപ്പോലെ ഉയർന്ന സാമൂഹ്യബോധമൊന്നും അവർക്കില്ല. മാത്രമല്ല സ്ത്രീസഹജമായ കുശുമ്പ് ഒരു പൊടിക്ക് കൂടുതലുമായിരുന്നു.

"ആളുകൾ അതുമിതും പറഞ്ഞുതുടങ്ങിയിട്ടുണ്ട്." എന്ന് ഒരുദിവസം ഉറങ്ങാൻ കിടന്ന നേരത്ത് അജിത പരിഭവം പറഞ്ഞു.

"ആളുകൾ എന്തെങ്കിലും പറഞ്ഞോട്ടെ. ഞാനും രഘുവും ചെറുപ്പംമുതലേ കൂട്ടുകാരായിരുന്നു. ഒന്നാംക്ലാസുമുതൽ പത്താംക്ളാസുവരെ ഒരുമിച്ചായിരുന്നു സ്കൂളിൽ പോക്കും വരവും. പ്രീഡിഗ്രി മുതലാ ഞങ്ങൾ വേറെയായത്. അപ്പോഴും കൂട്ടുകെട്ട് ഉപേക്ഷിച്ചിരുന്നില്ല. അവന്റെ ഭാര്യയെയും മോളെയും നമുക്കങ്ങനെ പാതിവഴിയിൽ ഉപേക്ഷിക്കാൻ പറ്റുമോ?"

മറ്റൊരു ദിവസം ഇതുപോലൊരു സംഭാഷണത്തിൽ സുധാകരൻമാഷ് പറഞ്ഞു. "കൂട്ടുകാരന്റെ മകളെ സ്വന്തം മകളായി കാണുന്നതിലെന്താ തെറ്റ്?"

അതിന് അജിത നീരസത്തോടെ പറഞ്ഞ മറുപടി സുധാകരൻമാഷിന്റെ മനസ്സിനെ വല്ലാതെ മുറിപ്പെടുത്തി.

"കൂട്ടുകാരന്റെ മകൾ സ്വന്തം മകളാവുമ്പോൾ അയാളുടെ ഭാര്യ സ്വന്തം ഭാര്യയാവുമൊ ?"

അജിതയുടെ നാവിൽനിന്നും അങ്ങനെയൊരു സംസാരം കേട്ടപ്പോൾ കുറേനേരത്തേക്ക് ഒന്നും പറയാൻ സാധിക്കാത്തവിധം തരിച്ചുകിടന്നുപോയി. പിന്നെ രക്തത്തോടൊപ്പം  ഞരമ്പുകളിലൂടെ ഇരച്ചുകയറിയ കോപം അടക്കിനിർത്തി കുറ്റബോധത്തോടെയും ജാള്യതയോടെയും പറഞ്ഞു.

"ആളുകൾക്ക് എന്തും പറയാലോ. ഞാനെന്തിന് അതൊക്കെ കേൾക്കണം? നീയങ്ങനെ പറയുമൊ? എനിക്കതറിഞ്ഞാൽമതി."

അജിത പിന്നെയൊന്നും പറഞ്ഞില്ല. ക്രമേണ ഉറക്കമായി. അപ്പോഴും സുധാകരൻമാഷ് ഉറങ്ങാൻ സാധിക്കാതെ ഭാര്യയുടെ വാക്കുകൾ ഏല്പിച്ച മുറിവിൻെറ നീറ്റലിൽ ഉറക്കം വരാതെ കിടന്നു. അയാൾ ചിന്തിച്ചു. ഭാര്യമാരെ എത്ര സ്നേഹിച്ചാലും ചില നേരത്തെ അവരുടെ വാക്കുകൾ ഭർത്താക്കന്മാരെ വല്ലാതെ നിരാശപ്പെടുത്തുന്നു.

       സുധാകരൻമാഷും ഖദീജടീച്ചറും ഒരേ സ്‌കൂളിലെ അധ്യാപകരായതിനാൽ സ്‌കൂളിലെ മറ്റ് അധ്യാപകർക്കിടയിലും രണ്ടുപേരുടെയും ബന്ധത്തെപ്പറ്റി ചില അടക്കംപറച്ചിലുകൾ നടക്കുന്നുണ്ടായിരുന്നു. എങ്കിലും അവരതൊന്നും ഗൗനിച്ചില്ല എന്നുമാത്രമല്ല അയാൾ ആവശ്യമുള്ളപ്പോഴൊക്കെ ഖദീജ ടീച്ചറെ സഹായിക്കുന്നതിൽ വീഴ്ച വരുത്തിയതുമില്ല. നിർമ്മലിനെയും ജാസ്‌മിനെയും ബംഗ്ലൂരിലേക്ക് പഠിക്കാൻ അയച്ചത് സുധാകരൻമാഷിന്റെ താത്പര്യപ്രകാരമായിരുന്നു. ഖദീജ ടീച്ചറുമായി ഇടപഴകുമ്പോഴൊക്കെ അജിതക്ക് അനിഷ്ടമുണ്ടാവാറുണ്ട് എന്ന് ചില നേരത്തെ പെരുമാറ്റങ്ങളിൽനിന്നും മുഖഭാവങ്ങളിൽനിന്നും വ്യക്തമാവുന്നുണ്ടായിരുന്നു. അപ്പോഴൊക്കെ സ്നേഹത്തോടെയും കൗശലത്തോടെയും അജിതയെ സന്തോഷിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ, അജിത വഴങ്ങിയില്ല. അങ്ങനെയാണ് ദിവസങ്ങളോളം രണ്ടുപേരും ഒരേ വീട്ടിൽ പിണങ്ങി ജീവിച്ചതും രണ്ടുമുറികളിൽ കിടന്നുറങ്ങിയതും വേറെവേറെ ഭക്ഷണം പാകം ചെയ്തു കഴിച്ചതും വസ്ത്രങ്ങൾ അലക്കിയതും. പക്ഷെ, അപ്പോഴും നാട്ടുകാർക്കും കുടുംബക്കാർക്കും മുന്നിൽ അവർ സ്നേഹവും ഒത്തൊരുമയുമുള്ള ദമ്പതികളായി.

       എന്നാൽ ഇപ്പോൾ കാര്യങ്ങളൊക്കെ മാറിമറിഞ്ഞിരിക്കുകയാണ്. ബംഗ്ലൂരിൽ ഉണ്ടായ സംഭവത്തോടുകൂടി നമ്മളൊന്നും സങ്കല്പിക്കാത്ത തലത്തിലേക്ക് കഥതന്നെ മാറിയിരിക്കുന്നു. വിഷയം കുറച്ചുകൂടി ഗൗരവമുള്ളതാണ്. അജിത ഇപ്പോൾ പരാതി പറയാറില്ല. പിണക്കമൊക്കെ മാറി. ബംഗ്ലൂരിലെ സംഭവം പിണക്കം മാറാൻ കാരണമായി എന്ന് പറയുന്നതാണ് ശരി. ഇപ്പോൾ പ്രശ്നം സമൂഹത്തിനാണ്. കാലം അതാണ്. മതത്തിന്റെ പേരിൽ മനുഷ്യർ ചേരിതിരിഞ്ഞു ജീവിക്കുന്ന കാലമാണ്. സുധാകരൻമാഷും ഖദീജ ടീച്ചറും മാത്രമല്ല, സമൂഹത്തിന്റെ കഥകളിൽ പുതിയ കഥാപാത്രങ്ങളായി അവരുടെ മക്കൾ ജാസ്മിനും നിർമ്മലും കടന്നുവന്നിരിക്കുകയാണ്. അവർ രണ്ടുപേരും സഹോദരങ്ങളെപ്പോലെയാണ് വളർന്നതും ഇപ്പോഴും ജീവിക്കുന്നതെന്നും സുധാകരൻമാഷും അജിതയും ഖദീജ ടീച്ചറും പറയുന്നുണ്ടെങ്കിലും ആളുകൾ അതൊന്നും വിശ്വസിക്കാൻ തയ്യാറാവുന്നില്ല.

വിവരമറിഞ്ഞ് സുധാകരൻമാഷിന്റെ വീട്ടിൽ വന്ന പഞ്ചായത്തു പ്രസിഡണ്ട്  ഖദീജ ടീച്ചറെയും വിളിപ്പിച്ചു. പ്രസിഡണ്ട് പറഞ്ഞു. "ഇതങ്ങനെ സമ്മതിച്ചുകൊടുക്കാൻ പറ്റില്ല. നമ്മുടെ മക്കളെ നമ്മളല്ലാതെ പിന്നെയാരാ നേരെയാക്കുക മാഷേ?" എന്നിട്ട് പ്രസിഡണ്ട് ഖദീജ ടീച്ചറെയും അജിതയെയും മാറിമാറി നോക്കി.

സുധാകരൻമാഷ് പറഞ്ഞു. "മക്കൾ എന്ത് ചെയ്തൂന്നാ പറയുന്നത്? അവർ രണ്ടാളും സഹോദരങ്ങളെപ്പോലെ വളർന്നവരാ. ഇപ്പോഴും അങ്ങനെയാ ജീവിക്കുന്നത്."

ഖദീജടീച്ചർ ഇടക്ക് കയറി പറഞ്ഞു. "ഓണവും വിഷുവും പെരുന്നാളും ഒരുമിച്ചാഘോഷിക്കുന്നവരാ ഞങ്ങളെന്ന് നിങ്ങൾക്കറിഞ്ഞുകൂടെ?"

പ്രസിഡണ്ട് പറഞ്ഞു. "അതൊക്കെ എനിക്കറിയാം ടീച്ചറേ." അയാൾ സുധാകരൻമാഷെ നോക്കി തുടർന്നു. "നാട്ടുകാർ എന്റെയടുത്തു വന്ന് പരാതി പറയുമ്പോൾ എനിക്ക് ഇടപെടാതിരിക്കാൻ പറ്റുമോ? ഇടപെട്ടു എന്നൊരു തോന്നലെങ്കിലും ഉണ്ടാക്കണ്ടേ?"

അതും പറഞ്ഞു പ്രസിഡണ്ട് ഇറങ്ങിപ്പോവുമ്പോൾ ഇതുകൂടി പറഞ്ഞു. "എന്തെങ്കിലും ആവശ്യം വരുമ്പോൾ എന്നെ അറിയിക്ക്."

ഖദീജ ടീച്ചർ തന്നെയാണ് സുധാകരൻമാഷിന്റെയും അജിതയുടെയും മുന്നിൽ നിർദ്ദേശം വച്ചത്. "ഈ പുതിയ കാലത്ത് ലിവിങ് ടുഗതർ അത്ര വലിയ തെറ്റൊന്നുമല്ല മാഷെ. അവരുടെ ഇഷ്ടം അങ്ങനെയാണെങ്കിൽ അങ്ങനെ നടക്കട്ടെ. എത്രയും പെട്ടെന്ന് നമുക്ക് അവരുടെ വിവാഹം നടത്താം."

"അതൊക്കെ അവർ വന്നതിനു ശേഷം നമുക്ക് തീരുമാനിക്കാം ടീച്ചറെ" എന്ന് പറഞ്ഞാണ് രണ്ടുദിവസം മുൻപ് സുധാകരൻമാഷ് പഞ്ചായത്ത് പ്രസിഡണ്ടിനെയും കൂട്ടി ബംഗ്ലൂരിൽ പോയി നിർമ്മലിനെയും ജാസ്മിനെയും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. വീട്ടുകാരും നാട്ടുകാരും രണ്ടുപേരെയും ചോദ്യം ചെയ്തു. വീട്ടുകാരുടെ അനുവാദമില്ലാതെതന്നെ വീട്ടിൽ കയറി ആളുകൾ  നിർമ്മലിനെയും ജാസ്മിനെയും  ഉപദേശിച്ചു. മതത്തിന്റെയും   സദാചാരത്തിന്റെയും മഹത്വങ്ങൾ പറഞ്ഞുകൊടുത്തു. സംഗതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണെന്നും എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കാണണമെന്ന് സുധാകരൻമാഷും അജിതയും ഖദീജ ടീച്ചറും തീരുമാനിച്ചു. സമൂഹം എങ്ങനെ പ്രതികരിക്കുമെന്നോർത്ത്  നിർമ്മലും  ജാസ്മിനും വെളിയിലിറങ്ങാതെ വീടിനകത്തുതന്നെ ദിവസങ്ങൾ തള്ളിനീക്കി. ജാസ്മിനോട് തൽക്കാലം നിർമ്മലിനെ കാണരുതെന്ന് വിലക്കിയിരിക്കുകയായിരുന്നു ഖദീജ ടീച്ചർ.

       അച്ഛനോടും അമ്മയോടും എന്താണ് പറയേണ്ടതെന്ന് ആലോചിച്ച് എങ്ങിനെയാണ് ഈ വിഷയം അവതരിപ്പിക്കേണ്ടതെന്ന് ആലോചിച്ച് ഉറക്കം വരാതെ രാത്രികൾ കഴിച്ചുകൂട്ടുകയായിരുന്നു നിർമ്മൽ. പാതിരാത്രിയായിട്ടും ഉറക്കം വരാതെ സുധാകരൻമാഷും അജിതയും തിരിഞ്ഞും മറിഞ്ഞും കിടന്നും ഇടക്ക് സങ്കടപ്പെട്ടും തമ്മിൽത്തമ്മിൽ ആശ്വസിപ്പിച്ചും നേരം കൂട്ടുകയായിരുന്നു. സുധാകരൻമാഷിന് കാര്യം എന്താണെന്ന് മനസ്സിലായിരുന്നു. അവരെ കൂട്ടികൊണ്ടുവരുവാൻ ബംഗ്ലൂരിൽ പോയപ്പോൾ ചികിൽസിച്ച ഡോക്ടർ നിർമ്മലിന്റെ ശാരീരികമായ പ്രത്യേകതകളെക്കുറിച്ച്   പറഞ്ഞു മനസിലാക്കികൊടുത്തിരുന്നു. അതെങ്ങനെയാണ് അജിതയെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതെന്ന് ചിന്തിക്കുകയായിരുന്നു അയാൾ. വാതിൽപ്പാളിയിലൂടെ എത്തിനോക്കിയ വെളിച്ചം നിർമ്മലിന്റെ മുറിയിലെ ലൈറ്റ് അണച്ചിട്ടില്ലെന്ന് മനസിലാക്കി അജിത എഴുന്നേറ്റ് അവന്റെ മുറിയിലേക്ക് പോയി നോക്കി. വാതിൽ അടച്ചിരുന്നില്ല.

"നീ ഇനിയും ഉറങ്ങിയില്ലേ? ലൈറ്റണച്ച് ഉറങ്ങ് മോനെ" എന്ന് പറഞ്ഞ് അജിത കട്ടിലിൽ കിടക്കുകയായിരുന്ന നിർമ്മലിന്റെ അരികിൽ ഇരുന്ന് അവന്റെ തലമുടിയിൽ തലോടി.

നിർമ്മൽ അജിതയുടെ കൈയിൽ ചുംബിച്ചു. എന്നിട്ട് പറഞ്ഞു. "അമ്മ ക്ഷമിക്കണം.  ഇനിയെന്നെ മോനേന്നു വിളിക്കേണ്ട.  ഞാനൊരു പെണ്ണാവാൻ തീരുമാനിച്ചു. ജാസ്മിൻ മാത്രമെ എന്നെ മനസിലാക്കിയിട്ടുള്ളു. എനിക്ക് ഞാനായിത്തന്നെ ജീവിക്കണം."  
***







ബുധനാഴ്‌ച, മേയ് 20, 2020

രവീന്ദ്രൻമാഷ്



കോവിഡ് കാലമാണ്. എപ്പോൾവേണമെങ്കിലും വൈറസ് ശരീരത്തിലേക്ക് പ്രവേശിക്കാം എന്ന അവസ്ഥയിലാണ്. പ്രവേശിച്ചുകഴിഞ്ഞൊ എന്നും അറിയില്ല. രണ്ടുമാസമായി റൂമിലിരുന്നാണ് ജോലി. പതിവുപോലെ ഇന്നലെയും ജോലി തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. അപ്പോഴാണ് തേജസിന്റെ ഫോൺകാൾ വന്നത്. "സൂരജിന്റെ അച്ഛൻ മരണപ്പെട്ടു. ഇപ്പോൾ എ.കെ.ജി ആശുപത്രിയിലാണുള്ളത്."
സൂരജും കുടുംബവും ഇവിടെ ഖത്തറിലാണ്.
"നാട്ടിൽ ആരാണ് വേറെയുള്ളത് മക്കളായിട്ട്?" ഞാൻ ചോദിച്ചു.
തേജസിന്റെ മറുപടി. "മക്കളായിട്ട് ആരുമില്ല. സൂരജിന്റെ പെങ്ങൾ ഒമാനിലാണ്. ഈ സമയത്ത് രണ്ടുപേർക്കും പോകാൻ കഴിയില്ലല്ലോ."
ഞാൻ ഫോൺ കട്ട് ചെയ്ത് സൂരജിനെ വിളിച്ചു. എന്തുപറയണമെന്നറിയാതെ കൂടുതൽ സംസാരിക്കാതെ ഞാൻതന്നെ പിന്നെ വിളിക്കാം എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. ഞാനോർത്തു. "മക്കളുടെ സ്ഥാനത്ത് നിൽക്കാൻ വേറെ ആരെങ്കിലും ഉണ്ടാവുമോ ആവോ?" വൈകുന്നേരം വിളിച്ചപ്പോൾ സൂരജ് പറഞ്ഞു, കുടുംബത്തിലെ തന്നെയുള്ള ഒരാൾ ആ കർമ്മം ചെയ്തുവെന്ന്.
ഈ കോവിഡ് കാലത്ത് എല്ലാ പ്രവാസികളുടെയും അവസ്ഥ ഇതാണ്. നാട്ടിലെ പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്ക് കാണാൻ സാധിക്കില്ല.
കമ്പിൽ മാപ്പിള ഹൈസ്കൂളിലെ ചരിത്രാധ്യാപകനായിരുന്നു രവീന്ദ്രൻമാഷ്. മാഷ് എന്നെ പഠിപ്പിച്ചിട്ടില്ലെങ്കിലും എന്നെ നല്ല പരിചയമായിരുന്നു. സത്യം പറഞ്ഞാൽ കുരുത്തക്കേടുതന്നെ. അക്കാലത്ത് സ്കൂളിലെ എല്ലാ കുട്ടികൾക്കും പ്രധാന അധ്യാപകനെക്കാൾ ഭയം രവീന്ദ്രൻമാഷെ ആയിരുന്നു.  ഉച്ചക്ക് ഇന്റർവെൽ സമയത്ത് ഒരു ചെറിയ വടിയുമായി സ്കൂൾ കോമ്പൗണ്ടിലൂടെ ഒരു നടത്തമുണ്ട് മാഷിന്. അപ്പോൾ എല്ലാ പൊട്ടിത്തെറിച്ച പിള്ളേരും ഒരു അരികിലേക്ക് ഒതുങ്ങിനിൽക്കും മാഷിന്റെ മുന്നിൽ പെട്ടാൽ ചോദ്യം ചെയ്യപ്പെടുമെന്ന് ഉറപ്പാണ്. അതായിരുന്നു രവീന്ദ്രൻമാഷ്. ഞങ്ങൾ സ്‌കൂൾ വിട്ടതിനുശേഷമാണ് കുറച്ചുകാലം രവീന്ദ്രൻ മാഷും പ്രധാന അധ്യാപനായി സേവനമനുഷ്ടിച്ചത്.
സ്കൂൾ കാലം കഴിഞ്ഞപ്പോഴും കമ്പിൽ ബസാറിലൂടെ നടന്നുപോവുന്ന മാഷേ കണ്ടിട്ടുണ്ട്. ഭയം കാരണം ഒഴിഞ്ഞുമാറാൻ ശ്രമിച്ചപ്പോൾ പരിചയഭാവത്തിൽ തലയാട്ടിയിട്ടുണ്ട്, ചിരിച്ചിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട്. വർഷങ്ങൾക്കു ശേഷം പ്രവാസജീവിതത്തിന്റെ തിരക്കിലും സ്കൂൾ കാലം ഓർക്കുകയും സുഹൃത്തുക്കളുമായി ഓർമ്മകൾ പങ്കിടുകയും ചെയ്യുമ്പോൾ അറിയാതെ നാവിൻതുമ്പത്ത് രവീന്ദ്രൻ മാഷ് എന്ന പേരും ഒഴുകിയെത്തും. ഭയത്തോടെയും ആദരവോടെയും രവീന്ദ്രൻമാഷെ ഓർക്കാത്ത ഒരാളും ആ കാലത്തെ വിദ്യാർത്ഥികളുടെ കൂട്ടത്തിൽ ഉണ്ടാവില്ല.
2019 ഡിസംബർ 14 ന് കമ്പിൽ സ്കൂളിൽ വച്ചുനടന്ന 1987 - 88 വർഷത്തെ SSLC ബാച്ചിന്റെ സംഗമത്തിന് അനാരോഗ്യം കാരണം മാഷിന് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. രണ്ടു ദിവസങ്ങൾക്കു ശേഷം ഞങ്ങൾ ഏതാനും കൂട്ടുകാർ മാഷ് താമസിച്ചിരുന്ന കടമ്പേരിയിലെ വീട്ടിൽ ചെന്ന് ആദരിച്ചു. സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ കണ്ടിരുന്ന, കമ്പിൽ ബസാറിലൂടെ നന്നുപോവുമ്പോൾ കണ്ടിരുന്ന മാഷേ ആയിരുന്നില്ല അവിടെ കട്ടിലിൽ കിടന്നിരുന്നത്. പരസഹായമില്ലാതെ നടക്കാൻ സാധിക്കാത്ത മാഷ് ഞങ്ങളെ കണ്ടപ്പോൾ സങ്കടം സഹിക്കാനാവാതെ ഒരു കൊച്ചുകുട്ടിയെപ്പോലെ വിതുമ്പിക്കരഞ്ഞുകൊണ്ടേയിരുന്നു. ഞങ്ങളിൽ പലരും മാഷിൻ്റെ ഓർമ്മകളിൽനിന്നും പടിയിറങ്ങിപ്പോയിരുന്നു, കൂട്ടത്തിൽ ഈ ഞാനും. അന്നായിരുന്നു രവീന്ദ്രൻമാഷെ അവസാനാമായി കണ്ടത്. ഒരു നിയോഗമെന്നപോലെ അന്ന് മാഷെ പൊന്നാട അണിയിച്ച് ആദരിക്കാനുള്ള അവസരം എനിക്കു ലഭിച്ചു. പൊന്നാട അണിയിച്ച ശേഷം ആ കാലിൽ തൊട്ടു വണങ്ങുമ്പോൾ എന്റെ ശിരസിൽ ദുർബലമായ ഒരു വിരൽസ്പർശം ഞാനറിഞ്ഞു. ഒരു പക്ഷെ, ആ ഒരു കടമ നിർവഹിക്കാൻവേണ്ടി മാത്രമായിരിക്കും, ആ ഒരു വിരൽസ്പർശനത്തിനുവേണ്ടി മാത്രമായിരിക്കും സംഗമത്തിന്റെ പേരിൽ വെറും ഒൻപതുദിവസത്തെ അവധിയിൽ ഞാൻ നാട്ടിലെത്തിയത്!
ഇപ്പോൾ ജീവിതത്തിന്റെ ചൂടേറ്റ് പൊള്ളുന്ന ഈ മരുഭൂമിയിൽ നിന്നുകൊണ്ട് ഒരു ഹൈസ്കൂൾ കുട്ടിക്ക്, ഒരു കൗമാരപ്രായക്കാരന് ഉണ്ടായിരുന്ന അതേ ഭയത്തോടെ അതേ ആദരവോടെ അഗ്നിനാളങ്ങൾ കഴുകിയ ആ പാദങ്ങളിൽ ഞാൻ മനസുകൊണ്ട് നമസ്കരിക്കുകയാണ്.
***

തിങ്കളാഴ്‌ച, മാർച്ച് 09, 2020

മിനിക്കഥകൾ


ചാറ്റ്ബോക്സ്:
വായനക്കാരി കഥാകാരനോട് ചാറ്റ്ബോക്സിൽ ചോദിച്ചു. "എന്റെ കഥയെഴുതാമൊ?" അപ്പോൾ കഥാകാരൻ അവളോട്‌ ചോദിച്ചു. "എന്താ നിന്റെ കഥ?" അവൾ അവളുടെ കഥ പറഞ്ഞു. അവളുടെ കഥ വായിച്ച് കഥാകാരൻ പറഞ്ഞു. "ഇതൊരു കുമ്പസാരക്കൂടല്ല. ചാറ്റ്‌ബോക്‌സാണ്." അപ്പോൾ അവൾ. "കുമ്പസാരക്കൂടിനെക്കാൾ സുരക്ഷിതമാണ് ഈ ചാറ്റ്ബോക്സ്, ഒരു ഫെയ്ക്ക് ഐ.ഡിയുണ്ടെങ്കിൽ."
 ***************************************************




ഡിജിറ്റൽ ക്ഷേത്രം:

ചാറ്റിങിനിടയിൽ അവൾ പറഞ്ഞു. "ക്ഷേത്രങ്ങളെല്ലാം ഡിജിറ്റിലാക്കണം. അതാ നല്ലത്. വിശ്വാസികൾക്കും സർക്കാരിനും കാര്യങ്ങൾ എളുപ്പമാവും "

ഞാൻ ചോദിച്ചു. "എങ്ങിനെ?"

അവൾ വിശദീകരിച്ചു. "വീട്ടിനകത്ത് നിന്നുതന്നെ ഓൺലൈനിൽ ക്ഷേത്രദർശനം നടത്താനുള്ള സൗകര്യം. വിഗ്രഹവും പൂജയുമൊക്കെ കാണാൻ സാധിക്കുന്നതരത്തിൽ."

ഞാൻ പറഞ്ഞു. "കൊള്ളാലോ നിന്റെ ഐഡിയ."

മറുപടിയായി അവളൊരു സ്‌മൈൽ സ്റ്റിക്കർ അയച്ചു.

അവളുടെ അഭിപ്രായത്തെ പിന്താങ്ങി ഞാൻ കൂട്ടിച്ചേർത്തു. "വഴിപാടുകൾക്ക് ഓൺലൈനിൽ പണമടച്ച് പ്രസാദം വീട്ടിൽ എത്തിച്ചുതരുന്ന തരത്തിൽ അല്ലെ?"

അപ്പോൾ അവളൊരു തമ്പ് ലൈക് ചെയ്തു.


 ***************************************************




കാഴ്ച:

കാലത്തുതന്നെ കുളിച്ച് ശുദ്ധിയായി. അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു. ശാന്തിക്കാരൻ പ്രസാദം കൈയിൽ ഇട്ടു കൊടുത്തു. ഇന്നലെ വൈകുന്നേരം മീൻ വാങ്ങിയപ്പോൾ മീൻകാരൻ കൊടുത്ത ബാക്കി ഇരുപതു രൂപ ശാന്തിക്കാരന്റെ കൈയിൽ അയാളും ഇട്ടു. നോട്ടിൽ പറ്റിപ്പിടിച്ച മീനിന്റെ ചൂളി അയാളും കണ്ടില്ല, ശാന്തിക്കാരനും കണ്ടില്ല. ദൈവം കണ്ടിട്ടുണ്ടാവുമോ? ഓഹ്.. കണ്ടെങ്കിലെന്താ? കാശ് കൊടുത്തത് ദൈവത്തിനല്ലല്ലൊ.


 ***************************************************

ശനിയാഴ്‌ച, മേയ് 11, 2019

ഏതോ ഒരു കെട്ടിടം

 കണ്ണാടി മാഗസിൻ.com http://kannadimagazine.com/article/841.com


          ഞങ്ങൾ പത്ത്-പതിനഞ്ചോളം പേർ ഉണ്ടായിരുന്നു. കൂട്ടത്തിൽ  ഹിന്ദുക്കളും ക്രിസ്ത്യാനികളും പിന്നെ മുസ്ലീങ്ങളുമുണ്ട്. ഞാൻ ഒരാൾ മാത്രമായിരുന്നു യുക്തിവാദി. ഞങ്ങൾ നിർദോഷമായ തമാശകൾ പറഞ്ഞും പരസ്പരം കളിയാക്കിയും യാതൊരു ലക്ഷ്യബോധവുമില്ലാതെ നടക്കുകയാണ്. നടത്തത്തിനിടയിൽ വളരെ പുരാതനമായ ഒരു കെട്ടിടം കണ്ടപ്പോൾ  ഞാൻ പറഞ്ഞു. "ആ കെട്ടിടം നോക്കൂ. എന്തൊരു ഭംഗിയാണ്! അത് ഡിസൈൻ ചെയ്തയാളെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല. അത് നിർമ്മിച്ച തൊഴിലാളികളുടെ പാടവം അത്ഭുതപ്പെടുത്തുന്നു!"

ഒരു ക്രിസ്തുമതവിശ്വാസി തിരുത്തി. "കെട്ടിടമോ?! അതൊരു ദേവാലയമാണെന്ന് തോന്നുന്നു."

മുസ്‌ലിം കൂട്ടുകാരൻ വിയോജിച്ചു. അവൻ അല്പം രോഷത്തോടെതന്നെ  പറഞ്ഞു. "നിങ്ങൾക്ക് രണ്ടാൾക്കും കണ്ണുകാണുന്നില്ലെ? ഇസ്‌ലാം മതവിശ്വാസികളുടെ പള്ളിയെക്കുറിച്ചാണോ നിങ്ങൾ തമാശ പറയുന്നത്?"

അപ്പോൾ ഹിന്ദുമതവിശ്വാസിയായ മൂന്നാമത്തെയാൾ ഇടപെട്ടു. "ഒന്ന് നിർത്ത്. അത് നിങ്ങൾ പറഞ്ഞതൊന്നുമല്ല. ഹിന്ദുക്കളുടെ ക്ഷേത്രമാണ്." 

ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മിൽ ചേരിതിരിഞ്ഞ് തർക്കമായി. തർക്കം മുറുകി കയ്യാങ്കളിയാവാൻ സാധ്യതയുണ്ടെന്ന് മനസിലായപ്പോൾ യുക്തിവാദിയായ ഞാൻ ഇടപെട്ടു. "വെറുമൊരു കെട്ടിടത്തിൻറെ പേരിൽ തല്ലുകൂടുന്നുവെങ്കിൽ നമ്മുടെ സൗഹൃദത്തിൻറെ അർത്ഥമെന്ത്? നിങ്ങൾ എന്തൊരു വിഡ്ഢികളാണ്... ഛെ. കഷ്ടം! എനിക്ക് നിങ്ങളോട് പുച്ഛം തോന്നുന്നു."

എൻറെ ചോദ്യം കേട്ട് അവർ തർക്കം അവസാനിപ്പിച്ച് എന്നോട് കയർത്തു. അവർ മതവിശ്വാസികൾ ഭിന്നത മറന്ന് ഒറ്റക്കെട്ടായി. അപ്പോൾ ഞാനായി കുറ്റക്കാരൻ.  "പുച്ഛിക്കൽ നിർത്ത്. അത് വെറുമൊരു കെട്ടിടമല്ല. വിഡ്ഢിത്തം പറയാതെ നീ ശരിക്കും നോക്ക്." 

          ഞാൻ ശരിക്കും നോക്കി. അവർ മൂന്നുകൂട്ടരും പറഞ്ഞ ഒരു പ്രത്യേകതയും ഞാനതിൽ കണ്ടില്ല. നാലുപേർക്കും വ്യത്യസ്ഥമായി ദൃശ്യമാവുന്നതിൻറെ കാരണം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. കെട്ടിടം ഒരത്ഭുതം തന്നെ! അത് രൂപകൽപന ചെയ്ത ആളെ ഒന്നു കാണാൻ സാധിച്ചിരുന്നെങ്കിൽ... അല്ലെങ്കിൽ ഞങ്ങളുടെ കാഴ്ചകൾക്ക് എന്തോ കാര്യമായ തകരാറുണ്ട്.  ഞാനങ്ങെനെയൊക്കെ ചിന്തിച്ചെങ്കിലും അവർക്കിഷ്ടപ്പെടില്ലെന്നു കരുതി മിണ്ടാതിരുന്നു. അവർ വീണ്ടും തർക്കം തുടങ്ങി. ഞങ്ങൾ കൂട്ടുകാർ  ഒത്തുകൂടുമ്പോഴൊക്കെ ദൈവവിശ്വാസത്തിലെ വൈരുദ്ധ്യങ്ങളെക്കുറിച്ചും അതിലെ  യുക്തിയെക്കുറിച്ചും യുക്തിയില്ലായ്മയെക്കുറിച്ചും സൗഹൃദപരമായി തർക്കിക്കാറുണ്ട്.  പക്ഷെ, ഇപ്പോൾ അതിരുവിടുന്ന ലക്ഷണമാണ്.  എങ്ങനെയെങ്കിലും ഈ തർക്കം അവസാനിപ്പിക്കണമെന്ന് തോന്നി  ഞാനൊരു ഉപായം പറഞ്ഞു.

"നിങ്ങൾ മൂന്നുകൂട്ടർക്കും നിങ്ങളുടെ ആരാധനാലയമാണെന്ന് തോന്നുന്ന സ്ഥിതിക്ക് എല്ലാവരും ഒരുമിച്ച് അതിനകത്തുകയറി പ്രാർത്ഥിക്കൂ. ഞാനതിൻറെ രൂപവും അതിൻറെ മുകളിലെ കലാസൃഷ്ടികളും  മതിയാവോളം നോക്കി ആസ്വദിക്കട്ടെ."

ആ പറഞ്ഞതും അവർക്കിഷ്ടമായില്ല. അപ്പോഴേക്കും ഞങ്ങളാ കെട്ടിടത്തിനരികിൽ എത്തിയിരുന്നു.

"വരൂ..." എന്നുപറഞ്ഞ് ഞാൻ മുന്നിൽ നടന്നു. അവർ പക്ഷെ, കൂട്ടത്തോടെ എന്നെ തടഞ്ഞു. 

ആരോ ഒരാൾ ചോദിച്ചു. "നിനക്കെന്താണ് അവിടെ കാര്യം?"
മറ്റൊരാൾ പറഞ്ഞു. "അത് വിശ്വാസികൾക്കുള്ളതാണ്. ദൈവനിഷേധികൾ അവിടെ പോകരുത്."

ഞാൻ സാവധാനമാണ് മറുപടി പറഞ്ഞത്. "നോക്കൂ, അവിടെ നൂറ്റാണ്ടുകൾക്കുമുൻപ്  ജീവിച്ച  നമ്മുടെ പൂർവ്വികരുടെ വിയർപ്പുതുള്ളികൾ ഇറ്റിവീണിട്ടുണ്ട്. അവരുടെ കരുത്തുറ്റ കരങ്ങളാൽ നിർമ്മിക്കപ്പെട്ട അതിന്റെ ചുമരുകളിൽ തൊട്ടുനോക്കുമ്പോൾ നമ്മുടെ പൂർവ്വികരെ തൊടുന്നതുപോലുള്ള അനുഭൂതിയുണ്ടാവും."

"അവന്റെയൊരു സാഹിത്യം" എന്നുപറഞ്ഞ് ആരോ ഒരാൾ എന്നെപ്പിടിച്ച് തള്ളി. ആ വീഴ്ചയിലാണ് ഉറക്കമുണർന്നത്. മുറിയിൽ നല്ല ഇരുട്ട്. മുറിയുടെ അപ്പുറത്തെ അരികിലെ കട്ടിലിൽ കിടക്കുകയായിരുന്ന സഹവാസി കൂർക്കം വലിക്കുന്നു. ഇരുട്ടിൽ മൊബൈൽ  തപ്പിയെടുത്ത് സമയം നോക്കി. പുലർച്ചെ നാലുമണിയാവുന്നതേയുള്ളു. ഒരുമണിക്കൂർകൂടി ബാക്കിയുണ്ട്. പിന്നെ എയർകണ്ടീഷൻ യന്ത്രത്തിന്റെ തണുപ്പിൽ അല്പനേരംകൂടി മൂടിപ്പുതച്ചുറങ്ങി.
***


കണ്ണാടി മാഗസിൻ.com  http://kannadimagazine.com/article/841

ചൊവ്വാഴ്ച, ഓഗസ്റ്റ് 07, 2018

പേര്




          ദോഹ എയർപോർട്ടിൽനിന്നും കോഴിക്കോട്ട് എയർപ്പോർട്ടിലെത്തിയത് ഖത്തർ എയർവേയ്‌സിലായിരുന്നു. അവിടെനിന്ന് എയർപോർട്ട്  ടാക്സിയിൽ ഫറോക് റെയിൽവെസ്റ്റേഷനിലെത്തി. പതിനെട്ടു വർഷമായി പ്രവാസജീവിതം നയിക്കുന്ന സുകുമാരന്റെ പോക്കും വരവും കഴിഞ്ഞ കുറേ വർഷങ്ങളായി ഇങ്ങനെയായിരുന്നു.ഫറോക്കിലെയോ കോഴിക്കോട്ടെയോ റെയിൽവേസ്റ്റേഷനിൽനിന്ന് കണ്ണൂർ റെയിൽവേസ്റ്റേഷനിലേക്ക്. കണ്ണൂരിൽനിന്നും വീട്ടിലേക്ക് ഒരു ഓട്ടോറിക്ഷ പിടിക്കും. കാലത്തായതിനാൽ ഏതെങ്കിലും ഒരു വണ്ടിയുണ്ടാവും. സുകുമാരന്റെ കൈയ്യിൽ ഒരു ഹാന്റ്ബാഗും ഒരു ഇടത്തരം ട്രോളിബാഗും മാത്രമേ ഉണ്ടായിരുന്നുള്ളു. കാര്യമായ ലഗേജുകളൊന്നുമില്ലെങ്കിൽ ഈ യാത്ര നല്ല സുഖമാണ്. ബന്ധുക്കൾക്ക് ആർക്കും ബുദ്ധിമുട്ടുമുണ്ടാവുകയില്ല. അല്ലെങ്കിലും കഴിഞ്ഞ അഞ്ചാറുമാസങ്ങളായി ബന്ധുക്കളെല്ലാം അകൽച്ചയിലാണ്. അവരെ കുറ്റപ്പെടുത്തുന്നില്ല. മനുഷ്യർ ശീലിച്ച ശീലങ്ങളിൽനിന്നും വ്യത്യസ്ഥമായത് കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ അവർക്ക് പെട്ടെന്ന് ഉൾക്കൊള്ളാനാവില്ല. അത് മനുഷ്യസഹജമാണ്. സുകുമാരൻ റെയിൽപ്പാളത്തിലേക്ക് നോക്കി ഓരോന്നാലോചിച്ചുകൊണ്ട് സ്റ്റീൽ പൂശിയ ഇരുമ്പുകസേരയിൽ കണ്ണൂരിലേക്കുള്ള വണ്ടിക്കായി കാത്തിരുന്നു.

          രാത്രിയിൽ ഉറങ്ങാത്തത്തിന്റെ ക്ഷീണം പുകച്ചിലും ചൊറിച്ചിലുകളുമായി കണ്ണുകളിൽ. ഉറങ്ങാത്തത് ഇന്നലെ ഒരു രാത്രിയായല്ല. കഴിഞ്ഞ കുറേ രാത്രികളിലായി ഉറക്കം വളരെ കുറവാണ്. ഉറങ്ങാൻ കിടക്കുമ്പോഴെല്ലാം മകളെക്കുറിച്ചുള്ള ചിന്തകളാണ്. മകൾ കാരണമാണ് ബന്ധുക്കൾ പിണങ്ങിനിൽക്കുന്നത്. കൗണ്ടറിൽനിന്ന് ടിക്കറ്റ് വാങ്ങി ഒന്നാംനമ്പർ പ്ലാറ്റ്‌ഫോമിൽ കടന്നപ്പോൾത്തന്നെ അടുത്തുകണ്ട ഒരു ചെറിയ കടയിൽനിന്ന് ഒരു കോഫിയും പപ്‌സും വാങ്ങിക്കഴിച്ചു. അതിനുശേഷമാണ് ഫ്ലൈഓവർ കടന്ന് രണ്ടാംനമ്പർ പ്ലാറ്റ്‌ഫോമിലെത്തിയത്. വടക്കോട്ടുള്ള വണ്ടി വന്നുനിൽക്കുക രണ്ടാംനമ്പർ പ്ലാറ്റ്‌ഫോമിലാണ്. സുകുമാരൻ വാച്ചിൽ നോക്കി. ആറുമണി. ആറെ പത്തിന് എത്തേണ്ടിയിരുന്ന വണ്ടി അരമണിക്കൂർ വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. റെയിൽപ്പാളം ഒരു വളവു തിരിഞ്ഞ് അദൃശ്യമാവുന്നിടത്തേക്ക് കുറച്ചുനേരം വെറുതെ നോക്കി പിന്തിരിഞ്ഞ് ഒന്നാംനമ്പർ പ്ലാറ്റ്‌ഫോമിൽ അഭിമുഖമായിരിക്കുന്നവരിലേക്ക്   നോക്കാൻ തുടങ്ങിയപ്പോഴാണ് മറ്റൊരാൾവന്ന് തൊട്ടരികിൽ ഇരുന്നത്. അമ്പത്തഞ്ചോ അറുപതോ വയസ് പ്രായം തോന്നിക്കുന്ന അയാളുടെ ഇസ്തിരിമടക്കുകളുള്ള പാന്റ്‌സിൽ നിന്നോ ഷർട്ടിൽനിന്നോ അത്തറുമണം പരന്നു. അയാൾ പുഞ്ചിരിച്ചു. സുകുമാരനും തിരിച്ച് അങ്ങോട്ടും  പുഞ്ചിരിച്ചു. അയാളുടെ കൂടെ ഭാര്യയും മകളുമുണ്ട്. യൗവ്വനം മുഖത്തുനിന്ന് മാഞ്ഞുപോയിട്ടില്ലാത്ത  ആ സ്ത്രീ കറുത്ത പർദയാണ് ധരിച്ചിരുന്നത്. പതിമൂന്നോ പതിനഞ്ചോ വയസ് പ്രായം തോന്നിക്കുന്ന മകൾ ഉമ്മയെ ചേർന്നുനിന്നു. ഉമ്മ ഇരുന്നപ്പോൾ  മകളും ഇരുന്നു.

അയാൾ ചോദിച്ചു. "ഗൾഫിന്ന് വെര്വാല്ലെ?"
സുകുമാരൻ പറഞ്ഞു. "അതെ."
ഏടത്തേക്കാ പോണ്ടെ?" അയാളുടെ ചോദ്യം.
"കണ്ണൂരിലേക്ക്" സുകുമാരൻ മറുപടി പറഞ്ഞു."
 "ഞാനും കൊറേക്കാലം ദുബായിലേനും. മുപ്പത് കൊല്ലം." അയാൾ അയാളെപ്പറ്റി വിശദീകരിച്ചു. "ഇപ്പം അഞ്ച് കൊല്ലായിറ്റ് നാട്ടിത്തന്നെ ചെറിയൊര് കച്ചോടായിറ്റ് കയ്യ്ന്ന്."  
സുകുമാരൻ തലയാട്ടുക മാത്രം ചെയ്തു. ഗൾഫ് രാജ്യങ്ങളിലെ പുതിയ വിശേഷങ്ങളെക്കുറിച്ച് എന്തൊക്കെയോ ചോദിച്ചറിയാനുണ്ടായിരുന്നു. സുകുമാരൻ സംസാരിക്കാൻ താല്പര്യമില്ലാത്തയാളാണെന്നു കരുതി അയാൾ പിന്നെയൊന്നും മിണ്ടിയില്ല.

          അയാളുടെ സംസാരം ഭാര്യയോടും മകളോടുമായി. ഭാര്യ വണ്ടി വരാൻ വൈകുന്നതിനെക്കുറിച്ച് ആവലാതി പറഞ്ഞു.  മകൾ അക്ഷമയോടെ നിൽപ്പുറക്കാതെ നിൽക്കുകയും ഇരിക്കുകയും ചുരിദാറിന്റെ ഷാളുകൊണ്ട് തലയിലിട്ട തട്ടം ഊർന്നുപോകവെ നേരെയാക്കുകയും ചെയ്തുകൊണ്ടിരുന്നു. ഒന്നും മിണ്ടാതെയിരിക്കുന്നതുകൊണ്ട് അയാൾ സുകുമാരന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചുനോക്കി. 
എന്നിട്ട് ചോദിച്ചു. "പേരെന്താ?"
"സുകുമാരൻ."
അവർക്കിടയിൽ വീണ്ടും മൗനം  കനത്തു. അടുത്ത കാലത്തായി പേരുചോദിക്കുന്നത് വെറുതെ പരിചയപ്പെടാൻ മാത്രമല്ലെന്ന് സുകുമാരൻ ഓർത്തു. ഇതുപോലെ എവിടെയെങ്കിലും കാണുമ്പോഴും ഒരുമിച്ച് ഇരിക്കുമ്പോഴും പരിചയമില്ലാത്ത ആളാണെങ്കിൽ ആദ്യംതന്നെ പേര് ചോദിക്കുക എന്നത് പുതിയ രീതിയാണ്. മതം മനസിലാവാനുള്ള എളുപ്പവഴി. പിന്നീടേ നാട്ടുവിശേഷങ്ങൾ സംസാരിക്കുകയുള്ളു. ഇന്ന് പുലർച്ചെ വിമാനത്തിൽവച്ച് അടുത്ത സീറ്റിൽ ഇരുന്ന സഹയാത്രികൻ ചോദിച്ചത് പേരായിരുന്നു. പേര് പറഞ്ഞതിന് ശേഷം കോഴിക്കോട് എയർപ്പോർട്ടിലെത്തുംവരെ മറ്റൊന്നും ചോദിക്കുകയോ പറയുകയോ ചെയ്തില്ല. ഇയാളും ഒരുപക്ഷെ, അങ്ങനെയായിരിക്കുമോ എന്നാലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ് അയാൾ വീണ്ടും പറഞ്ഞുതുടങ്ങിയത്.
"ബസ്സിന്‌ പോമ്പം കൊറേ സമയെടുക്കും. അത്വോണ്ടാ ട്രെയിനിന് പോകാന്ന് വെച്ചെ. ആപ്ളേക്ക് ട്രെയിനും വൈകി."
സുകുമാരൻ ചോദിച്ചു. "ഏട്യാ പോണ്ടെ?"
"ഞമ്മക്ക് തലശ്ശേര്യാ പോണ്ടെ." അയാൾ പറഞ്ഞു. "മൂത്തമോളെ പുയ്യാപ്ല തലശ്ശേരിക്കാരന. മൂപ്പരെ കുടുംബത്തില് ഒര് കല്ല്യാണുണ്ട്."
പിന്നെയും സംസാരിച്ചു. രണ്ടുപേരും നാട്ടുവിശേഷങ്ങൾ സംസാരിച്ചുതുടങ്ങി. രാഷ്ട്രീയപ്പാർട്ടികളെക്കുറിച്ചും സർക്കാരിനെക്കുറിച്ചും പറയാൻ അയാൾക്ക് ഭയമുള്ളതുപോലെ തോന്നി. ഈ ചെറിയ സമയത്തെ യാത്രക്കിടയിൽ പേര് അറിഞ്ഞിരിക്കുന്നതിൽ കാര്യമൊന്നുമില്ലായെന്ന് ചിന്തിച്ചുകൊണ്ടുതന്നെ വെറുതെ സുകുമാരനും അയാളുടെ പേര് ചോദിച്ചു. അയാൾ പേര് പറഞ്ഞു.
സുകുമാരൻ ചോദിച്ചു. "ഇപ്പൊ നാട്ടില് സമാധാനത്തോടെ ജീവിക്കാൻ പറ്റാണ്ടായില്ലേ?"
അയാൾ പറഞ്ഞു. "പണ്ടത്തെപ്പോലെ ഒത്തൊരുമില്ലാണ്ടായി. മതത്തിന്റേം ജാതീന്റേം പേരില്."
അതുകേട്ട് അയാളുടെ ഭാര്യ പറഞ്ഞു. "ഓരോന്ന് കേക്കുമ്പം പേട്യാക്ന്ന്."
അപ്പോൾ മകൾ ഉമ്മയെ തടഞ്ഞുകൊണ്ട് കൈയ്യിൽ പിടിച്ചുനുള്ളി.

         കാശ്മീരിലെ എട്ടുവയസുള്ള നാടോടി ബാലികയെ ക്ഷേത്രത്തിനകത്തുവച്ച് ബലാൽസംഗം ചെയ്തുകൊന്ന വാർത്തകൾ വന്നുകൊണ്ടിരുന്ന ദിവസങ്ങളായിരുന്നു. നിസ്സഹായയായി ജീവനുവേണ്ടി യാചിക്കുന്ന പെൺകുട്ടിയെക്കുറിച്ചുള്ള ചിന്തകൾ മനസിനെ വല്ലാതെ അലോസരപ്പെടുത്തുന്നു. സുകുമാരൻ അറിയാതെ അടുത്തുനിൽക്കുന്ന പെൺകുട്ടിയെ നോക്കിപ്പോയി. അവളുടെ കാതിൽ ആടുന്ന കമ്മൽ മരച്ചില്ലകൾക്കിടയിലൂടെ നൂണിറങ്ങിയ സൂര്യപ്രകാശത്തിൽ തിളങ്ങി. പ്രണയിക്കുന്ന മുസ്‌ലിം ചെറുപ്പക്കാരനെമാത്രമേ വിവാഹം ചെയ്യൂവെന്ന് വാശിപിടിച്ചുനിൽക്കുന്ന പതിനേഴുവയസുള്ള തൻ്റെ മകളെക്കുറിച്ചോർത്തു. ഈ അവധി അവളുടെ കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ വേണ്ടിയാണ്. പ്രവാസികളുടെ അവധിക്കാലം ഇങ്ങനെ ഓരോ ആവശ്യങ്ങൾക്കുള്ളതാണ്. ചില തീരുമാനങ്ങളെടുക്കുവാനും, എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കുവാനും. അപ്പോഴേക്കും തിരിച്ചുപോകേണ്ട ദിവസമാകും. 

          മകൾ വാശിക്കാരിയാണ്. ഏകമകളാണ്. പിന്നെയുള്ളത് ഏഴാംതരത്തിൽ പഠിക്കുന്ന മകനാണ്. ശരിയെന്നുതോന്നുന്നതിൽ ഉറച്ചുനിൽക്കുന്ന പ്രകൃതമാണ് മകളുടേത്. അവളുടെ ഇഷ്ടം അങ്ങനെയാണെങ്കിൽ അതുതന്നെ നടക്കട്ടെ. കുടുംബക്കാരും നാട്ടുകാരും പിണങ്ങും. ഞങ്ങളെ അകറ്റിനിർത്തും. അതൊന്നും സാരമില്ല. പക്ഷെ, അവൾ ചെറിയ കുട്ടിയല്ലെ. ഈ പ്രായത്തിൽ അങ്ങനെയൊക്കെ തോന്നുക സ്വാഭാവികമാണ്. സുകുമാരൻ ഓർത്തു. പ്രീഡിഗ്രി തോറ്റശേഷം വാഹനങ്ങൾ റിപ്പയർ ചെയ്യുന്ന വർക്ക്‌ഷോപ്പിൽ ജോലിക്കുപോയത്. വർക്ക്ഷോപ്പിന്റെ തൊട്ടപ്പുറത്തായിരുന്നു ദിനേശ് ബീഡി കമ്പനി. അവിടെ ബീഡിപ്പണിക്ക് വരുന്ന നക്ഷത്രക്കണ്ണുകളും നീണ്ട മൂക്കുമുള്ള വെളുത്തുമെലിഞ്ഞ മുസ്‌ലിം പെൺകുട്ടിയുണ്ടായിരുന്നു. അവളോട്‌ ഒരിഷ്ടം തോന്നിയിരുന്നു. അവൾക്ക് തിരിച്ചും. കുറേ കഴിഞ്ഞപ്പോൾ അവൾ ബീഡിപ്പണിക്ക് വരാതായി. ബീഡി കമ്പനിയിലെ മറ്റു സ്ത്രീകളിൽനിന്നാണ് അറിഞ്ഞത്, അവളുടെ വിവാഹം കഴിഞ്ഞുവെന്ന്. പിന്നീട് അവളെ കണ്ടിട്ടേയില്ല. ക്രമേണ ക്രമേണ കാണാൻ സാധിക്കാത്തതിലുള്ള മനപ്രയാസം മാറി. ഈ പ്രായത്തിലെ തോന്നലുകൾക്ക് അത്രയേ ആയുസുള്ളു. അത് മകളെ പറഞ്ഞു മനസിലാക്കിക്കൊടുക്കുന്നതിൽ അവളുടെ അമ്മയും ഞാനും പരാജയപ്പെട്ടു.

"കണ്ണൂർ ഏർപ്പോർട്ട് ഓപ്പണാകാനായി ല്ലേ?" അയാളുടെ ചോദ്യമാണ് ചിന്തയിൽനിന്നും ഉണർത്തിയത്.
"മ്ഉം." സുകുമാരൻ മൂളി. "സപ്തംബറിലങ്ങാറ്റൊ ഓപ്പണാകുംന്ന് പറീന്ന്ണ്ട്."
"അട്ത്ത വെരവ് ന്ങ്ങക്കാടത്തേക്ക് വെര. വേഗം വീട്ടിലെത്താല. ഇങ്ങനെ വണ്ടിക്ക് കാത്ത്‌നിക്ക്ന്നത് *കൈച്ചലാകും."
സുകുമാരൻ എന്തോ മറുപടി പറയാൻ തുനിയുമ്പോഴാണ് വണ്ടിയുടെ ചൂളംവിളി കേട്ടത്. 
മകൾ അയാളുടെ ഇസ്തിരിമടക്കുള്ള ഷർട്ടിൽ തൊട്ടുവിളിച്ചു. "ഉപ്പാ എണീക്ക് വണ്ടി വെര്ന്ന്ണ്ട്."

അപ്പോഴേക്കും വണ്ടി അടുത്തെത്തിയിരുന്നു. ഫറോക്ക് സ്റ്റേഷൻ വളരെ  ചെറുതായതിനാൽ അധികനേരം നിർത്തിയിടില്ല. അതുകൊണ്ട് മുന്നിൽകണ്ട കമ്പാർട്ട്മെന്റിൽതന്നെ കയറി.വാതിലിനടുത്തുള്ള സീറ്റിൽ ഇരുന്നു. സന്ദർഭവശാൽ ആ കുടുംബവും സുകുമാരനും ഒരേ കമ്പാർട്ട്‌മെന്റിലായിരുന്നു. അത് റിസർവേഷൻ കമ്പാർട്ട്‌മെന്റായിരുന്നു.
"ടീട്ടീയാർ ചെക്കിങ്ങിന് വന്നിനെങ്കിൽ മാറിക്കേറാം." അയാൾ ഭാര്യയോടും മകളോടുമായി പറഞ്ഞു.
ഭാര്യയും മകളും തിരിച്ചൊന്നും പറഞ്ഞില്ല. യാത്രക്കാർ കുറവായിരുന്നു.  അപ്പുറത്തെ കമ്പാർട്ട്മെന്റിൽ ഒരു വൃദ്ധനും വൃദ്ധയും ഇരിക്കുന്നുണ്ട്. അങ്ങേയറ്റത്തെ വാതിലിനടുത്ത് രണ്ടു ചെറുപ്പക്കാർ നിൽക്കുകയും ഒരു ചെറുപ്പക്കാരൻ ഇരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വണ്ടി ഓടിത്തുടങ്ങിയപ്പോൾ ചെറുപ്പക്കാരിൽ രണ്ടുപേർ അവർക്കടുത്തായി വന്ന് ഇരുന്നു. മറ്റൊരാൾ വാതിലിനടുത്ത് നിന്നു. അവരുടെ കയ്യിലെ ചരടും നെറ്റിയിൽ ആശ്ചര്യചിഹ്നംപോലെ തോന്നിക്കുന്ന കുങ്കുമക്കുറിയും കണ്ടിട്ടാവണം ഉമ്മയുടെയും മകളുടെയും മുഖത്ത് ഒരു പരിഭ്രമം. അതുവരെ സംസാരിച്ചുകൊണ്ടിരുന്ന അവർ പെട്ടെന്ന് മൗനികളായി. പെൺകുട്ടി സുകുമാരനെ നോക്കി. സുകുമാരൻ പെൺകുട്ടിയെയും.

           വണ്ടി കോഴിക്കോട്ട് എത്തിയപ്പോൾ ചെറുപ്പക്കാർ മൂന്നുപേരും ഇറങ്ങി. റെയിൽവേ സ്റ്റേഷൻ നിറയെ ജനങ്ങളാണ്. ധാരാളം യാത്രക്കാർ കയറാനുണ്ടായിരുന്നു. ഒരു യുവതിയും രണ്ടു യുവാക്കളും പിന്നെ ഒരു മദ്ധ്യവയസ്കനും അവരോടോപ്പമിരുന്നു. വണ്ടി പതിവിലധികം സമയം സ്റ്റേഷനിൽ നിർത്തിയിട്ടപ്പോൾ യാത്രക്കാർ അക്ഷമരായി. യുവതിയും യുവാക്കളും സ്‌കൂൾ സിലബസിനെക്കുറിച്ചും പിണറായി സർക്കാരിന്റെ വിദ്യാഭ്യാസനയത്തെക്കുറിച്ചുമൊക്കെ സംസാരിച്ചു. അവർ കണ്ണൂരിലേയും തലശ്ശേരിയിലേയും സ്‌കൂളുകളിൽ ജോലിക്കുപോകുന്ന അദ്ധ്യാപരാണ്. 

വടകരയിലെത്തിയപ്പോഴാണ് ഒരു മദ്ധ്യവയസ്കൻ വണ്ടിയിൽ കയറിയത്. "ഈടിരുന്നൊ. ഞമ്മള് തലശ്ശേരിയെറങ്ങും." ഉമ്മയോടും മകളോടും അല്പം നീങ്ങിയിരിക്കാൻ പറഞ്ഞുകൊണ്ട് അയാൾ മധ്യവയസ്കനെ ക്ഷണിച്ചു. അടുത്ത സ്റ്റോപ്പ് തലശ്ശേരിയാണ്. മലബാർ എക്സ്‌പ്രസിന് വടകരയിൽനിന്നും തലശ്ശേരിയിലെത്താൻ അരമണിക്കൂർ മതി. 

മദ്ധ്യവയസ്കൻ ഏറെ അസ്വസ്ഥനായിരുന്നു. അയാൾക്ക് പോകേണ്ടത് മംഗലാപുരത്തേക്കാണ്. മെഡിക്കൽകോളേജിൽ അഡ്‌മിറ്റായിരിക്കുന്ന ഭാര്യയ്ക്ക് ഇന്നാണ് ഓപ്പറേഷൻ. കോഴിക്കോട് മെഡിക്കൽകോളേജിലെ ചികിത്സയിൽ ഫലമില്ലാത്തതുകൊണ്ട് മംഗലാപുരം കാണിച്ചതാണ്. ആൺമക്കൾ രണ്ടുപേരും ആശുപത്രിയിലുണ്ടെങ്കിലും ഓപ്പറേഷൻവാർഡിലേക്ക് കയറുന്നതിനുമുൻപ് അവിടെയെത്തണം. ഭാര്യയെ കാണണം. 
അസ്വസ്ഥതയോടെ മദ്ധ്യവയസ്കൻ പറഞ്ഞു. "തലശ്ശേരിയിലെന്തോ കൊയപ്പം നടന്നിറ്റ്ണ്ട്."
തലശ്ശേരിയിൽ ഇറങ്ങേണ്ടുന്ന അദ്ധ്യാപിക ഭയത്തോടെ കൂടെയുള്ള അദ്ധ്യാപകരെ നോക്കി. 
അദ്ധ്യാപരിൽ ഒരാൾ പറഞ്ഞു. "അതെ. ഇന്ന് പുലർച്ചെ പള്ളിക്ക് കല്ലെറിഞ്ഞുന്നും അമ്പലത്തിന്റെ ഭണ്ഠാരം തച്ചുപൊളിച്ചുന്നും പറീന്ന് കേട്ട്."
ഉമ്മയുടെ വായിൽനിന്നും അവരറിയാതെ ശബ്ദം വന്നു."പടച്ചോനേ..." 
മകൾ ഉമ്മയുടെ കയ്യിൽ ചുറ്റിപ്പിടിച്ചു. 
"ആട എടക്കെടെണ്ടാക്ന്നതല്ലെ." അയാൾ ഭാര്യക്കും മകൾക്കും ധൈര്യം പകർന്നു. എങ്കിലും അയാളുടെ മനസിലും ഉണ്ടായിരുന്നു ഒരാന്തൽ. 
മദ്ധ്യവയസ്കൻ പറഞ്ഞു. "രണ്ടുദിവസംമുമ്പ് കോളേജിൽ പഠിക്ക്ന്ന കൊറച്ച് കുട്ട്യള് അമ്പലത്തില് കേറി. ആങ്കുട്ട്യളും പെങ്കുട്ട്യളുംണ്ടായിന്. എല്ലാരും ഇന്ദുകുട്ട്യളെന്ന്യേനും. കുട്ട്യളെല്ലേ കൊറച്ച് തമാശ്യേല്ലുണ്ടാക്വല്ല. ഓല് തമ്മാമ്മല് വിളിച്ചിര്ന്നത് വട്ടപ്പേരേനും. അയില് ഒരുത്തന്റെ *വട്ടപ്പേര് ഞമ്മളെകൂട്ടരെ പേരാ. അത് വിളിക്ക്ന്നത് ആരെല്ലോ കേട്ട്ക്ക്. അമ്പലത്തിനാത്ത് മാപ്ലാമ്മാർക്കെന്താ കാര്യന്നും പറഞ്ഞ് അന്നെന്നെ കൊയപ്പായിക്ക്. അയിന്റെ ബാക്ക്യാ ഇന്ന്ണ്ടായെ." 

           അപ്പോഴേക്കും വണ്ടി തലശ്ശേരിയിലെത്തിയിരുന്നു. അയാളും ഭാര്യയും മകളും ഇറങ്ങി. അവർ അരികിലൂടെ നടന്നുപോയപ്പോൾ മറ്റുള്ളവരുടെ മൂക്കിലേക്ക് അത്തറുമണം കയറി. തലശ്ശേരിയിൽ നിന്നും കാസർഗോട്ടേക്കും മംഗലാപുരത്തേക്കും പോകേണ്ടവർ കുറേപ്പേർ കയറാനുണ്ടായിരുന്നു. വണ്ടി പുറപ്പെടാനായി ചൂളം വിളിച്ചു. വണ്ടി സാവധാനം മുന്നോട്ട് ചലിച്ചു. പെട്ടെന്നായിരുന്നു, ഒന്നാംനമ്പർ പ്ലാറ്റ്‌ഫോമിൽനിന്നും നിലവിളി ഉയർന്നത്. ആളുകളെല്ലാം നാലുപാടും ചിതറിയോടുന്നു. എന്താണ് സംഭവിച്ചതെന്ന് ആർക്കും മനസിലായില്ല. ഒരു യുവാവ് ഉടുതുണിയില്ലാതെ ശരീരം മുഴുവൻ രക്തമൊഴുക്കിക്കൊണ്ട് പ്രാണരക്ഷാർത്ഥം വണ്ടി ചലിക്കുന്ന ദിശയിലേക്കുതന്നെ ഓടുന്നു. ആയുധവുമായി മൂന്നാലുപേർ അയാളെ പിന്തുടരുന്നു. പ്ലാറ്റ്‌ഫോമിൽ വീണുകിടന്ന മറ്റൊരു യുവാവിന്റെ ശരീരം രക്തത്തിൽ കുതിർന്ന് പിടഞ്ഞുപിടഞ്ഞ് നിശ്ചലമായി. അതൊരു കലാപത്തിന്റെ തുടക്കമായിരുന്നു. ആ ദാരുണമായ കാഴ്ച്ചയെ പിന്തള്ളി മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്ന വണ്ടിയുടെ വേഗത കൂടിക്കൊണ്ടിരുന്നു. 
***

*വട്ടപ്പേര് = കോഴിക്കോട് ഭാഗത്തെ വിളിപ്പേരിന്റെ പ്രാദേശിക പദം.
*കൈച്ചലാകും = അവസാനിക്കും 

ചൊവ്വാഴ്ച, മേയ് 15, 2018

രക്തസാക്ഷികളുടെ മക്കൾ

2021 - September



          രണ്ടു ചെറുപ്പക്കാർ. ഉപരിപഠനകാലത്ത് ഒരേ വിദ്യാലയത്തിൽ പഠിക്കുന്നവരാണെന്ന് സങ്കൽപ്പിക്കാം. അല്ലെങ്കിൽ ഏതെങ്കിലും തൊഴിലിടത്തിലാണെന്ന് സങ്കല്പിക്കാം. സ്ത്രീയോ പുരുഷനോ ആയിരിക്കാം. അല്ലെങ്കിൽ ഒരാൾ സ്ത്രീയും മറ്റെയാൾ പുരുഷനുമായിരിക്കാം. രണ്ടുപേരും പരിചയപ്പെട്ടു. അവരുടെ ജാതിയും മതവും ലിംഗവും പാർട്ടിയും അറിയാത്തതുകൊണ്ട് നമുക്കവരെ 'എക്സ്'  എന്നും 'വൈ' എന്നും വിളിക്കാം.

എക്സ് ചോദിച്ചു. "അച്ഛനും അമ്മയും ഇല്ലേ?"
വൈ പറഞ്ഞു. "അമ്മയുണ്ട്. അച്ഛനില്ല."

"എനിക്കും. അച്ഛൻ മരിച്ചുപോയി. ആരോ കൊന്നതാ." എക്സ്  പറഞ്ഞു. മുഖത്ത് അതുവരെയുണ്ടായിരുന്ന ഉന്മേഷം മാഞ്ഞുപോയി. പാർട്ടിയുടെ പതാക പുതപ്പിച്ച മൃതദേഹം മനസ്സിൽ തെളിഞ്ഞു.

"എന്റെ അച്ഛനെയും കൊന്നതാ." അച്ഛനെ മനസ്സിൽ സങ്കൽപ്പിക്കാൻ ശ്രമിച്ചു.

രണ്ടു പാർട്ടികളിൽപ്പെട്ടവരാണെങ്കിലും ഈയൊരു കാര്യത്തിൽ തുല്യ അനുഭവമുള്ളവരാണെന്ന് അവർ പരസ്പരം തിരിച്ചറിഞ്ഞു.

വൈ ചോദിച്ചു. "നീ നിന്റെ അച്ഛനെ കണ്ടിട്ടുണ്ടൊ?"

"കണ്ടിട്ടുണ്ട്. വളരെ ചെറിയ പ്രായത്തിലായിരുന്നല്ലോ അത്. നേഴ്സറിയിൽ പഠിക്കുന്ന കാലമായിരുന്നു. മുഖം വ്യക്തമാവുന്നില്ല.

"ഞാൻ കണ്ടതേ ഓർക്കുന്നില്ല. മുലകുടി മാറാത്ത കുട്ടിയയായിരുന്നത്രെ അപ്പോൾ ഞാൻ."

അവർ കൂട്ടുകാരായി.

"ഒരേ അനുഭവമുള്ളവരായതുകൊണ്ടാ നമ്മൾ പെട്ടെന്ന് അടുപ്പത്തിലായത്." എക്സ് ആണ് അങ്ങനെ പറഞ്ഞത്.

അപ്പോൾ വൈ പറഞ്ഞു. "ചെറുപ്പത്തിൽ ഞാനാരോടും കൂട്ടുകൂടാറുണ്ടായിരുന്നില്ല. വീട്ടിനടുത്തുള്ള മൈതാനത്തിൽ കുറേ കുട്ടികൾ കളിക്കാറുണ്ടായിരുന്നു. പക്ഷെ, ഞാൻ അവരോടൊപ്പം കൂടാറില്ല. ആ കുട്ടികളിലെ ആരുടെയൊ അച്ഛനായിരുന്നു എൻറെ അച്ഛനെ കൊന്നത്."

പിന്നെ രണ്ടുപേരും കൈ കോർത്തുപിടിച്ചു നടന്നു.
***

(സമർപ്പണം: രാഷ്ട്രീയ പകപോക്കലിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക്.)