Kharaaksharangal - kkanakambaran.blogspot.com - Part of kharaaksharangal.blogspot.com

തിങ്കളാഴ്‌ച, നവംബർ 15, 2010

മാന്ത്രികവിദ്യ


   മൂന്നു പഞ്ചായത്തുകള്‍ക്ക്  കൂടിയുള്ള ഒരേയൊരു ഹൈസ്കൂളാണ് കൂളിപ്പുഴ ഹൈസ്കൂള്‍. കൂളിപ്പുഴയിലെ പൌരപ്രമുഖനും ധനികനുമായ മുഹമ്മദ്ഹാജി എന്ന മമ്മുഹാജിയാണ് സ്കൂളിന്‍റെ  ഉടമ. വര്‍ഷങ്ങള്‍ക്കുമുന്‍പ്, കേരളം എന്ന സംസ്ഥാനം ഉണ്ടാവുന്നതിനും മുന്‍പ്  മദ്രാസ് സംസ്ഥാനത്തിന്‍റെ ഭാഗമായിരുന്നു കൂളിപ്പുഴ ഗ്രാമം. അക്കാലത്ത് മമ്മുഹാജിയുടെ ഉപ്പൂപ്പ വീരാങ്കുട്ടിമാപ്ല എന്ന വീരാന്‍കുട്ടി മുസ്ലിയാര് തുടങ്ങിയതാണ് ഈ സ്കൂള്‍. വീരാന്‍കുട്ടി മുസ്ല്യാരുടെ മരണത്തോടെ മമ്മുഹാജിയുടെ ഉപ്പയും കൂളിപ്പുഴയിലെ ഓട്ടുകമ്പനി ഉടമയുമായ ഇമ്പിച്ചി ഹാജിയുടെയും അദ്ദേഹത്തിന്‍റെ മരണത്തോടെ മകന്‍ മമ്മുഹാജിയുടെയും ഉടമസ്ഥതയിലായി.

   കൂളിപ്പുഴ ഹൈസ്കൂളില്‍നിന്നു നിരവധി ഡോക്ടര്‍മാരും എന്ജിനിയര്‍മാരും വളര്‍ന്നുവന്നു. നിരവധി അദ്ധ്യാപകരും രാഷ്ട്രീയനേതാക്കളും വളര്‍ന്നുവന്നു. നേതാക്കള്‍ ലോകസഭയിലും നിയമസഭയിലും അംഗങ്ങളായി. നേതാക്കളുടെ ചുവടുപിടിച്ച് ഇപ്പോള്‍ പഠിക്കുന്ന കുട്ടികള്‍ ആവേശത്തോടെ രാഷ്ട്രീയപ്രവര്‍ത്തനം  നടത്തുന്നു. വീറോടെ മുദ്രാവാക്യം വിളിച്ചു പഠിപ്പുമുടക്കി സമരം ചെയ്യുന്നു. വര്‍ഷംതോറും സ്കൂള് പാര്‍ലിമെന്റിലേക്ക് മത്സരിക്കുന്നു. അങ്ങനെയൊരു വിദ്യാര്‍ഥി നേതാവാണ് അഭിമന്യു.
   അവന്‍  പേരുപോലെത്തന്നെ ധീരനാണ്. പുരാണത്തിലെ അഭിമന്യുവിനെപോലെ. എതിരാളികളോട് തനിച്ചു പൊരുതാന്‍ ചങ്കുറപ്പുള്ളവന്‍. പക്ഷെ, അവന്‍ കാഴ്ചയ്ക്ക് വളരെ ചെറുതാണ്. പത്താം തരത്തിലാണ് പഠിക്കുന്നതെങ്കിലും എട്ടാംതരത്തില്‍ പഠിക്കുന്ന കുട്ടിയുടെയത്ര പൊക്കമേ അവനുള്ളൂ. അതുകൊണ്ടുതന്നെ മനശാസ്ത്രം അറിയാത്ത കാഴ്ചയില്‍ പൊക്കം മാത്രമുള്ള അദ്ധ്യാപകര്‍ അവനെ കാന്താരിയെന്നു വിളിച്ച് പരിഹസിക്കും. പക്ഷെ, അവന്‍ തളര്‍ന്നില്ല. അവന്‍ തന്‍റെ കഴിവിലും ചിന്തയിലും ആത്മവിശ്വാസമുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷത്തെ സ്കൂള്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിലല്‍ ഒന്പത്. ബിയിലെ ക്ലാസ്‌ ലീഡറായി അഭിമന്യു തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാര്‍‍ത്തികള്‍  പഠിപ്പുമുടക്കി സമരം ചെയ്തപ്പോള്‍ അവര്‍ക്ക്മുന്പില്‍ അഭിമന്യു നിന്നു. ഒന്പത്. ബിയിലെ ക്ലാസ്‌ ടീച്ചറായ മന്ദാകിനിടീച്ചറും രസതന്ത്രം പഠിപ്പിക്കുന്ന ഓമനടീച്ചറും അവനെ സ്നേഹത്തോടെ ഉപദേശിച്ചു.
"ഇങ്ങനെ സമരം ചെയ്ത് നടന്നാല്‍മാത്രം പോരാ കുട്ടീ. നന്നായി പഠിച്ചാലേ നല്ല നേതാവാകാന്‍ കഴിയൂ."
അഭിമന്യു ടീച്ചര്‍മാരെ നോക്കി ആദരവോടെ പുഞ്ചിരിച്ചു.

   ഒരുദിവസം ദിവസം മന്ദാകിനിടീച്ചര്‍ അഭിമന്യുവിന്റെ മലയാളം നോട്ടുപുസ്തകത്തിന്റെ പിന്നിലെ താളില്‍ നിന്നും ഒരു രഹസ്യം കണ്ടുപിടിച്ചു. പത്തുവരിയുള്ള ഒരു കവിത. ഏതോ കുട്ടിയുടെ കണ്ണുകളെ കുറിച്ചാണ്. കവിത വായിച്ച് ടീച്ചര്‍ അഭിമന്യുവിനെ നോക്കി പുഞ്ചിരിച്ചു. അതുവരെ രഹസ്യമായിരുന്ന സംഗതി ക്ലാസിലെ എല്ലാ കുട്ടികളും അറിഞ്ഞിരിക്കുന്നു. കുട്ടികള്‍ ഓരോരുത്തരായി അത് കൈമാറി വായിച്ചു. അപ്പോഴൊക്കെ നെഞ്ചില്‍  കൈവച്ചുകൊണ്ട് അഭിമന്യു പ്രാര്‍ത്‍ഥിച്ചു.
'ഇതെഴുതിയത് ആരെകുറിച്ചാണെന്നു അറിയരുതേ...'
അഭിമന്യുവിന്റെ പ്രാര്‍ത്ഥന   ഫലിച്ചു. ആരും തിരിച്ചറിഞ്ഞില്ല. കുട്ടികള്‍ എല്ലാവരും അവനെ ആദരവോടെ നോക്കി. എല്ലാവരും അഭിനന്ദിച്ചു.
 രേണുക മാത്രം കുറ്റപ്പെടുത്തി- "അത്ര നന്നായില്ല."
അഭിമന്യു സംശയിച്ചു. 'ഈശ്വരാ അവള്‍ തിരിച്ചറിഞ്ഞെന്നു തോന്നുന്നു എഴുതിയത് അവളെക്കുറിച്ചാണെന്ന്'.

   രേണുക ഒന്പത്. ബിയിലെ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന കുട്ടിയാണ്. അഭിമന്യുവിന്റെ സൌന്ദര്യബോധത്തില്‍ ഏറ്റവും സുന്ദരിയും അവള്‍ തന്നെ. അരക്കേട്ടുമറയ്ക്കുന്ന തലമുടി അവളൊരിക്കലും മെടഞ്ഞിടാറില്ല. അതുകാരണം അവള്‍ക്ക് ഒരിക്കല്‍ മന്ദാകിനി ടീച്ചറില്‍നിന്ന് ശകാരം കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. അതിനുശേഷമാണ് മുടി മെടഞ്ഞിട്ട് ക്ലാസില് വരാന്‍ തുടങ്ങിയത്. അപ്പോള്‍ അഭിമനുവിന് തോന്നി. ഇപ്പോഴാണ് അവള്‍ കൂടുതല്‍ സുന്ദരിയായത്. അവള്‍ വാങ്ങുന്ന ബാലരമയും പൂമ്പാറ്റയും ബാലഭൂമിയും വായിച്ചുതീര്‍ന്നാല്‍  അഭിമന്യുവിന്റെ കൈയിലെത്തും. അപ്പോള്‍ അവളുടെ ചുണ്ടില്‍ വിരിയുന്ന വശ്യതയാര്‍ന്ന പുഞ്ചിരിയും പ്രണയാര്‍ദ്രമായ കണ്ണുകളും അഭിമന്യുവിന്റെ മനസ്സില്‍ കവിതകള്‍ കോറിയിടും. അങ്ങനെയുള്ള ഒന്നാണ് മലയാളം നോട്ടുപുസ്തകത്തിന്റെ പിന്നിലെ താളില്‍ പകര്‍ത്തിയെഴുതിയത്. ക്ലാസിലെ കുട്ടികള്‍ക്ക് ആര്‍ക്കും രഹസ്യം കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. മന്ദാകിനിടീച്ചര്‍ക്കും കഴിഞ്ഞില്ല. രേണുകയ്ക്ക് മാത്രമാണ് സംശയമുള്ളതെന്നു തോന്നുന്നു. അങ്ങനെ ആശ്വസിച്ച് കഴിയുമ്പോഴാണ് ഒരുദിവസം പ്രബന്ധപുസ്തകങ്ങള്‍ എടുത്തുകൊണ്ടുവരാന്‍ സ്റ്റാഫ്റൂമില്‍ പോയത്. മന്ദാകിനിടീച്ചറും ഓമനടീച്ചറും കൊച്ചുവര്‍ത്തമാനം പറഞ്ഞിരിക്കുകയായിരുന്നു അവിടെ.
ഓമനടീച്ചര്‍ ശബ്ദം താഴ്ത്തി അഭിമന്യുവിനും മന്ദാകിനിടീച്ചര്‍ക്കും മാത്രം കേള്‍ക്കാന്‍പാകത്തില്‍ ഉപദേശിച്ചു- "നന്നായി പരിശ്രമിക്കൂ കുട്ടീ. നീ പ്രശസ്തനായാല്‍ ഞങ്ങള്‍ക്കൊക്കെ അഭിമാനിക്കാമല്ലോ."
അപ്പോള്‍ മന്ദാകിനിടീച്ചറുടെ ഉപദേശം- "പഠിപ്പുകഴിഞ്ഞു ഒരു ജോലിയൊക്കെകിട്ടി വലിയ ആളായിട്ട് മതി പ്രണയം. അതൊന്നും ചിന്തിക്കാനുള്ള പ്രായമായിട്ടില്ല ഇയാള്‍ക്ക്."
മന്ദാകിനിടീച്ചര്‍ ഉപദേശത്തിന് വിരാമമിട്ടപ്പോള്‍ ഒമനടീച്ചര്‍ കൂട്ടിച്ചേര്‍ത്തു- "അതുവരെ കവിതയെഴുത്ത് മാത്രമേ പാടുള്ളൂ കേട്ടോ."
അഭിമന്യുവിന് വല്ലാത്ത നാണം തോന്നി. രഹസ്യം ഓരോരുത്തരായി അറിയുകയാണ്. ആരും അറിയരുതെന്ന് വിചാരിച്ചതാണ്. അറിഞ്ഞാല്‍ ആളുകള്‍ പരിഹസിക്കുമോയെന്ന ഭയമായിരുന്നു. കലാകാരന്മാരും സാഹിത്യകാരന്മാരും ഭ്രാന്തിന്റെ ലക്ഷണമുള്ളവരാണെന്ന് വിശ്വസിക്കുന്നവരായിരുന്നു കൂളിപ്പുഴക്കാര്‍. തന്റെ കൂട്ടുകാരന്‍കൂടിയായ മിമിക്രി കലാകാരന്‍ സന്തീപ് കുളിമുറിയില്‍ കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ മിമിക്രി പരിശീലനം നടത്തിയതിനാണ് അവനെയുംകൂട്ടി മാതാപിതാക്കള്‍ സക്യാട്രിസ്റിനെ കാണാന്‍ പോയത്. അതുകൊണ്ടുതന്നെ അഭിമന്യു എല്ലാം രഹസ്യമാക്കിവച്ചു. അവന്റെ വീട്ടില്‍ ആര്‍ക്കും സാഹിത്ത്യവുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. എങ്ങനെയോ അവന്‍ എഴുതിത്തുടങ്ങി. പൈങ്കിളി നാടകമെഴുതി വീട്ടിലെ അടച്ചിട്ട മുറിയില്‍ സ്വയം അഭിനയിച്ച് തൃപ്തിയടഞ്ഞു.

   അപോഴാണ് കവിതയെഴുതിയ രഹസ്യം മറ്റൊരാള്‍കൂടി അറിയുന്നത്. അത് ഒമാനടീച്ചറുടെ ഭര്‍ത്താവുകൂടിയായ ചരിത്രാധ്യാപകന്‍ രാഘവന്മാഷാണ്. ദാമ്പത്യത്തിന്റെ പങ്കുവെക്കലിലെപ്പോഴോ ടീച്ചര്‍ ഇക്കാര്യവും അറിയാതെ ചേര്‍ത്ത്പോയിട്ടുണ്ടാവും. സ്കൂള്‍കലോത്സവത്തിന് അവതരിപ്പിക്കാറുള്ള നാടകം സംവിധാനം ചെയ്തിരുന്നത് രാഘവന്മാഷായിരുന്നു. ചില നാടകങ്ങള്‍ മാഷ് തന്നെയാണ് എഴുതുക. എല്ലാവര്‍ഷവും സ്കൂള്‍കലോത്സവത്തിന് എന്തെങ്കിലും ഒരു സമ്മാനം കൂളിപ്പുഴ ഹൈസ്കൂളിന്റെ നാടകത്തിനു കിട്ടാറുണ്ട്.
രാഘവന്മാഷ് അഭിമന്യുവിനെ ഉപദേശിച്ചു- "ധാരാളം പുസ്തകങ്ങള്‍ വായിക്കെടാ. വേണുമാഷോട് പറഞ്ഞ് ലൈബ്രറിന്നു പുസ്തകങ്ങള്‍ എടുത്തുകൊണ്ടുപോ."

   വേണുമാഷ് ആയിരുന്നു കൂളിപ്പുഴ സ്കൂളിലെ ചിത്രകലാ അദ്ധ്യാപകന്‍. അദ്ദേഹത്തിനായിരുന്നു ലൈബ്രറിയുടെ ചുമതല. അദ്ധ്യാപകസംഘടനയുടെ നേതാവായിരുന്നു അദ്ദേഹം. വേണുമാഷ് ക്ലാസില്‍ പോകാറില്ല. സ്കൂള്‍ തുറന്നാല്‍ ആദ്യത്തെ ഒരാഴ്ച അഞ്ചാംതരംമുതല്‍ പത്താംതരംവരെ ഒരുതവണ കയറിയിറങ്ങും. പിന്നെയങ്ങോട്ട് തിരിഞ്ഞുനോക്കാറില്ല.
അഭിമന്യു ചിന്തിച്ചു- ഞാന്‍ ക്ലാസ് ലീഡറാണ്. എന്റെ ക്ലാസിലെ എല്ലാവരുടെയും പ്രധിനിധിയാണ്. ഇവര്‍ക്ക് വായിക്കുവാനുള്ള പുസ്തകങ്ങള്‍ എത്തിച്ചുകൊടുക്കേണ്ട ചുമതല എനിക്കാണ്. ക്ലാസില്‍ അധ്യാപകരില്ലാത്തപ്പോള്‍ അവരെ വിളിച്ചുകൊണ്ടുവരേണ്ട ചുമതല എനിക്കാണ്.അവന്‍ ആത്മാര്‍ത്തതയുള്ള രാഷ്ട്രീയ നേതാവായി. ആഴ്ചയില്‍ ഒരുദിവസമാണ് ഡ്രോയിംഗ്പിര്യേഡ്. അതില്‍ വേണുമാഷ് ഒരുതവണ മാത്രമാണ് വന്നത്. ക്ലാസില്‍ ച്ചിത്രരചനയില്‍ താല്പര്യമുള്ള കുട്ടികളുണ്ട്. അഭിവന്യുവിലെ കവി അവനിലെ രാഷ്ട്രീയക്കാരനോട് പറഞ്ഞു- "കലാവാസന ദൈവത്തിന്റെ വിരലടയാളമാണ്. അവരോടുള്ള നിന്റെ കടമ ചെയ്യുക. ജന്മസിദ്ധിയുടെ വികാസത്തിന് ഒരു ഗുരു കൂടിയേ തീരു."
അഭിമന്യു സ്റ്റാഫ്റൂമില്‍ പോയി വേണുമാഷെ തിരക്കി. ലൂക്കോസ്മാഷ് സ്കൂളിന്റെ പിന്നിലേക്ക് വിരല്‍ചൂണ്ടി. അവിടെ പുകവലിച്ചുകൊണ്ടു നില്ക്കുകയായിരുന്നു വേണുമാഷ്.
"ഞാനിപ്പോള്‍ വരാം ക്ലാസിലേക്ക് പൊയ്ക്കോ."
വേണുമാഷേയും കാത്ത് അഭിമന്യുവും കൂട്ടുകാരും ഇരുന്നു. അങ്ങനെ ആ പിര്യേഡ് അവസാനിച്ചു. എല്ലാ ആഴ്ചയിലും എല്ലാ ക്ലാസിലെയും ഡ്രോയിംഗ്പിര്യേഡ് അങ്ങിനെ അവസാനിക്കും. ചിത്രരചനയില്‍ താല്പര്യമുള്ള കുട്ടികള്‍ തങ്ങള്‍ക്ക് കഴിയുംപോലെ ചിത്രങ്ങള്‍ വരച്ച് പരസ്പരം കാണിച്ച് തൃപ്തിയടഞ്ഞു. ചിത്രരചനയില്‍ താല്പര്യമില്ലാത്ത രേണുക ബാലരമയും പൂമ്പാറ്റയും ബാലഭൂമിയും വായിച്ചുമടുക്കുമ്പോള് വശ്യതയാര്‍ന്ന പുഞ്ചിരിയോടെ പ്രണയാര്‍ദ്രമായ കണ്ണുകളോടെ ചോദിക്കും- "ലൈബ്രറിന്ന് പുസ്തകം കൊണ്ടുത്തര്വ?"
ഇന്റര്‍വെല്‍ സമയത്ത് അഭിമന്യു വേണുമാഷെ അന്വേഷിച്ച് നടക്കും. അന്വേഷണത്തിനൊടുവില്‍ മാഷെ കണ്ടുമുട്ടും.
അഭിമന്യു പറയും- "മാഷെ ലൈബ്രറിന്ന് പുസ്തകം വേണം."
വേണുമാഷിന്റെ മറുപടി- "ഇപ്പോള്‍ സമയമില്ല. നാളെ വരൂ".
പിറ്റേദിവസം പോയാല്‍ ഒരുപക്ഷെ വേണുമാഷെ കണ്ടെന്നുവരില്ല.

   അങ്ങനെ ആ വര്‍ഷം കഴിഞ്ഞു. അഭിമന്യുവും കൂട്ടുകാരും പത്താംതരത്തിലെത്തി. ഓമനടീച്ചറായിരുന്നു ക്ലാസ്ടീച്ചര്‍. അഭിമന്യു രേണുകയെകുറിച്ച് അവളുടെ കണ്ണുകളെ കുറിച്ച് അവളുടെ പുഞ്ചിരിയെകുറിച്ച് കവിതകള്‍ എഴുതിക്കൊണ്ടിരുന്നു. വശ്യതയാര്‍ന്ന പുഞ്ചിരിയോടെ പ്രണയാര്‍ദ്രമായ കണ്ണുകളോടെ വായിച്ചുതീര്‍ന്ന ബാലരമയും പൂമ്പാറ്റയും ബാലഭൂമിയും അവള്‍ അവന് കൊടുത്തു. ഇത്തവണയും അഭിമന്യുതന്നെ ക്ലാസ് ലീഡറായി. പത്താംക്ലാസില്‍ ച്ചിത്രരചന പഠനവിഷയമാല്ലാത്തത്കൊണ്ട് വേണുമാഷെ അന്വേഷിച്ച് പോകേണ്ടല്ലോയെന്ന് അവന്‍ ആശ്വസിച്ചു.
പക്ഷെ രേണുക വശ്യതയാര്‍ന്ന പുഞ്ചിരിയോടെ പ്രണയാര്‍ദ്രമായ കണ്ണുകളോടെ അവനോടു ചോദിച്ചു- "അഭിമന്യു ലൈബ്രറിന്ന് പുസ്തകം കൊണ്ടുതര്വ?"
അഭിമന്യു ലൈബ്രറിയുടെ ചുമതലയുള്ള വേണുമാഷെ അന്വേഷിച്ച് സ്റ്റാഫ്റൂമില്‍ പോയി. 
അവന്‍ പറഞ്ഞു- "മാഷെ ലൈബ്രറിന്ന് പുസ്തകം വേണം."
വേണുമാഷിന്റെ മറുപടി- "കുറച്ചു കഴിഞ്ഞു വാ. ഇപ്പോള്‍ സമയമില്ല."
കുറച്ചുകഴിഞ്ഞ് കൂട്ടുകാര്‍ ഓര്‍മ്മപ്പെടുത്തിയപ്പോള്‍ അവന്‍ വീണ്ടും സ്റ്റാഫ്റൂമില്‍ പോയി. പക്ഷെ, വേണുമാഷ് അവിടെ ഉണ്ടായിരുന്നില്ല.

   ഈ വര്‍ഷം അഭിമന്യുവിന്റെ ജീവിതത്തില്‍ ഒരു മാറ്റം സംഭവിച്ചു. അവന്‍ ഏറ്റവും ഭയന്നിരുന്ന വിഷയമായിരുന്നു കണക്ക്. പത്താംതരം വരെ എങ്ങനെയൊക്കെയോ തട്ടിമുട്ടി എത്തിയതാണ്. ഈയൊരു വര്‍ഷം കൂടി എങ്ങനെയെങ്കിലും കടന്നുകിട്ടണമെന്ന മോഹം കണക്കില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ പ്രേരണയായി. കണക്ക് പഠിപ്പിക്കുന്നത് സുജാതടീച്ചറാണ്. പുതിയ ടീച്ചറാണ്. ഈ വര്‍ഷമാണ്‌ ജോലിയില്‍ പ്രവേശിച്ചത്. ടീച്ചറുടെ നടത്തം പ്രത്യേക താളത്തിലാണ്. അതുകൊണ്ടുതന്നെ കുട്ടികള്‍ ടീച്ചര്‍ക്ക് ഒരു വിളിപ്പേരും നല്കി- 'തുള്ളിച്ചി ടീച്ചര്‍'  ടീച്ചര്‍ കണക്കുകള്‍കൊണ്ട്
മാന്ത്രികവിദ്യകള്‍ കാട്ടുന്നതായി അഭിമന്യുവിന് തോന്നി. അതിലവന്‍ അത്ഭുതപ്പെട്ടു. പിന്നെ പിന്നെ ടീച്ചറുടെ മാന്ത്രികവിദ്യയില്‍ അവനും അറിയാതെ പങ്കാളിയായിത്തുടങ്ങി. ചില കുട്ടികള്‍ അതില്‍ വെറുതെ രസിച്ചിരിക്കുക മാത്രം ചെയ്തു. കാല്‍ക്കൊല്ല പരീക്ഷ കഴിഞ്ഞപ്പോള്‍ ക്ലാസിലെ പകുതിയിലധികം കുട്ടികളും കണക്കില്‍ തോറ്റു. സുജാതടീച്ചര്‍ ക്ലാസുമുറിയില്‍ സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞു.
"എന്റെ മോന് അസുഖായിട്ടുകൂടി ഞാന്‍ ലീവെടുത്തില്ല. പത്താംക്ലാസിലെ കുട്ടികളല്ലേന്നു വിചാരിച്ചിട്ടാ ഭര്‍ത്താവിനെകൊണ്ടു ലീവെടുപ്പിച്ച് ഞാന്‍ സ്കൂളില്‍ വന്നെ. നിങ്ങള്ക്ക് വേണ്ടെങ്കില്പിന്നെ ഞാനെന്തിനായിത്ര ബുദ്ധിമുട്ടിയെ?"
അഭിമന്യുവിലെ കവിയെ ടീച്ചറുടെ വാക്കുകള്‍ വേദനിപ്പിച്ചു. അവനിലെ രാഷ്ട്രീയക്കാരന്‍ ടീച്ചറുടെ ആത്മാര്‍ത്ഥതയെ ആദരിച്ചു. ഒപ്പം കണക്ക് തനിക്ക് ഒരുവിധം വഴങ്ങിത്തുടങ്ങിയതായും അവന് തോന്നി. സുജാതടീച്ചറിന്റെ മാന്ത്രികവിദ്യ തുടര്‍ന്നുകൊണ്ടിരുന്നു. അഭിമന്യു കൂടുതല്‍ കൂടുതല്‍ താല്പര്യത്തോടെ അതില്‍ പങ്കാളിയായി.

   ഈ വര്‍ഷവും അവസാനിക്കറായിരിക്കുന്നു. രണ്ടുമാസം കൂടിയേയുള്ളൂ. രേണുകയുടെ പ്രണയാര്‍ദ്രമായ കണ്ണുകളും വശ്യതയാര്‍ന്ന പുഞ്ചിരിയും നഷ്ടപ്പെടാന്‍ പോവുകയാണ്. മന്ദാകിനിടീച്ചറുടേയും ഓമനടീച്ചറുടേയും രാഘവന്മാഷിന്റെയും ഉപദേശം എനി രണ്ടുമാസംകൂടി കഴിഞ്ഞാല്‍ കേള്‍ക്കാന്‍ കഴിയില്ല. അഭിമന്യുവിന്റെ ഹൃദയത്തില്‍ ഒരു കവിത ജന്മമെടുക്കുകയാണ്. നമ്മള്‍ അനേകം അരുവികളായൊഴുകിയെത്തി ഒരു പുഴയായ് ഒരുമിച്ചൊഴുകി അനേകം കൈവഴികളായ് പിരിഞ്ഞുപോവുകയാണ്... ഇന്ന് റിപ്പബ്ലിക് ദിനമാണ്. കാലത്ത് സ്കൂളില്‍ അസംബ്ലിയുണ്ട്. സ്കൂളിലേക്കുള്ള യാത്രയില്‍ അവന്‍ ജീവിതത്തിന് പുഴയുടെ നിര്‍വ്വചനം നല്‍കാന്‍ ശ്രമിക്കുകയായിരുന്നു. ക്ലാസിലെത്തിയപ്പോള്‍ കുട്ടികള്‍ കൂട്ടത്തോടെ, ക്ലാസില്‍ വാങ്ങിക്കാറുള്ള പത്രത്താളിലേക്ക് നോക്കിനില്ക്കുന്നതാണ് കണ്ടത്. മറ്റുകുട്ടികള്‍ക്കിടയിലൂടെ അവനും പത്രത്താളിലേക്ക് എത്തിനോക്കി. പത്രത്തിന്റെ ആദ്യതാളില്‍ നാല് അദ്ധ്യാപകരുടെ ഫോട്ടോകള്‍ അച്ചടിച്ചുവന്നിരിക്കുന്നു. ഇന്നലെ രാത്രിയിലും ഇന്ന് കാലത്തും ടിവി വാര്‍ത്തയില്‍ കണ്ടിരുന്നു ഈ ഫോട്ടോകള്‍. ഈ വര്‍ഷത്തെ അദ്ധ്യാപക അവാര്‍ഡ് ലഭിച്ചവരുടെ ഫോട്ടോകളാണ്. കൂടെ വിശദമായ അടിക്കുറിപ്പുമുണ്ട്. ആ ഫോട്ടോകളിലൊന്ന് വേണുമാഷിന്റെതായിരുന്നു.
***