Kharaaksharangal - kkanakambaran.blogspot.com - Part of kharaaksharangal.blogspot.com

ചൊവ്വാഴ്ച, ഏപ്രിൽ 06, 2021

തിരഞ്ഞെടുപ്പോർമ്മ (അച്ഛന്റെയും):

എല്ലാ തിരഞ്ഞെടുപ്പുകാലത്തും കുട്ടിക്കാലത്തെ തിരഞ്ഞെടുപ്പോർമ്മകൾ അറിയാതെ മനസ്സിൽ തെളിയും. പട്ടികയിൽ ചാക്ക് വലിച്ചു ആണിതറച്ച് കുമ്മായം തേച്ച് വെളുപ്പിച്ച് അച്ഛനും ഇളയച്ചനും എഴുതിയ തിരഞ്ഞെടുപ്പ് ബോർഡുകൾ, ബാനറുകൾ, വോട്ടിങ് ലിസ്റ്റുകളുടെ പരിശോധന, റാലികൾ, പൊതുയോഗങ്ങൾ, അങ്ങേനെങ്ങനെ... അത് വെറുമൊരു തിരഞ്ഞെടുപ്പോർമ്മയല്ല. അച്ഛനെക്കുറിച്ചുള്ള ഓർമ്മകൂടിയാണ്.

കൊളച്ചേരിയുടെയും പെരുമാച്ചേരിയുടെയും അതിർത്തിയിൽ താമസിക്കുന്ന ഞങ്ങൾക്ക് ഏറ്റവും അടുത്ത സ്കൂൾ പെരുമാച്ചേരി യു.പി.സ്കൂൾ ആയിരുന്നു. പിന്നെയുള്ളത് പള്ളിപ്പറമ്പ് എൽ.പി.സ്കൂൾ ആണ്. പെരുമാച്ചേരിയെക്കാൾ ദൂരം കൂടുതലാണ് പള്ളിപ്പറമ്പ്. പെരുമാച്ചേരി സ്കൂൾ മയ്യിൽ പഞ്ചായത്തിലും പള്ളിപ്പറമ്പ് സ്കൂൾ കൊളച്ചേരി പഞ്ചായത്തിലുമാണ്. രണ്ടു പഞ്ചായത്തും തളിപ്പറമ്പ നിയോജകമണ്ഡലത്തിലാണ്. അതുകൊണ്ട് ഞങ്ങളുടെ പ്രദേശത്തെ ചില വീട്ടുകാർക്ക് പെരുമാച്ചേരിയിലും ചില വീട്ടുകാർക്ക് പള്ളിപ്പറമ്പിലുമായിരിക്കും വോട്ട്. കൊളച്ചേരി യു.പി.സ്കൂൾ ഞങ്ങളെ സംബന്ധിച്ച് വളരെ അകലെയായിരുന്നു. പിന്നീടാണ് ഞങ്ങളുടെ പ്രദേശത്ത് മറ്റൊരു എൽ.പി.സ്കൂൾ സ്ഥാപിക്കപ്പെട്ടത്. അതോടെ ചില വീട്ടുകാർക്ക് അവിടെയായി വോട്ട്.
പെരുമാച്ചേരി കോൺഗ്രസ്സിന്റെ ശക്തികേന്ദ്രവും പള്ളിപ്പറമ്പ് മുസ്‌ലിം ലീഗിന്റെ ശക്തികേന്ദ്രവുമായിരുന്നു. കോൺഗ്രസ്സുകാരും സി.പി.എമ്മുകാരും കീരിയെയും പാമ്പിനെയും പോലെ കഴിഞ്ഞിരുന്ന കാലമായിരുന്നല്ലൊ അത്. കോൺഗ്രസ്സിന്റെ ശക്തികേന്ദ്രമായ പെരുമാച്ചേരിയിൽ കുറച്ചു സി.പി.എമ്മുകാരൊക്കെ ഉണ്ടായിരുന്നുവെങ്കിലും മുസ്‌ലിം ലീഗിന്റെ ശക്തികേന്ദ്രമായ പള്ളിപ്പറമ്പിൽ മഷിയിട്ടു നോക്കിയാൽ പോലും കമ്മ്യുണിസ്റ്റുകാരെയോ ഇടതുപക്ഷ അനുഭാവുകളെയോ കാണില്ലായിരുന്നു. കൊളച്ചേരി ഭാഗത്തുനിന്നും വോട്ടുചെയ്യാനെത്തുന്ന വോട്ടർമാർ മാത്രമായിരുന്നു ആ ദിവസം അവിടെ കാണുന്ന ഇടതുപക്ഷക്കാർ.
എന്റെ ഓർമ്മയിൽ അച്ഛൻ പള്ളിപ്പറമ്പ് സ്കൂളിലും പെരുമാച്ചേരി സ്കൂളിലും ബൂത്ത് ഏജന്റായി ഇരുന്നിട്ടുണ്ട്. എത്ര തവണ ഇരുന്നിട്ടുണ്ട് എന്നറിയില്ല. പള്ളിപ്പറമ്പ് ബൂത്തിലിരുന്ന ഓർമ്മയായിരുന്നു അച്ഛൻ അവസാനകാലത്ത് കൂടുതലും പറയാറുണ്ടായിരുന്നത്. കമ്മ്യുണിസ്റ്റുകാരില്ലാത്ത പള്ളിപ്പറമ്പ് പ്രദേശത്ത് പാർട്ടി വീടുകളൊന്നും ഇല്ലാത്തതിനാൽ ഉച്ചക്ക് കഴിക്കാനുള്ള ചോറും കറിയും ഒരു ടിഫിൻ പാത്രത്തിലാക്കി നേരം വെളുക്കുന്നതിനും മുൻപ് രണ്ടു കിലോമീറ്ററിലധികം ദൂരമുള്ള പള്ളിപ്പറമ്പ് സ്കൂളിലേക്ക് നടന്നുപോയത് ഇപ്പോഴും എനിക്ക് നല്ല ഓർമ്മയാണ്.
അച്ഛൻ ഒരു വാത രോഗിയായിരുന്നു. വാത രോഗം വന്നു കിടന്നുപോയിരുന്നു. മംഗലാപുരത്ത് ഡോക്ടറെ കാണാൻ വേണ്ടി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പോവാൻ രണ്ടുപേർ ചേർന്ന് താങ്ങിപ്പിടിച്ച് കാറിൽ കയറ്റിയതൊക്കെ എനിക്ക് മങ്ങിയ ഓർമ്മയാണ്. പ്രായം ചെല്ലുന്തോറും വേറെയും അസുഖങ്ങൾ കൂടി വന്നു. ഇത് സാന്ദർഭികമായി പറഞ്ഞുവെന്നു മാത്രം. വിഷയത്തിലേക്കുതന്നെ തിരിച്ചു വരാം. വാതരോഗം വന്നു പുറത്തിറങ്ങാൻ സാധിക്കാത്തപ്പോഴും അച്ഛൻ വീട്ടിലിരുന്ന് ബോർഡുകൾ എഴുതി.
വാത രോഗം ശരിക്കും ഭേദമായിരുന്നില്ല. നേരം വെളുക്കുന്നതിനും മുൻപ് ടിഫിൻ പാത്രം തൂക്കിപ്പിടിച്ച് വാതപുണ്ണുള്ള കാലും കൊണ്ട് ബൂത്തിലിരിക്കാൻ പോയ അച്ഛനെയും നോക്കിനിന്ന അച്ഛമ്മയുടെ അരികിൽ കുട്ടിയായ ഞാനും നിന്നത് ഇപ്പോഴും മായാതെ മനസ്സിലുണ്ട്. അച്ഛമ്മക്ക് അച്ഛന്റെ രാഷ്ട്രീയപ്രവർത്തനം ഇഷ്ടമായിരുന്നു. വൈകീട്ട് വീട്ടിൽ തിരിച്ചെത്തുന്നതുവരെ എല്ലാവർക്കും ഉത്കണ്ഠയായിരുന്നു. അച്ഛമ്മക്കായിരുന്നു ഉൽക്കണ്ഠ കൂടുതൽ. മുസ്‌ലിം ലീഗിന്റെ ശക്തി കേന്ദ്രമാണ്. പള്ളിപ്പറമ്പ് എത്തുന്നതിനുമുൻപുള്ള കാവുഞ്ചാലിൽ കോൺഗ്രസുകാരാണ് കൂടുതൽ. അവരുമായി നല്ല സ്നേഹം നിലനിർത്താൻ അച്ഛന് സാധിച്ചിരുന്നു. എന്നാലും ആരെങ്കിലും എന്തെങ്കിലും മണ്ടത്തരം കാണിച്ചാലോ എന്ന ചിന്തയായിരുന്നു ഉൽക്കണ്ഠക്ക് കാരണം. വൈകുന്നേരം വോട്ടിങ് അവസാനിച്ച ശേഷം ടിഫിൻപാത്രം തൂക്കിപ്പിടിച്ചു നടന്നുവരുന്ന അച്ചനെ കാണുമ്പോൾ മാത്രമാണ് എല്ലാവർക്കും ആശ്വാസമായത്.
ഇപ്പോൾ കാലം മാറി. രാഷ്ട്രീയ സാഹചര്യവും മാറി. അന്നത്തെ ചില കോൺഗ്രസുകാരുടെയും മുസ്‌ലിം ലീഗുകാരുടെയും മക്കൾ ഇടതുപക്ഷ അനുഭാവികാളയിമാറി. തിരിച്ചും സംഭവിച്ചു. കാവുഞ്ചാൽ ഭാഗത്ത് സംഘപരിവാറിന്റെ പതാക ഉയർന്നു. ഞാനൊരിക്കൽ ഒരു കോൺഗ്രസുകാരനായ സുഹൃത്തിനോട് ആ പതാക ചൂണ്ടിക്കാണിച്ചുകൊണ്ട് ചോദിച്ചു. ഇതൊക്കെ നിന്റെ കഴിവുകേടുകൊണ്ടല്ലേ എന്ന്. അപ്പോൾ അവൻ പറഞ്ഞു. സഖാക്കളുടെ മക്കളും അതിലുണ്ട് എന്ന്.
ഇതിന്റെ ബാക്കിയും കുറെയുണ്ട് എഴുതാൻ. തിരഞ്ഞെടുപ്പോർമ്മ ആയതുകൊണ്ട് ഇവിടെ നിർത്താം. ബാക്കി പിന്നീടെപ്പോഴെങ്കിലും എഴുതാം.
***