Kharaaksharangal - kkanakambaran.blogspot.com - Part of kharaaksharangal.blogspot.com

വെള്ളിയാഴ്‌ച, ഡിസംബർ 23, 2016

അപരിചിതർ

വർത്തമാനം പത്രം ഖത്തർ എഡീഷൻ

          മാധവിക്ക്  വാർത്തകൾ അറിയുന്നതേ ഭയമാണ്. സന്തോഷമുള്ള വാർത്തളൊന്നും കേൾക്കാറില്ലെന്നത് വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട് അവരെ. എന്തെങ്കിലും വാർത്ത അറിയാനിടയായാൽ ബാംഗ്ളൂരിലേക്കോ അമേരിക്കയിലേക്കോ ദുബായിലേക്കോ വിളിച്ചെങ്കിലേ സമാധാനമാവൂ. അതുകൊണ്ടുതന്നെ വീട്ടിൽ വരുത്തുന്ന പത്രം തൊട്ടുനോക്കാൻകൂടി തയ്യാറാവാറില്ല. ഭർത്താവ് കുഞ്ഞിരാമൻ കാഴ്ച്ചകുറഞ്ഞ കണ്ണടവച്ച് പത്രം മുഖത്തോടടുപ്പിച്ചുപിടിച്ച് വായിക്കുമ്പോൾ മാധവി ശാസിച്ചു. "എന്തിനായിങ്ങനെ കഷ്ടപ്പെടുന്നത്? അതിലെന്തായിത്രക്കറിയാനുള്ളത്?" 

"നീയാ ടീവീല് സിനിമയോ സീരിയലോ കണ്ടൊ. ഞാൻ പത്രം വായിച്ചിരുന്നോളാം." കുഞ്ഞിരാമൻ ടെലിവിഷൻ മാധവിക്കായി അനുവദിച്ചുകൊടുത്തിരിക്കുകയാണ്. പഴക്കം കാരണം തെളിച്ചം കുറഞ്ഞ ടെലിവിഷൻ ഓൺ ചെയ്താൽ വാർത്തയാണെങ്കിൽ അപ്പോൾതന്നെ ചാനൽ മാറ്റിക്കളയും അവർ.

          വല്ലപ്പോഴും എന്തെങ്കിലും വാർത്തയുമായി ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന തമിഴത്തിയായ ചെരുപ്പുകുത്തി മുത്തുമായി വന്ന് കൂട്ടിരിക്കും.മുത്തുമായി കൊണ്ടുവരുന്ന വാർത്തകൾ മിക്കവയും അത്ര നല്ലതൊന്നുമായിരിക്കില്ല. എന്നാലും ദുർലഭമായി ചിലതെങ്കിലും മനസ്സിന് സന്തോഷം നൽകാറുണ്ട്. പതിമൂന്നാംവയസ്സിൽ വിവാഹം കഴിഞ്ഞ് ഈ നാട്ടിലേക്ക് വന്നതും അക്കാലത്ത് കാടുപിടിച്ചുകിടന്നിരുന്ന ഒരു പ്രദേശമായിരുന്ന നാട് അപരിചിതരായ മനുഷ്യരെമാത്രം കാണുന്ന നഗരമായിമാറിയതുകണ്ടും മാധവി മുത്തുമായിയുമായി ആശ്ചര്യത്തോടെ ഭൂതകാലം അയവിറക്കും. അതൊന്നും ശ്രദ്ധിക്കാതെ ചരമവാർത്തയുള്ള പേജിലെ ഫോട്ടോയിലേക്കും അതിന്റെ ചുവടെയുള്ള പേരുകളിലേക്കും അവിടെനിന്ന് പ്രായത്തിലേക്കും സൂക്ഷിച്ചുനോക്കി പരിചയക്കാരെ തിരയുന്ന കുഞ്ഞിരാമൻ പോയകാലത്തിൻ്റെ കണക്കുകൾ കൂട്ടിയും കിഴിച്ചും കൈവിരലുകൾ എണ്ണുകയായിരിക്കും. പിന്നെ എൺപതുവയസ്സുള്ള എനിക്കോ എഴുപത്തിയഞ്ചുവയസ്സുള്ള അവൾക്കോ വാർദ്ധക്ക്യം കൂടുതലെന്ന സംശയത്തിൽ മാധവിയെ നോക്കും.

          കുഞ്ഞിരാമൻ മാധവിയെ വിവാഹം ചെയ്തുകൊണ്ടുവന്നതിൻ്റെ പിറ്റേദിവസമാണ് മുത്തുമായിയും ചെല്ലയ്യയും ആദ്യമായി ഈ നാട്ടിലെത്തുന്നത്. ഉച്ചസമയമായിരുന്നു. വിവാഹസദ്യയിൽ ബാക്കിവന്ന കറികളും കൂട്ടി അടുക്കളമുറ്റത്ത് സദ്യയൊരുക്കാൻ അടുപ്പുകൂട്ടിയ കല്ലിന്മേലിരുന്ന് ചോറുതിന്നത് മുത്തുമായി ഇന്നും ഓർക്കുന്നുണ്ട്. മുത്തുമായിയുടെ കൈയ്യിൽ ഒന്നരവയസ്സുള്ള മകനും ഭർത്താവ് ചെല്ലയ്യയുടെ തലയിൽ പൊട്ടിയ പാത്രങ്ങളും കുപ്പികളുംനിറച്ച ചാക്കുകെട്ടുമായിട്ടായിരുന്നു അവർ വന്നത്. പിന്നീട് ഇടയ്ക്കിടെ ഈ ഗ്രാമത്തിൽ വന്നുപോകുന്നവരായി. അക്കാലത്ത് ഈ നാട്ടിൽ ഒരു ചെരുപ്പുകുത്തിയുണ്ടായിരുന്നില്ല. പൊട്ടിയ ചെരിപ്പുകൾ തുന്നിക്കൊടുത്തും പൊട്ടിയതും ഉപേക്ഷിച്ചതുമായ പാത്രങ്ങളും കുപ്പികളും പെറുക്കിയെടുത്തും നാട്ടുകാർക്ക് വേണ്ടപ്പെട്ടവരായി. അന്നവർക്ക് പക്ഷെ, സ്ഥിരമായൊരു വാസസ്ഥലമുണ്ടായിരുന്നില്ല. കുറേനാളുകൾ കൂടുമ്പോൾ കാലത്ത് വെയിലിറങ്ങുമ്പോഴേക്കും ഗ്രാമത്തിലെത്തി വീടുകൾതോറും കയറിയിറങ്ങി ഏതെങ്കിലും വീട്ടിൽനിന്നും കിട്ടിയത് തിന്നും കുടിച്ചും പോക്കുവെയിലിനൊപ്പം തിരിച്ചുപോകുകയായിരുന്നു പതിവ്. സി.അച്യുതമേനോൻ മുഖ്യമന്ത്രിയായപ്പോഴാണ് അക്കാലത്ത്  സ്ഥാപിച്ച ലക്ഷംവീട്കോളനിയിലെ ഒരു വീട് നാട്ടുകാരുടെ ദയാവായ്‌പിൽ അവർക്കും കിട്ടിയത്. അങ്ങനെ മുത്തുമായിയും ചെല്ലയ്യയും ഈ നാട്ടുകാരായി അംഗീകരിക്കപ്പെട്ടു. അപ്പോഴേക്കും മുത്തുമായിയുടെ രണ്ടാമത്തെ പേറും കഴിഞ്ഞിരുന്നു.

          ഗ്രാമം നഗരമായും ഗ്രാമവാസികൾ ഭൂരിഭാഗംപേരും നഗരവാസികളായും ബാക്കിയുള്ളവർ അന്യരെപ്പോലെ ഉൾവലിഞ്ഞും പരിവർത്തനം സംഭവിച്ചുകഴിഞ്ഞിരിക്കുകയാണിപ്പോൾ. നഗരവികസനത്തിൻ്റെപേരിൽ ലക്ഷംവീട്കോളനിയിൽപെടുന്ന ഇരുപതുവീടുകളും പൊളിച്ചുമാറ്റണമെന്നും ആ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകുകയോ പുനരധിവസിപ്പിക്കുകയോ ചെയ്യുമെന്നും സർക്കാർ പറയുന്നുണ്ട്. സർക്കാരിൻ്റെ വാക്കുകൾ എങ്ങനെ വിശ്വസിക്കുമെന്ന ആശങ്കയിലാണ് ചെല്ലയ്യയെയും മുത്തുമായിയെയുംപോലെ എല്ലാ ലക്ഷംവീട്ടുകാരും. ഞങ്ങളീ നാടുവിട്ടുപോകേണ്ടിവരുമല്ലോ മാധവിയേയെന്ന് നല്ല സങ്കടത്തോടെയാണൊരിക്കൽ  മുത്തുമായി പറഞ്ഞത്. ചെല്ലയ്യയും മുത്തുമായിയും പഴയ പാത്രങ്ങളുടെ ചാക്കുകെട്ടുമായി ബസ്സിൽ കയറാൻ ശ്രമിച്ചപ്പോൾ ആട്ടിയകറ്റപ്പെട്ടതും പിന്നീടൊരിക്കൽ ബസ്സിൽ യാത്രചെയ്യുമ്പോൾതന്നെ ഏതോ സ്ത്രീയുടെ സ്വർണ്ണമാല കാണാനില്ലെന്നുപറഞ്ഞ് യാത്രക്കാർ എല്ലാവരും ചേർന്ന് മുത്തുമായിയെയും മകളെയും മർദ്ധിച്ചതും യുവാക്കളായ ഡ്രൈവറും കണ്ടക്ടറും മകളെനോക്കി ലൈംഗീകച്ചുവയോടെ പരിഹസിച്ചതുമോർത്ത് അവർ സങ്കടപ്പെട്ടു. ബസ്സിലെ യാത്രക്കാരെല്ലാം അപരിചിതരായിരുന്നു.

          മാധവി ഓർത്തു. ഒന്നേമുക്കാൽ ഏക്കറ പറമ്പിൽ ഈയൊരു വീടുമാത്രമേയുണ്ടായിരുന്നുള്ളൂ. ചെറുതും വലുതുമായ എല്ലാ വീടുകളും അങ്ങനെത്തന്നെയായിരുന്നു, ഒരു പറമ്പും അതിലൊരു വീടും. മിക്കവയും ഓലയും വൈക്കോലും മേഞ്ഞവയായിരുന്നു. ഒരു വീടിൻ്റെ മുറ്റത്തുനിന്നും ഉച്ചത്തിൽ കൂവിവിളിച്ചാൽമതി, ആയൽപക്കക്കാരെല്ലാം ഓടിയെത്തും. ഈ നാട്ടിലെ ഓടിന്റെ മേൽക്കൂരയുള്ള വലിയ വീടുകളിലൊന്ന് ഇതായിരുന്നു. ഇപ്പോൾ നിർമ്മിക്കപ്പെട്ട പുതിയ കോൺക്രീറ്റ് വീടുകൾക്കൊന്നും ഇതിന്റെയത്ര വലുപ്പമില്ല. വളപ്പുനിറയെ കാടുപിടിച്ചുകിടക്കുകയാണ്. വീട്ടുമുറ്റത്ത് മഴവെള്ളം ഒഴുകിപ്പോയ ചാലുകൾ. "ഇതൊക്കെ ഒന്ന് ശരിയാക്കണം. എന്നിട്ട് വീടൊന്ന് വെള്ളവീശണം. അപ്പോൾ ചുറ്റിലുമുള്ള കോൺക്രീറ്റ് വീടുകളേക്കാൾ തലയെടുപ്പ് ഇതിനായിരിക്കും." ആഗ്രഹം പറഞ്ഞപ്പോൾ കുഞ്ഞിരാമൻ മാധവിയെ പരിഹസിച്ചു. "എന്നിട്ട് ജീവിച്ചിരിക്കുമ്പോൾത്തന്നെ രണ്ടാളുടെയും ചാവടിയന്തിരവും കഴിക്കാം എന്താ?"

          ഒന്നേമുക്കാൽ ഏക്കറ പറമ്പ് ഒരുതവണ ഭാഗം ചെയ്യപ്പെട്ടു. കുഞ്ഞിരാമനും രണ്ട് സഹോദരിമാരും മൂന്ന് കഷണങ്ങളായി വീതിച്ചെടുത്തു. സഹോദരിമാർ അവരവരുടെ വിഹിതം ഏതോ വലിയ റിയൽ എസ്റ്റേറ്റ് കമ്പനിക്ക് വിറ്റു.അതിലാണിപ്പോൾ ആകാശത്തിലേക്ക് തലയുയർത്തിനിൽക്കുന്ന അഞ്ച് ബഹുനില കെട്ടിടങ്ങളും സുന്ദരമായ പതിനൊന്ന് ഇരുനിലവീടുകളും നിർമ്മിക്കപ്പെട്ടത്. ആ വീടുകളിലൊക്കെ അപരിചിതരാണ് താമസിക്കുന്നത്. ബഹുനിലക്കെട്ടിടത്തിൽ അനേകമാളുകൾ വന്നുപോകുന്നത് കാണുന്നുണ്ടെന്നല്ലാതെ അവിടെ എന്താണ് നടക്കുന്നതെന്ന് മാധവിക്കോ മുത്തുമായിക്കോ അറിയില്ല. കുഞ്ഞിരാമൻ്റെ കൈവശമുള്ളത് ഭാഗിച്ചുകൊടുക്കണമെന്ന് മക്കൾ ആവശ്യപ്പെട്ടുതുടങ്ങിയിട്ട് കാലം കുറച്ചായി. ഭാഗം വെക്കലോക്കെ രണ്ടുപേരുടെയും മരണശേഷം മതിയെന്നുപറഞ്ഞ് തടഞ്ഞുനിർത്തിയിരിക്കുകയാണ്. അതുകാരണം അൽപം പിണക്കത്തിലാണ് മൂന്നുമക്കളും. അവർക്കും വീടുവച്ച് താമസിക്കാനൊന്നുമല്ല, വിൽക്കാൻതന്നെയാണ്. മകൻ ദുബായിലും രണ്ടുപെൺമക്കളിൽ ഇളയവൾ അമേരിക്കയിലും മൂത്തവൾ ബാംഗ്ലൂരിലുമാണ്. ദുബായിക്കാരനുവേണ്ടി ഡൽഹിക്കാരിയായ ഭാര്യയുടെ അച്ഛൻ അവിടെ ഒരു ഫ്ലാറ്റ് വാങ്ങിയിട്ടുണ്ട്. അമേരിക്കക്കാരി തിരിച്ചുവരില്ല. അവളുടെ മക്കൾക്ക്‌ കേരളത്തിലെ അപരിഷ്‌കൃതരുടെ ജീവിതരീതികൾ ഇഷ്ടമല്ലത്രെ. ബാംഗ്ലൂർകാരിക്കും അവിടെ സ്വന്തമായി വീടുണ്ട്. ബിസിനസ് ബുദ്ധിമുട്ടില്ലാതെ നടത്തിക്കൊണ്ടുപോകാൻ അവിടെത്തനെയാണ് സൗകര്യമെന്ന് അവളുടെ ഭർത്താവും പറയുന്നു. എങ്കിലും അവൾമാത്രമാണ് ഇടയ്ക്ക് വന്നുപോകാറുള്ളത്.

          കുഞ്ഞിരാമനും മാധവിയും തനിച്ചുതാമസിക്കുന്നതിൽ  അവരുടെ മക്കൾക്കില്ലാത്ത ഉൽഖണ്ഠ തനിക്കെന്തിനെന്ന് ചിന്തിക്കുകയാണ് മുത്തുമായി. എന്നാലും ഇരട്ടപെറ്റ സഹോദരിയെപ്പോലെ മാധവി എന്നെ വല്ലാതെ ആകർഷിക്കുന്നുണ്ടല്ലോയെന്നും  എനിക്കും മാധവിക്കും ഏതാണ്ട് ഒരേ പ്രായമാണല്ലോയെന്നും ചിന്തിച്ച് അത്ഭുതപ്പെട്ട് അതിൻ്റെ കാരണം കണ്ടെത്താനാവാതെ കുഴങ്ങി. അതേസമയം എഴുപത്തിയഞ്ചുവയസ്സുകാരിക്കും സുരക്ഷിതത്വമില്ലാത്തതായി ഈ നാട് മാറിപ്പോയെന്ന് ഒരു ഞെട്ടലോടെ അവരോർത്തു. അതുകൊണ്ടാണ് മാധവി വാർത്തകൾ കേൾക്കാനിഷ്ടപ്പെടാത്തത്. പത്രങ്ങളിൽ കാണുന്ന അത്തരം വാർത്തകളൊന്നും കുഞ്ഞിരാമൻ മാധവിയുമായി പങ്കുവെക്കുന്ന പതിവുമില്ല.

          ഈ നഗരത്തിൻ്റെ മറ്റൊരുഭാഗത്ത് എഴുപതുവയസ്സുള്ള ഒരു വൃദ്ധ കുളിമുറിയിൽ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത് മാധവി അറിയുന്നത് മുത്തുമായി പറഞ്ഞിട്ടായിരുന്നു. വീട്ടിൽ മറ്റാരുമില്ലാത്ത തക്കം നോക്കി അയൽപക്കത്തെ പതിനാറുവയസ്സുള്ള ചെക്കൻ നടത്തിയ മോഷണശ്രമത്തിനിടയിൽ നടന്ന പിടിവലിയിൽ സംഭവിച്ചതാണത്. സംഭവം നടന്ന് ഏറെ നാളുകൾക്കുശേഷമാണ് നാട്ടുകാരിൽ പലരും അറിയുന്നതുതന്നെ. ആദ്യം പോലീസ് പികൂടിയതും ചോദ്യംചെയ്തതും ആ വീടിന്റെ തൊട്ടപ്പുറത്തെ ലൈൻമുറിയിൽ വാടകയ്ക്ക് താമസിക്കുന്ന മദ്ധ്യപ്രദേശുകാരായ മാർബിൾ തൊഴിലാളികളെയായിരുന്നു. അന്ന് മുത്തുമായി പോയിക്കഴിഞ്ഞപ്പോൾ നമ്മുടെ നാടിന് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാവാതെ എന്താണ് ഇങ്ങനെയൊക്കെ കേൾക്കുന്നതെന്ന് ചോദിച്ച് മാധവി കുഞ്ഞിരാമൻ്റെ മുഖത്തേക്കുതന്നെ നോക്കി മറുപടിക്കായി കാത്തിരുന്നു. ഏറെനേരം ഒന്നും മിണ്ടാതെയിരുന്നശേഷം ജനിച്ചാൽ എപ്പോഴെങ്കിലുമൊരിക്കൽ മരിക്കില്ലേയെന്ന മറുചോദ്യമായിരുന്നു കുഞ്ഞിരാമനിൽനിന്നും ഉണ്ടായത്. പണ്ട് ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോയെന്ന് മാധവി പരിഭവപ്പെട്ടെങ്കിലും കാലത്തിനനുസരിച്ച് നമ്മളും നമ്മുടെ ജീവിതരീതിയും മാറണമെന്ന കുഞ്ഞിരാമൻ്റെ അഭിപ്രായത്തോട് മാധവിക്ക് യോജിപ്പ് തോന്നിയില്ല,

          ഒരു മരണം നടന്നാൽ അയൽപക്കങ്ങളിൽനിന്നും അയൽപക്കങ്ങളിലേക്ക് മരണവാർത്ത കൈമാറുമായിരുന്ന പതിവ് ഇല്ലാതായിപ്പോയതിലും പഴയ അയൽപക്കങ്ങൾ അയൽപക്കങ്ങളല്ലാതായിപ്പോയതിലും അവർക്ക് നിരാശ തോന്നി. വലിയ ചതുരപ്പെട്ടികൾക്കുള്ളിൽ വാതിലുകൾ ഒരിക്കലും തുറന്നുകാണാത്ത കോൺക്രീറ്റ് വീടുകളും അവയിലൊക്കെ അപരിചിതരായ താമസക്കാരും. ആകാശം മുട്ടിനിൽക്കുന്ന ഉയരമുള്ള കെട്ടിടങ്ങളുടെ എണ്ണവും കൂടിവരുന്നുണ്ട്. ഈ ലോകത്ത് മനുഷ്യർക്ക്‌ ജീവിക്കാൻ ഇത്രയധികം കെട്ടിടങ്ങൾ എന്തിനാണെന്ന് ആലോചിച്ച് ഉത്തരം കണ്ടെത്താനാവാതെയാവുമ്പോൾ കുഞ്ഞിരാമൻ മാധവിയോട് ദേഷ്യപ്പെടും. അപ്പോഴാണ് മച്ചിനുമുകളിൽ ക്ലാവ് പിടിച്ചുകിടക്കുന്ന ഉപയോഗശൂന്യമായ ഓട്ടുപാത്രങ്ങളെക്കുറിച്ച് മാധവി ഓർക്കുന്നത്. വിവാഹം കഴിഞ്ഞ് വരുമ്പോൾ വീട്ടിൽനിന്നും സ്ത്രീധനമായി തന്നുവിട്ടവയാണ്. അവയും ഞാനുംതമ്മിൽ ഇപ്പോഴെന്ത് വെത്യാസമെന്ന് പരിഭവച്ച് സങ്കടപ്പെട്ടും കൗമാരക്കാരിയെപ്പോലെ പിണങ്ങിയും ഇരിക്കും. അപ്പോൾ അവരുടേതുമാത്രമായ ലോകത്തെന്നപോലെ കുഞ്ഞിരാമൻ ശൃംഗാരത്തോടെ അടുത്തുകൂടുമ്പോൾ "ഇപ്പോഴും പതിനെട്ടുവയസാന്നാ വിചാരം?" എന്ന മറുമൊഴിയോടെ മാധവിയുടെ സങ്കടവും പിണക്കവും അലിഞ്ഞുതീരും.

"ഈ ലോകത്ത് നമ്മൾ തനിച്ചല്ലെടോ."  എന്നുപറഞ്ഞ് രണ്ടു ദിവസങ്ങൾക്കുമുന്പാണ് അങ്ങനെയൊരു പിണക്കത്തിന് വിരാമമിട്ടുകൊണ്ട് കുഞ്ഞിരാമൻ അവരെ സമാധാനിപ്പിച്ചത്. "നമ്മളെപ്പോലെ എത്രയെത്രയാളുകൾ തമ്മിൽതമ്മിൽ കാണാനാവാതെ വിശേഷങ്ങളറിയാതെ കാലം കഴിച്ചുകൂട്ടുന്നുണ്ടെന്നറിയാമോ നിനക്ക്?"

"അതെയതെ. പണ്ടൊക്കെ നമ്മൾ സ്ഥിരമായി കാണാറുള്ള ആരെയും ഇപ്പോളെവിടെയും കാണാറേയില്ല" മാധവി പ്രതിവചിച്ചു.

ഒട്ടും പ്രതീക്ഷിക്കാതെയാണ് ഇന്നലെ ഡോക്ടറെ കാണാൻ പോയപ്പോൾ ഏതാനും വർഷങ്ങൾക്കുമുൻപ് റേഷൻ കടയിൽവച്ച് പരിചയപ്പെട്ട ഒരു സ്ത്രീയെ കണ്ടുമുട്ടിയത്. നിരത്തിലൂടെ ചീറിപ്പായുന്ന വാഹനങ്ങളെനോക്കി ആ സ്ത്രീ പറഞ്ഞു. "എനിക്കിപ്പോ പുറത്തിറങ്ങാൻതന്നെ പേടിയാ. ഒറ്റയ്ക്കെവിടേയും പോകാറില്ല. റോഡ് മുറിച്ചുകടക്കാനൊക്കെ എന്തൊരു പ്രയാസാ. റോഡ് നിറയെ വണ്ടികളല്ലേ!" 

"എനിക്കെന്തെങ്കിലും വാർത്തകൾ കേൾക്കുമ്പോൾ വല്ലാത്ത വെപ്രാളാ. പിന്നെയെന്ത് ചെയ്യണമെന്ന് ഒരെത്തുംപിടിയും കിട്ടൂലാ. ഡോക്ടർ പറയുന്നത് പ്രായത്തിൻ്റെകുഴപ്പാണെന്നാ" മാധവി പറഞ്ഞു.         

സന്ധ്യാനേരത്ത് റേഷൻകടയിൽ വരിയിൽ നിന്നതും തൂക്കത്തിൽ കൃത്രിമം കാണിച്ചതിന് റേഷൻകടക്കാരനുമായി വഴക്കിട്ടതും പരസ്പരം ഓർമ്മപ്പെടുത്തി പൊട്ടിച്ചിരിച്ചു. എത്ര കാലങ്ങൾക്കുശേഷമാണ് ഒന്ന് മനസ്സുതുറന്നുചിരിച്ചതെന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ മാധവി പറഞ്ഞു. അവർക്കതിൽ വലിയ ആശ്വാസവും തോന്നി. നിനക്ക് ഇന്നെങ്കിലും ചിരിക്കാൻ സാധിച്ചല്ലോയെന്നായിരുന്നു കുഞ്ഞിരാമൻ്റെ പ്രതികരണം. 

          ആ ചിരിയുടെ സംതൃപ്തിയിലാണെന്നുതോന്നുന്നു ഇന്നലെ രാത്രി രണ്ടുപേർക്കും പതിവിൽനിന്നും വ്യത്യസ്ഥമായി സുഖമായുറങ്ങാൻ സാധിച്ചതും കാലത്ത് എഴുന്നേൽക്കാൻ അല്പം വൈകിപ്പോയതും. ഉറങ്ങിയെഴുന്നേറ്റ് പല്ലുതേച്ച് പതിവുള്ള ചായയുണ്ടാക്കി ഒരു ഗ്ളാസ്സ് കുഞ്ഞിരാമന് കൊടുത്ത് ബാക്കിയുള്ള ഒരു ഗ്ളാസ്സ് ചായയുമായി കോലായയിൽ ഭർത്താവിൻ്റെ സമീപം ഇരിക്കാൻ ശ്രമിക്കുമ്പോൾ വെറുതെയൊന്ന് റോഡിലേക്കും പിന്നെ ആകാശം മുട്ടിനിൽക്കുന്ന ബഹുനിലകെട്ടിടത്തിലേക്കും നോക്കി. രണ്ടുദിവസമായി കണ്ടതുപോലെതന്നെയുള്ള ആൾക്കൂട്ടം ആ കെട്ടിടത്തിൻ്റെ മുറ്റത്ത് ഇപ്പോഴുമുണ്ട്. വന്നവർ വന്നവർ അവിടെത്തന്നെ നിൽക്കുകയാണ്. മാധവി കുഞ്ഞിരാമനോട് സംശയം പങ്കുവച്ചു. "അതെന്താ ആ കെട്ടിടത്തിൻ്റെ മുറ്റത്ത് ആൾക്കൂട്ടം കാണുന്നത്? പോലീസുകാരുമുണ്ടല്ലോ?!"
കുഞ്ഞിരാമൻ്റെ മറുപടി വളരെ നിസംഗമായിട്ടായിരുന്നു. "ആരെങ്കിലും മരിച്ചിട്ടുണ്ടാവും."

അതിൽ തൃപ്തിയാവാതെ എന്താ കാര്യമെന്ന് അയൽപക്കത്തെ വലിയ ഗെയിറ്റും മൂന്ന് പട്ടികളുമുള്ള വീടിൻ്റെ മുറ്റത്ത് ടൂത്ത്ബ്രഷ് വായിൽതിരുകി ഉലാത്തുകയായിരുന്ന പരിഷ്കാരിയായ ചെറുപ്പക്കാരിയോട് അന്വേഷിച്ചപ്പോൾ അറിയില്ലെന്നുപറഞ്ഞ് കൈമലർത്തി.

          പഴയതുപോലെ ചെരുപ്പുകളൊന്നും തുന്നാൻ ഇപ്പോൾ കിട്ടാറില്ലെങ്കിലും പഴയപാത്രങ്ങൾ ശേഖരിക്കാൻ നാടുമുഴുവൻ സഞ്ചരിക്കുന്ന മുത്തുമായിക്കും ചെല്ലയ്യക്കും അറിയാതിരിക്കില്ലെന്നു കരുതി ലക്ഷംവീടുവരെ പോയി കാര്യം തിരക്കി. മുത്തുമായി പറഞ്ഞു. "അയ്യോ മാധവി അറിഞ്ഞില്ലേ? ആ ഫ്‌ളാറ്റിനകത്ത് കോളേജിൽ പഠിക്കുന്ന ഒരു പെണ്ണിനെ ആരോ കൊന്നത്?"

          ഇത്രയധികം ആളുകൾ താമസിക്കുകയും വന്നുപോവുകയും ചെയ്യുന്ന കെട്ടിടമായിട്ടും ഒരു പെണ്ണിനെ ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ ആരും അറിയാതെപോയതെന്തേയെന്ന് മാധവി സ്വയം ചോദിച്ചു. അറിഞ്ഞവരൊക്കെ മിണ്ടാതിരുന്നിട്ടാണോ? ഈ മനുഷ്യർക്കൊക്കെ എന്താ പറ്റിയെ? തുടങ്ങിയ പലവിധ ചോദ്യങ്ങളുമായി മാധവി വേഗത്തിൽ വീട്ടിലെത്തി ഭർത്താവിനോട് കാര്യം പറഞ്ഞു. അതുകേട്ടതായി ഭാവിക്കാതെ കുഞ്ഞിരാമൻ പത്രത്തിൻ്റെ മുൻപേജിൽ അച്ചടിച്ചുവന്ന പെൺകുട്ടിയുടെ വലിയ ഫോട്ടോയിലേക്ക് നോക്കിയിരിക്കുകയാണ് ചെയ്തത്. വർഷങ്ങൾക്കുമുൻപ് എൻ്റെ പെൺമക്കളുടെ മുഖത്തും ഇതേ നിഷ്കളങ്കതയായിരുന്നല്ലോയെന്ന് അയാളോർത്തു. ഏറെനേരം നോക്കിയിരിക്കെ ആ മുഖത്തിന് മക്കളുടെ ഛായ വരുന്നതുപോലെ തോന്നി.

          ഇത്തരം വാർത്തകൾ കേൾക്കുമ്പോഴുണ്ടാവുന്ന വെപ്രാളം മാധവിയെ ബാധിച്ചുകഴിഞ്ഞിരുന്നു അപ്പോഴേക്കും. പെട്ടെന്നുതന്നെ ബാംഗ്ലൂരിലേക്ക് ഫോൺ ചെയ്യാനായി നമ്പർ അമർത്തി കാത്തുനിന്നു. ഫോൺ റിംഗ് ചെയ്യുന്നതല്ലാതെ പ്രതികരണമൊന്നുമില്ലാതായപ്പോൾ ദുബായിലേക്കും പിന്നെ അമേരിക്കയിലേക്കും വിളിച്ചു. അപ്പോഴും പ്രതികരണമൊന്നുമുണ്ടായില്ല. പേരമക്കളുടെ ശബ്ദം കേൾക്കാൻ മറ്റെന്തെങ്കിലും മാർഗ്ഗമുണ്ടായിരുന്നെങ്കിലെന്ന് ആശിച്ച് കോലായയിൽ വന്ന് കുഞ്ഞിരാമാനരികിൽ തളർന്നിരുന്നുകൊണ്ട് ഭർത്താവിനെത്തന്നെ ദയനീയമായി നോക്കി. പിന്നെ, എനിക്കെന്തോ ക്ഷീണം തോന്നുന്നുവെന്നുപറഞ്ഞ് മുറിയിൽ കയറി കട്ടിലിൽ കിടന്നു. കുഞ്ഞിരാമൻ പത്രം മടക്കിവച്ച് അടുക്കളയിൽപോയി ഒരു ഗ്ളാസ്സിൽ വെള്ളമെടുത്തുകൊണ്ടുവന്ന് കുടിപ്പിക്കാൻ ശ്രമിച്ചെങ്കിലും വെള്ളം തൊണ്ടയിലേക്കിറങ്ങാതെ ഇരുകവിളുകളിലൂടെയും ഒഴുകിപ്പോകുകയായിരുന്നു. മാധവിയെ നേരെ കിടത്തി തുറന്നുകിടന്ന കണ്ണുകൾ മൂടി അയാൾ മുത്തുമായിയോ ചെല്ലയ്യയോ അവിടെയുണ്ടോയെന്ന് അന്വേഷിക്കാനായി ലക്ഷംവീട്ടിലേക്ക് നടന്നു. അപ്പോൾ ലക്ഷംവീട്ടിൽനിന്നും മുത്തുമായിയുടെയും മക്കളുടെയും അലറിക്കരച്ചിലാണ് കേട്ടത്. കുഞ്ഞിരാമൻ തിടുക്കത്തിൽ നടന്ന് അവിടെയെത്തിയപ്പോൾ വെറുതെ നോക്കിനിൽക്കുന്ന ആൾക്കൂട്ടവും അതിനപ്പുറം വൃദ്ധനായ ചെല്ലയ്യയെയും അയാളുടെ യുവാവായ മകനെയും ചോദ്യം ചെയ്യാനായി പിടിച്ചുകൊണ്ടുപോകുന്ന പോലീസുകാരെയുമാണ് കണ്ടത്.  കുഞ്ഞിരാമനെ കണ്ടതും പോലീസിന്റെ അടിയേറ്റ് വീർത്ത ചെല്ലയ്യയുടെ മകന്റെ ചുണ്ടുകൾ വിറക്കുകയും കലങ്ങിയ കണ്ണുകളിൽനിന്നും വെള്ളം ധാരയായി ഒഴുകുവാനും തുടങ്ങി. ചെല്ലയ്യ കുഞ്ഞിരാമനെ നോക്കി കൈകൾകൂപ്പികൊണ്ട് പറഞ്ഞു. "ഒന്നുമറിയില്ല കുഞ്ഞിരാമേട്ടാ"  
***