Kharaaksharangal - kkanakambaran.blogspot.com - Part of kharaaksharangal.blogspot.com

വ്യാഴാഴ്‌ച, ജൂലൈ 12, 2012

കതിര്‍മണികള്‍



                      ഓണ്‍ലൈനില്‍ അവള്‍ ഉണ്ടായിരുന്നു, സുനന്ദ. ഏതാണ്ട് ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് അവള്‍ ഒരു പ്രവാസിയെ വിവാഹം ചെയ്ത്‌ കൊളച്ചേരിയില്‍‍നിന്ന് പോയതില്‍പ്പിന്നെ കണ്ടുമുട്ടിയത്‌ ഇന്റെര്‍നെറ്റിലായിരുന്നു, വര്‍ഷങ്ങള്‍ക്കു ശേഷം. എനിക്കും അവള്‍ക്കും ഉള്ള ബ്ലോഗെഴുത്ത് എന്ന ശീലം ഒരു നിമിത്തമായെന്ന് പറയാം.

                    അവളായിരുന്നു എന്നെ ആദ്യം കണ്ടെത്തിയത്. അപ്പോഴേക്ക് ഞാനും അറേബ്യന്‍ മരുഭൂമിയിലെ ദുബായ് എന്ന മെട്രോപോളിടണ്‍ നഗരത്തില്‍ പ്രവാസജീവിതത്തിന്റെ ആലസ്യം നിറഞ്ഞ ചൂടും തണുപ്പുമായി പൊരുത്തപ്പെടാന്‍ ശീലിച്ചുകഴിഞ്ഞിരുന്നു. മധുവിധു തീരുംമുന്‍പേ പ്രിയതമയെ നാട്ടില്‍ അമ്മയെ ഏല്‍പ്പിച്ചു ദുബായില്‍ തിരിച്ചെത്തി കുറച്ചുനാളുകള്‍ക്ക് ശേഷമായിരുന്നു അവള്‍ എനിക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ടത്, ഒരു ഫ്രണ്ട് റിക്വസ്റ്റിലൂടെ.

                    എന്റെ പേരിനൊപ്പം സ്ഥലപ്പേര് ചേര്‍ത്തത്കൊണ്ടും പണ്ടുമുതലേ അങ്ങനെ ചെയ്യാറുണ്ടെന്നു അവള്‍ക്കറിയാവുന്നതുകൊണ്ടും അവളെന്നെ എളുപ്പത്തില്‍ തിരിച്ചറിഞ്ഞു. അപൂര്‍ണ്ണമായ മധുവിധുവിന്റെ ഓര്‍മ്മയില്‍ വിരഹവും പ്രണയവും എന്നെ ഭ്രാന്തുപിടിപ്പിക്കുന്ന വേളയില്‍ അവള്‍ എനിക്ക് മുന്നിലെത്തി. ചാറ്റിംഗ് റൂമില്‍ എന്നെയും കാത്തിരുന്നു.

                    അങ്ങനെയായിരുന്നു പതിവ്. കൊളച്ചേരിയിലെ വയല്‍വരമ്പില്‍ വിളയാത്ത നെല്‍മണികള്‍ പറിച്ചെടുത്ത് ചവച്ചുകൊണ്ട് അവളെന്നെ കാത്തുനില്‍ക്കും. ഞാനടുത്തെത്തിയാല്‍ ഒന്നും ഉരിയാടാതെ എനിക്ക് മുന്‍പില്‍ നടക്കും. എന്നും മിണ്ടിത്തുടങ്ങുന്നത് ഞാനായിരുന്നു. പക്ഷെ, ഓണ്‍ലൈനില്‍ അവളായിരുന്നു ആദ്യം മിണ്ടുക. നീണ്ടുനിവര്‍ന്നുകിടക്കുന്ന വയലില്‍ ഋതുമതികളായ നെല്‍ച്ചെടികള്‍‍മാത്രമായിരുന്നു സാക്ഷി. അവളുടെ പിറകില്‍ പ്രണയപദങ്ങള് മൊഴിഞ്ഞുനടക്കുമ്പോള്‍ അവളുടെ മുടിച്ചുരുളുകള്‍ പരത്തുന്ന ഗന്ധത്തിന്റെ വശ്യത... മധുവിധുനാളുകളില്‍ പ്രിയതമയുടെ മുടിയിഴകളില്‍ അന്വേഷിച്ചിരുന്നു ഞാന്‍.

"ഈ മുടിക്കെന്തൊരു ഭംഗിയാ!" - അങ്ങനെ വശ്യമായ ഒരു നിമിഷത്തില്‍ വെറുതെ പറഞ്ഞു. ശരിക്കും പറയാന്‍ ഉദ്ദേശിച്ചത് അവളില്‍നിന്നുയരുന്ന വശ്യഗന്ധത്തെക്കുറിച്ചായിരുന്നു. പക്ഷെ...
"ഓഹോ... ഇതാ ആണുങ്ങളുടെ സൂത്രം. അത് വേണ്ടാട്ട്വാ..."
അതിനു മറുപടിയായി ഒരു നെല്‍ക്കതിര്‍ പിഴുതെടുത്ത് അവളുടെ മുടിയെ ലക്ഷ്യമാക്കിയെറിഞ്ഞു.
"എന്ത് സൂത്രാടീ? ഈ നട്ടുച്ചനേരം ഒരാളുല്ല ഇത്രേം വല്യ വയലില്‍. ഇപ്പോള്‍ നമ്മളെയാരും കാണൂല്ല."
"ഹമ്മേ... വേദനയായി..." അവള്‍ തിരിഞ്ഞുനിന്നു.
"ഇപ്പം കാണാനാ കൂടുതല്‍ ഭംഗി."

ഒരു പുരുഷന്‍ ഒരു സ്ത്രീയുടെ മുഖത്തുനോക്കി അവളുടെ സൌന്ദര്യത്തെക്കുറിച്ച് പ്രശംസിക്കുന്നത് അവള്‍ക്കു സ്വകാര്യമായ ആനന്ദം നല്‍കുമെന്ന് മുതിര്‍ന്നവര്‍ പറയുന്നത് കേട്ടിട്ടുണ്ട്. സുനന്ദ സന്തോഷിച്ചോ? എനിക്കിന്നും അറിഞ്ഞുകൂട.

"അത്രയ്ക്ക് ഭംഗിയുണ്ടെങ്കില്‍ ശരിക്കും കുത്തിത്താ." - അവള്‍ മുടിയില്‍ തറഞ്ഞുനിന്ന നെല്‍ക്കതിര്‍ എടുത്ത് എന്റെ മുഖത്തേക്കെറിഞ്ഞു.
"ഇല്ല. ഞാന്‍ നിന്നെ തൊട്ടശുദ്ധാക്കൂല്ല."
"വിനൂ..." ചാറ്റിംഗ്റൂമില്‍നിന്ന് അവള്‍ വിളിക്കുന്നു. പിന്നാലെ വന്നു ചോദ്യവും. "നാട്ടില്‍ എന്താ വിശേഷം?"
"എല്ലാവര്ക്കും സുഖം" - ഞാന്‍ വെറുതെ മറുപടിയെഴുതി.

പറയാന്‍ വിശേഷമുണ്ടായിരുന്നു. നാട്ടിലുള്ള പ്രിയതമയുമായി സംസാരിച്ചിട്ടു ഏതാനും നിമിഷങ്ങളെ ആയിട്ടുള്ളൂ. സൈന്‍ഔട്ട്‌ ചെയ്യാന് വിചാരിക്കുമ്പോഴായിരുന്നു സുനന്ദ ചാറ്റിംഗ് റൂമില്‍നിന്ന് ''ഹായ്'' പറഞ്ഞത്. ലണ്ടനിലെ ഹിമാവൃതമായ ഏകാന്തതയില്‍ വല്ലപ്പോഴും ഊഷ്മളമായ നിമിഷങ്ങള്‍ കിട്ടുന്നത് നീയുമായുള്ള ചാറ്റിങ്ങില്നിന്നാണെന്ന് അവളൊരിക്കല്‍ പറഞ്ഞിരുന്നു. അതുകൊണ്ട്തന്നെ ജന്മനാടിനെക്കുറിച്ച് നല്ലതുമാത്രം ഓര്‍ക്കുന്ന അവളെ നിരാശപ്പെടുത്തേണ്ടെന്നു കരുതി നാട്ടിലെ പുതിയ വിശേഷം പറഞ്ഞില്ല.

പക്ഷെ,  അവളുടെ ചോദ്യം വന്നു. - "ഏതാ ആ കുട്ടികളും സ്ത്രീയും?"
"ഏത്?" - മനസിലായിട്ടും ഞാന്‍ തിരിച്ചു ചോദിച്ചു.
"സൂയിസൈഡ്?"
"നീയത് അറിഞ്ഞു ല്ലേ?"
"പത്രത്തില്‍ കണ്ടു."

ഓണ്‍ലൈന്‍ വാര്‍ത്തകള്‍ അരിച്ചുപെറുക്കുകയാണ് ഏകാന്തതയില്‍നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമെന്ന് അവളൊരിക്കല്‍ ചാറ്റിങ്ങിനിടയില്‍ പറഞ്ഞത് അപ്പോഴാണ്‌ ഞാന്‍ ഓര്‍ത്തത്.


"മംഗള ബസ്സിലെ കണ്ണന്‍ഡ്രൈവറെ ഓര്‍മ്മീണ്ടോ? അയാളെ മോന്‍. പിന്നെ നിന്റെ ചങ്ങാതിയും അയല്‍വാസിയുമായ ഗീതയും മകളും."
"ഗീത? മൈ ഗോഡ്!"
"mmm "
"അവള്‍ എത്ര പാവായിരുന്നു, ചെറുപ്പത്തില്‍ . അവളെ ഭര്‍ത്താവ് ഗള്‍ഫിലല്ലേ?"
"അതെ"
"എന്താ കാരണമെന്നറിയോ?"
"ടെക്നോളജിയുടെ വളര്‍ച്ചക്കൊപ്പം നമ്മുടെ സമൂഹം വളര്‍ന്നിട്ടില്ല."
"മനസ്സിലായില്ല."
"മിസ്‌യൂസിങ്ങ് ഓഫ് മൊബൈല്‍ഫോണ്‍."

കുറേനിമിഷത്തേക്ക്  പ്രതികരണം ഇല്ലാതായപ്പോള്‍ ഞാന്‍ ചോദിച്ചു. "പോയോ?"
"ഇല്ല"
"ആര്‍ യു അബ്സറ്റ്?
"mmm "
"നമ്മുക്കെന്ത് ചെയ്യാന്‍പറ്റും?" - ഞാന്‍ വിഷയം മാറ്റാന്‍ ശ്രമിച്ചു. - "എപ്പോഴാ നാട്ടിലേക്ക്?"
"മേ ബി ഓണം."
"ഇത്തവണ ഓണം ആഗസ്തിലാണ്."
"അത് നന്നായി." അവള്‍ വിശദീകരിച്ചു. "നമുക്കിവിടെ സമ്മര്‍ വെക്കേഷന്‍ ജൂലൈ റ്റു സെപ്തംബര്‍ ആണ്. സിക്സ് വീക്ക്."
"ആര്‍ യു കമിങ്ങ് റ്റു കേരള?"
"നൊ. ഡല്‍ഹിയിലേക്ക്. അച്ഛനും അമ്മയും അവിടെയല്ലേ. പിന്നെയിന്തിനു ഞാന്‍ കേരളത്തിലേക്ക് വരുന്നേ?"
"ശരിയാ... എന്നാലും നിനക്ക് കാണണ്ടേ കളിച്ചുവളര്‍ന്ന നാട്?
"കാണണം ഒരിക്കല്‍ ഞാന്‍ വരും. മാത്രമല്ല അവിടെ ഞങ്ങളുടെ വീടും പറമ്പും വെറുതെയിട്ടിരിക്കുകയല്ലേ? ഇത്തവണ ഡല്‍ഹിയില്‍ വന്നാല്‍ അതിനെപ്പറ്റി ഒരു തീരുമാനമാവും. വില്‍ക്കുകയാണെങ്കില്‍ നിന്നോടായിരിക്കും ഞാനാദ്യം പറയുക."
"സാമ്പത്തികം അനുവദിക്കുമെങ്കില്‍ ഞാന്‍ വാങ്ങിക്കും."
"വിനു ആണെങ്കില്‍ എനിക്കെന്നെങ്കിലും ആ സ്ഥലം കാണണമെന്ന് തോന്നിയാല്‍ അനുവാദം ചോദിക്കാതെ കയറിവരാലോ."
"തീര്‍ച്ചയായും... ഇപ്പോഴും നിന്റെ സ്ഥാനം ശൂന്യമായിത്തന്നെ ഇട്ടിരിക്കുകയാണെന്റെ ഹൃദയത്തില്‍. എന്റെ പ്രിയതമ പോലും കൈയ്യേറാന്‍ ശ്രമിച്ചിട്ടില്ല."
"ഓഹോ... താങ്ക്സ് കേട്ടോ. ഇനിയത് അവള്‍ക്ക് കൊടുത്തേക്ക്. നിന്റെ പ്രിയതമക്ക്. അല്ലെങ്കില്‍ വേണ്ട. ഓണ്‍ലൈനില്‍ കാണുമ്പോള്‍ ഞാന്‍ തന്നെ എല്പിച്ചോളാം."
"ഇപ്പോള്‍ കൊളച്ചേരി ഒരുപാടു മാറിപ്പോയി. ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കുഗ്രാമമല്ല അത്."
"പിന്നെ?"
"ഇപ്പോളത് ചെറിയ ടൗണാണ്."
"അതെയോ? നല്ല കാര്യം." 

ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് വെറും നാല് ബസ്സുകള്‍ മാത്രമായിരുന്നു ഓടിയത്. അതും കണ്ണൂരിലേക്ക് മാത്രം. ഇപ്പോള്‍ പറശിനിക്കടവിലേക്കും തളിപ്പറമ്പിലേക്കും ചാലോടേക്കും ശ്രീകണ്ടാപുരത്തേക്കും കുറേ ബസ്സുകള്‍... 

"പറശിനിക്കടവിലേക്ക് ആരും നടന്നു പോവാറില്ല."
"എന്തിനാ എന്നിങ്ങനെ കൊതിപ്പിക്കുന്നെ?"
"കൊതിപ്പിച്ചതല്ലെടോ."

പണ്ട് അങ്ങനെയായിരുന്നല്ലോ. പറശിനിക്കടവിലേക്ക് എത്ര തവണ നടന്നുപോയിരിക്കുന്നു, ഞാനും അവളും. കൂടെ എന്റെയും അവളുടെയും അമ്മമാരുണ്ടാവും. വേറെയും ഉണ്ടാവും കുറേ പെണ്ണുങ്ങള്‍. പിന്നെ എന്റെ ചേച്ചി, അവളുടെ അനുജന്‍. എല്ലാ പെണ്ണുങ്ങളുടെ കൂടെയും ഉണ്ടാവും കുട്ടികള്‍

                    കരിങ്കല്‍ക്കുഴിയില്‍നിന്നും നണിയൂര്‍ വയലിലേക്കുള്ള ചെങ്കുത്തായ പടവുകള്‍ ഇറങ്ങണം. പടവുകളിറങ്ങിയാല്‍ വയലിന്റെ വരമ്പിലൂടെ വെയില്‍കൊണ്ടുള്ള നടത്തം. വയല്‍ കഴിഞ്ഞാല്‍ വലിയ തെങ്ങിന്‍തോപ്പാണ്. വെയില്‍ കൊണ്ടതിനു പകരമായി തെങ്ങോലകള്‍ വിരിച്ച തണലിന്റെ സുഖമുള്ള ഈര്‍പ്പം നടവഴിക്കും കാറ്റിനും. നിറം മങ്ങിയ തോര്‍ത്തുമുണ്ടുടുത്ത് തെങ്ങിന്‍മുകളില്‍ കയറുന്ന കള്ളുചെത്ത് തൊഴിലാളികളില്‍ പരിചയമുള്ള ആരെങ്കിലുമുണ്ടാവും. തെങ്ങിന്‍ മുകളില്‍നിന്നു അവര്‍ എല്ലിന്‍കഷണംകൊണ്ട് കുലയില്‍ തല്ലുന്ന ശബ്ദം, അരികിലൂടെ നടന്നുപോകുന്ന ചെത്തുതൊഴിലാളിക്ക് ഇളംകള്ളിന്റെ ഗന്ധം.

                    എന്റെ അമ്മയ്ക്കും കൂടെയുള്ള സ്ത്രീകള്‍ക്കും സംസാരിക്കാന്‍ വിഷയങ്ങള്‍ ധാരാളമുണ്ടാവും. എനിക്ക് അത്ഭുതമായിരുന്നു. ഈ സ്ത്രീകളുടെ സംസാരം എന്താണ് ഒരിക്കലും അവസാനിക്കാത്തത്? ഒരു വിഷയം തീരുമ്പോള്‍ ആരെങ്കിലും ഒരാള്‍ മറ്റൊരു വിഷയം അവതരിപ്പിക്കും! ഒന്നുകില്‍ ഏതെങ്കിലും സ്ത്രീയുടെ പൊങ്ങച്ചത്തെക്കുറിച്ച്. അല്ലെങ്കില്‍ അവരോടുള്ള അസൂയ. അതുമല്ലെങ്കില്‍ ഏതെങ്കിലും പുരുഷന്റെ പെരുമാറ്റ ദൂഷ്യത്തെപ്പറ്റി. പണ്ടെപ്പോഴോ ഒരിക്കല്‍ പറശിനിക്കടവില്‍ പോയപ്പോള്‍ സമയം കഴിഞ്ഞുപോയതിനാല്‍ ഊണ്‍ കിട്ടാതെ തിരിച്ചു വന്ന ഓര്‍മ്മകളും അവര്‍ക്ക് പങ്കുവയ്ക്കാനുണ്ടാവും. നമ്മള്‍ കുട്ടികള്‍ അതിലൊന്നും താല്പര്യം കാട്ടാതെ കുട്ടികളുടെതായ കുസൃതികളില്‍ മുഴുകും. അങ്ങനെ നടന്ന ദൂരം അറിയാതെ കടവിലെത്തും. അവിടെ കടത്തുകാരന്‍ തോണിയുമായി കാത്തിരിക്കുന്നുണ്ടാവും. ഇല്ലെങ്കില്‍ അയാള്‍ അക്കരെനിന്ന് ഇക്കരെ വരുന്നതുവരെ ഞങ്ങള്‍ കാത്തുനില്‍ക്കും.  

"എന്നും നാട്ടില്‍ വരുമ്പോള്‍ വിചാരിക്കും പറശിനിക്കടവില്‍ പോകണമെന്ന്." - ചാറ്റിംഗ്റൂമില്‍നിന്നും  അവള്‍ -"കല്യാണം കഴിഞ്ഞതില്പ്പിന്നെ ഒരുതവണ മാത്രാ മുത്തപ്പനെ കണ്ടേ. കൊല്ലം ഇരുപത് കഴിഞ്ഞു."
ഞാന്‍ മറുപടി എഴുതി - "ഇപ്പോള്‍ പയങ്കുറ്റിക്ക് ചാര്‍ജ് കൂട്ടി. അമ്പതു പൈസയാക്കി."
"അതെയോ?" - അവള്‍ 
അതിന് ന്യായം കണ്ടെത്തി. - "അതിലെന്താ തെറ്റ്? സാധനങ്ങള്‍ക്കെല്ലാം വിലകൂടിയില്ലേ?"

"അതെ. മനുഷ്യര്‍ക്ക്‌ മാത്രേ വിലയില്ലാതുള്ളൂ അല്ലെ?"
"mmm .  മനുഷ്യര്‍ക്കെന്നാണ് വിലയുണ്ടായിട്ടുള്ളത്?"
"അല്ലെങ്കിലും മറ്റുജീവികള്‍ക്കൊന്നും ഇല്ലാത്ത വില മനുഷ്യന് മാത്രം എങ്ങനെ കിട്ടാനാണ്‌?"

"മറ്റുജീവികള്‍ക്ക് അറവുശാലകളില്‍ വിലകിട്ടും. മനുഷ്യര്‍ക്ക്‌ അതുപോലുമില്ല."
"ഇരുപത്തിയഞ്ച് പൈസയില്‍നിന്നു അമ്പതുപൈസയിലേക്കുള്ള ദൂരം നമ്മള്‍ മനുഷ്യര്‍ക്കിടയിലും പ്രകടമാണിപ്പോള്‍." 
"ഓ... മതി നിന്റെ ഫിലോസഫി." - അവള്‍ വിഷയം മാറ്റാന്‍ ശ്രമിച്ചു.- "ഞാനോര്‍ക്കുകയാണ് പരശിനിക്കടവിലെ തേങ്ങാപ്പൂളും പയറും."
ഞാനവളെ ഓര്‍മ്മപ്പെടുത്തി. - "അതെ  പയറിനും തെങ്ങാപ്പൂളിനും ഇടയിലായിരുന്നു നമ്മുടെ ഹൃദയങ്ങള്‍ സംഗമിച്ചത്."
"ഒന്ന് പോനിന്റെ കാലഹരണപ്പെട്ട പ്രണയസാഹിത്യം."


പണ്ട് ഇരുപത്തിയഞ്ച്പൈസയായിരുന്നു പയങ്കുറ്റിക്ക് ഈടാക്കിയിരുന്നത്. വിഷുക്കൈനീട്ടം കിട്ടുന്ന പൈസയില്‍നിന്നു അമ്പതു പൈസയോ ഒരുരൂപയോ മാറ്റിവയ്ക്കും. ഇരുപത്തിയഞ്ച് പൈസ പയങ്കുറ്റിക്കുള്ളതാണ്. വാര്‍ഷിക പരീക്ഷയുടെ ഫലം വന്നാല്‍ ഞങ്ങള്‍ കുട്ടികള്‍ക്കാണ് തിടുക്കം, പറശിനിക്കടവില്‍ പോകാന്‍. മുത്തപ്പനാണ് പരീക്ഷയില്‍ ജയിപ്പിക്കുന്നതെന്ന് വിശ്വസിച്ചിരുന്നു, അന്നൊക്കെ. ഇരുപത്തിയഞ്ച്പൈസയുടെ പയങ്കുറ്റി കഴിച്ച് മുത്തപ്പനെ തൊഴുതുകഴിഞ്ഞാല്‍ ഒരു ഗ്ലാസ് ചായയും പുഴുങ്ങിയ കടലയോ പയറോ കിട്ടും. ഒന്നോ രണ്ടോ കഷണം തേങ്ങാപ്പൂളും ഉണ്ടാവും അതിന്റെ കൂടെ. അവള്‍ക്കു തേങ്ങാപ്പൂള്‍ ഇഷ്ട്ടമായിരുന്നില്ല. അതിന്റെ അവകാശി ഞാനായിരുന്നു.

                    കുറച്ചു മുതിര്‍ന്നപ്പോള്‍ സ്വയം ചിന്തിക്കാന്‍ പ്രാപ്തനായി എന്ന തിരിച്ചറിവ് എന്നെ ഒരു നിരീശ്വരവാദിയാക്കിയപ്പോള്‍ സങ്കടപ്പെട്ടതും ദേഷ്യപ്പെട്ടതും അവള്‍ മാത്രമായിരുന്നു. പത്താം ക്ലാസ്സിലെ പരീക്ഷ ജയിച്ചപ്പോള്‍ പറശിനിക്കടവില്‍ പോയി മുത്തപ്പനെ തൊഴാന്‍ അവളെന്നെ നിര്‍ബന്ധിച്ചു. ഞാന്‍ പോയില്ല. പിന്നെ അവള്‍ ആരുടെയോ കൂടെ പോയി എനിക്ക് വേണ്ടി പയങ്കുറ്റി കഴിച്ചു. വാഴയിലയില്‍ പൊതിഞ്ഞുകൊണ്ടുവന്ന പുഴുങ്ങിയ കടല എനിക്ക് നേരെ നീട്ടി. ഞാന്‍ തൊട്ടില്ല. അതിലെ തേങ്ങാപൂള്‍ എടുത്തു എനിക്ക് തന്നു. ഞാന്‍ വാങ്ങിയില്ല.
"ആ ചെക്കന് പ്രാന്താണെ. അത് നമ്മക്ക് തിന്നാ." - എന്ന് പറഞ്ഞ് ചേച്ചി അവളുടെ കൈയില്‍നിന്ന് തട്ടിയെടുത്തുതിന്നു. അന്ന് കരഞ്ഞുകൊണ്ടാണവള്‍ എന്റെ വീട്ടില്‍നിന്നിറങ്ങിപ്പോയത്. പിന്നീട് ദിവസങ്ങളോളം അവള്‍ പിണങ്ങിനടന്നു. അവളുടെ പിണക്കം തീര്‍ക്കാന്‍ പിന്നീടൊരുദിവസം പറശിനിക്കടവില്‍ പോയി പുഴുങ്ങിയ പയര്‍ കൊണ്ടുവന്ന് വയല്‍വരമ്പില്‍വച്ച് തിമര്‍ത്തുപെയ്യുന്ന മഴയില്‍ ആരും കാണാതെ അവള്‍ക്കു കൊടുത്തു. ആ നിമിഷം എന്ത് സന്തോഷമായിരുന്നു അവളുടെ മുഖത്ത്! അതിലെ തേങ്ങാപൂള്‍ എടുത്തു എനിക്ക് തന്നു. പയര്‍ മുഴുവനും ഞങ്ങള്‍ രണ്ടുപേരും മാത്രം തിന്നുതീര്‍ത്തു. അല്ല ചവച്ചിറക്കാതെ വിഴുങ്ങി, ആരും കാണാതിരിക്കാന്‍.

അന്ന് വയലിന്റെ വലത്തോട്ടുള്ള വരമ്പിലേക്ക്‌ ഞാനും ഇടത്തോട്ടുള്ള വരമ്പിലേക്ക്‌ അവളും യാത്ര പറഞ്ഞ് പിരിയുമ്പോള്‍ മനസ്സില്‍ അതുവരെയില്ലാത്ത ഒരു ചലനം... അന്നുമുതലായിരുന്നോ എനിക്കവളോട് പ്രണയം തോന്നിത്തുടങ്ങിയത്? എന്നുമുതലായിരുന്നു നിന‍ക്കെന്നോട് പ്രണയം തോന്നിത്തുടങ്ങിയത്? എന്ന് ചോദിക്കാന്‍ തുനിഞ്ഞതാണ്. പക്ഷെ, ടൈപ് ചെയ്ത ചോദ്യം ബാക്സ്പെയ്സ് ബട്ടന്‍ അമര്‍ത്തി മായ്ച്ചു കളഞ്ഞു. അത് അടഞ്ഞു കിടക്കുന്നത് തന്നെയാണ് സുഖമെന്ന് തോന്നി. എങ്കിലും അവളെയൊന്ന് നേരിട്ട് കാണണമെന്ന മോഹം മനസിന്റെ അടിത്തട്ടില്‍ ഊറിക്കൂടുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ പറഞ്ഞു.
"ഇത്തവണ ദില്ലിയില്‍ വന്നാല്‍ നാട്ടിലേക്ക് വരൂ. നിനക്ക് കാണണ്ടേ നമ്മുടെ നാട്? 
എന്റെ പ്രിയതമയെ?"

"ശ്രമിച്ചു നോക്കാം. അനുജന് അവധി എത്രദിവസം ഉണ്ടാകുമെന്നറിയില്ല. പിന്നെ കുട്ടികളുടെ സൗകര്യം നോക്കണം-അവരുടെ സ്കൂള്‍ അവധി." 
കാണാന്‍ ആഗ്രഹിച്ചത്‌ അവളെ ആയിരുന്നെങ്കിലും ഞാന്‍ എഴുതി- 'എനിക്ക് കാണണം നിന്റെ കുട്ടികളെ."
ചോദിച്ചു.-"അവര്‍ വളരുന്നത്‌ ഏത് സംസ്കാരത്തിലാണ്? നമ്മുടേതോ? വെള്ളക്കാരുടേതോ?'
"രണ്ടിനുമിടയില്‍. ഞങ്ങള്‍ ശ്രമിക്കുന്നുണ്ട് ഇന്ത്യക്കാരായ് വളര്‍ത്താന്‍. പക്ഷെ, അവര്‍ കാണുന്നതും കേള്‍ക്കുന്നതും മറ്റൊന്നാണ്. കുട്ടികള്‍ പേരന്‍റ്സിന്‍റെ കൂടെ ദിവസത്തില്‍ വളരെക്കുറച്ച് സമയല്ലേ ഉണ്ടാവു."
"ശരിയാണ്. മാത്രമല്ല, കുട്ടികളുടെ മനസ് എന്നും മുതിര്‍ന്നവരുടെ സങ്കല്‍പ്പങ്ങള്‍ക്കുമപ്പുറത്താണ്.
"അവര്‍ക്കും ആഗ്രഹമുണ്ട്. കൊളച്ചേരി ഒരുതവണ കാണാന്‍. വയലും കൂളിക്കുളവും പിന്നെ വിഷകണ്ടന്‍ തെയ്യവും എല്ലാം ഞാന്‍ പറഞ്ഞുകൊടുക്കാറുണ്ട്."
"ഓ... ഞാനത് പറയാന്‍മറന്നു. കൂളിക്കുളം കഴിഞ്ഞ കൊല്ലം മണ്ണിട്ട്‌ മൂടി."
"അയ്യോ ആരാ അത് ചെയ്തത്?" എന്തിന്?
'അവരത് ആര്‍ക്കോ വിറ്റിരുന്നു. ഏതോ റിയല്‍എസ്റ്റെറ്റ്കമ്പനിക്ക്. അവര്‍ക്ക് എന്തെങ്കിലും ഉദ്ദേശം കാണും. ഇപ്പോള്‍ അവരാണ് കേരളത്തിലെ ഭൂനിയമങ്ങള്‍ ഉണ്ടാക്കുന്നത്." 
'അയ്യോ കഷ്ട്ടായിപ്പോയി. എന്റെ മോള്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു അത് കാണാന്‍."
"മകള്‍ക്കോ നിനക്കോ ആഗ്രഹം?"

"രണ്ടാള്‍ക്കും."
"അതില്‍ നമ്മുടെ ബാല്യം മണ്ണിനടിയില്‍ക്കിടന്ന് ശ്വാസം മുട്ടുന്നുണ്ടാവും".
"അത് മണ്ണില്‍
തന്നെ അലിഞ്ഞുതീരട്ടെ."


അങ്ങനെ പറഞ്ഞെങ്കിലും അവളിപ്പോള്‍ എന്താണ് ഓര്‍ക്കുന്നുണ്ടാവുക? എനിക്ക് ഊഹിക്കാന്‍ കഴിയും. അതിന്റെ ഇരുഭാഗത്തേയും പടവുകളില്‍ നിന്നാണ് ഞാനും അവളും നീന്താന്‍ പഠിച്ചത്. അവളുടെ ശരീരത്തില്‍ നനഞ്ഞൊട്ടിയ കുപ്പായവും പാവാടയും എനിക്ക് കൌതുകമായിരുന്നു. വിവാഹം കഴിഞ്ഞു കൊളച്ചേരി വിട്ടുപോയതില്പിന്നെ അവളെ ഓര്‍മ്മവരുമ്പോള്‍ ഞാനവിടെ പോയിരിക്കുക പതിവായിരുന്നു, പ്രവാസജീവിതം തുടങ്ങുന്നതുവരെ.
***








(കൊളച്ചേരി ഇപ്പോഴും ഗ്രാമമാണ്. ടൌണ്‍ എന്നത് സാങ്കല്‍പ്പികമാണ്‌.)
                                                      
-----------------------------------------------------------------------------------------------------
  ഗുൽമോഹർ ഓണ്‍ലൈൻ മാഗസിൻ:     http://www.gulmoharmagazine.com/gulmoharonline/kadhakal/kathirmanikal 
                                                     
------------------------------------------------------------------------------------



ഗൾഫ്  മലയാളി മാഗസിൻ :