Kharaaksharangal - kkanakambaran.blogspot.com - Part of kharaaksharangal.blogspot.com

ശനിയാഴ്‌ച, സെപ്റ്റംബർ 16, 2017

അമ്മ

വർത്തമാനം പത്രം, ഖത്തർ എഡീഷൻ


      ഇന്നലെ പട്ടാപ്പകൽ ആയിരുന്നു, കവലയിലെ ബസ്‌സ്റ്റോപ്പിൽ ആരെയോ കാത്തുനിൽക്കുകയായിരുന്ന അയാളെ ആരൊക്കെയോചേർന്ന് വെട്ടിപ്പരിക്കേൽപ്പിച്ചത്. കഴിഞ്ഞയാഴ്ച്ച ഗ്രാമത്തിന്റെ മറ്റൊരുഭാഗത്ത് നടന്ന സംഘട്ടനത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. അതിന്റെ പ്രതികാരമാണിതെന്ന് ജനങ്ങൾക്കും പോലീസിനുമറിയാം. ആ സംഘട്ടനവുമായി അയാൾക്ക് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല എന്നാണറിഞ്ഞത്. ഇന്ന് കാലത്ത് മെഡിക്കൽ കോളേജിൽവച്ച് അയാൾ മരണപ്പെട്ടു. അങ്ങനെ അയാളുടെ പാർട്ടിക്ക് ഒരു രക്തസാക്ഷികൂടിയായി. ഇനി ഗ്രാമത്തിൽ എവിടെയെങ്കിലും ഒരു സ്മാരകസ്‌തൂപം  ഉയർന്നുവരും. കാലക്രമേണ അതും ആരാലും ശ്രദ്ധിക്കപ്പെടാതെയാവും. 
                         കൊലപാതകത്തെക്കുറിച്ചുള്ള വാർത്തകൾ എന്തൊക്കെയാണ്! കൊലപാതകം  ആരോപിക്കപ്പെടുന്ന പാർട്ടിയുടെ നേതാക്കളും പ്രവർത്തകരും പറയുന്നു. "കൊല്ലപ്പെട്ടയാൾ ഒരു ഗുണ്ടയാണ്‌, വ്യഭിചാരിയാണ്, ലഹരിവിൽപ്പനക്കാരനാണ്, ഏതോ ധനികന്റെ ബിനാമിയാണ്. അതിലുള്ള വ്യക്തിവൈരാഗ്യമാണത്രെ കൊലക്ക് കാരണം." ഇങ്ങനെപോയി കൊലപാതകം നടത്തിയ പാർട്ടിക്കാരുടെ വ്യാഖ്യാനങ്ങൾ. ഇങ്ങനെയൊക്കെ കേട്ട് അയാളെ അറിയാവുന്നവർ വിശ്വസിച്ചോ വിശ്വസിക്കാതെയോ ഭയം കാരണമോ നിശബ്ദത പാലിച്ചു.
                          

 അയാൾക്ക് രണ്ടു കൊച്ചു കുട്ടികളുണ്ട്. മനുഷ്യനെന്നാൽ മനുഷ്യനെത്തന്നെ വെറുതെ പകവച്ച് കൊല്ലുന്ന ജീവിയാണെന്ന് മനസിലാക്കാനുള്ള പ്രായമാവാത്ത കുട്ടികൾ. അയാളുടെ ഭാര്യ നിറയൗവനത്തിന്റെ മനസ്സും ശരീരവുമുള്ളവളാണ്. അവൾ തന്റെ വൈധവ്യത്തെ ഉൾക്കൊള്ളാനാവാതെ കുട്ടികളെ ചേർത്തുപിടിച്ചു തേങ്ങി. അമ്മയല്ലെ അവൾ ഇങ്ങനെ ആഗ്രഹിച്ചിരിക്കണം. "എന്റെ കുട്ടികളുടെ അച്ഛൻ ആളുകൾ പറയുന്നതുപോലെയൊന്നുമല്ല. എന്റെ കുട്ടികൾ അങ്ങനെയുള്ള ഒരാളിന്റെ മക്കളായി അറിയപ്പെടരുതേ..." 
*** 

ഞായറാഴ്‌ച, ഓഗസ്റ്റ് 20, 2017

മായനിക്കയുടെ ചിന്തകൾ

1998 ൽ എഴുതിയ കഥയാണ്. ഒരിക്കൽ ഇരുപതിൽ താഴെമാത്രം എഴുത്തുകാർ പങ്കെടുത്തിരുന്ന മാതൃഭൂമി സ്റ്റഡിസർക്കിളിന്റെ സർഗ്ഗസദസിൽ അവതരിപ്പിച്ചതല്ലാതെ പിന്നെയാരും ഈ കഥ കേൾക്കുകയോ വായിക്കുകയോ ചെയ്തിട്ടില്ല. വർഷങ്ങൾക്കു ശേഷം പൊടിതട്ടിയെടുത്ത് നിങ്ങൾക്കുമുന്നിൽ സമർപ്പിക്കുന്നു. ഒരിക്കൽക്കൂടി ചെത്തിമിനുക്കിയിട്ടുണ്ട്. 
-----------------------------------------------------------------------------------

          കൊളച്ചേരിയിലെ പണക്കാരിൽ ഒരാളാണ് മായനിക്ക. മായനിക്കക്ക് തൃശ്‌നാപ്പള്ളിയിൽ കച്ചവടമായിരുന്നു. അതിനുമുൻപ് മൈസൂരിലും കൽക്കത്തയിലും ധാക്കയിലും ദില്ലിയിലും ലാഹോറിലുമൊക്കെ മായനിക്ക പോയി. അവിടെയും   കച്ചവടംതന്നെയായിരുന്നു തൊഴിൽ. സിലോണിലേയും ബർമ്മയിലേയും സിങ്കപ്പൂരിലേയും തെരുവുകളിലൂടെ കച്ചവടക്കാരനായി പല വേഷങ്ങളിൽ മായനിക്ക അലഞ്ഞുനടന്നിരുന്നു. ഏറ്റവും അവസാനമാണ് അതായത് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനുശേഷമാണ് തൃശ്‌നാപ്പള്ളിയിൽ കച്ചവടം സ്ഥിരമാക്കിയത്. 

          തൃശ്‌നാപ്പള്ളിയിലെ ഒരു തുണിക്കടയുടെയും ഒരു ഹോട്ടലിന്റെയും ഉടമയാണ് ഇപ്പോഴദ്ദേഹം. ഒന്നാമത്തെ മകളുടെ പുതിയാപ്ലയാണ് തുണിക്കട നോക്കിനടത്തുന്നത്. ഹോട്ടലിന്റെ നടത്തിപ്പുകാരൻ രണ്ടാമത്തെ മകളുടെ പുതിയാപ്ലയും. മാസാമാസം ആദ്യത്തെയാഴ്‌ച രണ്ടിന്റെയും വരവുചിലവുകണക്കുകളും ലാഭവും മുടങ്ങാതെ മായനിക്കയുടെ കൈയിലെത്തുന്നു. മായനിക്കക്ക് നാലുമക്കളാണ്. മൂത്തതും ഇളയതും പെണ്ണ്. നടുവിലത്തെ രണ്ടും ആണ്. ആൺമക്കൾ രണ്ടുപേരും ഗൾഫിൽ കച്ചകവടക്കാരാണ്.

മായനിക്കയുടെ പറമ്പുകളിലെ പ്രധാന പണിക്കാരനായ കുട്ട്യാലിക്ക മായനിക്കയെപ്പറ്റി ആശാരിമാരോട് പറഞ്ഞു. "ദാ നോക്ക്... പാവം മൻച്ചനാട്ട്വാ. പളുങ്ക് പോലത്തെ മനസ്സാ."

മൂത്ത മകൾ ഫാത്തിമ്മയുടെ വീടുപണിക്ക് വന്നതായിരുന്നു ആശാരിമാർ. തൊട്ടപ്പുറത്തെ പറമ്പിൽ ഇളയ മകൾ കുഞ്ഞാമിനക്ക് പുതിയ വീട് പണിഞ്ഞുകൊടുത്തിട്ടുണ്ടായിരുന്നു. ആശാരിമാരുടെ മേസ്ത്രി മുകുന്ദനാശാരി സമ്മതിച്ചു. "ഉയ്യന്റപ്പ ഇതുപോലത്തെ മനുഷ്യന ഏടിയെങ്കിലും കാണ്വാ!"     

          കുട്ട്യാലിക്കക്ക് മായനിക്കയോളംതന്നെ പ്രായം കാണും. എന്നാലും അയാൾ മായനിക്കയെ ഇക്കയെന്നേ വിളിക്കൂ. തെങ്ങിനും വാഴയ്ക്കും വളമിടാനും പറമ്പ് കിളക്കാനും തേങ്ങയും അടയ്ക്കയും പറിക്കാനും തേങ്ങയുണക്കി കൊപ്രയാക്കാനും അവ കൊണ്ടുപോയി വിൽക്കാനും കുട്ട്യാലിക്ക വേണം. എന്തിനും ഏതിനും കുട്ട്യാലിക്കയുടെ മേൽനോട്ടമുണ്ടെങ്കിലേ മായനിക്കക്ക് തൃപ്തിയാവൂ. കുട്ട്യാലിക്ക മായനിക്കയെപ്പറ്റി ഓരോന്ന് പറഞ്ഞുകൊണ്ടേയിരുന്നു. അപ്പോഴാണ് മായനിക്കയുടെ വരവ്. മായനിക്കയെ കണ്ടപ്പോൾ കുട്ട്യാലിക്ക സംഭാഷണത്തിന്റെ വിഷയം മാറ്റി. 
"ബിട്ടീ കൂടാനാവുമ്പേക്ക് പണിയെല്ലും തീര്വ ആസാരീ?"   

"വീട്ട് കൂട്ടല് ഈ മാസന്നെ വേണന്നെല്ലേ ഈയാള് പറീന്ന്. അപ്ളേക്ക് പണിയൊന്നും തീരൂല്ല." മുകുന്ദനാശാരി തീർത്തുപറഞ്ഞു.

"തീരൂല്ലാന്ന?" - അത് ചോദിച്ചത് മായനിക്കയാണ്. അല്പം ദേഷ്യത്തോടെയാണ് ചോദ്യം. അയാൾ തുടർന്നു - "അട്ത്ത മാസം സഫറ് മാസാ. ഇമ്മാസം കൂടീറ്റില്ലേപിന്ന  സഫറ് മാസം കൂടാമ്പറ്റൂല്ല." 

കുട്ട്യാലിക്ക മായനിക്കയുടെ പക്ഷം ചേർന്നു. അപ്പോൾ മുൻശുണ്ഠിക്കാരനായ മുകുന്ദനാശിക്ക്‌ ദേഷ്യം വന്നു. നിങ്ങളെന്നാ പറീന്ന് മായനിക്കാ? പതിനഞ്ച് ദെവസംകൊണ്ട് നാല്പ്പത് നാൽപ്പത്തഞ്ച്‌ ജനൽചട്ടോം പന്ത്രണ്ട് ഡോറും ണ്ടാക്കാങ്കയ്യാ?"

മായനിക്ക അതിന് മറുപടിയൊന്നും പറഞ്ഞില്ല. അയാൾ വിഷയം മാറ്റാനെന്നോണം കുട്ട്യാലിക്കയോടായ് ചോദിച്ചു. "ഇന്നെന്താ പണീല്ലാഞ്ഞിറ്റാ?"

"പണില്ലാഞ്ഞിറ്റൊന്ന്വല്ല." കുട്ട്യാലിക്കയുടെ മറുപടി. "കുമാരൻ വക്കീലിന്റെ  തൈ തൊറക്കാന്ണ്ട്. *ഈയാച്ചിന് എങ്ങനെ പണിയെട്ക്കാനാ? എന്ത് മയ്യാന്ന് പെയ്യ്ന്ന്!"

മായനിക്ക ചിരിച്ചു. എന്നിട്ട് പറഞ്ഞു. "ഇതാ നമ്മളെ നാട്ട്കാറെ കൊയപ്പം. ഇത്തരീം നാള് പറീന്നകേട്ടെ മയ പെയ്യാഞ്ഞിറ്റാ. എന്തൊര് ചൂടാപ്പോ സയിക്കാങ്കയ്യൂലാന്ന്. മയ പെയ്യാന്തുടങ്ങേരത്ത് അതും ബേണ്ടാണ്ടായി."

കുറേനേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. പെട്ടെന്ന് മഴയുടെ ശക്തി വർദ്ധിച്ചു. ആശാരിമാരുടെ ഉളികൾ യാതൊരു ദയയുമില്ലാതെ മരങ്ങളെ കീറിമുറിച്ചു. കുറച്ചുനേരത്തിന് ശേഷം മായാനിക്ക വീണ്ടും പറയാൻ തുടങ്ങി. "സഫറ് മാസായാല് ഞമ്മളാള് ബീട്ടീ കൂടൂലാ, മംഗലം കൈക്കൂലാ, മാർക്കം ചെയ്യൂലാ, നല്ല കാര്യൊന്നും ചെയ്യൂലാ."

മായനിക്ക അങ്ങിനെയാണ് പറഞ്ഞതുതന്നെ പറഞ്ഞുകൊണ്ടേയിരിക്കും. ഒരു ദിവസം ഒരേകാര്യംതന്നെ എത്രതവണ പറയുമെന്ന് നിശ്ചയമില്ല. എന്നിട്ട് കുട്ട്യാലിക്കയോടായി ചോദിച്ചു. "പൈശ്യന്തെകിലും ബേണാ നിനിക്ക്?"

"ഇപ്പൊന്നും ബേണ്ട." കുട്ട്യാലിക്കയുടെ മറുപടി.

മായനിക്ക ആശാരിമാർ പണിതീർത്ത് കോലായയിൽ അടുക്കിവച്ച മരങ്ങൾക്കുമുകളിൽ ചവിട്ടാതെ കാലുകൾ കവച്ചുവച്ച് വീട്ടിനകത്തേക്ക് കടന്നു.  ആരോടെന്നില്ലാതെ പറഞ്ഞു. "എനിയു എത്തിര പണി ബാക്കിണ്ട്. ഇമ്മാസം എങ്ങന ബിട്ടീകൂടാനാ. ഇന്ന് തിയ്യതി അഞ്ചായി. നെലത്തിന്റെ പണി ബിട്ടീക്കൂടീറ്റ് ചെയ്യാന്ന് വെക്ക."

ഏറെനേരം വീട്ടിനകത്ത് ചുറ്റിത്തിരിഞ്ഞ ശേഷം പുറത്തേക്ക് വന്നു. മരത്തിന്റെ അട്ടി കവച്ചുവച്ച് മുറ്റത്തേക്കിറങ്ങി. അപ്പോഴേക്കും മഴയുടെ ശക്തി കുറഞ്ഞിരുന്നു. ചാറ്റൽമഴ പെയ്യുന്നുണ്ട്. തെങ്ങുകളുടെയും പ്ലാവുകളുടെയും മുകളിൽ നിന്നും ഇറ്റിവീഴുന്ന കൊട്ടവെള്ളത്തിന്റെ ശബ്ദമുണ്ട്. മായനിക്ക കുട നിവർത്തിപ്പിടിച്ച് പറമ്പിലൂടെ നടന്നു.

അപ്പോൾ ആശാരിമാരെ നോക്കി കുട്ട്യാലിക്ക പറഞ്ഞു."ഓറെന്തെങ്കിലും പറീന്നേനെപ്പറ്റി നിങ്ങള് ബേജാറാകണ്ടാട്ട്വാ. ആ പറീന്നതേള്ളൂ മനസ്സിലൊന്നുണ്ടാകുല്ല."

"അത് നമ്മക്കറിയൂല്ലേ." മുകുന്ദനാശാരി പ്രതിവചിച്ചു. "കൂടേന്റെ പണിക്ക് വന്നേരത്തെന്നെ നമ്മക്കയാളെ സൊഭാവം മനസിലായിന്." 

വീടിന്റെ പിറകിലുള്ള *കൂട നിർമ്മിച്ചത് കഴിഞ്ഞ വർഷമായിരുന്നു. പഴയ വീടിന്റെ *കട്ടയും കഴുക്കോലും ഓടും ഉപയോഗിച്ചായിരുന്നു കൂട നിർമ്മിച്ചത്. കഴുക്കോല് പിടിപ്പിച്ച് ഓടിട്ട ദിവസം അർദ്ധരാത്രിയായിരുന്നു കഴിഞ്ഞ വർഷത്തെ ആദ്യത്തെ മഴ പെയ്തത്. അന്ന് കാലത്തുമുതൽ വൈകുന്നേരംവരെ മായനിക്ക ഇങ്ങനെ പറയുന്നുണ്ടായിരുന്നു. "ആസാരീ ഇന്നന്നെയിത് തീർത്തിറ്റ് പോട്. കട്ടേന്റെ കൂട്യെല്ലേ. മയ്യങ്ങാറ്റൊ ബന്നാല് ഇതീടണ്ടാകൂല്ല." 

മായനിക്കയുടെ പരിഭ്രമവും സംസാരത്തിലെ ആവർത്തനവും മുകുന്ദനാശാരിയെ ദേഷ്യം പിടിപ്പിക്കുന്നുണ്ടായിരുന്നു. എങ്കിലും ദേഷ്യം നിയന്ത്രിച്ചു. പന്ന്യങ്കണ്ടിയിൽ പലചരക്കുകടയും ഫ്ലോർ മില്ലും നടത്തുന്ന പെടപ്പൻ ഖാദറിക്ക മായനിക്കയുടെ ഈ സ്വാഭാവത്തെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്.

മായനിക്ക തുടർന്നു. "ഞാമ്പറഞ്ഞിന് ഇപ്പം പൊളിക്കണ്ടാന്ന്. എന്തിനാത്ര നല്ലെ ബീഡ് പൊളിച്ച് കളീന്ന്ന്ന്. ന്നിറ്റ് കൂട്ടക്കണ്ടേ.  ഇരിപ്പത്തഞ്ച് കൊല്ലേ ആയിറ്റിള്ളൂ ഈ ബീടെട്ത്തിറ്റ്. ഈന്റെ അറ ചേർതായിപ്പോയിപോലും. ഇപ്ലത്തെ പേശൻ ബീട് ബേണംന്ന്. അനിയത്തിന്റെ ബീട് കണ്ടപ്പം ഇത്തക്ക് ഇരിക്കപ്പൊറുതില്ലാണ്ടായി."

കഴിഞ്ഞവർഷം ഇവിടെയുണ്ടായിരുന്നത് ഒരു പഴയ വീടായിരുന്നു.  അത് പൊളിച്ചു പണിഞ്ഞതാണ് ഈ പുതിയ വീട്. പഴയ വീട് പൊളിച്ചപ്പോൾ അതിന്റെ മരങ്ങൾ സൂക്ഷിക്കുവാനായിരുന്നു കൂട നിർമ്മിച്ചത്. പിന്നീടത് വിറകുപുരയായി ഉപയോഗിക്കാമെന്നും മായനിക്കയുടെ മനസ്സിലുണ്ടായിരുന്നു. ഫാത്തിമ്മയുടെ നിർബന്ധം കൊണ്ടായിരുന്നു വീട് പൊളിച്ചുപണിതത്. 

അപ്പോഴാണ് പെടപ്പൻ ഖാദറിക്കയും രാഘവൻ *മണിയാണിയും അവിടേക്ക് കയറിവന്നത്. വീടിന്റെ ചുമർ പണിതത് രാഘവൻ  മണിയാണിയായിരുന്നു. കുഞ്ഞാമിനയുടെ വീടിന്റെ പണിയും അയാൾ തന്നെയായിരുന്നു. ഖാദറിക്കയാണ് അയാളെ പണിക്ക് കൊണ്ടുവന്നത്. പലചരക്കുകടയും ഫ്ലോർമില്ലും നടത്തുന്നതിനിടയിൽ സ്വന്തക്കാർക്കുവേണ്ടി പ്രതിഫലമൊന്നുമില്ലാതെ ഇങ്ങനെയുള്ള സേവനവും ഖാദറിക്ക ചെയ്യാറുണ്ട്.

പറമ്പിലൂടെ നടന്നുകൊണ്ടിരിക്കുകയായിരുന്ന മായനിക്ക ഖാദറിക്കയെ കണ്ടതുകൊണ്ട്  തിരിച്ചുവന്നു. "എങ്ങോട്ടാ രണ്ടാളും കൂടി?"

"ഇയാളെക്കൊണ്ടരാവിശ്യണ്ട്." ഖാദറിക്ക പറഞ്ഞു.

രാഘവൻ മണിയാണിയെ നോക്കി മായനിക്ക ചോദിച്ചു. "അടുപ്പ്ന്റെ പണിയെപ്പ എട്ക്ക്വ? ഇമ്മാസം ബിട്ടീക്കൂടണം."

"ഇപ്പെട്ക്ക്ന്നെട്ക്ക രണ്ടുമൂന്നിസത്തെ പണികൂടീണ്ട്. എന്നിറ്റ് ബെരാ." രാഘവൻ മണിയാണി പറഞ്ഞു.

"അതെല്ലു അയാളാക്കിത്തെര്വപ്പാ നിങ്ങള് ബേജാറാകാണ്ടിരി." ഖാദറിക്ക ഇടപെട്ടു.

എന്തോ പറയാൻ മുതിർന്ന മായനിക്കയെ തടഞ്ഞുകൊണ്ട് ഖാദറിക്ക പറഞ്ഞു. "ബിട്ടീകൂടെണ്ടെ ദെവസം തീരുമാനിക്ക്ന്ന്."

"അസാരീന്റെ പണി തീരൂല്ലപോലും." കുട്ട്യാലിക്കയാണ് പറഞ്ഞത്.

അപ്പോൾ ഖാദറിക്ക. "അപ്പണിയെല്ലും പിന്നിം എട്ക്കാലാ."

          മായാനിക്കയുടെ കെട്ടിയോൾ ആയിസുമ്മയുടെ അമ്മാവനാണ് ഖാദറിക്ക. അമ്മാവനെ കാരണോൻ എന്നും ഞങ്ങൾ മലബാറുകാർ പറയാറുണ്ട്. പക്ഷെ, ആയിസുമ്മ അമ്മാവനെ പേരാണ് വിളിക്കാറ്. കാരണം, അവരെക്കാൾ  മൂന്നുവയസ് ഇളയതാണ്  ഖാദറിക്ക. ഖാദറിക്കക്ക് ഒരു അനുജത്തികൂടിയുണ്ട്. കാർണ്ണോനെയും എളേമ്മാനെയും ശാസിക്കാനും ശിക്ഷിക്കാനുമുള്ള അപൂർവ്വ അവസരം ലഭിച്ചിരുന്നതോർത്ത് ആയിസുമ്മ സ്വയം ചിരിക്കും. കുടുംബത്തിലെ എല്ലാ പെണ്ണുങ്ങളും ഒത്തുകൂടിയാൽ അതൊരു തമാശക്കുള്ള വിഷയമാണ്. പെണ്ണുങ്ങളുടെ താമാശ കേൾക്കാനിടയായാൽ ഖാദറിക്കയും അവരോടൊപ്പം ചിരിക്കും. പരിചയമില്ലാത്ത ഒരാൾ അയാളുടെ സംസാരം കേട്ടാൽ എന്തോ കാര്യത്തിന് ദേഷ്യപ്പെടുകയാണെന്ന് തോന്നും. വളരെയധികം ശബ്ദത്തിലാണ് സംസാരം. സംസാരിക്കുന്നതിനിടയിൽ കൈകൾ ഉയർത്തുകയും താഴ്ത്തുകയും ചെയ്യും. നിലത്ത് ഉറച്ചുനിൽക്കാതെ അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടിരിക്കും. അങ്ങനെയാണ് ഖാദറിക്ക പെടപ്പൻ ഖാദറായത്.

ഖാദറിക്ക മായനിക്കയോട് ചോദിച്ചു. "ഞ്ങ്ങള് ബിശ്യറിയാ?"

മായനിക്ക ഒരു ചോദ്യചിഹ്നം പോലെ ഖാദറിക്കയുടെ മുഖത്തേക്കുതന്നെ നോക്കിനിന്നു.

"ഞമ്മളെ അളിയന് ആടത്തെ പണിയൊന്നും പുടിക്ക്ന്നില്ലാന്ന്."

മായാനിക്കയുടെ ചോദ്യം. "അരിക്ക്?"

"ഞമ്മളെ മൊയ്തീന്." നിലത്ത് ഉറച്ചുനിൽക്കാതെ അങ്ങോട്ടുമിങ്ങോട്ടും നടന്നും കൈകൾ രണ്ടും ഉയർത്തിയും താഴ്ത്തിയും ഖാദറിക്കയുടെ മറുപടി. "ഇന്നലെ ഓന്റെ കത്ത് ബന്നിന്. ആയിന്റാത്തെയ്‌തീന്‌ ഈട ശെരിയാകൂലാ ഞാനങ്ങോട്ടെന്നെ ബെര്വോന്ന്ന്ന്."

മായാനിക്ക ആരോടെന്നില്ലാതെ പറഞ്ഞു. "എത്തിര പൈശ ചെലവ്‌ട്ടിറ്റാ പറഞ്ഞേച്ചിന്."

"ഞാനെന്നിറ്റ് മറുപടി എയ്‌തീറ്റ്ണ്ട്." ഖാദറിക്ക വിശദീകരിച്ചു. "നീ കൊറച്ച്കാലം ആടത്തന്നെ നിന്നിറ്റ് ബേറെയെന്തെങ്കിലും പണിക്ക് ശ്രമിക്ക്. പോരാത്തേന് ബഷീറും റസാക്കും ആടീണ്ടല്ലാ."

ബഷീറും റസാക്കും ഖാദറിക്കയുടെ മക്കളാണ്. അവർ രണ്ടുപേരും കുവൈത്തിലാണ്. അവരാണ് മൊയ്തീന് വിസ ശരിയാക്കിക്കൊടുത്തത്. ഖാദറിക്കയാണ് അതിനുവേണ്ട ചിലവുമുഴുവൻ വഹിച്ചത്. അയാളുടെ പെങ്ങളുടെ കെട്ടിയോനാണ് മൊയ്തീൻ.

"ബാ രാഗവാ ഞമ്മക്ക് പ്വാ." എന്നും പറഞ്ഞ് ഖാദറിക്ക നടന്നു. പിന്നാലെ രാഘവൻ മണിയാണിയും.

അപ്പോൾ മായനിക്ക ചോദിച്ചു. "എന്നിറ്റെപ്പാ അടുപ്പാക്കിത്തെര്വ?"

"ആടത്തെ പണി തീരട്ടപ്പ." രാഘവൻ മണിയാണി പറഞ്ഞു. 

അവർ പോയപ്പോൾ മായനിക്ക വിവരിച്ചുതുടങ്ങി. "ഞമ്മളെ കാർണോന്റെ കാര്യങ്ങന്യാ. ബെരും രണ്ടോട്ടം അങ്ങോട്ടിങ്ങോട്ടും നടക്കും ഒച്ചപ്പാടാക്കും പോകും. എടക്കെടെ ബെരും. ഇവറെ എളേ പെങ്ങള്ണ്ട്. നാറാത്ത്‌കാരനാ കെട്ടിയെ. മൊയ്തീനിന്നാന്ന് പേര്. ഓന്റെ കാര്യാ ഇപ്പം പറഞ്ഞെ. ഓന കുവൈത്തിലേക്കയക്കാൻ കാരണോന് ഒന്നേകാലക്ഷം ചെലവ. ബഷീറും റസാക്കും പറഞ്ഞ്, വിസയെല്ലും ഞമ്മളാക്കാ. അയിന് ചെലവാക്ന്ന പൈശ ഒന്നിക്കീ മൂപ്പര് തെരണം അല്ലെങ്കീ വാപ്പ തരണംന്ന്. പുള്ളറ കുറ്റം പറയാമ്പറ്റൂല. പിരിച്ചെടുത്ത് കെട്ക്ക്ന്ന സൊഭാവുല്ലാത്തോനാ."

"അയാക്കെന്താ പണി?" മുകുന്ദനാശാരി ചോദിച്ചു.

"കച്ചോടന്നേ." മായാനിക്ക തുടർന്നു. "ഓനെല്ലു ഏട്യാ കച്ചോടം നടത്തങ്കയ്യ? ഈട്യന്താ പണീന്നറിയ? തെക്കും ബടക്കും നടക്കല്."

മുകുന്ദനാശാരിയും പണിക്കാരും ചിരിച്ചു. കുട്ട്യാലിക്കയും കൂടെക്കൂടി. അത് വകവയ്ക്കാതെ മായനിക്ക തുടർന്നു. "അട്യന്തരാവസ്ഥക്കാലത്ത് കാങ്ക്രസ്സ്കാറൊപ്പരം കൂടീറ്റ് കമ്മ്യുണിസ്റ്റാറ അടിക്കാൻ പ്വാ, അവരെ വായ കൊത്ത്വ, എളനീര് കക്ക്വാ ഇതെല്ലാന്നോന്റെ പണി. ഇത്രക്കൊല്ലും പാർട്ടിക്കാരൊപ്പരം നടന്നിറ്റ്  ന്തെങ്കിലും സമ്പാദിച്ചിനോന്ന് ചോയ്ച്ചാ അതൂല്ല. എത്രയാള്ണ്ട് പാർട്ടിപ്പോയിറ്റ് കട്ടിറ്റ് പണക്കാറായിറ്റ്. ഇപ്പം കമ്മ്യുണിസ്റ്റാറ്വെരെ കക്ക്ന്ന്."  

അപ്പോഴേക്കും മഴ തോർന്നിരിന്നു. ആകാശം തെളിഞ്ഞു. മരങ്ങളുടെ നനഞ്ഞ ഇലകൾക്കിടയിലൂടെ വെയിൽ ഊഴ്ന്നിറങ്ങി. മായനിക്ക മേലോട്ട് നോക്കികൊണ്ട് പറഞ്ഞു. "ആച്ച് തെളിഞ്ഞല്ല."

കുട്ട്യാലിക്കയും നോക്കി. "ഞാൻ പോക്വോന്ന്." എന്നുപറഞ്ഞ് കുട്ട്യാലിക്ക ഇറങ്ങിനടന്നു. ഇവിടെത്തന്നെ നിന്നാൽ പണിക്ക് പോകാത്തതിനെപ്പറ്റി മായനിക്ക എന്തെങ്കിലും പറയുമെന്ന് കരുതി.

അത് കേൾക്കാത്ത പോലെ മായാനിക്ക തുടർന്നു. "ഇപ്പല്ലേ എല്ലാരും എല്ലാ പണീം എട്ക്ക്ന്ന്. പണ്ടെല്ലു ബീട്ടിന്റെ ചൊമര് ബെക്കല് *മണിയാണിച്ചമ്മാറ് മാത്രം. ആശാരിപ്പണി ആശാരിമാറ് മാത്രം. ബളപ്പ് കൊത്തല് *തീന്ച്ചമ്മാറും പൊലേമ്മാറും  ഞമ്മളാള് കച്ചോടം നടത്ത്വ, കെട്ടെട്ക്ക്വ, മീന് ബിക്ക്വ. ഇപ്പെല്ലാ പണീം എല്ലാരുട്ക്ക്ന്ന്."

അതും പറഞ്ഞ് മായനിക്കയും നടന്നു. റോഡിലെത്തിയപ്പോൾ എങ്ങോട്ടുപോകണമെന്ന് സംശയിച്ചുനിന്നു. വലത്തോട്ട് പോയാൽ അച്ചുവേട്ടന്റെ ചായക്കടയും പലചരക്കുകടയുമാണ്. ഇടത്തോട്ട് പോയാൽ ഹാജിക്കയുടെ പലചരക്കുകടയും ടൈലർ അമ്പുവിന്റെ തുന്നൽ കടയും. മായാനിക്ക വലത്തോട്ട് നടന്നു. അച്യുവേട്ടന്റെ ചായക്കടയിൽ കോലായയിലെ കാലുകൾ ഇളകുന്ന ബെഞ്ചിലിരുന്നു.

 കടയുടെ മുറ്റത്താണ് അബ്ദുള്ളയുടെ മത്സ്യകച്ചവടം. അബ്ദുള്ള വിളിച്ചു. "മായനിക്കാ..." എന്നിട്ട് പറഞ്ഞു. "നല്ല പെടക്ക്ന്ന അയിലീണ്ട്. പതിഞ്ചുറിപ്പ്യക്ക് രണ്ടെണ്ണം."

"മൂന്നെണ്ണം തെര്വങ്കില് മതി." മായനിക്കയുടെ മറുപടി.

"ന്റെ മായനിക്കാ ഞമ്മക്കാട്ന്ന് കിട്ടുമ്പോല്യെല്ലെ ബിക്കാമ്പറ്റൂ."

അതിന് മായനിക്ക പ്രതികരിച്ചതിങ്ങനെയായിരുന്നു. "അച്ചൂനോർമ്മീണ്ടാ ഇവനൊര് കൊട്ട മീന് വാങ്ങ്ന്ന പൈശക്ക് ഒര് ബീഡെട്ക്കണ്ട സ്ഥലം കിട്ട്വേനും പണ്ട്."

"അതെല്ലും പറഞ്ഞിറ്റെന്താ മാപ്പളേ കാര്യം? ഇപ്പം കാലം മാറീല്ലേ." മറുപടി പറഞ്ഞത് അച്യുവേട്ടനായിരുന്നില്ല. അച്യുവേട്ടന്റെ ഭാര്യ നാരായണിയേച്ചിയായിരുന്നു. അവർ ഇടയ്ക്കൊക്കെ ഭർത്താവിനെ സഹായിക്കാൻ കടയിൽ വന്നു നിൽക്കും. ഞാറാഴ്ച ദിവസമായതിനാൽ എട്ടാം ക്ലാസുകാരനായ മകൻ ഷിനോയിയും കൂടിയുണ്ട്.

കണ്ണൂരിലേക്കുള്ള ബസിന് കാത്തിരിക്കുകയായിരുന്ന മൂന്നു ചെറുപ്പക്കാരിൽ ഒരാൾ ബഞ്ചിനുമുകളിലുണ്ടായിരുന്ന പത്രം നിവർത്തി. ഡെൽഹിയിൽ നടന്ന ബോംബ് സ്പോടങ്ങളുടെ വാർത്തയായിരുന്നു. അയാൾ കൂട്ടുകാരനോട് പറഞ്ഞു. "നമ്മളെ നാടെപ്പാ നന്നാക്വ?"

അത് കേട്ട് മായനിക്ക പറഞ്ഞു. "പടച്ചോന്റെ ശാപന്നെ. അയിംസീം പറഞ്ഞ് നടന്ന  കാന്തീനബെരെ കൊന്ന നാടല്ലിത്?!"

അച്യുവേട്ടൻ മായനിക്കയോട്‌ യോജിച്ചു. "നിങ്ങള് പറീന്നത് ശെരിയാ. ഒരു ശാപം കിട്ടിയപോല്യെന്ന്യ." 

അപ്പോൾ എട്ടാംക്ലാസുകാരനായ ഷിനോയ് ചോദിച്ചു. "നിങ്ങള് കണ്ടിറ്റ്ണ്ടാ ഗാന്ധീന?"

മായനിക്ക പുഞ്ചിരിച്ചു. "കാന്തീന കണ്ടിന്, നെഹ്രൂന കണ്ടിന്, കേളപ്പന കണ്ടിന്, കൃഷ്‌ണപ്പിള്ളേന കണ്ടിന്, എ.കെ. ഗോവാലന്റെ പട്ട്ണി ജാഥ കണ്ടിന്. ജയിലീ കെടക്കാത്തോണ്ട് അതൊന്നും ആരും ബിശ്വസിക്കൂല." ബഞ്ചിൽനിന്നെഴുന്നേറ്റ് മുറ്റത്തേക്കിറങ്ങികൊണ്ട് തുടർന്നു. "സൊതന്ത്രം കിട്ട്യപ്പാടെന്നെ കാന്തീന കൊന്നിറ്റില്ലെ."

മായനിക്ക തലയിൽ കെട്ടിയ തൂവാല അഴിച്ച് അതിന്റെ ഒരു മൂലയിലെ കെട്ടഴിച്ച് പതിനഞ്ചുരൂപയെടുത്ത് അബ്ദുള്ളക്ക് കൊടുത്ത് തൂവാല വീണ്ടും തലയിൽ കെട്ടി. പിന്നെ മുകളിലോട്ട് നോക്കി. ആകാശം വീണ്ടും ഇരുണ്ടുതുടങ്ങിയിരുന്നു. അബ്ദുള്ള കൊട്ടയിൽനിന്നും മൂന്ന് അയലയെടുത്ത് കടലാസിൽ പൊതിഞ്ഞ് മായനിക്കയ്ക്ക് നൽകി. അതും വാങ്ങി ആരോടും ഒന്നും പറയാതെ മായനിക്ക നടന്നു.

നടക്കുമ്പോൾ സ്വയം പറഞ്ഞു. "മത്സ്യം പൊതിഞ്ഞ് കൊട്ക്കല് ഉപ്പിലച്ചപ്പിലേനും. ഇപ്പം കടലാസിലായി. അയിന് ഇപ്പേട്യാ ചപ്പില്ലേ? മരോം ചപ്പും ഇപ്ലത്തെ മൻശമ്മാർക്ക് ബേണ്ടല്ല."

*****



*ആച്ച് = കാലാവസ്ഥ

*കൂട = വിറകും വെണ്ണീറും മറ്റും സൂക്ഷിക്കുന്ന ഷെഡ്. 


*കട്ട = മണ്ണ് കുഴച്ച് മരം കൊണ്ടുള്ള ദീർഘചതുരപ്പെട്ടിയിൽ വാർത്ത് വെയിലത്ത് ഉണക്കിയെടുത്ത മൺകട്ട. 

*മണിയാണി = കുറച്ചു കാലം മുൻപുവരെ ഉത്തരമലബാറിലെ ചില പ്രദേശങ്ങളിൽ  കെട്ടിടങ്ങളുടെ ചുമർ കെട്ടിയിരുന്നത് മണിയാണി ജാതിയിൽ പെട്ടവരായിരുന്നു.

*മണിയാണിച്ചൻ  = മണിയാണി സമുദായത്തിൽപ്പെട്ട പുരുഷൻ. 

*തീന്ച്ചൻ = തിയ്യസമുദായത്തിൽപ്പെട്ട പുരുഷൻ 
---------------------------------