Kharaaksharangal - kkanakambaran.blogspot.com - Part of kharaaksharangal.blogspot.com

ബുധനാഴ്‌ച, മേയ് 20, 2020

രവീന്ദ്രൻമാഷ്കോവിഡ് കാലമാണ്. എപ്പോൾവേണമെങ്കിലും വൈറസ് ശരീരത്തിലേക്ക് പ്രവേശിക്കാം എന്ന അവസ്ഥയിലാണ്. പ്രവേശിച്ചുകഴിഞ്ഞൊ എന്നും അറിയില്ല. രണ്ടുമാസമായി റൂമിലിരുന്നാണ് ജോലി. പതിവുപോലെ ഇന്നലെയും ജോലി തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. അപ്പോഴാണ് തേജസിന്റെ ഫോൺകാൾ വന്നത്. "സൂരജിന്റെ അച്ഛൻ മരണപ്പെട്ടു. ഇപ്പോൾ എ.കെ.ജി ആശുപത്രിയിലാണുള്ളത്."
സൂരജും കുടുംബവും ഇവിടെ ഖത്തറിലാണ്.
"നാട്ടിൽ ആരാണ് വേറെയുള്ളത് മക്കളായിട്ട്?" ഞാൻ ചോദിച്ചു.
തേജസിന്റെ മറുപടി. "മക്കളായിട്ട് ആരുമില്ല. സൂരജിന്റെ പെങ്ങൾ ഒമാനിലാണ്. ഈ സമയത്ത് രണ്ടുപേർക്കും പോകാൻ കഴിയില്ലല്ലോ."
ഞാൻ ഫോൺ കട്ട് ചെയ്ത് സൂരജിനെ വിളിച്ചു. എന്തുപറയണമെന്നറിയാതെ കൂടുതൽ സംസാരിക്കാതെ ഞാൻതന്നെ പിന്നെ വിളിക്കാം എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. ഞാനോർത്തു. "മക്കളുടെ സ്ഥാനത്ത് നിൽക്കാൻ വേറെ ആരെങ്കിലും ഉണ്ടാവുമോ ആവോ?" വൈകുന്നേരം വിളിച്ചപ്പോൾ സൂരജ് പറഞ്ഞു, കുടുംബത്തിലെ തന്നെയുള്ള ഒരാൾ ആ കർമ്മം ചെയ്തുവെന്ന്.
ഈ കോവിഡ് കാലത്ത് എല്ലാ പ്രവാസികളുടെയും അവസ്ഥ ഇതാണ്. നാട്ടിലെ പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്ക് കാണാൻ സാധിക്കില്ല.
കമ്പിൽ മാപ്പിള ഹൈസ്കൂളിലെ ചരിത്രാധ്യാപകനായിരുന്നു രവീന്ദ്രൻമാഷ്. മാഷ് എന്നെ പഠിപ്പിച്ചിട്ടില്ലെങ്കിലും എന്നെ നല്ല പരിചയമായിരുന്നു. സത്യം പറഞ്ഞാൽ കുരുത്തക്കേടുതന്നെ. അക്കാലത്ത് സ്കൂളിലെ എല്ലാ കുട്ടികൾക്കും പ്രധാന അധ്യാപകനെക്കാൾ ഭയം രവീന്ദ്രൻമാഷെ ആയിരുന്നു.  ഉച്ചക്ക് ഇന്റർവെൽ സമയത്ത് ഒരു ചെറിയ വടിയുമായി സ്കൂൾ കോമ്പൗണ്ടിലൂടെ ഒരു നടത്തമുണ്ട് മാഷിന്. അപ്പോൾ എല്ലാ പൊട്ടിത്തെറിച്ച പിള്ളേരും ഒരു അരികിലേക്ക് ഒതുങ്ങിനിൽക്കും മാഷിന്റെ മുന്നിൽ പെട്ടാൽ ചോദ്യം ചെയ്യപ്പെടുമെന്ന് ഉറപ്പാണ്. അതായിരുന്നു രവീന്ദ്രൻമാഷ്. ഞങ്ങൾ സ്‌കൂൾ വിട്ടതിനുശേഷമാണ് കുറച്ചുകാലം രവീന്ദ്രൻ മാഷും പ്രധാന അധ്യാപനായി സേവനമനുഷ്ടിച്ചത്.
സ്കൂൾ കാലം കഴിഞ്ഞപ്പോഴും കമ്പിൽ ബസാറിലൂടെ നടന്നുപോവുന്ന മാഷേ കണ്ടിട്ടുണ്ട്. ഭയം കാരണം ഒഴിഞ്ഞുമാറാൻ ശ്രമിച്ചപ്പോൾ പരിചയഭാവത്തിൽ തലയാട്ടിയിട്ടുണ്ട്, ചിരിച്ചിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട്. വർഷങ്ങൾക്കു ശേഷം പ്രവാസജീവിതത്തിന്റെ തിരക്കിലും സ്കൂൾ കാലം ഓർക്കുകയും സുഹൃത്തുക്കളുമായി ഓർമ്മകൾ പങ്കിടുകയും ചെയ്യുമ്പോൾ അറിയാതെ നാവിൻതുമ്പത്ത് രവീന്ദ്രൻ മാഷ് എന്ന പേരും ഒഴുകിയെത്തും. ഭയത്തോടെയും ആദരവോടെയും രവീന്ദ്രൻമാഷെ ഓർക്കാത്ത ഒരാളും ആ കാലത്തെ വിദ്യാർത്ഥികളുടെ കൂട്ടത്തിൽ ഉണ്ടാവില്ല.
2019 ഡിസംബർ 14 ന് കമ്പിൽ സ്കൂളിൽ വച്ചുനടന്ന 1987 - 88 വർഷത്തെ SSLC ബാച്ചിന്റെ സംഗമത്തിന് അനാരോഗ്യം കാരണം മാഷിന് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. രണ്ടു ദിവസങ്ങൾക്കു ശേഷം ഞങ്ങൾ ഏതാനും കൂട്ടുകാർ മാഷ് താമസിച്ചിരുന്ന കടമ്പേരിയിലെ വീട്ടിൽ ചെന്ന് ആദരിച്ചു. സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ കണ്ടിരുന്ന, കമ്പിൽ ബസാറിലൂടെ നന്നുപോവുമ്പോൾ കണ്ടിരുന്ന മാഷേ ആയിരുന്നില്ല അവിടെ കട്ടിലിൽ കിടന്നിരുന്നത്. പരസഹായമില്ലാതെ നടക്കാൻ സാധിക്കാത്ത മാഷ് ഞങ്ങളെ കണ്ടപ്പോൾ സങ്കടം സഹിക്കാനാവാതെ ഒരു കൊച്ചുകുട്ടിയെപ്പോലെ വിതുമ്പിക്കരഞ്ഞുകൊണ്ടേയിരുന്നു. ഞങ്ങളിൽ പലരും മാഷിൻ്റെ ഓർമ്മകളിൽനിന്നും പടിയിറങ്ങിപ്പോയിരുന്നു, കൂട്ടത്തിൽ ഈ ഞാനും. അന്നായിരുന്നു രവീന്ദ്രൻമാഷെ അവസാനാമായി കണ്ടത്. ഒരു നിയോഗമെന്നപോലെ അന്ന് മാഷെ പൊന്നാട അണിയിച്ച് ആദരിക്കാനുള്ള അവസരം എനിക്കു ലഭിച്ചു. പൊന്നാട അണിയിച്ച ശേഷം ആ കാലിൽ തൊട്ടു വണങ്ങുമ്പോൾ എന്റെ ശിരസിൽ ദുർബലമായ ഒരു വിരൽസ്പർശം ഞാനറിഞ്ഞു. ഒരു പക്ഷെ, ആ ഒരു കടമ നിർവഹിക്കാൻവേണ്ടി മാത്രമായിരിക്കും, ആ ഒരു വിരൽസ്പർശനത്തിനുവേണ്ടി മാത്രമായിരിക്കും സംഗമത്തിന്റെ പേരിൽ വെറും ഒൻപതുദിവസത്തെ അവധിയിൽ ഞാൻ നാട്ടിലെത്തിയത്!
ഇപ്പോൾ ജീവിതത്തിന്റെ ചൂടേറ്റ് പൊള്ളുന്ന ഈ മരുഭൂമിയിൽ നിന്നുകൊണ്ട് ഒരു ഹൈസ്കൂൾ കുട്ടിക്ക്, ഒരു കൗമാരപ്രായക്കാരന് ഉണ്ടായിരുന്ന അതേ ഭയത്തോടെ അതേ ആദരവോടെ അഗ്നിനാളങ്ങൾ കഴുകിയ ആ പാദങ്ങളിൽ ഞാൻ മനസുകൊണ്ട് നമസ്കരിക്കുകയാണ്.
***

തിങ്കളാഴ്‌ച, മാർച്ച് 09, 2020

മിനിക്കഥകൾ


ചാറ്റ്ബോക്സ്:
വായനക്കാരി കഥാകാരനോട് ചാറ്റ്ബോക്സിൽ ചോദിച്ചു. "എന്റെ കഥയെഴുതാമൊ?" അപ്പോൾ കഥാകാരൻ അവളോട്‌ ചോദിച്ചു. "എന്താ നിന്റെ കഥ?" അവൾ അവളുടെ കഥ പറഞ്ഞു. അവളുടെ കഥ വായിച്ച് കഥാകാരൻ പറഞ്ഞു. "ഇതൊരു കുമ്പസാരക്കൂടല്ല. ചാറ്റ്‌ബോക്‌സാണ്." അപ്പോൾ അവൾ. "കുമ്പസാരക്കൂടിനെക്കാൾ സുരക്ഷിതമാണ് ഈ ചാറ്റ്ബോക്സ്, ഒരു ഫെയ്ക്ക് ഐ.ഡിയുണ്ടെങ്കിൽ."
 ***************************************************
ഡിജിറ്റൽ ക്ഷേത്രം:

ചാറ്റിങിനിടയിൽ അവൾ പറഞ്ഞു. "ക്ഷേത്രങ്ങളെല്ലാം ഡിജിറ്റിലാക്കണം. അതാ നല്ലത്. വിശ്വാസികൾക്കും സർക്കാരിനും കാര്യങ്ങൾ എളുപ്പമാവും "

ഞാൻ ചോദിച്ചു. "എങ്ങിനെ?"

അവൾ വിശദീകരിച്ചു. "വീട്ടിനകത്ത് നിന്നുതന്നെ ഓൺലൈനിൽ ക്ഷേത്രദർശനം നടത്താനുള്ള സൗകര്യം. വിഗ്രഹവും പൂജയുമൊക്കെ കാണാൻ സാധിക്കുന്നതരത്തിൽ."

ഞാൻ പറഞ്ഞു. "കൊള്ളാലോ നിന്റെ ഐഡിയ."

മറുപടിയായി അവളൊരു സ്‌മൈൽ സ്റ്റിക്കർ അയച്ചു.

അവളുടെ അഭിപ്രായത്തെ പിന്താങ്ങി ഞാൻ കൂട്ടിച്ചേർത്തു. "വഴിപാടുകൾക്ക് ഓൺലൈനിൽ പണമടച്ച് പ്രസാദം വീട്ടിൽ എത്തിച്ചുതരുന്ന തരത്തിൽ അല്ലെ?"

അപ്പോൾ അവളൊരു തമ്പ് ലൈക് ചെയ്തു.


 ***************************************************
കാഴ്ച:

കാലത്തുതന്നെ കുളിച്ച് ശുദ്ധിയായി. അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു. ശാന്തിക്കാരൻ പ്രസാദം കൈയിൽ ഇട്ടു കൊടുത്തു. ഇന്നലെ വൈകുന്നേരം മീൻ വാങ്ങിയപ്പോൾ മീൻകാരൻ കൊടുത്ത ബാക്കി ഇരുപതു രൂപ ശാന്തിക്കാരന്റെ കൈയിൽ അയാളും ഇട്ടു. നോട്ടിൽ പറ്റിപ്പിടിച്ച മീനിന്റെ ചൂളി അയാളും കണ്ടില്ല, ശാന്തിക്കാരനും കണ്ടില്ല. ദൈവം കണ്ടിട്ടുണ്ടാവുമോ? ഓഹ്.. കണ്ടെങ്കിലെന്താ? കാശ് കൊടുത്തത് ദൈവത്തിനല്ലല്ലൊ.


 ***************************************************