Kharaaksharangal - kkanakambaran.blogspot.com - Part of kharaaksharangal.blogspot.com

ബുധനാഴ്‌ച, ജനുവരി 07, 2015

പുതുവർഷം

               ഒരു വർഷം അവസാനിക്കുകയാണ്. പുതിയ വർഷം ആരംഭിക്കുമ്പോൾ ഫെയ്സ്ബുക്കിൽ ആശംസകളർപ്പിച്ചുകൊണ്ട്  എന്തെഴുതുമെന്ന് ഒരുദിവസം മുഴുവൻ ആലോചിച്ച ശേഷമാണ് രജനീഷ് വിശ്വനാഥൻ ഇങ്ങനെ എഴുതിയത്.

"നമ്മളിപ്പോൾ പോയ വർഷത്തെക്കുറിച്ച് ഓർമ്മകൾ പങ്കുവയ്ക്കുകയും വരാനിരിക്കുന്ന വർഷത്തെക്കുറിച്ച് സ്വപ്നം കാണുകയുമാണ്. പക്ഷെ, എല്ലാ ദിവസവും സംഭവിക്കുന്നതുപോലെ സൂര്യൻ ഉദിക്കുകയും നമുക്ക് മുന്നിലെ ഇരുട്ടിനെ ഇല്ലാതാക്കി പ്രകാശം പരത്തുന്നുവെന്നതിൽകവിഞ്ഞ് ജനുവരി ഒന്നിന്റെ ആരംഭത്തിന് മറ്റെന്തെങ്കിലും പ്രത്യേകതയുണ്ടോ?

ഒരുപക്ഷെ, ഇങ്ങനെയും പറയാമായിരിക്കാം. ഭൂമി സൂര്യനെ പ്രദക്ഷിണം ചെയ്ത് പൂർത്തീകരിക്കുകയും  മറ്റൊരു പ്രദക്ഷിണം തുടങ്ങുകയും ചെയ്യുന്ന നിമിഷം. അപ്പോൾ ഭൂമിക്ക് അങ്ങനെയൊരു സ്റ്റാർട്ടിങ്ങ് പോയിന്റോ ഫിനിഷിങ്ങ് പോയിന്റോ ഉണ്ടോ? ഇല്ലെന്നു തന്നെപറയാം. അത്  മനുഷ്യരുടെ മാത്രം ഫിനിഷിങ്ങ് പോയിന്റും സ്റ്റാർട്ടിങ്ങ് പോയിന്റുമാണ്.

കഴിഞ്ഞ ജനുവരി ഒന്നുമുതൽ മനുഷ്യർ ചെയ്തുകൊണ്ടിരുന്ന സ്നേഹവും സൗഹൃദവും പങ്കുവെക്കലിന്റെയും, പ്രതികാരത്തിന്റെയും, കള്ളത്തരത്തിന്റെയും, പൊങ്ങച്ചത്തിന്റെയും, പരദൂഷണങ്ങളുടെയും, ചതിയുടെയും, നിന്ദയുടെയും കണക്കുകൾ പരിശോധിച്ച്  വെട്ടിമാറ്റേണ്ടവ വെട്ടിമാറ്റാനും പുതിയ പട്ടിക തയ്യാറാക്കി പൂർത്തീകരിക്കാനാവാത്തവ പൂർത്തീകരിക്കാനും പുനരാഖ്യാനം ചെയ്യേണ്ടവ പുനരാഖ്യാനം ചെയ്യാനുമുള്ള പരിശ്രമത്തിന്റെ ആരംഭം.

അപ്പോഴും കാലം മനുഷ്യരെയും പിൻതള്ളി അതിന്റെ അനന്തമായ പ്രയാണം തുടരുകതന്നെ ചെയ്യുന്നു, സ്റ്റാർട്ടിങ്ങ് പോയിന്റോ ഫിനിഷിങ്ങ് പോയിന്റോ ഇല്ലാതെ.”

                അയാൾ എഴുതിയ സ്റ്റാറ്റസിലേക്ക്തന്നെ  നോക്കി  മാളവിക ഏറെ നേരം ഇരുന്നു. ലൈക്ക് ചെയ്യണോ എന്തെങ്കിലും കമന്റിടണോ എന്നാലോചിച്ചു. ഒരുവർഷം മുൻപ് വരെ രജനീഷ് എന്തെഴുതിയാലും ആദ്യം വായിക്കുന്നത് മാളവിക ആയിരുന്നു. ഫെയ്സ്ബുക്ക്  വരുന്നതിനും മുന്പെയുള്ള പതിവാണ്. അവളുടെ എഴുതപ്പെടാത്ത അഭിപ്രായങ്ങൾ ആയിരുന്നു അയാൾക്ക് ഏറ്റവും പ്രിയം. ഏറെ നേരത്തെ ആലോചനയ്ക്ക് ശേഷം സ്വന്തം വാളിൽ ഇങ്ങനെ എഴുതി.

"പന്ത്രണ്ട് വർഷങ്ങൾക്കുമുൻപ് ഡിസംബർ മുപ്പത്തിയൊന്ന് ജനുവരി ഒന്നുമായി ചേരുന്ന നിമിഷത്തിലാണ് ഞാനാദ്യമായി ഒരു പുരുഷന്റെ ചുണ്ടിൽ ചുംബിക്കുന്നത്. അല്ലെങ്കിൽ ആദ്യമായി ഒരു പുരുഷൻ എന്റെ ചുണ്ടിൽ ചുംബിക്കുന്നത്. ഊട്ടിയിലെ തണുപ്പിനെ വകവയ്ക്കാതെ പുതുവർഷത്തെ വരവേൽക്കാനുള്ള ആരവങ്ങൾക്കിടയിൽ.

ഞങ്ങൾ ജോലി ചെയ്തുകൊണ്ടിരുന്ന 'ദ ടവർ' എന്ന കണ്‍സ്ട്രക്ഷൻ കമ്പനിയുടെ പിക്നിക് ട്രിപ്പായിരുന്നു അത്. ആദ്യരാത്രിയിൽ എനിക്കയാൾ തന്ന ആർത്തിപൂണ്ട ചുടുചുംബനത്തെക്കാൾ മധുരവും സൗന്ദര്യവും അതിനായിരുന്നു.

വർഷങ്ങൾക്കുശേഷം ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചതും ഇതുപോലൊരു ഡിസമ്പർ മുപ്പത്തിയൊന്നാം തിയ്യതിയായിരുന്നു. അതായത് കഴിഞ്ഞ വർഷം. കാരണം അറിയുമ്പോൾ നിങ്ങളുടെ പ്രതികരണം എന്തായിരിക്കുമെന്നെനിക്കറിയില്ല. അയാൾക്കൊരു കുഞ്ഞിനെ വേണം. ഗർഭം ധരിക്കാനും പ്രസവിക്കാനും ഞാൻ തയ്യാറല്ലായിരുന്നു. ശാസ്ത്രം വളരെയേറെ പുരോഗമിച്ചുകഴിഞ്ഞ പുതിയ കാലത്ത് ഗർഭപാത്രത്തിന്റെ ഉപയോഗശൂന്യതയെക്കുറിച്ചാണ് ഞാനിപ്പോൾ  ചിന്തിക്കുന്നത്."

          കഴിഞ്ഞ വർഷം ഡിസംബർ മുപ്പത്തിയൊന്നാം തിയ്യതി വൈകുന്നേരം, സ്വന്തമായി വാടകയ്ക്കെടുത്ത ഫ്ലാറ്റിലേക്ക് മാറുമ്പോൾ  അവൾ പറഞ്ഞു. "വസ്ത്രങ്ങളും ലാപ്ടോപ്പും ഐഫോണും ഞാനെടുക്കുന്നുണ്ട്. ആഭരണങ്ങൾ ഷെൽഫിലുണ്ട്. താലിമാലയൊഴികെ. തീരുമാനമാവുന്നതുവരെ അതെന്റെ കഴുത്തിൽ കിടക്കട്ടെ."

"എന്തെങ്കിലും സഹായം ആവശ്യം വന്നാൽ വിളിക്കാൻ മടിക്കേണ്ട." രജനീഷ് പറഞ്ഞു.

അത് കേട്ടതായി ഭാവിക്കാതെ മാളവിക വാതിൽ തുറന്ന് പുറത്തേക്കിറങ്ങുമ്പോൾ ഇനിയെത്രകാലം തനിച്ച് കഴിയണമെന്ന് ആലോചിക്കുകയായിരുന്നു രജനീഷ്. അവരെ സംബന്ധിച്ച് ഇത് പുതിയ കാര്യമല്ല. വിവാഹം കഴിഞ്ഞ് എഴുവർഷത്തിനിടയിൽ പലതവണ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. ദേഷ്യം വരുമ്പോഴൊക്കെ ഡിവോർസിനെപ്പറ്റി പറഞ്ഞ് മറ്റൊരു ഫ്ലാറ്റിൽ മാളവിക തനിച്ച് താമസിക്കും. പക്ഷെ, അതൊന്നും ഒന്നരയോ രണ്ടോ മാസത്തിൽ കൂടുതൽ നിലനിന്നിരുന്നില്ല. അങ്ങനെയുള്ള സന്ദർഭങ്ങളിൽ ഒരു നാളിലാണ് കൂടെ ജോലി ചെയ്യുന്ന ലെബനോണ്‍കാരന്റെ അത്താഴത്തിനുള്ള ക്ഷണവും അത്താഴം കഴിച്ചുകൊണ്ടിരിക്കെ അയാൾ നടത്തിയ പ്രണയാഭ്യർത്ഥനയും ആ രാത്രിയിലെ ഉറക്കം അയാളുടെ ഫ്ലാറ്റിലാകാമെന്ന് ക്ഷണിച്ചതും തന്റെ ഫെയ്സ്ബുക്ക് ചുമരിൽ എഴുതിയത്. അതിന് കിട്ടിയ റെക്കോർഡ് ലൈക്കുകളും കമന്റുകളും ഫെയ്സുബുക്കിലെ സ്ത്രീകളിൽ കുറച്ചൊന്നുമല്ല അസൂയയുളവാക്കിയത്.

       എല്ലാവർഷവും ഡിസംബർ മുപ്പത്തിയൊന്നാം തിയ്യതി അവളുണ്ടായിരുന്നു കൂടെ. കഴിഞ്ഞ വർഷത്തേത് ആദ്യത്തെ അനുഭവമായിരുന്നു. അവൾ പോയിക്കഴിഞ്ഞപ്പോൾ തനിച്ചിരുന്ന് ചാനലുകളിലെ പുതുവർഷപ്പരിപാടികൾ കണ്ടുമടുത്തപ്പോൾ ടെലിവിഷൻ ഓഫ്‌ ചെയ്യാതെതന്നെ ലാപ്ടോപ്പ് ഓണ്‍ ചെയ്ത് വെറുതെ ഓരോ ഇടങ്ങളിൽ ക്ലിക്ക് ചെയ്ത് സമയം കളയുകയായിരുന്നു. പെട്ടെന്നാണ് ടെലിവിഷനിൽ നിന്നും ചെറുപ്പക്കാരുടെ നിലയ്ക്കാത്ത ആരവങ്ങൾ ഉയർന്നത്. പുതുവർഷപ്പുലരിയുടെ ആരവം.

മൊബൈൽ ഫോണ്‍ എടുത്ത് മാളവികയുടെ നമ്പറിലേക്ക് വിളിച്ചു. രജനീഷ് പറയുന്നതിന് മുൻപേ മാളവിക പറഞ്ഞു. "ഹാപ്പി ന്യു ഇയർ"
"സെയിം റ്റു യു."
അപ്പുറത്ത് ഫോണ്‍ ഡിസ്കണക്റ്റ് ആവുന്ന ശബ്ദം.

 രജനീഷ് ഓർത്തു. പ്രവാസജീവിതത്തിന്റെ ഒന്നാം വാർഷികത്തിൽ അവധിക്ക് നാട്ടിലെത്തിയപ്പോൾ - "നിനക്ക് ഇഷ്ട്ടമുള്ള പെണ്ണിനെ കൂട്ടികൊണ്ടുവരാം." - എന്നായിരുന്നു അച്ഛനും അമ്മയും പറഞ്ഞിരുന്നത്. "മതമോ ജാതിയോ പണമോ ഒന്നും കാര്യമാക്കേണ്ട." മാളവികയെ അവർക്കറിയാമായിരുന്നു.

"വല്ലപ്പോഴും എന്റെ അച്ഛനെയും അമ്മയെയും വിളിക്കണം." കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏതോ ഒരു ഫോണ്‍സംഭാഷണത്തിനിടയിൽ രജനീഷ് ഓർമ്മപ്പെടുത്തി. "പെട്ടെന്ന് അവർ ഇതറിയുമ്പോൾ ഉൾക്കൊള്ളാനായെന്ന് വരില്ല. അവരൊക്കെ പഴയ ആൾക്കാരല്ലേ?"

"അവർ മാത്രമല്ലല്ലൊ. നിങ്ങളും പഴഞ്ചനാണ്. പാരമ്പര്യത്തിന്റെ ബന്ധനങ്ങളിൽനിന്നും മുക്തനാവാൻ ഇനിയും സമയമുണ്ട്. അങ്ങനെയെന്തെങ്കിലും മാറ്റമുണ്ടെങ്കിൽ അറിയിച്ചാൽ മതി."

           ഒരു വർഷം കഴിഞ്ഞു. വീണ്ടും ഒരു ഡിസംബർ മുപ്പത്തിയൊന്ന്. മാളവിക പതിവുപോലെ ഒന്നരയോ രണ്ടോ മാസത്തിനുശേഷം തിരിച്ചുവന്നില്ല. ഒരു തവണ അവളുടെ ഫ്ലാറ്റിൽ പോയി വിളിച്ചു.

"വാർദ്ധക്ക്യത്തിന്റെ സങ്കല്പങ്ങൾക്കനുസരിച്ച് ജീവിക്കാൻ എനിക്കാവില്ല." അവൾ അങ്ങനെയാണ് പറഞ്ഞത്. "മകൾ, ഭാര്യ, അമ്മ, മുത്തശ്ശി ഇങ്ങനെയൊക്കെയാണ് ഞങ്ങൾ സ്ത്രീകൾ ജീവിക്കേണ്ടതെന്ന പിടിവാശി എന്തിനാണ്?"

                    ലാപ്ടോപ്പ് ക്ലോസ് ചെയ്ത് വീണ്ടും ടെലിവിഷന്റെ റിമോട്ട് കംട്രോൾ എടുത്ത്  ബട്ടണ്‍ അമർത്തി. പുതുവർഷത്തെ വരവേൽക്കാൻ നഗരങ്ങളോടൊപ്പം ചാനലുകളും തയാറായിക്കഴിഞ്ഞിരുന്നു. അപ്പോഴാണ്‌ മൊബൈൽഫോണ്‍ റിങ്ങ്  ചെയ്തത്. ഖത്തറിലെ കൂളിപ്പുഴ പഞ്ചായത്ത് കൂട്ടായ്മയുടെ പ്രസിഡണ്ട് ഡോക്ടർ ലത്തീഫിന്റെ ഭാര്യ നൂർജഹാന്റെ ശബ്ദം.

നൂർജഹാനിലൂടെയായിരുന്നു ഡോക്ടർ ലത്തീഫിനെ പരിചയപ്പെടുന്നത്. രജനീഷും നൂർജഹാനും അയൽപക്കക്കാരാണ്. പെയ്തുതീരാത്ത കാർമേഘങ്ങൾക്ക് കീഴെ ഒരു പുഴപോലെ രൂപം മാറുന്ന മാലപ്പറമ്പ് വയലിന്റെ ഇരുഭാഗങ്ങളിൽനിന്ന്കൊണ്ട്  സൗഹൃദം പങ്കിട്ടുവളർന്നവർ. കൂടാതെ കൂളിപ്പുഴ സ്കൂളിലെ സഹപാഠികളുമായിരുന്നു. ക്ലാസിലെ വികൃതിയായ ചെക്കൻ. ഏറ്റവും സുന്ദരിയും ഉപ്പകൊണ്ടുവരുന്ന ഗൾഫ് പെർഫ്യൂമിന്റെ സുഗന്ധവുമുള്ള പെണ്ണ്.  ഇളം റോസ് നിറമുള്ള അവളുടെ തുടുത്ത കവിളുകൾ പോലെ മറ്റു പെണ്‍കുട്ടികൾക്കില്ലാത്തതിന് ആണ്‍കുട്ടികൾ കാരണം കണ്ടെത്തി. "ദിവസവും പോത്തിറച്ചി തിന്നിട്ടാ."

പത്തുവർഷങ്ങൾക്കുമുൻപ് ഖത്തറിലേക്ക് വരുമ്പോൾ അവളുടെ ഉമ്മ ഉണ്ടാക്കിയ ഉന്നക്കായുടെ* ഭദ്രമായി പൊതിഞ്ഞ ഒരു കെട്ട് ഏല്പിക്കുമ്പോൾ ഡോക്ടർ ലത്തീഫിന്റെ ഫോണ്‍നമ്പറും കൊടുത്തു.

"രജനീഷ് പുറപ്പെട്ടോ?" നൂർജഹാൻ ചോദിച്ചു.
"ഇല്ല. ഇതാ ഒരു പതിനഞ്ചുമിനുട്ട്കൊണ്ട് അവിടെയെത്തും."
ഷേവ് ചെയ്യണം, കുളിക്കണം, ഒരു കട്ടൻചായ ഉണ്ടാക്കി കഴിക്കണം... എന്നിട്ടും വെറുതെ നുണ പറഞ്ഞു. "പതിഞ്ചുമിനുട്ട്കൊണ്ട് അവിടെയെത്തും."
"അതേയ്,  പുറപ്പെട്ടിട്ടില്ലെങ്കിൽ വണ്ടിയെടുക്കെണ്ടെന്ന് പറയാനാ വിളിച്ചേ. ഞങ്ങൾ അതുവഴിയാണ് വരുന്നത്.  ഒരുമിച്ച് പോകാം. ഒരു അരമണിക്കൂർ വെയിറ്റ് ചെയ്യ് കേട്ടോ. ഞങ്ങൾ റെഡിയാവുന്നെയുള്ളൂ."
"ഓകെ. ഇവിടെയെത്തുമ്പോൾ ഒന്നു വിളിക്കണേ."
അപ്പോഴേക്കും നൂർജഹാൻ ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തിരുന്നു. കൂളിപ്പുഴ പഞ്ചായത്തുകൂട്ടായ്മയുടെ ന്യുഇയർ ആഘോഷമുണ്ട്. അതിന്റെ വാർഷികം കൂടിയാണ്. അതിന് പോകാനാണ്.

അരമണിക്കൂർ സമയം ധാരാളമാണ്. ഷേവ് ചെയ്യുന്നതിനിടെ കട്ടൻചായ ഉണ്ടാക്കി  മീശയിലെ നരവീണ രോമങ്ങൾ മാത്രം വെട്ടിക്കളഞ്ഞ്  പേരിനൊരു കുളിയും കഴിഞ്ഞ് കട്ടൻചായയും കഴിച്ച്  വസ്ത്രം മാറുമ്പോഴേക്കും നൂർജഹാന്റെ ഫോണ്‍വിളി വീണ്ടും.
"ദാ ഞങ്ങളിവിടെ എത്തികെട്ടോ. വെളിയിലിറങ്ങി നിന്നോളു."

രണ്ടോ മൂന്നോ മിനുട്ട് മാത്രമേ കാത്തുനിൽക്കേണ്ടി വന്നുള്ളു. കാറിന്റെ മുൻവശത്തെ സീറ്റിൽ നൂർജഹാൻ ഇരിക്കുന്നതുകൊണ്ട്‌ പിന്നിലെ ഡോർ തുറന്നപ്പോഴാണ്, ഒട്ടും പ്രതീക്ഷിക്കാതെ മാളവിക മറ്റേ അറ്റത്ത്‌ ഇരിക്കുന്നു!

ഡോക്ടർ ലത്തീഫ്  പറഞ്ഞു. "വേഗം കയറു രജനീഷ്"

ഒരുതവണ മാത്രം തന്റെ  മുഖത്ത് നോക്കി പിന്നെ വെളിയിലേക്ക് നോക്കിയിരിക്കുകയായിരുന്നു മാളവിക. കാറിൽ ഡോക്ടർ  ലത്തീഫും രാജനീഷും മാത്രം സംസാരിച്ചു, തുടക്കത്തിൽ.

"രജനീഷ് ശ്രദ്ധിച്ചിട്ടുണ്ടോ?  മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ ചിഹ്നങ്ങളില്ലാതെയുള്ള ആഘോഷമാണ് ന്യുഇയർ."
"അതുകൊണ്ടുതന്നെ എങ്ങനെയും ആഘോഷിക്കാം." രജനീഷ് പറഞ്ഞു. "ജീവിതം വെറുമൊരു ആഘോഷം മാത്രമായി മാറുകയാണോ എന്നും തോന്നിപ്പോകുന്നു."

അവരോടൊപ്പം നൂർജഹാനും ചേർന്നു. രജനീഷ് പറഞ്ഞതിൽ കാര്യമില്ലാതില്ലാ ഇക്കാ. ഇക്കാലത്ത് മദ്യമില്ലാതെ എന്തെങ്കിലും ആഘോഷമുണ്ടോ?" അവൾ മാളവികയെ കൂട്ടുപിടിച്ചു. "അല്ലേ മാളവിക?"
മാളവികയുടെ പ്രതികരണം. "ഇനി സ്ത്രീകളും മദ്യപാനം ശീലിക്കണം."
ഡോക്ടർ ലതീഫ്  തമാശയെന്നപോലെ ആസ്വദിച്ചു. "ഹ...ഹ..." എന്നിട്ട് തുടർന്നു. "പലരാജ്യങ്ങളിലും സ്ത്രീകൾ മദ്യപിക്കുന്നുണ്ട്. ഇന്ത്യയിലുമുണ്ട് മദ്യപിക്കുന്ന സ്ത്രീകൾ."
"സ്ത്രീകളുടെ മദ്യപാനം പുതിയ കാര്യമല്ല." രജനീഷ് പറഞ്ഞു. "എന്റെ അഛമ്മ മദ്യപിക്കാറുണ്ടായിരുന്നു. സ്ഥിരമായിട്ടല്ലെങ്കിലും. പക്ഷെ, തെങ്ങിൻ കള്ളാണ്."

                    ഒരു റസ്ടോറണ്ടിന്റെ ഒന്നാം നിലയിലെ സാമാന്യം ചെറുതല്ലാത്ത ഹാളിൽ പാട്ടുപാടിയും നൃത്തമാടിയും പുതുവർഷത്തെ വരവേൽക്കുന്ന കുട്ടികളോടൊപ്പം മുതിർന്നവരും ചേർന്നു. ഭക്ഷണത്തിനുള്ള ഇടവേളയിൽ ഡോക്ടർ ലത്തീഫും നൂർജഹാനും സൂത്രത്തിൽ രജനീഷിനെയും മാളവികയെയും ഒരേ മേശയിൽ ഇരുത്തി.

                    രണ്ടുപേർക്ക് മാത്രം ഇരിക്കാവുന്ന വൃത്താകാരത്തിലുള്ള മേശയുടെ ഇരുവശത്തായി ഇരുന്ന് രണ്ടുപേരും വ്യത്യസ്ഥമായി പുതിയ വർഷത്തിന്റെ തുടക്കത്തെക്കുറിച്ച് ചിന്തിച്ചു.

പ്ലേറ്റിൽതന്നെ നോക്കിയിരിക്കുകയായിരുന്ന മാളവികയോട് രജനീഷ് സമ്മതം അറിയിച്ചു. "ഞാൻ ഡിവോർസിന് തയ്യാറാണ്."

"അപ്പോൾ കുഞ്ഞിനെ വേണ്ടേ?" മാളവികയുടെ ചോദ്യം.
***



----------------------------------------------------------------------------------------------
*ഉന്നക്കായ്‌ : മലബാറിലെ മുസ്ലീം വിടുകളിൽ ഉണ്ടാക്കുന്ന ഒരു പലഹാരം.