Kharaaksharangal - kkanakambaran.blogspot.com - Part of kharaaksharangal.blogspot.com

ഞായറാഴ്‌ച, ഫെബ്രുവരി 04, 2024

തിരിച്ചറിവ്




വെറുപ്പും പുച്ഛവുമായിരുന്നു എല്ലാവരോടും. 


ആരെയും കേൾക്കാൻ തയ്യാറായിരുന്നില്ല. കേൾവിശക്തി നഷ്ടപ്പെട്ടപ്പോഴാണ് എല്ലാവരെയും കേൾക്കണമെന്ന തോന്നലുണ്ടായത്.


ആരെയും കാണാൻ താത്പര്യമുണ്ടായിരുന്നില്ല. കാഴ്ചശക്തി  നഷ്ടപ്പെട്ടുപോയപ്പോഴാണ് എല്ലാവരെയും കാണണമെന്ന് തോന്നിത്തുടങ്ങിയത്.


ആരോടും സംസാരിക്കുന്നത് ഇഷ്ടമല്ലായിരുന്നു. സംസാരശേഷി നഷ്ടപ്പെട്ടുപോയപ്പാഴാണ് എല്ലാവരെയും പോലെ സംസാരിച്ചിരിക്കാൻ സാധിച്ചെങ്കിൽ എന്നാഗ്രഹിച്ചുപോയത്.


അവസാനം മരിച്ചുകിടന്നപ്പോഴായിരുന്നു ഇത്രയും കാലം അവസരങ്ങളുണ്ടായിട്ടും ജീവിച്ചിരുന്നില്ലല്ലോയെന്ന തിരിച്ചറിവുണ്ടായത്.

***

വ്യാഴാഴ്‌ച, സെപ്റ്റംബർ 28, 2023

ഒറ്റവരിക്കഥകൾ



മഴ:

പൊടുന്നനെ പെയ്ത മഴ എന്റെ കാൽപാദങ്ങളെ നനച്ചുകൊണ്ട് കുത്തിയൊഴുകിയപ്പോൾ ഞാൻ വീണ്ടുമൊരു കുട്ടിയായി.

***


തെരുവ്:

നായകൾ തെരുവിൽ സംഘടിച്ചു തുടങ്ങിയപ്പോഴാണ് പരസ്പരം കൊന്നുജീവിച്ച മനുഷ്യർ തെരുവിൽനിന്നും അപ്രത്യക്ഷമായത്.

***


പൂജ്യം:

പൂജ ചെയ്തുചെയ്താണ് അയാളൊരു വലിയ പൂജ്യമായത്.

***


ഇരിപ്പിടം:

അയാൾ എന്റെ അടുത്തുവന്ന് ഇരുന്നത് എന്നോടുള്ള ഇഷ്ടം കൊണ്ടായിരുന്നില്ല, നിന്നിടത്ത് ഇരിക്കാൻ ഇരിപ്പിടം കിട്ടാത്തതുകൊണ്ടായിരുന്നു.

***


കാത്തിരിപ്പ്:

എത്ര കാലമായി മഹാബലിയെ കാത്തിരിക്കുന്നു, വന്നത് പക്ഷെ, വാമനന്മാർ മാത്രമായിരുന്നു.

***