Kharaaksharangal - kkanakambaran.blogspot.com - Part of kharaaksharangal.blogspot.com

വെള്ളിയാഴ്‌ച, മേയ് 06, 2022

അലമാര




വായന അയാൾക്ക്‌ ഒരു ലഹരി ആയിരുന്നു. ഇന്നലെയാണ് ബസ് സ്റ്റോപ്പിൽ വച്ച്‌  ഒരു സുഹൃത്തുമായി അയാൾ സംസാരിച്ചത്. അയാൾ വായിച്ച പുസ്തകങ്ങളെക്കുറിച്ചായിരുന്നു അവരുടെ സംസാരം. പിന്നെ രാജ്യത്തെ രാഷ്ട്രീയസാഹചര്യത്തെക്കുറിച്ചും. പുസ്തകം വായിക്കുന്നവരെല്ലാം വിഡ്ഢികളും രാജ്യത്തിന്റെ ശത്രുക്കളുമാണെന്ന് വിശ്വസിക്കുന്ന വായനാശീലമില്ലാത്ത രണ്ടുമൂന്നുപേർ അവരുടെ സംസാരവും ശ്രദ്ധിച്ചുകൊണ്ട് ഇരുന്നു.

പിറ്റേദിവസം അയാളുടെ വീട്ടിൽ പോലീസുകാർ വന്നു. അയാളുടെ അലമാര പരിശോധിച്ചു. ഇത്രയധികം പുസ്തകങ്ങൾ കണ്ടപ്പോൾ തന്നെ  പോലീസുകാർക്കു ദേഷ്യം വന്നു. അവർ പുസ്തകങ്ങളുടെ പേര് വായിച്ചു. മഹാഭാരതം, രാമായണം, ഭഗവത് ഗീത, ഖുർആൻ, ബൈബിൾ, കമ്മ്യുണിസ്റ് മാനിഫെസ്റ്റോ, എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ... പക്ഷെ, ഒരു പേര് വായിച്ച് പോലീസുകാർ ഞെട്ടി. 'മാവോസേതൂങ്'. പിന്നെ ഒട്ടും താമസിച്ചില്ല, അയാളെ അറസ്റ്റ് ചെയ്തുകൊണ്ടുപോവുമ്പോൾ ആ ഒരു പുസ്തകം മാത്രം അവർ തൊണ്ടിമുതലായി എടുത്തുകൊണ്ടുപോയി.

അപ്പോൾ അലമാരയിൽ ഇരുന്ന് മാർക്‌സും ഏംഗൽസും പരസ്പരം നോക്കി. ലെനിൻ ചിന്താധീനനായി. ഗാന്ധിജി സത്യാന്വേഷണ പരീക്ഷണങ്ങൾ തുടർന്നു. ചെ ഗുവേര അന്തരീക്ഷത്തിലേക്ക് പുകയൂതി.  പോലീസുകാരുടെ ശ്രദ്ധയിൽ പെടാതെ പോയ ഒരു കുഞ്ഞുപുസ്തകത്താളിൽനിന്നും വർഗീസ് നിഷ്കളങ്കമായി ബ്ലാക്ക് ആൻഡ് വൈറ്റ് പുഞ്ചിരി തൂകി. നാഥൂറാം ഗോഡ്‌സെ തോക്കിൽ ഉണ്ട നിറച്ചു കാത്തുനിന്നു.

ടെലിവിഷൻ ചാനലുകളിൽ അന്തിചർച്ച, പിറ്റേദിവസത്തെ പത്രങ്ങളിൽ വലിയ തലക്കെട്ടുള്ള വാർത്ത, മാവോയിസ്റ്റ് പോലീസ് കസ്റ്റഡിയിൽ.
***

തിങ്കളാഴ്‌ച, ഓഗസ്റ്റ് 16, 2021

ഓർമ്മയിലെ ഓണം

തൊണ്ണൂറു വയസുള്ള ഗോവിന്ദൻ നമ്പ്യാർ ചാരുകസേരയിലിരുന്ന് മുന്നിൽ ഇരിക്കുന്ന ഇളം തലമുറയിൽപെട്ടവരോട് പറഞ്ഞു. “അന്ന് ഓണം എന്ന് വച്ചാൽ ദാനധർമ്മങ്ങളുടെ കാലമായിരുന്നു. ഈ നാട്ടിലെ താഴ്ന്ന ജാതിക്കാർക്കെല്ലാം സദ്യ നൽകിയ തറവാടായിരുന്നു, നമ്മുടേത്. ഞങ്ങൾ കുട്ടികൾക്ക് ഒരു ഉത്സവമായിരുന്നു. ഞങ്ങളുടെ പാടത്ത് ജോലി ചെയ്യുന്നവരുടെ മക്കൾ എന്റെയൊക്കെ പ്രായത്തിലുള്ള ആൺകുട്ടികളും പെൺകുട്ടികളും എല്ലാവരും ഞങ്ങൾ നൽകുന്ന സദ്യക്കായി വീടിന്റെ വളപ്പിൽ കാത്തുനിൽക്കാറുണ്ടായിരുന്നു. ഞങ്ങൾക്ക് അതൊക്കെ ഒരു അഭിമാനമായിരുന്നു.”


ഗോവിന്ദൻ നമ്പ്യാരുടെ അതേ പ്രായമുള്ള പൊക്കൻ അയാളുടെ ഇളം തലമുറയിൽപ്പെട്ടവരോട് പറഞ്ഞു. “അക്കാലത്തെ ഓണം ഞങ്ങൾക്കൊക്കെ ചോറ് തിന്നാനുള്ള ദിവസമായിരുന്നു. ബാക്കിയുള്ള ദിവസങ്ങളിൽ കഞ്ഞിയോ കഞ്ഞിവെള്ളമോ എന്തെങ്കിലും കിഴങ്ങുകളോ മാത്രമേ ആഹാരമായി ഉണ്ടാവാറുള്ളു. ജന്മിയുടെ വീടിന്റെ വളപ്പിൽ വെറും മണ്ണിൽ ഞങ്ങൾ താണ ജാതിക്കാരെല്ലാരും ഇരിക്കും. വാഴയിലയിലോ ഉപ്പില ചപ്പിലൊ പാളയിലോ ആണ് ചോറ് വിളമ്പിത്തരുക. അത് തിന്നുമ്പോഴാണ് ഞങ്ങളുടെ മനസ്സ് നിറയുക. ഞങ്ങളുടെ അച്ഛന്റെയും അമ്മയുടെയും അദ്ധ്വാനത്തിന്റെ ഫലം ഞങ്ങൾ രുചിച്ചറിയുന്നത് അന്നായിരുന്നു. നെല്ലെല്ലാം അവരുടെ പത്തായത്തിലല്ലെ?! ചിലപ്പോൾ ചോറ് തരൂല്ല. നെല്ല് കുത്തി അരിയാക്കിക്കൊടുത്താൽ കൊറച്ച് നെല്ലൊ അരിയൊ ഞങ്ങൾക്കും തരും. അത് വീട്ടിൽ കൊണ്ടുവന്ന്‌ ചോറ് വെക്കണം. അതായിരുന്നു ഞങ്ങളുടെ ഓണം.” ***