Kharaaksharangal - kkanakambaran.blogspot.com - Part of kharaaksharangal.blogspot.com

ശനിയാഴ്‌ച, ജൂലൈ 04, 2026

സൗഹൃദമരം

 ആ മരത്തിന്റെ തൈ ആരെങ്കിലും നട്ടതാണോ, ഏതെങ്കിലും പക്ഷി ഉപേക്ഷിച്ചു പോയ വിത്തിൽനിന്നും മുളച്ചു വന്നതാണോ എന്നറിയില്ല. ആ തൈ വളർന്നു, വലിയൊരു തണൽ മരമായി. അതിനു നൂറിലധികം  വർഷത്തെ പഴക്കമുണ്ടെന്ന് ഗ്രാമത്തിലെ പഴമക്കാർ സാക്ഷ്യപ്പെടുത്തി.


ചില കൂട്ടുകാർ മരത്തിനു ചുവട്ടിൽ ഒരു തറ കെട്ടി. ആളുകൾ പല നേരങ്ങളിലായി ചെറിയ ചെറിയ സംഘങ്ങളായി ജാതി-മത-പ്രായ ഭേദമന്യേ ആ മരത്തിനുകീഴെ തറയുടെ മുകളിൽ ഇരുന്ന് സൗഹൃദം പങ്കിട്ടു.

പാട്ടുകൾ പാടി, കവിതകൾ ചൊല്ലി, സിനിമാചർച്ചകൾ നടത്തി, സാഹിത്യ-രാഷ്ട്രീയ സംവാദങ്ങളിലേർപ്പെട്ടു, ചീട്ടുകളിച്ചു, പരദൂഷണങ്ങൾ പറഞ്ഞു, വ്യഭിചാരരഹസ്യങ്ങൾ പങ്കുവച്ചു. എല്ലാം കണ്ടും കേട്ടും മരം പിന്നെയും വളർന്നു പന്തലിച്ചു,. തണലായി, തണൽമരമായി. നാട്ടുകാർ സൗഹൃദമരമെന്ന് പേരിട്ടു വിളിച്ചു.

സൗഹൃദമരത്തിനുമുകളിൽ കാക്കകുടുംബങ്ങൾ കൂടുകെട്ടി ജീവിച്ചു. പകൽ സമയങ്ങളിൽ ചില്ലകളിൽ പ്രാവുകളും, കൊക്കുകളും, ചെമ്പോത്തുകളും, ഇണകളെയും കാത്തിരുന്നു, പ്രണയിച്ചു. രാത്രികാലങ്ങളിൽ മിന്നാമിനുങ്ങുകളും മൂങ്ങകളും ഇണചേർന്നു.

സൗഹൃദമരം ഗ്രാമത്തിന്റെ അടയാളമായി. ബസ് സ്റ്റോപ്പിന്റെ പേരായി. കലാസമിതിയുടെ ഓണാഘോഷത്തിന് ഘോഷയാത്ര ആരംഭിക്കുന്നതും ചുവപ്പ് വളണ്ടിയർമാരുടെ റൂട്ട്മാർച്ച്‌ ആരംഭിക്കുന്നതും  അഷ്ടമിരോഹിണിക്ക് ശോഭായാത്ര ആരംഭിക്കുന്നതും വാഹനപ്രചരണ ജാഥകൾക്കും കാൽനടപ്രചരണ ജാഥകൾക്കും സ്വീകരണം നൽകുന്നതും സൗഹൃദമരത്തിന്റെ ചുവട്ടിലായിരുന്നു. 

പാത വികസിപ്പിക്കുന്നതിന്റെ ഭാഗമായി സൗഹൃദമരം മുറിച്ചുമാറ്റണമെന്ന് പൊതുമരാമത്തുവകുപ്പ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയെ അറിയിച്ചു. 

നാട്ടുകാർ സംഘടിച്ചു, ആൾക്കൂട്ടമായി. ഒട്ടും താമസിയാതെ ഒരു കൂട്ടമായവർ പല കൂട്ടങ്ങളായി. സൗഹൃദമരം ഗ്രാമത്തിന്റെ സാംസ്കാരിക കേന്ദ്രമെന്ന് ഒരു കൂട്ടർ. പരിസ്ഥിതിക്ക് നേരെയുള്ള ആക്രണമെന്നു മറ്റൊരുകൂട്ടർ. അതൊരു ആധ്യാത്മീയസ്ഥാനമെന്ന് മറ്റൊരു കൂട്ടർ. ഒരു ദിവസം നേരം പുലർന്നപ്പോൾ സൗഹൃദമരത്തിനു ചുവട്ടിൽ ഒരു മൺ ചെരാത്  പ്രത്യക്ഷപ്പെട്ടു. വികസിച്ച പാത മൺചെരാതിനെ  ഭയന്ന് വഴിമാറി. പക്ഷെ,  പിന്നീടൊരിക്കലും ആ മരത്തിനു ചുവട്ടിൽ സൗഹൃദം തളിർത്തിട്ടില്ല.  
***