Kharaaksharangal - kkanakambaran.blogspot.com - Part of kharaaksharangal.blogspot.com

ബുധനാഴ്‌ച, ജനുവരി 07, 2015

പുതുവർഷം

               ഒരു വർഷം അവസാനിക്കുകയാണ്. പുതിയ വർഷം ആരംഭിക്കുമ്പോൾ ഫെയ്സ്ബുക്കിൽ ആശംസകളർപ്പിച്ചുകൊണ്ട്  എന്തെഴുതുമെന്ന് ഒരുദിവസം മുഴുവൻ ആലോചിച്ച ശേഷമാണ് രജനീഷ് വിശ്വനാഥൻ ഇങ്ങനെ എഴുതിയത്.

"നമ്മളിപ്പോൾ പോയ വർഷത്തെക്കുറിച്ച് ഓർമ്മകൾ പങ്കുവയ്ക്കുകയും വരാനിരിക്കുന്ന വർഷത്തെക്കുറിച്ച് സ്വപ്നം കാണുകയുമാണ്. പക്ഷെ, എല്ലാ ദിവസവും സംഭവിക്കുന്നതുപോലെ സൂര്യൻ ഉദിക്കുകയും നമുക്ക് മുന്നിലെ ഇരുട്ടിനെ ഇല്ലാതാക്കി പ്രകാശം പരത്തുന്നുവെന്നതിൽകവിഞ്ഞ് ജനുവരി ഒന്നിന്റെ ആരംഭത്തിന് മറ്റെന്തെങ്കിലും പ്രത്യേകതയുണ്ടോ?

ഒരുപക്ഷെ, ഇങ്ങനെയും പറയാമായിരിക്കാം. ഭൂമി സൂര്യനെ പ്രദക്ഷിണം ചെയ്ത് പൂർത്തീകരിക്കുകയും  മറ്റൊരു പ്രദക്ഷിണം തുടങ്ങുകയും ചെയ്യുന്ന നിമിഷം. അപ്പോൾ ഭൂമിക്ക് അങ്ങനെയൊരു സ്റ്റാർട്ടിങ്ങ് പോയിന്റോ ഫിനിഷിങ്ങ് പോയിന്റോ ഉണ്ടോ? ഇല്ലെന്നു തന്നെപറയാം. അത്  മനുഷ്യരുടെ മാത്രം ഫിനിഷിങ്ങ് പോയിന്റും സ്റ്റാർട്ടിങ്ങ് പോയിന്റുമാണ്.

കഴിഞ്ഞ ജനുവരി ഒന്നുമുതൽ മനുഷ്യർ ചെയ്തുകൊണ്ടിരുന്ന സ്നേഹവും സൗഹൃദവും പങ്കുവെക്കലിന്റെയും, പ്രതികാരത്തിന്റെയും, കള്ളത്തരത്തിന്റെയും, പൊങ്ങച്ചത്തിന്റെയും, പരദൂഷണങ്ങളുടെയും, ചതിയുടെയും, നിന്ദയുടെയും കണക്കുകൾ പരിശോധിച്ച്  വെട്ടിമാറ്റേണ്ടവ വെട്ടിമാറ്റാനും പുതിയ പട്ടിക തയ്യാറാക്കി പൂർത്തീകരിക്കാനാവാത്തവ പൂർത്തീകരിക്കാനും പുനരാഖ്യാനം ചെയ്യേണ്ടവ പുനരാഖ്യാനം ചെയ്യാനുമുള്ള പരിശ്രമത്തിന്റെ ആരംഭം.

അപ്പോഴും കാലം മനുഷ്യരെയും പിൻതള്ളി അതിന്റെ അനന്തമായ പ്രയാണം തുടരുകതന്നെ ചെയ്യുന്നു, സ്റ്റാർട്ടിങ്ങ് പോയിന്റോ ഫിനിഷിങ്ങ് പോയിന്റോ ഇല്ലാതെ.”

                അയാൾ എഴുതിയ സ്റ്റാറ്റസിലേക്ക്തന്നെ  നോക്കി  മാളവിക ഏറെ നേരം ഇരുന്നു. ലൈക്ക് ചെയ്യണോ എന്തെങ്കിലും കമന്റിടണോ എന്നാലോചിച്ചു. ഒരുവർഷം മുൻപ് വരെ രജനീഷ് എന്തെഴുതിയാലും ആദ്യം വായിക്കുന്നത് മാളവിക ആയിരുന്നു. ഫെയ്സ്ബുക്ക്  വരുന്നതിനും മുന്പെയുള്ള പതിവാണ്. അവളുടെ എഴുതപ്പെടാത്ത അഭിപ്രായങ്ങൾ ആയിരുന്നു അയാൾക്ക് ഏറ്റവും പ്രിയം. ഏറെ നേരത്തെ ആലോചനയ്ക്ക് ശേഷം സ്വന്തം വാളിൽ ഇങ്ങനെ എഴുതി.

"പന്ത്രണ്ട് വർഷങ്ങൾക്കുമുൻപ് ഡിസംബർ മുപ്പത്തിയൊന്ന് ജനുവരി ഒന്നുമായി ചേരുന്ന നിമിഷത്തിലാണ് ഞാനാദ്യമായി ഒരു പുരുഷന്റെ ചുണ്ടിൽ ചുംബിക്കുന്നത്. അല്ലെങ്കിൽ ആദ്യമായി ഒരു പുരുഷൻ എന്റെ ചുണ്ടിൽ ചുംബിക്കുന്നത്. ഊട്ടിയിലെ തണുപ്പിനെ വകവയ്ക്കാതെ പുതുവർഷത്തെ വരവേൽക്കാനുള്ള ആരവങ്ങൾക്കിടയിൽ.

ഞങ്ങൾ ജോലി ചെയ്തുകൊണ്ടിരുന്ന 'ദ ടവർ' എന്ന കണ്‍സ്ട്രക്ഷൻ കമ്പനിയുടെ പിക്നിക് ട്രിപ്പായിരുന്നു അത്. ആദ്യരാത്രിയിൽ എനിക്കയാൾ തന്ന ആർത്തിപൂണ്ട ചുടുചുംബനത്തെക്കാൾ മധുരവും സൗന്ദര്യവും അതിനായിരുന്നു.

വർഷങ്ങൾക്കുശേഷം ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചതും ഇതുപോലൊരു ഡിസമ്പർ മുപ്പത്തിയൊന്നാം തിയ്യതിയായിരുന്നു. അതായത് കഴിഞ്ഞ വർഷം. കാരണം അറിയുമ്പോൾ നിങ്ങളുടെ പ്രതികരണം എന്തായിരിക്കുമെന്നെനിക്കറിയില്ല. അയാൾക്കൊരു കുഞ്ഞിനെ വേണം. ഗർഭം ധരിക്കാനും പ്രസവിക്കാനും ഞാൻ തയ്യാറല്ലായിരുന്നു. ശാസ്ത്രം വളരെയേറെ പുരോഗമിച്ചുകഴിഞ്ഞ പുതിയ കാലത്ത് ഗർഭപാത്രത്തിന്റെ ഉപയോഗശൂന്യതയെക്കുറിച്ചാണ് ഞാനിപ്പോൾ  ചിന്തിക്കുന്നത്."

          കഴിഞ്ഞ വർഷം ഡിസംബർ മുപ്പത്തിയൊന്നാം തിയ്യതി വൈകുന്നേരം, സ്വന്തമായി വാടകയ്ക്കെടുത്ത ഫ്ലാറ്റിലേക്ക് മാറുമ്പോൾ  അവൾ പറഞ്ഞു. "വസ്ത്രങ്ങളും ലാപ്ടോപ്പും ഐഫോണും ഞാനെടുക്കുന്നുണ്ട്. ആഭരണങ്ങൾ ഷെൽഫിലുണ്ട്. താലിമാലയൊഴികെ. തീരുമാനമാവുന്നതുവരെ അതെന്റെ കഴുത്തിൽ കിടക്കട്ടെ."

"എന്തെങ്കിലും സഹായം ആവശ്യം വന്നാൽ വിളിക്കാൻ മടിക്കേണ്ട." രജനീഷ് പറഞ്ഞു.

അത് കേട്ടതായി ഭാവിക്കാതെ മാളവിക വാതിൽ തുറന്ന് പുറത്തേക്കിറങ്ങുമ്പോൾ ഇനിയെത്രകാലം തനിച്ച് കഴിയണമെന്ന് ആലോചിക്കുകയായിരുന്നു രജനീഷ്. അവരെ സംബന്ധിച്ച് ഇത് പുതിയ കാര്യമല്ല. വിവാഹം കഴിഞ്ഞ് എഴുവർഷത്തിനിടയിൽ പലതവണ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. ദേഷ്യം വരുമ്പോഴൊക്കെ ഡിവോർസിനെപ്പറ്റി പറഞ്ഞ് മറ്റൊരു ഫ്ലാറ്റിൽ മാളവിക തനിച്ച് താമസിക്കും. പക്ഷെ, അതൊന്നും ഒന്നരയോ രണ്ടോ മാസത്തിൽ കൂടുതൽ നിലനിന്നിരുന്നില്ല. അങ്ങനെയുള്ള സന്ദർഭങ്ങളിൽ ഒരു നാളിലാണ് കൂടെ ജോലി ചെയ്യുന്ന ലെബനോണ്‍കാരന്റെ അത്താഴത്തിനുള്ള ക്ഷണവും അത്താഴം കഴിച്ചുകൊണ്ടിരിക്കെ അയാൾ നടത്തിയ പ്രണയാഭ്യർത്ഥനയും ആ രാത്രിയിലെ ഉറക്കം അയാളുടെ ഫ്ലാറ്റിലാകാമെന്ന് ക്ഷണിച്ചതും തന്റെ ഫെയ്സ്ബുക്ക് ചുമരിൽ എഴുതിയത്. അതിന് കിട്ടിയ റെക്കോർഡ് ലൈക്കുകളും കമന്റുകളും ഫെയ്സുബുക്കിലെ സ്ത്രീകളിൽ കുറച്ചൊന്നുമല്ല അസൂയയുളവാക്കിയത്.

       എല്ലാവർഷവും ഡിസംബർ മുപ്പത്തിയൊന്നാം തിയ്യതി അവളുണ്ടായിരുന്നു കൂടെ. കഴിഞ്ഞ വർഷത്തേത് ആദ്യത്തെ അനുഭവമായിരുന്നു. അവൾ പോയിക്കഴിഞ്ഞപ്പോൾ തനിച്ചിരുന്ന് ചാനലുകളിലെ പുതുവർഷപ്പരിപാടികൾ കണ്ടുമടുത്തപ്പോൾ ടെലിവിഷൻ ഓഫ്‌ ചെയ്യാതെതന്നെ ലാപ്ടോപ്പ് ഓണ്‍ ചെയ്ത് വെറുതെ ഓരോ ഇടങ്ങളിൽ ക്ലിക്ക് ചെയ്ത് സമയം കളയുകയായിരുന്നു. പെട്ടെന്നാണ് ടെലിവിഷനിൽ നിന്നും ചെറുപ്പക്കാരുടെ നിലയ്ക്കാത്ത ആരവങ്ങൾ ഉയർന്നത്. പുതുവർഷപ്പുലരിയുടെ ആരവം.

മൊബൈൽ ഫോണ്‍ എടുത്ത് മാളവികയുടെ നമ്പറിലേക്ക് വിളിച്ചു. രജനീഷ് പറയുന്നതിന് മുൻപേ മാളവിക പറഞ്ഞു. "ഹാപ്പി ന്യു ഇയർ"
"സെയിം റ്റു യു."
അപ്പുറത്ത് ഫോണ്‍ ഡിസ്കണക്റ്റ് ആവുന്ന ശബ്ദം.

 രജനീഷ് ഓർത്തു. പ്രവാസജീവിതത്തിന്റെ ഒന്നാം വാർഷികത്തിൽ അവധിക്ക് നാട്ടിലെത്തിയപ്പോൾ - "നിനക്ക് ഇഷ്ട്ടമുള്ള പെണ്ണിനെ കൂട്ടികൊണ്ടുവരാം." - എന്നായിരുന്നു അച്ഛനും അമ്മയും പറഞ്ഞിരുന്നത്. "മതമോ ജാതിയോ പണമോ ഒന്നും കാര്യമാക്കേണ്ട." മാളവികയെ അവർക്കറിയാമായിരുന്നു.

"വല്ലപ്പോഴും എന്റെ അച്ഛനെയും അമ്മയെയും വിളിക്കണം." കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏതോ ഒരു ഫോണ്‍സംഭാഷണത്തിനിടയിൽ രജനീഷ് ഓർമ്മപ്പെടുത്തി. "പെട്ടെന്ന് അവർ ഇതറിയുമ്പോൾ ഉൾക്കൊള്ളാനായെന്ന് വരില്ല. അവരൊക്കെ പഴയ ആൾക്കാരല്ലേ?"

"അവർ മാത്രമല്ലല്ലൊ. നിങ്ങളും പഴഞ്ചനാണ്. പാരമ്പര്യത്തിന്റെ ബന്ധനങ്ങളിൽനിന്നും മുക്തനാവാൻ ഇനിയും സമയമുണ്ട്. അങ്ങനെയെന്തെങ്കിലും മാറ്റമുണ്ടെങ്കിൽ അറിയിച്ചാൽ മതി."

           ഒരു വർഷം കഴിഞ്ഞു. വീണ്ടും ഒരു ഡിസംബർ മുപ്പത്തിയൊന്ന്. മാളവിക പതിവുപോലെ ഒന്നരയോ രണ്ടോ മാസത്തിനുശേഷം തിരിച്ചുവന്നില്ല. ഒരു തവണ അവളുടെ ഫ്ലാറ്റിൽ പോയി വിളിച്ചു.

"വാർദ്ധക്ക്യത്തിന്റെ സങ്കല്പങ്ങൾക്കനുസരിച്ച് ജീവിക്കാൻ എനിക്കാവില്ല." അവൾ അങ്ങനെയാണ് പറഞ്ഞത്. "മകൾ, ഭാര്യ, അമ്മ, മുത്തശ്ശി ഇങ്ങനെയൊക്കെയാണ് ഞങ്ങൾ സ്ത്രീകൾ ജീവിക്കേണ്ടതെന്ന പിടിവാശി എന്തിനാണ്?"

                    ലാപ്ടോപ്പ് ക്ലോസ് ചെയ്ത് വീണ്ടും ടെലിവിഷന്റെ റിമോട്ട് കംട്രോൾ എടുത്ത്  ബട്ടണ്‍ അമർത്തി. പുതുവർഷത്തെ വരവേൽക്കാൻ നഗരങ്ങളോടൊപ്പം ചാനലുകളും തയാറായിക്കഴിഞ്ഞിരുന്നു. അപ്പോഴാണ്‌ മൊബൈൽഫോണ്‍ റിങ്ങ്  ചെയ്തത്. ഖത്തറിലെ കൂളിപ്പുഴ പഞ്ചായത്ത് കൂട്ടായ്മയുടെ പ്രസിഡണ്ട് ഡോക്ടർ ലത്തീഫിന്റെ ഭാര്യ നൂർജഹാന്റെ ശബ്ദം.

നൂർജഹാനിലൂടെയായിരുന്നു ഡോക്ടർ ലത്തീഫിനെ പരിചയപ്പെടുന്നത്. രജനീഷും നൂർജഹാനും അയൽപക്കക്കാരാണ്. പെയ്തുതീരാത്ത കാർമേഘങ്ങൾക്ക് കീഴെ ഒരു പുഴപോലെ രൂപം മാറുന്ന മാലപ്പറമ്പ് വയലിന്റെ ഇരുഭാഗങ്ങളിൽനിന്ന്കൊണ്ട്  സൗഹൃദം പങ്കിട്ടുവളർന്നവർ. കൂടാതെ കൂളിപ്പുഴ സ്കൂളിലെ സഹപാഠികളുമായിരുന്നു. ക്ലാസിലെ വികൃതിയായ ചെക്കൻ. ഏറ്റവും സുന്ദരിയും ഉപ്പകൊണ്ടുവരുന്ന ഗൾഫ് പെർഫ്യൂമിന്റെ സുഗന്ധവുമുള്ള പെണ്ണ്.  ഇളം റോസ് നിറമുള്ള അവളുടെ തുടുത്ത കവിളുകൾ പോലെ മറ്റു പെണ്‍കുട്ടികൾക്കില്ലാത്തതിന് ആണ്‍കുട്ടികൾ കാരണം കണ്ടെത്തി. "ദിവസവും പോത്തിറച്ചി തിന്നിട്ടാ."

പത്തുവർഷങ്ങൾക്കുമുൻപ് ഖത്തറിലേക്ക് വരുമ്പോൾ അവളുടെ ഉമ്മ ഉണ്ടാക്കിയ ഉന്നക്കായുടെ* ഭദ്രമായി പൊതിഞ്ഞ ഒരു കെട്ട് ഏല്പിക്കുമ്പോൾ ഡോക്ടർ ലത്തീഫിന്റെ ഫോണ്‍നമ്പറും കൊടുത്തു.

"രജനീഷ് പുറപ്പെട്ടോ?" നൂർജഹാൻ ചോദിച്ചു.
"ഇല്ല. ഇതാ ഒരു പതിനഞ്ചുമിനുട്ട്കൊണ്ട് അവിടെയെത്തും."
ഷേവ് ചെയ്യണം, കുളിക്കണം, ഒരു കട്ടൻചായ ഉണ്ടാക്കി കഴിക്കണം... എന്നിട്ടും വെറുതെ നുണ പറഞ്ഞു. "പതിഞ്ചുമിനുട്ട്കൊണ്ട് അവിടെയെത്തും."
"അതേയ്,  പുറപ്പെട്ടിട്ടില്ലെങ്കിൽ വണ്ടിയെടുക്കെണ്ടെന്ന് പറയാനാ വിളിച്ചേ. ഞങ്ങൾ അതുവഴിയാണ് വരുന്നത്.  ഒരുമിച്ച് പോകാം. ഒരു അരമണിക്കൂർ വെയിറ്റ് ചെയ്യ് കേട്ടോ. ഞങ്ങൾ റെഡിയാവുന്നെയുള്ളൂ."
"ഓകെ. ഇവിടെയെത്തുമ്പോൾ ഒന്നു വിളിക്കണേ."
അപ്പോഴേക്കും നൂർജഹാൻ ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തിരുന്നു. കൂളിപ്പുഴ പഞ്ചായത്തുകൂട്ടായ്മയുടെ ന്യുഇയർ ആഘോഷമുണ്ട്. അതിന്റെ വാർഷികം കൂടിയാണ്. അതിന് പോകാനാണ്.

അരമണിക്കൂർ സമയം ധാരാളമാണ്. ഷേവ് ചെയ്യുന്നതിനിടെ കട്ടൻചായ ഉണ്ടാക്കി  മീശയിലെ നരവീണ രോമങ്ങൾ മാത്രം വെട്ടിക്കളഞ്ഞ്  പേരിനൊരു കുളിയും കഴിഞ്ഞ് കട്ടൻചായയും കഴിച്ച്  വസ്ത്രം മാറുമ്പോഴേക്കും നൂർജഹാന്റെ ഫോണ്‍വിളി വീണ്ടും.
"ദാ ഞങ്ങളിവിടെ എത്തികെട്ടോ. വെളിയിലിറങ്ങി നിന്നോളു."

രണ്ടോ മൂന്നോ മിനുട്ട് മാത്രമേ കാത്തുനിൽക്കേണ്ടി വന്നുള്ളു. കാറിന്റെ മുൻവശത്തെ സീറ്റിൽ നൂർജഹാൻ ഇരിക്കുന്നതുകൊണ്ട്‌ പിന്നിലെ ഡോർ തുറന്നപ്പോഴാണ്, ഒട്ടും പ്രതീക്ഷിക്കാതെ മാളവിക മറ്റേ അറ്റത്ത്‌ ഇരിക്കുന്നു!

ഡോക്ടർ ലത്തീഫ്  പറഞ്ഞു. "വേഗം കയറു രജനീഷ്"

ഒരുതവണ മാത്രം തന്റെ  മുഖത്ത് നോക്കി പിന്നെ വെളിയിലേക്ക് നോക്കിയിരിക്കുകയായിരുന്നു മാളവിക. കാറിൽ ഡോക്ടർ  ലത്തീഫും രാജനീഷും മാത്രം സംസാരിച്ചു, തുടക്കത്തിൽ.

"രജനീഷ് ശ്രദ്ധിച്ചിട്ടുണ്ടോ?  മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ ചിഹ്നങ്ങളില്ലാതെയുള്ള ആഘോഷമാണ് ന്യുഇയർ."
"അതുകൊണ്ടുതന്നെ എങ്ങനെയും ആഘോഷിക്കാം." രജനീഷ് പറഞ്ഞു. "ജീവിതം വെറുമൊരു ആഘോഷം മാത്രമായി മാറുകയാണോ എന്നും തോന്നിപ്പോകുന്നു."

അവരോടൊപ്പം നൂർജഹാനും ചേർന്നു. രജനീഷ് പറഞ്ഞതിൽ കാര്യമില്ലാതില്ലാ ഇക്കാ. ഇക്കാലത്ത് മദ്യമില്ലാതെ എന്തെങ്കിലും ആഘോഷമുണ്ടോ?" അവൾ മാളവികയെ കൂട്ടുപിടിച്ചു. "അല്ലേ മാളവിക?"
മാളവികയുടെ പ്രതികരണം. "ഇനി സ്ത്രീകളും മദ്യപാനം ശീലിക്കണം."
ഡോക്ടർ ലതീഫ്  തമാശയെന്നപോലെ ആസ്വദിച്ചു. "ഹ...ഹ..." എന്നിട്ട് തുടർന്നു. "പലരാജ്യങ്ങളിലും സ്ത്രീകൾ മദ്യപിക്കുന്നുണ്ട്. ഇന്ത്യയിലുമുണ്ട് മദ്യപിക്കുന്ന സ്ത്രീകൾ."
"സ്ത്രീകളുടെ മദ്യപാനം പുതിയ കാര്യമല്ല." രജനീഷ് പറഞ്ഞു. "എന്റെ അഛമ്മ മദ്യപിക്കാറുണ്ടായിരുന്നു. സ്ഥിരമായിട്ടല്ലെങ്കിലും. പക്ഷെ, തെങ്ങിൻ കള്ളാണ്."

                    ഒരു റസ്ടോറണ്ടിന്റെ ഒന്നാം നിലയിലെ സാമാന്യം ചെറുതല്ലാത്ത ഹാളിൽ പാട്ടുപാടിയും നൃത്തമാടിയും പുതുവർഷത്തെ വരവേൽക്കുന്ന കുട്ടികളോടൊപ്പം മുതിർന്നവരും ചേർന്നു. ഭക്ഷണത്തിനുള്ള ഇടവേളയിൽ ഡോക്ടർ ലത്തീഫും നൂർജഹാനും സൂത്രത്തിൽ രജനീഷിനെയും മാളവികയെയും ഒരേ മേശയിൽ ഇരുത്തി.

                    രണ്ടുപേർക്ക് മാത്രം ഇരിക്കാവുന്ന വൃത്താകാരത്തിലുള്ള മേശയുടെ ഇരുവശത്തായി ഇരുന്ന് രണ്ടുപേരും വ്യത്യസ്ഥമായി പുതിയ വർഷത്തിന്റെ തുടക്കത്തെക്കുറിച്ച് ചിന്തിച്ചു.

പ്ലേറ്റിൽതന്നെ നോക്കിയിരിക്കുകയായിരുന്ന മാളവികയോട് രജനീഷ് സമ്മതം അറിയിച്ചു. "ഞാൻ ഡിവോർസിന് തയ്യാറാണ്."

"അപ്പോൾ കുഞ്ഞിനെ വേണ്ടേ?" മാളവികയുടെ ചോദ്യം.
***



----------------------------------------------------------------------------------------------
*ഉന്നക്കായ്‌ : മലബാറിലെ മുസ്ലീം വിടുകളിൽ ഉണ്ടാക്കുന്ന ഒരു പലഹാരം.

ചൊവ്വാഴ്ച, ഓഗസ്റ്റ് 12, 2014

നിറങ്ങൾ മിന്നിമറയുന്ന ഇടം

     മങ്ങിയ വെളിച്ചം മാത്രമുള്ള ഹാളിനകത്ത് ചുവപ്പ്‌വിരിയിട്ട മൂന്നുപേർക്കുമാത്രം ഇരിക്കാവുന്ന വൃത്താകൃതിയിലുള്ള മേശകളിലൊന്നിന്‍റെ അരികിലേക്ക് ക്ഷണിക്കപ്പെട്ടപ്പോൾ മുല്ലപ്പൂ ചൂടിയ അവളെ അത്ര കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. കസവുകരയുള്ള സെറ്റ്സാരിയുടെ മുൻഭാഗം നേരെയാണെന്ന് ഉറപ്പുവരുത്തി പുഞ്ചിരിതൂകി വിനയവും സ്നേഹവും സ്ഫുരിക്കുന്ന ശൈലിയിൽ ചോദിച്ചു. - "എന്താ എടുക്കണ്ടേ? ബിയർ, വിസ്കി, ബ്രാണ്ടി, റം?"

     ബിയർ ഓർഡർ ചെയ്തത് രമേഷ് ആണ്. ഏതാനും മിനുട്ടുകൾക്കകം ഒരു ട്രേയിൽ രണ്ട് ബിയറും രണ്ട് ഗ്ലാസുകളും രണ്ട് ചെറിയ പാത്രങ്ങളിൽ ചോളപ്പൊരിയും ഒലീവ്കായയുമായി അവൾ എത്തി. ബിയർ പതയില്ലാതെ ഗ്ലാസിലേക്ക് ഒഴിച്ച് അവർക്ക് മുന്നിൽ വച്ചുകൊടുക്കുമ്പോൾ വെറുതെ ഒരു പരിചയപ്പെടൽ എന്നപോലെ സ്റ്റീഫൻ അവളെ നോക്കി ചോദിച്ചു. - "പുതിയ ആളാണെന്ന് തോന്നുന്നു?"
"വന്നിട്ട് അഞ്ച് മാസായി." - പുഞ്ചിരിച്ചുകൊണ്ടുതന്നെ അവളുടെ മറുപടി.
"പേര്?"
"ജീന."

     ബാറിനകത്തേക്ക് ആളുകൾ പ്രവേശിച്ചുകൊണ്ടിരിക്കുകയാണ്. മിന്നിമറയുന്ന നിറങ്ങൾക്ക് നടുവിൽ ബോളിവുഡ് സിനിമാഗാനങ്ങളുടെ താളത്തിനൊപ്പം നർത്തകികൾ വശ്യമായ നൃത്തച്ചുവടുകൾ ആരംഭിച്ചിരുന്നു. മറ്റുള്ള സ്ത്രീകളോടൊപ്പം ജീനയും പരിശീലനം ലഭിച്ച പരിചാരകയെപ്പോലെ ആളുകളെ സ്വീകരിക്കാനും കസേരകളിലേക്ക്‌ ക്ഷണിക്കാനും ഉത്സാഹിച്ചു. ഇടയ്ക്ക് രമേഷിന്‍റെയും സ്റ്റീഫന്‍റെയും അരികിലെത്തി പരിചാരകയുടെ ജോലി നിർവഹിക്കാൻ അവൾ സമയം കണ്ടെത്തി.
"ബിയർ എടുക്കട്ടെ?" - അവൾ മേശയുടെ അരികിൽ കൈകൾവച്ച് അല്പം മുന്നോട്ട് ചാഞ്ഞ് പുഞ്ചിരിതൂകിക്കൊണ്ട്‌ ചോദിച്ചു.
"ഇത് കഴിയട്ടെ." -  സ്റ്റീഫൻ പ്രതിവചിച്ചു.
രമേഷ് ജീനയെ നോക്കി അവളുടെ സൗന്ദര്യം വിലയിരുത്തി. എന്നിട്ട് പറഞ്ഞു. - "ഞങ്ങൾ കഴിച്ചുതുടങ്ങിയതേയുള്ളൂ."
"നാട്ടിലെവിടെയാ?" - അവളുടെ പുഞ്ചിരി രമേഷിനെ ആകർഷിച്ചുതുടങ്ങിയിരുന്നു.
"കണ്ണൂർ." - അവൾ തിരിച്ചുചോദിച്ചു. - "നിങ്ങളോ?"
"ഞാനും കണ്ണൂരിലാണ്." - രമേഷ് തന്നെയാണ് ആദ്യം പറഞ്ഞത്. "ജീന കണ്ണൂരിലെവിടെയാ?"
"അത് പറയില്ല." - അവൾ പുഞ്ചിരിച്ചു. "രണ്ടുപേരും കണ്ണൂരാണോ?" - ചോദ്യം സ്റ്റീഫനോടായിരുന്നു.
"ഞാൻ കോട്ടയത്ത്. പേര് സ്റ്റീഫൻ. ഇത് രമേഷ്."
ഇടയ്ക്ക് മറ്റൊരു മേശയ്ക്കരികിൽനിന്ന് മൂന്ന് ചെറുപ്പക്കാർ വിളിച്ചപ്പോൾ അങ്ങോട്ട്‌ പോയി. അല്പസമയത്തിന്ശേഷം തിരിച്ചെത്തി.
"ബിയർ കഴിയാറായല്ലോ. ഒന്നുകൂടി എടുക്കാമല്ലേ?"
"ഇനി കൊണ്ടുവന്നോളൂ." - രണ്ടുപേരും ഒരേസമയം പറഞ്ഞു.
അവൾ ബാർകൗണ്ടറിനടുത്തേക്ക് നടന്നു.

     അപ്പോഴാണ്‌ രമേഷ്  കുറേ കാലങ്ങളായി മനസ്സിൽ കൊണ്ടുനടക്കുകയായിരുന്ന ആഗ്രഹം സ്റ്റീഫനുമുന്നിൽ പ്രകടിപ്പിച്ചത്. - "എനിക്ക് ഒരു രാത്രി ഒരു പെണ്ണിനോടൊപ്പം ജീവിക്കണം. പെണ്ണിനെ അറിയണം."
സ്റ്റീഫൻ ആദ്യം അത് കാര്യമായി എടുത്തില്ല. എങ്കിലും പറഞ്ഞു. - " ഈ സിറ്റിയിൽ അതിനെന്താണ് തടസം? ഏത് രാജ്യക്കാരിയാണോ നമ്മൾ ചിലവഴിക്കുന്ന സമയം എത്രയാണോ അതിനനുസരിച്ച് കാശുമുടക്കണമെന്ന്മാത്രം."
"നീയൊരിക്കൽ പറഞ്ഞിട്ടുണ്ടായിരുന്നു ഈ ഹോട്ടലിൽ അതിനുള്ള സൗകര്യമുണ്ടെന്ന്." - രമേഷ് സ്റ്റീഫനെ ഓർമ്മപ്പെടുത്തി.
സ്റ്റീഫൻ തലകുലുക്കി സമ്മദിച്ചു. - "ശരിയാണ്. ഞാനിവിടെ താമസിച്ചിട്ടുണ്ട്. നീയും ജെന്നിഫറും വരുന്നതിനുമുൻപ്. അന്നത്തെ പെണ്ണുങ്ങളൊക്കെ പോയി. ഇവരിൽ ആരൊക്കെ തയ്യാറാവുമെന്നറിയില്ല."

     ഫിലിപ്പീൻസുകാരിയായ ജെന്നിഫർ ഓഫീസിലെ സഹപ്രവർത്തകയാണ്. ജെന്നിഫർ അവരുടെ ഓഫീസിൽ ജോലിയിൽ പ്രവേശിച്ച ആദ്യനാളുകളിൽ ഒന്നും അറിയാതെ ഫയലുകളിൽ തെറ്റുകൾമാത്രം ചെയ്തുകൂട്ടിയപ്പോൾ അവളെ സഹായിച്ചത് സീനിയറായ സ്റ്റീഫനായിരുന്നു. അതിനവൾ പ്രതിഫലമായി നൽകിയത് വ്യാഴാഴ്ചകളുടെ രാവും വെള്ളിയാഴ്ചകളുടെ പകലും അവളുടെ മെത്തയിലെ തന്‍റെ മാദകത്വമായിരുന്നു.

     വ്യാഴാഴ്ച ഹാഫ്ഡേ ആയതിനാൽ രണ്ടരമണിക്ക് ഫ്ലാറ്റിലെത്തിയ ഉടനെ കുളികഴിഞ്ഞ് ഭക്ഷണം കഴിച്ചുവെന്ന് വരുത്തിത്തീർത്ത് ധൃതിയിൽ ഇറങ്ങിപ്പോവുമ്പോൾ സ്റ്റീഫൻ ഒന്നും പറയാറുണ്ടായിരുന്നില്ല, ആദ്യമൊക്കെ. രമേഷ് പുതിയ ആളായിരുന്നു, ഫ്ലാറ്റിലും ഓഫീസിലും ഗൾഫിൽതന്നെയും. രണ്ടായിരത്തിന്‍റെ ആരംഭകാലമായിരുന്നു അത്. ഏറെക്കാലം മനസ്സില്‍ കൊണ്ടുനടന്ന ഗള്‍ഫ്മോഹം സഫലമായതിന്‍റെ സന്തോഷത്തിലും വികസനത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന നഗരത്തിന്‍റെ വശ്യത സൃഷ്ടിച്ച അമ്പരപ്പിനുമിടയില്‍പ്പെട്ട ഒരു നാട്ടിന്‍പുറത്ത്കാരന്‍റെ മാനസികാവസ്ഥ എങ്ങിനെയായിരിക്കുമെന്ന് ഊഹിക്കാമല്ലോ. വിദ്യാഭ്യാസം നാട്ടിന്‍പുറത്തെ സ്കൂളുകളിലും വെറും രണ്ടരകിലോമീറ്റര്‍ മാത്രം അകലെയുള്ള പാരലല്‍ കോളേജിലും. പിന്നെ കുറച്ചുകാലം ഗ്രാമപ്രമുഖനായ കുഞ്ഞഹമ്മദ് ഹാജിയുടെ ബ്ലോക്ക്‌ബോര്‍ഡ് കമ്പനിയില്‍ ഒരേസമയം ടൈംകീപ്പറായും സൂപ്പര്‍വൈസറായും അക്കൌണ്ടന്റായും ഉള്ള തൊഴില്‍ പരിചയം.

     പക്ഷെ, സ്റ്റീഫന്‍ നേരെ വിപരീതമായിരുന്നു. പ്രീഡിഗ്രിക്ക് ശേഷം ഇന്ത്യന്‍നഗരങ്ങളിലൊന്നില്‍നിന്ന് മറ്റൊന്നിലേക്ക് മാറിക്കൊണ്ടിരുന്നു. കോയമ്പത്തൂരും ബംഗ്ലൂരുമായി ഉപരിപഠനം. മുംബെ, ഡല്‍ഹി, ഹൈദരാബാദ് തുടങ്ങിയ മഹാനഗരങ്ങളിലൂടെ തന്‍റെ വിദ്യാഭ്യാസത്തിന് യോജിച്ച ജോലി തേടിയുള്ള അലച്ചില്‍. നാഗരികതയുടെ ദയാരഹിതവും അല്ലാത്തതുമായ നിമിഷങ്ങളെ അനുഭവിച്ചറിഞ്ഞയാള്‍. ആ വൈരുദ്ധ്യംകൊണ്ടുതന്നെയായിരിക്കാം ആദ്യനാളുകളില്‍ ഇരുവര്‍ക്കുമിടയില്‍ വല്ലാത്ത അകല്‍ച്ച പ്രകടമായത്. ഒരേമുറിയിലായിരുന്നിട്ടും അപൂര്‍വ്വം മാത്രമുള്ള സംസാരത്തില്‍ ഒതുങ്ങിനിന്നു, ആദ്യമൊക്കെ. പിന്നീട് സാവകാശം അടുത്തു. കൂട്ടുകാരായി. നാഗരികതയുടെ വശ്യമായ സൗന്ദര്യത്തിനപ്പുറത്തെ ബീഭത്സമായ അകത്തളങ്ങളെക്കുറിച്ച് കേട്ടറിഞ്ഞത് സ്റ്റീഫനില്‍നിന്നാണ്. സ്റ്റീഫനോടൊപ്പം നഗരത്തിലെ ഗെല്ലികളിലൂടെയുള്ള സായാഹ്നസവാരികളില്‍ കണ്ടറിഞ്ഞു, ചില വൈരൂപ്യങ്ങള്‍!

     മാസാവസാനം ശമ്പളം കിട്ടിയാല്‍ ഏതെങ്കിലും ഒരു രാത്രി പാതിരാവോളം നിശാക്ലബ്ബില്‍ ബിയര്‍ നുണഞ്ഞുകൊണ്ട് ലോകത്തെപ്പറ്റിയും മനുഷ്യജീവിതങ്ങളുടെ കാല-ദേശ വൈരുദ്ധ്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തും അത്ഭുതപ്പെട്ടും സമയം ചിലവഴിക്കല്‍ ഒരു പുതിയ ശീലമായിക്കഴിഞ്ഞു. പലപ്പോഴും ജെന്നിഫര്‍ ഒരു കഥാപാത്രംപോലെ അവര്‍ക്കിടയില്‍ കടന്നുവന്നു. അവള്‍ക്ക് സ്റ്റീഫനെയും സ്റ്റീഫന് അവളെയും മടുത്തുതുടങ്ങിയിരുന്നു.

     സ്റ്റീഫന്‍ ജെന്നിഫറില്‍നിന്നൊ ജെന്നിഫര്‍ സ്റ്റീഫനില്‍നിന്നൊ ഒഴിഞ്ഞുമാറിയ ഒരു വ്യാഴാഴ്ചയിലെ രാത്രി ആയിരുന്നു അത്. രമേഷ് ബിയര്‍ ഇറക്കി ഒലീവ്കായ ചവച്ചുകൊണ്ട് ആഗ്രഹം പ്രകടിപ്പിച്ചത് തമാശയല്ലെന്ന് തിരിച്ചറിഞ്ഞ് സ്റ്റീഫന്‍ ഗൗരവം പൂണ്ടു. അപ്പോഴേക്കും ജീന ബിയറുമായി തിരിച്ചെത്തി.
"വെളിയിലൊക്കെ പോകാറുണ്ടോ?" - സ്റ്റീഫനാണ് ചോദിച്ചത്.
"മ്ഉം... വല്ലപ്പോഴും ഞങ്ങള്‍ക്ക് ആവശ്യമുള്ള കോസ്റ്റ്യൂംസും മറ്റും വാങ്ങിക്കാന്‍."
"തനിച്ചാണോ പോകാറ്?"
"അല്ല. തനിച്ച് വിടില്ല. ഞങ്ങള്‍ രണ്ടോ മൂന്നോ പേര്‍ ഉണ്ടാവും. സെക്ക്യൂരിറ്റിയായി രണ്ടാണുങ്ങളും."

     പിന്നെയും രണ്ടോ മൂന്നോ തവണ അവള്‍ ബിയറുമായി എത്തി. ഇടയ്ക്ക് മറ്റൊരു മേശയ്ക്കരികില്‍ തനിച്ചിരിക്കുകയായിരുന്ന വിദേശിയനായ അറബിയെ പരിചരിക്കുകയായിരുന്ന അവളുടെ ശരീരവടിവിലേക്ക് നോക്കി സ്റ്റീഫന്‍ പറഞ്ഞു - "നമുക്കൊന്ന് ശ്രമിച്ചുനോക്കാം."
അപ്പോള്‍ അറബി സ്പര്‍ശിക്കാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ അനുവദിക്കാതെ തെന്നിമാറി.
"നിനക്കല്ലേ ഈ ഹോട്ടലില്‍ പിടിപാടുള്ളത്?" - രമേഷ് സ്റ്റീഫനോട് ചോദിച്ചു.
"മ്ഉം... ഞാനൊന്ന് അവനെ വിളിച്ച് നോക്കട്ടെ." - ഹോട്ടലിന്‍റെ ഓഫീസിലെ പരിചയക്കാരനായ ജീവനക്കാരനെ ഉദ്ദേശിച്ച് സ്റ്റീഫന്‍റെ മറുപടി.

     അങ്ങനെയാണ് ആ രാത്രി അതേ ഹോട്ടലിലെ എട്ടാംനിലയിലെ നാൽപതാം നമ്പർ മുറിയിൽ കാത്തിരുന്ന രമേഷിന് അരികിൽ ജീന എത്തിയത്.
ഒരു ഭാവവ്യത്യാസവുമില്ലാതെയാണ് ചോദിച്ചത്. - "കാത്തിരുന്ന് ബോറടിച്ചോ?" - അവൾ മുടിയിലെ വാടിത്തുടങ്ങിയ മുല്ലപ്പൂ അഴിച്ച് ടീപോയിയുടെ മുകളിൽ വച്ചു.
"അല്പം ബോറടിച്ചു." - വെറുതെയെങ്കിലും രമേഷിന്‍റെ മറുപടി.
ആ രാത്രിയുടെ അവസാനം വീണ്ടും ഇതുപോലൊരു രാത്രിക്ക് വേണ്ടി കാത്തിരിക്കുന്നുവെന്ന് ഭംഗിവാക്ക് പറഞ്ഞപ്പോൾ അവൾ മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു. - "പക്ഷെ, ഞാനിവിടെ ഉണ്ടാവില്ല." - അവൾ തുടർന്നു. - "രണ്ടാഴ്ച കൂടുമ്പോൾ ഞങ്ങളെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് മാറ്റും."
"എവിടക്ക്?" - അറിയുമെങ്കിലും രമേഷ് അത്ഭുതം നടിച്ച് ചോദിച്ചു.
അവൾ വിശദീകരിച്ചു - "ഞങ്ങളുടെ മുതലാളിക്ക് വേറെയും അഞ്ചാറ് ബാറുകളുണ്ട്. രണ്ടാഴ്ച മാത്രമേ ഒന്നിൽ നിർത്തുകയുള്ളൂ. അടുത്ത രണ്ടാഴ്ച മറ്റൊരിടത്തായിരിക്കും. ഓരോ ബാറിലും ഇവിടുത്തെപ്പോലെ കുറെ ചെറിയചെറിയ ഹാളുകൾ. ഇന്ന് ഉണ്ടായിരുന്ന ഹാളിൽ ആയിരിക്കില്ല, നാളെ."
രമേഷ് പറഞ്ഞു - "എവിടെയായാലും അന്വേഷിച്ച് വരാലോ."
"എങ്ങിനെ വരും?" - അവൾ ചോദിച്ചു. എന്നിട്ട് വിശദീകരിച്ചു. - "ആരും അത് പറഞ്ഞുതരില്ല." ഞങ്ങൾക്കാണെങ്കിൽ മൊബൈൽഫോണ്‍ ഉപയോഗിക്കാൻ അനുവാദവുമില്ല." - തെല്ലുനേരം എന്തോ ആലോചിച്ച് അവൾ വീണ്ടും - "പിന്നെ ഹോട്ടലിൽ നിങ്ങളുടെ കൂട്ടുകാരൻ ഉണ്ടെന്നല്ലേ പറഞ്ഞത്. ചിലപ്പോൾ അയാൾ പറഞ്ഞുതരുമായിരിക്കും.അവരൊക്കെയാണ് തീരുമാനിക്കുന്നത് ഞങ്ങൾ എവിടെ ജോലി ചെയ്യണമെന്ന്."
രമേഷിന്‍റെ സംശയം - "മൊബൈൽ ഇല്ലാതെ പിന്നെയെങ്ങനെയാണ് വീട്ടിലേക്ക് വിളിക്കുന്നത്‌?"
"ആഴ്ചയിൽ ഒരു തവണ വീട്ടിലേക്ക് വിളിക്കാൻ അനുവദിക്കും. മറ്റെവിടേക്കും വിളിക്കാൻ പാടില്ല."
"അപ്പോൾ നീ പറഞ്ഞത് നുണയാണ്?"
"നുണയോ? എന്ത് നുണ?"
"ഇവിടെ സുരക്ഷിതയാണെന്ന്?"
"ഓ. അതോ? ഞാനിവിടെ സുരക്ഷിതയാണല്ലോ. അല്ലെങ്കിലും അങ്ങനെ പറയാനേ പാടുള്ളൂ. മറിച്ച് പറഞ്ഞാൽ ഒരുപക്ഷെ, ഞാൻ..." അവൾക്ക് വാചകം മുഴുമിപ്പിക്കാൻ സാധിച്ചില്ല. തെല്ലുനേരത്തെ മൗനത്തിനുശേഷം  ചോദിച്ചു - "സാറിനു കഴിയുമോ എന്നെ രക്ഷപ്പെടുത്താൻ?"
രമേഷിന് ശരിക്കും ഉത്തരം മുട്ടി. എന്തുപറയണമെന്നറിയാതെ നിശബ്ദനായി ഇരുന്നു.
"അതുകണ്ട് അവൾ പുഞ്ചിരിച്ചു. "സാറിനെന്നല്ല ആർക്കും കഴിയില്ല."
നേരത്തെ ബാറിൽ വച്ച് ബിയർ ഒഴിക്കുമ്പോഴുണ്ടായിരുന്ന സൗന്ദര്യം അവളുടെ മുഖത്തിന് ഇല്ലെന്ന് അയാൾക്ക്‌ തോന്നി. നിർവ്വികാരവും നിരാശാജനകവുമായിരുന്നു അപ്പോൾ. പുഞ്ചിരിയിലെ കൃത്രിമത്വം ശരിക്കും പ്രകടമായിരുന്നു.
ജീന വിവരിച്ചു - "രണ്ടുവർഷം മാത്രമേ ഞങ്ങൾ ഇവിടെ ഉണ്ടാവൂ. അതിൽ കൂടുതൽ ഇവിടെ നിർത്തില്ല. അപ്പോഴേക്കും കഴിയുന്ന പണമുണ്ടാക്കുക. ഇപ്പോൾ എനിക്ക് പണമാണാവശ്യം. കുറേ ആണുങ്ങളുടെ കൂടെ കിടക്കേണ്ടിവരുന്ന പെണ്ണിന്‍റെ കളങ്കം കുറച്ച് പണംകൊണ്ട് മാറിക്കിട്ടിയാലൊ."

     പിന്നീട് രണ്ടാമതൊരിക്കൽകൂടി ഇതുപോലൊരു സന്ദർഭത്തിലായിരുന്നു ജീന തന്നെക്കുറിച്ച് രമേഷിന് വിവരിച്ചു കൊടുക്കുന്നത്. അതിനുമാത്രം എന്താണ് ഇരുവരും തമ്മിലുള്ള അടുപ്പം എന്ന് കേൾക്കുന്നവർക്ക് തോന്നാം. ഇതേ തോന്നൽ രമേഷിനും ഉണ്ടായിരുന്നു. ഒരു വ്യഭിചാരിയിൽനിന്നും സഹതാപവും പണവും കിട്ടാനുള്ള ഒരു വേശ്യയുടെ കൗശലം മാത്രമാണിതെന്ന്തന്നെയായിരുന്നു അയാളും കരുതിയിരുന്നത്. പക്ഷെ, പല തവണകളായി ആവർത്തിച്ച്കേട്ടപ്പോൾ വിശ്വാസം വന്നുതുടങ്ങുകയായിരുന്നു.
അവൾ പറഞ്ഞു - "ഞാൻ പഠിച്ചത് ബ്യൂട്ടീഷൻ കോഴ്സ് ആയിരുന്നു. ഞങ്ങളുടെ അകന്ന ബന്ധത്തിൽപെട്ട ഒരാൾ മുഖേനയാണ് ഞാനിവിടെ എത്തുന്നത്. ഫൈവ് സ്റ്റാർ ഹോട്ടലിൽ ഡാൻസ് ചെയ്യുന്ന സ്ത്രീകൾക്ക് മെയ്ക്കപ്പ് ചെയുകയാണ് എന്റെ ജോലിയെന്നാണ് അയാൾ പറഞ്ഞിരുന്നത്. ഇവിടെയെത്തിയപ്പോഴാണറിയുന്നത് അയാളെന്നെ ചതിക്കുകയായിരുന്നുവെന്ന്. ബാറിൽ മദ്യം ഒഴിച്ചുകൊടുക്കലാണ് അവർ എനിക്ക് തന്ന ജോലി. കൂടെ ഇതും. ആകെ ഉണ്ടായിരുന്ന ആറ് സെന്റ്‌ ഭൂമി പണയപ്പെടുത്തിയാണ്‌ അനുജത്തിയെ നേഴ്സിങ്ങിന് ചേർത്തത്. വീടും പറമ്പും ജപ്തി ചെയ്യുമെന്ന സ്ഥിതിയായപ്പോൾ ഞാൻ സ്വയം തിരഞ്ഞെടുത്തതാണ്, പ്രവാസം."

     രമേഷിന് ശരിക്കും അവളോട് സഹതാപം തോന്നിത്തുടങ്ങിയിരുന്നു. "നിനക്ക് അച്ഛനും അമ്മയും ഇല്ലേ?"
"അച്ഛൻ." - പുച്ഛത്തോടെയാണ് അവൾ ആ വാക്ക് ഉച്ചരിച്ചത്. - "മൂക്കറ്റം കുടിച്ച് സ്വബോധമില്ലാതെ വീട്ടിൽ കയറിവരുന്ന ഏതോ ഒരാൾ മാത്രമാണെനിക്ക്. രാത്രിയിൽ വീട്ടിൽ കയറിവരുമ്പോൾ ആരെങ്കിലുമുണ്ടാവും കൂടെ. അവർ വരുന്നത് അച്ഛനോടുള്ള സ്നേഹംകൊണ്ടായിരുന്നില്ല. എന്നെയും അനുജത്തിയെയും അവരുടെ മുന്നിൽപെടാതെ ഒളിപ്പിച്ചുനിർത്തും, അമ്മ. എന്നിട്ടും തോറ്റുപോയി, ഇവിടെ."
അവൾ തുടർന്നു - "ആദ്യമൊക്കെ ഒഴിഞ്ഞുമാറി. വിസയുടെ കാശുകൊടുക്കാൻ ബാക്കിയുണ്ടായിരുന്നു. കൂടെ ജോലി ചെയ്യുന്ന സ്ത്രീകളിൽ പലരും എന്നെ നിർബന്ധിച്ചു, പ്രലോഭിപ്പിച്ചു. എന്നിട്ടും ഞാൻ പിടിച്ചുനിന്നു. പക്ഷെ, ഒരിക്കൽ കൈവിട്ടുപോയി, ഒരാളുടെ മുന്നിൽ. ധൈര്യം തന്ന് കൂടെനിന്നയാൾ ഇഷ്ടവും സ്നേഹവും നടിച്ച് ചതിച്ചു. പിന്നീട് അയാളെ കണ്ടിട്ടില്ല. കണ്ടത് ഞാനും അയാളും തമ്മിലുള്ള വീഡിയോ ആയിരുന്നു."  

     ഈ കഥകളൊക്കെ പറഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞു. അതിനുശേഷം ഓരോതവണ കാണുമ്പോഴും ജീനയിൽ വിനയവും സ്നേഹവും കൂടിവരുകയായിരുന്നു. രമേഷിൽ അവളോടുള്ള സഹതാപവും. 

"എത്രതവണ നമ്മൾതമ്മിൽ കണ്ടു ഇങ്ങനെ? ഓർമ്മയുണ്ടോ?" - രമേഷ് ചോദിച്ചു.
"അറിയില്ല. ഒർത്തുവച്ചിട്ടില്ല. ആരുടെയും മുഖം ഓർമ്മയിലുണ്ടാവരുതേയെന്ന് പ്രാർത്ഥിക്കുകയാണ്." - അവൾ അയാളുടെ ചുണ്ടിൽ ചുംബിച്ചു. - "പക്ഷെ, ഈ മുഖം ഞാൻ മറക്കില്ല, എത്ര തവണയെന്ന് ഓർമ്മയില്ലെങ്കിലും."
അവൾ ഒന്ന് നിശ്വസിച്ചു. - "ഇരുപത്തിമൂന്ന്മാസം കഴിഞ്ഞു. എനി ഒരുമാസംകൂടി. എങ്ങിനെയെങ്കിലും നാട്ടിലെത്തിയാൽ മതിയെനിക്ക്."
രമേഷ് അവളെ നോക്കി എന്തുപറയണമെന്ന് ആലോചിച്ചുകൊണ്ടിരുന്നു.
ജീന തന്നെ സംസാരം തുടർന്നു. അവൾ പതിവിലും വാചാലയായിരുന്നു. - "ഞാൻ കണ്ട ആണുങ്ങളിൽ ഏറ്റവും സ്നേഹമുള്ളയാൾ നിങ്ങളാണ്. പലർക്കും ഇത് ജീവനുള്ള ശരീരമായിരുന്നില്ല. എങ്ങനെയും ഉപയോഗിക്കാവുന്ന വെറുമൊരു മാംസക്കഷണം മാത്രം. എന്റെ ശരീരത്തിൽ അവർ ഏൽപ്പിക്കുന്ന വേദനയായിരുന്നു പലരുടെയും സംതൃപ്തി."
അവൾ ഓർത്തു. ആർത്തിപൂണ്ട മനുഷ്യരുടെ പല്ലുകൾ കൊണ്ട മുലക്കണ്ണുകളിലെ വേദന. തുടയ്ക്ക് പിന്നിലെ നഖക്ഷതങ്ങളിലെ നീറ്റൽ...
"പക്ഷെ, സാർ മാത്രം എന്താണിങ്ങനെ?" 
രമേഷ് അവളെനോക്കി പുഞ്ചിരിച്ചു. - "മൃഗങ്ങളെപ്പോലെ ഇണചേരുന്നത് എനിക്കിഷ്ടടമല്ല." - പൂർണ്ണമായും വിവസ്ത്രയായിക്കഴിഞ്ഞ അവളെ തന്നിലേക്കടുപ്പിച്ചുകൊണ്ടാണ് രമേഷ് അങ്ങനെ പറഞ്ഞത്.
"ങ്ഹ ഹ..." - അവൾ പ്രതിവചിച്ചു - "ഹേയ്... ഞാൻ നിങ്ങളുടെ കാമുകിയല്ല."
രമേഷിന്‍റെ കൈകൾ പിന്നെയും മുറുകി. - "ഈ നിമിഷം മുതൽ നീയെന്‍റെ കാമുകിയാണ്."
"പക്ഷെ, സാറിന് ഭാര്യയും കുട്ടികളുമുണ്ടല്ലോ? അപ്പോൾ എനിക്കെന്താണ് നിങ്ങൾക്കിടയിൽ പ്രസക്തി?"
"ഒരു കാമുകിയുടെ പ്രസക്തി അത്ര നിസാരമാണോ?"
"അതുവേണ്ട. നിങ്ങൾക്കിടയിലേക്ക് കയറിവന്ന് കുടുംബം തകർക്കാൻ ഞാനില്ല. പക്ഷെ, ഒരപേക്ഷയുണ്ട്. കാമുകിയുടെ അപേക്ഷ നിരസിക്കാൻ പാടില്ല." - അവൾ ഒരു കുസൃതിച്ചിരി ചിരിച്ചു.
അതുകേട്ട് രമേഷ് ചോദ്യഭാവത്തിൽ അവളെ നോക്കി. - "പറയൂ. കേൾക്കട്ടെ."
അവൾ പറഞ്ഞു. - "എനി മറ്റൊരു പെണ്ണിന്‍റെയടുത്ത് സാറ് പോകരുത്. ഭാര്യയേയും മക്കളേയും ഓർത്ത്. അവർ നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നുണ്ടാവും. ആലോചിച്ചുനോക്കിയിട്ടുണ്ടോ? പിന്നെ ഇതൊരു കാമുകിയുടെ സ്വാർത്ഥത കൂടിയാണ്. എനിക്ക് അഭിമാനിക്കാലോ എന്‍റെ കാമുകനെക്കുറിച്ച്."
"ഞാനും അങ്ങനെ ആലോചിച്ചു തുടങ്ങിയിരിക്കുന്നു. എന്‍റെ ജീവിതത്തിലെ ശരിതെറ്റുകളെക്കുറിച്ച്." ഈയിടെയായി രമേഷിൽ കുറ്റബോധം തോന്നിത്തുടങ്ങിയിരുന്നു. - "അവരെ കൊണ്ടുവരണം. എത്രയും പെട്ടെന്ന്."
"എങ്കിൽ സത്യം ചെയ്യു. ഏറ്റവും ഇഷ്ടമുള്ളയാളെ മനസ്സിൽ വിചാരിച്ചുകൊണ്ട്‌." - അവൾ രമേഷിന് നേരെ കൈ നീട്ടി.
രമേഷ് ആ കൈയ്യിൽ തൊട്ടു. മൃദുലമായി തലോടി.
"ഇതുകണ്ടോ?" - അവൾ കഴുത്തിലെ നക്ലസ് കാണിച്ചുകൊണ്ട് പറഞ്ഞു. - "ഒരു അറബി തന്നതാ. ഒരു കിഴവൻ. ഒന്നിനും പറ്റില്ല അയാളെക്കൊണ്ട്. വന്നിട്ട് വെറുതെ സമയവും പൈസയും ചിലവഴിച്ച് തിരിച്ചുപോകും. അയാൾക്കാണെങ്കിൽ ഞാൻതന്നെ വേണംതാനും. അടുത്തമാസം നാട്ടിലേക്ക് പോകുമെന്ന് അയാളോടാരോ പറഞ്ഞു."
രമേഷ് അതിലേക്ക് നോക്കാൻ താല്പര്യം കാണിച്ചില്ല. ചോദിച്ചു. - "തിരിച്ചുപോയിട്ട് എന്താ പ്ളാൻ?"
"എന്ത് പ്ളാൻ? എനിക്കൊന്നുമറിയില്ല. ഇപ്പോൾ ഒരാഗ്രഹമേയുള്ളൂ. എങ്ങനെയെങ്കിലും നാട്ടിലെത്തണം."
കുറേ നേരം ആലോചിച്ച ശേഷം ഓർത്തെടുത്തപോലെ അവൾ ചോദിച്ചു. "ഒരു തമാശ കേൾക്കണോ?"
"എന്താണിത്ര വലിയ തമാശ?"
"കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിലേക്ക് വിളിച്ചപ്പോൾ അമ്മ പറയുകയാണ്‌, ഇനി സ്വന്തം കാര്യത്തെക്കുറിച്ച് ചിന്തിക്കണമെന്ന്. പരിചയമുള്ള രണ്ട്മൂന്ന് ബ്രോക്കർമാരോട് പറഞ്ഞുവച്ചിട്ടുണ്ട്. പറ്റിയ ചെറുക്കൻ ഉണ്ടെങ്കിൽ പറയണമെന്ന്."
"എന്നിട്ട് നീയെന്ത് പറഞ്ഞു?"
"എന്ത്പറയാൻ? ചിരിക്കണോ കരയണോ? രണ്ടിനും സാധിച്ചില്ല. ഒന്ന് പൊട്ടിക്കരയാൻ പോലും അനുവദിക്കാത്ത ജീവിതമാണ് എന്നെപോലുള്ളവരുടേത്. ആദ്യത്തെ രണ്ടുമൂന്ന്മാസം കരഞ്ഞുതീർത്തു. ആത്മഹത്യയെക്കുറിച്ച്പോലും ചിന്തിച്ചു."
"ഇവിടുന്നു പോകുമ്പോൾ എല്ലാ ഓർമ്മകളും അനുഭവങ്ങളും ഇവിടെ ഉപേക്ഷിച്ചുവേണം പോകാൻ. ഒന്നും കൂടെ കൊണ്ടുപോകരുത്." - രമേഷ് വെറുതെ ആശ്വസിപ്പിക്കാനെന്നപോലെ പറഞ്ഞു.
"മ്ഉം. ശ്രമിക്കും. അതുതന്നെയാണ് എന്‍റെയും ആഗ്രഹം. പിന്നെ..." - അവൾ ഒന്ന് നിർത്തി. അല്പം മടിച്ചുകൊണ്ടാണെങ്കിലും തുടർന്നു. - "നമ്മളാദ്യം പരിചയപ്പെട്ടപ്പോൾ ഞാനൊരു നുണ പറഞ്ഞിട്ടുണ്ട്. അങ്ങനെയേ പറയാൻ പാടുള്ളൂ എന്നായിരുന്നു ഞങ്ങൾക്ക് പറഞ്ഞുതന്നത്."
രമേഷ് കൗതുകത്തോടെ അവളെ നോക്കി.
"എന്റെ പേര് ജീന എന്നല്ല."
"പിന്നെ?"
"സജ്ന എന്നാണ്. നാട് കണ്ണൂരെന്ന് പറഞ്ഞതും നുണയാണ്."
"പിന്നെയെവിടെയാണ്?"
"അത് പറയില്ല. രഹസ്യമായിത്തന്നെയിരിക്കട്ടെ. പറഞ്ഞാൽ സാറെന്നെ അന്വേഷിച്ച് വന്നാലോ."
രമേഷ് ഒന്നും പറഞ്ഞില്ല. അവളെ ബലമായി പുണരുകമാത്രം ചെയ്തു. രമേഷും സജ്നയും പുണർന്നുകിടന്നു.
അവൾ ഇങ്ങനെ പറഞ്ഞു. "ഞാനിവിടെ വന്നിട്ട് ആദ്യമായി ഒരാളോട് സത്യം പറഞ്ഞു. ഇന്നെനി സുഖമായുറങ്ങണം. വൈകുന്നേരം വീണ്ടും അണിഞ്ഞൊരുങ്ങണം."
അപ്പോൾ ചുമരിലെ ക്ലോക്കിൽ മൂന്ന്മണി കഴിഞ്ഞിരുന്നു.
***

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 16, 2013

വ്യർത്ഥം

         
          അന്ന് ബസ്സിൽ നല്ല തിരക്കായിരുന്നു. എങ്ങനെയൊക്കെയോ തിക്കിത്തിരക്കി ഇറങ്ങാനായി വാതിൽപ്പടവുകളിലേക്ക് കാലെടുത്തുവയ്ക്കാൻ തുനിയുമ്പോഴാണ് ഒരാൾ പവിത്രനെ തോണ്ടിവിളിച്ചത്. തിരിഞ്ഞുനോക്കി. ഭാസ്കരൻമാഷാണ്.
"എപ്പഴാ വന്നെ?"
"ഒരാഴ്ചയായി"
പിന്നെയും മാഷ്‌ എന്തോ ചോദിക്കുകയോ പറയുകയോ ചെയ്തു. കേട്ടില്ല. അപ്പോഴേക്കും ഇറങ്ങിക്കഴിഞ്ഞിരുന്നു. പവിത്രൻ നേരെ മുൻവാതിലനടുത്തേക്ക് പോയി ഇറങ്ങാൻ പ്രയാസപ്പെടുന്ന അമ്മയെയും ഭാര്യയേയും മക്കളെയും കാത്തുനിന്നു.
ഭാസ്കരൻമാഷ്‌ സീറ്റിൽനിന്നെഴുന്നേറ്റ്‌ തല പുറത്തേക്കിട്ട് വിളിച്ചു. "പവീ...ഒന്ന് കാണണം."
"ഞാൻ വരാം..." പവിത്രൻ മറുപടി പറയുമ്പോഴേക്കും ബസ്സ്‌ മുന്നോട്ട് നീങ്ങി. തെക്കോട്ടുള്ള വളവ് തിരിഞ്ഞ് ചാമുണ്ടിക്കാവിലേക്ക് കുന്നിറങ്ങി.

          ഇടവഴി വെട്ടി വീതികൂട്ടിയ പാതയുടെ ഇരുഭാഗത്തേയും പറങ്കിമാവിൽനിന്നും ഇറ്റിവീണ മഴവെള്ളത്തിൽ താറിളകിപ്പോയ കല്ലുകൾക്ക്മുകളിലൂടെ വീട്ടിലേക്ക് നടക്കുമ്പോൾ പവിത്രൻ ഭാര്യ ഉഷയോടും അമ്മയോടുമായി സംശയം പങ്കുവച്ചു. "ഭാസ്കരൻമാഷ്‌ എന്തിനായിരിക്കും കാണാൻ പറഞ്ഞിട്ടുണ്ടാവുക?" 
"പൈസക്ക് വേണ്ട്യായിരിക്കും. അല്ലാതെന്തിനാ?" ഉഷ നീരസത്തോടെ പറഞ്ഞു.
"മറ്റെന്തെങ്കിലും കാര്യുണ്ടാവും അല്ലാണ്ടങ്ങനെ പറയില്ല."  പവിത്രൻ ഉഷയെ തിരുത്തി.
അപ്പോൾ അമ്മ. "നിന്ക്ക് കയ്ന്നത് കൊടുത്തെ. കൊടുക്കാഞ്ഞിറ്റ് പരാതീം ദേഷ്യും ആകണ്ട."
ഉഷ വിയോജിപ്പ് പ്രകടിപ്പിച്ചു. "എല്ലാ വരവിനും കൊടുക്കണോ സംഭാവന? കഴിഞ്ഞ പ്രാവശ്യം വന്നപ്പൊ  കൊടുത്തത് പോരെ?"
ഉഷ അങ്ങനെയേ പറയൂ. അല്പം പിശുക്കിയാണ്. അതിനർത്ഥം പൈസയോട് അത്യാഗ്രഹമുള്ളവളെന്ന് തെറ്റിധരിക്കരുത്. ഒരു ഭാര്യയുടെ കടമ ഭംഗിയായി നിർവ്വഹിക്കാൻ ശ്രമിക്കുന്നവളാണ്. പവിത്രൻ അങ്ങനെയേ കരുതാറുള്ളൂ. 

          ഭാസ്കരൻമാഷ്‌ മാലപ്പറമ്പിലെ ഒരു പ്രമുഖ സാംസ്കാരികപ്രവർത്തകനാണ്. പവിത്രന്റെ അച്ഛൻ കുമാരൻ മരണപ്പെടുന്നതുവരെ ആ വീട്ടിലെ ഒരു സന്ദർശകനായിരുന്നു അദ്ദേഹം. ദുബായിൽനിന്നും അവധിയിൽ എത്തുമ്പോഴൊക്കെ പവിത്രനിൽനിന്ന് സംഭാവന ചോദിക്കുക പതിവാണ്. വായനശാലയ്ക്ക് വേണ്ടി അല്ലെങ്കിൽ കലാസമിതിക്ക് വേണ്ടി അതുമല്ലെങ്കിൽ സ്കൂളിന്റെ പി.ടി.എ ക്ക് വേണ്ടി. രണ്ടുദിവസം വായനശാലയിലും കലാസമിതിയിലും അന്വേഷിച്ചു. കണ്ടില്ല. അങ്ങനെയാണ് സ്കൂളിൽ പോയി കണ്ടത്. അദ്ദേഹം ഓഫീസ്റൂമിൽ ഹെഡ്മാസ്റ്ററുടെ കസേരയിൽ ഇരുന്ന് എന്തൊക്കെയോ എഴുതുകയായിരുന്നു.
"പവിത്രാ കയറിയിരിക്കൂ."
ഓഫീസ്റൂമിലേക്ക്‌ കയറിയപ്പോൾ പവിത്രന്റെ മനസ്സിൽ ഗൃഹാതുരമായ ഓർമ്മ ഉണർന്നുവരാതിരുന്നില്ല.    ഇരുപത്തിയെട്ട്  വർഷങ്ങൾക്ക് മുൻപ് ഏഴാംതരം കഴിഞ്ഞ് കൂളിപ്പുഴ സ്കൂളിൽ എട്ടാംതരത്തിൽ ചേരാൻ ടി.സി വാങ്ങിക്കുന്നതിനാണ് അവസാനമായി ഈ മുറിക്കകത്ത് ഇങ്ങനെ നിന്നത്. അന്ന് ഭാസ്കരൻമാഷ്‌ ഇരിക്കുന്നിടത്ത്‌ ഗോപാലൻമാഷായിരുന്നു. കസേരയും മാറിയിട്ടുണ്ട്. മേശ പഴയത് തന്നെയാണെന്ന് തോന്നി, കണ്ടപ്പോൾ.
"പവിത്രൻ ഇരിക്കൂ" അഭിമുഖമായി ഇട്ടിരിക്കുന്ന കസേരയിലേക്ക് ചൂണ്ടി ഭാസ്കരൻമാഷ്‌ ക്ഷണിച്ചു.
ഗൃഹാതുരമായ ഓർമ്മകൾ മനസ്സിൽനിന്നിറക്കാതെതന്നെ മാഷിന്റെ ക്ഷണം സ്വീകരിച്ചു.
"ധൃതിയുണ്ടോ പോകാൻ?" മാഷിന്റെ ചോദ്യം "ഒരു അഞ്ചുമിനിട്ട് കാത്തിരിക്കുന്നതിൽ ബുദ്ധിമുട്ടാവുമൊ?"
"ഇല്ല മാഷെ"
അദ്ദേഹം അഞ്ചുമിനുട്ടിൽ കൂടുതൽ സമയമെടുത്തു. എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകം അടച്ചുവച്ച് മാഷ്‌ പറഞ്ഞു. "ഒരു അദ്ധ്യാപകന്റെ ഉത്തരവാദിത്തം വളരെ വലുതാണ്‌. സമൂഹത്തെ വാർത്തെടുക്കുന്നത് ഞങ്ങളല്ലെ." 
പവിത്രൻ വെറുതെ പുഞ്ചിരിക്കുക മാത്രം ചെയ്തു. എന്നിട്ട് ചോദിച്ചു "മാഷ്‌ എന്തിനാ എന്നോട് കാണണമെന്ന് പറഞ്ഞെ?"
മറുപടി ഒരു ചോദ്യമായിരുന്നു. "മോൾക്ക്‌ എത്ര വയസ്സായി?"
"അഞ്ചുവയസ്സ്. യു.കെജിയിൽ പഠിക്കുന്നുണ്ട്."
"അപ്പോൾ അടുത്തകൊല്ലം ഒന്നാംക്ലാസ്സിൽ ചേർക്കാനാവും."
"അതെ."
"കാണണമെന്ന് പറഞ്ഞത് മറ്റൊന്നിനുമല്ല. മോളെ ഈ സ്കൂളിൽതന്നെ ചേർക്കണമെന്ന് പറയാനാണ്."
പവിത്രന് പെട്ടെന്നൊരു മറുപടി പറയാൻ പറ്റിയില്ല. സാവധാനം പറഞ്ഞുതുടങ്ങി.  "അത്... ഞാൻമാത്രം തീരുമാനിക്കേണ്ട കാര്യല്ലല്ലോ മാഷെ. ഇപ്പോൾ എല്ലാവരും ഇംഗ്ലീഷ്മീഡിയത്തിലാണ് കുട്ടികളെ..."
മുഴുമിപ്പിക്കുന്നതിന് മുൻപേ മാഷ്‌ ഇടപെട്ടു. "സ്കൂളിൽ കുട്ടികളൊക്കെ കുറവാണ്. ഇങ്ങനെപോയാൽ അടുത്ത്തന്നെ ഈ സ്കൂളും പൂട്ടേണ്ടിവരും.  അടുത്തവർഷം എത്ര കുട്ടികളെ കിട്ടുമെന്ന് പറയാനാവില്ല. ഇപ്പോഴേ വീടുകൾ കയറിയിറങ്ങണം."
പവിത്രൻ അദ്ദേഹത്തെ നിരാശപ്പെടുത്തിയില്ല. "ഞങ്ങളൊന്നാലോചിക്കട്ടെ എന്നിട്ടേ തീരുമാനിക്കാൻ പറ്റു."
അവസാനമായി മാഷ്‌ പറഞ്ഞു. "ഒരു ഡിവിഷൻ കുറയുമ്പോൾ ഒരദ്ധ്യാപകന്റെ തൊഴിലാണ് നഷ്ട്ടമാവുന്നത്. എനിക്ക് മൂന്നുകൊല്ലംകൂടി കാഴിഞ്ഞാൽ റിട്ടയറാവാം. ബാക്കിയുള്ളവർ ചെറുപ്പക്കാരാണ്. ഒരു തലമുറയുടെ ജീവിതം വ്യർത്ഥമാവരുതെന്ന ആഗ്രഹവുമുണ്ട്, പ്രത്യേകിച്ച് കുമാരേട്ടനെപ്പോലുള്ളവരുടെ."
പവിത്രൻ മറുപടി ആവർത്തിച്ചു. "ഞാങ്ങളൊന്നലോചിക്കട്ടെ മാഷെ."

          ഭാസ്കരൻമാഷോട് യാത്ര പറഞ്ഞ് സ്കൂളിന്റെ പടവുകളിറങ്ങി. അപ്പോൾ സ്കൂൾമുറ്റത്ത് ഏതാനും കുട്ടികളോടൊപ്പം ഉണ്ടായിരുന്ന ചെറുപ്പക്കാരിയായ അദ്ധ്യാപിക പവിത്രനെ നോക്കി പുഞ്ചിരിച്ചു. പവിത്രൻ തിരിച്ചും.
"എന്നെ ഓർമ്മീണ്ടോ?"
"മ്ഉം...പിന്നെ ഓർമില്ലാണ്ട്?"
അത് പുലയൻരാമന്റെ മകളാണ്. മല്ലിക. പണ്ട് കുട്ടിക്കാലത്ത് അവൾ വീട്ടിൽ വരാറുണ്ടായിരുന്നു, അമ്മ പുലച്ചിതങ്കയുടെ കൂടെ. പായകൾ മെടഞ്ഞ് വീടുകൾതോറും കയറി വിറ്റ് ജീവിച്ചിരുന്നവരായിരുന്നു രാമനും തങ്കയും. അവർ മക്കളെ പോറ്റിവളർത്തിയത് അങ്ങനെയാണ്. അവരുടെ മക്കളും പവിത്രനും ജനിക്കുന്നതിനും മുൻപ് കൂളിപ്പുഴയിലൂടെ ഒഴുകുന്ന പുഴയുടെ തീരത്ത് കുഞ്ഞഹമ്മദ് മാപ്ലയുടെ തെങ്ങിൻതോപ്പിനോട് ചേർന്നുള്ള പുറമ്പോക്കിൽ കുടിൽകെട്ടി താമസിച്ചിരുന്നവരാണ്.  സർക്കാർഉദ്യോഗസ്ഥന്മാരുടെ സഹായത്തോടെ കുഞ്ഞഹമ്മദ് മാപ്ല പുയൻരാമനെയും തങ്കയെയും  രാമന്റെ വൃദ്ധരായ മാതാപിതാക്കളെയും കുടിയൊഴിപ്പിക്കാൻ ശ്രമിച്ചപ്പോൾ കുമാരന്റെ നേതൃത്വത്തിൽ ഏതാനും കമ്മ്യുണിസ്റ്റ്കാർ തടയുകയായിരുന്നു.  തങ്ക ഒരിക്കൽ പവിത്രന്റെ വീട്ടുമുറ്റത്ത് വച്ച് ഈ ചരിത്രം വിവരിച്ചിട്ടുണ്ട്. 
അവർ പവിത്രനെ സ്നേഹത്തോടെ നോക്കിപറഞ്ഞു. "നിന്റച്ഛൻ വന്നില്ലെങ്കില് അന്ന് നമ്മ പോയെത്തുള്ളി ചാകണ്ടിവെര്വേനും." 
അവരുടെ മകൾ ഒരു അദ്ധ്യാപിക ആയിരിക്കുന്നു. വീട് നിൽക്കുന്ന പറമ്പിന്റെ ആധാരം പണയപ്പെടുത്തിയാണ്‌ അവർ മക്കളെ പഠിപ്പിച്ചിരുന്നത്. ഇങ്ങനെയൊക്കെയുള്ള കാര്യങ്ങൾ രാമനോ തങ്കയൊ വീട്ടിൽ വന്ന് അച്ഛനോട് പറയാറുണ്ട്‌.. ഭാസ്കരൻമാഷ്‌ പറഞ്ഞതുപോലെ ഒരു തലമുറയുടെ ജീവിതം വ്യർത്ഥമായിട്ടില്ല. പവിത്രൻ സന്തോഷിച്ചു.
പക്ഷെ, മല്ലിക തിരുത്തി. "സ്ഥിരായിട്ടില്ല. ഒരു ടീച്ചർ പ്രസവിക്കാൻ ലീവിൽ പോയിട്ട്ണ്ട്. ടീച്ചർ തിരിച്ചുവരുന്നവരെമാത്രം."

          അദ്ധ്യാപികയെയും കുട്ടികളെയും കടന്ന് പാതയോരത്തേക്ക് നടക്കുമ്പോൾ അച്ഛന്റെ കാൽപ്പാടുകൾ അന്വേഷിക്കുകയായിരുന്നു, പവിത്രൻ. ആരും ശ്രദ്ധിക്കാതെപോയ അവ പിന്തുടർച്ചക്കാരായ ആരുടെയൊക്കെയൊ കാൽപ്പാടുകളാൽ മാഞ്ഞുപോയിരുന്നു. മായാതെ കിടക്കുന്നത് സ്കൂളിന്റെ ചുമരിലെ എഴുത്ത് മാത്രമായിരുന്നു.  'ഉദ്ഘാടനം: ഇ. എം. എസ് നമ്പൂതിരിപ്പാട്‌ (ബഹു: കേരള മുഖ്യമന്ത്രി)'


          മാലപ്പറമ്പ്കാരുടെ വിയർപ്പുതുള്ളികളുടെ നനവ്‌ എവിടെ? അതും വരണ്ടുപോയിരിക്കുന്നു. അവരുടെ തോളോട് തോൾ ചേർന്ന് മെയ് മറന്നുകൊണ്ടുള്ള പരിശ്രമത്തിന്റെ ഫലമെന്ന ചരിത്രവും മാഞ്ഞുതുടങ്ങിയിരിക്കുന്നു. അപ്പോൾ പിന്നിൽനിന്ന് മല്ലികയുടെ വിളികേട്ടു. തിരിഞ്ഞുനോക്കി.

"ഒരു കാര്യം പറയാനാണ്."
"എന്താ?"
"നിങ്ങളെ മോളെ ഈ സ്കൂളിൽതന്നെ ചേർക്ക്വോ? കുട്ടികളുടെ എണ്ണം തികഞ്ഞാൽ ഞാനീടത്തന്നെ പെർമെനന്റാകും. ഞങ്ങളെ ക്കൂട്ടർക്ക്വേണ്ടി ജീവിച്ചയാളല്ലേ നിങ്ങളെ അച്ഛൻ."

          പക്ഷെ, മൂന്ന് കാര്യങ്ങൾ തടസമായി നിന്നു. ഒന്ന് ഉഷയുടെ താല്പര്യക്കുറവ്. ഉഷയുടെ താല്പര്യം മകളെ ഇംഗ്ലീഷ് മീഡിയത്തിൽത്തന്നെ പഠിപ്പിക്കമെന്നായിരുന്നു. രണ്ടാമത്തേത് അവസാനകാലം കുമാരാൻ തനിച്ചായിരുന്നു. പൂർണ്ണമായും തിരസ്കരിക്കപ്പെട്ടയാൾ. ജീവിച്ചിരിക്കുമ്പോൾ തന്നെ വിസ്മരിക്കപ്പെട്ടുപോയിരുന്ന ഒരു മനുഷ്യൻ. നിരാശനായിരുന്നു, മരിക്കുമ്പോൾ. മൂന്നാമത്തേത് പവിത്രന്റെ സഹപാഠിയായിരുന്ന കൃഷ്ണദാസ് നമ്പൂതിരിയായിരുന്നു. അയാൾക്ക് പങ്കാളിത്തമുള്ള ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ തുടങ്ങിയിട്ടുണ്ട്, കൂളിപ്പുഴയിൽ. ഏതോ ഒരു സന്ന്യാസിമഠത്തിനാണ് നിയന്ത്രണം.  അയാൾക്ക് പകുതി സമ്മതം കൊടുത്തിട്ടുണ്ട്, മകളെ അവിടെ ചേർക്കാമെന്ന്.


          പണ്ട് സവർണ്ണരുടെ പ്രതാപകാലത്ത് കൃഷ്ണദാസ് നമ്പൂതിരിയുടെ ഇല്ലം പ്രസിദ്ധമായിരുന്നു. സുപ്രസിദ്ധിയും കുപ്രസിദ്ധിയും ഒരുപോലെ. പക്ഷെ, ഇന്ന് ചിന്നിച്ചിതറിക്കിടക്കുന്ന അവകാശികൾ പലരും അവരവരുടെ  ഭാഗങ്ങൾ വിറ്റും പണയപ്പെടുത്തിയും മറുനാട്ടിലേക്ക് കുടിയേറിയും ശൂന്യതയിലേക്ക് മറഞ്ഞുകഴിഞ്ഞിരിക്കുന്നു. സുപ്രസിദ്ധിയിൽ അഭിമാനിച്ചും കുപ്രസിദ്ധിയിൽ  അപമാനിതനായും തകർച്ചയിൽ നിരാശനായും ജീവിക്കുകയായിരുന്നു അയാൾ. ഇംഗ്ലീഷിലും സംസ്കൃതത്തിലും നേടിയ എം.എ ബിരുദം ഒരു ഭാരമായി തോന്നുന്നുവെന്ന് ഒരവധിക്കാലത്ത് കണ്ടുമുട്ടിയപ്പോൾ നിരാശയോടെ പറഞ്ഞിരുന്നു.

"സവർണ്ണനായത്കൊണ്ട് ജോലി കിട്ടുന്നില്ല പവി. ഏതെങ്കിലും അമ്പലത്തിൽ പകരം ശാന്തിക്കാരനായി നിൽക്കാൻ സാധിക്കുന്നുണ്ട്. അതുകൊണ്ട് ജീവിതം മുന്നോട്ട്പോകുന്നു."
"ശാന്തിക്കാരനായാലെന്താ? നല്ല വരുമാനല്ലേ കൃഷ്ണദാസാ?"
"വരുമാനൊക്കെയുണ്ട്. ചില ക്ഷേത്രങ്ങളിൽനിന്ന് ഒരു സർക്കാർ ഉദ്യോഗസ്ഥനേക്കാൾ വരുമാനം കിട്ടും. പക്ഷെ, ശാന്തിക്കാരനെ വിവാഹം കഴിക്കാൻ  നമ്പൂതിരിപെണ്‍കുട്ടികൾ തയ്യാറല്ല."
ഈയൊരു പരിഭവം പറഞ്ഞത് ഏതാണ്ട് പത്തുവർഷങ്ങൾക്ക് മുൻപാണ്. പവിത്രന്റെ വിവാഹം കഴിയുന്നതിനും മുൻപ്. കൃഷ്ണദാസ് നമ്പൂതിരി ഇപ്പോഴും അവിവാഹിതനാണ്.  നാല്പതുവയസ്സ് കഴിഞ്ഞു. 
പവിത്രൻ ആശ്ചര്യത്തോടെ ചിന്തിച്ചു. 'ഞാനും കൃഷ്ണദാസും മദ്ധ്യവയസ്കരായിരിക്കുന്നു! ഞാൻ രണ്ട് പെണ്‍കുട്ടികളുടെ അച്ഛൻ. കൃഷ്ണദാസ് കന്യാദാനം ലഭിക്കാതെ പോയ ഭാഗ്യദോഷി.'
ഇപ്പോഴും അയാൾ ആഗ്രഹിക്കുന്നു, ഒരിണവേണം.

          കഴിഞ്ഞ അവധിക്കാലത്ത്‌ കണ്ടുമുട്ടിയപ്പോൾ പറഞ്ഞു.  "ഇപ്പോൾ ഞാനൊരു സ്കൂളിന്റെ ഉടമസ്ഥനാണ്. വിവാഹം കഴിക്കുന്ന പെണ്ണ് ആവശ്യപ്പെട്ടാൽ ശാന്തി വേണ്ടെന്ന് വെക്കാൻ എനിക്കാവും. പക്ഷെ, എന്റെ പ്രായത്തിന് യോജിച്ച പെണ്ണിനെ കിട്ടുന്നില്ല പവി."

പവിത്രൻ ഓർമ്മപ്പെടുത്തി.  "നമ്മൾക്കിനി ജീവിക്കാൻ കാലം വളരെക്കുറച്ചേയുള്ളൂ. പത്തോ പതിനഞ്ചോ വർഷം. അത് മറക്കരുത്."
"അറിയാമെടോ." കൃഷ്ണദാസ് നമ്പൂതിരി പവിത്രനെനോക്കി തലകുലുക്കിക്കൊണ്ട് പറഞ്ഞു.  "കാലം മനുഷ്യനെ ഉപയോഗിച്ച് ചവറ്റുകൊട്ടയിലേക്കെറിയുന്നു. നമ്മളതിനെ മഹാത്ഭുതമെന്ന് വാഴ്ത്തുന്നു."

          പവിത്രനെ കണ്ടുമുട്ടുമ്പോഴൊക്കെ കൃഷ്ണദാസ് നമ്പൂതിരിക്ക് പരാതികളും പരിഭവങ്ങളും ഒത്തിരിയുണ്ടാവും, കേരളത്തിലെ സാമൂഹ്യഅവസ്ഥകളെക്കുറിച്ച്.

ഒരിക്കൽ ചോദിച്ചു. "പവീ നിങ്ങൾ കമ്മ്യുണിസ്റ്റ്കാർ ആലോചിച്ചിട്ടുണ്ടോ നിങ്ങൾ നടപ്പാക്കിയ ഭൂപരിഷ്കരണനിയമം ആർക്കാണ് ഗുണം ചെയ്തതെന്ന്? എത്തേണ്ടവരുടെ കൈകളിൽ എത്തിയിട്ടുണ്ടോ ഞങ്ങളിൽനിന്നും പിടിച്ചെടുത്ത ഭൂമി?"
"എല്ലാം കാലഘട്ടത്തിന്റെ ആവശ്യമായിരുന്നുവെന്ന് വിശ്വസിക്കുക. അതാണ്‌ വേണ്ടത്."  പവിത്രൻ അയാളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അച്ഛന്റെ രാഷ്‌ട്രീയത്തെ ന്യായീകരിക്കാനും.
പക്ഷെ, കൃഷ്ണദാസ് നമ്പൂതിരി സമ്മതിച്ചില്ല.  "എനിക്കറിയില്ല. കാലഘട്ടത്തിന്റെ ആവശ്യമായിരുന്നോ അല്ലയോ എന്ന്. ഇപ്പോൾ ഞാൻ ഷെയർ എടുത്തിട്ടുള്ള സ്കൂൾ ഉൾപ്പെടെ. പക്ഷെ, അതെന്റെ ആവശ്യമാണെന്നെനിക്കുപ്പുണ്ട്."

          അങ്ങനെയാണ് ഭാസ്കരൻമാഷിന്റെയും പുലയൻരാമന്റെ മകൾ മല്ലികയുടെയും അപേക്ഷ തിരസ്കരിച്ച് കൃഷ്ണദാസ്‌ നമ്പൂതിരിയുടെ അപേക്ഷ സ്വീകരിച്ചത്. അതിനുശേഷം ഭാസ്കരൻമാഷെ കണ്ടുമുട്ടിയിട്ടില്ല. അദ്ധ്യയനവർഷം തുടങ്ങുമ്പോൾ പവിത്രൻ ദുബായിലായിരുന്നു. പക്ഷെ, അദ്ദേഹത്തിനുണ്ടായ പിണക്കത്തെക്കുറിച്ചും മാലപ്പറമ്പ് യു.പി.സ്കൂളിൽ ഒന്നാംതരം രണ്ട് ഡിവിഷൻ ഉണ്ടായിരുന്നത് ഒന്നുമാത്രമായെന്നും അതിൽത്തന്നെ കുട്ടികൾ കുറവാണെന്നും ഉഷ ഫോണ്‍സംഭാഷണത്തിനിടയിൽ സൂചിപ്പിച്ചിരുന്നു. അടുത്ത വർഷം രണ്ടാംതരവും ഒരു ഡിവിഷൻ മാത്രമായി മാറും. 
"ഭാസ്കരൻമാഷെ കണ്ടിരുന്നു. ഒന്നും മിണ്ടീല്ല. അയാൾക്കെന്തോ ഒരു വല്ലായ്മപോലെ."  ഫോണ്‍സംഭാഷണത്തിനിടയിൽ ഉഷ പറഞ്ഞു.
അതുകേട്ടപ്പോൾ പവിത്രനും തോന്നി, ഒരു കുറ്റബോധം. ദിവസങ്ങളോളം ഉത്തരം കിട്ടാത്ത ചോദ്യവുമായി കഴിഞ്ഞു.  "ചെയ്തത് നന്ദികേടോ  നിന്ദയോ? അച്ഛനെ മനസിലാക്കിയത് ഭാസ്കരൻമാഷ്‌ മാത്രമായിരുന്നു."
നമ്മിൽ വിശ്വാസമർപ്പിക്കുന്നവരെ നിരാശപ്പെടുത്തേണ്ടിവരുമ്പോൾ അല്ലെങ്കിൽ വഞ്ചിക്കേണ്ടിവരുമ്പോൾ ഉണ്ടാകുന്ന ഒരുതരം മാനസികാവസ്ഥ... അതെങ്ങനെയാണ്‌ വിവരിക്കുക? പുതിയകാലം നമ്മളെ പഠിപ്പിക്കുന്നത് ഇങ്ങനെയൊക്കെ ജീവിക്കാനാണ് അല്ലെ?

          ക്രമേണ ജോലിത്തിരക്കിൽ മനസർപ്പിച്ചപ്പോൾ മറന്നുതുടങ്ങുകയായിരുന്നു. അപ്പോഴാണ്‌ വീണ്ടും ഓർമ്മപ്പെടുത്തൽ. പത്തുമണിവരെയുള്ള ഉറക്കം വെള്ളിയാഴ്ചകളിൽ പതിവാണെന്ന് ഉഷയ്ക്കറിയാം. അതുകൊണ്ടുതന്നെ പവിത്രന്റെ ഫോണ്‍വിളിക്കായി കാത്തിരിക്കും, ഉറക്കമുണരുന്നതുവരെ. പക്ഷെ, ഇന്ന് പതിവ് തെറ്റിച്ചു. പാതിമയക്കത്തിലായിരുന്നു അയാൾ.  മൂന്ന് മിസ്ഡ് കോൾ തുടർച്ചയായി വന്നു. അത്യാവശ്യമുണ്ടെങ്കിലേ ഉഷ അങ്ങനെ ചെയ്യാറുള്ളു.
കിടന്നിടത്തുനിന്നുതന്നെ തിരിച്ചുവിളിച്ചു.  "എന്താ?"
"ഉറക്കാണോ?" - ഉഷയുടെ ശബ്ദത്തിന് ഒരു അസാധാരണത്വം അനുഭവപ്പെട്ടു.
"മ്ഉം... ഉറക്കം കഴിഞ്ഞു."  ഉറക്കച്ചടവ് മാറാതെയുള്ള മറുപടി.
"അത് ഒരു കാര്യം പറയാനാ. വിഷമിക്കാനൊന്നും പാടില്ലാട്ടോ."
"എന്താ?"
"ആ ടീച്ചറില്ലേ?"
"ഏത് ടീച്ചറ്?"
"നിങ്ങൾ പറഞ്ഞ മല്ലികടീച്ചറ്. പൊലേൻരാമന്റെ മോള്. മരിച്ചുപോയി, ഇന്നലെരാത്രി."
"എന്റീശ്വരാ... എങ്ങിനെ?" പവിത്രൻ ഒരു ഞെട്ടലോടെ കിടക്കയിൽ എഴുന്നേറ്റിരുന്നുപോയി.
"എന്തോ വിഷം കഴിച്ചൂന്ന് പറീന്ന്, ആളുകള്. അവരെ വീടും പറമ്പ്വെല്ലാം പണയത്തിലാണ്പോലും. അതിന്റെ സങ്കടംകൊണ്ടാന്ന് പറീന്ന് എല്ലാരും."
***

വെള്ളിയാഴ്‌ച, ഏപ്രിൽ 12, 2013

യാത്ര

മലയാള മനോരമ പത്രത്തോടൊപ്പം വെള്ളിയാഴ്ചതോറും കിട്ടാറുണ്ടായിരുന്ന ഗൾഫ്‌ മനോരമയിൽ പ്രസിദ്ധീകരിച്ചതാണിത്. 2000 ത്തിലാണ് പ്രസിദ്ധീകരിച്ചത്.

ചൊവ്വാഴ്ച, ഒക്‌ടോബർ 30, 2012

തെയ്യങ്ങള്‍ ഉറഞ്ഞാടുന്ന കാവുകളിലൂടെ


   

കൊളച്ചേരി, ചാത്തമ്പള്ളിക്കാവ്:


 തുലാം മാസം പിറന്നതോടെ ഉത്തരമലബാറിലെ കാവുകളും ഉണര്‍ന്നുകഴിഞ്ഞു. തുലാം പത്തിന് മിക്ക കാവുകളിലും പുത്തരിയടിയന്തിരം എന്ന വിശേഷചടങ്ങാണ്. കൂടുതലും കുടുംബക്ഷേത്രങ്ങള്‍ ആണെന്ന് പറയുമ്പോഴും ആധുനിക മനുഷ്യന്റെ ക്ഷേത്രസങ്കല്പവുമായി പൊരുത്തപ്പെടുന്നവയല്ല ഉത്തരമലബാറിലെ കാവുകളൊന്നും. മക്കത്തായസാമ്പ്രദായാത്തിലൂടെയോ മരുമക്കത്തായസമ്പ്രാദായത്തിലൂടെയോ അനന്തരാവകാശികളായി മാറുന്നവര്‍ തന്നെയാവും മിക്ക കാവുകളുടെയും നടത്തിപ്പുകാര്‍. വളരെ അപൂര്‍വ്വമായി ചിലയിടങ്ങളില്‍ നാട്ടുകാരുടെ കമ്മിറ്റി സഹായത്തിനുണ്ടാവും. 


ഇളങ്കോലം
 മനുഷ്യന്‍ ഗോത്രസമൂഹമായി ജീവിച്ചിരുന്ന കാലങ്ങളിലെപ്പോഴോ എങ്ങിനെയോ രൂപപ്പെട്ടുവന്ന അനുഷ്ടാനങ്ങളും ആചാരങ്ങളും. അത് ഒരു ദേശത്തിന്റെതന്നെ സംസ്കാരവും അടയാളവുമായി മാറുകയായിരുന്നു. കുടുംബബന്ധങ്ങള്‍ക്കോ മനുഷ്യബന്ധങ്ങള്‍ക്കോ ഒരു വിലയും കല്‍പ്പിക്കാത്ത ഈ ഹൈടെക് യുഗത്തിലും വിദൂരങ്ങളില്‍ സ്ഥിരതാമസമാക്കിയ ആളുകള്‍വരെ എല്ലാ തിരക്കുകളും മാറ്റിവച്ച് ചെണ്ടമേളങ്ങളുടെ താളത്തിനൊപ്പം ചുവടുവച്ച്‌ ഉറഞ്ഞാടുന്ന രുദ്രമൂര്‍ത്തികള്‍ക്ക്മുന്നില്‍ എത്തി കൈകള്‍ കൂപ്പി കുമ്പിടുന്നു, വിതുമ്പിക്കരയുന്നു. എപ്രകാരത്തിങ്കലാണോ വിശ്വാസം അപ്രകാരത്തിങ്കല്‍ ഞാന്‍ കൂടെയുണ്ടാവും എന്ന് പ്രത്യേക ഈണത്തില്‍ പറഞ്ഞ് തലയില്‍ കൈവച്ച് അനുഗ്രഹിക്കുമ്പോള്‍ അത് സാന്ത്വനവും സായൂജ്യവുമാകുന്നു.
ഗുളികന്‍
 കാവുകളില്‍ തെയ്യങ്ങള്‍ ഉറഞ്ഞാടുമ്പോള്‍ സംഭവിക്കുന്നത്‌ പലതരത്തിലും പലകാരണത്താലും അറ്റുപോയ കുടുംബബന്ധങ്ങളുടെയും സൗഹൃങ്ങളുടെയും കണ്ണികള്‍തമ്മില്‍ വിളക്കിച്ചേര്‍ക്കലും ആ ദേശത്തിന്റെ തന്നെ കൂട്ടായ്മയുമാണ്. ജീവിച്ച്തീര്‍ന്ന വൃദ്ധതലമുറയും ജീവിക്കാന്‍ തുടങ്ങുകമാത്രം ചെയ്ത പുതിയ തലമുറയും തമ്മില്‍ പരിചയപ്പെടലും അറിയാത്ത രക്തബന്ധങ്ങളുടെ തന്നെ തിരിച്ചറിവുമാണ്. അങ്ങനെ മറ്റെതൊരു ആഘോഷത്തെക്കാളും മനുഷ്യബന്ധങ്ങളെ  വൈകാരികവും ദൃഡവുമാക്കുന്നു കാവുകളിലെ ഒത്തുചേരലുകള്‍.


എള്ളെടുത്ത്  ഭഗവതി 
 പതിനഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെന്നൈയിലേക്ക് ജോലിതേടിപ്പോയി പിന്നീട് അവിടെത്തന്നെ സ്ഥിരതാമസമാക്കിയ ഒരു ബാല്യകാലസുഹൃത്ത് തെയ്യത്തിന്റെ ചുവടുകളില്‍ ലയിച്ചുനില്‍ക്കുന്ന എന്നെ പുറകില്‍നിന്നു തൊട്ടുവിളിച്ചതും എന്നെയോര്‍മ്മയുണ്ടോടാ എന്ന് ചോദിച്ചപ്പോള്‍ അല്‍പസമയത്തേക്ക് ആളെ തിരിച്ചറിയാനാവാതെ തലയിലും മീശയിലും നരവീണ അവന്റെ മുഖത്തേക്ക്തന്നെ നോക്കിനിന്നുപോയതും എല്ലാം കണ്ടും കേട്ടും അവന്റെ അമ്മ തൊട്ടടുത്ത്‌ പുഞ്ചിരിതൂകിനിന്നതും എന്റെ അനുഭവങ്ങളില്‍ ഒന്ന്. ഇങ്ങനെ അവിടെക്കൂടിയിരിക്കുന്ന ഓരോരുത്തര്‍ക്കുമുണ്ടാവും വികാരത്തോടെ ഓര്‍ത്തുവയ്ക്കാന്‍ എന്തെങ്കിലും ഒരനുഭവം.


വലിയ തമ്പുരാട്ടി
 എല്ലാ കാവുകളിലും തുലാം പത്താംതിയ്യതി പുത്തരിയടിയന്തിരം എന്ന ചടങ്ങ് നടക്കുമ്പോള്‍ കൊളച്ചേരി ചാത്തമ്പള്ളിക്കാവില്‍  അതോടൊപ്പം കളിയാട്ടവും നടക്കുന്നു. ഇളങ്കോലവും, ഗുളികനും, വിഷകണ്ഠനും, എള്ളെടുത്ത് ഭഗവതിയും, വലിയതമ്പുരാട്ടിയും(തമ്പുരാട്ടിയമ്മയെന്നും പറയും) ഉറഞ്ഞാടുന്നു. ഗുളികന്‍ ഒഴികെ ബാക്കിയുള്ള എല്ലാ തെയ്യങ്ങളും വണ്ണാന്‍ സമുദായക്കാരാണ് കെട്ടുക . ഗുളികന്‍ തെയ്യം കെട്ടുന്നതും  ചെണ്ടകൊട്ടുന്നതും   മലയസമുദായത്തില്‍പെട്ടവരാണ്. തുലാം ഒന്‍പതിന് സന്ധ്യക്ക്‌ വിള ക്ക് കൊളുത്തിക്കഴിഞ്ഞാല്‍ ഇളങ്കോലം കെട്ടിയാടും. വലിയ തമ്പുരാട്ടിയുടെ വെള്ളാട്ടമാണ് ഇളങ്കോലം. അതുകഴിഞ്ഞാല്‍ യഥാക്രമം വിഷകണ്ഠന്റെയും ഗുളികന്റെയും വെള്ളാട്ടം. പിറ്റേന്ന് പുലര്‍ച്ചെ(തുലാം പത്ത്) ഗുളികന്‍ തെയ്യമാണ്‌ ആദ്യം. ഗുളികന്‍ ചുവടുകള്‍ വച്ചുകൊണ്ടിരിക്കെ എല്ലാവരും കാത്തിരിക്കുന്ന പ്രധാന തെയ്യമായ വിഷകണ്ഠന്റെ പള്ളിയറയില്‍ നിന്നുള്ള കൊട്ടിപ്പുറപ്പാട് വളരെ പ്രധാനമാണ്. പിന്നെ ഗുളികനും വിണ്ഠനും ഒരുമിച്ച് ചുവടുകള്‍ വയ്ക്കും. ക്രമേണ ചുവടുകള്‍ക്കു വേഗത കൂടും. ചെണ്ടാമേളം മുറുകും. ഇരുതെയ്യങ്ങള്‍ ഓലചൂട്ടിന്റെയും തറയില്‍ കുത്തിനിറുത്തിയ ചെറുപന്തങ്ങളുടെയും പ്രഭയില്‍ ഉറഞ്ഞാടുമ്പോള്‍ ഉത്തരമലബാറിലെ കളിയാട്ടങ്ങള്‍ക്ക് ആരംഭമാവുന്നു.  തിയ്യ സമുദായത്തിൽപെട്ട തറവാടാണ് ചാത്തമ്പള്ളി.
വിഷകണ്ഠന്‍
 നേരം പുലര്‍ന്നുകഴിഞ്ഞാല്‍ വിഷകണ്ഠന്‍ കരുമാരത്ത് ഇല്ലത്ത് പോയി നാടുവാഴിയെ സന്ദര്‍ശിക്കും. വിഷ ചികിത്സയ്ക്ക് പേരുകേട്ട കരുമാരത്ത് ഇല്ലത്തെ നാടുവാഴി, പാമ്പ്കടിയേറ്റ സ്ത്രീയെയും കൊണ്ട്  തന്നെ സമീപിച്ച ആളുകളെ വൈകിപ്പോയെന്ന് പറഞ്ഞ് തിരിച്ചയക്കുന്നു. വഴിയില്‍വച്ച് ചെത്തുകാരനായ കണ്ഠന്‍ തെങ്ങിന്റെ മുകളില്‍നിന്ന് അവരോട് കാര്യം ആന്വേഷിച്ചറിയുന്നു. താഴെ ഇറങ്ങിവന്ന കണ്ഠന്‍ എന്തോ പച്ചമരുന്ന് പറിച്ച് അതിന്റെ നീര് ആ സ്ത്രീയുടെ വായില്‍ ഇറ്റിക്കുന്നു. തൊട്ടടുത്തുള്ള കുളത്തില്‍ ആ സ്ത്രീയെ മുക്കി നൂറ്റൊന്നു തവണ കുമിള വരുമ്പോള്‍ പുറത്തെടുക്കാന്‍ ആവശ്യപ്പെടുന്നു. ഒരു ചെത്തുകാരന്‍ താന്‍ തിരിച്ചയച്ച സ്ത്രീയിലെ വിഷമിറക്കിയെന്നറിഞ്ഞപ്പോള്‍ നാടുവാഴിയായ തനിക്ക് അതപമാനമാണെന്ന് കരുതുകയും പാരിതോഷികംനല്‍കി അഭിനന്ദിക്കാനെന്ന പേരില്‍  കണ്ഠനെ ഇല്ലത്തേക്ക് വിളിച്ചു വരുത്തി ചതിയില്‍ വധിക്കുകയുമായായിരുന്നു. അതിന്റെ സ്മരണയായിട്ടാണ് ഇല്ലത്തെക്കുള്ള യാത്ര. കെട്ടിയാടുന്ന മിക്ക തെയ്യങ്ങളും ഏതെങ്കിലും കാരണത്താല്‍ ചതിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ആത്മഹത്യചെയ്യുകയോ ചെയ്ത പച്ചമനുഷ്യരായിരുന്നു എന്ന് ഐതിഹ്യം. ഓരോ തെയ്യത്തിന്റെയും തോറ്റംപാട്ടുകള്‍ ഇതാണ് ബോധ്യപ്പെടുത്തുന്നത്. ചരിത്രത്തിന്റെയും മിത്തിന്റെയും കൂടിച്ചേരല്‍. വിസ്മൃതമായ പൂര്‍വ്വകാലത്തിന്റെ ചരിത്രം കൂടിയാണ് തോറ്റംപാട്ടുകള്‍.

 വിഷകണ്ഠന്‍ നാടുവാഴിയെ സന്ദര്‍ശിച്ച് തിരിച്ചെത്തുമ്പോഴേക്കും എള്ളെടുത്ത് ഭഗവതി ഉറഞ്ഞാടുന്നുണ്ടാവും. ഒരു സ്ത്രീയുടെ ദിനചര്യകളും ശീലങ്ങളും പ്രത്യേകതാളത്തില്‍ ദൃശ്യമാവും ഈ തെയ്യം ചുവടുവയ്ക്കുമ്പോള്‍. പിന്നെ വലിയതമ്പുരാട്ടിയുടെ പുറപ്പാടാണ്. ഉയരമുള്ള തിരുമുടിവച്ച്, തടിച്ചുകൂടിയ ഭക്തര്‍ക്കിടയില്‍ രുദ്രമൂര്‍ത്തിയായി ഉറഞ്ഞുതുള്ളുമ്പോള്‍ ആരിലും അമ്പരപ്പുളവാക്കും. ഏതാണ്ട് മൂന്നുമണിയാവുമ്പോഴേക്കും വിഷകണ്ഠന്‍ ഒഴികെയുള്ള എല്ലാ തെയ്യങ്ങളും തിരുമുടി അഴിച്ചുവച്ച് പഴയതുപോലെ സാധാരണമനുഷ്യരായി മാറിയിട്ടുണ്ടാവും. വിഷകണ്ഠന്‍ മാത്രമാണ് സന്ധ്യവിളക്കുകൊളുത്തുന്നത് വരെ കാത്തുനില്‍ക്കുക. കാലത്ത് ആറുമണിയാവുമ്പോള്‍ അണിഞ്ഞൊരുങ്ങിയ തെയ്യമാണ്‌. സന്ധ്യക്ക്‌ മാത്രമേ തിരുമുടി അഴിക്കാവൂ. അതാണ്‌ ആചാരം. അതുവരെ കുറെയേറെ ചടങ്ങുകള്‍ ചെയ്തുതീര്‍ക്കാനുണ്ട്. ഇളന്നീരോ തെങ്ങിന്‍കള്ളോ മാത്രമാണ് കഴിക്കുക. സന്ധ്യയാവുന്നതുവരെ കാവിന്റെ മതില്‍കെട്ടിനുമുകളില്‍ ഞാനും കാത്തിരുന്നു, പന്ത്രണ്ടു വര്‍ഷത്തിനുശേഷം.  
***



പള്ളിയറ: തെയ്യം അണിഞ്ഞൊരുങ്ങുന്ന സ്ഥലം.
കൊട്ടിപ്പുറപ്പാട്: പള്ളിയറയില്‍ നിന്നും ഇറങ്ങിവരുന്ന ചടങ്ങ്. 
കൂടുതല്‍ ചിത്രങ്ങള്‍ക്ക്: http://kkanakambaran.blogspot.in/2012/10/blog-post_30.html സന്ദര്‍ശിക്കുക.

വ്യാഴാഴ്‌ച, ജൂലൈ 12, 2012

കതിര്‍മണികള്‍



                      ഓണ്‍ലൈനില്‍ അവള്‍ ഉണ്ടായിരുന്നു, സുനന്ദ. ഏതാണ്ട് ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് അവള്‍ ഒരു പ്രവാസിയെ വിവാഹം ചെയ്ത്‌ കൊളച്ചേരിയില്‍‍നിന്ന് പോയതില്‍പ്പിന്നെ കണ്ടുമുട്ടിയത്‌ ഇന്റെര്‍നെറ്റിലായിരുന്നു, വര്‍ഷങ്ങള്‍ക്കു ശേഷം. എനിക്കും അവള്‍ക്കും ഉള്ള ബ്ലോഗെഴുത്ത് എന്ന ശീലം ഒരു നിമിത്തമായെന്ന് പറയാം.

                    അവളായിരുന്നു എന്നെ ആദ്യം കണ്ടെത്തിയത്. അപ്പോഴേക്ക് ഞാനും അറേബ്യന്‍ മരുഭൂമിയിലെ ദുബായ് എന്ന മെട്രോപോളിടണ്‍ നഗരത്തില്‍ പ്രവാസജീവിതത്തിന്റെ ആലസ്യം നിറഞ്ഞ ചൂടും തണുപ്പുമായി പൊരുത്തപ്പെടാന്‍ ശീലിച്ചുകഴിഞ്ഞിരുന്നു. മധുവിധു തീരുംമുന്‍പേ പ്രിയതമയെ നാട്ടില്‍ അമ്മയെ ഏല്‍പ്പിച്ചു ദുബായില്‍ തിരിച്ചെത്തി കുറച്ചുനാളുകള്‍ക്ക് ശേഷമായിരുന്നു അവള്‍ എനിക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ടത്, ഒരു ഫ്രണ്ട് റിക്വസ്റ്റിലൂടെ.

                    എന്റെ പേരിനൊപ്പം സ്ഥലപ്പേര് ചേര്‍ത്തത്കൊണ്ടും പണ്ടുമുതലേ അങ്ങനെ ചെയ്യാറുണ്ടെന്നു അവള്‍ക്കറിയാവുന്നതുകൊണ്ടും അവളെന്നെ എളുപ്പത്തില്‍ തിരിച്ചറിഞ്ഞു. അപൂര്‍ണ്ണമായ മധുവിധുവിന്റെ ഓര്‍മ്മയില്‍ വിരഹവും പ്രണയവും എന്നെ ഭ്രാന്തുപിടിപ്പിക്കുന്ന വേളയില്‍ അവള്‍ എനിക്ക് മുന്നിലെത്തി. ചാറ്റിംഗ് റൂമില്‍ എന്നെയും കാത്തിരുന്നു.

                    അങ്ങനെയായിരുന്നു പതിവ്. കൊളച്ചേരിയിലെ വയല്‍വരമ്പില്‍ വിളയാത്ത നെല്‍മണികള്‍ പറിച്ചെടുത്ത് ചവച്ചുകൊണ്ട് അവളെന്നെ കാത്തുനില്‍ക്കും. ഞാനടുത്തെത്തിയാല്‍ ഒന്നും ഉരിയാടാതെ എനിക്ക് മുന്‍പില്‍ നടക്കും. എന്നും മിണ്ടിത്തുടങ്ങുന്നത് ഞാനായിരുന്നു. പക്ഷെ, ഓണ്‍ലൈനില്‍ അവളായിരുന്നു ആദ്യം മിണ്ടുക. നീണ്ടുനിവര്‍ന്നുകിടക്കുന്ന വയലില്‍ ഋതുമതികളായ നെല്‍ച്ചെടികള്‍‍മാത്രമായിരുന്നു സാക്ഷി. അവളുടെ പിറകില്‍ പ്രണയപദങ്ങള് മൊഴിഞ്ഞുനടക്കുമ്പോള്‍ അവളുടെ മുടിച്ചുരുളുകള്‍ പരത്തുന്ന ഗന്ധത്തിന്റെ വശ്യത... മധുവിധുനാളുകളില്‍ പ്രിയതമയുടെ മുടിയിഴകളില്‍ അന്വേഷിച്ചിരുന്നു ഞാന്‍.

"ഈ മുടിക്കെന്തൊരു ഭംഗിയാ!" - അങ്ങനെ വശ്യമായ ഒരു നിമിഷത്തില്‍ വെറുതെ പറഞ്ഞു. ശരിക്കും പറയാന്‍ ഉദ്ദേശിച്ചത് അവളില്‍നിന്നുയരുന്ന വശ്യഗന്ധത്തെക്കുറിച്ചായിരുന്നു. പക്ഷെ...
"ഓഹോ... ഇതാ ആണുങ്ങളുടെ സൂത്രം. അത് വേണ്ടാട്ട്വാ..."
അതിനു മറുപടിയായി ഒരു നെല്‍ക്കതിര്‍ പിഴുതെടുത്ത് അവളുടെ മുടിയെ ലക്ഷ്യമാക്കിയെറിഞ്ഞു.
"എന്ത് സൂത്രാടീ? ഈ നട്ടുച്ചനേരം ഒരാളുല്ല ഇത്രേം വല്യ വയലില്‍. ഇപ്പോള്‍ നമ്മളെയാരും കാണൂല്ല."
"ഹമ്മേ... വേദനയായി..." അവള്‍ തിരിഞ്ഞുനിന്നു.
"ഇപ്പം കാണാനാ കൂടുതല്‍ ഭംഗി."

ഒരു പുരുഷന്‍ ഒരു സ്ത്രീയുടെ മുഖത്തുനോക്കി അവളുടെ സൌന്ദര്യത്തെക്കുറിച്ച് പ്രശംസിക്കുന്നത് അവള്‍ക്കു സ്വകാര്യമായ ആനന്ദം നല്‍കുമെന്ന് മുതിര്‍ന്നവര്‍ പറയുന്നത് കേട്ടിട്ടുണ്ട്. സുനന്ദ സന്തോഷിച്ചോ? എനിക്കിന്നും അറിഞ്ഞുകൂട.

"അത്രയ്ക്ക് ഭംഗിയുണ്ടെങ്കില്‍ ശരിക്കും കുത്തിത്താ." - അവള്‍ മുടിയില്‍ തറഞ്ഞുനിന്ന നെല്‍ക്കതിര്‍ എടുത്ത് എന്റെ മുഖത്തേക്കെറിഞ്ഞു.
"ഇല്ല. ഞാന്‍ നിന്നെ തൊട്ടശുദ്ധാക്കൂല്ല."
"വിനൂ..." ചാറ്റിംഗ്റൂമില്‍നിന്ന് അവള്‍ വിളിക്കുന്നു. പിന്നാലെ വന്നു ചോദ്യവും. "നാട്ടില്‍ എന്താ വിശേഷം?"
"എല്ലാവര്ക്കും സുഖം" - ഞാന്‍ വെറുതെ മറുപടിയെഴുതി.

പറയാന്‍ വിശേഷമുണ്ടായിരുന്നു. നാട്ടിലുള്ള പ്രിയതമയുമായി സംസാരിച്ചിട്ടു ഏതാനും നിമിഷങ്ങളെ ആയിട്ടുള്ളൂ. സൈന്‍ഔട്ട്‌ ചെയ്യാന് വിചാരിക്കുമ്പോഴായിരുന്നു സുനന്ദ ചാറ്റിംഗ് റൂമില്‍നിന്ന് ''ഹായ്'' പറഞ്ഞത്. ലണ്ടനിലെ ഹിമാവൃതമായ ഏകാന്തതയില്‍ വല്ലപ്പോഴും ഊഷ്മളമായ നിമിഷങ്ങള്‍ കിട്ടുന്നത് നീയുമായുള്ള ചാറ്റിങ്ങില്നിന്നാണെന്ന് അവളൊരിക്കല്‍ പറഞ്ഞിരുന്നു. അതുകൊണ്ട്തന്നെ ജന്മനാടിനെക്കുറിച്ച് നല്ലതുമാത്രം ഓര്‍ക്കുന്ന അവളെ നിരാശപ്പെടുത്തേണ്ടെന്നു കരുതി നാട്ടിലെ പുതിയ വിശേഷം പറഞ്ഞില്ല.

പക്ഷെ,  അവളുടെ ചോദ്യം വന്നു. - "ഏതാ ആ കുട്ടികളും സ്ത്രീയും?"
"ഏത്?" - മനസിലായിട്ടും ഞാന്‍ തിരിച്ചു ചോദിച്ചു.
"സൂയിസൈഡ്?"
"നീയത് അറിഞ്ഞു ല്ലേ?"
"പത്രത്തില്‍ കണ്ടു."

ഓണ്‍ലൈന്‍ വാര്‍ത്തകള്‍ അരിച്ചുപെറുക്കുകയാണ് ഏകാന്തതയില്‍നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമെന്ന് അവളൊരിക്കല്‍ ചാറ്റിങ്ങിനിടയില്‍ പറഞ്ഞത് അപ്പോഴാണ്‌ ഞാന്‍ ഓര്‍ത്തത്.


"മംഗള ബസ്സിലെ കണ്ണന്‍ഡ്രൈവറെ ഓര്‍മ്മീണ്ടോ? അയാളെ മോന്‍. പിന്നെ നിന്റെ ചങ്ങാതിയും അയല്‍വാസിയുമായ ഗീതയും മകളും."
"ഗീത? മൈ ഗോഡ്!"
"mmm "
"അവള്‍ എത്ര പാവായിരുന്നു, ചെറുപ്പത്തില്‍ . അവളെ ഭര്‍ത്താവ് ഗള്‍ഫിലല്ലേ?"
"അതെ"
"എന്താ കാരണമെന്നറിയോ?"
"ടെക്നോളജിയുടെ വളര്‍ച്ചക്കൊപ്പം നമ്മുടെ സമൂഹം വളര്‍ന്നിട്ടില്ല."
"മനസ്സിലായില്ല."
"മിസ്‌യൂസിങ്ങ് ഓഫ് മൊബൈല്‍ഫോണ്‍."

കുറേനിമിഷത്തേക്ക്  പ്രതികരണം ഇല്ലാതായപ്പോള്‍ ഞാന്‍ ചോദിച്ചു. "പോയോ?"
"ഇല്ല"
"ആര്‍ യു അബ്സറ്റ്?
"mmm "
"നമ്മുക്കെന്ത് ചെയ്യാന്‍പറ്റും?" - ഞാന്‍ വിഷയം മാറ്റാന്‍ ശ്രമിച്ചു. - "എപ്പോഴാ നാട്ടിലേക്ക്?"
"മേ ബി ഓണം."
"ഇത്തവണ ഓണം ആഗസ്തിലാണ്."
"അത് നന്നായി." അവള്‍ വിശദീകരിച്ചു. "നമുക്കിവിടെ സമ്മര്‍ വെക്കേഷന്‍ ജൂലൈ റ്റു സെപ്തംബര്‍ ആണ്. സിക്സ് വീക്ക്."
"ആര്‍ യു കമിങ്ങ് റ്റു കേരള?"
"നൊ. ഡല്‍ഹിയിലേക്ക്. അച്ഛനും അമ്മയും അവിടെയല്ലേ. പിന്നെയിന്തിനു ഞാന്‍ കേരളത്തിലേക്ക് വരുന്നേ?"
"ശരിയാ... എന്നാലും നിനക്ക് കാണണ്ടേ കളിച്ചുവളര്‍ന്ന നാട്?
"കാണണം ഒരിക്കല്‍ ഞാന്‍ വരും. മാത്രമല്ല അവിടെ ഞങ്ങളുടെ വീടും പറമ്പും വെറുതെയിട്ടിരിക്കുകയല്ലേ? ഇത്തവണ ഡല്‍ഹിയില്‍ വന്നാല്‍ അതിനെപ്പറ്റി ഒരു തീരുമാനമാവും. വില്‍ക്കുകയാണെങ്കില്‍ നിന്നോടായിരിക്കും ഞാനാദ്യം പറയുക."
"സാമ്പത്തികം അനുവദിക്കുമെങ്കില്‍ ഞാന്‍ വാങ്ങിക്കും."
"വിനു ആണെങ്കില്‍ എനിക്കെന്നെങ്കിലും ആ സ്ഥലം കാണണമെന്ന് തോന്നിയാല്‍ അനുവാദം ചോദിക്കാതെ കയറിവരാലോ."
"തീര്‍ച്ചയായും... ഇപ്പോഴും നിന്റെ സ്ഥാനം ശൂന്യമായിത്തന്നെ ഇട്ടിരിക്കുകയാണെന്റെ ഹൃദയത്തില്‍. എന്റെ പ്രിയതമ പോലും കൈയ്യേറാന്‍ ശ്രമിച്ചിട്ടില്ല."
"ഓഹോ... താങ്ക്സ് കേട്ടോ. ഇനിയത് അവള്‍ക്ക് കൊടുത്തേക്ക്. നിന്റെ പ്രിയതമക്ക്. അല്ലെങ്കില്‍ വേണ്ട. ഓണ്‍ലൈനില്‍ കാണുമ്പോള്‍ ഞാന്‍ തന്നെ എല്പിച്ചോളാം."
"ഇപ്പോള്‍ കൊളച്ചേരി ഒരുപാടു മാറിപ്പോയി. ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കുഗ്രാമമല്ല അത്."
"പിന്നെ?"
"ഇപ്പോളത് ചെറിയ ടൗണാണ്."
"അതെയോ? നല്ല കാര്യം." 

ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് വെറും നാല് ബസ്സുകള്‍ മാത്രമായിരുന്നു ഓടിയത്. അതും കണ്ണൂരിലേക്ക് മാത്രം. ഇപ്പോള്‍ പറശിനിക്കടവിലേക്കും തളിപ്പറമ്പിലേക്കും ചാലോടേക്കും ശ്രീകണ്ടാപുരത്തേക്കും കുറേ ബസ്സുകള്‍... 

"പറശിനിക്കടവിലേക്ക് ആരും നടന്നു പോവാറില്ല."
"എന്തിനാ എന്നിങ്ങനെ കൊതിപ്പിക്കുന്നെ?"
"കൊതിപ്പിച്ചതല്ലെടോ."

പണ്ട് അങ്ങനെയായിരുന്നല്ലോ. പറശിനിക്കടവിലേക്ക് എത്ര തവണ നടന്നുപോയിരിക്കുന്നു, ഞാനും അവളും. കൂടെ എന്റെയും അവളുടെയും അമ്മമാരുണ്ടാവും. വേറെയും ഉണ്ടാവും കുറേ പെണ്ണുങ്ങള്‍. പിന്നെ എന്റെ ചേച്ചി, അവളുടെ അനുജന്‍. എല്ലാ പെണ്ണുങ്ങളുടെ കൂടെയും ഉണ്ടാവും കുട്ടികള്‍

                    കരിങ്കല്‍ക്കുഴിയില്‍നിന്നും നണിയൂര്‍ വയലിലേക്കുള്ള ചെങ്കുത്തായ പടവുകള്‍ ഇറങ്ങണം. പടവുകളിറങ്ങിയാല്‍ വയലിന്റെ വരമ്പിലൂടെ വെയില്‍കൊണ്ടുള്ള നടത്തം. വയല്‍ കഴിഞ്ഞാല്‍ വലിയ തെങ്ങിന്‍തോപ്പാണ്. വെയില്‍ കൊണ്ടതിനു പകരമായി തെങ്ങോലകള്‍ വിരിച്ച തണലിന്റെ സുഖമുള്ള ഈര്‍പ്പം നടവഴിക്കും കാറ്റിനും. നിറം മങ്ങിയ തോര്‍ത്തുമുണ്ടുടുത്ത് തെങ്ങിന്‍മുകളില്‍ കയറുന്ന കള്ളുചെത്ത് തൊഴിലാളികളില്‍ പരിചയമുള്ള ആരെങ്കിലുമുണ്ടാവും. തെങ്ങിന്‍ മുകളില്‍നിന്നു അവര്‍ എല്ലിന്‍കഷണംകൊണ്ട് കുലയില്‍ തല്ലുന്ന ശബ്ദം, അരികിലൂടെ നടന്നുപോകുന്ന ചെത്തുതൊഴിലാളിക്ക് ഇളംകള്ളിന്റെ ഗന്ധം.

                    എന്റെ അമ്മയ്ക്കും കൂടെയുള്ള സ്ത്രീകള്‍ക്കും സംസാരിക്കാന്‍ വിഷയങ്ങള്‍ ധാരാളമുണ്ടാവും. എനിക്ക് അത്ഭുതമായിരുന്നു. ഈ സ്ത്രീകളുടെ സംസാരം എന്താണ് ഒരിക്കലും അവസാനിക്കാത്തത്? ഒരു വിഷയം തീരുമ്പോള്‍ ആരെങ്കിലും ഒരാള്‍ മറ്റൊരു വിഷയം അവതരിപ്പിക്കും! ഒന്നുകില്‍ ഏതെങ്കിലും സ്ത്രീയുടെ പൊങ്ങച്ചത്തെക്കുറിച്ച്. അല്ലെങ്കില്‍ അവരോടുള്ള അസൂയ. അതുമല്ലെങ്കില്‍ ഏതെങ്കിലും പുരുഷന്റെ പെരുമാറ്റ ദൂഷ്യത്തെപ്പറ്റി. പണ്ടെപ്പോഴോ ഒരിക്കല്‍ പറശിനിക്കടവില്‍ പോയപ്പോള്‍ സമയം കഴിഞ്ഞുപോയതിനാല്‍ ഊണ്‍ കിട്ടാതെ തിരിച്ചു വന്ന ഓര്‍മ്മകളും അവര്‍ക്ക് പങ്കുവയ്ക്കാനുണ്ടാവും. നമ്മള്‍ കുട്ടികള്‍ അതിലൊന്നും താല്പര്യം കാട്ടാതെ കുട്ടികളുടെതായ കുസൃതികളില്‍ മുഴുകും. അങ്ങനെ നടന്ന ദൂരം അറിയാതെ കടവിലെത്തും. അവിടെ കടത്തുകാരന്‍ തോണിയുമായി കാത്തിരിക്കുന്നുണ്ടാവും. ഇല്ലെങ്കില്‍ അയാള്‍ അക്കരെനിന്ന് ഇക്കരെ വരുന്നതുവരെ ഞങ്ങള്‍ കാത്തുനില്‍ക്കും.  

"എന്നും നാട്ടില്‍ വരുമ്പോള്‍ വിചാരിക്കും പറശിനിക്കടവില്‍ പോകണമെന്ന്." - ചാറ്റിംഗ്റൂമില്‍നിന്നും  അവള്‍ -"കല്യാണം കഴിഞ്ഞതില്പ്പിന്നെ ഒരുതവണ മാത്രാ മുത്തപ്പനെ കണ്ടേ. കൊല്ലം ഇരുപത് കഴിഞ്ഞു."
ഞാന്‍ മറുപടി എഴുതി - "ഇപ്പോള്‍ പയങ്കുറ്റിക്ക് ചാര്‍ജ് കൂട്ടി. അമ്പതു പൈസയാക്കി."
"അതെയോ?" - അവള്‍ 
അതിന് ന്യായം കണ്ടെത്തി. - "അതിലെന്താ തെറ്റ്? സാധനങ്ങള്‍ക്കെല്ലാം വിലകൂടിയില്ലേ?"

"അതെ. മനുഷ്യര്‍ക്ക്‌ മാത്രേ വിലയില്ലാതുള്ളൂ അല്ലെ?"
"mmm .  മനുഷ്യര്‍ക്കെന്നാണ് വിലയുണ്ടായിട്ടുള്ളത്?"
"അല്ലെങ്കിലും മറ്റുജീവികള്‍ക്കൊന്നും ഇല്ലാത്ത വില മനുഷ്യന് മാത്രം എങ്ങനെ കിട്ടാനാണ്‌?"

"മറ്റുജീവികള്‍ക്ക് അറവുശാലകളില്‍ വിലകിട്ടും. മനുഷ്യര്‍ക്ക്‌ അതുപോലുമില്ല."
"ഇരുപത്തിയഞ്ച് പൈസയില്‍നിന്നു അമ്പതുപൈസയിലേക്കുള്ള ദൂരം നമ്മള്‍ മനുഷ്യര്‍ക്കിടയിലും പ്രകടമാണിപ്പോള്‍." 
"ഓ... മതി നിന്റെ ഫിലോസഫി." - അവള്‍ വിഷയം മാറ്റാന്‍ ശ്രമിച്ചു.- "ഞാനോര്‍ക്കുകയാണ് പരശിനിക്കടവിലെ തേങ്ങാപ്പൂളും പയറും."
ഞാനവളെ ഓര്‍മ്മപ്പെടുത്തി. - "അതെ  പയറിനും തെങ്ങാപ്പൂളിനും ഇടയിലായിരുന്നു നമ്മുടെ ഹൃദയങ്ങള്‍ സംഗമിച്ചത്."
"ഒന്ന് പോനിന്റെ കാലഹരണപ്പെട്ട പ്രണയസാഹിത്യം."


പണ്ട് ഇരുപത്തിയഞ്ച്പൈസയായിരുന്നു പയങ്കുറ്റിക്ക് ഈടാക്കിയിരുന്നത്. വിഷുക്കൈനീട്ടം കിട്ടുന്ന പൈസയില്‍നിന്നു അമ്പതു പൈസയോ ഒരുരൂപയോ മാറ്റിവയ്ക്കും. ഇരുപത്തിയഞ്ച് പൈസ പയങ്കുറ്റിക്കുള്ളതാണ്. വാര്‍ഷിക പരീക്ഷയുടെ ഫലം വന്നാല്‍ ഞങ്ങള്‍ കുട്ടികള്‍ക്കാണ് തിടുക്കം, പറശിനിക്കടവില്‍ പോകാന്‍. മുത്തപ്പനാണ് പരീക്ഷയില്‍ ജയിപ്പിക്കുന്നതെന്ന് വിശ്വസിച്ചിരുന്നു, അന്നൊക്കെ. ഇരുപത്തിയഞ്ച്പൈസയുടെ പയങ്കുറ്റി കഴിച്ച് മുത്തപ്പനെ തൊഴുതുകഴിഞ്ഞാല്‍ ഒരു ഗ്ലാസ് ചായയും പുഴുങ്ങിയ കടലയോ പയറോ കിട്ടും. ഒന്നോ രണ്ടോ കഷണം തേങ്ങാപ്പൂളും ഉണ്ടാവും അതിന്റെ കൂടെ. അവള്‍ക്കു തേങ്ങാപ്പൂള്‍ ഇഷ്ട്ടമായിരുന്നില്ല. അതിന്റെ അവകാശി ഞാനായിരുന്നു.

                    കുറച്ചു മുതിര്‍ന്നപ്പോള്‍ സ്വയം ചിന്തിക്കാന്‍ പ്രാപ്തനായി എന്ന തിരിച്ചറിവ് എന്നെ ഒരു നിരീശ്വരവാദിയാക്കിയപ്പോള്‍ സങ്കടപ്പെട്ടതും ദേഷ്യപ്പെട്ടതും അവള്‍ മാത്രമായിരുന്നു. പത്താം ക്ലാസ്സിലെ പരീക്ഷ ജയിച്ചപ്പോള്‍ പറശിനിക്കടവില്‍ പോയി മുത്തപ്പനെ തൊഴാന്‍ അവളെന്നെ നിര്‍ബന്ധിച്ചു. ഞാന്‍ പോയില്ല. പിന്നെ അവള്‍ ആരുടെയോ കൂടെ പോയി എനിക്ക് വേണ്ടി പയങ്കുറ്റി കഴിച്ചു. വാഴയിലയില്‍ പൊതിഞ്ഞുകൊണ്ടുവന്ന പുഴുങ്ങിയ കടല എനിക്ക് നേരെ നീട്ടി. ഞാന്‍ തൊട്ടില്ല. അതിലെ തേങ്ങാപൂള്‍ എടുത്തു എനിക്ക് തന്നു. ഞാന്‍ വാങ്ങിയില്ല.
"ആ ചെക്കന് പ്രാന്താണെ. അത് നമ്മക്ക് തിന്നാ." - എന്ന് പറഞ്ഞ് ചേച്ചി അവളുടെ കൈയില്‍നിന്ന് തട്ടിയെടുത്തുതിന്നു. അന്ന് കരഞ്ഞുകൊണ്ടാണവള്‍ എന്റെ വീട്ടില്‍നിന്നിറങ്ങിപ്പോയത്. പിന്നീട് ദിവസങ്ങളോളം അവള്‍ പിണങ്ങിനടന്നു. അവളുടെ പിണക്കം തീര്‍ക്കാന്‍ പിന്നീടൊരുദിവസം പറശിനിക്കടവില്‍ പോയി പുഴുങ്ങിയ പയര്‍ കൊണ്ടുവന്ന് വയല്‍വരമ്പില്‍വച്ച് തിമര്‍ത്തുപെയ്യുന്ന മഴയില്‍ ആരും കാണാതെ അവള്‍ക്കു കൊടുത്തു. ആ നിമിഷം എന്ത് സന്തോഷമായിരുന്നു അവളുടെ മുഖത്ത്! അതിലെ തേങ്ങാപൂള്‍ എടുത്തു എനിക്ക് തന്നു. പയര്‍ മുഴുവനും ഞങ്ങള്‍ രണ്ടുപേരും മാത്രം തിന്നുതീര്‍ത്തു. അല്ല ചവച്ചിറക്കാതെ വിഴുങ്ങി, ആരും കാണാതിരിക്കാന്‍.

അന്ന് വയലിന്റെ വലത്തോട്ടുള്ള വരമ്പിലേക്ക്‌ ഞാനും ഇടത്തോട്ടുള്ള വരമ്പിലേക്ക്‌ അവളും യാത്ര പറഞ്ഞ് പിരിയുമ്പോള്‍ മനസ്സില്‍ അതുവരെയില്ലാത്ത ഒരു ചലനം... അന്നുമുതലായിരുന്നോ എനിക്കവളോട് പ്രണയം തോന്നിത്തുടങ്ങിയത്? എന്നുമുതലായിരുന്നു നിന‍ക്കെന്നോട് പ്രണയം തോന്നിത്തുടങ്ങിയത്? എന്ന് ചോദിക്കാന്‍ തുനിഞ്ഞതാണ്. പക്ഷെ, ടൈപ് ചെയ്ത ചോദ്യം ബാക്സ്പെയ്സ് ബട്ടന്‍ അമര്‍ത്തി മായ്ച്ചു കളഞ്ഞു. അത് അടഞ്ഞു കിടക്കുന്നത് തന്നെയാണ് സുഖമെന്ന് തോന്നി. എങ്കിലും അവളെയൊന്ന് നേരിട്ട് കാണണമെന്ന മോഹം മനസിന്റെ അടിത്തട്ടില്‍ ഊറിക്കൂടുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ പറഞ്ഞു.
"ഇത്തവണ ദില്ലിയില്‍ വന്നാല്‍ നാട്ടിലേക്ക് വരൂ. നിനക്ക് കാണണ്ടേ നമ്മുടെ നാട്? 
എന്റെ പ്രിയതമയെ?"

"ശ്രമിച്ചു നോക്കാം. അനുജന് അവധി എത്രദിവസം ഉണ്ടാകുമെന്നറിയില്ല. പിന്നെ കുട്ടികളുടെ സൗകര്യം നോക്കണം-അവരുടെ സ്കൂള്‍ അവധി." 
കാണാന്‍ ആഗ്രഹിച്ചത്‌ അവളെ ആയിരുന്നെങ്കിലും ഞാന്‍ എഴുതി- 'എനിക്ക് കാണണം നിന്റെ കുട്ടികളെ."
ചോദിച്ചു.-"അവര്‍ വളരുന്നത്‌ ഏത് സംസ്കാരത്തിലാണ്? നമ്മുടേതോ? വെള്ളക്കാരുടേതോ?'
"രണ്ടിനുമിടയില്‍. ഞങ്ങള്‍ ശ്രമിക്കുന്നുണ്ട് ഇന്ത്യക്കാരായ് വളര്‍ത്താന്‍. പക്ഷെ, അവര്‍ കാണുന്നതും കേള്‍ക്കുന്നതും മറ്റൊന്നാണ്. കുട്ടികള്‍ പേരന്‍റ്സിന്‍റെ കൂടെ ദിവസത്തില്‍ വളരെക്കുറച്ച് സമയല്ലേ ഉണ്ടാവു."
"ശരിയാണ്. മാത്രമല്ല, കുട്ടികളുടെ മനസ് എന്നും മുതിര്‍ന്നവരുടെ സങ്കല്‍പ്പങ്ങള്‍ക്കുമപ്പുറത്താണ്.
"അവര്‍ക്കും ആഗ്രഹമുണ്ട്. കൊളച്ചേരി ഒരുതവണ കാണാന്‍. വയലും കൂളിക്കുളവും പിന്നെ വിഷകണ്ടന്‍ തെയ്യവും എല്ലാം ഞാന്‍ പറഞ്ഞുകൊടുക്കാറുണ്ട്."
"ഓ... ഞാനത് പറയാന്‍മറന്നു. കൂളിക്കുളം കഴിഞ്ഞ കൊല്ലം മണ്ണിട്ട്‌ മൂടി."
"അയ്യോ ആരാ അത് ചെയ്തത്?" എന്തിന്?
'അവരത് ആര്‍ക്കോ വിറ്റിരുന്നു. ഏതോ റിയല്‍എസ്റ്റെറ്റ്കമ്പനിക്ക്. അവര്‍ക്ക് എന്തെങ്കിലും ഉദ്ദേശം കാണും. ഇപ്പോള്‍ അവരാണ് കേരളത്തിലെ ഭൂനിയമങ്ങള്‍ ഉണ്ടാക്കുന്നത്." 
'അയ്യോ കഷ്ട്ടായിപ്പോയി. എന്റെ മോള്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു അത് കാണാന്‍."
"മകള്‍ക്കോ നിനക്കോ ആഗ്രഹം?"

"രണ്ടാള്‍ക്കും."
"അതില്‍ നമ്മുടെ ബാല്യം മണ്ണിനടിയില്‍ക്കിടന്ന് ശ്വാസം മുട്ടുന്നുണ്ടാവും".
"അത് മണ്ണില്‍
തന്നെ അലിഞ്ഞുതീരട്ടെ."


അങ്ങനെ പറഞ്ഞെങ്കിലും അവളിപ്പോള്‍ എന്താണ് ഓര്‍ക്കുന്നുണ്ടാവുക? എനിക്ക് ഊഹിക്കാന്‍ കഴിയും. അതിന്റെ ഇരുഭാഗത്തേയും പടവുകളില്‍ നിന്നാണ് ഞാനും അവളും നീന്താന്‍ പഠിച്ചത്. അവളുടെ ശരീരത്തില്‍ നനഞ്ഞൊട്ടിയ കുപ്പായവും പാവാടയും എനിക്ക് കൌതുകമായിരുന്നു. വിവാഹം കഴിഞ്ഞു കൊളച്ചേരി വിട്ടുപോയതില്പിന്നെ അവളെ ഓര്‍മ്മവരുമ്പോള്‍ ഞാനവിടെ പോയിരിക്കുക പതിവായിരുന്നു, പ്രവാസജീവിതം തുടങ്ങുന്നതുവരെ.
***








(കൊളച്ചേരി ഇപ്പോഴും ഗ്രാമമാണ്. ടൌണ്‍ എന്നത് സാങ്കല്‍പ്പികമാണ്‌.)
                                                      
-----------------------------------------------------------------------------------------------------
  ഗുൽമോഹർ ഓണ്‍ലൈൻ മാഗസിൻ:     http://www.gulmoharmagazine.com/gulmoharonline/kadhakal/kathirmanikal 
                                                     
------------------------------------------------------------------------------------



ഗൾഫ്  മലയാളി മാഗസിൻ :





വെള്ളിയാഴ്‌ച, മേയ് 04, 2012

ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നു.

ഫോട്ടോ കടപ്പാട്: മനീഷ് (facebook)
     കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് താലൂക്കിലെ കൊളച്ചേരി പഞ്ചായത്തില്‍ നണിയൂര്‍ എന്നൊരു ഗ്രാമമുണ്ട്. അവിടെ ചരിത്രത്തില്‍ അര്‍ഹമായ സ്ഥാനം ലഭിക്കാതെ പോയ ഒരു മനുഷ്യന്‍ ജീവിച്ചിരുന്നു. മഴയത്ത് ചോര്‍ന്നൊലിക്കുന്ന വീടിനകത്ത് സ്വന്തം ഉടുമുണ്ടുകൊണ്ട് ഭാര്യയുടെയും മക്കളുടെയും ശീതം മാറ്റാന്‍ പാടുപെട്ട ഒരു വിപ്ലവകാരി!
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ആ നാമം ഇവിടെ കുറിച്ചിടണമെന്ന ആഗ്രഹം മനസ്സില്‍ കൊണ്ടുനടക്കുകയാണ് ഞാന്‍. നാലുമാസങ്ങള്‍ക്ക് മുന്‍പ് ഒരു കുറിപ്പ് എഴുതിത്തയ്യാറാക്കിയതുമാണ്. പക്ഷെ, ചരിത്രപരമായ സത്യസന്ധത ഉറപ്പുവരുത്തേണ്ടതുണ്ടായിരുന്നു. പിന്നെ കുറച്ചു കൂടുതല്‍ അറിവും ആ മനുഷ്യനെക്കുറിച്ച് ഉണ്ടായിരിക്കണം എന്ന് തോന്നി.

     കൂടുതല്‍ അറിവുകള്‍ക്ക് വേണ്ടി വിക്കിപീഡിയയും പിന്നെ സി.പി.എം, സി.പി.ഐ എന്നീ പാര്‍ട്ടികളുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളും സന്ദര്‍ശിച്ചുനോക്കി. വിഷ്ണുഭാരതീയന്‍ എന്ന പേരും രണ്ടോമൂന്നോ വാചകവുമല്ലാതെ കൂടുതലൊന്നും കണ്ടില്ല.

     ഒരേ സമയം കമ്മ്യൂ ണിസത്തേയും ഗാന്ധിസത്തേയും ആത്മീയതയേയും പുണര്‍ന്ന ഒരാള്‍ നമുക്ക് മുന്‍പേ നടന്നുപോയിരുന്നു എന്ന് പുതിയ തലമുറയിലെ എത്രപേര്‍ക്ക് അറിയാം? പഴയ തലമുറയിലെ എത്രപേര്‍ ഓര്‍ക്കുന്നുണ്ട്?
സ്വാതന്ത്ര്യസമരത്തിലൂടെ ഗാന്ധിസത്തിലേക്കും കര്‍ഷകസമരങ്ങളിലൂടെ കമ്മ്യൂണിസത്തിലേക്കും പിന്നെ എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട്‌ ജനസംഘത്തിലേക്കും നടന്നുപോയി അവിടുന്ന് കമ്മ്യൂണിസത്തിലേക്കും പിന്നെ പരിപൂര്‍ണ്ണ ആത്മീയതയിലേക്കും തിരിച്ചുനടന്ന് ജീവിതത്തെ ഒരു രാഷ്ട്രീയ പരീക്ഷണമാക്കിയ(ആത്മീയ പരീക്ഷണം എന്നാണോ ശരി?) ഒരു മനുഷ്യന്‍!

     വിഷ്ണുഭാരതീയന്‍ - ആ പേര് എനിക്ക് കേട്ടറിവ് മാത്രമാണ്. അദ്ദേഹം മരിക്കുമ്പോള്‍ ഞാന്‍ വളരെ ചെറിയ കുട്ടിയായിരുന്നു. കുറച്ചു മുതിര്‍ന്നപ്പോള്‍ നമുക്ക് മുന്നേ നടന്നുപോയവരുടെ കാല്‍പ്പാടുകള്‍ എനിക്കെന്നും കൌതുകമായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തെ ഞാനറിയുന്നത്. വിഷ്ണുഭാരതീയനെ അറിയുകയെന്നാല്‍ ഒരു കാലഘട്ടത്തെയറിയുകയെന്നാണര്‍ത്ഥം. ദുരന്തപര്യവസായിയായ ആത്മസമര്‍പ്പണത്തിന്റെ ചരിത്രം കൂടിയാണത്. കൊട്ടിഘോഷിക്കപ്പെടുന്ന ചരിത്രത്തിന്റെ വര്‍ണ്ണാഭമായ താളുകളിലോന്നും വായിച്ചെടുക്കുവാനാവാത്ത ആത്മസമര്‍പ്പണം. അദ്ദേഹത്തിന്റെ ആത്മകഥ എവിടെയും കിട്ടാനില്ലെന്ന് താഹ മാടായി എന്ന എഴുത്തുകാരന്‍ പറയുന്നു.

     നമ്മള്‍ നിലവിളക്കിന്റെ ശോഭയെക്കുറിച്ച് എഴുതും, സംസാരിക്കും. പക്ഷെ അതിനു ശോഭ പകരാന്‍ സ്വയം എരിഞ്ഞുതീരുന്ന വിളക്കുതിരിയെക്കുറിച്ച് മൌനം നടിക്കും. എരിഞ്ഞുതീരാന്‍ അങ്ങനെയൊന്നില്ലെങ്കില്‍ നിലവിളക്കും വെറും കാഴ്ച്ചവസ്തുവാണ് അല്ലെങ്കില്‍ ഉപയോഗശൂന്യമാണ്. എന്നത് ഒന്നോ രണ്ടോ വ്യക്തികളെ കേന്ദ്രീകരിച്ച് ചരിത്രം നിര്‍മ്മിക്കുന്നവര്‍ ഓര്‍ത്തിരുന്നെങ്കില്‍...

     1892 സെപ്റ്റംബറിലാണ് (1067 ചിങ്ങം 23) വിഷ്ണുഭാരതീയന്റെ ജനനം. വിഷ്ണു നമ്പീശന്‍ എന്ന് യഥാര്‍ത്ഥ പേര്. 1930 ലെ ഉപ്പുനിയമലംഘനത്തിനു ആറുമാസത്തെ കഠിനതടവ്. കോടതിയില്‍ വച്ച് പേര് ചോദിച്ചപ്പോള്‍ വിഷ്ണു നമ്പീശന്‍ പറഞ്ഞു - 'ഭാരതീയന്‍.' അങ്ങനെ അദ്ദേഹം വിഷ്ണു ഭാരതീയനായി. 1931 ലെ വട്ടമേശസമ്മേളനത്തിന് ശേഷം ഗാന്ധിജി ബോംബെ തുറമുഖത്ത് അറസ്റ്റു ചെയ്യപ്പെട്ടപ്പോള്‍ കണ്ണൂരില്‍ പ്രധിഷേധ പദയാത്രയ്ക്ക് നേതൃത്വം കൊടുത്തതിനു വീണ്ടും ജയില്‍വാസം. 1940 ല്‍ കെ.പി.ആര്‍. ഗോപാലന്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മൊറാഴ കര്‍ഷകസമരത്തിലെ ഒന്നാം പ്രതി വിഷ്ണുഭാരതീയനാണ്. അക്രമാസക്തരായ സഹപ്രവര്‍ത്തകരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു വിഷ്ണുഭാരതീയന്‍ അപ്പോഴെന്നു അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് ചിലര്‍ പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ട്. (കെ.പി.ആറും അവസാനകാലത്ത് ജീവിച്ചത് മഴയത്ത് ചോര്‍ന്നൊലിക്കുന്ന വീട്ടിലായിരുന്നു.)

     ജന്മിത്തത്തിന് എതിരായി കേരളത്തില്‍ ആദ്യമായി കര്‍ഷകര്‍ സംഘടിച്ചത് 1935 ല്‍ വിഷ്ണുഭാരതീയന്റെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ വീട്ടില്‍. ആ യോഗത്തില്‍ വച്ചാണ് വിഷ്ണുഭാരതീയന്‍ പ്രസിഡണ്ടായും കേരളീയന്‍ സെക്രട്ടറിയായും കേരളത്തിലെ ആദ്യത്തെ കര്‍ഷക സംഘം - കൊളച്ചേരി കര്‍ഷകസംഘം - രൂപം കൊണ്ടത്‌. അതില്‍ ആവേശം കൊണ്ടാണ് മലബാറിന്റെ മറ്റു ഭാഗങ്ങളില്‍ കര്‍ഷകര്‍ സംഘടിച്ചതും കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ സമരമുഖങ്ങളില്‍ അണിനിരന്നതും. 1937 ല്‍ പറശിനിക്കടവില്‍ വച്ച് നടന്ന കര്‍ഷക സമ്മേളനത്തില്‍ എ.കെ.ജിയുടെയും കെ.പി.ഗോപാലന്റെയും വിഷ്ണുഭാരതീയന്റെയും സാന്നിധ്യത്തില്‍ അഖില മലബാര്‍ കര്‍ഷക സംഘം രൂപം കൊണ്ടു. 1939 ല്‍ പിണറായിയിലെ പാറപ്രത്ത് കമ്മ്യുണിസ്റ്റ് പാര്‍ടി രൂപീകരിക്കാനുള്ള രഹസ്യയോഗം ചേരാനുള്ള തീരുമാനമെടുത്തത് വിഷ്ണുഭാരതീയന്റെ വീട്ടില്‍ അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ നടന്ന രഹസ്യ യോഗത്തിലായിരുന്നു.

     ഏക്കറ കണക്കിന് ഭൂമിയുടെ ഉടമയായിരുന്നു വിഷ്ണുഭാരതീയന്റെ പിതാവ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അടിമത്തത്തിനെതിരായ പോരാട്ടത്തില്‍ ശ്രദ്ധിക്കാനാളില്ലാതെ എങ്ങനെയൊക്കെയോ നഷ്ട്ടപ്പെടുകായയിരുന്നു. ബാക്കിയുള്ളവ രാഷ്ട്രീയപ്രവര്‍ത്തനം സമ്മാനിച്ച കടം വീട്ടാന്‍ വില്‍ക്കേണ്ടിവന്നു എന്നും പറഞ്ഞു കേട്ടിട്ടുണ്ട്. താഹ മാടായിയും അതുതന്നെ എഴുതുന്നു.
അവസാനകാലത്ത് വല്ലാത്ത ദാരിദ്ര്യം ആയിരുന്നു. പക്ഷെ, പലരും അറിഞ്ഞതിനേക്കാള്‍ ആഴമുണ്ടായിരുന്നു അദ്ദേഹത്തിന്റെ ദാരിദ്ര്യത്തിന് എന്ന് താഹ മാടായിയുടെ ചെറുകുറിപ്പിനോടൊപ്പം പ്രസിദ്ധീകരിച്ച ഡയറിക്കുറിപ്പുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ആത്മഹത്യയെക്കുറിച്ചുവരെ ചിന്തിച്ചുപോയ ദാരിദ്ര്യം! (വിപ്ലവകാരികള്‍ അങ്ങനെ ചിന്തിക്കില്ലെന്നായിരുന്നു എന്റെ വിശ്വാസം) 

     കരിങ്കല്‍ക്കുഴി ബസാറില്‍ ഭാരതീയ നഗര്‍ എന്നെഴുതിയ ഒരു ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. പക്ഷെ, ആരും ഉച്ചരിക്കാറില്ല. ഇങ്ങനെയുള്ള എത്രയെത്ര മനുഷ്യരുടെ ഓര്‍മ്മകള്‍ക്ക് ‌ മുകളില്‍ മണ്ണിട്ട്‌ നികത്തിയാണ് നമ്മള്‍ ചരിത്ര സ്മാരകങ്ങള്‍ പണിഞ്ഞിട്ടുള്ളത് എന്നോര്‍ക്കുമ്പോള്‍...

     വിപ്ലവത്തിന്റെ കനല്‍വഴികളിലൂടെ സഞ്ചരിക്കുമ്പോഴും ചെറുപ്പത്തില്‍ മനസ്സില്‍ ലയിച്ചുപോയ ആത്മീയത ഉപേക്ഷിച്ചിരുന്നില്ല അദ്ദേഹം. അതുകൊണ്ടായിരിക്കുമോ പിന്നീട് ക്ഷേത്രങ്ങളില്‍ ആത്മീയപ്രഭാഷണം നടത്താന്‍ പോയത്? അതോ ഒരു സത്രത്തിലെന്നപോലെ അതില്‍ വിശ്രമിക്കുകയായിരുന്നോ വിസ്മൃതിയിലേക്കുള്ള യാത്രയില്‍?
***
.
.
.
.
.
.
--------------------------------------
കടപ്പാട്:
1. താഹ മാടായി (ദേശമേ ദേശമേ 25 അസാധാരണ ജീവിതങ്ങള്‍ എന്ന പുസ്തകം)
2. പുസ്തകം തന്നു സഹായിച്ച ഗോപാലകൃഷ്ണന്‍
3. ഞാന്‍ ശ്രവിച്ച പ്രസംഗങ്ങള്‍
4.സമരചരിത്രം പറഞ്ഞുതന്ന പൂര്‍വികര്‍
--------------------------------------
കേരളീയന്‍: കടയപ്രത്ത് കുഞ്ഞപ്പ നമ്പ്യാര്‍ എന്ന് യഥാര്‍ത്ഥ പേര്. വിഷ്ണു നമ്പീശന്‍ പേര് ഭാരതീയന്‍ എന്ന് പറഞ്ഞപ്പോള്‍ കൂടെയുണ്ടായിരുന്ന കുഞ്ഞപ്പനമ്പ്യാര്‍ കേരളീയന്‍ എന്ന് പറഞ്ഞു.
--------------------------------------
വിഷ്ണുഭാരതീയനെക്കുറിച്ചും അദ്ദേഹവുമായി ബന്ധപ്പെട്ട ചരിത്രവും അറിയുന്നവര്‍ അത് ഇവിടെ കുറിച്ചിടാനും‍ ഇതില്‍ സംഭവിച്ചിരിക്കുന്ന ചരിത്രപരമായ തെറ്റുകള്‍ സദയം പൊറുത്തുകൊണ്ട് തിരുത്തുവാനും അപേക്ഷ.
***