Kharaaksharangal - kkanakambaran.blogspot.com - Part of kharaaksharangal.blogspot.com

ശനിയാഴ്‌ച, മേയ് 11, 2019

ഏതോ ഒരു കെട്ടിടം

 കണ്ണാടി മാഗസിൻ.com http://kannadimagazine.com/article/841.com


          ഞങ്ങൾ പത്ത്-പതിനഞ്ചോളം പേർ ഉണ്ടായിരുന്നു. കൂട്ടത്തിൽ  ഹിന്ദുക്കളും ക്രിസ്ത്യാനികളും പിന്നെ മുസ്ലീങ്ങളുമുണ്ട്. ഞാൻ ഒരാൾ മാത്രമായിരുന്നു യുക്തിവാദി. ഞങ്ങൾ നിർദോഷമായ തമാശകൾ പറഞ്ഞും പരസ്പരം കളിയാക്കിയും യാതൊരു ലക്ഷ്യബോധവുമില്ലാതെ നടക്കുകയാണ്. നടത്തത്തിനിടയിൽ വളരെ പുരാതനമായ ഒരു കെട്ടിടം കണ്ടപ്പോൾ  ഞാൻ പറഞ്ഞു. "ആ കെട്ടിടം നോക്കൂ. എന്തൊരു ഭംഗിയാണ്! അത് ഡിസൈൻ ചെയ്തയാളെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല. അത് നിർമ്മിച്ച തൊഴിലാളികളുടെ പാടവം അത്ഭുതപ്പെടുത്തുന്നു!"

ഒരു ക്രിസ്തുമതവിശ്വാസി തിരുത്തി. "കെട്ടിടമോ?! അതൊരു ദേവാലയമാണെന്ന് തോന്നുന്നു."

മുസ്‌ലിം കൂട്ടുകാരൻ വിയോജിച്ചു. അവൻ അല്പം രോഷത്തോടെതന്നെ  പറഞ്ഞു. "നിങ്ങൾക്ക് രണ്ടാൾക്കും കണ്ണുകാണുന്നില്ലെ? ഇസ്‌ലാം മതവിശ്വാസികളുടെ പള്ളിയെക്കുറിച്ചാണോ നിങ്ങൾ തമാശ പറയുന്നത്?"

അപ്പോൾ ഹിന്ദുമതവിശ്വാസിയായ മൂന്നാമത്തെയാൾ ഇടപെട്ടു. "ഒന്ന് നിർത്ത്. അത് നിങ്ങൾ പറഞ്ഞതൊന്നുമല്ല. ഹിന്ദുക്കളുടെ ക്ഷേത്രമാണ്." 

ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മിൽ ചേരിതിരിഞ്ഞ് തർക്കമായി. തർക്കം മുറുകി കയ്യാങ്കളിയാവാൻ സാധ്യതയുണ്ടെന്ന് മനസിലായപ്പോൾ യുക്തിവാദിയായ ഞാൻ ഇടപെട്ടു. "വെറുമൊരു കെട്ടിടത്തിൻറെ പേരിൽ തല്ലുകൂടുന്നുവെങ്കിൽ നമ്മുടെ സൗഹൃദത്തിൻറെ അർത്ഥമെന്ത്? നിങ്ങൾ എന്തൊരു വിഡ്ഢികളാണ്... ഛെ. കഷ്ടം! എനിക്ക് നിങ്ങളോട് പുച്ഛം തോന്നുന്നു."

എൻറെ ചോദ്യം കേട്ട് അവർ തർക്കം അവസാനിപ്പിച്ച് എന്നോട് കയർത്തു. അവർ മതവിശ്വാസികൾ ഭിന്നത മറന്ന് ഒറ്റക്കെട്ടായി. അപ്പോൾ ഞാനായി കുറ്റക്കാരൻ.  "പുച്ഛിക്കൽ നിർത്ത്. അത് വെറുമൊരു കെട്ടിടമല്ല. വിഡ്ഢിത്തം പറയാതെ നീ ശരിക്കും നോക്ക്." 

          ഞാൻ ശരിക്കും നോക്കി. അവർ മൂന്നുകൂട്ടരും പറഞ്ഞ ഒരു പ്രത്യേകതയും ഞാനതിൽ കണ്ടില്ല. നാലുപേർക്കും വ്യത്യസ്ഥമായി ദൃശ്യമാവുന്നതിൻറെ കാരണം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. കെട്ടിടം ഒരത്ഭുതം തന്നെ! അത് രൂപകൽപന ചെയ്ത ആളെ ഒന്നു കാണാൻ സാധിച്ചിരുന്നെങ്കിൽ... അല്ലെങ്കിൽ ഞങ്ങളുടെ കാഴ്ചകൾക്ക് എന്തോ കാര്യമായ തകരാറുണ്ട്.  ഞാനങ്ങെനെയൊക്കെ ചിന്തിച്ചെങ്കിലും അവർക്കിഷ്ടപ്പെടില്ലെന്നു കരുതി മിണ്ടാതിരുന്നു. അവർ വീണ്ടും തർക്കം തുടങ്ങി. ഞങ്ങൾ കൂട്ടുകാർ  ഒത്തുകൂടുമ്പോഴൊക്കെ ദൈവവിശ്വാസത്തിലെ വൈരുദ്ധ്യങ്ങളെക്കുറിച്ചും അതിലെ  യുക്തിയെക്കുറിച്ചും യുക്തിയില്ലായ്മയെക്കുറിച്ചും സൗഹൃദപരമായി തർക്കിക്കാറുണ്ട്.  പക്ഷെ, ഇപ്പോൾ അതിരുവിടുന്ന ലക്ഷണമാണ്.  എങ്ങനെയെങ്കിലും ഈ തർക്കം അവസാനിപ്പിക്കണമെന്ന് തോന്നി  ഞാനൊരു ഉപായം പറഞ്ഞു.

"നിങ്ങൾ മൂന്നുകൂട്ടർക്കും നിങ്ങളുടെ ആരാധനാലയമാണെന്ന് തോന്നുന്ന സ്ഥിതിക്ക് എല്ലാവരും ഒരുമിച്ച് അതിനകത്തുകയറി പ്രാർത്ഥിക്കൂ. ഞാനതിൻറെ രൂപവും അതിൻറെ മുകളിലെ കലാസൃഷ്ടികളും  മതിയാവോളം നോക്കി ആസ്വദിക്കട്ടെ."

ആ പറഞ്ഞതും അവർക്കിഷ്ടമായില്ല. അപ്പോഴേക്കും ഞങ്ങളാ കെട്ടിടത്തിനരികിൽ എത്തിയിരുന്നു.

"വരൂ..." എന്നുപറഞ്ഞ് ഞാൻ മുന്നിൽ നടന്നു. അവർ പക്ഷെ, കൂട്ടത്തോടെ എന്നെ തടഞ്ഞു. 

ആരോ ഒരാൾ ചോദിച്ചു. "നിനക്കെന്താണ് അവിടെ കാര്യം?"
മറ്റൊരാൾ പറഞ്ഞു. "അത് വിശ്വാസികൾക്കുള്ളതാണ്. ദൈവനിഷേധികൾ അവിടെ പോകരുത്."

ഞാൻ സാവധാനമാണ് മറുപടി പറഞ്ഞത്. "നോക്കൂ, അവിടെ നൂറ്റാണ്ടുകൾക്കുമുൻപ്  ജീവിച്ച  നമ്മുടെ പൂർവ്വികരുടെ വിയർപ്പുതുള്ളികൾ ഇറ്റിവീണിട്ടുണ്ട്. അവരുടെ കരുത്തുറ്റ കരങ്ങളാൽ നിർമ്മിക്കപ്പെട്ട അതിന്റെ ചുമരുകളിൽ തൊട്ടുനോക്കുമ്പോൾ നമ്മുടെ പൂർവ്വികരെ തൊടുന്നതുപോലുള്ള അനുഭൂതിയുണ്ടാവും."

"അവന്റെയൊരു സാഹിത്യം" എന്നുപറഞ്ഞ് ആരോ ഒരാൾ എന്നെപ്പിടിച്ച് തള്ളി. ആ വീഴ്ചയിലാണ് ഉറക്കമുണർന്നത്. മുറിയിൽ നല്ല ഇരുട്ട്. മുറിയുടെ അപ്പുറത്തെ അരികിലെ കട്ടിലിൽ കിടക്കുകയായിരുന്ന സഹവാസി കൂർക്കം വലിക്കുന്നു. ഇരുട്ടിൽ മൊബൈൽ  തപ്പിയെടുത്ത് സമയം നോക്കി. പുലർച്ചെ നാലുമണിയാവുന്നതേയുള്ളു. ഒരുമണിക്കൂർകൂടി ബാക്കിയുണ്ട്. പിന്നെ എയർകണ്ടീഷൻ യന്ത്രത്തിന്റെ തണുപ്പിൽ അല്പനേരംകൂടി മൂടിപ്പുതച്ചുറങ്ങി.
***


കണ്ണാടി മാഗസിൻ.com  http://kannadimagazine.com/article/841