രണ്ടു ചെറുപ്പക്കാർ. ഉപരിപഠനകാലത്ത് ഒരേ വിദ്യാലയത്തിൽ പഠിക്കുന്നവരാണെന്ന് സങ്കൽപ്പിക്കാം. അല്ലെങ്കിൽ ഏതെങ്കിലും തൊഴിലിടത്തിലാണെന്ന് സങ്കല്പിക്കാം. സ്ത്രീയോ പുരുഷനോ ആയിരിക്കാം. അല്ലെങ്കിൽ ഒരാൾ സ്ത്രീയും മറ്റെയാൾ പുരുഷനുമായിരിക്കാം. രണ്ടുപേരും പരിചയപ്പെട്ടു. അവരുടെ ജാതിയും മതവും ലിംഗവും പാർട്ടിയും അറിയാത്തതുകൊണ്ട് നമുക്കവരെ 'എക്സ്' എന്നും 'വൈ' എന്നും വിളിക്കാം.
എക്സ് ചോദിച്ചു. "അച്ഛനും അമ്മയും ഇല്ലേ?"
വൈ പറഞ്ഞു. "അമ്മയുണ്ട്. അച്ഛനില്ല."
"എനിക്കും. അച്ഛൻ മരിച്ചുപോയി. ആരോ കൊന്നതാ." എക്സ് പറഞ്ഞു. മുഖത്ത് അതുവരെയുണ്ടായിരുന്ന ഉന്മേഷം മാഞ്ഞുപോയി. പാർട്ടിയുടെ പതാക പുതപ്പിച്ച മൃതദേഹം മനസ്സിൽ തെളിഞ്ഞു.
"എന്റെ അച്ഛനെയും കൊന്നതാ." അച്ഛനെ മനസ്സിൽ സങ്കൽപ്പിക്കാൻ ശ്രമിച്ചു.
രണ്ടു പാർട്ടികളിൽപ്പെട്ടവരാണെങ്കിലും ഈയൊരു കാര്യത്തിൽ തുല്യ അനുഭവമുള്ളവരാണെന്ന് അവർ പരസ്പരം തിരിച്ചറിഞ്ഞു.
വൈ ചോദിച്ചു. "നീ
നിന്റെ അച്ഛനെ കണ്ടിട്ടുണ്ടൊ?"
"കണ്ടിട്ടുണ്ട്. വളരെ ചെറിയ പ്രായത്തിലായിരുന്നല്ലോ അത്. നേഴ്സറിയിൽ പഠിക്കുന്ന കാലമായിരുന്നു. മുഖം വ്യക്തമാവുന്നില്ല.
"ഞാൻ കണ്ടതേ ഓർക്കുന്നില്ല. മുലകുടി മാറാത്ത കുട്ടിയയായിരുന്നത്രെ അപ്പോൾ ഞാൻ."
അവർ കൂട്ടുകാരായി.
"ഒരേ അനുഭവമുള്ളവരായതുകൊണ്ടാ നമ്മൾ പെട്ടെന്ന് അടുപ്പത്തിലായത്." എക്സ് ആണ് അങ്ങനെ പറഞ്ഞത്.
അപ്പോൾ വൈ പറഞ്ഞു. "ചെറുപ്പത്തിൽ ഞാനാരോടും കൂട്ടുകൂടാറുണ്ടായിരുന്നില്ല. വീട്ടിനടുത്തുള്ള മൈതാനത്തിൽ കുറേ കുട്ടികൾ കളിക്കാറുണ്ടായിരുന്നു. പക്ഷെ, ഞാൻ അവരോടൊപ്പം കൂടാറില്ല. ആ കുട്ടികളിലെ ആരുടെയൊ അച്ഛനായിരുന്നു എൻറെ അച്ഛനെ കൊന്നത്."
പിന്നെ രണ്ടുപേരും കൈ കോർത്തുപിടിച്ചു നടന്നു.
***
(സമർപ്പണം: രാഷ്ട്രീയ പകപോക്കലിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക്.)
***
(സമർപ്പണം: രാഷ്ട്രീയ പകപോക്കലിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക്.)