Kharaaksharangal - kkanakambaran.blogspot.com - Part of kharaaksharangal.blogspot.com

സംസ്കാരം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സംസ്കാരം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ബുധനാഴ്‌ച, സെപ്റ്റംബർ 14, 2016

ഓണം ഓർമ്മപ്പെടുത്തുന്നത്

സിറാജ് ഖത്തർ എഡിഷൻ

          എന്നുമുതലാണ് നമ്മൾ മലയാളികൾ ഓണം ആഘോഷിച്ചുതുടങ്ങിയത്? എവിടെയായിരുന്നു ആഘോഷത്തിന്റെ തുടക്കം? ആരുടെ ഭരണകാലത്തായിരുന്നു? തുടങ്ങിയ സംശയങ്ങൾക്കൊന്നും വ്യക്തമായ ഉത്തരം എത്രയാന്വേഷിച്ചിട്ടും  ലഭിക്കുന്നില്ല. ഓണം   കേരളീയരുടെ ദേശീയ ഉത്സവമാണെന്നുമാത്രമേ അറിയൂ. അതിനെ തിരുവോണമെന്നും പൊന്നോണമെന്നും വിളിക്കുന്നുണ്ട്. മഹാബലി എന്നൊരു നീതിമാനായ രാജാവ് കേരളം ഭരിച്ചിരുന്നുവെന്നും വാമനൻ അദ്ദേഹത്തെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയെന്നും നമ്മൾ പഠിച്ചതും ഇപ്പോൾ പഠിപ്പിക്കുന്നതുമായ ഐതിഹ്യം. മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമനാൽ ശൃഷ്ടിക്കപ്പെട്ട കേരളത്തിൽ എങ്ങിനെയാണ് അഞ്ചാമത്തെ അവതാരമായ വാമനൻ എത്തിപ്പെടുന്നതെന്ന് ഐതിഹ്യത്തിൽ പറയുന്നുമില്ല.

         ഓണം ആഘോഷിച്ചുതുടങ്ങിയത് തൃക്കാക്കരയിലാണെന്നാണ് മദ്ധ്യകേരളത്തിലുള്ളവർ വിശ്വസിക്കുന്നത്. എന്നാൽ അതിനേക്കാൾ വർഷങ്ങൾക്കുമുൻപ് തമിഴ്‌നാട്ടിൽ ഈ ആഘോഷമുണ്ടായിരുന്നു എന്നും പറയപ്പെടുന്നുണ്ട്. പാണ്ട്യരാജ്യമായും ചേരമാൻ പെരുമാളുമായും ബുദ്ധമതവുമായുമൊക്കെ ബന്ധപ്പെടുത്തിക്കൊണ്ട് വ്യത്യസ്ഥ കഥകൾ നിലവിലുണ്ട്. ഇതൊന്നും തള്ളിക്കളയാനാവുന്നതുമല്ല. കേരളവും തമിഴ്‌നാടും ബുദ്ധമതത്തിന് ശക്തമായ സ്വാധീനമുണ്ടായിരുന്ന പ്രദേശങ്ങളായിരുന്നുവെന്നും രണ്ടുപ്രദേശങ്ങളുടെയും പ്രാചീനസംസ്കാരം പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നവയായിരുന്നുവെന്നും നമുക്കറിയാം.

           ഇവിടെ കുറിച്ചിടുന്നത് ഉത്തരമലബാറിലെ ഓണത്തെക്കുറിച്ചാണ്. കർക്കിടകമാസമായാൽ  വീടുകൾതോറും സന്ദർശിക്കുന്ന ആടി, വേടൻമാരുടെ വരവോടെയാണ് ഞങ്ങൾ കുട്ടികൾക്ക് ഓണക്കാലം ആവാറായിയെന്ന തിരിച്ചറിവുണ്ടാവുന്നത്. ആടി മലയന്മാരുടെതും വേടൻ വണ്ണാൻമാരുടേതുമാണ്. ഇവ രണ്ടും കുട്ടിത്തെയ്യങ്ങളാണ്. ഓരോ പ്രദേശത്തിനും പ്രത്യേകം പ്രത്യേകം അവകാശികളുണ്ട്. പണ്ടുമുതലേയുണ്ടായിരുന്ന എഴുതപ്പെടാത്ത ഒരു നിയമവ്യവസ്ഥപോലെ ഈ സമ്പ്രതായം ലംഘിക്കാതെ പിന്തുടർന്നുപോരുന്നുണ്ട് ഇക്കൂട്ടർ. തെയ്യരൂപത്തിൽ  ഓരോ വീടുകളിൽനിന്നും നെല്ലും അരിയും ധാന്യങ്ങളുമൊക്കെ സ്വീകരിച്ച് പോയിക്കഴിഞ്ഞാൽ ചിങ്ങമാസം പിറക്കുന്നതും കാത്തിരിപ്പാണ് കുട്ടികൾ. ഓണത്തിന് ഇനിയെത്ര നാളുകളുണ്ടെന്ന് എണ്ണികൊണ്ടേയിരിക്കും. ചെറുപ്പകാലത്ത് ഓണം ഒരു പ്രതീക്ഷയായിരുന്നു. പുതിയ വസ്ത്രം കിട്ടും, പലതരം കറികളും പായസവുമുള്ള ഓണസദ്യയുണ്ണാം, സദ്യയിൽ കറികളെത്രയുണ്ടായാലും കോഴിയിറച്ചിയോ ആട്ടിറച്ചിയോ തീർച്ചയായും ഉണ്ടാവും. ഇതൊക്കെയായിരുന്നു പ്രതീക്ഷ.

          ഉത്രാടദിവസമോ അതിന്റെ തലേദിവസമോ വീണ്ടും മലയന്മാർ വരും, കർക്കിടമാസത്തിൽ ആടിയെന്ന കുട്ടിത്തെയ്യം വന്നതുപോലെതന്നെ. പക്ഷെ, ഇത്തവണ വാമനന്റെ പ്രതീകമായിരിക്കും. ഞങ്ങളുടെ ഗ്രാമത്തിൽ കൃഷ്ണൻ എന്നായിരുന്നു വിളിച്ചിരുന്നത്. തെയ്യരൂപത്തിൽ അണിഞ്ഞൊരുങ്ങിയ ഒരു കുട്ടി, ഒരു ചെറിയ ചെണ്ട തോളിൽ തൂക്കിയിട്ട് ഒരു പുരുഷൻ, വീടുകളിൽനിന്നും കിട്ടുന്ന നെല്ലും അരിയും ധാന്യങ്ങളും ചുമക്കാൻ ഒരു സ്ത്രീ. ഇവരായിരുന്നു സംഘത്തിലെ അംഗങ്ങൾ. തിരുവോണനാളിലാണ് വണ്ണാൻമാർ വരുക. കൂടെയുള്ള കുട്ടിത്തെയ്യം മാവേലിയാണ്. കാണാൻ നല്ല ഓമനത്ത്വമുള്ള രൂപങ്ങളായിരുന്നു അവയൊക്കെ. നമ്മൾ ദൃശ്യമാദ്ധ്യമങ്ങളിലും ഘോഷയാത്രകളിലും കാണുന്ന കോമാളിരൂപമായിരുന്നില്ല. തോളിൽ തൂക്കിയിട്ട ചെറിയ ചെണ്ടയിൽ കോലുകൊണ്ട് താളംപിടിച്ച് പുരാണകഥയിലെ രംഗങ്ങൾ (തോറ്റം പാട്ട്) പാടുന്ന പെരുമലയന്മാരായ കറുത്തരാമൻ പണിക്കറേയും വെളുത്തരാമൻ പണിക്കറേയും (ഇവർ സഹോദരങ്ങളാണ്) കൃഷ്ണൻ പെരുവണ്ണാനെയും മകൻ പപ്പൻ പെരുവണ്ണാനെയും ചെറുമകൻ വിജയൻ പെരുവണ്ണാനെയും പരാമർശിക്കാതെ ഈ ഓണസ്മരണ പൂർണ്ണമാവില്ല.  വിജയൻ പെരുവണ്ണാൻ എന്റെ ബാല്യകാലസുഹൃത്തായിരുന്നു. കുട്ടിക്കാലത്ത് മാവേലിയുടെയും വേടന്റേയും വേഷത്തിൽ  എന്റെ വീട്ടിലും വന്നിട്ടുണ്ട്, മുത്തച്ഛന്റേയും അച്ഛന്റെയും കൂടെ. പുരാണകഥകളിൽ അറിവുള്ള പ്രായം ചെന്നവർ വീട്ടിലുണ്ടെങ്കിൽ രണ്ടോ മൂന്നോ വരി അധികം പാടുന്ന പതിവും അവർക്കുണ്ടായിരുന്നു. വീട്ടുകാർക്ക് മുഷിയരുതെന്നു കരുതിയാവണം അവർ പറയും. "എല്ലാടെയും നടന്നെത്തണ്ടേ. ഇപ്പൊ വീടുകളുടെ എണ്ണം കൂടിക്കൂടി വെര്വല്ലേ!" ഓരോ പ്രദേശത്തും ഈ കുട്ടിത്തെയ്യങ്ങൾക്ക് വ്യത്യസ്ഥ പേരും രൂപവുമാണ്. ഇന്ന് ചില പ്രദേശങ്ങളിൽ ഈ ആചാരം നിലവിലില്ല. അവരുടെ കുടുംബത്തിൽ അംഗസംഖ്യ കുറഞ്ഞതിനാലും പുരുഷന്മാർ മറ്റു ജോലിയുമായി ബന്ധപ്പെട്ട്  ദൂരസ്ഥലങ്ങളിലേക്ക് പോയതിനാലും അവർക്കതിന് സാധിക്കാറില്ല. ചില ഗ്രാമങ്ങളിലൊക്കെ അവരുടെ വീട്ടിലെ സ്ത്രീകൾ വന്ന് നെല്ലും അരിയും ധാന്യങ്ങളുമൊക്കെ വാങ്ങിച്ചുകൊണ്ടുപോകാറുണ്ടായിരുന്നു. അതും നിന്നുതുടങ്ങിയിട്ടുണ്ട്. പഴയതുപോലെ ദാരിദ്ര്യം ഇപ്പോഴില്ലായെന്നതും അതിനൊരു കാരണമാണ്.

         ഓണം വെറും കാർഷികോത്സവം മാത്രമല്ലെന്നും വ്യാപാരോത്സവം കൂടിയാണെന്നുമാണ് മനസിലാക്കാൻ സാധിച്ചിട്ടുള്ളത്. ഓരോ കാലഘട്ടത്തിലും ആതാതുകാലത്തെ ഭരണാധികാരികൾ ആഘോഷങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ടാവാം, ഇപ്പോൾ നമ്മുടെ സംസ്ഥാന സർക്കാരിന്റെ ഓണാഘോഷംപോലെ. അങ്ങനെ കാലഘട്ടത്തിന്റെ സാഹചര്യത്തിനനുസരിച്ച് പരിവർത്തനം ചെയ്യപ്പെട്ട ആഘോഷവും അതിന്റെ കഥയും ചരിത്രവുമാണ് നമ്മൾ കണ്ടും കെട്ടും ശീലിച്ച ഓണാഘോഷവും മഹാബലിയും വാമനനും. 

          രാജാവെന്നാൽ സവർണ്ണനാണെന്നും അതുകൊണ്ട് വെളുത്തനിറമുള്ളയാളും പൂണൂൽധാരിയുമായിരിക്കണമെന്നുമൊക്കെയുള്ള ധാരണ എങ്ങിനെയൊക്കെയോ ഇളക്കിമാറ്റാനാവാത്തവിധം നമ്മുടെ മനസിൽ ഉറച്ചുപോയിട്ടുണ്ട്. ഓണാഘോഷവുമായി മാധ്യമങ്ങളിൽ വായിക്കുകയും കാണുന്നതുമെല്ലാം  ഇത്തരം വിശ്വാസങ്ങളെ   ഉറപ്പിക്കുന്നതാണ്. ഓണസ്മരകൾ പങ്കിടാൻ ദൃശ്യമാധ്യമങ്ങൾക്ക് ഏറ്റവും പ്രിയം  പഴയ ജന്മിത്തറവാട്ടിലെയോ രാജകുടുംബത്തിലെയോ ആംഗങ്ങളെയാണ്. സാഹിത്യരംഗത്തോ  കലാരംഗത്തോ പൊതുപ്രവർത്തനരംഗത്തോ ഉള്ള ആളായാലും ഏതെങ്കിലും നമ്പൂതിരിയോ നായരോ മേനോനോ ആയിരിക്കുമത്. അവർക്ക് പറയാനുള്ളതോ തങ്ങളുടെ തറവാട്ടിലെ ഓണാഘോഷവും അവർ അടിമകളാക്കി വച്ചിരുന്ന പട്ടിണിപ്പാവങ്ങൾക്ക് നൽകിയ ദാനധർമ്മങ്ങളുടെ കഥയും. ഓണസദ്യയൊരുക്കാനുള്ള വിഭവങ്ങൾ  കൃഷിചെയ്തുണ്ടാക്കിയ കർഷകന്റെയോ കർഷകത്തോഴിലാളിയുടെയോ ഓണക്കോടികൾ നെയ്തുണ്ടാക്കിയ നെയ്ത്തുകാരന്റെയോ ഓണസ്മരകൾ എന്താണെന്ന്  ആരും അന്വേഷിക്കാറില്ല. ചതിയും കാപട്യവും കള്ളത്തരങ്ങളുമൊന്നുമില്ലാതിരുന്ന കാലം വേഷം മാറിവന്നയാൾ സൂത്രത്തിൽ അധികാരം കൈയ്യടക്കിയപ്പോൾ പുറന്തള്ളിപ്പോയവരാണവർ. കാലക്രമേണ സ്വന്തം നിലനില്പിനുവേണ്ടി അവർക്ക് ഉപേക്ഷിക്കേണ്ടിവന്നത് അതുവരെ ജീവവായുപോലെ കൂടെക്കൊണ്ടുനടന്ന മനസിന്റെ നന്മയായിരുന്നു.  ഇത്തരം വേഷംകെട്ടലും അധികാരം കൈയ്യടക്കലും അതിനെ ന്യായീകരിക്കാൻ പെരുംനുണക്കഥകൾ ശൃഷ്ടിക്കുകയും ചെയ്യുന്നവർ നമുക്കിടയിൽ ദൈവങ്ങളെപ്പോലെ അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുമ്പോൾ മഹാബലിയെന്ന മിത്തിനെയും അത് നൽകുന്ന സന്ദേശത്തെയും വർഷത്തിൽ ഒരുദിവസമെങ്കിലും ഓർക്കുന്നത് നമ്മുടെ മനസിലെ നന്മ അല്പമെങ്കിലും ബാക്കിയുള്ളതുകൊണ്ടാണ്. ആ നന്മ തലമുറകളിൽനിന്നും തലമുറകളിലേക്ക് കൈമാറപ്പെടണം. മനുഷ്യരാശിയുള്ള കാലത്തോളം നിലനിൽക്കണം, കാലം ആവശ്യപ്പെടുന്ന മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട്.
***

വെള്ളിയാഴ്‌ച, ഏപ്രിൽ 15, 2016

വിത്തും കൈക്കോട്ടും...


          വീണ്ടും വിഷു. ഓരോ പ്രദേശത്തുകാർക്കും പങ്കുവയ്ക്കാനുണ്ടാവും വ്യത്യസ്ഥമായ ഓർമ്മകൾ. സന്ധ്യകഴിഞ്ഞാൽ വീട്ടുമുറ്റത്ത് പടക്കങ്ങൾ പൊട്ടുകയും കമ്പിത്തിരിയും പൂത്തിരിയും നിലച്ചക്രവും അഗ്നിപുഷ്പങ്ങളായി വിരിയുകയും ചെയ്യും. അപ്പോൾ അടുക്കളയിൽ നെയ്യപ്പം തയാറാവുന്നുണ്ടാവും. കാലത്ത് കണികണ്ടാൽ മധുരമായ് കിട്ടുക നെയ്യപ്പമാണ്. മുപ്പത്-മുപ്പത്തിയഞ്ച് വർഷങ്ങൾക്കുമുൻപ് എന്റെ ഗ്രാമത്തിലെ കുട്ടികളിൽ ചിലരെങ്കിലും പടക്കങ്ങൾ വാങ്ങിച്ചിരുന്നത് കശുവണ്ടി വിറ്റുകിട്ടിയ കാശുകൊണ്ടാണ്. 

      കണ്ണൂർ ജില്ലയിലെ നാട്ടിൻപുറങ്ങളിൽ അക്കാലത്ത് കശുമാവുകൾ മാത്രമുള്ള വിശാലമായ പറമ്പുകൾ ധാരാളമുണ്ടായിരുന്നു. ഇന്നത്തെപ്പോലെ ആർക്കും പ്രവേശിക്കാനാവാത്തവിധം മതിലുകൾ കെട്ടി വേർതിരിച്ചവയായിരുന്നില്ല അതൊന്നും. കശുമാവിൻതോട്ടത്തിലൂടെയുള്ള വഴികൾ നാട്ടുവഴികളാണ്. അതിന്റെ മുകളിൽ ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള മൂത്തുപഴുത്ത മാങ്ങകൾ തൂങ്ങിനിൽക്കുന്നുണ്ടാവും. മാങ്ങയുടെ അടിഭാഗത്ത് മൂപ്പെത്തിയ കശുവണ്ടിയും. ചിലതൊക്കെ ഞെട്ടറ്റ് നിലത്ത് വീണുകിടക്കുന്നുണ്ടാവും. അതുവഴി നടന്നുപോകുന്നവരിൽ കശുമാവുകൾ ഇല്ലാത്ത വീടുകളിലെ വികൃതികളായ കുട്ടികളുമുണ്ടാവും. അവർ ശരിക്കും വഴിയാത്രക്കാരായിരിക്കില്ല. ചുറ്റിലും നോക്കി ആരുമില്ലെന്ന് ഉറപ്പുവരുത്തിയായിരിക്കും അവർ പറമ്പിൽ പ്രവേശിക്കുന്നതുതന്നെ. വീണുകിടക്കുന്ന മാങ്ങയിൽനിന്നും കശുവണ്ടി വേർപെടുത്തിയെടുത്തി ട്രൌസറിന്റെ കീശയിലിടും. ആരും കാണുന്നില്ലെന്ന് ബോധ്യമായാൽ കല്ലുകൊണ്ട് എറിഞ്ഞുവീഴ്ത്തും. ഏറുകൊണ്ട് ചില്ലകളിലെ ഇലകൾ അനങ്ങുമ്പോൾ പറമ്പിന്റെ മറ്റേ അറ്റത്തുള്ള ഉടമസ്ഥൻ ശാപവാക്കുകളും തെറികളുമായി ഓടിവരും. കിട്ടിയ കശുവണ്ടിയുമായി കുട്ടികൾ ഓടിരക്ഷപ്പെടും. അത് വിറ്റുകിട്ടിയ കാശിന് പടക്കങ്ങൾ വാങ്ങി പൊട്ടിച്ചവരിൽ ചിലരെങ്കിലും ഇത് വായിക്കാതിരിക്കില്ല. അങ്ങനെയുള്ള കൂട്ടുകാർ എനിക്കുമുണ്ടായിരുന്നു. ചക്കയും മാങ്ങയും സുലഭമായിരുന്നു വിഷുക്കാലത്ത്. അതൊന്നും വിലകൊടുത്ത് വാങ്ങേണ്ടിവന്നിരുന്നില്ല. അണ്ണാനും വവ്വാലുകളും  തിന്നുബാക്കിയാക്കിയവ  വീട്ടുവളപ്പുകളിലും വഴിയോരങ്ങളിലും  വീണുകിടന്നിരുന്നു. ഈച്ചകൾ വട്ടമിട്ടു പറക്കുന്നുണ്ടാവും. മാവിന്റെ മുകളിലെ പഴുത്ത മാങ്ങകൾ കാക്കകൾ കൊത്തിത്തിന്നുന്നുണ്ടാവും. 

          കൊയ്ത്തു കഴിഞ്ഞ പാടം വെറുതെ വരണ്ടുണങ്ങാനിടാതെ പച്ചക്കറികൾ കൃഷിചെയ്ത് വിളവെടുത്ത് കണിയൊരുക്കുന്ന ഈ ആചാരം തുടങ്ങിയത് ജാതിവ്യവസ്ഥകൾ രൂപപ്പെടുന്നതിനും മുൻപ് ജന്മിത്തവും അടിമത്തവും ഉണ്ടാവുന്നതിനും മുൻപുള്ള സംഘകാലഘട്ടത്തിലാണെന്ന് പറയപ്പെടുന്നു. അതൊരുപക്ഷെ, അടുത്ത ഒരു വർഷത്തേക്ക് ആവശ്യമായ പച്ചക്കറികളുടെ വിളവെടുപ്പായോ കാലവർഷത്തിന്റെ വരവറിഞ്ഞ് പുതിയ നെൽക്കൃഷി തുടങ്ങാനായി പാടങ്ങളെ ഒരുക്കി തയ്യറായിനിൽക്കുക എന്നനിലയിലോ ഉള്ള ഒരു സ്വാഭാവിക ജീവിതചര്യമാത്രമായിരിക്കാം അക്കാലത്ത്. സാങ്കേതികവിദ്യകളൊന്നുംതന്നെ ഇല്ലാതിരുന്ന കാലത്ത് അന്നത്തെ മനുഷ്യർ ഈയൊരു ദിവസത്തെ വർഷാരംഭമായി കണക്കാക്കിയതും കാലാവസ്ഥയുടെ കാലയളവുകൾ കൃത്യമായി മനസിലാക്കി ജീവിച്ചിരുന്നതും അത്ഭുതം തന്നെയാണ്. അവർക്കത്‌ സാധ്യമായിട്ടുണ്ടെങ്കിൽ മണ്ണിനെയും പ്രകൃതിയെയും ഹൃദയംകൊണ്ട് തൊട്ടറിയാൻ സാധിച്ചതുകൊണ്ടാണെന്നുമാത്രമേ കരുതാനാവൂ.

          അതിൽനിന്നും വിഷു എന്ന ആചാരം എത്ര മാറിയിരിക്കുന്നു! അങ്ങനെതന്നെയായിരുന്നോ അതിന്റെ പേര്? ആർക്കറിയാം.  സംഘകാലഘട്ടത്തിലാണ് വിഷുവിന്റെ ആരംഭമെങ്കിൽ അക്കാലത്ത് കേരളത്തിൽ ശൈവാരാധനയോ  വൈഷ്ണവാരാധനയോ  ആയിരുന്നില്ല. പിന്നീടെപ്പോഴോ കേരളത്തിന്റെ മണ്ണിലേക്ക് കുടിയേറിയവർ കെട്ടുകഥകളും ഐതിഹ്യങ്ങളുമുണ്ടാക്കി ദൈവികവൽക്കരിച്ച് ഭയപ്പെടുത്തിയും മതവൽക്കരിച്ചും നാടിന്റെ കാവൽക്കാരും ഉടമസ്ഥരുമായി. ജനങ്ങളെ സൂത്രത്തിൽ പലതായി തരംതിരിച്ചു. കാലക്രമേണ കണികാണുന്ന പ്രകൃതിവിഭവങ്ങൾക്കിടയിൽ ദൈവത്തിന്റെ രൂപങ്ങളും പ്രത്യക്ഷപ്പെട്ടുതുടങ്ങി. ഐതിഹ്യങ്ങൾക്കും വിശ്വാസങ്ങൾക്കും വിഗ്രഹങ്ങൾക്കുമായി പ്രാധാന്യം. അത്രയും കാലം മണ്ണിനെ കിളച്ച്മറിച്ച് പൊന്നുവിളയിച്ച കർഷകൻറെ അദ്ധ്വാനത്തിനും വിയർപ്പിനും മൂല്യമില്ലാതായി. കുടിയേറിയവർക്ക് മുന്നിൽ ഭൃത്യരും ഒറ്റുകാരും ആയവർ അവരുടെ പങ്കുകാരായി. അങ്ങനെ നാടുവാഴിത്തവും ജന്മിത്തവും അടിമത്തവുമൊക്കെയായി സാമൂഹ്യവ്യവസ്ഥിതിതന്നെ മാറി. അടിമകളായി മാറിയവർക്ക് വർഷത്തിലൊരിക്കൽ ഔദാര്യമായി ലഭിക്കുന്ന അവസരം ആഘോഷമാവാതിരിക്കില്ലല്ലൊ.

          ഒരു ഓർമ്മകൂടി ഇവിടെ പങ്കുവയ്ക്കാം. എന്റെ നാട്ടിൽ ഒരു പാടമുണ്ട്‌. കൊളച്ചേരി വയൽ എന്നാണ് അതറിയപ്പെടുന്നത്. എന്റെ കുട്ടിക്കാലത്ത് വിഷുക്കാലമായാൽ സൂര്യൻ ഉദിക്കുമ്പോഴും അസ്തമിക്കുമ്പോഴും വയലിൽ നിറയെ ആളുകളെ കാണാം. സ്ത്രീകളും കുട്ടികളുമായിരിക്കും കൂടുതലും. പുരുഷൻമാർ അപൂർവ്വം. കൊയ്ത്തുകഴിഞ്ഞ കണ്ടത്തിൽ പലതരത്തിലുള്ള പച്ചക്കറികൾ കൃഷിചെയ്യുന്നവരാണ്. നാട്ടിലെ മിക്ക വീട്ടുകാരും കൂട്ടത്തിൽ ഉണ്ടാവും. ഒരു കണ്ടത്തിൽ രണ്ടോ മൂന്നോ വീട്ടുകാർ കൃഷി ചെയ്യുമായിരുന്നു. വീടുകളിൽ മുളപ്പിച്ചെടുത്ത വിത്തുകളാണ് നടുന്നത്. വയലിന് സമാന്തരമായൊഴുകുന്ന തോട്ടിൽ മെലിഞ്ഞുണങ്ങിയ അരുവിപോലെ വെള്ളം ഒഴുകുന്നുണ്ടാവും. തോട്ടിൽ ചിലയിടങ്ങളിൽ ചെറിയ കുഴികൾ ഉണ്ടാക്കിവയ്ക്കുമായിരുന്നു, വെള്ളം സംഭരിക്കാൻ. അതിൽനിന്നും കോരിയെടുക്കുന്ന വെള്ളമാണ് അവയ്ക്ക് നനക്കുക. കുറച്ചുദിവസങ്ങൾ കഴിയുമ്പോൾ അവ കിളിർക്കും. പിന്നെ തളിർക്കും, കായ്ക്കും. വെള്ളരിയും മത്തനും കുമ്പളവും ഉൾപ്പെടെ പലതരം പച്ചക്കറികൾ അതിന്റെ ഇലകൾക്കിടയിൽ സുരക്ഷിതമായി വളരും. എല്ലാത്തിനും സ്ത്രീകളുടെ മനസ്സിൽ എണ്ണമുണ്ടാവും. ആരെങ്കിലും മോഷ്ടിച്ചുകൊണ്ടുപോയാലോ. വിഷു ആവാറാവുമ്പോഴേക്കും അവയൊക്കെ പൂർണ്ണവളർച്ചയെത്തിയിട്ടുണ്ടാവും. കൃഷിചെയ്തവർ എല്ലാവരും ഒരുമിച്ച് വിഷുവിന് മുൻപേ ഒരുദിവസം വിളവെടുക്കും. അതുകൊണ്ടായിരുന്നു വിഷുക്കണി ഒരുക്കിയിരുന്നത്. കൃഷിചെയ്യാൻ സാധിക്കത്തവരോ ഏതെങ്കിലും ഒരിനം ഇല്ലാത്തവരോ അയൽപക്കത്തോ കുടുംബക്കാരിലോ ഉണ്ടെങ്കിൽ അവർക്കും നൽകും അതിൽനിന്ന്.  ഒത്തൊരുമയും സ്നേഹവും മാത്രം മുതൽക്കൂട്ടായ ഒരു സംസ്കാരത്തിന്റെ ബാക്കി നൂറ്റാണ്ടുകൾക്ക് ശേഷവും ഒഴിഞ്ഞുപോവാതെ മനുഷ്യരുടെ ജീവിതചര്യയിൽ കൂടെതന്നെയുണ്ടായിരുന്നു, കുടിയേറ്റം ചെയ്യപ്പെട്ട ചാതുർവർണ്ണ്യത്തിന് തുടച്ചുനീക്കാൻ സാധിക്കാത്തവിധം.  അവർക്കതിന് ധൈര്യമുണ്ടായിരുന്നില്ല എന്നുവേണം കരുതാൻ. കാരണം, മണ്ണിനെയും പ്രകൃതിയെയും മറന്നുജീവിച്ചാൽ അവരും പട്ടിണി കിടക്കേണ്ടിവരുമെന്ന ബോധം അവർക്കുണ്ടായിരുന്നിരിക്കണം.

          പക്ഷെ,  ഞങ്ങളുടെ  വിഷുസദ്യ പച്ചക്കറികൾകൊണ്ട്  മാത്രമല്ല. മാംസവും ഉണ്ടാവും. ആട്ടിറച്ചിയും വിലകൂടിയ മീനും ഒക്കെയുള്ളതായിരുന്നു. ഇറച്ചിക്കോഴികൾ വ്യാപകമാവുകയും ആടുവളർത്തൽ കുറയുകയും ചെയ്തതോടെ ആട്ടിറച്ചിക്ക് പകരം ഇപ്പോൾ കോഴിയിറച്ചിയായെന്ന്മാത്രം. ടി.വി.ചാനലുകളിലും യുടൂബിലും നോക്കിയാൽ കാണാൻ സാധിക്കുന്നത് ബ്രാഹ്മണ്യത്തിന്റെയൊ മതപരമോ ആയ വ്യാഖ്യാനങ്ങളാണ്. മതമെന്ന സങ്കൽപംപോലും ഇല്ലാതിരുന്ന ഒരു  കാലത്തെ  ആചാരം   ദുർവ്യാഖ്യാനം   ചെയ്ത്  അതിന്റെ മാനുഷികമായ സത്തയെ ചോർത്തിക്കളയുകയും  പരസ്പര  ബന്ധമില്ലാത്ത മിത്തും വിശ്വാസങ്ങളും ഒക്കെ തിരുകിക്കയറ്റിക്കൊണ്ടിരിക്കുകയുമാണ്. അങ്ങനെ വിഷുവും ഒരു ആഘോഷം മാത്രമായി മാറിക്കൊണ്ടിരിക്കുന്നു. കീടനാശിനികൾ തളിച്ച പച്ചക്കറികൾകൊണ്ട്  സദ്യ  ഒരുക്കിയും  മണ്ണിൽനിന്നും  അകന്ന്  പ്രകൃതിയുടെ താളങ്ങൾക്ക് കാതോർക്കാൻ നേരമില്ലാതെ സോഷ്യൽമീഡിയയിലെ സെൽഫികളായി... അങ്ങനെയങ്ങനെ ഇനിയും മാറിക്കൊണ്ടിരിക്കും. കാലത്തിന്റെ ഗതിവിഗതികൾ നമ്മൾ മനുഷ്യരുടെ പ്രതീക്ഷകൾക്കും ആഗ്രഹങ്ങൾക്കുമൊപ്പമായിരിക്കില്ലല്ലൊ. ഇപ്പോഴും എവിടെയെങ്കിലും ഏതെങ്കിലും മരച്ചില്ലയിലിരുന്ന് വിഷുപ്പക്ഷി പാടുന്നുണ്ടാവും, ഒരുകാലഘട്ടത്തെ സൂചിപ്പിച്ചുകൊണ്ട്.
"ചക്കയ്ക്കുപ്പുണ്ടൊ
അച്ഛൻ കൊമ്പത്ത്
അമ്മ വരമ്പത്ത് 
കള്ളൻ ചക്കേട്ടു
കണ്ടാമിണ്ടണ്ട
കൊണ്ടോയ് തിന്നോട്ട്..."

വെറുതെയെങ്കിലും നമുക്കും തിരിച്ചുപാടാം, ശുഭപ്രതീക്ഷയോടെ.
"ചക്കയ്ക്കുപ്പുണ്ടോ പാടും ചങ്ങാതിപ്പക്ഷി 
വിത്തും കൈക്കോട്ടും കൊണ്ട് എത്താൻ വൈകല്ലെ..."
*** 
       
(സിറാജ് ഖത്തർ എഡീ ഷന്റെ വിഷു സപ്ലിമെന്റിൽ  പ്രസിദ്ധീകരിച്ചത്.)

ചൊവ്വാഴ്ച, ഒക്‌ടോബർ 30, 2012

തെയ്യങ്ങള്‍ ഉറഞ്ഞാടുന്ന കാവുകളിലൂടെ


   

കൊളച്ചേരി, ചാത്തമ്പള്ളിക്കാവ്:


 തുലാം മാസം പിറന്നതോടെ ഉത്തരമലബാറിലെ കാവുകളും ഉണര്‍ന്നുകഴിഞ്ഞു. തുലാം പത്തിന് മിക്ക കാവുകളിലും പുത്തരിയടിയന്തിരം എന്ന വിശേഷചടങ്ങാണ്. കൂടുതലും കുടുംബക്ഷേത്രങ്ങള്‍ ആണെന്ന് പറയുമ്പോഴും ആധുനിക മനുഷ്യന്റെ ക്ഷേത്രസങ്കല്പവുമായി പൊരുത്തപ്പെടുന്നവയല്ല ഉത്തരമലബാറിലെ കാവുകളൊന്നും. മക്കത്തായസാമ്പ്രദായാത്തിലൂടെയോ മരുമക്കത്തായസമ്പ്രാദായത്തിലൂടെയോ അനന്തരാവകാശികളായി മാറുന്നവര്‍ തന്നെയാവും മിക്ക കാവുകളുടെയും നടത്തിപ്പുകാര്‍. വളരെ അപൂര്‍വ്വമായി ചിലയിടങ്ങളില്‍ നാട്ടുകാരുടെ കമ്മിറ്റി സഹായത്തിനുണ്ടാവും. 


ഇളങ്കോലം
 മനുഷ്യന്‍ ഗോത്രസമൂഹമായി ജീവിച്ചിരുന്ന കാലങ്ങളിലെപ്പോഴോ എങ്ങിനെയോ രൂപപ്പെട്ടുവന്ന അനുഷ്ടാനങ്ങളും ആചാരങ്ങളും. അത് ഒരു ദേശത്തിന്റെതന്നെ സംസ്കാരവും അടയാളവുമായി മാറുകയായിരുന്നു. കുടുംബബന്ധങ്ങള്‍ക്കോ മനുഷ്യബന്ധങ്ങള്‍ക്കോ ഒരു വിലയും കല്‍പ്പിക്കാത്ത ഈ ഹൈടെക് യുഗത്തിലും വിദൂരങ്ങളില്‍ സ്ഥിരതാമസമാക്കിയ ആളുകള്‍വരെ എല്ലാ തിരക്കുകളും മാറ്റിവച്ച് ചെണ്ടമേളങ്ങളുടെ താളത്തിനൊപ്പം ചുവടുവച്ച്‌ ഉറഞ്ഞാടുന്ന രുദ്രമൂര്‍ത്തികള്‍ക്ക്മുന്നില്‍ എത്തി കൈകള്‍ കൂപ്പി കുമ്പിടുന്നു, വിതുമ്പിക്കരയുന്നു. എപ്രകാരത്തിങ്കലാണോ വിശ്വാസം അപ്രകാരത്തിങ്കല്‍ ഞാന്‍ കൂടെയുണ്ടാവും എന്ന് പ്രത്യേക ഈണത്തില്‍ പറഞ്ഞ് തലയില്‍ കൈവച്ച് അനുഗ്രഹിക്കുമ്പോള്‍ അത് സാന്ത്വനവും സായൂജ്യവുമാകുന്നു.
ഗുളികന്‍
 കാവുകളില്‍ തെയ്യങ്ങള്‍ ഉറഞ്ഞാടുമ്പോള്‍ സംഭവിക്കുന്നത്‌ പലതരത്തിലും പലകാരണത്താലും അറ്റുപോയ കുടുംബബന്ധങ്ങളുടെയും സൗഹൃങ്ങളുടെയും കണ്ണികള്‍തമ്മില്‍ വിളക്കിച്ചേര്‍ക്കലും ആ ദേശത്തിന്റെ തന്നെ കൂട്ടായ്മയുമാണ്. ജീവിച്ച്തീര്‍ന്ന വൃദ്ധതലമുറയും ജീവിക്കാന്‍ തുടങ്ങുകമാത്രം ചെയ്ത പുതിയ തലമുറയും തമ്മില്‍ പരിചയപ്പെടലും അറിയാത്ത രക്തബന്ധങ്ങളുടെ തന്നെ തിരിച്ചറിവുമാണ്. അങ്ങനെ മറ്റെതൊരു ആഘോഷത്തെക്കാളും മനുഷ്യബന്ധങ്ങളെ  വൈകാരികവും ദൃഡവുമാക്കുന്നു കാവുകളിലെ ഒത്തുചേരലുകള്‍.


എള്ളെടുത്ത്  ഭഗവതി 
 പതിനഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെന്നൈയിലേക്ക് ജോലിതേടിപ്പോയി പിന്നീട് അവിടെത്തന്നെ സ്ഥിരതാമസമാക്കിയ ഒരു ബാല്യകാലസുഹൃത്ത് തെയ്യത്തിന്റെ ചുവടുകളില്‍ ലയിച്ചുനില്‍ക്കുന്ന എന്നെ പുറകില്‍നിന്നു തൊട്ടുവിളിച്ചതും എന്നെയോര്‍മ്മയുണ്ടോടാ എന്ന് ചോദിച്ചപ്പോള്‍ അല്‍പസമയത്തേക്ക് ആളെ തിരിച്ചറിയാനാവാതെ തലയിലും മീശയിലും നരവീണ അവന്റെ മുഖത്തേക്ക്തന്നെ നോക്കിനിന്നുപോയതും എല്ലാം കണ്ടും കേട്ടും അവന്റെ അമ്മ തൊട്ടടുത്ത്‌ പുഞ്ചിരിതൂകിനിന്നതും എന്റെ അനുഭവങ്ങളില്‍ ഒന്ന്. ഇങ്ങനെ അവിടെക്കൂടിയിരിക്കുന്ന ഓരോരുത്തര്‍ക്കുമുണ്ടാവും വികാരത്തോടെ ഓര്‍ത്തുവയ്ക്കാന്‍ എന്തെങ്കിലും ഒരനുഭവം.


വലിയ തമ്പുരാട്ടി
 എല്ലാ കാവുകളിലും തുലാം പത്താംതിയ്യതി പുത്തരിയടിയന്തിരം എന്ന ചടങ്ങ് നടക്കുമ്പോള്‍ കൊളച്ചേരി ചാത്തമ്പള്ളിക്കാവില്‍  അതോടൊപ്പം കളിയാട്ടവും നടക്കുന്നു. ഇളങ്കോലവും, ഗുളികനും, വിഷകണ്ഠനും, എള്ളെടുത്ത് ഭഗവതിയും, വലിയതമ്പുരാട്ടിയും(തമ്പുരാട്ടിയമ്മയെന്നും പറയും) ഉറഞ്ഞാടുന്നു. ഗുളികന്‍ ഒഴികെ ബാക്കിയുള്ള എല്ലാ തെയ്യങ്ങളും വണ്ണാന്‍ സമുദായക്കാരാണ് കെട്ടുക . ഗുളികന്‍ തെയ്യം കെട്ടുന്നതും  ചെണ്ടകൊട്ടുന്നതും   മലയസമുദായത്തില്‍പെട്ടവരാണ്. തുലാം ഒന്‍പതിന് സന്ധ്യക്ക്‌ വിള ക്ക് കൊളുത്തിക്കഴിഞ്ഞാല്‍ ഇളങ്കോലം കെട്ടിയാടും. വലിയ തമ്പുരാട്ടിയുടെ വെള്ളാട്ടമാണ് ഇളങ്കോലം. അതുകഴിഞ്ഞാല്‍ യഥാക്രമം വിഷകണ്ഠന്റെയും ഗുളികന്റെയും വെള്ളാട്ടം. പിറ്റേന്ന് പുലര്‍ച്ചെ(തുലാം പത്ത്) ഗുളികന്‍ തെയ്യമാണ്‌ ആദ്യം. ഗുളികന്‍ ചുവടുകള്‍ വച്ചുകൊണ്ടിരിക്കെ എല്ലാവരും കാത്തിരിക്കുന്ന പ്രധാന തെയ്യമായ വിഷകണ്ഠന്റെ പള്ളിയറയില്‍ നിന്നുള്ള കൊട്ടിപ്പുറപ്പാട് വളരെ പ്രധാനമാണ്. പിന്നെ ഗുളികനും വിണ്ഠനും ഒരുമിച്ച് ചുവടുകള്‍ വയ്ക്കും. ക്രമേണ ചുവടുകള്‍ക്കു വേഗത കൂടും. ചെണ്ടാമേളം മുറുകും. ഇരുതെയ്യങ്ങള്‍ ഓലചൂട്ടിന്റെയും തറയില്‍ കുത്തിനിറുത്തിയ ചെറുപന്തങ്ങളുടെയും പ്രഭയില്‍ ഉറഞ്ഞാടുമ്പോള്‍ ഉത്തരമലബാറിലെ കളിയാട്ടങ്ങള്‍ക്ക് ആരംഭമാവുന്നു.  തിയ്യ സമുദായത്തിൽപെട്ട തറവാടാണ് ചാത്തമ്പള്ളി.
വിഷകണ്ഠന്‍
 നേരം പുലര്‍ന്നുകഴിഞ്ഞാല്‍ വിഷകണ്ഠന്‍ കരുമാരത്ത് ഇല്ലത്ത് പോയി നാടുവാഴിയെ സന്ദര്‍ശിക്കും. വിഷ ചികിത്സയ്ക്ക് പേരുകേട്ട കരുമാരത്ത് ഇല്ലത്തെ നാടുവാഴി, പാമ്പ്കടിയേറ്റ സ്ത്രീയെയും കൊണ്ട്  തന്നെ സമീപിച്ച ആളുകളെ വൈകിപ്പോയെന്ന് പറഞ്ഞ് തിരിച്ചയക്കുന്നു. വഴിയില്‍വച്ച് ചെത്തുകാരനായ കണ്ഠന്‍ തെങ്ങിന്റെ മുകളില്‍നിന്ന് അവരോട് കാര്യം ആന്വേഷിച്ചറിയുന്നു. താഴെ ഇറങ്ങിവന്ന കണ്ഠന്‍ എന്തോ പച്ചമരുന്ന് പറിച്ച് അതിന്റെ നീര് ആ സ്ത്രീയുടെ വായില്‍ ഇറ്റിക്കുന്നു. തൊട്ടടുത്തുള്ള കുളത്തില്‍ ആ സ്ത്രീയെ മുക്കി നൂറ്റൊന്നു തവണ കുമിള വരുമ്പോള്‍ പുറത്തെടുക്കാന്‍ ആവശ്യപ്പെടുന്നു. ഒരു ചെത്തുകാരന്‍ താന്‍ തിരിച്ചയച്ച സ്ത്രീയിലെ വിഷമിറക്കിയെന്നറിഞ്ഞപ്പോള്‍ നാടുവാഴിയായ തനിക്ക് അതപമാനമാണെന്ന് കരുതുകയും പാരിതോഷികംനല്‍കി അഭിനന്ദിക്കാനെന്ന പേരില്‍  കണ്ഠനെ ഇല്ലത്തേക്ക് വിളിച്ചു വരുത്തി ചതിയില്‍ വധിക്കുകയുമായായിരുന്നു. അതിന്റെ സ്മരണയായിട്ടാണ് ഇല്ലത്തെക്കുള്ള യാത്ര. കെട്ടിയാടുന്ന മിക്ക തെയ്യങ്ങളും ഏതെങ്കിലും കാരണത്താല്‍ ചതിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ആത്മഹത്യചെയ്യുകയോ ചെയ്ത പച്ചമനുഷ്യരായിരുന്നു എന്ന് ഐതിഹ്യം. ഓരോ തെയ്യത്തിന്റെയും തോറ്റംപാട്ടുകള്‍ ഇതാണ് ബോധ്യപ്പെടുത്തുന്നത്. ചരിത്രത്തിന്റെയും മിത്തിന്റെയും കൂടിച്ചേരല്‍. വിസ്മൃതമായ പൂര്‍വ്വകാലത്തിന്റെ ചരിത്രം കൂടിയാണ് തോറ്റംപാട്ടുകള്‍.

 വിഷകണ്ഠന്‍ നാടുവാഴിയെ സന്ദര്‍ശിച്ച് തിരിച്ചെത്തുമ്പോഴേക്കും എള്ളെടുത്ത് ഭഗവതി ഉറഞ്ഞാടുന്നുണ്ടാവും. ഒരു സ്ത്രീയുടെ ദിനചര്യകളും ശീലങ്ങളും പ്രത്യേകതാളത്തില്‍ ദൃശ്യമാവും ഈ തെയ്യം ചുവടുവയ്ക്കുമ്പോള്‍. പിന്നെ വലിയതമ്പുരാട്ടിയുടെ പുറപ്പാടാണ്. ഉയരമുള്ള തിരുമുടിവച്ച്, തടിച്ചുകൂടിയ ഭക്തര്‍ക്കിടയില്‍ രുദ്രമൂര്‍ത്തിയായി ഉറഞ്ഞുതുള്ളുമ്പോള്‍ ആരിലും അമ്പരപ്പുളവാക്കും. ഏതാണ്ട് മൂന്നുമണിയാവുമ്പോഴേക്കും വിഷകണ്ഠന്‍ ഒഴികെയുള്ള എല്ലാ തെയ്യങ്ങളും തിരുമുടി അഴിച്ചുവച്ച് പഴയതുപോലെ സാധാരണമനുഷ്യരായി മാറിയിട്ടുണ്ടാവും. വിഷകണ്ഠന്‍ മാത്രമാണ് സന്ധ്യവിളക്കുകൊളുത്തുന്നത് വരെ കാത്തുനില്‍ക്കുക. കാലത്ത് ആറുമണിയാവുമ്പോള്‍ അണിഞ്ഞൊരുങ്ങിയ തെയ്യമാണ്‌. സന്ധ്യക്ക്‌ മാത്രമേ തിരുമുടി അഴിക്കാവൂ. അതാണ്‌ ആചാരം. അതുവരെ കുറെയേറെ ചടങ്ങുകള്‍ ചെയ്തുതീര്‍ക്കാനുണ്ട്. ഇളന്നീരോ തെങ്ങിന്‍കള്ളോ മാത്രമാണ് കഴിക്കുക. സന്ധ്യയാവുന്നതുവരെ കാവിന്റെ മതില്‍കെട്ടിനുമുകളില്‍ ഞാനും കാത്തിരുന്നു, പന്ത്രണ്ടു വര്‍ഷത്തിനുശേഷം.  
***



പള്ളിയറ: തെയ്യം അണിഞ്ഞൊരുങ്ങുന്ന സ്ഥലം.
കൊട്ടിപ്പുറപ്പാട്: പള്ളിയറയില്‍ നിന്നും ഇറങ്ങിവരുന്ന ചടങ്ങ്. 
കൂടുതല്‍ ചിത്രങ്ങള്‍ക്ക്: http://kkanakambaran.blogspot.in/2012/10/blog-post_30.html സന്ദര്‍ശിക്കുക.